'ഡാ... നീയാണീ അലവലാതി ഷാജി, അല്ലേ...?' ഷാജി എന്ന പേരിന്റെ പേരില്‍ കൂട്ടുകാരും നാട്ടുകാരും എന്നെ ഏറ്റവുമധികം കളിയാക്കിയത് 'ലിസ' എന്ന ഭീകരസിനിമയില്‍ ജയന്‍ പറയുന്ന ഈയൊരു സംഭാഷണം വെച്ചുകൊണ്ടായിരുന്നു. സിനിമ കാണാന്‍ വേണ്ടിയുള്ള അലഞ്ഞുതിരിയലും അതിന് പണമുണ്ടാക്കാന്‍ വേണ്ടിയുള്ള അഭ്യാസങ്ങളും പഠിത്തത്തിലുള്ള സ്ഥിരമായ ഉഴപ്പുംകൂടിയായപ്പോള്‍ 'അലവലാതി ഷാജി' എന്ന പട്ടപ്പേര് എനിക്ക് ഉറയ്ക്കും എന്ന നിലയായി. ജയന്‍ ആ സംഭാഷണം പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഇരട്ടപ്പേര് എന്റെ തലയില്‍ വീഴില്ലായിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും ജയനെ വെറുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇത്തരം സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നല്ലോ മിക്കവാറും പടങ്ങളില്‍ ജയന്റെ അടി.

'നീ എന്നോട് കളിച്ചാല്‍, നിന്റെ എല്ലിന്റെണ്ണം കൂടും പല്ലിന്റെണ്ണം കുറയും' എന്നു പറഞ്ഞുകൊണ്ട് വില്ലന്മാരെയും ഗുണ്ടകളെയും തല്ലി പപ്പടമാക്കിയ ജയന്റെ ഭരണമായിരുന്നു അപ്പോള്‍ മലയാളസിനിമയില്‍. വര്‍ഷം ശരാശരി ഇരുപത്തിയഞ്ച് സിനിമകളിലെങ്കിലും ജയന്‍ തകര്‍ത്തുകൊണ്ടിരുന്ന കാലം. പ്രത്യേക ശൈലിയിലുള്ള ജയന്റെ അടിയോടും വെടിയോടും പലനിറത്തിലുള്ള വസ്ത്രങ്ങളോടും വായ് അധികം തുറക്കാതെ പല്ല് കടിച്ചുപിടിച്ചുകൊണ്ടുള്ള സംഭാഷണരീതിയോടുമൊക്കെ എനിക്ക് ആരാധനയായിരുന്നു. ഒട്ടുമിക്ക ജയന്‍സിനിമകളും ഞാന്‍ കണ്ടുകൂട്ടി. എല്ലാം നല്ല പൊരിഞ്ഞ തല്ലുള്ള സിനിമകള്‍.

ശത്രുസംഹാരം, അടിമക്കച്ചവടം, പട്ടാളം ജാനകി, സൂത്രക്കാരി, ജയിക്കാനായ് ജനിച്ചവന്‍, അടവുകള്‍ പതിനെട്ട്, കല്ല് കാര്‍ത്ത്യായനി, പിച്ചാത്തിക്കുട്ടപ്പന്‍, സര്‍പ്പം, ഇരുമ്പഴികള്‍, കഴുകന്‍, അവനോ അതോ അവളോ, ആവേശം, ശക്തി, ചന്ദ്രഹാസം, നായാട്ട്, കാന്തവലയം, അങ്ങാടി, ഇടിമുഴക്കം, കരിപുരണ്ട ജീവിതങ്ങള്‍, ബെന്‍സ് വാസു, മനുഷ്യമൃഗം... എന്നിത്യാദി തട്ടുപൊളിപ്പന്‍ ജയന്‍ സിനിമകളെല്ലാം ഒുവിടാതെ കണ്ടിട്ടുള്ള ഈന്ന എളിയ ആരാധകന്‍, ഒരുദിവസം രാവിലെ അടുക്കളയിലിരുന്ന് പഴങ്കഞ്ഞി കുടിക്കുകയാണ്. അപ്പുറത്തെ മുറിയില്‍ അച്ചാന്‍ റേഡിയോയില്‍ പ്രാദേശികവാര്‍ത്ത കെട്ടുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അച്ചാന്‍ 'എടാ, ദാണ്ടെ ഇതു കേട്ടോ... ജയന്‍ മരിച്ചെന്ന്...!' എന്റെ കഞ്ഞിപ്പാത്രം കൈതട്ടി മറിഞ്ഞുപോയി. ഓടിപ്പിടിച്ച് ഞാന്‍ റേഡിയോയ്ക്കരികിലെത്തി. 'മദ്രാസിനടുത്തുള്ള ഷോളാവാരത്ത് വെച്ച് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തിലായിരുന്നു മരണം.' ഞാന്‍ ആകെ തകര്‍ന്നുപോയി. പി.കെ. വിജയന്‍ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരഞ്ഞു. പ്രിയനും ചാത്തനുമൊക്കെ സങ്കടക്കടലില്‍ വീണുപോയി. സ്വന്തം വീട്ടിലൊരാള്‍ മരിച്ചാല്‍പ്പോലും ഞങ്ങളാരും ഇങ്ങനെ സങ്കടപ്പെടുമായിരുന്നില്ല. മാസങ്ങളോളം ജയന്റെ ചിന്തയായിരുന്നു എല്ലാവര്‍ക്കും. 'ജയനെ കൊന്നതാ... ചതിച്ച് കൊന്നതാ...' ഞങ്ങള്‍ പരസ്പരം പറഞ്ഞു. ജയന് വെറുതേയങ്ങനെ മരിക്കാന്‍ ആവില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചു.

