സാറാ ജോസഫ്: ഒറ്റയാള്‍ കളരിയില്‍ നിന്നും അനുഭവത്തിന്റെ അടവുകള്‍ കീഴടക്കിയ അഭ്യാസി!


By കെ. വി സുമംഗല

8 min read
Read later
Print
Share

സാറാ ജോസഫ് / ഫോട്ടോ: ജെ.ഫിലിപ്പ്

സാറാ ജോസഫിന്റെ എഴുത്തും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകമാണ് കെ.വി സുമംഗല എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍.' പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

തുവരെ ഉണ്ടായിരുന്ന ഉള്‍വലിയലുകളില്‍നിന്ന് പുറംലോകത്തേക്കുള്ള വാതില്‍ തുറക്കലായിരുന്നു സാറാ ജോസഫിന്റെ ജീവിതത്തില്‍ തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായതോടെ സംഭവിച്ചത്. ഗൃഹാന്തരീക്ഷത്തിന്റെ ഇടുക്കുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ സ്ഥലകാലത്തേക്കുള്ള പ്രവേശനം അനുവദിക്കപ്പെട്ടു. പഠനം എന്ന സാഹസം തുടര്‍ന്നുകൊണ്ടിരുന്നു. സഹായിക്കാനും പ്രചോദനം നല്കാനും സ്‌കൂളിലെ സഹ അദ്ധ്യാപകര്‍ ഉണ്ടായിരുന്നു. ലിംഗ്വിസ്റ്റിക്‌സ് സി.എല്‍. ആന്റണി മാഷിന്റെയും സംസ്‌കൃതവും ഭാഷയും കെ.പി. നാരായണ പിഷാരടി മാഷിന്റെയും മണ്ണത്ത് ലക്ഷ്മീനാരായണമേനോന്‍ മാഷിന്റെയും സഹായത്തോടെ ടീച്ചര്‍ പഠിച്ചെടുത്തു. ഒരു കൃതി പഠിക്കാന്‍ ആ എഴുത്തുകാരനെ പഠിക്കുന്ന രീതിയായിരുന്നു അന്ന് ടീച്ചര്‍ പിന്തുടര്‍ന്നത്. തകഴിയെപ്പറ്റി പഠിക്കാനുണ്ടായിരുന്നതിനാല്‍ തകഴിയുടെ എല്ലാ നോവലുകളും വായിച്ചു. വൈലോപ്പിള്ളിയെ പഠിക്കാന്‍ തുടങ്ങിയപ്പോഴാകട്ടെ, വൈലോപ്പിള്ളിയുടെ എല്ലാ കവിതകളും ഹൃദിസ്ഥമാക്കി. വ്യാകരണം ടീച്ചര്‍ക്ക് ഏറെ ഇഷ്ടമായിരുന്നതുകൊണ്ട് വൃത്തം, അലങ്കാരം എന്നിവയെല്ലാം ആവേശത്തോടെ പഠിച്ചു. കേരളപാണിനീയം ഹൃദിസ്ഥമാക്കി. അങ്ങനെ തിരൂര്‍ സ്‌കൂളിലെ സാറ ടീച്ചര്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. പിന്നീട് ബി.എയ്ക്കുള്ള ഭാഷാവിഷയമായ ഇംഗ്ലീഷ് പാസ്സാകാനായി തൃശ്ശൂരിലെ കമ്പൈന്‍ഡ് എന്ന ട്യൂട്ടോറിയയില്‍ പോയി പഠിച്ചു. ബി.എ. പാസ്സായി. എം.എ. എഴുതാനുള്ള ശ്രമമായി. അതിനിടയില്‍ എഴുതാന്‍ തുടങ്ങിയിരുന്നതുകൊണ്ട് എഴുത്തുകാരി എന്ന ബഹുമാനവും സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ചു. ഒരിക്കല്‍ ടീച്ചര്‍ എഴുതിയ കവിത ലക്ഷ്മീനാരായണമേനോന്‍ മാഷിന് വായിക്കാന്‍ കൊടുത്തപ്പോള്‍, ഇതാ നിങ്ങള്‍ക്കിടയില്‍ ഒരു കവയത്രി എന്ന മുഖവുരയോടെ അദ്ദേഹം അത് സ്റ്റാഫ് റൂമില്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വായിച്ചുകേള്‍പ്പിച്ചു. അമ്പരപ്പിച്ചുകളഞ്ഞ പിന്തുണയായിരുന്നു സഹപ്രവര്‍ത്തകരില്‍നിന്ന് സാറാ ജോസഫിനു കിട്ടിയത്.

