ഒരിക്കലും മറക്കാത്ത പൂതേടല്‍ യാത്രയും വിജനതയിലെ അലഞ്ഞുനടക്കലും; ബാല്യലോകംതീര്‍ത്ത ഉള്‍പ്രപഞ്ചം!


5 min read
Read later
Print
Share

" ഒറ്റപ്പെട്ട ഒരു കള്ളുകുടിയന്‍ വീടണയുമ്പോഴുള്ള നീട്ടിപ്പാടലോ, ഒരു നായയുടെ ഓരിയിടലോ ഒരു കാലന്‍കോഴിയുടെ നിലവിളിയോ ആകാമത്. കുറച്ചു കഴിയുമ്പോള്‍ അതും നിലയ്ക്കും. രാത്രി ആരും ഇറങ്ങിനടക്കില്ല. വിജനതയും ഇരുട്ടും മാത്രം. കൂരാക്കൂരിരുട്ട്. രാത്രിജീവിതം ആസ്വദിക്കുന്ന പുതിയ തലമുറ അറിയാനിടയില്ലാത്ത പ്രകൃതിയുടെ നിറവ്. ഇരുട്ടിന്റെ ഈ കനത്ത നിശ്ശബ്ദതയിലേക്കാണ് നിലാവുദിക്കുക. സ്വപ്നമയമായ വെള്ളിവെളിച്ചം പടരുന്നതായിരുന്നു രാത്രികള്‍".

സാറാ ജോസഫ് | ഫോട്ടോ: മനീഷ് ചേമഞ്ചേരി

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ ജീവിതം അടയാളപ്പെടുത്തുന്ന, കെ.വി. സുമംഗലയുടെ 'സാറാജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളില്‍' എന്ന പുസ്തകത്തില്‍നിന്നുള്ള 'വേവുകള്‍' എന്ന ഭാഗം വായിക്കാം...

ബാല്യലോകത്തിലൂടെ ഊര്‍ന്നിറങ്ങിയ വായുവും വെള്ളവും മണല്‍ത്തരികളും സാറാ ജോസഫിന് തീര്‍ത്തുകൊടുത്തത് അവാച്യമായ ഉള്‍പ്രപഞ്ചമായിരുന്നു. അന്ന് കണ്ടതൊക്കെയും അനുഭവിച്ചതൊക്കെയും ഓരോരോ അടരുകളായി പേറിയെടുത്തതിന്റെ രൂപാന്തരങ്ങള്‍ അന്വേഷിക്കലായിരുന്നു പിന്നീടുള്ള സര്‍ഗ്ഗജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്.

കാറ്റ് പായുന്ന വയല്‍ക്കരയും വരമ്പുകള്‍ മുറിച്ചിട്ട പച്ചപ്പും അലഞ്ഞൊഴുകുന്ന കൈത്തോടുകളും കുട്ടിക്കാലത്തിന്റെ വിസ്മയങ്ങളായിരുന്നു. എത്തിനോക്കിയാല്‍ കൂടെപ്പോരുന്ന കിണര്‍വെള്ളത്തിന്റെ അലകളോട് സാറയ്ക്കുള്ള ആകര്‍ഷണം മാസ്മരികമായിരുന്നു. രാവിലെ ശാന്തമായി കിടക്കുന്ന കിണര്‍വെള്ളം ഉച്ചയ്ക്ക് സൂര്യനെ കൈക്കലാക്കി ആര്‍ത്തു ചിരിക്കുന്നതും രാത്രി നിലാവില്‍ വെള്ളിരേഖകള്‍ വരച്ചിട്ട് മന്ദഹസിക്കുന്നതും മനസ്സിന്റെ യാത്രകള്‍ക്കൊപ്പം ചേര്‍ന്ന് പോന്നു. പടിഞ്ഞാറേ അറ്റത്തുള്ള കണ്ണന്‍കുളങ്ങര പാടത്തിന്റെ വിശാലതയും തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കുണുങ്ങിച്ചിരിയും സ്വപ്നസഞ്ചാരങ്ങളില്‍ കൂട്ടിനെത്തി. തോട്ടിന്‍കരയിലെ അധികം പൊക്കമില്ലാത്ത പുല്‍ച്ചെടികളും അതില്‍ വിരിഞ്ഞുനില്ക്കുന്ന കുഞ്ഞുപൂക്കളും സൗന്ദര്യത്തിന്റെ അപാരതലങ്ങള്‍ വിരിയിച്ചു.

