മാര്‍ച്ച് 11-നു രാവിലെ ഒമ്പതര മണിക്കു അലക്‌സാന്ദ്രിയയിലേക്കുള്ള ട്രെയിനില്‍ കയ്‌റോ വിട്ടു. കൂടെ കുട്ടിയുമുണ്ടായിരുന്നു. (കയ്‌റോ- അലക്‌സാന്ദ്രിയാ ദൂരം 160 മൈല്‍. രണ്ടാം ക്ലാസ് ചാര്‍ജ് 74 പി.ടി.) ഈജിപ്തിന്റെ ഉള്‍നാടുകളിലൂടെയുള്ള ഈ തീവണ്ടിയാത്ര ഉല്ലാസപ്രദമായിരുന്നു. ചോളവയലുകളും ഒട്ടകങ്ങളും മഞ്ഞപ്പരവതാനി വിരിച്ചിട്ടതുപോലെ തോന്നിക്കുന്ന കടുകുകൃഷിപ്പാടങ്ങളും വെള്ളക്കൊറ്റികളും ചതുരാകൃതിയിലുള്ള മേല്പുരയില്‍ ചിതകൂട്ടിയപോലെ ചാണകവരടികള്‍ സംഭരിച്ചുവെച്ചു മണ്‍കുടിലുകളും ആട്ടിന്‍പറ്റങ്ങളും കഴുതകളും താലവൃക്ഷങ്ങള്‍ തോരണം തൂക്കിയ തോട്ടുവക്കിലൂടെ നീങ്ങുന്ന കറുത്ത ഉടുപ്പണിഞ്ഞ തീക്കനല്‍ മുഖികളായ അറബിവനിതകളും എല്ലാം കൂടിച്ചേര്‍ന്ന ഗ്രാമരംഗങ്ങള്‍ മനസ്സില്‍ എന്നും തങ്ങിക്കിടക്കും.

കയ്‌റോവിട്ടു മൂന്നര മണിക്കൂറു കഴിഞ്ഞപ്പോള്‍ മധ്യധരണ്യാഴിയുടെ ദര്‍ശനം ലഭിച്ചു. അതും മറക്കാന്‍ വയ്യാത്ത ഒരു ദൃശ്യമായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ മധ്യധരണ്യാഴി കാണുന്നത്. (സൂയസ് തോടും മധ്യധരണ്യാഴിയും കാണാതെയാണല്ലോ ഞാന്‍ ഇന്ത്യയില്‍ നിന്ന് ഈജിപ്തിലെത്തിയത്.) പിന്നെ കാല്‍ മണിക്കൂറുകൊണ്ടു ഞങ്ങള്‍ അലക്‌സാന്ദ്രിയയില്‍- ക്ലിയോപാട്രയുടെ നഗരിയില്‍ ചെന്നുചേര്‍ന്നു.

റെയില്‍വെസ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു ഡ്രാഗോമന്‍ (ഗൈഡ്) ഞങ്ങളെ പിടികൂടി. പരിചയമില്ലാത്ത നഗരങ്ങളില്‍ ചെന്നുചേരുമ്പോള്‍ പലപ്പോഴും സഹായകരമായ ശല്യങ്ങളായി ഗൈഡുകളെ നമുക്കു കൈക്കൊള്ളേണ്ടിവരും. ഹോട്ടലിന്റെ താഴെ നിലയിലെ ഭക്ഷണശാല നടത്തുന്നതു വേറൊരു കക്ഷിയാണ്. അവിടെനിന്നു ഭക്ഷണം വരുത്തിക്കഴിച്ചു. ബയറര്‍ ഓരോ ഊണിനും പതിനേഴ് പി.ടി. ചാര്‍ജ് ചോദിച്ചു വാങ്ങിക്കൊണ്ടുപോയി.

ഉച്ചയുറക്കവും കഴിഞ്ഞു 3 മണിക്കു കുട്ടിയും ഞാനും കാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങി. 'അവന്യൂ ഡി ലാ റെയ്‌നി'യിലൂടെ കുറെ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യാ ട്രേഡ് കമ്മീഷണറുടെ ആപ്പീസ് എന്നൊരു ബോര്‍ഡ് ദൃഷ്ടിയില്‍ തടഞ്ഞു. ശനിയാഴ്ചയായിരുന്നതിനാല്‍ ആപ്പീസ് പൂട്ടിയിരുന്നു. ലക്ഷ്യമില്ലാതെ എവിടെയൊക്കെ ചുറ്റിയടിച്ചു മടങ്ങുമ്പോള്‍ വഴിതെറ്റി. പിന്നേയും പല തെരുവുകളും കടന്നു, ഒടുവില്‍ അന്വേഷിച്ചു പിടിച്ചു ഹോട്ടലിലെത്തിയതു അഞ്ചര മണിക്കാണ്. ആറ് മണിക്കു ഞങ്ങള്‍ റിയോ തിയേറ്ററില്‍ പോയി സിനിമ കണ്ടു- നല്ലൊരിംഗ്ലീഷ് പടം. പിറ്റേന്ന് (ഞായറാഴ്ച) രാവിലെ ഞങ്ങള്‍ അലക്‌സാന്ദ്രിയയിലെ ഒരു പ്രധാന കാഴ്ചയായ 'കാറ്റാംകൂംബ്‌സ്' (Catacombs) കാണാന്‍ പോയി.

കാറ്റാംകൂംബ്‌സ്

പഴയ റോമാച്ചക്രവര്‍ത്തിമാരുടെയും രാജവംശങ്ങളുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്ത അറകളുടെ പരമ്പരകളാണ് കാറ്റാകൂംബ്‌സ്. ഭൂമിക്കടിയില്‍, കടന്നല്‍ക്കൂട്ടിലേതുപോലുള്ള അറകളോടുകൂടിയ ഈ കൂറ്റന്‍ ശ്മശാനത്തിന് 3000 കൊല്ലം പഴക്കമുണ്ട്. തട്ടുതട്ടായി നിര്‍മിച്ച അറകളില്‍, ഷെല്‍ഫില്‍ ബുക്കുകള്‍ വെയ്ക്കുംപോലെ ശവങ്ങള്‍ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ മമ്മികളും ഉണ്ടായിരുന്നു. മമ്മികള്‍ നീക്കം ചെയ്യപ്പെട്ട കരിങ്കല്‍പ്പേടകങ്ങള്‍ മുന്നൂറെണ്ണം ഇവിടെ കിടപ്പുണ്ട്. ഏറെ പഴകി ദ്രവിച്ച മമ്മികളും എല്ലിന്‍കൂടങ്ങള്‍ ഒരു മൂലയില്‍ കൂട്ടിവെച്ചു മണ്ണുമൂടിയിരിക്കുന്നതും കണ്ടു.

