സത്യൻ അന്തിക്കാടും നിമ്മി സത്യനും
മലയാളികളുടെ പ്രിയ സിനിമാസംവിധായകന് സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ശ്രീകാന്ത് കോട്ടക്കല്‍ രചിച്ച ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ എന്ന പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
രണ്ടിലൊന്നു തീരുമാനിച്ചേ തീരൂ!
നിമ്മിയുടെ വിവാഹാലോചനകള്‍ ഗൗരവഘട്ടങ്ങളിലേക്ക് കടന്നുകഴിഞ്ഞിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും അത് യാഥാര്‍ത്ഥ്യമാവാം. ഉറച്ച തീരുമാനങ്ങള്‍ സംഭവിക്കാം.
എന്നും കൊതിയോടെ കാത്തിരുന്ന ആ കത്തുകള്‍ ഇപ്പോള്‍ കൈയിലിരുന്ന് കത്തുകയാണ്. ഇന്‍ലന്‍ഡിലെ നീണ്ട വരികള്‍ക്കിടയിലൂടെ രണ്ടു കണ്ണുകള്‍ നനവോടെ, നിസ്സഹായമായി തന്നെ നോക്കുന്നു; പുറത്തേക്കു പ്രവഹിക്കാത്ത നിലവിളിയോടെ ചോദിക്കുന്നു: 'രക്ഷിക്കുമോ?'
എന്നാല്‍ ഒരു കാമുകന് എന്ന നിലയില്‍ സത്യന്റെ അവസ്ഥ കഷ്ടമായിരുന്നു; സഹതാപപൂര്ണ്ണവും. ഭേദപ്പെട്ട ഒരു കുടുംബത്ത് കയറിച്ചെന്ന് പെണ്ണു ചോദിക്കാന്‍ വേണ്ട പ്രാഥമികയോഗ്യതകള്പോലുമില്ലാത്തവിധം ഗതികെട്ടതായിരുന്നു ചുറ്റുപാടുകള്‍. ഉറച്ച മേല്‍വിലാസമോ സ്ഥിരവരുമാനമോ ഉള്ള തൊഴില്‍ ഇല്ല. 'സിനിമയിലാണ്' എന്നല്ലാതെ മറ്റൊന്നും തന്നെക്കുറിച്ച് സ്വന്തം വീട്ടുകാര്‍ക്കു പോലും അറിയില്ല; അവിടെ എന്തു ചെയ്യുന്നുവെന്നോ എത്ര പ്രതിഫലം ലഭിക്കുമെന്നോ ഒന്നും. നിത്യച്ചെലവിനും സ്വകാര്യാവശ്യങ്ങള്‍ക്കും വീടിനെ ആശ്രയിക്കാത്തതു കൊണ്ട് എന്തോ കിട്ടുന്നുണ്ട് എന്ന് ഒരു നേരിയ ധാരണയുണ്ട് എന്നുമാത്രം. അതിനു പിറകില്‍ കടുത്ത വാശിയായിരുന്നു എന്ന കാര്യം അവര്‍ക്കറിയില്ലല്ലോ.
അന്തിക്കാട്ടുകാരടക്കം മലയാളികള്‍ മുഴുവന്‍ കണ്ട് ആസ്വദിച്ച പ്രമുഖ സിനിമകളില്‍ പലതിന്റെയും ഓരോ അണുവിലും സത്യന്റെ കഴിവുകളും കൈയൊതുക്കവുംകൂടി കലര്‍ന്നുകിടപ്പുണ്ട് എന്ന കാര്യം ആര്‍ക്കുമറിയില്ലായിരുന്നു. സഹസംവിധായകന് രേഖകളിലില്ലാത്തയാളാണ്, മേല്വിലാസമില്ലാത്തവനും. പക്ഷേ, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിച്ച് അത് പാതിവഴി ദുരന്തപൂര്‍ണ്ണമായി മുടങ്ങി സ്വയം തകര്‍ന്ന് നിലവിട്ട് ഉഴലുകയാണ് മരവട്ടിക്കല്‍ സത്യന് എന്ന കാര്യം നാട്ടില്‍ മുഴുവന്‍ അറിയാമായിരുന്നു. തകര്‍ച്ചയുടെ കഥകള്ക്കാണല്ലോ എവിടെയും പെട്ടെന്ന് പ്രചാരം ലഭിക്കുക. എല്ലാറ്റിലുമുപരിയായി സിനിമാലോകത്തെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവായി നിലനിന്നിരുന്ന, നിറം കലര്‍ത്തിയ ചില വിശ്വാസങ്ങളും സംശയങ്ങളും സ്വാഭാവികമായും സത്യനെയും വലംവെച്ചു നിന്നു.
പ്രണയത്തിന്റെ പലവര്ണ്ണക്കുടകള്ക്കെതിരേ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുരിക്കുമരങ്ങള്‍ ഇടതൂര്‍ന്ന് വഴിയടച്ചു നില്ക്കുന്നു. അവയുടെ ഓരോ മുള്ളും ഓരോ മുറിവാണ്.
എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.
എന്നാല്‍, പ്രണയത്തിലും യുദ്ധത്തിലും എന്തുമാവാമെന്നാണ്. ഒരു സിനിമ തകര്‍ന്നാല്‍ അടുത്തതില്‍ ശ്രമിക്കാം, പക്ഷേ, ഒരു പ്രണയം പൊലിഞ്ഞാല്‍ മറ്റൊന്നില്‍ പരിശ്രമിക്കുക സാദ്ധ്യമല്ല. സ്വന്തം നിഴലിനെ മായ്ച്ചുകളയാം, നിമ്മിയെ നഷ്ടപ്പെടുക വയ്യ.
ആദ്യം വീട്ടില്‍ കാര്യം പറഞ്ഞു. വിസമ്മതമില്ല, വലിയ തെളിച്ചങ്ങളുമില്ല. പതിവുപോലെ 'നിന്റെയിഷ്ടം' എന്ന ഒതുക്കിപ്പിടിച്ച മറുപടി. അതില്‍ നേരിയ ആശങ്കകളും 'സ്വയം കാത്തോളൂ' എന്ന താക്കീതുമുണ്ടായിരുന്നു.
നിമ്മിയുടെ അച്ഛനോട് പറയണം. അദ്ദേഹം നാഗര്‍കോവിലില്‍ നെടുങ്ങാടി ബാങ്ക് മാനേജരായിരുന്നു. കടുവയെ ഗുഹയില്‍ച്ചെന്ന് കാണുകതന്നെ. സത്യന് മദിരാശിയില്‍നിന്നും നാഗര്‍കോവിലിലേക്ക് രണ്ടുംകല്‍പ്പിച്ച് വണ്ടി കയറി.
മാര്‍ച്ചു മാസത്തിലെ മിന്നുന്ന വെയിലില്‍ തീവണ്ടിയിലിരുന്ന് സത്യന് അകംപുറം ഉരുകിയൊലിച്ചു. നിസ്വനായ ഒരാള്‍ നിധിപേടകങ്ങള്‍ മറഞ്ഞിരിക്കുന്ന ദ്വീപ് വിലയ്ക്കു വാങ്ങാന്‍ പോകുന്നതുപോലെയായിരുന്നു ആ യാത്ര. യാതൊരു മേല്‍വിലാസവുമില്ലാതെ സ്വന്തം അരക്ഷിതജീവിതം പണയം വെച്ച് പ്രണയത്തിന്റെ അവകാശം സ്ഥാപിക്കുവാന്‍ പോകുന്നവന്! പ്രായോഗികതയുടെയും വ്യവസ്ഥാപിത സമൂഹജീവിതത്തിന്റെയും തുലാസിന്തട്ടില് അതിന് ശരാശരിത്തൂക്കംപോലുമുണ്ടാവില്ല. എന്നാല്‍, സ്നേഹത്തിന്റെ കല്ലുരച്ചു നോക്കിയാല്‍ അതില്‍ നിറഞ്ഞുകവിഞ്ഞു നില്ക്കുന്ന ആത്മാര്‍ത്ഥതയുടെ മാറ്ററിയാം. ഒരു തരിപോലും മായമില്ലാത്ത മനസ്സിന്റെ ശുദ്ധി. അതു മാത്രമാണ് സത്യനെ നാഗര്‍കോവിലില്‍ നിമ്മിയുടെ അച്ഛന്റെ മുമ്പിലേക്കു നയിച്ചത്.
അന്നൊരു മാര്‍ച്ച് 31 ആയിരുന്നു. ബാങ്കില്‍ ഏറ്റവുമധികം പണിത്തിരക്കനുഭവപ്പെടുന്ന വാര്‍ഷികദിനം. കണക്കുപുസ്തകം അടച്ചുപൂട്ടുന്ന ദിവസമാണ് സത്യന് തന്റെ പ്രണയപുസ്തകം തുറക്കാന്‍ ചെന്നത്. കണക്കുപുസ്തകം തീരുന്നിടത്ത് പ്രണയപുസ്തകം തുടങ്ങുന്നു.
കൂട്ടിയും കിഴിച്ചും വാങ്ങിയും കൊടുത്തും വാര്ഷികബാലന്സിനെ വരുതിയിലാക്കുന്ന തിരക്കില്‍ ബാങ്ക് ഉഷ്ണിച്ചു. ബാലന്‍സ് തെറ്റിയ ജീവിതവുമായി സത്യന് ഒതുങ്ങിനിന്നു; ക്ഷമയോടെ. നിമ്മി ഒന്നും അറിയുന്നില്ല.
തിരക്കൊന്നൊതുങ്ങിയപ്പോള്‍ നിമ്മിയുടെ അച്ഛന് വന്ന് സത്യനെ ഹൃദ്യമായി സ്വീകരിച്ചു. ഏതോ ഷൂട്ടിങ്ങിന് കന്യാകുമാരിയില്‍ എത്തിയപ്പോള്‍ വന്നതാവാം എന്നാണ് അദ്ദേഹം കരുതിയത്.