ഭൂമിയമ്മയെ പൊതിഞ്ഞിരുന്ന പൊടിമണ്ണിനും കളിമണ്ണിനും ചുവന്ന മണ്ണിനും ചരല്‍മണ്ണിനും ചെളിമണ്ണിനുമൊക്കെ ഉണ്ടായിരുന്ന വെവ്വേറെയുള്ള ചമയങ്ങള്‍ കുഞ്ഞുകണ്ണുകളില്‍ കൗതുകങ്ങള്‍ പടര്‍ത്തി. നനഞ്ഞ മണ്ണില്‍ കാലമര്‍ത്തുന്നത് മണ്ണിന്റെ ശ്വാസനിശ്വാസങ്ങള്‍ കേട്ടുകൊണ്ടായിരുന്നു. മുളങ്കാടുകള്‍ കാറ്റിലാടുമ്പോള്‍ ഏതോ വാദ്യോപകരണത്തിന്റെ സംഗീതം ഉതിര്‍ന്നുവീണു. ഇല്ലി ഇലകള്‍ വാരിയെടുക്കുമ്പോള്‍ ലഭിച്ചത് അനുപമമായ പതുപതുപ്പിന്റെ ആസ്വാദ്യതയായിരുന്നു. അവ വിരിഞ്ഞുകിടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കിടന്നുരുളുന്നത് ഹരംപിടിപ്പിച്ചു. പ്രകൃതിയുടെ തനിമയാര്‍ന്ന നിറങ്ങളും ഗന്ധങ്ങളും അനുഭൂതികളുമെല്ലാം ആവേശിച്ചു തീര്‍ത്തതായിരുന്നു ആ ബാല്യജീവിതം.

സാറാ ജോസഫ് | ഫോട്ടോ: മനീഷ് ചേമഞ്ചേരി

കുട്ടിക്കാലത്തെ കുളിയും ബഹുരസമായിരുന്നു. കിണറ്റിന്‍കരയില്‍ ചെന്ന് രണ്ടു ബക്കറ്റ് വെള്ളം കോരി മേലൊഴിക്കും. തിമിര്‍ത്തുമറിഞ്ഞ കളിക്കു ശേഷമുള്ള കുളിയാണ്. തോര്‍ത്തുന്ന പതിവൊന്നുമില്ല. വെള്ളമൊക്കെ താനേ വറ്റും. തണുത്ത കിണര്‍വെള്ളവും ചരല്‍ പാകിയ ഇടവഴികളും മഴയില്‍ തളിര്‍ക്കുന്ന നാട്ടിടങ്ങളുമായി പ്രകൃതി നല്കുന്ന ഉര്‍വ്വരതകളിലും ഉണര്‍വ്വുകളിലും വിടര്‍ന്നുനിന്നിരുന്ന ബാല്യമായിരുന്നു അത്. ഇരുട്ടും നിലാവും ഇളം കാറ്റും മഴയും ചൂടുമൊക്കെ അതിന്റെ സമൃദ്ധിയില്‍ കൂടിക്കലര്‍ന്ന ജീവിതനാളുകള്‍. പുതിയ കാലത്തിന് അജ്ഞാതമാണ് അന്നത്തെ ഇരുട്ടും നിലാവും വിജനതയുമെല്ലാം. അണയാത്ത വിളക്കുകളും ഒഴിയാത്ത ആരവങ്ങളുമുള്ള രാത്രികള്‍ക്ക് അന്യമായ പ്രകൃതിയുടെ സ്വാഭാവികമായ കനിവുകളായിരുന്നു അവയെല്ലാം. പ്രകൃതിയില്‍ വെള്ളത്തോളം പിന്നെയിഷ്ടമുള്ളത് നിലാവിനോടായിരുന്നു. ഇരുട്ടില്‍ മിഴിയുന്ന നിലാവായിരുന്നു അന്നുണ്ടായിരുന്നത്. രാത്രി എട്ടു മണിയാകുമ്പോഴേക്കും ആകെ ഇരുട്ടാകും. അപ്പോഴേക്കും എല്ലാവരും വീടും കൂടും അണഞ്ഞിട്ടുണ്ടാകും. വഴിവിളക്കുകളില്ല. നഗരപ്രാന്തങ്ങളിലെ പാതകളില്‍ മാത്രം കാലിന്മേല്‍ ചില്ലുപെട്ടിക്കുള്ളില്‍ കത്തിച്ചുവെക്കുന്ന വിളക്കുകളുണ്ടായിരുന്നു.

