അന്ന്, ഞാനൊരു മനുഷ്യനായിരുന്നു.
കുന്നിന്മുകളിലേക്കു കയറിയതാണ്; സമയം കൊല്ലാന്‍. പക്ഷേ, കൊല്ലപ്പെട്ടു.
ഞാനും എന്റേതുമായതെല്ലാം കൊല്ലപ്പെട്ടു.
ഞാനും എന്റേതും ഒഴിഞ്ഞതോടെ
എന്റെ ഇച്ഛയും നൈപുണിയും നഷ്ടമായതോടെ
ഇതാ ഞാന്‍, ഒരൊഴിഞ്ഞ പാത്രം.
ദിവ്യത്വത്തിന്റെ ഇച്ഛയ്ക്ക് അടിമപ്പെട്ട്,
അപാരമായ നൈപുണിക്കു വശപ്പെട്ട്.

മൈസൂര്‍ പട്ടണത്തില്‍ ഒരു ശീലമുണ്ട്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചാമുണ്ഡിക്കുന്നിലേക്കു പോവുക. ഒന്നും ചെയ്യാനില്ലെങ്കിലോ, ചാമുണ്ഡിക്കുന്നിലേക്കു പോവുക. നിങ്ങള്‍ പ്രണയത്തിലകപ്പെട്ടുപോയോ, ചാമുണ്ഡിക്കുന്നിലേക്കു പൊയ്ക്കൊള്‍ക. പ്രണയം നഷ്ടപ്പെട്ടോ, എങ്കില്‍ ചാമുണ്ഡിക്കുന്നിലേക്കുതന്നെ പോകണം. ഉച്ചതിരിഞ്ഞ് ഒരു ദിവസം എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആയിടെ ഒരു പ്രണയം തകരുകയും ചെയ്തിരുന്നു. അതുകൊണ്ട് ഞാന്‍ ചാമുണ്ഡിക്കുന്നിലേക്കു കയറി.

വഴി മൂന്നില്‍ രണ്ടും പിന്നിട്ടുകഴിഞ്ഞപ്പോള്‍, മോട്ടോര്‍സൈക്കിള്‍ ഇടയ്ക്കു നിര്‍ത്തി, ഒരു സ്ഥലത്തെ പാറക്കെട്ടില്‍ ഞാന്‍ കയറിയിരുന്നു. എന്റെ 'ധ്യാനശില'യായിരുന്നു അത്. കുറേക്കാലമായി ഞാന്‍ ആ സ്ഥലമുപയോഗിക്കുന്നുണ്ടായിരുന്നു. ഒരു ഞാവല്‍മരവും വളര്‍ച്ച മുരടിച്ച ഒരു പേരാലും പാറയിലെ വിള്ളലിലേക്ക് അവയുടെ വേരുകള്‍ ആഴ്ത്തിയിരുന്നു. പട്ടണത്തിന്റെ വിശാലമായ ദൃശ്യം താഴെ ചുരുള്‍നിവര്‍ന്നു.

ആ നിമിഷംവരെയും എന്റെ അനുഭവത്തില്‍ ഈ ശരീരവും മനസ്സുമായിരുന്നു 'ഞാന്‍.' എന്റെ ലോകമാകട്ടെ, അങ്ങു പുറത്തും. പൊടുന്നനേ എന്താണ് ഞാനെന്നും എന്തല്ല ഞാനെന്നുമുള്ള അറിവു നഷ്ടപ്പെട്ടു. എന്റെ കണ്ണുകള്‍ തുറന്നുതന്നെയിരുന്നു. പക്ഷേ, ശ്വസിക്കുന്ന വായുവും ഞാനിരിക്കുന്ന പാറയും ചുറ്റുമുള്ള അന്തരീക്ഷവും എല്ലാം ഞാനായി മാറിക്കഴിഞ്ഞു. ഞാന്‍ എല്ലാമായി; അഥവാ എല്ലാം ഞാനായി. എനിക്കു ബോധമുണ്ട്. പക്ഷേ, പഞ്ചേന്ദ്രിയബോധം ഉണ്ടായിരുന്നില്ല. വിവേചിച്ചറിയുന്ന ഇന്ദ്രിയബോധം അപ്പോള്‍ നിശ്ശേഷം നഷ്ടമായി. ആ അവസ്ഥയെപ്പറ്റി കൂടുതല്‍ പറയുംതോറും കൂടുതല്‍ യുക്തിഹീനമായിത്തോന്നും. അപ്പോള്‍ സംഭവിച്ചതു വിവരണാതീതമാണ്. 'ഞാന്‍' അപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എല്ലായിടത്തുമുണ്ടായിരുന്നു. 

