കോടതികൂടി ഉള്‍പ്പെട്ട ഭരണകൂടമല്ല, നിയമമാണ് സ്റ്റാന്‍ സ്വാമിയുടെ ദുരന്തത്തിന് കാരണമായതെന്ന ന്യായീകരണവാദമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ.) ആണ് വിവക്ഷിതമാകുന്ന നിയമം. നിയമവിരുദ്ധപ്രവര്‍ത്തനനിരോധനം എന്ന പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന നിയമത്തിന്റെ മറവില്‍ ഭീകരവിരുദ്ധനിയമമെന്ന പേരില്‍ ഭീകരനിയമമാണ് 1967-ല്‍ പാര്‍ലമെന്റ് പാസാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ് ഇന്ത്യന്‍ ശിക്ഷാനിയമം. അതില്‍ രാജ്യദ്രോഹത്തെ സംബന്ധിക്കുന്ന 124എ വകുപ്പ് മതിയാകും ഏത് വിമര്‍ശകനെയും വിധ്വംസകനെയും കൈകാര്യം ചെയ്യുന്നതിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് യു.എ.പി.എ. നിയമത്തിന് മൂര്‍ച്ച കൂട്ടി. കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ പ്രതിയെ നിരപരാധിയായി കാണണമെന്നതാണ് ബ്രിട്ടീഷ് ഭരണകാലത്ത് മെക്കാളെ ആവിഷ്‌കരിച്ച ക്രിമിനല്‍ നിയമതത്ത്വം. അതിന്റെ ഭരണഘടനാവിരുദ്ധമായ നിരാസമാണ് യു.എ.പി.എ. ആരോപണം പ്രഥമദൃഷ്ട്യാ ശരിയെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ ജാമ്യം നിഷേധിക്കണമെന്നാണ് വ്യവസ്ഥ. 2008-ല്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഈ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ ആശങ്കകള്‍ ഞാന്‍ ചൂണ്ടിക്കാട്ടി. അവ പിന്നീട് പരിശോധിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതില്‍ പ്രതിഷേധിച്ച് ബില്ലിന്റെ വോട്ടെടുപ്പില്‍നിന്ന് ഞാന്‍ വിട്ടുനിന്നു. പാര്‍ട്ടി വിപ്പ് എനിക്ക് ബാധകമായിരുന്നില്ലെങ്കിലും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരണം ചോദിച്ചുകൊണ്ട് എനിക്ക് നോട്ടീസ് നല്‍കുകയുണ്ടായി. എന്റെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ തെളിവാണ് സ്റ്റാന്‍ സ്വാമി.

യു.എ.പി.എ. നിയമത്തിലെ അപകടകരമെന്ന് ഞാന്‍ കണ്ട 43 ഡി(5) വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മരണത്തിന് മൂന്നുദിവസംമുന്‍പ് സ്റ്റാന്‍ സ്വാമി നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതിയുടെ ഫയലിലുണ്ട്. സ്റ്റാന്‍ സ്വാമിയുടെ തടവിലെ അപമാനകരമായ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുപറഞ്ഞ ജഡ്ജിമാര്‍ക്ക് ഈ ഹര്‍ജിയുടെ ഉചിതമായ പരിഗണനയിലൂടെ ആ പുണ്യാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് സാര്‍ഥകമായി പ്രാര്‍ഥിക്കാന്‍ കഴിയും. നിര്‍ഭയയ്ക്ക് പാര്‍ലമെന്റ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത് സ്ത്രീസുരക്ഷയെ സംബന്ധിക്കുന്ന ശ്രദ്ധേയമായ നിയമനിര്‍മാണത്തിലൂടെയായിരുന്നു. കരിനിയമങ്ങള്‍ കരുതിവയ്ക്കാനുള്ളതല്ല. അവ പിന്‍വലിക്കപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്യണം. മിസ, ടാഡ, പോട്ട എന്നിവയ്ക്കുവേണ്ടി വെട്ടിയ കുഴിമാടങ്ങള്‍ പാര്‍ലമെന്റിന്റെ സെമിത്തേരിയിലുണ്ട്. പ്രോസിക്യൂഷന് അനുകൂലമായ വ്യവസ്ഥകള്‍ ഉണ്ടായിട്ടും യു.എ.പി.എ. കേസുകളില്‍ എന്‍.ഐ.എ. വിജയിക്കുന്നത് 30 ശതമാനത്തില്‍താഴെ കേസുകളില്‍ മാത്രമാണ്. മൊത്തം 2,244 യു.എ.പി.എ. കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഓരോ കേസിലും പ്രതികളുടെ എണ്ണം കണക്കാക്കുമ്പോള്‍ തടവറയുടെ ഇരുട്ടില്‍ രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് പ്രതീക്ഷയില്ലാതെ കഴിയുന്നവരുടെ എണ്ണം കിട്ടും. ജീവിച്ചിരിക്കുമെങ്കില്‍ അവര്‍ വര്‍ഷങ്ങള്‍ക്കുശേഷം മോചിതരായേക്കാം. അന്തിമവിധിവരെയുള്ള നടപടികളും നടപടിക്രമവുമാണ് അവര്‍ക്കുള്ള ശിക്ഷ.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

സ്റ്റാന്‍ സ്വാമിയുടെ മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ അനുവദിച്ചുകൂടാ. ആശുപത്രിയിലായതുകൊണ്ട് ഇത് കസ്റ്റഡി മരണം അല്ലാതാകുന്നില്ല. കോവിഡിനെ മുന്‍നിര്‍ത്തി കഴിയുന്നത്ര തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ജയിലില്‍ കോവിഡ് പിടിച്ച സ്റ്റാന്‍ സ്വാമിക്ക് ആ ആനുകൂല്യം ലഭിച്ചില്ല. എന്തെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നും ഏതെല്ലാം കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതെന്നും വെളിവാക്കപ്പെടണം. പ്രതിയുടെ മരണത്തോടെ ക്രിമിനല്‍ കേസ് അവസാനിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണം. നമ്പി നാരായണന്റെ അന്യായമായ അറസ്റ്റിനെക്കുറിച്ച് സുപ്രീംകോടതിക്കുവേണ്ടി മുന്‍ സുപ്രീംകോടതി ജഡ്ജി നടത്തിയ അന്വേഷണം മാതൃകയായുണ്ട്. ചോദ്യംചെയ്യാനാവാത്ത പരമാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാകരുത് എന്‍.ഐ.എ.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Sebastian Paul Stan Swamy UAPA Mathrubhumi weekly