എല്ലാ ദിവസവും ഒരാള്‍ വന്ന് വിളക്കു കത്തിക്കും. എണ്ണ തീരുംവരെ അതിന്റെ വെളിച്ചം നില്ക്കും. എണ്ണ കഴിഞ്ഞാല്‍ തനിയേ കെടും. അപ്പോഴേക്കും എല്ലാവരും അത്താഴം കഴിച്ച് കിടന്നിരിക്കും. പിന്നെയുണ്ടാകുന്നതെല്ലാം അപശബ്ദങ്ങളാണ്. ഒറ്റപ്പെട്ട ഒരു കള്ളുകുടിയന്‍ വീടണയുമ്പോഴുള്ള നീട്ടിപ്പാടലോ, ഒരു നായയുടെ ഓരിയിടലോ ഒരു കാലന്‍കോഴിയുടെ നിലവിളിയോ ആകാമത്. കുറച്ചു കഴിയുമ്പോള്‍ അതും നിലയ്ക്കും. രാത്രി ആരും ഇറങ്ങിനടക്കില്ല. വിജനതയും ഇരുട്ടും മാത്രം. കൂരാക്കൂരിരുട്ട്. രാത്രിജീവിതം ആസ്വദിക്കുന്ന പുതിയ തലമുറ അറിയാനിടയില്ലാത്ത പ്രകൃതിയുടെ നിറവ്. ഇരുട്ടിന്റെ ഈ കനത്ത നിശ്ശബ്ദതയിലേക്കാണ് നിലാവുദിക്കുക. സ്വപ്നമയമായ വെള്ളിവെളിച്ചം പടരുന്നതായിരുന്നു രാത്രികള്‍. പാളിനോക്കുന്ന നിലാവില്‍ ഇലപ്പടര്‍പ്പുകള്‍ നൃത്തമാടുന്നത് എത്ര കണ്ടാലും മതിയായിരുന്നില്ല. ഇരുട്ടില്‍ തിളങ്ങുന്ന ഒരു പൂച്ചയുടെ കണ്ണിനോ പറന്നുവന്ന് സൗഖ്യമന്വേഷിക്കുന്ന മിന്നാമിനുങ്ങിനോ തിളക്കത്തിന്റെ തീവ്രതയെന്നത് ഒളിക്കാനാവുമായിരുന്നില്ല. ബാല്യം സാറാ ജോസഫ് എന്ന കലാകാരിക്ക് ഇട്ടുകൊടുത്ത തീക്ഷ്ണസ്ഫുലിംഗങ്ങളായിരുന്നു ഇവയെല്ലാം. അങ്ങനെ അപര്യാപ്തതകള്‍ക്കിടയിലും ചൈതന്യവത്തായിരുന്ന കുട്ടിക്കാലമായിരുന്നു അത്.

