തിരുവനന്തപുരത്ത് 1957 മാര്‍ച്ച് 10ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി താണു പത്മനാഭന്‍ ജനിച്ചത്. കരമനയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് താണു അയ്യര്‍ ഗണിതപ്രതിഭ ആയിരുന്നെങ്കിലും, വീട്ടിലെ പ്രാരാബ്ധങ്ങള്‍ മൂലം അക്കാദമിക് താത്പര്യങ്ങള്‍ ബലികഴിച്ച് വനംവകുപ്പില്‍ ഉദ്യോഗസ്ഥനാകേണ്ടി വന്നു. ഉദ്യോഗം അതാണെങ്കിലും, താണു അയ്യരും അദ്ദേഹത്തിന്റെ തലമുറയില്‍ പെട്ട ബന്ധുക്കളും ഗണിതത്തിലുള്ള, പ്രത്യേകിച്ചും ജ്യോമട്രിയിലുള്ള താത്പര്യം ഉപേക്ഷിച്ചില്ല. പരസ്പരം പങ്കുവെച്ച് അത് നിലനിര്‍ത്തി. പത്മനാഭനെ ചെറുപ്പത്തിലേ ഗണിതത്തിന്റെ മായികലോകത്തേക്ക് കൈപ്പിടിച്ചു നടത്തയവരില്‍ സ്വന്തം പിതാവിനെ കൂടാതെ, ബന്ധുവായിരുന്ന നീലകണ്ഠ ശര്‍മയും (അദ്ദേഹത്തിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലായിരുന്നു ജോലി) ഉണ്ടായിരുന്നു. സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനൊപ്പം, വിജ്ഞാനം ആര്‍ജിക്കാനുള്ള അഭിനിവേശം പത്മനാഭന്റെ ഉള്ളില്‍ സ്ഥിരമായി കൊളുത്തിവെച്ചത് ഇവര്‍ രണ്ടാളുമാണ്. 'വീട്ടില്‍ ഇല്ലായ്മകള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. എങ്കിലും, ചെറുപ്പത്തില്‍ കുടുംബവൃത്തങ്ങളില്‍ ഞാന്‍ ആവര്‍ത്തിച്ച് കേട്ട ആത്പവാക്യം 'Excellence is not negotiable!' എന്നായിരുന്നു'-അഭിമാനത്തോടെയാണ് പത്മനാഭന്‍ ഇക്കാര്യം പറയുന്നത്. ഈ പശ്ചാത്തലത്തില്‍ ആ ബാലന്‍ ഗണിതത്തില്‍ ഉന്നതനിലവാരം ആര്‍ജിച്ചതിലും, ജ്യാമിതിയില്‍ വലിയ താത്പര്യം കാട്ടിയതിലും അത്ഭുതമില്ല.

ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലാണ് പത്മനാഭന്‍ പഠിച്ചത്, കരമന ഗവണ്‍മെന്റ് സ്‌കൂളില്‍. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോള്‍, ആ കുട്ടി ഗണിതത്തില്‍ മറ്റുള്ളവരെക്കാള്‍ മുന്നിലായിരുന്നു എന്നത് ഒഴിച്ചാല്‍, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല. ക്ലാസില്‍ ഏറ്റവും കൂടുതല്‍ മികവ് കാട്ടിയ ആദ്യ മൂന്നുപേരില്‍ ഒരാള്‍ മാത്രമായിരുന്നു പത്മനാഭന്‍. ക്ലാസിലെ ടോപ്പ് റാങ്ക് സ്ഥിരമായി നിലനിര്‍ത്താന്‍ അവന് കഴിയാത്തതിന് ഒരു കാരണം ഹിന്ദിയായിരുന്നു. (ഇപ്പോഴും താന്‍ അത് ശരിക്കു പഠിച്ചിട്ടില്ലാത്തതില്‍ അദ്ദേഹം പരിതപിക്കുന്നു!). 

weeklyസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി പ്രീഡിഗ്രിക്ക് (ഇപ്പോഴിത് സ്‌കൂളിന്റെ ഭാഗമായ പ്ലസ്ടൂ ആണ്) തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്നു. (ആ സമയത്ത് പത്മനാഭന്റെ കുടുംബം കോട്ടയ്ക്ക് പുറത്ത് ഒന്നാം പുത്തന്‍ തെരുവിലേക്ക് താമസം മാറ്റി). 1973-1974 കാലത്ത് പ്രീഡിഗ്രി പഠിക്കുമ്പോള്‍ മൂന്നു സംഗതികള്‍ ആ കൗമാരപ്രായക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചു. ഗണിതത്തില്‍ പഠനം തുടരാന്‍ ഉറച്ചിരുന്ന ആ വിദ്യാര്‍ഥി, 'ഫെയ്ന്‍മാന്‍ ലക്‌ചേഴ്‌സ് ഓണ്‍ ഫിസിക്‌സ്' വായിച്ച്, ഗണിതം വേണ്ട സൈദ്ധാന്തിക ഭൗതികം മതി എന്ന് തീരുമാനിച്ചതാണ് ആദ്യത്തേത്. രണ്ടാമത്തേത്, അക്കാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 'ട്രിവാന്‍ഡ്രം സയന്‍സ് സൊസൈറ്റി'യുടെ സജീവപ്രവര്‍ത്തകരില്‍ ഒരാളായി എന്നത്. സൊസൈറ്റിയിലെ പങ്കാളിത്തമാണ് സൈദ്ധാന്തിക ഭൗതികത്തിലേക്ക് കടക്കാന്‍ വേണ്ട ആത്മബലം പത്മനാഭന് നല്‍കിയത്. മൂന്നാമത്തേത്, NCERT നടത്തുന്ന 'നാഷണല്‍ സയന്‍സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ വിജയിച്ചത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള കാലത്തോളം അത് പഠിക്കാന്‍ ഈ പരീക്ഷ വിജയിക്കുന്നത് സഹായിക്കും. തന്റെ കുടുംബം ഒരിക്കലും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതിനാല്‍, സ്‌കോളര്‍ഷിപ്പ് വഴി കിട്ടുന്ന പണം പത്മനാഭന് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, പരീക്ഷ പാസാകുന്നവര്‍ക്ക് രാജ്യത്തെ പ്രധാന ശാസ്ത്രസ്ഥാപനങ്ങളില്‍ ഒരു മാസത്തെ സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കാം, അവിടുത്തെ ഗവേഷകരുമായി ഇടപഴകാം. ഇതും ഭാവിക്ക് വലിയ മുതല്‍ക്കൂട്ടായി. 

പ്രിഡീഗ്രിക്ക് ശേഷം 1974 ല്‍ ആ വിദ്യാര്‍ഥി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിസിക്‌സ് മെയിനെടുത്ത് ബിരുദത്തിന് (BSc) ചേര്‍ന്നു. അവിടെ നിന്ന് ഗോള്‍ഡ് മെഡലോടെ ബി.എസ്.സി.യും (1977), എം.എസ്.സി.യും (1979) ഫസ്റ്റ്‌റാങ്കില്‍ പാസായി. 

യൂണിവേഴ്‌സിറ്റി കോളേജിലുള്ളപ്പോള്‍ 1977 ല്‍ പത്മനാഭന്‍ തന്റെ ആദ്യപ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. സൈദ്ധാന്തിക ഭൗതികത്തില്‍ നടത്തിയ ആഴത്തിലുള്ള വായനയുടെയും പഠനത്തിന്റെയും ഫലമായിരുന്നു അത്. ബിരുദത്തിന് ചേര്‍ന്ന് ആദ്യവര്‍ഷങ്ങളിലാണ് പത്മനാഭന്‍ 'കോഴ്‌സ് ഓഫ് തിയററ്റിക്കല്‍ ഫിസിക്‌സി' (ന്റെ പത്തു വോള്യവും സ്വന്തംനിലയ്ക്ക് പഠിക്കുന്നത്. 'ഗ്രാവിറ്റി'യുമായി ആയുഷ്‌ക്കാല പ്രണയം ആരംഭിക്കുന്നതും ആ സമയത്ത് തന്നെ. ഇക്കാര്യത്തില്‍ പത്മനാഭനെ തുടക്കത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത് 'ഗ്രാവിറ്റേഷന്‍' ('Gravitation' by Misner, Thorne and Wheeler) എന്ന ഇതിഹാസ ഗ്രന്ഥമാണ്. 'ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം. അതില്‍ നല്‍കിയിട്ടുള്ള എല്ലാ പ്രോബ്ലങ്ങളും ചെയ്തുനോക്കിയ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ഒരുപക്ഷേ, ഞാനായിരിക്കാം'. സിറോക്‌സ് കോപ്പി എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത കാലമാണ്. പുസ്തകം സ്വന്തമായി വാങ്ങാനുള്ള ശേഷിയുമില്ല. അതിനാല്‍, അതില്‍ നിന്ന് നൂറുകണക്കിന് പേജുകള്‍ വരുന്ന നോട്ടുകള്‍ എഴുതിയെടുത്തത് ഇപ്പോഴും തന്റെ പക്കലുള്ള കാര്യം പത്മനാഭന്‍ പറയുന്നു. 