ഒറ്റയ്ക്ക് എന്ന പിടച്ചില്‍ പിന്തുടര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതെ, അപ്പോഴൊക്കെ ടീച്ചര്‍ ഒറ്റയ്ക്കായിരുന്നു. അതിനിടയില്‍ മകനും ഉണ്ടായിക്കഴിഞ്ഞിരുന്നു. പൂമലയില്‍നിന്ന് തിരൂരിലുള്ള സ്‌കൂളിലെത്താനുള്ള നടത്തം, രണ്ടു കുട്ടികളെ നോക്കിവളര്‍ത്തല്‍, വീട്ടിലെ ജോലി, സ്‌കൂളിലെ ജോലി, അതിനൊക്കെ ശേഷമുള്ള പഠിപ്പും പരീക്ഷയെഴുത്തും. ശരിക്കും ടീച്ചര്‍ പൊരുതുകയായിരുന്നു. കുടുംബത്തിലെ അസംതൃപ്തി നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. എല്ലാവരും വീട്ടിലെ ജോലിചെയ്യുന്ന സമയത്ത് ഒരാള്‍ മാത്രം പഠിക്കുക എന്നത് അസ്വാരസ്യങ്ങളുണ്ടാക്കി. ഒരു ഘട്ടത്തില്‍ ജോസഫേട്ടന്‍വരെ 'മതി' എന്നു പറഞ്ഞു. എന്നാല്‍ ഒന്നും കാര്യമാക്കിയില്ല. ടീച്ചറുടെ ഇച്ഛാശക്തി എല്ലാറ്റിനും മേലെയായിരുന്നു. നല്ല ആരോഗ്യവും അന്നുണ്ടായിരുന്നു. അതുകൊണ്ട് വിട്ടുവീഴ്ചകളില്ലാതെ കഠിനമായി അധ്വാനിച്ചു. പിന്നെ ഇപ്പുറത്ത് ഒന്നുമില്ല എന്നതും ഒരു കാരണമായിരിക്കാം. ശൂന്യമാണ് ഇവിടെ, അതുകൊണ്ട് അങ്ങോട്ടു പോയേ തീരൂ എന്ന വസ്തുത ടീച്ചറുടെ തീരുമാനത്തിന് കൂടുതല്‍ ഉറപ്പു നല്കിക്കൊണ്ടിരുന്നു.

തിരൂര്‍ സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായമായിരുന്നതിനാല്‍ രാവിലെ എട്ടുമണിക്ക് ക്ലാസ്സ് തുടങ്ങും. അതിനു മുന്‍പേ സ്‌കൂളില്‍ എത്തണം. ബസ്സ് റൂട്ടില്ലാത്ത മണ്ണിട്ട റോഡിലൂടെ നടന്നുവേണം സ്‌കൂളിലെത്താന്‍. പൂമലയിലെ വീട്ടില്‍നിന്ന് തിരൂരെ സ്‌കൂളിലേക്ക് ദിനംപ്രതിയുള്ള ടീച്ചറുടെ നടത്തം വേനല്‍ക്കാലത്ത് ആസ്വാദ്യകരമായിരുന്നെങ്കിലും മഴക്കാലമായപ്പോള്‍ അത്ര സുഖകരമല്ലാതെയായി. തിരൂരിനു ചുറ്റും കുന്നുകളായിരുന്നു. മഴക്കാലത്ത് മൂന്നു വശത്തുമുള്ള കുന്നുകളില്‍നിന്ന് ഒലിച്ചെത്തുന്ന വെള്ളംകൊണ്ട് റോഡു നിറയും. അപ്പോള്‍ റോഡിലെ കുണ്ടും കുഴിയും ചെളിയും വെള്ളക്കെട്ടുകളും കാരണം മുക്കാല്‍ മണിക്കൂര്‍ വേണ്ട നടത്തം ഒന്നും ഒന്നേകാലും മണിക്കൂര്‍വരെ നീണ്ടുപോകും. ഈ ബുദ്ധിമുട്ടുകളെല്ലാം കണക്കിലെടുത്ത് തിരൂരില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് ടീച്ചറും കുടുംബവും തല്‍ക്കാലത്തേക്ക് താമസം മാറ്റി. ജോസഫേട്ടന്‍ പതിവുപോലെ രാവിലെ പാര്‍ട്ടിപ്രവര്‍ത്തനത്തിനിറങ്ങും. പൂമലയിലെ കൃഷിയും കാര്യങ്ങളും നോക്കാന്‍ അപ്പന്‍ രാവിലെ അങ്ങോട്ടു പോകും. ടീച്ചര്‍ സ്‌കൂളില്‍ പോയി തിരിച്ചെത്തുന്നതുവരെ രണ്ടു മക്കളെയും-ഗീതയെയും വിനയനെയും-സംരക്ഷിക്കുന്ന ജോലി അമ്മയാണ് ഏറ്റെടുത്തിരുന്നത്.