പുസ്തകത്തിന്റെ കവര്‍

ഇരുട്ട് ഒരു പ്രധാന കഥാപാത്രമായിരുന്നു സാറയുടെ കുട്ടിക്കാലത്ത്. ഇരുട്ടുള്ളതുകൊണ്ട് നിറനിലാവുണ്ട്. പേടിയുണ്ട്. ഭൂതപ്രേതാദികളുണ്ട്. ഒടിയനുണ്ട്. ചാത്തന്‍സേവയുണ്ട്. പറ്റിക്കലുകളുണ്ട്. ചാത്തന്‍സേവ ചെയ്യാന്‍ പാടില്ല എന്ന വിശ്വാസമാണ് അന്ന് ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. രണ്ടീശന്മാര്‍ക്ക് വേല ചെയ്യരുത് എന്ന് മുതിര്‍ന്നവര്‍ ന്യായം പറയുമായിരുന്നു. ഒന്നുകില്‍ കര്‍ത്താവ്, അല്ലെങ്കില്‍ ചാത്തന്‍. എന്നാലും ഇരുസേവകളുമുണ്ട്. ചാത്തന്‍സേവയ്ക്കു പോയാല്‍ ചാത്തനു കൊടുക്കാനുള്ള പണം കണക്കുതീര്‍ത്ത് കൊടുത്തില്ലെങ്കില്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ജീവന്‍ പോകില്ലെന്നാണ് വിശ്വാസം. രോഗി കിടന്ന് നരകിക്കും. അന്നൊക്കെ വയസ്സായ ആളുകള്‍ മരിക്കാന്‍ കിടക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെങ്കില്‍ ചാത്തനുള്ള പണം കൊടുക്കാത്തതുകൊണ്ടാണെന്ന കുശുകുശിപ്പുകള്‍ സാറ കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ചാത്തന്റെയും ഒടിയന്റെയുമെല്ലാം നിരവധി കഥകള്‍ വീട്ടിലെ മുതിര്‍ന്നവര്‍ പറയുമായിരുന്നു.

മൂന്നു പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ സാറാ ജോസഫിന്റെ അമ്മയ്ക്ക് വേവലാതികള്‍ ഏറെയുണ്ടായിരുന്നു. അന്നത്തെ ചിന്താഗതിയനുസരിച്ച് പെണ്‍മക്കള്‍ വളര്‍ന്നുവലുതായാല്‍ ചീത്തപ്പേരുണ്ടാക്കുമെന്ന പേടിയായിരുന്നു എല്ലാ അമ്മമാര്‍ക്കും. എത്രയുംവേഗം കല്യാണം കഴിപ്പിച്ചയയ്ക്കുക എന്നതായിരുന്നു ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാനുള്ള ഏക പോംവഴി. അതിന് സ്ത്രീധനം വേണം. കുട്ടികള്‍ അടങ്ങിയൊതുങ്ങി വളരണം. ഇങ്ങനെ ചിന്തിക്കുന്ന അമ്മയ്ക്ക് പെണ്‍കുട്ടികളുടെ മേല്‍ നിയന്ത്രണങ്ങള്‍ ചുമത്താതെ വയ്യല്ലോ. മുടി അഴിച്ചിടാതെ വലിച്ചുമുറുക്കി കെട്ടണം, കണ്ണാടിയില്‍ അധികസമയം നോക്കിനില്ക്കരുത്, സ്‌കൂള്‍ വിട്ടാല്‍ പത്തു മിനിറ്റിനുള്ളില്‍ വീട്ടിലെത്തണം. എല്ലാം കര്‍ശനനിയമങ്ങളാണ്. എന്തെങ്കിലും തെറ്റിച്ചാല്‍ അടിയും നുള്ളലുമടക്കം കനത്ത ശിക്ഷ കിട്ടും. എന്നാലും ഉള്ളിലെ സ്വപ്നമയമായ തരംഗങ്ങള്‍ അലഞ്ഞുതിരിയലിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ക്ലാസ്സിലെ സഹപാഠിയായ ജാനകിയുടെ വീട്ടിലേക്ക് അവള്‍ക്കൊപ്പം ചെമ്പകപുഷ്പം തേടി പോയത് അങ്ങനെയാണ്.

