സത്യൻ അന്തിക്കാടും മോഹൻലാലും രസതന്ത്രം സിനിമയുടെ ചിത്രീകരണ വേളയിൽ
ശ്രീകാന്ത് കോട്ടക്കല്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
മോഹന്‍ലാലുമായിച്ചേര്‍ന്ന് കുറെക്കാലമായി സിനിമയുണ്ടാക്കിയില്ലല്ലോ എന്നെല്ലാവരും ചോദിക്കുന്നു. സിനിമയില്ലെങ്കിലും ലാല്‍ എന്റെ സുഹൃത്തല്ലാതാകുന്നില്ല. പഴയ സ്‌നേഹത്തിന്റെ നാളുകളില്‍ ഒരേ മുറിയില്‍ കട്ടിലും സോഫയും പങ്കിട്ടു കിടന്ന സൗഹൃദം ബാക്കികിടക്കുന്നു.
- ഓര്‍മ്മകളുടെ കുടമാറ്റം
ജീവിതത്തിന്റെ അദ്ഭുതകരമായ ഭ്രമണപഥത്തില്‍ ഒരിക്കലും നേര്‍ക്കുനേര്‍ വരാന്‍ സാദ്ധ്യതയില്ലാത്ത ചിലരുണ്ട്. എന്നാല്‍, ആരോ സംവിധാനം ചെയ്തുവെച്ച കുസൃതിപോലെ അവര്‍ ഏതോ ഒരു നിമിഷത്തില്‍ തമ്മിലുരസിക്കടന്നുപോവുന്നു. ഏതൊക്കെയോ തന്മാത്രകള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.പതുക്കപ്പതുക്കെ തമ്മില്‍ത്തമ്മിലറിഞ്ഞ് അവര്‍ ഇണങ്ങുന്നു. ആ ഇണക്കത്തില്‍നിന്നും സമാനതകളില്ലാത്ത സൃഷ്ടികള്‍ സംഭവിക്കുന്നു. മനുഷ്യര്‍ കണ്ടുമുട്ടാനും പരിചയിച്ചറിഞ്ഞടുക്കാനും തുടങ്ങിയതു മുതല്‍ തുടര്‍ന്നുപോരുന്നതും ഒരിക്കലും പിടിതരാത്തതുമായ സത്യമാണിത്. തിരുവനന്തപുരത്ത് മുടവന്‍മുകളില്‍ 'ഹില്‍വ്യൂ'വിലെ വിശ്വനാഥന്‍ നായരുടെ രണ്ടാമത്തെ മകന്‍ മോഹന്‍ലാലും അന്തിക്കാട്ടുകാരന്‍ സത്യനും തമ്മില്‍ കണ്ടുമുട്ടാനും അത്രമേല്‍ അടുക്കാനും മറ്റൊരു കാരണവും കാണുന്നില്ല. സത്യന്‍ സ്വന്തമായി സംവിധാനം ചെയ്യാന്‍ ആലോചന തുടങ്ങിയ കാലങ്ങളിലെപ്പോഴോ ആണ് മോഹന്‍ലാല്‍ സിനിമാരംഗത്തേക്ക് വന്നുവീഴുന്നത്. സഹപാഠികൂടിയായ പ്രിയദര്‍ശന്റെ സംഘത്തിനൊപ്പമായിരുന്നു ലാലിന്റെ യാത്രകള്‍; സത്യനു സമാന്തരമായി. കോടമ്പാക്കത്തും അയാള്‍ എത്തിയിരുന്നു. എന്നാല്‍ സിനിമാവൃത്തങ്ങളില്‍വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ പരസ്പരം കണ്ടതായി രണ്ടുപേരും ഓര്‍ക്കുന്നില്ല. കുറുക്കന്റെ കല്യാണത്തില്‍ ബഹദൂറിന്റെ മകളെ വിവാഹം ചെയ്യുന്നയാളായി അഭിനയിക്കാന്‍ ഒരു ചെറുപ്പക്കാരനെ ആലോചിച്ചപ്പോഴാണ് ആരോ മോഹന്‍ലാലിന്റെ പേര് സത്യനോടു പറയുന്നത്. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായിരുന്നെങ്കിലും കാഴ്ചയില്‍ സാധുപ്രകൃതമാണ്, തികഞ്ഞ നാണംകുണുങ്ങിയും. നവവരനാവാന്‍ പാകംവന്ന പ്രായം, ഉത്തമന്‍.