Thanu Padmanabhan
ഭാര്യ വാസന്തി, മകള്‍ ഹംസ എന്നിവരോടൊപ്പം

ഇതിന്റെ യുക്തിസഹമായ പരിണാമം, യൂറോപ്പിലോ അമേരിക്കയിലോ പി.എച്ച്.ഡി. ചെയ്യാന്‍ പോകുക എന്നതായിരുന്നു. എന്നാല്‍, വീട്ടിലെ സാഹചര്യം പത്മനാഭനെ അതിന് അനുവദിച്ചില്ല. പകരം, അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ മുംബൈയിലെ 'ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി' (TIFR) ല്‍ ചേര്‍ന്നു. 1979 ആഗസ്റ്റില്‍ അവിടെ ചേര്‍ന്ന പത്മനാഭന്‍, പ്രസിദ്ധ ഇന്ത്യന്‍ പ്രാപഞ്ചികശാസ്ത്രജ്ഞനായ ജെ.വി.നര്‍ലിക്കറിന്റെ മേല്‍നോട്ടത്തില്‍ 'ക്വാണ്ടം കോസ്‌മോളജി'യില്‍ 1983 ല്‍ പി.എച്ച്.ഡി.പൂര്‍ത്തിയാക്കി. അതിനിടെ, 1980 ഫെബ്രുവരിയില്‍ ടി.ഐ.എഫ്.ആറില്‍ ഒരു ഫാക്കല്‍റ്റി സ്ഥാനം (റിസര്‍ച്ച് അസോസിയേറ്റ് പദവി) ലഭിച്ചു. 1992 വരെ അവിടെ തുടര്‍ന്ന പത്മനാഭന്‍, അതിനുശേഷം പ്രവര്‍ത്തന മണ്ഡലം പുണെയില്‍ 'ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സി' (IUCAA) ലേക്ക് മാറി.

ടി.ഐ.എഫ്.ആറില്‍ വെച്ച്, തന്നെക്കാള്‍ ഒരുവര്‍ഷം ജൂനിയറായി പി.എച്ച്.ഡി.ക്ക് ചേര്‍ന്ന വാസന്തിയുമായി പത്മനാഭന്‍ പ്രണയത്തിലായി. 1983 മാര്‍ച്ചില്‍ വിവാഹം. വ്യക്തിപരമായി മാത്രമല്ല, പത്മനാഭന്റെ അക്കാദമിക ജീവിതത്തിലും വാസന്തി സ്വാധീനം ചെലുത്തി. പില്‍ക്കാലത്ത് പത്മനാഭന്‍ രചിച്ച എല്ലാ അക്കാദമിക് ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നില്‍ വാസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 'The Dawn of Science' (2019) എന്ന പോപ്പുലര്‍ സയന്‍സ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. വാസന്തി-പത്മനാഭന്‍ ദമ്പതികള്‍ക്ക് ഒരു മകളേയുള്ളൂ, ഹംസ പത്മനാഭന്‍ ('ഹംസവാഹിനി' എന്നായിരുന്നു ആദ്യം പേരിട്ടത്, പിന്നീട് ചുരുക്കി ഹംസ എന്നാക്കി). മാതാപിതാക്കളെ പോലെ ഹംസയും അസ്‌ട്രോഫിസിക്‌സില്‍ പി.എച്ച്.ഡി. നേടിയ ഗവേഷകയാണ്. ഒരുപക്ഷേ, മുഴുവന്‍ അംഗങ്ങള്‍ക്കും അസ്‌ട്രോഫിസിക്‌സ് പി.എച്ച്.ഡി. ഉള്ള അപൂര്‍വ്വം കുടുംബങ്ങളിലൊന്നാകും പത്മനാഭന്റേത്! ജനീവ സര്‍വ്വകലാശാലയില്‍ അസ്‌ട്രോഫിസിക്‌സില്‍ ഗവേഷകയാണ് ഹംസ പത്മനാഭന്‍ ഇപ്പോള്‍.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

Content Highlights: Scientist Thanu Padmanabhan life story