സ്‌കൂള്‍ വിട്ട് നീണ്ടു പരന്ന് കിടക്കുന്ന കണ്ണന്‍കുളങ്ങര പാടത്തിന് അറ്റത്തുള്ള അവളുടെ വീട്ടിലെത്തിയപ്പോള്‍ ആകെ കിട്ടിയത് വലിയ ചെമ്പകമരത്തില്‍നിന്ന് പൊഴിഞ്ഞുകിടക്കുന്ന കുറെ ഇതളുകള്‍ മാത്രം. അച്ഛന്‍ വരുന്നതിനു മുമ്പ് ആ പണി ചെയ്യണം, ഈ പണി ചെയ്യണം എന്നൊക്കെ പറഞ്ഞ് തിരിച്ചുപോരുമ്പോള്‍ കൂടെ വരുന്നതില്‍നിന്ന് ജാനകി ഒഴിഞ്ഞുമാറി. നീണ്ടുകിടക്കുന്ന പാടത്തിന്റെ മുന്നില്‍ വഴിയറിയാതെ പകച്ചുനിന്നു പോയി. എങ്ങോട്ടു നോക്കിയാലും ആകാശത്തിന്റെ അതിര്. നിസ്സഹായതോടെ നോക്കിനിന്നപ്പോള്‍ സ്വന്തം നെഞ്ചിടിപ്പ് കേള്‍ക്കാമായിരുന്നു. പിന്നെയത് വീടെത്തുന്നതുവരെയുള്ള കരഞ്ഞുകൊണ്ടുള്ള ഒരോട്ടമായി മാറി. അന്ന് സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ വൈകിയതിന് അമ്മയുടെ കയ്യില്‍നിന്ന് സാറയ്ക്ക് ചൂരല്‍കൊണ്ട് കിട്ടിയ തല്ല് കുറച്ചൊന്നുമല്ല. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത യാത്രയായി മാറി ആ പൂതേടല്‍.

വിജനതയില്‍ അലഞ്ഞുനടക്കാന്‍ അന്നൊന്നും കുട്ടികള്‍ക്ക് ഒരു പേടിയുമില്ലായിരുന്നു. എവിടെപ്പോയെന്ന് അറിയാതെ വീട്ടുകാര്‍ ആശങ്കപ്പെടുമെന്ന പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാറയുടെ വീടിനു ചുറ്റും പറമ്പുള്ള കാരണം കൂട്ടുകാരൊക്കെ അവിടെ കളിക്കാനെത്തും. പിന്നെ റോഡായിരുന്നു കളിയുടെ തട്ടകം. നല്ല വീതിയുള്ള മണ്‍പാത അന്ന് കുട്ടികളുടെ വിഹാരരംഗമായിരുന്നു. റോഡില്‍ കളം വരച്ച് കളിക്കും. വല്ലപ്പോഴും ഒരു കാളവണ്ടി വന്നാല്‍ ഒന്നു മാറിനില്ക്കും. അല്ലെങ്കില്‍ മണിയടിച്ച് ഒരു സൈക്കിള്‍ വരും. കാറൊക്കെ അപൂര്‍വ്വമാണ്. ആകെക്കൂടി അന്ന് നാട്ടില്‍ കാറുണ്ടായിരുന്നത് ഓലക്കടക്കാരന്‍ സിദ്ധാര്‍ത്ഥേട്ടന്റെ വീട്ടിലാണ്. അതുകൊണ്ട് അവധി ദിവസങ്ങളിലൊക്കെ റോഡ് കുട്ടികള്‍ക്ക് മറ്റാരുടെയും ശല്യമില്ലാത്ത കളിസ്ഥലമായി. സാറയും കൂട്ടുകാരും ഓട്ടപ്രാന്തിയും കബഡിയുമൊക്കെ കളിച്ചിരുന്നത് അവിടെയാണ്. തൊട്ടടുത്തുള്ള കോന്നിമേസ്ത്രിയുടെ പറമ്പാണ് മറ്റൊരു കളിസ്ഥലം. ആ പറമ്പങ്ങനെ പരന്നുകിടക്കുകയായിരുന്നു. തിമിര്‍ത്ത് കളിക്കാം.