രണ്ടു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലാല്‍ സന്തോഷത്തോടെ വന്നു. അതില്‍ രണ്ടാമത്തെ സീന്‍ മാത്രമേ ഷൂട്ട് ചെയ്തുള്ളൂ. പിന്നീട് ചിത്രീകരിക്കാം എന്നു കരുതി മാറ്റിവെച്ച ആദ്യസീന്‍ എടുക്കാന്‍ മറന്നുപോയി. അധികം സംസാരിച്ചില്ല, അടുത്തില്ല. ക്ഷണമാത്രയില്‍ ഒരു വന്നുപോക്ക് മാത്രം.
വി.കെ.എന്റെ 'പ്രേമവും വിവാഹവും' എന്ന കഥ അപ്പുണ്ണി എന്ന പേരില്‍ സിനിമയാക്കാനുള്ള ആലോചനാവേളയിലാണ് മോഹന്‍ലാലിന്റെ പേരും രൂപവും വീണ്ടും സത്യന്റെ മനസ്സില്‍ സജീവമാകുന്നത്.
.jpg?$p=430c1f1&&q=0.8)
അമ്മുവിന്റെ കാമുകനായി അയല്‍ദേശത്തുനിന്നും വന്നെത്തിയ എലിമെന്ററി സ്‌കൂള്‍മാസ്റ്റര്‍ മേനോനായിട്ടാണ് ലാലിനെ പരിഗണിച്ചത്. 'സുമുഖനും യുവാവു'മാണ് മേനോന്‍മാഷ് എന്ന് വി.കെ.എന്‍. കഥയില്‍ എഴുതി വെച്ചിട്ടുണ്ട്. സുമുഖന്മാരും യുവത്വമുള്ളവരും അറിയപ്പെടുന്നവരുമായ നിരവധി നടന്മാര്‍ അക്കാലത്ത് മലയാളസിനിമയില്‍ നിറയേ ഉണ്ടായിരുന്നു. എന്നിട്ടും മോഹന്‍ലാല്‍തന്നെ മനസ്സില്‍ വന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് സത്യന് പിന്നീടൊരിക്കലും ഉത്തരം ലഭിച്ചിട്ടില്ല. ഇരുട്ടില്‍, ആകസ്മികമായ ചില ആകാശരേഖകള്‍. അവയില്‍ നിന്നുതിരുന്ന തിളങ്ങുന്ന തരികളില്‍ കാത്തുവെച്ച അദ്ഭുതങ്ങള്‍.
വി.കെ.എന്‍. എഴുതിയതുപോലെതന്നെ സുമുഖനും യുവാവുമാണ് കഥാപാത്രം എന്നു മാത്രമേ സത്യന്‍ ലാലിനോടു പറഞ്ഞിരുന്നുള്ളൂ. മേനോന്‍ പഴം തിന്നുന്ന ഒരു ഷോട്ടാണ് ആദ്യമെടുത്തത്. പഴം കൈയിലെടുത്ത്, അതിന്റെ തൊലി അതിസൂക്ഷ്മമായി, പൂവിന്റെ ഇതളുകള്‍പോലെ ഓരോന്നായി ചീന്തിയെടുത്താണ് ലാല്‍ ആ രംഗം അഭിനയിച്ചത്. ക്യാമറയ്ക്കു പിറകില്‍ നിന്ന് സത്യന്‍ വിസ്മയിച്ചുപോയി. കഥാപാത്രത്തിന്റെ ഓരോ ചലനത്തിലും വൃത്തിയും സുമുഖത്വവും കലര്‍ന്നിരിക്കണം എന്ന് സത്യന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നു; പറഞ്ഞില്ലെന്നുമാത്രം. സത്യന്‍ പറയാത്തതിനെക്കൂടി പൂരിപ്പിച്ച് ലാല്‍ തിരിച്ചുകൊടുത്തിരിക്കുന്നു. മനോധര്‍മ്മപൂര്‍ണ്ണത. ശ്രീനിവാസനില്‍നിന്നും എഴുത്തില്‍ ഈ പൂരകത സത്യന്‍ അനുഭവിച്ചപ്പോള്‍ ലാലില്‍ അത് അഭിനയത്തിലായിരുന്നു. അന്നാണ് മോഹന്‍ലാല്‍ എന്ന നടനെ സത്യന്‍ ആദ്യമായി അളന്നിട്ടത്.