'ഞാന്‍ ഒരു കാര്യം പറയാന്‍ വന്നതാണ്. നിമ്മിയെ എനിക്കിഷ്ടമാണ്, കത്തുകള്‍ അയയ്ക്കാറുണ്ട്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് മറ്റൊരാള്‍ പറഞ്ഞ് അറിയുന്നതിനെക്കാള്‍ നല്ലത് ഞാന്‍ നേരില്‍ പറയുന്നതാണ് എന്നു തോന്നി.' വളച്ചുകെട്ടില്ലാതെ ഒറ്റയടിക്ക് കാര്യം പറഞ്ഞപ്പോള്‍ മാസങ്ങളായി മനസ്സില്‍ കെട്ടിനിന്നിരുന്ന നീരാവിക്കൂട്ടം പെട്ടെന്ന് പെയ്തൊഴിഞ്ഞുതീര്ന്നതുപോലെ സത്യനു തോന്നി.
മുറിച്ചമുറിയാലെ ഒരു 'ബിഗ് ആന്‍ഡ് ബോള്‍ഡ് നോ'യാണു പ്രതീക്ഷിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്നതായിരുന്നു നിമ്മിയുടെ അച്ഛന്റെ പ്രതികരണം. യാതൊരു പരിഭ്രമവുമില്ലാതെ, എതിര്‍പ്പിന്റെ ഇത്തിരി വട്ടം ഇരുട്ടുപോലും മുഖത്തോ വാക്കുകളിലോ പുരട്ടാതെ അദ്ദേഹം ഈ ബന്ധത്തെ ഹൃദയം തുറന്നു സ്വീകരിച്ചു. സ്നേഹത്താല്‍ അധികരിച്ച അധികാരത്തോടെയും മധുരത്തോടെയുമാണ് അന്നു സന്ധ്യയ്ക്ക് അദ്ദേഹം സത്യനെ യാത്രയാക്കിയത്. പിരിയുമ്പോള്‍ ചിരിച്ചുകൊണ്ട് തോളില്‍ത്തട്ടി, അഭിമാനപൂര്‍വ്വം. എല്ലാം ഒ.കെ. എന്നാല്‍ ഒന്നും ഒ.കെയല്ലെന്നും ഒക്കെ കൈവിട്ടുപോവുകയാണെന്നും അല്പ്പദിവസങ്ങള്ക്കകംതന്നെ ബോധ്യമായി. നിലവിളിച്ചുകൊണ്ടാണ് നിമ്മിയുടെ അടുത്ത കത്ത് ടി. നഗറിലെ വീടിന്റെ വരാന്തയില്‍ വന്നുവീണത്. 'സിംഗപ്പൂരില്‍ ജോലിയുള്ള ഒരാളുമായി വിവാഹം ഏതാണ്ട് തീരുമാനിച്ച മട്ടാണ്. ജാതകംകൊടുക്കല് കര്മ്മംകൂടിയേ ബാക്കിയുള്ളൂ. അത് ഈ വരുന്ന 21-നാണ്.' ഇതായിരുന്നു കത്തിന്റെ കാതല്‍. കൂര്‍ത്ത കത്തിപോലെ ആ വാചകങ്ങള്‍ സത്യന്റെ നെഞ്ചില്‍ വന്നു തറച്ചു.
നാഗര്‍കോവിലില്‍വെച്ച് സത്യനോട് നയപരമായി പെരുമാറിയെങ്കിലും കാര്യത്തിന്റെ അപകടസ്ഥിതി നിമ്മിയുടെ അച്ഛന് അപ്പോഴേ മണത്തിരുന്നു. സ്വന്തം മകള്‍ എത്തിച്ചേരാന്പോകുന്ന അരക്ഷിതലോകം അദ്ദേഹം കൃത്യമായി ഗണിച്ചു. ഒരു സിനിമ തകരുംപോലെ മകളുടെ ജീവിതം ഛിന്നഭിന്നമാവരുത് എന്ന് ഏതച്ഛനെയുംപോലെ അദ്ദേഹവും ആഗ്രഹിച്ചു. അന്നുമുതല്‍ത്തന്നെ അദ്ദേഹം ആലോചനകള്‍ സജീവമാക്കി. അങ്ങനെയാണ് ഒടുവില്‍ സിംഗപ്പൂരുകാരനില് എത്തിയത്.
അപ്പോഴേക്കും മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയിക്കഴിഞ്ഞിരുന്നു. ചമയത്തിന്റെ തകര്‍ച്ചയ്ക്കും പൊള്ളുന്ന തുടരനുഭവങ്ങള്ക്കുംശേഷം സത്യന് തിരിച്ച് അസിസ്റ്റന്റിന്റെ കുപ്പായത്തിലേക്കുതന്നെ തിരിച്ചെത്തി. ആയുധം എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോള്‍, ജീവിതം വീണ്ടും അതിന്റെ പോര്‍മുഖങ്ങള്‍ തുറന്നിട്ടിരിക്കുന്നു. പ്രണയം ഇപ്പോള്‍ യുദ്ധം തന്നെയായിരിക്കുന്നു.