നൂറ്റാണ്ടുകളുടെ നാറ്റം വമിക്കുന്ന ആ അന്തരീക്ഷത്തില്‍ ഏറെ നേരം പൊറുപ്പിക്കാന്‍ കഴിഞ്ഞില്ല. പഴയ കുതിരലായങ്ങള്‍, മഴവെള്ളം ശേഖരിച്ചുവെയ്ക്കുന്ന കിണര്‍, തോട്ടിലേക്കുള്ള ഗൂഢഗുഹാമാര്‍ഗം തുടങ്ങിയ അവിടത്തെ മറ്റു ചില കാഴ്ചകള്‍ വേഗം കണ്ടുതീര്‍ത്തു പുറത്തുകടന്നു. കാറ്റാകൂംബ്‌സില്‍ നിന്നു പുറത്തു കടന്നപ്പോള്‍ അത്യാവശ്യമായിത്തോന്നിയത് കുറച്ചു ശുദ്ധവായു ശ്വസിക്കാനാണ്. പിന്നെ ഞങ്ങള്‍ ഒരു ടാക്‌സിപിടിച്ചു പോംപിസ്തംഭം കാണാന്‍ പോയി.

പോംപിസ്തംഭം

പോംപി ചക്രവര്‍ത്തിയുടെ അരമനയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന സ്ഥലമാണിത്. ഇവിടെ ഒരു കൂറ്റന്‍ ശിലാസ്തംഭമുണ്ട്. പഴയ ജൂപ്പിറ്റര്‍ ദേവാലയം സ്ഥിതിചെയ്തിരുന്നതിനു സമീപമാണ് ഈ സ്തംഭം. റോമന്‍ മാതൃകയില്‍ അഞ്ചു വലിയ ശിലകള്‍ കൂട്ടിച്ചേര്‍ത്തു പണിത സ്തംഭമാണ്. 99 അടി പൊക്കമുണ്ട്.

അലക്‌സാന്ദ്രിയയില്‍ പഴയ കാലത്തെ സ്മാരക വസ്തുക്കളില്‍ കേടുപറ്റാതെ ഇന്നു നിലനിന്നു കാണുന്ന ഒന്നത്രേ ഈ പോംപിസ്തംഭം പോംപിയുടെ പേരിനോടു ബന്ധപ്പെടുത്തിപ്പറയുന്നുണ്ടെങ്കിലും ഈ സ്തംഭം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ സ്മാരകമായി എ.ഡി. നാലാം ശതകത്തില്‍ നിര്‍മിച്ചതാണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്.

സ്തംഭത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും ഓരോ സ്ഫിങ്ങ്ക്‌സ് പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒന്ന് ആണും, മറ്റേത് പെണ്ണും. പെണ്‍സ്ഫിങ്ങ്ക്‌സിന്റെ മൂക്ക് ഉടഞ്ഞു വികൃതമായിക്കാണുന്നു. ദേവന്മാരുടേയും ദേവിമാരുടേയും ചില ശിലാപ്രതിമകള്‍ തല വേര്‍പെട്ട് അവയവങ്ങള്‍ തകര്‍ന്ന നിലയില്‍ അവിടവിടെ കിടന്നിരുന്നു. പഴയ കൊട്ടാരത്തിന്റെ ചില അവശിഷ്ടങ്ങളും ഞങ്ങള്‍ കാണുകയുണ്ടായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുപയോഗിച്ച കല്ലും കുമ്മായവും ഞങ്ങള്‍ കൈകൊണ്ടു തൊട്ടുനോക്കി.

പഴയകാലത്തെ ഗ്രന്ഥശാല

പുരാതന കാലത്തെ ഗ്രന്ഥശാലകളായിരുന്ന, നിലയറകളിലേക്കാണ് പിന്നെ ഞങ്ങള്‍ നീങ്ങിയത്. ഭൂഗര്‍ഭത്തില്‍ പ്രാക്കൂട്ടിന്റെ ദ്വാരങ്ങള്‍പോലെയുള്ള കൊച്ചു കൊച്ചു അറകളിലായിരുന്നു പപ്പൈരസ്സ് ഗ്രന്ഥങ്ങള്‍ നിക്ഷേപിച്ചിരുന്നത്. പൂര്‍വകാലങ്ങളിലെ ഏറ്റവും വലിയ ഗ്രന്ഥശേഖരമായിരുന്നു അലക്‌സാന്ദ്രിയയിലെ ലൈബ്രറി. ടോളമി ഒന്നാമന്‍ സോട്ടേര്‍ സ്ഥാപിച്ച ഈ സരസ്വതീമന്ദിരം അദ്ദേഹത്തിന്റെ പുത്രന്‍ വളര്‍ത്തിക്കൊണ്ടുവന്നു.

ടോളമി ഡെമീട്രിയസ്സ് ഫാലേറിയസ്സിന്റെ കാലത്ത് ഈ ലൈബ്രറിയില്‍ 50,000 പുല്‍ക്കടലാസ്സുചുരുള്‍ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്നു. ഈ സ്ഥാപനം അതിന്റെ പ്രതാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന കാലത്ത്- അരിസ്റ്റോഫേനിസ്സ്, കാലിമാച്ചസ്സ് മുതലായവരുടെ കാലഘട്ടം-ഇവിടെ ഇരട്ടപ്പകര്‍പ്പുകളടക്കം ആകെ ഏഴു ലക്ഷത്തിലേറെ കൈയെഴുത്തുപ്രതികളാണുണ്ടായിരുന്നുവത്രെ.

റോം, ഗ്രീസ്, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിജ്ഞാനീയങ്ങള്‍ മുഴുവനും സൂക്ഷിച്ചിരുന്നത് മ്യൂസിയത്തിലായിരുന്നു. ജൂലിയസ് സീസറുടെ അലക്‌സാന്ദ്രിയാ ആക്രമണത്തിന്റെ ബഹളത്തില്‍ മ്യൂസിയത്തിലെ ഈ ഗ്രന്ഥശേഖരം എങ്ങനെയോ തീപ്പിടിച്ചു നശിച്ചുപോയി. പക്ഷേ, പിന്നീട്, പെര്‍ഗാമൂം എന്ന പണ്ഡിതന്റെ രണ്ടു ലക്ഷത്തോളം ഗ്രന്ഥങ്ങളടങ്ങിയിരുന്ന ഒരു കൂറ്റന്‍ ലൈബ്രറി ക്ലിയോപാട്രയുടെ അപേക്ഷപ്രകാരം മാര്‍ക്ക് ആന്റണി മ്യൂസിയത്തിലേക്കു സംഭാവന ചെയ്യുകയുണ്ടായി.

ലൈബ്രറിയുടെ മറ്റെ വിഭാഗം ജൂപ്പിറ്റര്‍ ദേവാലയമായ സെറാപ്യൂമില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരുന്നു. മഹാനായ തിയോഡോഷ്യസിന്റെ കാലംവരെ ആ അമൂല്യഗ്രന്ഥം അവിടെത്തന്നെയുണ്ടായിരുന്നു. പിന്നെ ആ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിലെ ഹീന ദേവലായങ്ങള്‍ മുഴുവനും നശിപ്പിക്കാന്‍ സമ്മതം മൂളിയതിനെത്തുടര്‍ന്നു ചുട്ടെരിക്കപ്പെട്ട കൂട്ടത്തില്‍ സെറാപ്യൂസ് ദേവാലയവും പെട്ടു. എ.ഡി. 391-ല്‍ ഒരു കൂട്ടം ക്രിസ്തീയ മത ഭ്രാന്തന്മാര്‍ ജൂപ്പിറ്റര്‍ ദേവാലയത്തിനു തീക്കൊളുത്തിയപ്പോള്‍ അതിന്നുള്ളിലെ അമൂല്യഗ്രന്ഥശേഖരവും അഗ്നിക്കിരയായി!