ഒരുപാട് പരിശ്രമങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമൊടുവില്‍ ബാലഗോപാലന്‍ എന്ന ഇടത്തരക്കാരന്റെ ജീവിതം സിനിമയാക്കാന്‍ സാധിക്കുമെന്നായപ്പോള്‍ വീണ്ടും ലാല്‍ വന്നു. എണ്ണൂറുരൂപയുടെ വരുമാനവും അതിന്റെ ഇരട്ടി ചെലവുമുള്ള, എന്നാല്‍ സ്വന്തം അവസ്ഥ ഒരിക്കലും പുറത്തുകാണിക്കാതെ ചിരിയിലും കൊച്ചുകുസൃതികളിലും പൊതിഞ്ഞ് ജീവിക്കുന്ന, വല്ലപ്പോഴും ചെമ്പ് പുറത്താവുമ്പോള്‍ ജാള്യതപ്പെടുന്ന, അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അടിത്തട്ടിലടിഞ്ഞ കരച്ചില്‍ പുറത്തേക്ക് പ്രവഹിക്കുന്ന കഥാപാത്രം.
അപ്പുണ്ണിയിലേതുപോലെത്തന്നെ കഥാപാത്രത്തിന്റെ മൊത്തം സ്വഭാവവും അയാളുടെ ജീവിതപരിസരവും മാത്രമേ സത്യന്‍ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. മുറിക്കൈയന്‍ ഷര്‍ട്ടും മുഷിഞ്ഞ കുടയും നരച്ച പാന്റ്‌സുമണിഞ്ഞ് ലാല്‍ ബാലഗോപാലനിലേക്ക് സ്വയം പകര്‍ന്നപ്പോള്‍ സത്യന്‍ വീണ്ടും വിസ്മയിച്ചു. ഒടുവില്‍ സ്വന്തം സഹോദരിയുടെ വിവാഹം രജിസ്‌ട്രോഫീസില്‍വെച്ച് നടത്തേണ്ടിവന്ന ഗതികേടില്‍ ബാലഗോപാലന്‍ ഉരുകിനില്‍ക്കുന്ന രംഗത്തില്‍ എത്തിയപ്പോള്‍ ലാല്‍ മിനുക്കുകള്‍ക്കപ്പുറത്തെ അഭിനയമുഹൂര്‍ത്തങ്ങളിലേക്കുയര്‍ന്നു. സത്യന്‍ കരഞ്ഞുപോയി. ആ നിമിഷത്തില്‍ മോഹന്‍ലാല്‍ എന്ന നടനും സത്യന്‍ അന്തിക്കാട് എന്ന സംവിധായകനും ഒന്നായി. 'ഒരിക്കലും ബാലഗോപാലന്റെ അവസ്ഥകളിലൂടെ കടന്നുപോന്നയാളല്ലായിരുന്നു ലാല്‍. എന്റെ ജീവിതാവസ്ഥകളും അപ്പോള്‍ ലാലിന് അറിയില്ലായിരുന്നു. എന്നിട്ടും, ഞാന്‍ മനസ്സില്‍ വരഞ്ഞിട്ട ബാലഗോപാലനെ ഓരോ രംഗത്തും അതിന്റെ പതിന്മടങ്ങ് തീവ്രതയോടെ ലാല്‍ എനിക്കു തന്നു. അപ്പോള്‍ ലാലിലെ വലിയ നടനെ മാത്രമല്ല ഞാന്‍ കണ്ടത്, എന്റെതന്നെ ജീവാംശങ്ങളെയും വിചാരതലങ്ങളെയും ഞാനറിയാതെത്തന്നെ സ്പര്‍ശിച്ചറിയാനുള്ള അയാളുടെ സിദ്ധിയെക്കൂടിയാണ്.'
ശ്രീനിവാസനിലേതുപോലെ ലാലില്‍ എവിടെയൊക്കെയോ താന്‍ ഉണ്ട് എന്ന് ബാലഗോപാലന്റെ ചിത്രീകരണവേളയില്‍ സത്യനു മനസ്സിലായി. ഒരേ നൂലില്‍ കെട്ടിയ മൂന്നു പട്ടങ്ങള്‍പോലെ ആ നിമിഷംമുതല്‍ അവര്‍ ഉയര്‍ന്നുതുടങ്ങി.