പക്ഷേ, സത്യന് നിരായുധനായിരുന്നു. എതിരിടാനുള്ള ശേഷിയും എവിടെയൊക്കെയോ ചോര്‍ന്നുപോയതുപോലെ. ജീവന്മരണഘട്ടങ്ങളില് സന്ധിയും ഒരു യുദ്ധതന്ത്രമാണ്. നിമ്മിയുടെ വീട്ടില്‍ച്ചെന്നു സംസാരിക്കാന്‍ വീട്ടുകാരെ ശട്ടംകെട്ടി.
.jpg?$p=86b304b&&q=0.8)
സത്യന്റെ മൂത്ത ചേട്ടനും ചില കാരണവന്മാരും നിമ്മിയുടെ വീട്ടില്‍ ചെന്ന് അച്ഛനെ കണ്ടു. നാട്ടാചാരപ്രകാരം കാര്യങ്ങള്‍ സംസാരിച്ചു. എതിര്‍പ്പോ മറയോ ഇല്ലാതെത്തന്നെയാണ് ഇത്തവണയും അദ്ദേഹം പെരുമാറിയത്. 21-ാം തീയതി കഴിഞ്ഞ് തീരുമാനിക്കാം എന്ന തീരുമാനത്തില്‍ അവര്‍ പിരിഞ്ഞു. എന്നാല്‍ 21-ന് സിംഗപ്പൂരുകാരനുമായുള്ള നിശ്ചയമാണ് എന്ന രഹസ്യം സത്യന്റെ വീട്ടുകാര്‍ക്കറിയില്ലായിരുന്നു. നിമ്മിയുടെ അച്ഛനും സത്യനും അക്കാര്യം അവരില്‍നിന്നും മറച്ചുവെക്കുകയായിരുന്നു. കാരണം ഒന്നുതന്നെ; നിമ്മിയെ നഷ്ടപ്പെടരുത്. സ്വന്തം മകളുടെ ഭാവിയില്‍ അതീവജാഗ്രതയുള്ള ഒരു അച്ഛന്റെ കിതപ്പുകള്‍ ഈ നയതന്ത്രനാടകത്തിലുണ്ട്; ഒപ്പം ജീവിതത്തിലും പ്രണയത്തിലും ഒരു ശരാശരിക്കാരന്റെ നിസ്സഹായ നിശ്വാസങ്ങളും. നാട്ടുനടപ്പും യാഥാര്‍ത്ഥ്യവും കാല്‍പ്പനികതയും തമ്മില്‍ കാലങ്ങളായി നടക്കുന്ന ഈ വ്യവഹാരത്തിന്റെ അന്തിമവിധി ഇന്നുവരെ ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല. ഓരോരുത്തരും അവരവരുടെ ശരിക്കനുസരിച്ച് സഞ്ചരിക്കുന്നു.
ഒടുവില്‍, സ്വന്തം ശരിയുടെ വഴി സത്യനും കണ്ടെത്തി. അതൊരു ത്രില്ലര്സിനിമപോലെ തിരക്കഥയെഴുതി ചിട്ടപ്പെടുത്തിയതായിരുന്നു. കാരണം, അതിന് രൂപംകൊടുത്തതു മുഴുവന്‍ സിനിമാപ്രവര്ത്തകരായിരുന്നു സത്യന്, സംവിധായകന് ചന്ദ്രകുമാര്‍, ക്യാമറാമാന് ആനന്ദക്കുട്ടന്, നിര്‍മ്മാതാവ് അഗസ്റ്റിന് പ്രകാശ്.
ടി. നഗറിലെ വീട്ടിലിരുന്ന് ചര്‍ച്ചചെയ്ത് മുഴുമിപ്പിച്ചെടുത്ത ആ തിരക്കഥയിലെ ആദ്യസീനിന്റെ ലൊക്കേഷന്‍ തൃശ്ശൂരിലെ സൂര്യ ഇന്റര്‍നാഷണല്‍ ഹോട്ടലായിരുന്നു. ഒരു 'ബാങ്ക് നിക്ഷേപ'ത്തിന്റെ കാര്യം സംസാരിക്കാനെന്ന വ്യാജേന നിമ്മിയുടെ അച്ഛനെ വിളിച്ചുവരുത്തുകയും അവിടെവെച്ച് അദ്ദേഹത്തോട് പ്രണയാവസ്ഥ പറഞ്ഞ് ബോധവത്കരിക്കുകയുമാണ് പദ്ധതി. നിക്ഷേപകനായി അഗസ്റ്റിന് പ്രകാശ് അഭിനയിച്ചോളും; ചെറിയ റോളാണ്. ബോധവത്കരണം നടത്തുന്നയാളാണ് കേന്ദ്രകഥാപാത്രം. അയാളിലാണ് കടിഞ്ഞാണ്‍. ഒരു കാരണവരുടെ പക്വതയും ഒപ്പം വാക്ചാതുര്യവും അയാള്‍ക്ക് നിര്‍ബ്ബന്ധമാണ്. അങ്ങനെ ഒറ്റയാളേ ഭൂമിമലയാളത്തില് ഉണ്ടായിരുന്നുള്ളൂ; ശങ്കരാടി. ആര്‍ക്കും ശങ്കയില്ലാത്ത കാസ്റ്റിങ്. അന്തിക്കാടിന്റെ അയല്‍ദേശമായ കണ്ടശ്ശാംകടവ് സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു എന്ന അധികയോഗ്യതയുമുണ്ട്. എല്ലാം പറഞ്ഞുറപ്പിച്ച് യൂണിറ്റ് മദിരാശിയില്‍നിന്നും തൃശ്ശൂരിലേക്കു നീങ്ങി.