കാലാവസ്ഥ

ലോകത്തിലെ ഏറ്റവും നല്ല സ്ഥിരമായ കാലാവസ്ഥ അലക്‌സാന്ദ്രിയയിലാണെന്നു പറയുന്നു. എന്റെ അനുഭവവും അങ്ങനെത്തന്നെയാണ്. കയ്‌റോവിലായിരുന്നപ്പോള്‍ കഠിനമായ ചൂടുകൊണ്ട് എന്റെ മൂക്കിന്റെ തൊലി പൊളിഞ്ഞു, പിന്നെ ആ ഭാഗം കരുവാളിച്ച് ആകെ വികൃതമായിത്തീര്‍ന്നിരുന്നു. എന്നാല്‍, അലക്‌സാന്ദ്രിയയിലെത്തി ഒരു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മൂക്കു മുന്‍ സ്ഥിതിയിലായി. മുഖത്തെ തൊലിക്കും ഒരു നിറ വ്യത്യാസം വന്നു. സമുദ്ര സാമീപ്യമായിരിക്കാം അലക്‌സാന്ദ്രിയയ്ക്ക് ആരോഗ്യപരമായ അഭികാമ്യത നേടിക്കൊടുത്തത്.

അലക്‌സാന്ദ്രിയ!

എന്തൊരാകര്‍ഷകമായ പേര്. പേരുച്ചരിക്കുമ്പോള്‍ ഒരു നര്‍ത്തകിയുടെ കാല്‍ച്ചിലങ്കകിലുക്കം കേള്‍ക്കുംപോലെയില്ലേ? കൗമാരകാലം മുതല്‍ക്കേ എന്റെ അന്തരംഗത്തില്‍ കൗതുക സ്വപ്‌നങ്ങളണിയിച്ച ഒരു പേരാണ് അലക്‌സാന്ദ്രിയ. പിന്നീട് ക്ലിയോപാട്രയെപ്പറ്റി വായിക്കുകയും പഠിക്കുകയും ചെയ്തപ്പോള്‍ അലക്‌സാന്ദ്രിയയോടുള്ള അനുരാഗം വര്‍ദ്ധിച്ചു. എന്റെ ആരാധനാപാത്രമായ ക്ലിയോപാട്രയുടെ നഗരിയാണ് അലക്‌സാന്ദ്രിയ. ആ അത്ഭുതനഗരിയില്‍ ഒന്നു കാലുകുത്താന്‍ കഴിഞ്ഞുവെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

എന്നാല്‍, ഇവിടെയെത്തിയപ്പോള്‍, ഇവിടുത്തെ സ്ഥലങ്ങളും കാഴ്ചകളും കണ്ടുതീര്‍ത്തപ്പോള്‍ പുളിച്ച നിരാശതയാണനുഭവപ്പെട്ടത്. അഴുക്കും ദുര്‍ഗന്ധവും കച്ചവടത്തിരക്കും കൊണ്ടലങ്കോലപ്പെട്ട ഒരലക്‌സാന്ദ്രിയയാണ് ഇന്ന് നിങ്ങളെ എതിരേല്‍ക്കുന്നത്. 'ക്ലിയോപാട്രയുടെ മോതിരക്കല്ലുകള്‍' എന്നു പറഞ്ഞുകൊണ്ടു തെരുവില്‍ കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന അറബി നിങ്ങളെ സമീപിക്കുമ്പോള്‍ മാത്രമേ വിശ്വമോഹിനിയായ ക്ലിയോപാട്രയുടെ പേര്‍ നിങ്ങള്‍ കേള്‍ക്കുകയുള്ളൂ. (വണ്ടിന്റെ രൂപത്തില്‍ ചെത്തിയുണ്ടാക്കിയ ഒരു തരം നീലക്കല്ലാണ് ക്ലിയോപാട്രയുടെ മോതിരക്കല്ല്- ഇതിനു സ്‌ക്കാരബ്ബ് (ടരമൃമയ) എന്നു പറയും).

18-ാം വയസ്സില്‍ ട്രോളമി രാജവംശപരമ്പരയിലെ ഏഴാമത്തെ കിരീടമണിഞ്ഞ ക്ലിയോപാട്ര മഹാറാണി, മാറില്‍ ഒരു കൊമ്പന്‍ അണലിസര്‍പ്പത്തെക്കൊണ്ടു കടിപ്പിച്ചു മരണം വരിച്ചിട്ട് 1980 സംവത്സരങ്ങള്‍ കഴിഞ്ഞു. ക്ലിയോപാട്രയുടെ അലക്‌സാന്ദ്രിയ സഹസ്രാബ്ദങ്ങളിലെ സ്വപ്‌ന തരംഗങ്ങളില്‍ അന്തരിച്ചുപോയി. ക്ലിയോപാട്രയുടെ ശവകുടീരം എവിടെയാണെന്ന് ഇന്നേവരെ അറിവായിട്ടില്ല. മരണത്തിനുശേഷം രണ്ടായിരമാണ്ടുകള്‍ കഴിഞ്ഞിട്ടും, ആ വിചിത്രവനിത ചരിത്രകാരന്മാരേയും ആരാധകന്മാരേയും വഞ്ചിച്ചുകൊണ്ട് എവിടെയോ ഒളിഞ്ഞിരിക്കുന്നു.

ലോകചരിത്രത്തിലെ വനിതകളില്‍ ഒരത്ഭുതസൃഷ്ടിതന്നെയായിരുന്നു ക്ലിയോപാട്ര. ക്ലിയോപാട്രയെപ്പറ്റി പറയുമ്പോള്‍ ഒരു പരമാര്‍ത്ഥം പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു. അവള്‍ ഒരു പ്രകാരത്തിലും ഈജിപ്തുകാരിയായിരുന്നില്ല. അവള്‍ മാസിഡോണിയന്‍ വെള്ളക്കാരിയായിരുന്നു. ക്ലിയോപാട്രയുടെ ദേഹപ്രകൃതിയെപ്പറ്റി ഊഹിച്ചെടുക്കുകയേ നിര്‍വാഹമുള്ളൂ. എങ്കിലും ചില നിഗമനങ്ങള്‍ ശരിയായിരിക്കും. അധികം ഉയരമില്ലാത്ത, കൃശമല്ലാത്ത, എന്നാല്‍ തെല്ലൊന്നുരുണ്ട-വെളുത്ത തൊലിനിറമുള്ള ശരീരം കറുത്ത തലമുടി-നീലക്കരിമിഴികള്‍, നീണ്ട അറ്റംവളഞ്ഞ നാസിക. എങ്ങനെ ആകപ്പാടെ സുന്ദരിയെന്നു പറയാമെങ്കിലും, സൗന്ദര്യം പൂര്‍ണ്ണത പ്രാപിക്കാത്ത ഒരു പ്രമദയായി നമുക്കവളെ സങ്കല്പിക്കാം.