ഒരു സംവിധായകന്റെ പകിട്ടോ ഗമയോ ഇല്ലാതെ തന്റെ ഹൃദയത്തിലേക്കു വന്നുകയറിയ സത്യന്‍ ലാലില്‍ കേവലമായ സൗഹൃദത്തിനപ്പുറം എന്തൊക്കെയോ തരംഗങ്ങള്‍ ഉണര്‍ത്തിവിട്ടിരുന്നു: 'ഒരു വയലില്‍നിന്ന് കയറി വന്നയാളെപ്പോലെ, അല്ലെങ്കില്‍ വഴിയോരത്തോ നാല്‍ക്കവലയിലോ കണ്ടുമറന്ന ഒരാളെപ്പോലെ തോന്നിച്ചു സത്യന്‍. നടന്റെയുള്ളില്‍നിന്ന് തനിക്കു വേണ്ടത് എടുക്കാനുള്ള കഴിവ് അപ്പുണ്ണി മുതല്‍ത്തന്നെ സത്യനില്‍ ഞാന്‍ ശ്രദ്ധിച്ചതാണ്. ഷോട്ടിന് കട്ട് പറഞ്ഞുകഴിഞ്ഞാല്‍ നടനെ ഉപേക്ഷിച്ച്, അയാളിലെ മനുഷ്യനെയും സുഹൃത്തിനെയും സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുപോരാനും സത്യനറിയാം.'
ബാലഗോപാലനുശേഷം ലാലല്ലാതെ മറ്റൊരു നായകനെ സത്യന് ആലോചിക്കാനേ സാധിച്ചിരുന്നില്ല. തനിക്കുവേണ്ടി മാത്രമാണ് സത്യന്‍ സിനിമയുണ്ടാക്കുന്നത് എന്ന് ലാലും വിശ്വസിച്ചു. ചിത്രീകരണകാലങ്ങള്‍ അവര്‍ സ്‌നേഹത്തിന്റെ ഉത്സവങ്ങളാക്കി. ഒരേ കട്ടില്‍ പങ്കിട്ടു കിടന്നു. ഓരോ സിനിമയും വിജയിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദത്തിനൊപ്പം സൗഹൃദത്തിന്റെ സാര്‍ത്ഥകതയും അവര്‍ അനുഭവിച്ചു. ഒറ്റയ്ക്കല്ല, ഒന്നായി വളരുന്നതില്‍ അവര്‍ ഹൃദയം തുറന്നു സന്തോഷിച്ചു.
കുസൃതിയും കുറുമ്പുമായിരുന്നു ലാലിനും സത്യനുമിടയിലെ വ്യവഹാരഭാഷ. ഒന്നിച്ചിരിക്കുന്ന നിമിഷങ്ങളിലെല്ലാം അവര്‍ കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കതകളിലേക്കും ചിരികളിലേക്കും തിരിച്ചുപോകുന്നു:' ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം പറ്റിച്ചത് സത്യനെയാണ്. ഇരുപത്തിയഞ്ചു വര്‍ഷമായി മാസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ അയാളെ ശബ്ദംമാറ്റി വിളിച്ച് കബളിപ്പിച്ചിട്ടുണ്ട്. പല പേരുകള്‍ പറഞ്ഞ്, പല ആവശ്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് വിളിക്കുക. ഒന്നും അയാള്‍ക്കു മനസ്സിലായില്ല. മദ്യം മണത്തുനോക്കുകപോലും ചെയ്യാത്ത സത്യന് ഞാന്‍ ഒന്നിലധികം തവണ ലൈംജ്യൂസില്‍ മദ്യം കലര്‍ത്തി കൊടുത്തിട്ടുണ്ട്. ഓരോ തവണ പറ്റിക്കപ്പെടുമ്പോഴും സത്യന്‍ ജാള്യതയോടെ പറയും: 'ഇത്തവണയും പറ്റി, പക്ഷേ, ഇനി നടക്കില്ല'- പക്ഷേ, ഇരുപത്തഞ്ചു വര്‍ഷമായി നടന്നുകൊണ്ടേയിരിക്കുന്നു. സത്യനിലെ ഈ 'പാവത്തം' എനിക്ക് ഇഷ്ടമാണ്.'