സ്‌കൂള്‍ജോലി കഴിഞ്ഞ് സാഹിത്യ അക്കാദമിയിലെ ലൈബ്രറിയിലെത്തി പുസ്തകമെടുക്കലും പഠിക്കലും മുറയ്ക്കു നടക്കുന്നുണ്ടായിരുന്നു. വരാന്തയിലെ ബെഞ്ചിലിരുന്ന് അക്കാദമി അടയ്ക്കുന്നതുവരെ വായിക്കും. ലൈബ്രേറിയന്‍ ഭാസ്‌കരമേനോന്‍ അഞ്ചുമണി ആയാല്‍, 'സമയമായല്ലോ കുട്ടീ' എന്ന് വന്നുപറയുമ്പോഴാണ് ടീച്ചര്‍ പുസ്തകങ്ങള്‍ മടക്കുക. ആവശ്യമുള്ള പുസ്തകങ്ങളെല്ലാം എടുത്തുതന്ന് നിര്‍ലോഭം ടീച്ചറെ സഹായിച്ചിരുന്നത് അക്കാദമിയിലെ സുകുമാരേട്ടനായിരുന്നു. അന്ന് കേരളവര്‍മ്മ കോളേജില്‍ എം.എയ്ക്ക് പഠിച്ചിരുന്ന ഹിരണ്യനും ഗീതയും വസന്തകുമാരിയും സൗദാമിനിയുമൊക്കെ സാഹിത്യ അക്കാദമിയില്‍ എത്തുമായിരുന്നു. അവരെല്ലാം പുസ്തകങ്ങളും നോട്ടുകളും കൈമാറി, പ്രൈവറ്റായി പഠിച്ചിരുന്ന കുട്ടിയെ സഹായിച്ചുകൊണ്ടിരുന്നു. അവരെല്ലാമായി നല്ല സൗഹൃദബന്ധവും അങ്ങനെ അവിടെവെച്ച് ഉണ്ടാക്കിയെടുക്കാന്‍ സാറാ ജോസഫിനു കഴിഞ്ഞു.
ഭര്‍ത്താവിന്റെ സഹോദരിയും കുടുംബവും ആ വീട്ടിലേക്ക് താമസിക്കാനെത്തിയപ്പോള്‍ തിരൂരില്‍, ജോലിചെയ്യുന്ന സ്‌കൂളിനടുത്തുള്ള ഒരു വാടകവീട്ടിലേക്ക് ടീച്ചര്‍ താമസം മാറ്റി. അവിടെവെച്ചാണ് എം.എ. ഒന്നാംവര്‍ഷ പരീക്ഷ എഴുതി ജയിക്കുന്നത്. രണ്ടാംവര്‍ഷ പരീക്ഷയ്ക്കു മുന്‍പ് മുളങ്കുന്നത്തുകാവിനടുത്തുള്ള കോഞ്ചേരിയില്‍ ഒരു ചെറിയ വീടും പറമ്പും സ്വന്തമായി വാങ്ങി അങ്ങോട്ടേക്കു താമസം മാറ്റി. ഇതെല്ലാം ടീച്ചര്‍ക്ക് ജോലിക്കു പോകാനുള്ള സൗകര്യത്തിനുവേണ്ടിയായിരുന്നു. അതിനിടയില്‍ മൂന്നാമതും ഗര്‍ഭിണിയായി. കോഞ്ചേരിയിലെ വീട്ടില്‍വെച്ചാണ് ഇളയ മകള്‍ സംഗീത ജനിക്കുന്നത്. പ്രൈവറ്റായി പഠിക്കുന്നവര്‍ക്ക് അന്ന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലായിരുന്നു പരീക്ഷാ കേന്ദ്രം.

പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുമ്പോഴാണ് ടീച്ചര്‍ എം.എ പരീക്ഷ എഴുതാന്‍ കേരളവര്‍മ്മ കോളേജിലേക്കു പോയത്. അക്കാലത്ത് അങ്ങനെ പരീക്ഷയെഴുതാനെത്തുന്നത് അപൂര്‍വ്വമായിരുന്നു. ഈ 'ചേച്ചി ഏത് പരീക്ഷയാണാവോ ആദ്യം കടക്കുക' എന്നു ചോദിച്ചുകൊണ്ടാണ് കോളേജിലെത്തിയപ്പോള്‍ ആണ്‍കുട്ടികള്‍ വരവേറ്റത്. അവരുടെ കമന്റുകള്‍ രസകരമായിരുന്നുവെങ്കിലും എന്തൊക്കെ മറികടന്നിട്ടാണ് അങ്ങനെയവിടെ എത്തിയതെന്നത് ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറത്തായിരുന്നു. അങ്ങനെ പൂമലയിലെ സ്‌കൂളില്‍ ജോലിചെയ്ത പത്തു വര്‍ഷത്തിനിടയില്‍ സാറാ ജോസഫ് എം.എ. ബിരുദം നേടി, മൂന്നു മക്കളുടെ അമ്മയുമായി.

എം.എയ്ക്ക് മലയാളം ഐച്ഛികവിഷയമായി എടുത്തതിനാല്‍ സാഹിത്യ വായന വളരെ ഗൗരവതരമാക്കിയിരുന്നു. ഒരു കൃതിയെ എങ്ങനെ കാണണം, വിലയിരുത്തണം എന്നതിന്റെയൊക്കെ നൂതന വഴികളാണ് സാഹിത്യപഠനം സാറാ ജോസഫിന് തുറന്നുകൊടുത്തത്. അത് വായനയെ കാര്യമായി സ്വാധീനിച്ചു. ക്ലാസിക്കല്‍ കൃതികള്‍ കാണാപ്പാഠമാക്കുന്നത് ഹോബിയായി മാറി. എം.എ. വൈവ പരീക്ഷയുടെ സമയത്ത് ശാകുന്തളത്തിലെ ഒരു ശ്ലോകം കാണാപ്പാഠം ചൊല്ലാന്‍ പ്രൊഫ. എസ്. കെ. നായര്‍ പറഞ്ഞപ്പോള്‍ ഒരു തടസ്സവുമില്ലാതെയാണ് ടീച്ചര്‍
പാതും ന പ്രഥമം വ്യവസ്യതി ജലം
യുഷ്മാസ്വപീതേഷു യാ...
ന ആദത്തേ പ്രിയമണ്ഡനാപി
ഭവതാം സ്‌നേഹേന യാ പല്ലവം...
എന്ന ശ്ലോകം ചൊല്ലിയത്. ശാകുന്തളത്തിലെ എത്ര ശ്ലോകം വേണമെങ്കിലും അന്ന് ടീച്ചര്‍ക്ക് ചൊല്ലാനറിയാമായിരുന്നു. വൈവയ്ക്കുണ്ടായിരുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികളോട് ഇതാവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കാര്‍ക്കും ചൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഒരു പ്രൈവറ്റ് വിദ്യാര്‍ത്ഥി അതു ചൊല്ലിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ് എസ്.കെ. നായര്‍ സാര്‍ അന്ന് ടീച്ചറെ ഹൃദ്യമായി അഭിനന്ദിച്ചു.

സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപരായ ജനയുഗത്തില്‍ ടീച്ചറുടെ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ത്തിക എന്ന തൂലികാനാമത്തിലാണ് അതെഴുതിയത്. അന്ന് ഉറൂബിന്റെയും വിലാസിനിയുടെയുമൊക്കെ പേരു കേട്ട് തൂലികാനാമത്തോട് ഹരമായിരുന്നു. തൂലികാനാമം വേണ്ട എന്ന് കാമ്പിശ്ശേരി പിന്നീട് പറഞ്ഞു. ഒരു പട്ടാളക്കാരന്റെ കഥയായിരുന്നു അന്നെഴുതിയത്. അവിഹിതമായി ഒരു പെണ്ണിനെ ചതിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പട്ടാളത്തിലേക്കു പോയ പട്ടാളക്കാരന്‍ തിരിച്ചുവന്ന് ചതിച്ച പെണ്ണിന്റെ അനിയത്തിയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നതിന്റെ അനീതിയായിരുന്നു കഥയുടെ ബീജം. കാമുകിയിലുണ്ടായ കണ്ണനെന്ന മകന്‍ പിഴച്ച പെണ്ണിന്റെ മകനായി അയാള്‍ക്കു മുന്നില്‍ വളരുന്നുണ്ടായിരുന്നു. അവന്റെ അമ്മ കറുത്തവളായിരുന്നു. എന്നാല്‍ കല്യാണം കഴിച്ചവള്‍ വെളുത്തവളും. അത് അന്ന് ടീച്ചറുടെ നാട്ടില്‍ സംഭവിച്ച ഒരു കഥയായിരുന്നു. അതിലെ അധാര്‍മ്മികതയെ ചോദ്യംചെയ്യുന്ന രീതിയിലായിരുന്നു ആ കഥ എഴുതിയത്. പിന്നീട് മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം മാസികയില്‍ കവിത എഴുതിത്തുടങ്ങി. അക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിലും ടീച്ചറുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യകാരിയെന്ന രീതിയില്‍ സാറാ ജോസഫിനെ പുറംലോകം അറിയുന്നത് കവിതയിലൂടെയാണ്. സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്ത് ചില കവിസമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. അപ്പോഴും എഴുത്തിന്റെ ലോകം ടീച്ചര്‍ കുടുംബത്തിലേക്കു കൊണ്ടുവന്നിരുന്നില്ല. കാരണം, എഴുതുക എന്നത് അത്ര നല്ല കാര്യമായി കുടുംബത്തിലുള്ളവര്‍ കണ്ടിരുന്നില്ല. ആയിടെ സമസ്തകേരള സാഹിത്യ പരിഷത്ത് നടത്തിയ സാഹിത്യ മത്സരത്തില്‍ സാറാ ജോസഫിന്റെ 'പഥികന്റെ ഗീതം' എന്ന കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ആ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെ (1974 ജനുവരി-6) ഒരു കവി എന്ന നിലയില്‍ ടീച്ചര്‍ പ്രശസ്തയാകാന്‍ തുടങ്ങി. സി.വി. ശ്രീരാമന്റെ 'വാസ്തുഹാര' എന്ന കഥയും മാധവിക്കുട്ടിയുടെ 'ധവളപുഷ്പങ്ങള്‍' എന്ന കവിതയും അച്ചടിച്ചുവന്ന മാതൃഭൂമിയുടെ ലക്കമായിരുന്നു അത്.

1974 ഫെബ്രുവരി ഇരുപതു മുതല്‍ ഇരുപത്തിനാല് വരെ കാസര്‍കോട് ഉബൈദ് നഗറിലുള്ള ഗവണ്മെന്റ് മുസ്ലിം സ്‌കൂളില്‍ നടന്ന മുപ്പത്തിനാലാമത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തില്‍ വെച്ചായിരുന്നു മത്സരത്തിന്റെ സമ്മാനദാനം. പുരസ്‌കാരം നേരിട്ട് വാങ്ങാന്‍ പോകണമെന്ന് ടീച്ചര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടില്‍നിന്ന് വിടില്ല എന്നത് ഉറപ്പായിരുന്നു. വീട്ടുകാര്‍ ആരും സമ്മതിച്ചില്ല. ടീച്ചറുടെ എഴുത്തിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ലെങ്കിലും ജോസഫേട്ടന്‍ പക്ഷേ, വേണ്ടെന്ന് പറഞ്ഞില്ല. ഭാര്യ എല്ലാവരുടെയും മുന്നിലെത്തുന്നതിലും എല്ലാവരാലും ആദരിക്കപ്പെടുന്നതിലും അദ്ദേഹം സ്വകാര്യമായി അഭിമാനിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം ടീച്ചറെ കാസര്‍കോട് കൊണ്ടുപോയി. സമുന്നതമായ സാഹിത്യസദസ്സില്‍വെച്ച് പുരസ്‌കാരം വാങ്ങാനായത് വലിയ കാര്യംതന്നെയായിരുന്നു. അന്ന് സമസ്തകേരള സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ സാറാ ജോസഫ് 'പഥികന്റെ ഗീതം' എന്ന കവിത ചൊല്ലി. ജീവിതത്തില്‍ ആദ്യമായി ട്രെയിനില്‍ കയറിയതും വീടിനടുത്ത് തിരുവില്വാമലയിലുള്ള വി.കെ.എന്നിനെ നേരില്‍ കണ്ടതും അന്നായിരുന്നു. പ്രശസ്തിയും പദവിയുമൊക്കെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ടീച്ചര്‍ വിജയങ്ങള്‍ നേടുന്നതില്‍ അദ്ദേഹം അഭിമാനിച്ചു.