കൃത്യസമയത്ത് അഗസ്റ്റിന് പ്രകാശും നിമ്മിയുടെ അച്ഛനും തമ്മില്‍ 'നിക്ഷേപ'കാര്യത്തില്‍ ചര്‍ച്ച തുടങ്ങി. ശങ്കരാടിയടക്കമുള്ള സത്യന്റെ സംഘം തൊട്ടപ്പുറത്തെ മുറിയില്‍ കാത്തിരുന്നു. പത്തുമിനിറ്റിനുശേഷം ശങ്കരാടി, സംഭാഷണം നടന്നുകൊണ്ടിരിക്കുന്ന മുറിയിലേക്കു ചെന്ന് തിരനോട്ടം നടത്തി. നിക്ഷേപസംഭാഷണത്തെ മറികടന്ന് ശങ്കരാടി നിമ്മിയുടെ കാര്യത്തിലേക്കു കടന്നതോടെ തിരക്കഥപ്രകാരം അഗസ്റ്റിന് പ്രകാശ് മുറിയില്‍നിന്നു നിഷ്ക്രമിച്ച് അടുത്ത മുറിയിലെ സംഘത്തില്‍ ചേര്‍ന്നു. പിന്നെ യുഗങ്ങളെ സ്മരിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. ശങ്കരാടിയുടെ മദ്ധ്യസ്ഥതയിലുള്ള വിശ്വാസം ആ നിമിഷങ്ങളെ സഹനീയവും ആകാംക്ഷാപൂര്ണ്ണവുമാക്കി.
ഒടുവില്‍ ശങ്കരാടി പുറത്തുവന്നു. ഒന്നും പ്രകടമായി വെളിവാക്കാത്ത തരത്തില്‍ ഒരു ബാലന്‍സിങ് അവസ്ഥയിലായിരുന്നു മുഖം.
'സത്യന് ഒന്നു വരൂ,' വരാന്തയുടെ ഒരു മൂലയിലേക്ക് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
അല്‍പ്പനേരത്തെ മൗനത്തിനുശേഷം ശങ്കരാടി കാര്യത്തിലേക്കു കടന്നു:
'ഞാന്‍ വിശദമായി സംസാരിച്ചു. അദ്ദേഹം പറയുന്നതു മുഴുവന്‍ കേട്ടു. അയാള്‍ പറയുന്നതിലും കാര്യമില്ലാതില്ല, സത്യന്. ഒരച്ഛന്റെ ഭാഗത്തുനിന്നുകൂടി നമ്മള് ചിന്തിച്ചുനോക്കണമല്ലോ. പിന്നെ, നമ്മടെ കാര്യം നമ്മക്കറിയാലോ! പണിണ്ടെങ്കില് ണ്ട്, ഇല്യങ്കില്‍ ഇല്യ.' മിഴിച്ചുനില്ക്കാനേ സത്യനു സാധിച്ചുള്ളൂ. ഒരു മറുപടി സാദ്ധ്യമായിരുന്നില്ല.
കാല്പ്പനികതയെയും യാഥാര്‍ത്ഥ്യത്തെയും അടുത്തടുത്ത് വിശകലനം ചെയ്തപ്പോള്‍ ശങ്കരാടിയുടെ കാരണവത്വവും കാര്യശേഷിയും പക്വവീക്ഷണവുമെല്ലാം സ്വാഭാവികമായും യാഥാര്‍ത്ഥ്യത്തിന്റെ ചേരിയിലേക്കു ചേക്കേറി. കുരുക്കുകളഴിച്ച് കാര്യം സൗമ്യവും മംഗളവുമാക്കാന് പോയ ആള് മതം മാറി തികഞ്ഞ മൂരാച്ചിയായി തിരിച്ചുവന്നിരിക്കുന്നു!