സാറാ ജോസഫ് | ഫോട്ടോ: വിനയന്‍ കെ.ആര്‍

മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്ന വേലായുധനായിരുന്നു പറമ്പിന്റെ നോട്ടക്കാരന്‍. വേലായുധനും ഭാര്യ നീലിയും അവരുടെ മക്കളായ തേവനും കോരനും പെണ്‍കുട്ടികളുമൊക്കെ സാറയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരായിരുന്നു. വേലായുധനെ വേലായുധേട്ടനെന്നും നീലി എന്ന അമ്മയെ നീലിത്തള്ളയെന്നുമാണ് വിളിച്ചിരുന്നത്. അവരെയൊക്കെ ബഹുമാനിക്കാന്‍ സാറയുടെ അപ്പനും അമ്മയും അമ്മായിമാരും പഠിപ്പിച്ചിരുന്നു. കോരനും തേവനുമൊക്കെ കുട്ടികള്‍ക്ക് എന്ത് ചെയ്തുതരാനും തയ്യാറുള്ള ഏട്ടന്മാര്‍. പെണ്‍കുട്ടികള്‍ ചേച്ചിമാര്‍.

യന്ത്രവാഹനങ്ങള്‍ അത്രമാത്രം പ്രചാരത്തിലെത്തിയിട്ടില്ലാത്ത കാലമായിരുന്നു അത്. കുരിയച്ചിറയിലും പരിസരത്തും അന്ന് റിക്ഷാവണ്ടികള്‍ കാണാമായിരുന്നു. നഗരത്തിലേക്കും പരിസരപ്രദേശങ്ങളിലേക്കും കാശുള്ള മനുഷ്യര്‍ യാത്രകള്‍ക്കായി ഈ വാഹനത്തെ ആശ്രയിച്ചിരുന്നു. മനുഷ്യന്‍ മനുഷ്യനെ വലിച്ചുകൊണ്ടുപോകുന്നത് വലിയ സങ്കടപ്പെടുത്തുന്ന കാര്യമായിരുന്നു സാറയ്ക്ക്. വലിയ തടിമാടന്മാര്‍ വണ്ടിയില്‍ കയറി ഇരിക്കും. മെലിഞ്ഞ വണ്ടിക്കാര്‍ ആഞ്ഞുവലിക്കും. മറക്കാനാവാത്ത സങ്കടക്കാഴ്ചയായിരുന്നു അത്. അതുപോലെതന്നെ മറ്റൊരു കാഴ്ചയായിരുന്നു തോട്ടിവേല. ദാരുണമായ കാഴ്ചയായിരുന്നു ഒരാളുടെ ദുര്‍ഗന്ധം വമിക്കുന്ന വിസര്‍ജ്ജ്യം മറ്റൊരാള്‍ കോരിയെടുത്ത് മാറ്റുക എന്നത്. അതെല്ലാം സഹിക്കാവുന്നതിന് അപ്പുറത്തുള്ള, അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മ്മകളായി സാറയ്‌ക്കൊപ്പം കൂടെപ്പോന്നു.