എം.എ. പാസ്സായ വര്‍ഷം തന്നെ പി.എസ്സ്.സി. ഗവണ്മെന്റ് കോളേജ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അതിനാല്‍ ടീച്ചര്‍ക്ക് പി.എസ്സ്.സി പരീക്ഷ എഴുതാനായി. അന്ന് തൃശ്ശൂരില്‍ ചെമ്പുക്കാവ് മ്യൂസിയം റോഡിലായിരുന്നു പി.എസ്സ്.സി. ഓഫീസ്. പ്രൈവറ്റായി പരീക്ഷ എഴുതിയവര്‍ക്ക് പി.എസ്സ്.സി. പരീക്ഷയില്‍ പരിഗണന കുറവായിരിക്കും എന്നൊരു ധാരണയോടെയാണ് ടീച്ചര്‍ അവിടേക്ക് റിസല്‍റ്റ് നോക്കാന്‍ പോയത്. അതുകൊണ്ട് പേര് പിന്നിലാവും എന്ന ഉറപ്പോടെ ലിസ്റ്റില്‍ പിന്നില്‍ നിന്ന് ടീച്ചര്‍ തിരച്ചില്‍ തുടങ്ങി. പേരൊന്നും എവിടെയും കാണാതെയായപ്പോള്‍ നിരാശയോടെ പേരില്ലെന്ന് പറഞ്ഞ് ലിസ്റ്റ് ക്ലര്‍ക്കിന് തിരിച്ചുകൊടുത്തു. ലിസ്റ്റ് തിരിച്ച് വാങ്ങുമ്പോള്‍ ക്ലര്‍ക്ക് കുട്ടിയുടെ നമ്പര്‍ എത്രയാണെന്ന് ചോദിച്ചു. നമ്പര്‍ പറഞ്ഞപ്പോള്‍ അയാള്‍ മുകളില്‍നിന്ന് നോക്കാന്‍ തുടങ്ങി. മൂന്നാം റാങ്കായി ആ ലിസ്റ്റില്‍ ടീച്ചറുടെ പേരുണ്ടായിരുന്നു.

കോളേജില്‍ ജൂനിയര്‍ ലക്ചറര്‍ തസ്തികയില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കയ്യില്‍ കിട്ടിയപ്പോള്‍ സാറാ ജോസഫ് ആ ഉത്തരവും കയ്യില്‍പ്പിടിച്ച് ഏറെ നേരമിരുന്ന് കരഞ്ഞു. പട്ടാമ്പി ശ്രീ നീലകണ്ഠശര്‍മ്മ ഗവണ്മെന്റ് സംസ്‌കൃത കോളജിലായിരുന്നു ആ നിയമനം. അതിനിടയില്‍ ടീച്ചറുടെ അപ്പന്‍ മരണപ്പെട്ടിരുന്നു. ടീച്ചര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്ത് അമ്പത്തിയാറു വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അപ്പന്റെ മരണം. അപ്പന്‍ ഇല്ലാത്തതിന്റെ വലിയ വേദന ടീച്ചറെ പലപ്പോഴും അലട്ടിയിരുന്നു. ആ സമയത്ത് അപ്പന്‍ ഇല്ലാത്തത് മഹാശൂന്യതയായിത്തന്നെ ടീച്ചര്‍ക്കനുഭവപ്പെട്ടു. പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ ട്രാന്‍സ്ഫറുകള്‍ ഉണ്ടാകും, ദൂരേ പോകേണ്ടിവരും എന്നൊക്കെയുള്ള ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. ഉയരങ്ങളിലെത്തുന്നത് എന്നും ഇഷ്ടപ്പെട്ടിരുന്ന ജോസഫേട്ടന്‍ എല്ലാ പിന്തുണയും തന്നു. അങ്ങനെ പട്ടാമ്പി കോളേജിലെ മലയാളം വിഭാഗത്തില്‍ സാറാ പി.എല്‍. ജൂനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു.