ക്ലിയോപാട്രയുടെ നാട്ടില്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അവളുടെ ദേഹം ലഘുവായിരുന്നു. ഒരു പരിചാരകന്‍ പായില്‍ ചുരുട്ടിക്കൂട്ടി ചുമലില്‍ വെച്ചുകൊണ്ടാണല്ലോ സീസര്‍ ചക്രവര്‍ത്തിയുടെ തിരുമുമ്പിലേക്ക് അവളെ കള്ളക്കടത്തു നടത്തിയത്. ഡയോണ്‍ കേഷ്യസ്സ് ക്ലിയോപാട്രയെപ്പറ്റി പറയുന്നു: 'എത്ര കിട്ടിയാലും തൃപ്തിവരാത്തതായിരുന്ന അവളുടെ ധനമോഹം-ആര്‍ക്കും ശമിപ്പിക്കാന്‍ കഴിയാത്തതായിരുന്നു അവളുടെ കാമം.' എന്നാല്‍ ഇത്രയേറെ സിദ്ധികളോടുകൂടിയ മറ്റൊരു സ്ത്രീ ലോകത്തില്‍ ഇന്നേവരെ പിറന്നിട്ടില്ല, എന്നും പറയേണ്ടിയിരിക്കുന്നു.

അവള്‍ക്കു നാനാ ഭാഷകള്‍ വശമുണ്ടായിരുന്നു. എത്യോപ്യക്കാരോടും സിറിയക്കാരോടും ട്രോഗ്ലോ ഡൈറ്റുകളോടും ഹീബ്രുക്കളോടും അറബികളോടും മീദുക്കളോടും പാര്‍ത്ഥിയക്കാരോടും എല്ലാം അവള്‍ അവരുടെതന്നെ ഭാഷകളിലാണ് സംഭാഷണം ചെയ്തിരുന്നത്.
ശബ്ദമാധുരിയായിരുന്നു ക്ലിയോപാട്രയുടെ വേറൊരു വശീകരണ സിദ്ധി.

ഇല്ലതാന്‍ ചെകുത്താന്റെയാവനാഴിയില്‍ച്ചിത്തം
വെല്ലുവാന്‍ സ്വരത്തെക്കാള്‍ ശക്തമാമസ്ത്രം വേറെ...

(ഒരു പഴയ ഇംഗ്ലീഷ് കവിത)

എന്നു പറഞ്ഞതുപോലെ, ശരീരസൗകുമാര്യം കൊണ്ടു നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാരീരവീര്യംകൊണ്ട് അവള്‍ കാര്യം നേടും. അവള്‍ സീസറുടെ പത്‌നിയെന്ന നിലയില്‍ത്തന്നെ കുറെ വര്‍ഷങ്ങള്‍ കഴിച്ചു. (സീസര്‍ അവളെ റോമാചക്രവര്‍ത്തിനിയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ എന്തോ!)-സീസര്‍ വധിക്കപ്പെട്ടതിനുശേഷം അവള്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിച്ചു. ആന്റണിയുടെ അന്ത്യംവരെ അവനോടൊത്തു സുഖിച്ചു.

അവള്‍ നാലു സന്താനങ്ങളുടെ മാതാവായിരുന്നു-ഒരു മാതൃകാ മാതാവുതന്നെ. ധൈര്യംപോലെ തന്നെ ക്രൗര്യവും ക്ലിയോപാട്രയുടെ സഹജ സ്വഭാവമായിരുന്നു. സഹോദരിയായിരുന്ന അര്‍സീനോവിനെ വധിക്കാന്‍ അവള്‍ വഴിയൊരുക്കിക്കൊടുത്തു. സഹോദരന്‍ ടോളമി പതിനഞ്ചാമന്‍ കൗമാരത്തില്‍ തന്നെ കഥാവശേഷനായത് അവള്‍ കാരണമാണത്രേ. തനിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ ഒരാളെപ്പോലും അവള്‍ കശാപ്പു ചെയ്യാതെ വിട്ടിട്ടില്ല.

അവള്‍ മാരക വിഷങ്ങളുടെ വീര്യം പരീക്ഷിച്ചിരുന്നതു തടവുകാരുടെ ദേഹത്തിലായിരുന്നു. ബലിഷ്ഠകായരായ നീഗ്രോ അടിമകളെ വിഷം കുടിപ്പിച്ചു. ഉഗ്രസര്‍പ്പങ്ങളെക്കൊണ്ടു കടിപ്പിച്ച് അവര്‍ മരണവേദനകൊണ്ടു പിടയുന്നതു നോക്കി അവള്‍ വിനോദിച്ചു. കാര്‍കൂന്തലില്‍ വിഷംതേച്ച വെള്ളപ്പൂക്കളണിഞ്ഞുകൊണ്ടു പുതിയ കാമുകരെ ഉറക്കറയിലേക്ക് ക്ഷണിച്ചുവരുത്തി. ആശ്ലേഷിച്ച്, വിഷത്തിന്റെ മോഹനിദ്രയില്‍ മയങ്ങുന്ന ആ പാവങ്ങളെ തന്റെ കരിനീലത്തലമുടിക്കയര്‍ കൊണ്ടു കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചുകൊല്ലുന്നതും അവളുടെ ഒരു കളിയായിരുന്നു. ചോരച്ചൂടോടുകൂടിയ നരമാംസം അരിഞ്ഞിട്ടു കൊടുത്തു തീറ്റി വളര്‍ത്തിയ ആരല്‍മത്സ്യങ്ങളായിരുന്നു അവളുടെ പ്രിയപ്പെട്ട- സ്വാദിഷ്ഠമായ- ആഹാരം.

അവള്‍ നല്ല നര്‍മബോധം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഭര്‍ത്താവായ ആന്റണിയുടെ കൂടെ അവള്‍ തടാകത്തില്‍ ചൂണ്ടലിട്ടു മീന്‍പിടിക്കാന്‍ പോയപ്പോള്‍ അവള്‍ മുങ്ങല്‍ക്കാരനായ ഒരു അടിമയെ മുന്‍കൂട്ടി ശട്ടം ചെയ്ത് ഒരു പണിപറ്റിച്ചു: തന്റെ ചൂണ്ടലില്‍ ഒരു മീന്‍ കുടുങ്ങിയതായി അറിഞ്ഞു ആന്റണി പെരുത്ത പ്രതീക്ഷയോടെ ചൂണ്ടല്‍ പൊക്കി നോക്കിയപ്പോള്‍ ചൂണ്ടലില്‍ കുടുങ്ങിയിരിക്കുന്നു ഒരൂക്കന്‍ ഉണക്കമീന്‍! വിഡ്ഢിയാക്കപ്പെട്ട ആന്റണിയെ നോക്കി എല്ലാവരും പൊട്ടിച്ചിരിച്ചു. അവള്‍ അസാമാന്യമായ സൂത്രശാലിനിയുമായിരുന്നു. ഒരിക്കല്‍ അവളും സീസര്‍ ചക്രവര്‍ത്തിയും തമ്മില്‍ ഒരു വാതു നടന്നു:- ഈജിപ്തിലെ മഹാറാണിയും റോമാചക്രവര്‍ത്തിയും എന്ന നിലകളില്‍ത്തന്നെ-കൂടുതല്‍ ചെലവുവരുന്ന ഒരു നേരത്തെ ഭക്ഷണം ആര്‍ക്കാണ് ഒരുക്കാന്‍ കഴിയുക എന്നായിരുന്നു പന്തയം. നാനാ വിഭവസമൃദ്ധമായ ഒരു വിരുന്നു റോമാചക്രവര്‍ത്തി തരപ്പെടുത്തി. പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു. അതു ലളിതമായിരുന്നു. എന്നാല്‍, വിരുന്നിലെ പാനീയം വിലമതിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. മഹാറാണി തന്റെ കര്‍ണ്ണാഭരണത്തിലെ അമൂല്യമായ, മുത്ത് എടുത്ത് സുര്‍ക്കയില്‍ അലിയിച്ച് റോമാചക്രവര്‍ത്തിക്കു കുടിക്കാന്‍ കൊടുത്ത് പന്തയം ജയിച്ചു.