സര്‍വതും നിശ്ചിതസീമകള്‍ തകര്‍ത്തു പൊട്ടിച്ചിതറുകയായിരുന്നു. ഓരോന്നും മറ്റോരോന്നിലേക്കു ചിതറിക്കലരുകയായിരുന്നു. തികഞ്ഞ സമ്പൂര്‍ണതയുടെ അളവില്ലാത്ത സംയോജനമായിരുന്നു അത്. എന്റെ ജീവിതം ആ ഒറ്റനിമിഷമാണ്, അത് ഇപ്പോഴും സുഭഗമായി നിലനില്ക്കുന്നു. സാധാരണബോധത്തിലേക്കു മടങ്ങിവരുമ്പോള്‍ പത്തു മിനിറ്റ് കടന്നുപോയിട്ടുണ്ടാകുമെന്നു തോന്നി. പക്ഷേ, കൈത്തണ്ടയിലെ വാച്ചു പറഞ്ഞു, സമയം രാത്രി ഏഴരയായെന്ന്! നാലര മണിക്കൂര്‍ കടന്നുപോയിരിക്കുന്നു. എന്റെ കണ്ണുകള്‍ തുറന്നിരുന്നു. സൂര്യനസ്തമിച്ചിരുന്നു. ഇരുട്ടു പരന്നിരുന്നു. എനിക്കു തികഞ്ഞ ബോധമുണ്ട്. പക്ഷേ, ആ നിമിഷംവരെയും 'ഞാന്‍' എന്നു കരുതിയിരുന്നതെന്തോ, അതിപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു.

ഞാനൊരിക്കലും കണ്ണീരൊലിപ്പിക്കുന്ന ഒരു കുട്ടിയായിരുന്നില്ല. എന്നിട്ടും ഇതാ ഇരുപത്തിയഞ്ചാംവയസ്സില്‍ ചാമുണ്ഡിക്കുന്നിലെ ഈ ശിലാതലത്തില്‍ അപാരമായ ആനന്ദോന്മാദംകൊണ്ട് കണ്ണീരൊഴുകി എന്റെ ഷര്‍ട്ടു മുഴുവന്‍ നനഞ്ഞിരിക്കുന്നു! ശാന്തമായും സന്തോഷമായുമിരിക്കുക എന്നത് എനിക്കൊരു പ്രയാസമുള്ള സംഗതിയായിരുന്നില്ല. ജീവിതം സ്വന്തം ഇഷ്ടങ്ങള്‍ക്കനുസൃതമായി എനിക്കു വേണമെന്നു തോന്നിയ വിധത്തില്‍ ജീവിച്ച ഒരുവനാണ് ഞാന്‍. അറുപതുകളില്‍ ബീറ്റില്‍സിന്റെയും നീല ജീന്‍സിന്റെയും ആവിര്‍ഭാവകാലത്ത് ദസ്തയേവ്സ്‌കി, കാമു, കാഫ്ക തുടങ്ങിയവരെ വായിച്ച്, യൂറോപ്യന്‍ സാഹിത്യവും തത്ത്വചിന്തയും സാമാന്യമായി പരിചയപ്പെട്ടാണ് ഞാന്‍ വളര്‍ന്നത്. 

എന്നാല്‍, ഇവിടെ, ഇതിനു മുന്‍പ് എനിക്കൊന്നുമേ അറിഞ്ഞുകൂടായിരുന്ന വാഴ്വിന്റെ വ്യത്യസ്തമായ തലത്തിലേക്ക് ഞാനിതാ ചിതറിപ്പടരുന്നു. നൂതനമായ ഒരു ഭാവത്തില്‍ കുളിക്കുന്നു; പതഞ്ഞുപൊന്തുന്ന ഒരാനന്ദാനുഭൂതിയില്‍ ലയിക്കുന്നു. സാധ്യമെന്ന് കിനാവു കാണാന്‍പോലും കഴിയാതിരുന്ന അജ്ഞാതമായ ഒരു നിര്‍വൃതിയില്‍ നിര്‍ലീനനാകുന്നു. സന്ദേഹിക്കുന്ന എന്റെ യുക്തികൊണ്ടു സമീപിച്ചപ്പോള്‍, ആകെ കിട്ടിയ ഉത്തരം സമനില തെറ്റിയിരിക്കാം എന്നുമാത്രം. അതെന്തുതന്നെയായാലും, ആ അനുഭൂതിയുടെ സൗന്ദര്യപ്രചുരിമയ്ക്കു സമാനതകളില്ല. അതു നഷ്ടപ്പെടാന്‍ എനിക്കു തീരേയും ആഗ്രഹമില്ല.

