സമഗ്രാധിപത്യത്തിന്റെ സര്‍വഭാവങ്ങളും പ്രകടമാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ഇന്ത്യന്‍ മാധ്യമ സ്വാതന്ത്ര്യം പാറിച്ച വെന്നിക്കൊടിയാണ് പെഗാസസിലെ കോടതി വിധി. സര്‍ക്കാര്‍ സ്വന്തം പൗരരുടെ സ്വകാര്യതയിലേക്ക് വിദേശചാര സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ നുഴഞ്ഞു കയറി എന്ന നടുക്കുന്ന ആശങ്കയില്‍ നിന്നാണ് ആ നിയമപോരാട്ടം തുടങ്ങിയത്. ഇന്ത്യന്‍ മാധ്യമരംഗത്തെ മഹാസാന്നിധ്യങ്ങളിലൊരാളായ ശശികുമാറായിരുന്നു മുന്‍നിരയില്‍. ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ നിര്‍ണായകമായ ആ നിയമ പോരാട്ടത്തിന്റെ നാള്‍വഴികളെക്കുറിച്ചും ഭരണകൂടത്തിന്റെ പൗരവിരുദ്ധതയെക്കുറിച്ചും സംസാരിക്കുകയാണ് ശശികുമാര്‍. 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ഒരു ഭാഗം വായിക്കാം

ഒ.കെ. ജോണി: പെഗാസസ് ചാര സോഫ്റ്റ് വേര്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ അമ്പതിനായിരത്തോളം സ്വകാര്യവ്യക്തികളുടെ ഫോണുകള്‍ നിരീക്ഷണവിധേയമായിട്ടുണ്ടെന്ന വാര്‍ത്ത ആദ്യം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ്, ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള ഒരാക്രമണമായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷണര്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ മുന്നറിയിപ്പുനല്‍കിയത്. പല രാജ്യങ്ങളും ഇക്കാര്യത്തില്‍ നടപടികളിലേക്ക് മുതിര്‍ന്നെങ്കിലും തുടക്കം മുതലേ ഇന്ത്യയിലെ ഭരണകക്ഷിയും മന്ത്രിമാരും പെഗാസസ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതുതന്നെ രാജ്യസുരക്ഷയെ ബാധിക്കുമെന്ന മട്ടിലാണ് പ്രതികരിച്ചത്. കാപട്യംനിറഞ്ഞ ഈ നിലപാടിനുള്ള ഒരു തിരിച്ചടിയാണോ ഈ വിധി? 

ശശികുമാര്‍: രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് എല്ലായ്പ്പോഴും നോക്കിനില്‍ക്കാനാവില്ലെന്ന കോടതിയുടെ പരാമര്‍ശം അതുതന്നെയാണല്ലോ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്തിലെ നൂറുകണക്കിന് സ്വകാര്യവ്യക്തികളുടെ സ്മാര്‍ട്ട് ഫോണുകളില്‍ വിദേശ ചാര സോഫ്റ്റ് വെയര്‍ നിക്ഷേപിച്ച് അവരെ നിരീക്ഷണവിധേയമാക്കിയെന്ന സ്തോഭജനകമായ വാര്‍ത്തകളോടുള്ള സര്‍ക്കാരിന്റെ സമീപനം തുടക്കം മുതല്‍ തന്നെ സംശയം ജനിപ്പിക്കുന്നതായിരുന്നുവെന്ന് ഈ സംഭവത്തിന്റെ നാള്‍വഴി പരിശോധിച്ചാലറിയാം. 2019-ല്‍ വാട്സാപ്പില്‍ നുഴഞ്ഞുകയറിയ ഏതോ അജ്ഞാത സോഫ്റ്റ് വെയറിലൂടെ ഏതാനും ഇന്ത്യക്കാരുടെയും രഹസ്യങ്ങള്‍ ചോര്‍ത്തിയതായി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ സമ്മതിച്ചുവെങ്കിലും അതേക്കുറിച്ച് ഒരന്വേഷണവും ഉണ്ടായില്ല. 2020-ല്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ടൊറന്റോ സര്‍വകലാശാലയുടെ സിറ്റിസണ്‍ലാബും സമാനമായൊരു സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടുചെയ്തിരുന്നു. അതേത്തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 17 രാജ്യാന്തര മാധ്യമങ്ങളുടെ പങ്കാളിത്തത്തില്‍ ഒരു വസ്തുതാപഠനത്തിന് മുന്നോട്ടുവന്നത്. ഇസ്രയേലിലെ സ്വകാര്യ ചാരക്കമ്പനിയായ എന്‍.എസ്.ഒ.യുടെ മിലിട്ടറി ചാരസോഫ്റ്റ്വേര്‍ മുന്നൂറോളം ഇന്ത്യക്കാരുള്‍പ്പെടെ വിവിധരാജ്യങ്ങളിലെ അരലക്ഷത്തോളം വ്യക്തികളുടെ ഫോണുകളില്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തിയത് ഈ അന്വേഷണമാണ്.Weekly Cover Image