അര്‍ദ്ധരാത്രി വേഷപ്രച്ഛന്നയായി നഗരവീഥിയില്‍ വിഹരിക്കുന്നതും കണ്ടവരുടെ വീടുകളില്‍ ചെന്നുകേറി വാതിലില്‍ മുട്ടി ആളുകളെ വിളിച്ചുണര്‍ത്തി അവര്‍ വാതില്‍ തുറക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി മറയുന്നതും അവളുടെ പ്രിയപ്പെട്ട നിശാവിനോദങ്ങളില്‍പ്പെട്ട ഒരു പരിപാടിയായിരുന്നു. അങ്ങനെയുള്ള ക്ലിയോപാട്ര മഹാറാണിയുടെ നഗരമായിരുന്നു അലക്‌സാന്ദ്രിയ.

പഴയ കാലത്തെ അലക്‌സാന്ദ്രിയ

മദ്ധ്യധരണ്യാഴിയുടെയും മാര്യുത്തു തടാകത്തിന്റെയും ഇടയില്‍ കിടക്കുന്ന ഒരു സ്ഥലവിഭാഗമാണ് അലക്‌സാന്ദ്രിയ. (അറബ്ബില്‍ 'അല്‍-ഇസ്‌കന്ദരീയ') ബി.സി. 332-ലാണ് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇവിടെ ഈ നഗരം സംവിധാനം ചെയ്തത്.ഈജിപ്തില്‍ ഭരണം നടത്തിയ ടോളമി രംജവംശത്തിലെ ഒടുവിലത്തെ കിരീടമണിഞ്ഞതു ക്ലിയോപാട്രയായിരുന്നു. 'വംശത്തിന്റെ കീര്‍ത്തി' എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം ഹ്യറോഗ്ലീഫിക്ക് ലിപിയില്‍ ഇതിന്റെ ശരിയായ ഉച്ചാരണണം 'കളിയോപാദ്ര' എന്നാണത്രെ.

ടോളമി രാജവംശം

മഹാനായ അലക്‌സാണ്ടറുടെ മാസിഡോണിയന്‍ സൈന്യാധിപന്മാരിലൊരാളായിരുന്ന ലാഗസ്സിന്റെ പുത്രന്‍ ടോളമി ബി.സി. മൂന്നാം ശതകത്തിന്റെ പ്രാരംഭത്തില്‍ സ്ഥാപിച്ചതാണ് ടോളമി രാജവംശം (അലക്‌സാണ്ടറുടെ മരണത്തെത്തുടര്‍ന്ന് ലാഗസ്സ് ഈജിപ്ത് പ്രവിശ്യ പിടിച്ചടക്കുകയും അവിടത്തെ രാജാവായി സ്വയം പ്രഖ്യാപനം നടത്തുകയുമാണുണ്ടായത്) സമുദ്രക്കരയില്‍ പുതുതായി നിര്‍മിച്ച നഗരമായ അലക്‌സാന്ദ്രിയയെ അദ്ദേഹം തലസ്ഥാനമായംഗീകരിക്കുകയും ചെയ്തു.

രണ്ടര നൂറ്റാണ്ടോളം കാലം ടോളമി രാജവംശം ഈജിപ്തിന്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ചുപോന്നു. അവസാനമായപ്പോഴേക്കും അവര്‍ ഈ രാജ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം കാണിക്കാതായി. ഒരുതരം അനാസ്ഥയിലാണ് ഭരണം നടന്നുകൊണ്ടിരിക്കുന്നത്. പിന്നെ ക്ലിയോപാട്രയുടെ കാലത്തു കുറഞ്ഞൊന്നു കത്തിജ്ജ്വലിച്ച് ഒടുവില്‍ മഹാറാണി ക്ലിയോപാട്രയുടെയും അവളുടെ പുത്രന്‍ സിസേറിയോണ്‍ എന്നു വിളിക്കപ്പെടുന്ന ടോളമി പതിനാറാമന്റെയും മരണത്തോടുകൂടി ആ രാജവംശനാടകത്തിന്റെ തിരശ്ശീല വീഴുകയും ചെയ്യുന്നു.

എസ്.കെ.പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

ഈജിപ്തിന്റെ സമുദ്രതീരത്തു സ്ഥാപിച്ച ഒരു മാസിഡോണിയന്‍ കോളണി എന്ന നിലയിലാണ് ടോളമികള്‍ അലക്‌സാന്ദ്രിയയെ വീക്ഷിച്ചിരുന്നത്. ഈജിപ്തിന്റെ തുരുത്തു പ്രദേശങ്ങളുമായോ നൈല്‍ നദീ താഴ്‌വാരങ്ങളുമായോ ആ കോളണിക്കുള്ള ബന്ധം ദുര്‍ബലമായിരുന്നു. നഗരത്തിന് ഗ്രീക്ക് മുഖച്ഛായയാണുണ്ടായിരുന്നത്. ദേവാലയങ്ങളും പൊതു സ്ഥാപനങ്ങളുമൊക്കെ, ഗ്രീക്ക് മാതൃകയിലാണ് പണിചെയ്തിരുന്നത്. സാഹിത്യാദി കലകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. ജനങ്ങളില്‍ മേലേക്കിടയിലുള്ളവരുടെ വസ്ത്രധാരണം ഗ്രീക്ക് രീതിയിലായിരുന്നു. അവര്‍ സംസാരിച്ചിരുന്ന ഭാഷയും ഗ്രീക്ക് തന്നെ- മാസിഡോണിയന്‍ ഉച്ചാരണരീതിയോടു കൂടിയ ഗ്രീക്ക്. ടോളമി രാജാക്കന്മാര്‍ ഈജിപ്ഷ്യന്‍ മട്ടില്‍ വസ്ത്രധാരണം ചെയ്തതായി അറിവില്ല. ചില ദേശീയോത്സവ വേളകളിലും മതപരമായ ചില ചടങ്ങുകള്‍ നിര്‍വഹിക്കേണ്ടി വരുമ്പോഴും അവര്‍ ഈജിപ്ഷ്യന്‍ വേഷം കെട്ടിയിട്ടുണ്ടാവാം.