സംഭവിച്ചതിതായിരുന്നു: പരസ്പരം കണ്ടപ്പോഴാണ് നിമ്മിയുടെ അച്ഛനും ശങ്കരാടിക്കും തങ്ങളുടെ പഴയ പരിചയം തെളിഞ്ഞുവന്നത്. രണ്ടുപേരും ഒരേ
സ്കൂളില്‍ പഠിച്ചവര്‍, അടുത്തടുത്ത പ്രായക്കാര്‍; പിന്നെ തൊട്ടുരുമ്മിക്കിടക്കുന്ന ദേശങ്ങള്‍ പങ്കുവെക്കുന്ന സമാനമായ ഓര്‍മ്മകളും രീതികളും. എല്ലാം ചേര്‍ന്നപ്പോള്‍ അവരൊന്നായി: 'പ്രണയമല്ല ജീവിതം' എന്ന് ഉച്ചത്തില്‍, ഒരേ സ്വരത്തില്‍ ഉദ്ഘോഷിച്ചു. സത്യന് പുറത്തായി.
ഒരച്ഛന്റെ ആര്ദ്രതകളോ ആശങ്കകളോ ഒന്നുമില്ലാത്ത ഒരാള്‍ക്കു മാത്രമേ ഭാവിയെക്കുറിച്ച് യാതൊരു നിശ്ചയവുമില്ലാത്ത ഒരു യുവാവിന്റെ കൈയിലേക്ക് കണ്ണുമടച്ച് മകളെ ഏല്‍പ്പിക്കാന്‍ സാധിക്കൂ. നിമ്മിയുടെ അച്ഛന് അത്തരക്കാരനല്ലായിരുന്നു. മകളുടെ ഭാവി ശാന്തവും ഭദ്രവുമായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രണയത്തോടുള്ള അവജ്ഞയല്ല. മറിച്ച്, മകളോടുള്ള സ്നേഹാധിക്യമാണ് സുരക്ഷിതമായ വഴിയിലേക്കു മാറാന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിതനാക്കിയത്.
പൊളിഞ്ഞ തിരക്കഥയുമായി സത്യനൊഴികെ എല്ലാവരും മദിരാശിയിലേക്കു മടങ്ങി.
അനുനയത്തിന്റെ വഴികളെല്ലാം അതോടെ അടഞ്ഞു. ഇനി രണ്ടു സാദ്ധ്യതകളേയുള്ളൂ; ഒന്നുകില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് പിരിയുക, അല്ലെങ്കില്‍ അങ്കത്തിനിറങ്ങി നിമ്മിയെ അധികാരത്തോടെ സ്വന്തമാക്കുക. രണ്ടാമത്തതേ സത്യന് സാധ്യമാവുമായിരുന്നുള്ളൂ.
നടന്നുകൊണ്ടിരുന്ന ഷൂട്ടിങ്ങിന്റെ അടുത്ത ഷെഡ്യൂള്‍ പെട്ടെന്നു നിര്‍ത്തിവെച്ച് ചന്ദ്രകുമാറും സംഘവും ഒരിക്കല്‍ക്കൂടി തൃശ്ശൂരില്‍ പറന്നെത്തി. ഏറ്റവും തിരക്കുപിടിച്ച താരങ്ങളായിരുന്ന മധുവിന്റെയും പ്രേംനസീറിന്റെയുംവരെ ഡേറ്റുകള്‍ മാറ്റി! കാരണം, സംവിധായകനും ക്യാമറാമാനും ഒഴിവില്ല. സിനിമ മാറ്റിവെച്ച് അവര്‍ ഒരു ജീവിതം സംവിധാനം ചെയ്യാന്‍പോകുന്നു!
പ്രണയത്തിലും യുദ്ധത്തിലും 'എന്തുമാവാം' എന്ന സിദ്ധാന്തമനുസരിച്ചും അന്തിമനയത്രന്തം എന്ന നിലയിലും രാഷ്ട്രീയസമ്മര്‍ദ്ദവും ഒന്നു പ്രയോഗിക്കാന്‍ തീരുമാനിച്ചു. യുദ്ധത്തിന് തൊട്ടുമുമ്പ് ഒരു ദൂത്. അന്നത്തെ അഡ്വക്കറ്റ് ജനറലായിരുന്ന പി.വി. അയ്യപ്പന് നിമ്മിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ്. അദ്ദേഹവുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് കുടുംബകാര്യങ്ങള്‍ മുഴുവന്‍ ചെയ്യുന്നത് എന്ന് നിമ്മി നേരത്തേ പറഞ്ഞത് ഓര്‍മ്മയിലുണ്ടായിരുന്നു. അപ്പോള്‍ അയ്യപ്പന് പറഞ്ഞാല്‍ കാര്യം നടക്കും. പക്ഷേ, അയ്യപ്പനോട് ആരുപറയും? മുഖ്യമന്ത്രി പറഞ്ഞാല്‍ അഡ്വക്കറ്റ് ജനറലിന് അനുസരിക്കാതിരിക്കാന്‍ സാധിക്കില്ല. കെ. കരുണാകരനെക്കൊണ്ടുതന്നെ പറയിക്കാനുള്ള ശ്രമങ്ങളിലേക്കാണ് പിന്നീടു നീങ്ങിയത്. നേരത്തേ പരിചയമുണ്ടായിരുന്ന വയലാര്‍ രവിയായിരുന്നു കരുണാകരനിലേക്കുള്ള കവാടം.