ഞങ്ങളുടെ നാട്ടില്‍നിന്നാണ് ജയന്‍ മരണത്തിലേക്ക് പോയത് എന്നറിഞ്ഞത് കൂടുതല്‍ വേദനയായി. മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് കട്ടപ്പനയില്‍നിന്ന് നാല്പതു നാഴിക ദൂരെയുള്ള പീരുമേട് എന്ന സ്ഥലത്ത് 'അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജയന്‍ ഉണ്ടായിരുന്നു. രണ്ടു ദിവസംകൂടി നിന്നാല്‍ ജയന്റെ ഭാഗങ്ങള്‍ എടുത്തുതീരുമായിരുന്നത്രേ! എന്നാല്‍ 'കോളിളക്കം' സിനിമയുടെ ആള്‍ക്കാര്‍ 'നൂറുകണക്കിനാളുകളും ഹെലിക്കോപ്റ്ററും മറ്റ് സന്നാഹങ്ങളും താങ്കള്‍ക്കുവേണ്ടി ഇവിടെ കാത്തിരിക്കുകയാണ്, ഒരൊറ്റദിവസത്തേക്കു വന്നാല്‍ മതി' എന്ന് നിര്‍ബന്ധിച്ച് മദ്രാസിലേക്ക് വിളിച്ചുകൊണ്ടുപോയതാണ്. കൂടെയുണ്ടായിരുന്ന നസീറിനോട് രണ്ടുദിവസത്തിനുള്ളില്‍ തിരിച്ചെത്താം എന്ന് ഉറപ്പുകൊടുത്തിട്ടാണ് ജയന്‍ പോയതത്രേ. ഇതെല്ലാം ഐതിഹ്യകഥകള്‍പോലെ നാട്ടില്‍ പരന്ന് ഞങ്ങളുടെ സങ്കടം കൂട്ടി.

ഞങ്ങളുടെ നാട്ടില്‍ അതിനു മുന്‍പും ജയന്‍ സിനിമാചിത്രീകരണത്തിന് വന്നിട്ടുണ്ടത്രേ! പൊന്തമ്പുഴ വിജയന്‍ ജയനെ നേരില്‍ കണ്ടിട്ടുണ്ട്. കുളമാവ് എന്ന സ്ഥലത്തുവെച്ച് നടന്ന 'തച്ചോളി അമ്പു' എന്ന സിനിമയുടെ ചിത്രീകരണത്തില്‍. അങ്കം കാണുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഉടുപ്പൂരി നിന്നതിന് വിജയന് ഒന്നര രൂപയും ചായയും കിട്ടി! തേക്കടി, വണ്ടിപ്പെരിയാര്‍, പീരുമേട്, കുട്ടിക്കാനം, ഇടുക്കി ഡാമിനകത്തുള്ള കുളമാവ് എന്നീ സ്ഥലങ്ങളില്‍ അക്കാലത്ത് സിനിമാ ചിത്രീകരണങ്ങള്‍ നടക്കുമായിരുന്നു. പക്ഷേ, ആളനക്കമില്ലാത്ത ഇടങ്ങളില്‍ രഹസ്യമായിട്ടായിരുന്നു അന്നത്തെ പടം പിടിത്തങ്ങള്‍.