അന്നത്തെ അപരാഹ്നത്തില്‍ എന്താണു സംഭവിച്ചതെന്ന് കൃത്യമായി വിവരിക്കാന്‍ എനിക്കിതേവരെ സാധിച്ചിട്ടില്ല. ഒരുപക്ഷേ, ഇങ്ങനെ പറയുന്നതാവും നല്ലത്. ഞാന്‍ മുകളിലേക്കുപോയി, പിന്നെ താഴേക്കു വന്നില്ല, ഒരിക്കലും. മൈസൂരിലാണ് ഞാന്‍ ജനിച്ചത്. തെക്കേ ഇന്ത്യയിലെ ഒരു കൊച്ചു നാട്ടുരാജ്യത്തിന്റെ തലസ്ഥാനം. കൊട്ടാരങ്ങളും ഉദ്യാനങ്ങളുംകൊണ്ട് പേരുകേട്ട നഗരം. അച്ഛന്‍ ഒരു ഡോക്ടറും അമ്മ ഗൃഹസ്ഥയുമായിരുന്നു. നാലു മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.

ഇന്നര്‍ എന്‍ജിനിയറിങ് വാങ്ങാം 

സ്‌കൂള്‍ എന്നെ വല്ലാതെ മുഷിപ്പിച്ചിരുന്നു. ക്ലാസില്‍ മുഴുവന്‍ സമയം ചെലവഴിക്കുകയെന്നത് അസാധ്യമായിരുന്നു. എന്തെന്നാല്‍, തങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളായിരുന്നു അധ്യാപകര്‍ പറഞ്ഞുകൊണ്ടിരുന്നത്. നാലു വയസ്സുള്ളപ്പോള്‍ത്തന്നെ എന്നെ സ്‌കൂളില്‍ കൊണ്ടുവിടാനായി വീട്ടില്‍നിന്നയച്ച വീട്ടുവേലക്കാരിയോട് സ്‌കൂളിന്റെ ഗെയ്റ്റില്‍ എന്നെ വിട്ടാല്‍ മതിയെന്ന് ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. സ്‌കൂള്‍ക്കെട്ടിടത്തിനുള്ളിലേക്കു വരാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചില്ല. അവര്‍ മടങ്ങിയെന്ന് ഉറപ്പായ ഉടന്‍തന്നെ സ്‌കൂളിനടുത്തുള്ള ഒരു കൂറ്റന്‍കിടങ്ങിലേക്ക് ഞാന്‍ ഓടിയിറങ്ങും. അതിനകം അവിശ്വസനീയമാംവിധം വൈവിധ്യപൂര്‍ണമായ ജന്തുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു. 

വലിയൊരു ജന്തുശേഖരം ഞാന്‍ അങ്ങനെ സ്വന്തമാക്കി. വാല്‍മാക്രികള്‍, പിതാവിന്റെ അലമാരയില്‍നിന്നെടുത്ത കുപ്പികളിലെ പാമ്പുകള്‍ എന്നിവയൊക്കെയുണ്ടായിരുന്നു എന്റെ സ്വകാര്യജന്തുശാലയില്‍. കുറേദിവസം കഴിഞ്ഞ് ഞാന്‍ ക്ലാസില്‍ കയറാറില്ലെന്ന സത്യം എന്റെ മാതാപിതാക്കള്‍അറിഞ്ഞു. അതിലുപരി എന്റെ ജീവശാസ്ത്ര പര്യവേക്ഷണവും വലിയ ജന്തുശേഖരമുണ്ടെന്ന സംഗതിയും അവരില്‍ തീരേ മതിപ്പുളവാക്കിയില്ല. കിടങ്ങിലേക്കുള്ള എന്റെ യാത്രകള്‍ വിലക്കപ്പെട്ടു. മുതിര്‍ന്നവരുടെ വിരസവും ഭാവനാരഹിതവുമായ ലോകത്തില്‍നിന്നേറ്റ തിരിച്ചടികൊണ്ട് ഞാന്‍ ശ്രദ്ധ മറ്റു ചില പ്രവൃത്തികളിലേക്കു തിരിച്ചു.