സര്‍ക്കാരുകള്‍ക്കുമാത്രമേ ഈ സോഫ്റ്റ് വേര്‍ നല്‍കാറുള്ളൂ എന്ന ഇസ്രയേലി കമ്പനിയുടെയും സര്‍ക്കാരിന്റെയും വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറിയ ചാര സോഫ്റ്റ് വേര്‍ ഏത് സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളുമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരേ  ഉപയോഗിച്ചതെന്ന് അന്വേഷിക്കാനോ വെളിപ്പെടുത്താനോ ഇന്ത്യാ ഗവണ്‍മെന്റ് സന്നദ്ധമായില്ലെന്നതാണ് ഭയജനകമായ സംഗതി. നമ്മുടെ സര്‍ക്കാരാണ് ഉപയോഗിച്ചതെങ്കില്‍ അത് ഭരണഘടനാനുസൃതമായിരുന്നുവോ എന്നുമാത്രമേ നോക്കേണ്ടതുള്ളൂ. മറിച്ച് മറ്റേതെങ്കിലും വിദേശ സര്‍ക്കാരുകളോ അവരുടെ ഏജന്‍സികളോ ആണ് ഇത് ചെയ്തതെങ്കില്‍ നിശ്ചയമായും അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കൂടുതല്‍ ഗൗരവകരമായ പ്രശ്‌നമാണ്. മൊറോക്കന്‍ രഹസ്യാന്വേഷണവകുപ്പ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴുമുണ്ടല്ലോ. വ്യക്തിയുടെ സ്വകാര്യതയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന അത്യന്തം ഗുരുതരമായ ഒരു സൈബര്‍ നുഴഞ്ഞുകയറ്റത്തെ കണ്ണടച്ചിരുട്ടാക്കുന്നത് ഒരു ഭരണകൂടത്തിന് യോജിച്ചതല്ലെന്നതുകൊണ്ടാണ് പലരോടുമൊപ്പം ഞങ്ങളും കോടതിയെ സമീപിച്ചത്.

ഒ.കെ. ജോണി: ശശിയും എന്‍.റാമും ഉള്‍പ്പെടെയുള്ള പത്തിലേറെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നുണ്ടോ? 

ശശികുമാര്‍: തീര്‍ച്ചയായും. ഞങ്ങള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടതും പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതും മാധ്യമങ്ങളും പൊതുസമൂഹവും ആശങ്കയോടെ ചോദിച്ചുകൊണ്ടിരുന്നതുമായ അതേ സംശയങ്ങള്‍തന്നെയാണ് കോടതിയുടെ പരിഗണനയിലുമെത്തിയതെന്നതാണ് ഈ കേസിന്റെ ഒരു സവിശേഷത. ഇന്ത്യന്‍ പൗരന്മാരുടെ ഫോണുകളില്‍നിന്ന് വിവരശേഖരണത്തിനോ മറ്റെന്തെങ്കിലും ആവശ്യത്തിനായോ പെഗാസസ് സാങ്കേതികത നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ കടന്നുകയറ്റത്തിന് ഇരകളാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍, 2019-ല്‍ ഇന്ത്യന്‍ പൗരന്മാരുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക്ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളില്‍ ഇന്ത്യാഗവണ്‍മെന്റ് എടുത്ത നടപടികളെന്തൊക്കെയാണ്, ഇന്ത്യാ ഗവണ്‍മെന്റോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകളോ പെഗാസസ് സാങ്കേതികത ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരേ ഉപയോഗിച്ചിട്ടുണ്ടോ, ഇന്ത്യാഗവണ്‍മെന്റിന്റെ ഏതെങ്കിലും ഏജന്‍സി ഇന്ത്യക്കാര്‍ക്കെതിരേ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏത് നിയമവും പ്രോട്ടോകോളും അനുസരിച്ചാണത് ചെയ്തത്, രാജ്യത്തെ ഏതെങ്കിലും സ്വകാര്യവ്യക്തിയോ സ്ഥാപനമോ ഇന്ത്യക്കാര്‍ക്കെതിരേ അതുപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന് ഔദ്യോഗികാംഗീകാരമുണ്ടോ, ഇതുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍- ഇത്രയും സംഗതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാനാണ് സുപ്രീം കോടതി സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2019-മുതല്‍ ജനങ്ങള്‍ അറിയാനാഗ്രഹിച്ച ഇക്കാര്യങ്ങള്‍ രാജ്യസുരക്ഷയുടെ മറവില്‍ സര്‍ക്കാര്‍ ഒളിച്ചുവയ്ക്കുകയായിരുന്നു. സുപ്രീംകോടതിയിലും കോടതി നിയോഗിച്ച സമിതിയിലുമാണ് ഇനി ജനങ്ങളുടെ പ്രതീക്ഷ.
 