കാര്യം വിസ്തരിച്ചു കേട്ടതിനുശേഷം രവി പറഞ്ഞു: 'ഇപ്പറഞ്ഞ വഴി ഏതായാലും വേണ്ട. ഇക്കാര്യത്തില്‍ അയ്യപ്പനെ ശരണംപ്രാപിക്കേണ്ട. പ്രണയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട. എന്തിനാണ് ഇങ്ങനെ വളഞ്ഞൊടിഞ്ഞ് വിവശനാവുന്നത്, സത്യന്? വിളിച്ചിറക്കിക്കൊണ്ടുവന്ന് രജിസ്റ്റര്‍ ചെയ്ത് കല്യാണം കഴിക്കെടോ. ഞാന്‍ മേഴ്സിയെ പള്ളിമുറ്റത്തുവെച്ച് പൊക്കിയതാണ്. നീ നിമ്മിയേം കൂട്ടി വാ, ഇവിടെ ഞാനും മേഴ്സിയുമുണ്ട്.'
ഇതുപോലൊരങ്കം നെഞ്ചൂക്കോടെ ജയിച്ച അനുഭവസ്ഥനാണ് പറയുന്നത്. അങ്ങനെയുള്ളവരുടെ വാക്കുകള്‍ക്ക് വലിയ പ്രഹരശേഷിയും പ്രചോദകവീര്യവുമുണ്ടാകും.
രവി പറഞ്ഞ 'വണ്‍ ലൈനില്‍'നിന്ന് ക്ലൈമാക്സ് തയ്യാറാക്കി. തത്കാലം ഒന്നും നിമ്മിയെ അറിയിച്ചില്ല.
കോളേജിലേക്കെന്നു പറഞ്ഞ് നിമ്മി വീട്ടില്‍നിന്നിറങ്ങണം. നേരേ എത്തേണ്ടത് സുഹൃത്ത് ചന്ദ്രമതിയുടെ വീട്ടില്‍. അവിടെ സത്യനും സംഘവും സജ്ജരായുണ്ടാകും. പിന്നെ, എറണാകുളത്തേക്ക്. ബാക്കി അവിടെച്ചെന്ന്. ഇതായിരുന്നു പ്ലാന്‍. ചന്ദ്രമതിവഴിതന്നെ വിവരം നിമ്മിയെ അറിയിച്ചു. പറഞ്ഞപ്രകാരം നിമ്മി കൃത്യമായി ചന്ദ്രമതിയുടെ വീട്ടിലെത്തി. കാര്‍ കാത്തുനിന്നിരുന്നു.
കിതച്ചും വിയര്‍ത്തും കാറില്‍ നിമ്മിയോടു ചേര്‍ന്നിരിക്കവേ സിനിമയും ജീവിതവും അതിരുകളുടഞ്ഞ് തമ്മില്‍ കലരുന്നതുപോലെ സത്യനു തോന്നി. ഏതോ സിനിമയിലെ നാടകീയമായ ക്ലൈമാക്സ് ചിത്രീകരിക്കുകയാണോ താന്‍? താന്‍തന്നെ നായകനായ തന്റെതന്നെ സിനിമ! അതോ ഭാവനയെക്കാള്‍ വിചിത്രമായ, നിഴലുകളെക്കാള്‍ നിറപ്പകിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളിലൂടെ ഒരു സ്വപ്നാടകനെപ്പോലെ ഒഴുകിയൊഴുകിപ്പോകുകയോ?
അണിഞ്ഞ വസ്ത്രവും അണയാത്ത സ്നേഹവും മാത്രം കരുതല്ധനമാക്കി, മുന്‍പിന്‍ നോക്കാതെ, ആരോരുമറിയാതെ വീടുവിട്ടിറങ്ങിപ്പോന്ന നാട്ടിന്‍പുറത്തുകാരിയായ ഈ പെണ്‍കുട്ടിയെ എങ്ങോട്ടാണ് താന്‍ നയിക്കുന്നത്? ഏതു തുറമുഖമാണ് തന്നെ കാത്തിരിക്കുന്നത്?
പെറ്റുപെരുകുന്ന ചോദ്യങ്ങളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കവേ വഴികള്‍ വിസ്മൃതങ്ങളായി.
എറണാകുളത്ത് വീട്ടില്‍ മേഴ്സി കാത്തുനിന്നിരുന്നു. രവി ഡല്‍ഹിയിലാണ്. മേഴ്സി തന്നെ രജിസ്ട്രോഫീസില് പറഞ്ഞ് ഏര്‍പ്പാടു ചെയ്തു. വൈകുന്നേരത്തിനുള്ളില്‍ രജിസ്റ്റര്‍ കഴിഞ്ഞു. പിന്നീട് മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്, ജേസി, ശങ്കരാടി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്, നടി സുകുമാരി, സൂരജ് ബാബു എന്നിവര്‍ സാക്ഷികള്‍. രണ്ടു ജീവിതങ്ങള്‍ ഇഴചേര്‍ന്നു.