മൂന്നു കുട്ടികള്‍, എപ്പോഴും സാമൂഹ്യപ്രവര്‍ത്തനത്തിനായി നാടുനീളേ നടക്കുന്ന ഭര്‍ത്താവ്, ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ കൂട്ടുകുടുംബം, ജോലി. ഇതൊക്കെ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാനും കടമകള്‍ യഥാവിധി ചെയ്തുതീര്‍ക്കാനും ശ്രദ്ധിച്ചുകൊണ്ടായിരുന്നു ടീച്ചര്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതെളുപ്പമായിരുന്നില്ല. മൂത്ത മകള്‍ ഗീതയ്ക്കു മാത്രമായിരുന്നു അല്പം ശാന്തപ്രകൃതി ഉണ്ടായിരുന്നത്. മറ്റു രണ്ടു പേരും-വിനയനും സംഗീതയും-കുറുമ്പില്‍ ആര്‍ ആരെ മറികടക്കും എന്ന വാശിയുള്ളവരായിരുന്നു. ഏതോ സാങ്കല്പികലോകത്തു ജീവിച്ചിരുന്ന കുട്ടികള്‍. അവരുടെ കളികളും വ്യത്യസ്തങ്ങളായിരുന്നു. പറമ്പില്‍ ഒഴിഞ്ഞ ഒരിടത്ത് തപസ്സിരിക്കാനാണെന്നു പറഞ്ഞ് മകന്‍ പുറപ്പെടുമ്പോള്‍ ഇളയ മകളും ഒപ്പം ചെല്ലും. കൃത്രിമത്താടിയൊക്കെ കെട്ടിവെച്ച് കമണ്ഡലുവെന്ന് പറഞ്ഞ് കയ്യില്‍ ഒരു വടി കുത്തി ഏതെങ്കിലും മരച്ചുവട്ടില്‍ അവന്‍ കണ്ണുകളടച്ച് ഇരിക്കുമ്പോള്‍ കണ്ണു തുറക്കുന്നതും കാത്ത് അടുത്തുതന്നെ അവള്‍ ഇരിക്കും. തന്നെ പുറ്റു വന്ന് മൂടുവോളം അതു തുടരും എന്ന് വാശിപിടിച്ച് തപസ്സിരിക്കുന്നവന്റെ മുന്നില്‍ കാത്തിരുന്ന് ക്ഷമ കെടുന്നവള്‍ പ്രകോപിതയാകും. തപസ്സു മുടക്കിയതിലുള്ള വഴക്കും വക്കാണവും തമ്മിലടിയിലെത്തും. വളര്‍ന്നപ്പോള്‍ സ്വപ്നാടനത്തില്‍ ചേട്ടനെ കവച്ചുവെച്ചത് അനിയത്തിയാണ്. സാങ്കല്പികലോകത്തിലൂടെയുള്ള സഞ്ചാരം സര്‍ഗ്ഗാത്മകതയുടെ താളത്തിലെത്തുന്നതിന് പിന്നീട് അധികം സമയം വേണ്ടിവന്നില്ല. എഴുത്തില്‍ ഇളയ മകള്‍ അവളുടെ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. കലകള്‍ ആസ്വദിക്കുന്നതില്‍ രണ്ടുപേര്‍ക്കും ഒരേ തരത്തിലുള്ള ആഭിമുഖ്യമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് മകന്‍ കൊണ്ടുവരാത്ത പാട്ടിന്റെ കാസറ്റുകളില്ല. മൂത്ത മകളും അതെല്ലാം ആസ്വദിക്കുമെങ്കിലും ഇളയവര്‍ക്ക് അതെല്ലാം ഭ്രാന്തുതന്നെയായിരുന്നു. സംഗീതത്തിന്റെ പുതുവഴികള്‍ തേടാനും ആസ്വദിക്കാനും അവര്‍ വലിയ ഉത്സാഹികളായിരുന്നു. 'ബോണി എം' പോലുള്ള പാശ്ചാത്യഗാനങ്ങളുടെ വരവറിയിച്ച കാലത്ത് പാശ്ചാത്യസംഗീതത്തിന്റെ തികഞ്ഞ ആസ്വാദകരും ആരാധകരും ആയിത്തീര്‍ന്നു അവര്‍. അത്തരം സംഗീതത്തോടും പുതുസിനിമകളോടുമുള്ള താല്പര്യങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ പുതിയ സംവാദങ്ങളും തര്‍ക്കങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