പ്രതിപക്ഷ രാഷ്ട്രീയനേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെ വിമര്‍ശിക്കുന്ന വ്യക്തികളെല്ലാം പലമട്ടില്‍ ആക്രമിക്കപ്പെടുക ഒരു പുതിയ കാര്യമല്ല. പെഗാസസ് ചാര സോഫ്റ്റ്വേറിന്റെ ഉപയോഗവും അത്തരത്തിലൊന്നാണെന്ന് കരുതാമോ? വാസ്തവത്തില്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള പലവിധ ശ്രമങ്ങളുണ്ട്. വ്യാജമായ ആരോപണങ്ങളുന്നയിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയുമെല്ലാം നിരന്തരം വേട്ടയാടുന്ന പതിവും സമീപകാലത്തായി വര്‍ധിച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങള്‍ തുറന്നുകാട്ടുന്ന ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരേപോലും നിയമനടപടികളുണ്ടായി. ഈയൊരു പശ്ചാത്തലത്തിലല്ലേ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ സമൂഹം തിരിച്ചറിയുന്നത്? 

ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ ശരിയാണെങ്കിലും പെഗാസസിന്റെ നുഴഞ്ഞുകയറ്റത്തിനുപിന്നില്‍ ആരാണെന്നതിന് നമ്മുടെ മുന്നില്‍ സംശയങ്ങളല്ലാതെ വ്യക്തമായ തെളിവുകളൊന്നും എത്തിയിട്ടില്ല. അതിനുവേണ്ടിയാണ് പലരും സുപ്രീംകോടതിയെ അഭയംപ്രാപിച്ചത്. സര്‍ക്കാര്‍ അത് വെളിപ്പെടുത്താതിരുന്നതിനാലാണ് കോടതി സ്വതന്ത്രമായ അന്വേഷണ സമിതിയെ അത് കണ്ടുപിടിക്കാനായി നിയോഗിച്ചതും. ഇത്തരമൊരു സന്ദിഗ്ധ സാഹചര്യത്തില്‍ പലതരം നിഗമനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും സാധ്യതയുണ്ട്. സര്‍ക്കാരിന് ഇതില്‍ പങ്കില്ലെങ്കില്‍ ആരായിരിക്കാം അത് ചെയ്തിട്ടുണ്ടാവുക എന്ന് കണ്ടെത്തേണ്ട ബാധ്യതപോലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇതേവരെ തയ്യാറായില്ലെന്നത് നിശ്ചയമായും സംശയാസ്പദമാണ്. അതാണ് നേരത്തേ സൂചിപ്പിച്ചതുപോലുള്ള നിഗമനങ്ങളെ സാധൂകരിക്കുന്നത്. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവണതയ്‌ക്കെതിരേ ഭരണകൂടത്തിന് മൗനംപാലിക്കാനാവില്ലെന്ന ഒരു വലിയ സന്ദേശവും താക്കീതുമായി പരമോന്നത നീതിപീഠത്തിന്റെ ഇടക്കാലവിധിയെ പലരും വിലയിരുത്തുന്നതിന്റെ കാരണവുമിതാണ്. 

ഒ.കെ. ജോണി: പെഗാസസ് ചാരസോഫ്റ്റ്വേര്‍ വിഷയത്തെക്കുറിച്ചുള്ള വസ്തുതാപഠനത്തിനായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രൂപവത്കരിച്ച അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയില്‍ നമ്മുടെ രാജ്യത്തെ വന്‍പ്രചാരമുള്ള പ്രമുഖ കോര്‍പ്പറേറ്റ് മാധ്യമങ്ങളൊന്നുമില്ല. വേണമെങ്കില്‍, ഒരു സമാന്തര മാധ്യമമെന്ന് വിളിക്കാവുന്ന ദ വയര്‍ എന്ന ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടല്‍ മാത്രമാണ് അതിലുണ്ടായിരുന്നത്. കൗതുകകരമായൊരു സംഗതി, പെഗാസസിന്റെതന്നെ നിരീക്ഷണത്തിന് വിധേയരായ രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ദ വയറിന്റെ മേധാവികളെന്നതാണ്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തലിന്റെ ഫലമാണോ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്?