എ.ഡി. ഒന്നാം ശതകത്തില്‍ അലക്‌സാന്ദ്രിയയില്‍ മൂന്നു ലക്ഷം സ്വതന്ത്രജനങ്ങളും (പൗരന്മാര്‍) ആയിരക്കണക്കില്‍ അടിമകളും ഉണ്ടായിരുന്നു. നഗരത്തിന്റെ നാലിലൊരു ഭാഗം കയ്യടക്കിയിരുന്നതു ദേവാലയങ്ങളും കൊട്ടാരങ്ങളും പൊതു വിനോദസ്ഥാപനങ്ങളുമായിരുന്നു. റോമാക്കാരുടെ കാലത്തു സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരം അലക്‌സാന്ദ്രിയയായിരുന്നു.

ഖാലിഫ് ഓമന്‍ ഒന്നാമന്റെ സൈന്യാധിപനായിരുന്ന അമീര്‍-ഇബ്ബ്‌നു-ഉല്‍- ആസ്, എ.ഡി. 641-ല്‍ ഈ നഗരം കയ്യേറിപ്പിടിച്ചപ്പോള്‍ ഇവിടെ നാലായിരത്തോളം രാജധാനികളും അത്രതന്നെ സ്‌നാനഗൃഹങ്ങളും നാനൂറില്‍പ്പരം വിനോദശാലകളും ഉണ്ടായിരുന്നുവത്രെ. ശുദ്ധതൈല വ്യാപാരികളായി ഇവിടെ 12,000 ആളുകളുണ്ടായിരുന്നു- ജൂതന്മാരുടെ സംഖ്യയും വലുതായിരുന്നു: 40,000.

അന്നു നഗരത്തില്‍ രണ്ടു പ്രധാന വീഥികളുണ്ടായിരുന്നു. ഓരോന്നിന്റേയും വീതി 200 അടി, 'ജൂതന്മാരുടെ കേന്ദ്രം' സാധാരണക്കാര്‍ പാര്‍ക്കുന്ന 'റാക്കോട്ടി', രാജക്കൊട്ടാരങ്ങള്‍ നിലകൊള്ളുന്ന 'ബ്രഷിയോന്‍' അങ്ങനെ നഗരത്തെ മൂന്നായി വിഭജിച്ചിരുന്നു.

ദീപസ്തംഭം

അക്കാലത്ത് അലക്‌സാന്ദ്രിയയിലെ മുഖ്യമായ കാഴ്ച ദീപസ്തംഭമായിരുന്നു. ടോളമി ഫിലേഡല്‍ ഹ്യൂസിന്റെ കാലത്ത്- ക്ലിയോപാട്രയുടെ കാലത്തിന്റെ രണ്ട് ശതാബ്ദം മുമ്പ്- ഫാറോസ് തുരുത്തില്‍ വെണ്ണക്കല്ലിന്റെ 590 അടി പൊക്കത്തില്‍ കെട്ടിയുയര്‍ത്തിയ ഈ വിളക്കുമാടം പഴയകാലത്തെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടിരുന്നു.

ദീപസ്തംഭം നാട്ടിയ ഫാറാസ് തുരുത്ത് ഒരു മൈല്‍ നീളമുള്ളതും, 'ഹെപ്പ്ടാസ്റ്റേഡിയം' എന്നു വിളിച്ചിരുന്നതുമായ ഒരു സേതുവിനാല്‍ നഗരവുമായി സംയോജിപ്പിക്കപ്പെട്ടിരുന്നു. പകല്‍ ഇളം നീലിമയുടെ പശ്ചാത്തലത്തില്‍ ധവളാഭമായ വലിയൊരു ആശ്ചര്യചിഹ്നം പോലെ വിലസിയിരുന്ന വിസ്മയാവഹമായ ഈ വിളക്കുമാടം സന്ധ്യ മുതല്‍ പ്രഭാതം വരെ സമുദ്രത്തില്‍ 300 സ്റ്റേഡിയം (34 മൈല്‍) ദൂരത്തോളം പ്രകാശം വീശിയിരുന്നുവത്രെ.
ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രമായ 'സെറാപ്യൂം', 'മ്യൂസിയം' (ആചാര്യന്മാര്‍, പണ്ഡിതന്മാര്‍, കവികള്‍ മുതലായ ബുദ്ധിജീവികളെ സ്റ്റേറ്റ് ചെലവില്‍ സംരക്ഷിച്ചുപോരുന്ന ഒരു സ്ഥാപനമായിരുന്നു മ്യൂസിയം), 'സീസേറിയം' മുതലായവയായിരുന്നു അലക്‌സാന്ദ്രിയയിലെ മറ്റു ചില കാഴ്ചകള്‍.

സീസേറിയത്തിനു സമീപം 'ക്ലിയോപാട്രയുടെ സൂചികള്‍' എന്നു വിളിക്കപ്പെടുന്ന അറ്റം കൂര്‍ത്ത രണ്ടു കൂറ്റന്‍ അരുണ ശിലാസ്തംഭങ്ങള്‍ നാട്ടിയിരുന്നു. (ഇവയില്‍ ഒരെണ്ണം 1878-ാമാണ്ടില്‍ ലണ്ടനിലേക്കു കൊണ്ടുപോയി. അവിടെ ഒരു തെരുവില്‍ പുനഃപ്രതിഷ്ഠ നടത്തിയിരിക്കയാണ്. മറ്റേ സ്തംഭം 1881-ല്‍ ന്യൂയോര്‍ക്കിലേക്കു കടത്തിക്കൊണ്ടുപോയി ആ നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നാട്ടിയിരിക്കയാണ്.)

പൗരസ്ത്യരാജ്യങ്ങളുമായുള്ള വ്യാപാരങ്ങളുടെ ഒരു സിരാകേന്ദ്രമായിരുന്നു അലക്‌സാന്ദ്രിയ. വാണിജ്യപരമായ പ്രാധാന്യത്തിന്നു പുറമെ ഈ നഗരം വിജ്ഞാനത്തിന്റെയും സാഹിത്യാദികലകളുടെയും രക്ഷാകര്‍ത്തൃത്വം കൂടി വഹിച്ചിരുന്നു. ഒന്നാം ശതകത്തില്‍ ക്രിസ്തുമതം ഇവിടെ കടന്നുകൂടി. ക്രിസ്തീയാധ്യാത്മിക പഠനങ്ങളുടെ ആസ്ഥാനമായിത്തീര്‍ന്നു അലക്‌സാന്ദ്രിയ- ആര്യമതവും ഇവിടെ അലയടിച്ചുകൊണ്ടിരുന്നു. മതപരമായ മാത്സര്യങ്ങളും സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും നടന്നുകൊണ്ടിരുന്നു. എന്നാല്‍ എ.ഡി. മൂന്നാം ശതകത്തോടുകൂടി എല്ലാറ്റിനും ഒരു മാന്ദ്യം സംഭവിച്ചു. പിന്നെ അറബികളുടെ ആക്രമണവും 1497-'98 കാലത്ത് ഇന്ത്യയിലേക്ക് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയായി പുതിയൊരു കപ്പല്‍മാര്‍ഗ്ഗം കണ്ടുപിടിച്ചതും അലക്‌സാന്ദ്രിയയുടെ ആലസ്യം വര്‍ധിപ്പിക്കാനിടയായി.