കുട്ടികള്‍ സന്തോഷത്തോടെ ഇരിക്കണം എന്ന് നിര്‍ബ്ബന്ധമുള്ള അമ്മയായിരുന്നു സാറാ ജോസഫ്. അതുകൊണ്ട് അവരുടെ പഠനം, സ്വാതന്ത്ര്യം, ഇച്ഛകള്‍, അഭിരുചികള്‍ എന്നിവയ്‌ക്കെല്ലാം വളരെ പ്രാമുഖ്യം നല്കാന്‍ ശ്രദ്ധിച്ചിരുന്നു. അവരുടെ വളര്‍ച്ച, സ്‌കൂള്‍കാലം, കോളേജുപഠനം- എല്ലാറ്റിനുംവേണ്ടി പലപ്പോഴും അച്ഛനുമമ്മയും ആയി താങ്ങേണ്ടി വന്നു. അവരുടെ നല്ല ഭാവിയായിരുന്നു അന്നൊക്കെ ഏക ലക്ഷ്യം. വേറെ ഒന്നുമുണ്ടായിരുന്നില്ല ടീച്ചര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍. അവര്‍ ആഗ്രഹിക്കുന്നയത്ര പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഒരുപാടൊന്നും ഉന്നതമേഖലകളിലേക്ക് അവരാരും പഠനത്തെ വളര്‍ത്തിയില്ല എന്നതില്‍ ടീച്ചര്‍ക്ക് ഖേദമുണ്ട്. മൂത്ത മകള്‍ ഗീത കെമിസ്ട്രി ഐച്ഛിക വിഷയമായെടുത്ത് പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും എം. എഡും ചെയ്തു. പരീക്ഷണശാലകളിലെ രാസവസ്തുക്കളുടെ അലര്‍ജി കാരണം ഗവേഷണത്തിലേക്ക് തിരിയാനായില്ല. ഇളയ മകള്‍ സംഗീത ഇംഗ്ലീഷ് സാഹിത്യത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡുമെടുത്തു. അവള്‍ക്ക് അതുതന്നെ ധാരാളം എന്ന മട്ടായിരുന്നു. രണ്ടുപേരും ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ അദ്ധ്യാപകജോലികളില്‍ സംതൃപ്തരായെന്ന് പറയാം. വീടും നാടും വിട്ട് അകലേക്ക് പഠനത്തിനായാലോ ജോലിക്കായാലോ
പോകാന്‍ രണ്ടുപേരും താല്പര്യപ്പെട്ടില്ല. മകന് താല്പര്യം തിയേറ്ററിനോടായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ എന്താണവന്റെ ഇഷ്ടം, അത് നടക്കട്ടെ എന്നായിരുന്നു അന്ന് ടീച്ചറുടെ പക്ഷം. ആ തീരുമാനത്തില്‍ ടീച്ചര്‍ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ മകന് സ്വന്തം മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. പോണ്ടിച്ചേരിയില്‍ 'ആദിശക്തി ലബോറട്ടറി ഫോര്‍ തിയേറ്റര്‍ ആര്‍ട്ട് റിസര്‍ച്ചി'ന്റെ ഡയറക്ടറാണ് നടനും സംവിധായകനുമായ വിനയകുമാര്‍.

കുട്ടികളുടെ താല്പര്യങ്ങള്‍ക്ക് ഹാനി വരാതിരിക്കാന്‍ അവരുടെ വ്യക്തിപരതയില്‍ കൂടുതല്‍ ഇടപെടുന്ന രീതി സാറാ ജോസഫിന് ഉണ്ടായിരുന്നില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ കൂടെ നില്ക്കാന്‍ പരമാവധി ശ്രമിച്ചു. അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ഒരിക്കലും നിര്‍ബന്ധിച്ച് അവരെക്കൊണ്ട് ചെയ്യിച്ചില്ല. അവര്‍ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്ന ഘട്ടങ്ങളിലും ആ സ്വാതന്ത്ര്യം ടീച്ചര്‍ അനുവദിച്ചു. അറേഞ്ച്ഡ് മാരേജിന്റെ ചിട്ടവട്ടങ്ങളും നിര്‍ബ്ബന്ധിതമായ സഹജീവിതവും മക്കളില്‍ അടിച്ചേല്പിക്കരുതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്ന ഒരാളായിരുന്നു അവരുടെ അമ്മ. അവരുടെ പങ്കാളികളെ സ്വയം തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ സന്തോഷത്തില്‍ ജീവിക്കുമെന്ന് പ്രതീക്ഷിച്ചു. അതിനുമപ്പുറം ഓരോരുത്തരുടെയും ജീവിതം വിജയിപ്പിക്കുന്നതില്‍ അവരവരുടെ പങ്ക് പ്രധാനമാണെന്ന വിശ്വാസമാണ് സാറാ ജോസഫിനുള്ളത്.

Content Highlights: Sarah Joseph, K.V Sumangala, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debashis

9 min

'എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്'

Jun 5, 2023


Ramayanam

4 min

'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം

Jun 5, 2023


gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Apr 26, 2023

Most Commented