ശശികുമാര്‍: ഈ ചോദ്യത്തില്‍ത്തന്നെ അതിന്റെ ഉത്തരവുമുണ്ട്. അതേസമയം, കോര്‍പ്പറേറ്റ് പിന്തുണയോ സാമ്പത്തികസൗകര്യമോ ഒന്നുമില്ലെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ക്കില്ലാത്ത വിശ്വാസ്യതയും പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തനം എന്തിനുവേണ്ടിയായിരിക്കണമെന്ന ബോധ്യവും ഭരണകൂടത്തോട് ശരിയായ ചോദ്യങ്ങളുന്നയിക്കാന്‍ ധീരതയുമുള്ള അപൂര്‍വം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ദ വയറിന് പ്രമുഖസ്ഥാനമാണുള്ളത്. ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് നിലനില്‍പ്പിനുവേണ്ടി ബുദ്ധിമുട്ടുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുള്ള ഇത്തരം സമാന്തരമാധ്യമങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ മീഡിയയുടെ സല്‍പ്പേര് നിലനിര്‍ത്തുന്നതെന്നതും വാസ്തവമാണ്. ദ വയറിനെ പങ്കാളിയാക്കിയതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. ഇത് ജോണി സൂചിപ്പിച്ചതുപോലെ മുഖ്യധാരാ മാധ്യമങ്ങളുടെ മൂല്യശോഷണത്തിലേക്കുകൂടി വിരല്‍ ചൂണ്ടുന്നതുമാണ്. ഉദാഹരണത്തിന് ജൂലിയന്‍ അസാഞ്ജ് പുറത്തുകൊണ്ടുവന്ന കോളിളക്കമുണ്ടാക്കിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത് ഹിന്ദുവിനെയും ഇന്ത്യന്‍ എക്‌സ്പ്രസിനെയുംപോലുള്ള വന്‍കിട ദിനപത്രങ്ങളായിരുന്നു. പിന്നീട് എഡ്വേഡ് സ്നോഡന്റെ സ്‌കൂപ്പുകളും മുഖ്യധാരാ മാധ്യമങ്ങളില്‍ത്തന്നെയാണ് ഇടംപിടിച്ചത്. എന്നാലിപ്പോള്‍, ഇത്തരം വിഷയങ്ങളിലുള്ള കോടതിവിധികള്‍ക്കുപോലും പത്രങ്ങളില്‍ അപ്രധാനസ്ഥാനമേയുള്ളൂ. അടിയന്തരാവസ്ഥക്കാലത്ത് ഗോയങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ് എടുത്തതുപോലൊരു നിലപാട് ഇന്നേതെങ്കിലും വന്‍കിട മുഖ്യധാരാ മാധ്യമത്തില്‍നിന്ന് പ്രതീക്ഷിക്കാനാവുമോ? സംശയമാണ്. 

വാണിജ്യനേട്ടങ്ങള്‍ക്കായി ഭരണകക്ഷിയോടും സര്‍ക്കാരിനോടുമൊപ്പം നില്‍ക്കുന്ന കോര്‍പ്പറേറ്റുകളും അതേ നേട്ടത്തിനായി കോര്‍പ്പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കനുസൃതമായിമാത്രം പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളും തമ്മിലുള്ള പാരസ്പര്യം ഇന്ന് മുമ്പത്തേതിനെക്കാള്‍ സുതാര്യമായിക്കഴിഞ്ഞു. ഇതേ കോര്‍പ്പറേറ്റുകളുടെ അധീനതയിലായ ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദി-ഇംഗ്ലീഷ് മാധ്യമങ്ങളും തീര്‍ത്തും ജനവിരുദ്ധമായിക്കഴിഞ്ഞുവെന്ന് അവര്‍ക്കെന്നപോലെ ജനങ്ങള്‍ക്കുമറിയാം. മാധ്യമമേഖലയിലെ ന്യൂ നോര്‍മല്‍ അവസ്ഥയായി ഇത് പൊതുബോധത്തില്‍ ഇടംനേടുമോ എന്നുപോലും ഭയപ്പെടണം.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

 

Content Higlights: Sasikumar interview Pegasus Supreme Court Verdict