പിന്നെ നഗരം ഒട്ടൊന്നുണര്‍ന്നതു 300 വര്‍ഷങ്ങള്‍ക്കു ശേഷം 1798-ലാണ്. നെപ്പോളിയന്‍ ചക്രവര്‍ത്തി അലക്‌സാന്ദ്രിയ നഗരം പടവെട്ടിപ്പിടിച്ചപ്പോള്‍- ഫ്രഞ്ചുകാരുടെ ആധിപത്യം 1801-മാണ്ടുവരെ തുടര്‍ന്നു. 1801 മാര്‍ച്ച് 21- ന് സര്‍ റാല്‍ഫ് ആബെര്‍ ക്രോംപിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സേന ഫ്രഞ്ച് സേനയെ പരാജയപ്പെടുത്തി. അക്കൊല്ലം ആഗസ്ത് 31-ന് ഫ്രഞ്ചുകാര്‍ കീഴടങ്ങുകയും ചെയ്തു. പിന്നെ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മൊഹമ്മദാലിയുടെ ഭരണത്തില്‍ നഗരം തെല്ലൊന്ന് അഭിവൃദ്ധിപ്പെടുകയുണ്ടായി. 1863-ല്‍ സെയ്തുപാഷയുടെ മരണംവരെ അലക്‌സാന്ദ്രിയ ഈജിപ്തിന്റെ തലസ്ഥാനമായി തുടര്‍ന്നു.

യൂറോപ്യനായ നയന്ത്രപ്രതിനിധികളും, ഉദ്യോഗസ്ഥന്മാരും കച്ചവടക്കാരും മറ്റും അക്കാലത്തു നഗരത്തില്‍ ധാരാളമുണ്ടായിരുന്നു. 1882-ല്‍ പൊട്ടിപ്പുറപ്പെട്ട ഒരു കലാപം കുറേയധികം വെള്ളക്കാരുടെ ജീവഹാനിക്കിടവരുത്തി. ആ കൂട്ടക്കൊലയെത്തുടര്‍ന്നു പ്രതികാരബുദ്ധിയോടെ ബ്രിട്ടണ്‍ രംഗത്തിറങ്ങി. അലക്‌സാന്ദ്രിയയുടെ നഗരകവാടമായിരുന്ന കോട്ട ബ്രിട്ടീഷ് നാവികപ്പട വെടിവെച്ചു തകര്‍ത്തുകളഞ്ഞു. അക്കൊല്ലം ആഗസ്ത് 10-നു ബ്രിട്ടീഷുകാര്‍ നഗരം കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ കുറെ കൊല്ലങ്ങളോളം ഈജിപ്തന്റെ ഭരണകാര്യങ്ങളില്‍ ബ്രിട്ടന്റെ നിയന്ത്രണം തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഈജിപ്ത് നിഷ്പക്ഷത പാലിച്ചുവെങ്കിലും ബ്രിട്ടീഷ് നാവികപ്പടയുടെ ഒരു പ്രധാന താവളമായിത്തീരുന്നതില്‍ നിന്നു ഒഴിവാകാന്‍ അലക്‌സാന്ദ്രിയയ്ക്കു സാധിച്ചില്ല.

അലക്‌സാന്ദ്രിയാ നഗരത്തിനു രണ്ടു തുറമുഖങ്ങളുണ്ട്- കിഴക്കെ തുറമുഖവും പടിഞ്ഞാറെ തുറമുഖവും. ഇവയില്‍ കിഴക്കെ തുറമുഖം വളരെ പഴയതും ആഴം കുറഞ്ഞതുമാണ്. ഇവിടെ ഇപ്പോള്‍ മീന്‍പിടുത്ത ബോട്ടുകളും പത്തേമ്മാരികളും മാത്രമെ അടുക്കാറുള്ളൂ. പടിഞ്ഞാറെ ഹാര്‍ബറില്‍ കൂറ്റന്‍ കപ്പലുകള്‍ക്കു അടുക്കാന്‍ കഴിയും. അലക്‌സാന്ദ്രിയാ നഗരത്തിന്റെ വിസ്തീര്‍ണം 95 ചതുരശ്രമൈലാണ്.

ഗോവിന്ദന്‍കുട്ടി ഞായറാഴ്ച വൈകുന്നേരം തന്നെ കയ്‌റോവിലേക്കു മടങ്ങിപ്പോയി. എനിക്കു യൂറോപ്പിലേക്കുള്ള കപ്പലും കാത്ത്, വെള്ളിയാഴ്ച വരെ അലക്‌സാന്ദ്രിയയില്‍ തങ്ങേണ്ടതായുംവന്നു. ഞാന്‍ നഗരത്തിന്റെ പലഭാഗങ്ങളിലും ഒറ്റയ്ക്കു ചുറ്റിയടിച്ചു. റോഡുകളും തെരുവുകളും വൃത്തികെട്ടവയാണെങ്കിലും, അലക്‌സാന്ദ്രിയയിലെ പാര്‍ക്കുകളുടെ വിസ്തീര്‍ണവും വര്‍ണപ്പൊലിമയും എന്നെ പ്രത്യേകം ആകര്‍ഷിച്ചു. പല കോലങ്ങളില്‍ വളരുന്ന ആഫ്രിക്കന്‍ അലങ്കാരപ്പനകള്‍ പാര്‍ക്കുകള്‍ക്കു കലാപരമായൊരു വൈചിത്ര്യം ചാര്‍ത്തുന്നു. അല്പം ശുദ്ധവായുവും ശാന്തിയും അനുഭവിക്കണമെങ്കില്‍ ഈ പാര്‍ക്കുകളെത്തന്നെ ശരണം പ്രാപിക്കണം. റൊമാന്‍സുകള്‍ക്കും ഇവ രംഗങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.

തിങ്കളാഴ്ച വൈകുന്നേരം ഞാന്‍ മൊഹമ്മദലിത്തെരുവില്‍ നിന്നു മധ്യധരണ്യാഴിയിലെ സ്റ്റാന്‍ലിബേ എന്ന സ്ഥലത്തേക്കു ബസ്സില്‍ സഞ്ചരിച്ചു. മധ്യധരണ്യാഴിയിലൂടെ പണിത 6 മൈല്‍ നീളമുള്ള കടല്‍ത്തിണ്ണയെ തൊട്ടുരുമ്മിക്കൊണ്ടാണ് ഈ പാത പോകുന്നത്. ആ യാത്ര വളരെ ഉന്മേഷപ്രദമായിരുന്നു. നീല നീരാഴിയിലെ പത്തേമ്മാരികളും പാവവഞ്ചികളും ആവിക്കപ്പലുകളും മീന്‍തോണികളുമെല്ലാം നോക്കിക്കൊണ്ട്, ബസ്സിലിരുന്നു സ്റ്റാന്‍ലിബേയിലെത്തിയത് അറിഞ്ഞില്ല.