അഗാധമായ ഏത് സ്‌നേഹത്തിലും സ്വാര്‍ത്ഥവും കലര്‍ന്നിരിക്കും. സ്‌നേഹത്തില്‍ മുങ്ങിക്കിടക്കുന്നതുകൊണ്ട് അത് ആരുമറിയുന്നില്ല എന്നുമാത്രം. ലാല്‍ മറ്റു പല വഴികളിലേക്കും ചിതറിപ്പോയപ്പോള്‍ സത്യന്‍ പൊട്ടിത്തെറിച്ചുപോയതിന്റെ സൂക്ഷ്മകാരണം നിറഞ്ഞ സ്‌നേഹത്തില്‍ കലര്‍ന്നുകിടന്ന സ്വാര്‍ത്ഥത്തിന്റെ അംശത്താലായിരുന്നു: 'ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്നു നിര്‍ബ്ബന്ധംപിടിക്കരുതായിരുന്നു എന്ന് പിന്നീടെനിക്കു തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നു. അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ഒന്നുമില്ലാത്ത വെള്ളത്താള്‍പോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ത്ഥ്യത്തിനു മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍. ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ ഞാന്‍ അന്ന് തളര്‍ന്നുപോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്നാല്‍, അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസ്സില്‍ കരഞ്ഞിരുന്നു.'
സത്യനുമായി പിരിഞ്ഞപ്പോള്‍ തന്നിലെ നടനെയറിഞ്ഞ ഒരു നല്ല സംവിധായകനെ നഷ്ടപ്പെട്ടു എന്നതിനെക്കാള്‍, പ്രിയപ്പെട്ട, ജ്യേഷ്ഠതുല്യനായ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതുപോലെയാണ് ലാലിനു തോന്നിയത്: 'പക്ഷേ, ആ നിമിഷംമുതല്‍ ഞാന്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാസംരംഭങ്ങള്‍ മറന്നു. സിനിമകള്‍ വരട്ടെ, പോകട്ടെ. സത്യനുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ പൂര്‍വ്വാധികം ശക്തമായി ശ്രമിച്ചു. ഞങ്ങള്‍ നിരന്തരം ഫോണില്‍ സംസാരിച്ചു, പലയിടത്തുവെച്ചും കണ്ടു. അപ്പോഴൊന്നും സിനിമയെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിനുശേഷവും സത്യന്‍ ഹിറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ഞാനഭിനയിച്ച നിരവധി ചിത്രങ്ങളും വന്‍ വിജയങ്ങളായി. അങ്ങനെയിരിക്കേ ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സത്യനോടു പറഞ്ഞു: നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് യാതൊരു നഷ്ടവുമില്ല, അല്ലേ സത്യന്‍? നഷ്ടം നമുക്കു മാത്രമാണ്. നിങ്ങളോടൊത്തിരിക്കുമ്പോഴുള്ള രസങ്ങള്‍ മുഴുവന്‍ എനിക്കു നഷ്ടമാകുന്നു. അതു കേട്ട് സത്യന്‍ മങ്ങിയ ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ നേരിയ വെളിച്ചത്തില്‍ നിറയേ കണ്ണീരിന്റെ കണങ്ങളായിരുന്നു.'
ഒടുവില്‍ പത്തു വര്‍ഷത്തിനുശേഷം ഇന്നസെന്റിന്റെ മദ്ധ്യസ്ഥതയില്‍ രസതന്ത്രം എന്ന സിനിമയില്‍ ലാലും സത്യനും ഒത്തുചേര്‍ന്നു. ആ പുനഃസമാഗമം മലയാളി ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്. അപ്പോഴും, ഒരു ചോദ്യം ശേഷിക്കുന്നു, 'എവിടെ ശ്രീനിവാസന്‍?' ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ പെട്ടെന്ന്, അകാരണമായി അകലുമ്പോള്‍ അപ്രത്യക്ഷമാകുന്നത് അവരിലെ സ്‌നേഹഭൂമികകള്‍ മാത്രമല്ല, അതിനെ തൊട്ടുനിന്ന, അതിനെ സജീവമാക്കിയ ചില മനസ്സുകളും വ്യക്തികളുംകൂടിയാണ്. പാലം തകര്‍ന്നുവീഴുകയും പുഴ വഴിമാറിയൊഴുകുകയും ചെയ്യുമ്പോള്‍ കടപുഴകിയൊഴുകിപ്പോകുന്ന തുരുത്തുകള്‍ പോലെ; ജനപദങ്ങള്‍പോലെ. അവയെ തിരിച്ചുപിടിക്കുക എന്നത് അതിനു കാരണക്കാരായവരുടെ കടമയാണ്.
Content Highlights: Sathyan Anthikkad, Mohanlal, Sreekanth Kottakkal, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..