എന്നാല്‍, കാര്യം അവിടംകൊണ്ടു നിന്നില്ല. രജിസ്റ്റര്‍ ചെയ്താല്‍ ഒരുമാസം കഴിഞ്ഞു മാത്രമേ സാധുതയാവൂ എന്ന നിയമവശം രജിസ്ട്രോഫീസില്നിന്നും ഇറങ്ങിയപ്പോഴാണ് എല്ലാവരും ഓര്‍ത്തത്. പ്രണയത്തിലും യുദ്ധത്തിലും പഴുതുകള്‍ പാടില്ല എന്നുമുണ്ട്. താലി കെട്ടുക മാത്രമേ പ്രതിവിധിയുള്ളൂ. പിറ്റേന്ന് ചോറ്റാനിക്കര ക്ഷേത്രത്തില്‍വെച്ച് താലികെട്ടാന്‍ തീരുമാനിച്ചു.
ഒറ്റ രാത്രിയുടെ ദൂരമേ ഒരുങ്ങാനുണ്ടായിരുന്നുള്ളൂ. ലക്ഷാര്ച്ചനസമയമായതിനാല് ചോറ്റാനിക്കര ക്ഷേത്രത്തില്‍ കല്യാണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് അന്വേഷണത്തില്‍ അറിഞ്ഞു. കഷ്ടകാലം കരകവിഞ്ഞ നേരത്തുതന്നെയാണ് താന്‍ മൊട്ടയടിച്ചത് എന്ന് സത്യനു ബോധ്യമായി. ദേവസ്വം പ്രസിഡന്റിന് രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ പോയി! ലക്ഷാര്‍ച്ചന മാറ്റിവെച്ചുപോലും നടത്തേണ്ട അടിയന്തരാവസ്ഥ ഈ മംഗല്യത്തിനുണ്ട് എന്ന് സമ്മര്‍ദ്ദത്തിന്റെ ശക്തികൊണ്ട് അയാള്‍ക്കു മനസ്സിലായി. ഒടുവില്‍ ഒരേയൊരു കല്യാണത്തിനുള്ള അനുവാദം പുലരും മുമ്പേ സംഘടിപ്പിച്ചു.
കല്യാണപ്പെണ്ണിനുള്ള ബ്ലൗസും സാരിയുമായിരുന്നു അടുത്ത പ്രശ്നം. തയ്യല്‍ക്കട തുറപ്പിക്കാന്തന്നെ തീരുമാനമായി. ഡൊമനിക് പ്രസന്റേഷനായിരുന്നു വസ്ത്രാലങ്കാരത്തിന്റെ ചുമതല. രാത്രിയുടെ മഷി മായുമ്പോഴേക്കും ബ്ലൗസും സാരിയുമായി ഡൊമനിക്, വയലാര്‍ രവിയുടെ വീട്ടുമുറ്റത്തു വന്നു.
1981 ഡിസംബര്‍ 20-ന്റെ തെളിഞ്ഞു തണുത്ത പ്രഭാതത്തില്‍ ചോറ്റാനിക്കരക്ഷേത്രത്തിന്റെ പൂഴിമണല്മുറ്റത്ത് ഒരുസംഘം സ്നേഹസമ്പന്നരായ സുഹൃത്തുക്കളുടെ മാത്രം സാന്നിദ്ധ്യത്തില്‍ സത്യന് നിമ്മിയുടെ കഴുത്തില്‍ മഞ്ഞച്ചരട് ബന്ധിച്ചു; ആര്‍ക്കും അറുത്തുമാറ്റാന്‍ സാധിക്കാത്ത സ്നേഹച്ചരട്.
ആരൊക്കെയോ അനുഗ്രഹിച്ചു, ആരൊക്കെയോ ശപിച്ചു, ചിലര്‍ സന്ദേഹിച്ചു, ചിലര്‍ ദുഃഖിച്ചു.
ശൂന്യമായ ഒരു വെള്ളത്താളുപോലെ ജീവിതം പിന്നെയും ബാക്കികിടന്നു; ജീവിതംകൊണ്ടുതന്നെ പൂരിപ്പിക്കപ്പെടാനായി.
ഉച്ചയ്ക്കുള്ള വിമാനത്തില്‍ത്തന്നെ സത്യനും നിമ്മിയും മദിരാശിക്കു പറന്നു. വിമാനക്കാശും സൗഹൃദങ്ങളുടെ സംഭാവനയായിരുന്നു. മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടു പറക്കുന്ന ലോഹപ്പക്ഷിയുടെ നെഞ്ചില്‍ ചേര്‍ന്നിരിക്കവേ സത്യന്റെയും നിമ്മിയുടെയും മനസ്സ് ശൂന്യമായിരുന്നു.
'അനുഭവകാലം കഴിഞ്ഞാല്‍
സുഖവും ദുഃഖവും സമം.'
Content Highlights: Sathyan Anthikkad, Nimmy Sathyan, Sreekanth Kottakkal, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..