പിന്നെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാട്ടിലൂടെ അലയാനും പാമ്പുകളെ പിടിക്കാനും മത്സ്യം പിടിക്കാനും ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിക്കാനും മരങ്ങളില്‍ കയറാനുമായിരുന്നു എനിക്കു താത്പര്യം. ചോറ്റുപാത്രവും വെള്ളം നിറച്ച കുപ്പിയുമായി മരത്തിന്റെ ഏറ്റവും തുഞ്ചത്തു കയറുകയെന്നത് എന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു. ചില്ലയുടെ ആ ആലോലചലനം എന്നെ ഒരു ധ്യാനതുല്യമായ അവസ്ഥയിലെത്തിച്ചിരുന്നു പലപ്പോഴും. ഉറങ്ങുകയും അതേസമയം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലായിരുന്നു അത്. മരത്തിനു മുകളില്‍ അങ്ങനെ ഇരിക്കുമ്പോള്‍ സമയത്തെക്കുറിച്ചുള്ള എല്ലാ ബോധവും എന്നില്‍നിന്നകന്നു പോകുമായിരുന്നു. 

രാവിലെ ഒന്‍പതുമുതല്‍ സ്‌കൂളിലെ അവസാന ബെല്ലടിക്കുന്ന നാലരമണിവരെ ഞാന്‍ ആ വൃക്ഷക്കൊമ്പില്‍ത്തന്നെയിരിക്കും. പില്ക്കാലത്ത്, വളരെ വൈകി ഞാന്‍ തിരിച്ചറിഞ്ഞു, ബോധപൂര്‍വം ശ്രമിക്കാതെതന്നെ അന്നൊക്കെ ഞാന്‍ ധ്യാനാവസ്ഥയില്‍ എത്തുകയായിരുന്നുവെന്ന്. പിന്നീട്, ഞാന്‍ മറ്റുള്ളവരെ ആദ്യമായി ധ്യാനത്തിലേക്ക് ഉപനയിക്കുമ്പോള്‍ എപ്പോഴും ആ ചില്ലയുടെ ആട്ടം ഞാന്‍ പകര്‍ന്നുകൊടുത്തു. ആ ഘട്ടത്തില്‍ ധ്യാനം എന്ന പദംപോലും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ആ മരച്ചില്ല എന്നെ മെല്ലെ ആട്ടിയാട്ടി ഉണര്‍വിനും ഉറക്കത്തിനും അപ്പുറത്തു പ്രിയങ്കരമായ ഒരവസ്ഥയില്‍ എത്തിച്ചിരുന്നു എന്നു മാത്രമറിയാം.

ക്ലാസുമുറി എനിക്ക് അസഹനീയമാംവിധം വിരസമായി അനുഭവപ്പെട്ടു. അതേസമയം, മറ്റെല്ലാ കാര്യങ്ങളിലും ഞാന്‍ തത്പരനായിരുന്നുതാനും. ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രീതി, ഭൂമിയുടെ ഭൗതികപ്രതലങ്ങള്‍, ആളുകള്‍ ജീവിക്കുന്ന വിധം ഇവയിലെല്ലാം എനിക്കു തികഞ്ഞ താത്പര്യമുണ്ടായിരുന്നു. സൈക്കിളില്‍ ഗ്രാമത്തിലെ മണ്‍പാതയിലൂടെ കുറഞ്ഞത് മുപ്പത്തിയഞ്ചു കിലോമീറ്ററെങ്കിലും ഞാന്‍ ദിവസവും സഞ്ചരിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും പാദങ്ങള്‍ നിറയെ ചെളിയും പൊടിയും കട്ടിപിടിച്ചിട്ടുണ്ടാവും. 