തേക്കടിയില്‍ ഏതോ തെലുങ്ക് സിനിമയുടെ പടംപിടിത്തത്തിനിടയില്‍ പാട്ടുപാടി ഓടിയാടി വന്ന വിജയശ്രീയുടെ ഇറുകിപ്പിടിച്ച കളസം കുത്തുവിട്ട് കീറിപ്പോയെന്നും അതിലൂടെ അവരുടെ അടിവസ്ത്രം കണ്ട് ഉറക്കെച്ചിരിച്ച തന്നെ സിനിമയുടെ ആള്‍ക്കാര്‍ തെറിവിളിച്ച് ഓടിച്ചെന്നും വാനോലി ബേബിച്ചേട്ടന്‍ ഒരിക്കലെന്നോട് പറഞ്ഞു. കുളത്തുങ്കല്‍ കുഞ്ഞും ഒരു പടംപിടിത്തം കണ്ടിട്ടുണ്ട്. കട്ടപ്പന മിഷന്‍ ആശുപത്രിവളപ്പില്‍ വെച്ച്. ശരത് ബാബുവും ജ്യോതിയും അഭിനയിച്ച 'മുടിവല്ല ആരംഭം' എന്ന തമിഴ്പടം. 'അത് മട്ടും എങ്കിട്ടെ സൊല്ലക്കൂടാത്' എന്നോ മറ്റോ ആരംഭിക്കുന്ന ഒരു സംഭാഷണം പറയാന്‍ ജ്യോതിക്ക് വളരെനേരം വേണ്ടിവന്നു എന്ന് കുഞ്ഞ് പറഞ്ഞു. ഏതായാലും എന്റെ നാട്ടില്‍ വെച്ച് ഒരു സിനിമ എടുക്കുന്നതു കാണാനുള്ള ഭാഗ്യം ഒരിക്കലും എനിക്കുണ്ടായില്ല.

ജയന്‍ മരിച്ചശേഷവും ജയന്റെ പല സിനിമകള്‍ പുറത്തുവന്നു. പലതിലും അവിടെയും ഇവിടെയും മാത്രമേ ജയന്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതൊക്കെ ഞങ്ങള്‍ സഹിച്ചു. ജയന്റെ നേരിയ ഛായ ഉണ്ടെന്ന ഒറ്റക്കാരണംകൊണ്ട് രഘു എന്ന നടന്‍ അഭിനയിച്ച 'ഭീമന്‍' എന്ന പടവും ജയന്റെ അനിയന്‍ സോമന്‍ നായര്‍ എന്നയാള്‍ 'അജയന്‍' എന്ന് പേരുമാറ്റി അഭിനയിച്ച 'സൂര്യന്‍' എന്ന പടവും ആളുകള്‍ കണ്ടു വിജയിപ്പിച്ചു.

ഞാനതൊന്നും കാണാന്‍ പോയില്ല. ജയന് പകരമാകാന്‍ ആര്‍ക്കും കഴിയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പാട്ടിനും പ്രേമത്തിനും തല്ലിനും 'ഹമ്മേ...' എന്ന കരച്ചിലിനുമൊക്കെ എപ്പോഴും വിശ്വസിക്കാവുന്ന പ്രിയപ്പെട്ട നസീറിലേക്ക് ഞാന്‍ തിരിച്ചുപോയി. ചക്കപ്പഴം കൊട്ടിനോക്കുന്നതുപോലെയാണ് നസീറിന്റെ അടിയും അടവുകളും എന്ന് കുറ്റം മാത്രം കാണുന്നവര്‍ പറഞ്ഞോട്ടെ. ഞാന്‍ ആദ്യമായി കണ്ട സിനിമ മുതല്‍ ഇന്നോളം മിന്നിത്തിളങ്ങി നില്ക്കുന്ന താരമാണദ്ദേഹം.

ഏതാണ് നല്ല സിനിമ ?

തന്റെ കുടിലിന്റെ ഇഷ്ടികച്ചുവരില്‍ വെള്ളത്തുണി ആണിയടിച്ച് വലിച്ചുനിര്‍ത്തി, ചീഞ്ഞ നാറ്റം പരത്തുന്ന വജ്രപ്പശ തീയിലുരുക്കി അത് നിറങ്ങളില്‍ ചേര്‍ത്ത് ഒരു പരസ്യത്തുണി എഴുതാന്‍ ഒരുങ്ങുകയായിരുന്ന പൊന്തന്‍പുഴ വിജയനോട് ഞാന്‍ ചോദിച്ചു: 'ജയന്‍ മരിച്ചുപോയപോലെ നസീറിനൂടെ എന്തേലും പറ്റിയാപ്പിന്നെ നമ്മളെന്നാ ചെയ്യും?'
'ഒരു നല്ല സിനിമാപോലും കാണാത്തതുകൊണ്ട് ഷാജിക്ക് തോന്നുന്നതല്ലേ അതൊക്കെ..! നല്ല സിനിമായ്ക്ക് വെല്യ നടന്മാരൊന്നും വേണ്ടെന്നേ...'
'വിജയനെന്താണീപ്പറയുന്നത്? ഞാനിതുവരെ കണ്ടതൊന്നും നല്ല സിനിമ അല്ലെന്നോ? വലിയ നടന്മാരില്ലാതെ എന്തോന്ന് സിനിമ?
'അപ്പൊ ഷോലേ?'
'അതും ഒരു സ്റ്റണ്ട് പടമല്ലേ! എടുത്തിരിക്കുന്നത് കൊള്ളാം. പാട്ടൊക്കെ നല്ലതാ. പക്ഷേ, അതുകൊണ്ടൊന്നും നല്ല സിനിമാ ആകത്തില്ല.'
'അപ്പം ഹിന്ദിപ്പടം മൃഗയാ?'
'അതു കൊള്ളാം.'
'അപ്പം മലയാളത്തില് നല്ല പടവേ ഇല്ലേ?'
'ഒണ്ടല്ലോ! തമ്പ്, എസ്തപ്പാന്‍, ഉത്തരായനം, സ്വയംവരം, കൊടിയേറ്റം, സ്വപ്നാടനം, ഉള്‍ക്കടല്‍... ഷാജിക്ക് കാണാമ്പറ്റിയ പടോമൊണ്ട്. കുമ്മാട്ടി...'