സാറാ ജോസഫ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തെല്ലാം തോട്ടിപ്പണിയുണ്ട്. ഒരു അമ്മായി താമസിച്ചിരുന്നത് തൃശ്ശൂര്‍നഗരത്തിനടുത്ത് ചെമ്പുക്കാവ് മൈലിപ്പാടത്താണ്. അവിടെ ലൈന്‍ മുറികളാണ്. ആ ലൈന്‍ മുറികളിലൊന്നാണ് അമ്മായിയുടെ വീട്. അവിടെ ടോയ്‌ലെറ്റ് ഉണ്ടായിരുന്നില്ല. ഉള്ളത് തോട്ടികള്‍ എടുത്തുകൊണ്ടുപോകുന്ന സംവിധാനമാണ്. ലൈന്‍ മുറിയുടെ പിന്നില്‍ നിരനിരയായി പാട്ടകള്‍ വെച്ചിട്ടുള്ള ഒരു സമ്പ്രദായമാണ് ടോയ്‌ലെറ്റിന്റേത്. അതിന്റെ അടിയില്‍ക്കൂടി ഒരു വഴിയുണ്ട്. അതിലൂടെ വന്ന് മലം നിറഞ്ഞ പാട്ടകള്‍ അവര്‍ എടുത്തു കൊണ്ടുപോകും. മനസ്സുരുകുന്ന വേവലാതിയായിരുന്നു ആ കുട്ടിക്കാലകാഴ്ച. സാറയുടെ വീട്ടില്‍ പറമ്പുണ്ടായിരുന്നതുകൊണ്ട് മറപ്പുരയും കുളിമുറിയുമൊക്കെ അപരിഷ്‌കൃതമായിരുന്നെങ്കിലും അന്നത്തെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടായിരുന്നു.

സാറാ ജോസഫ് |ഫോട്ടോ: മനീഷ് ചേമഞ്ചേരി

വലിയ കുഴിയെടുത്ത് രണ്ടു മരത്തണ്ടുകളിട്ട കക്കൂസാണ് ഉണ്ടായിരുന്നത്. ചരല്‍ പാകിയിരുന്ന കുളിപ്പുരയായിരുന്നു അന്നത്തേത്. അവിടെ രണ്ടു വലിയ കല്ലുകള്‍ ഉണ്ടായിരുന്നു. ഒന്ന് അടിച്ചുനനയ്ക്കാനും മറ്റൊന്ന് നിന്ന് കുളിക്കാനും. അവധിക്കാലങ്ങളില്‍ കുട്ടികളുടെ കൂട്ടംകൂടലുകളും സന്തോഷങ്ങളും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. അമ്മായിയുടെ വീട്ടില്‍ സാറയും സഹോദരങ്ങളും ഇടയ്ക്ക് ചെന്ന് താമസിക്കാറുണ്ട്. അവര്‍ക്ക് ദാരിദ്ര്യമൊന്നുമില്ല. എന്നാല്‍ കുറെ മക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് അത്ര നല്ല സ്ഥിതിയുമായിരുന്നില്ല. സാറയുടെ അമ്മയുടെ അമ്മവീട് നടത്തറയായിരുന്നു. അവധിക്കാലത്ത് ഇടയ്ക്ക് അവിടെ താമസിക്കാന്‍ പോകും. രണ്ടുദിവസം കഴിയുന്നതോടെ അപ്പനെയും അമ്മയെയും കാണാതെ നില്ക്കാന്‍ വയ്യാതെയാകുമ്പോള്‍ സാറ കരയും. അപ്പോള്‍ അമ്മാമ ചോദിക്കും, 'പിന്നെന്തിനാ നിന്നെ ഇങ്ങട്ട് കെട്ടിയെടുത്തേ?'

Content Highlights: Sara Joseph, Oru ezhuthukariyude ullil, Book excerpt, Book by Sumangala K.V, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sathyan anthikkad, Mohanlal

5 min

'നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് യാതൊരു നഷ്ടവുമില്ല, അല്ലേ സത്യന്‍? നഷ്ടം നമുക്കുമാത്രമാണ്'

May 27, 2023


Wayanad

17 min

വയനാട്: കേരളത്തിലെ നരകമായി മാറിയ സ്വര്‍ഗ്ഗം 

May 29, 2023


മാധവിക്കുട്ടി, വി.എം നായർ

8 min

'അച്ഛനെ ഞാനൊരുപാടൊരുപാട് സ്നേഹിച്ചിരുന്നു...'ആമിയോപ്പു ആ ദിവസങ്ങളിലെല്ലാം മന്ത്രിക്കുന്നു...

May 12, 2023

Most Commented