സൈക്കിള്‍യാത്ര നടത്തിയ ഭൂപ്രദേശങ്ങളുടെ മാനസികചിത്രങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്നത് എനിക്കു രസമായിരുന്നു. കണ്ണടച്ച് ഒറ്റയ്ക്കിരിക്കുമ്പോള്‍ അന്നുച്ചയ്ക്കു സഞ്ചരിച്ച ആ വിഭാഗങ്ങള്‍ മുഴുവന്‍, മനസ്സില്‍ വരച്ചിടാന്‍ എനിക്കു സാധിച്ചിരുന്നു. ഓരോ പാറക്കൂട്ടവും ഓരോ മരവും എനിക്കു വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഓരോ ഋതുവും എന്നെ വിസ്മയിപ്പിച്ചു. ഉഴുതുമറിക്കുമ്പോള്‍ മണ്ണിനു വരുന്ന മാറ്റം, വിത്തുകള്‍ മുളച്ചുവരുന്നത്, എല്ലാം എന്നെ കൗതുകംകൊള്ളിച്ചു.

അങ്ങനെയാണ് തോമസ് ഹാര്‍ഡിയിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. ഇംഗ്ലീഷ് നാട്ടിന്‍പുറങ്ങളെക്കുറിച്ച്, താളുകള്‍ നീളുന്ന ഹാര്‍ഡിയുടെ വര്‍ണനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്റെ ചുറ്റുമുള്ള ലോകത്തെ ഞാന്‍ സമീപിച്ചതും അങ്ങനെത്തന്നെയായിരുന്നു. ഇപ്പോഴും എന്റെ തലയ്ക്കുള്ളില്‍ ഒരു വീഡിയോപ്രദര്‍ശനം നടക്കുന്നുണ്ട്. ഞാന്‍ ആ വര്‍ഷങ്ങളില്‍ നിരീക്ഷിച്ചറിഞ്ഞതൊക്കെയും എനിക്കു കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയും.

ഞാന്‍ ഒരു ഒടുങ്ങാത്ത സംശയാലുവായിരുന്നു. അഞ്ചു വയസ്സുള്ളപ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരെല്ലാം ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ എനിക്കു ചോദ്യങ്ങളുണ്ടായിരുന്നു. നിരവധി ചോദ്യങ്ങള്‍. ആരാണ് ദൈവം? അദ്ദേഹം എവിടെയാണ്? അങ്ങു മുകളിലോ? മുകളില്‍ എന്നാല്‍ എവിടെ? ഒന്നുരണ്ടു വര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ എന്റെ ചോദ്യങ്ങള്‍ പിന്നെയും പെരുകി. ഭൂമി ഒരു ഗ്രഹമാണെന്നും ഗ്രഹം ഉരുണ്ടിട്ടാണെന്നും സ്‌കൂളില്‍ പറയുന്നു. ഭൂഗോളം ഉരുണ്ടിട്ടാണെങ്കില്‍ മുകളും താഴേയും എങ്ങനെ നിശ്ചയിക്കും? ആ ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം തന്നില്ല. 

ഞാന്‍ അതുകൊണ്ട് ക്ഷേത്രത്തില്‍ കയറാറുമില്ലായിരുന്നു. അങ്ങനെ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു വെളിയില്‍ പാദരക്ഷകള്‍ സൂക്ഷിക്കുന്ന ആളിന്റെ പക്കല്‍ എന്നെ ഏല്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായി. അയാളാകട്ടെ, ചെരിപ്പുകള്‍ വാങ്ങിവെക്കുകയും തിരികെ കൊടുക്കുകയും ചെയ്യുന്നതിനിടയില്‍ എന്നെ ബലമായി പിടിച്ചിരുന്നു. പിടിയൊന്ന് അയഞ്ഞാല്‍ ഞാന്‍ കടന്നുകളയുമെന്ന് അയാള്‍ക്കറിയാം. ജീവിതത്തില്‍ ഞാന്‍ പില്ക്കാലത്തു ശ്രദ്ധിച്ച ഒരു സംഗതി ഇതാണ്- ഭക്ഷണശാലയില്‍നിന്ന് പുറത്തുവരുന്നവരുടെമുഖത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തെക്കാള്‍ ആഹ്ലാദമുണ്ട്. അതെന്നെ ഒട്ടു കുഴക്കി.

Content Highlights: Sadhguru Jaggi Vasudev, Inner Engineering