cinemapranthinte 40 varshangalഞാന്‍ ആകെ കുഴപ്പത്തിലായി. ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത സിനിമാപ്പേരുകളാണ് വിജയന്‍ പറയുന്നത്. സിനിമാപ്പേര് പറഞ്ഞുള്ള പിള്ളേരുടെ ഒരു കളിയുണ്ട്. അതില്‍പ്പോലും ഈ പേരൊന്നും ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതൊന്നും കൊട്ടകകളില്‍ സാധാരണ വരുന്ന പടങ്ങളല്ലത്രേ! കട്ടപ്പനയില്‍ 'ദര്‍ശന സിനിമാ സംഘം' എന്നൊരു സംഘടനയുണ്ട്. വിജയന്‍ അതില്‍ അംഗമാണ്. അവര്‍ കട്ടപ്പന സംഗീതയില്‍ ഇടയ്ക്കിടെ ഇത്തരം സിനിമകള്‍ കൊണ്ടുവന്ന് കാണിക്കാറുണ്ടത്രേ. വിജയന്റെ അഭിപ്രായത്തില്‍ നസീറും ജയനുമൊന്നും നല്ല നടന്മാരേയല്ല. അവര്‍ വെറും താരങ്ങളാണ്. നല്ല സിനിമകളെടുക്കാന്‍ താരങ്ങളൊന്നും ആവശ്യമില്ല. ഞാനതുവരെ കേള്‍ക്കാത്ത ഇത്തരം ഓരോ കാര്യങ്ങള്‍ പറഞ്ഞ് വിജയന്‍ എന്റെ ധാരണകളെയാകെ കുഴച്ചുമറിച്ചു.

നസീറിനെക്കുറിച്ചുള്ള വിജയന്റെ അഭിപ്രായം മുഴുവനങ്ങോട്ട് എനിക്ക് സമ്മതമായില്ല. അതിന് കാരണം ആയിടയ്ക്ക് ഞാന്‍ കണ്ട 'ആറടിമണ്ണിന്റെ ജന്മി' എന്ന ഒരു പഴയ കറുപ്പ്-വെളുപ്പ് പടമായിരുന്നു. നസീറും മധുവും ഷീലയും ജയഭാരതിയും ജോസ് പ്രകാശുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിജയന്‍ പറയുന്ന തരത്തിലുള്ള ഒരു 'നല്ല' സിനിമയാണതെന്ന് എനിക്കു തോന്നി. അടിയും ബഹളവുമൊന്നുമില്ല. അതുവരെ ഞാന്‍ കണ്ട എല്ലാ നസീര്‍സിനിമകളെയുംകാള്‍ അദ്ദേഹത്തിന്റെ അഭിനയം ഗംഭീരമായി. സേതു എന്ന അര്‍ബുദരോഗിയായി ജീവിക്കുകതന്നെയായിരുന്നു അദ്ദേഹം. ഒടുവില്‍ നസീര്‍ മരിക്കുകയാണ്. വാവിട്ടുകരഞ്ഞുകൊണ്ടാണ് ഞാന്‍ കൊട്ടക വിട്ട് പുറത്തുവന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍, കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ആദ്യത്തെ കഥ, പടയോട്ടം, നദി തുടങ്ങിയ പല പടങ്ങള്‍ നസീറിലുണ്ടായിരുന്ന നല്ല നടനെ എനിക്ക് കാണിച്ചുതന്നവയാണ്.

( മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഷാജി ചെന്നൈയുടെ 'സിനിമാപ്രാന്തിന്റെ 40 വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം)

'സിനിമാപ്രാന്തിന്റെ 40 വര്‍ഷങ്ങള്‍' ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Shaji Chennai shares his memory about actor Jayan in his book cinemapranthinte 40 varshangal