ഒരു സമുദ്രസ്‌നാന കേന്ദ്രമാണ് സ്റ്റാന്‍ലിബേ ബീച്ച്. ഇവിടെ വിനോദസഞ്ചാരികള്‍ക്കു വേണ്ടി വലിയ ഹോട്ടലുകള്‍ പണിതിട്ടുണ്ട്.
ഞാന്‍ കടപ്പുറത്തെ പഞ്ചാരമണല്‍പ്പരപ്പില്‍ കാറ്റുമേറ്റു കുറെനേരം ഇരുന്നു. ആറു മണിക്കു സൂര്യന്‍ മധ്യധരണ്യാഴിയില്‍ മുങ്ങിമറയുന്ന കാഴ്ചയും കണ്ടു. സന്ധ്യാനേരത്ത് ആകാശത്തിലെ വര്‍ണപ്പൊലിമ വിസ്മയാവഹമായിരുന്നു.

സ്റ്റാന്‍ലിബേയില്‍ നിന്നു കാല്‍നടയായിട്ടാണ് ഞാന്‍ അലക്‌സാന്ദ്രിയയിലെ മൊഹമ്മദലിത്തെരുവിലേക്കു മടങ്ങിയത്. ആറു മൈല്‍ ദൂരം നടന്നതറിഞ്ഞില്ല. എന്റെ ചിന്തകള്‍, അലക്‌സാന്ദ്രിയയുടെ പൂര്‍വ്വകാലങ്ങളില്‍- ക്ലിയോപാട്രയുടെ ജീവിതോത്സവ രംഗങ്ങളില്‍- അലയുകയായിരുന്നു. സീസറും ക്ലിയോപാട്രയും ഈ നീലനീരാഴിപ്പരപ്പില്‍, ഉല്ലാസനൗകകളില്‍ എന്തൊക്കെ പ്രേമരംഗങ്ങള്‍ ആടിയിട്ടുണ്ടാവാം. (അന്ന് സീസര്‍ 54 വയസ്സുള്ള കഷണ്ടിത്തലയനായ ഒരു പുതുകിഴവനായിരുന്നു.) സീസര്‍ വധിക്കപ്പെട്ടതില്‍പ്പിന്നെ ക്ലിയോപാട്ര തന്റെ പ്രേമനാടകങ്ങള്‍ മാര്‍ക്ക് ആന്റണിയുടെ മാറിലേക്കു മാറ്റി. വിരുന്നുകളും വിനോദയാത്രകളും മദിരോത്സവങ്ങളും മീന്‍പിടുത്ത മത്സരങ്ങളും പക്ഷിവേട്ടകളും നൃത്തനൃത്യ നാടകപരിപാടികളും പൊടിപൊടിച്ചു. മാന്ത്രിക സൗന്ദര്യം കൊണ്ട് അവള്‍ ആന്റണിയെ തന്റെ പുരികക്കൊടിക്കീഴില്‍ പിടിച്ചുനിറുത്തി... പക്ഷേ എല്ലാം അവസാനിപ്പിക്കേണ്ടിവന്നു. 39-ാം വയസ്സില്‍ തന്റെ ജീവിതത്തിന്റെ - ടോളമി രാജവംശത്തിന്റെയും- അന്ത്യം വരുത്താന്‍ ഒരണലിപ്പാമ്പിനെ അവള്‍ മാറത്തണച്ചു. അങ്ങനെ ടോളമി രാജവംശം അലക്‌സാന്ദ്രിയയില്‍വെച്ച് അസ്തമിച്ചു.*

* * *
ചൊവ്വാഴ്ച മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു ഞാന്‍, മൃഗശാലയും കിഴക്കെ ഹാര്‍ബറിന്നടുക്കലെ അക്വേറിയവും സന്ദര്‍ശിച്ചു. ഹോട്ടലില്‍വെച്ചു ഒരു നേരംപോക്കുണ്ടായി. ഞാന്‍ താഴെ നിലയില്‍നിന്നു ഭക്ഷണം (ചോറും റൊട്ടിയും അവരക്കറിയും സലാദും) കഴിച്ചു. പതിവുപോലെ പരിചയക്കാരനായ ബെയറര്‍ പതിനഞ്ച് പി.ടി. എന്റെ കൈയില്‍ നിന്നു വാങ്ങിക്കൊണ്ടുപോയി. ഞാന്‍ മുകളിലെ എന്റെ മുറിയിലിരിക്കുമ്പോള്‍ പുതിയൊരു ബെയറര്‍ വന്നു എന്നെ താഴെ വിളിച്ചുകൊണ്ടുപോയി, ഹോട്ടല്‍ മാനേജരില്‍നിന്നു പത്ത് പി.ടി. എനിക്കു മടക്കിത്തരുവിച്ചു.സംഗതി മനസ്സിലാവാതെ ഞാന്‍ പരുങ്ങി. പിന്നെയാണ് അക്കാര്യം ഗ്രഹിച്ചത്. ഭക്ഷണത്തിന്റെ ചാര്‍ജ്ജ് വെറും അഞ്ച് പി.ടി.യാണ്. പഴയ ബെയറര്‍ എന്റെ കൈയില്‍നിന്നു ഓരോ തവണയും പത്ത് പി.ടി. കൂടുതല്‍ അടിച്ചെടുക്കുന്നുണ്ടായിരുന്നു. ഭക്ഷണം റൂമില്‍ കൊണ്ടുവന്നുതരുമ്പോള്‍ പന്ത്രണ്ട് പി.ടി.യും!

മി. കൊയ്‌ലോ

അലക്‌സാന്ദ്രിയയില്‍ ഇന്ത്യയ്ക്ക് ഒരു ട്രേഡ് കമ്മീഷണര്‍ ഉണ്ടെന്ന് മുമ്പു സൂചിപ്പിച്ചിരുന്നുവല്ലോ. കയ്‌റോവിലെ ഇന്ത്യന്‍ എംബസിയുടെ ഒരുപകാര്യാലയമാണിത്. ഞാന്‍ ട്രേഡ് കമ്മീഷണറെ ഒന്നു സന്ദര്‍ശിച്ചു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കമ്മീഷണര്‍ മി. കൊയ്‌ലോ ചിരിച്ചുകൊണ്ടു
പറഞ്ഞു: 'ഞാനും കോഴിക്കോട്ടുകാരനാണ്.'
സ്വന്തം ദേശക്കാരനെ വളരെ സൗഹാര്‍ദ്ദത്തോടുകൂടിയാണ് അദ്ദേഹം സ്വീകരിച്ചത്.
മി. കൊയ്‌ലോവിനെക്കൊണ്ട് എനിക്ക് ചെറിയൊരു സഹായവും ആവശ്യമായിരുന്നു. എന്റെ ഒമ്പതു മാസത്തെ ആഫ്രിക്കന്‍ യാത്രയ്ക്കു ഞാന്‍ കൂടെ കരുതിയിരുന്ന ഉടുപ്പുകളും, പുസ്തകങ്ങളും ആഫ്രിക്കയില്‍നിന്നു സമ്പാദിച്ച കുറെ കൗതുകവസ്തുക്കളും മറ്റും നിറച്ച വലിയൊരു സ്റ്റീല്‍ ട്രങ്ക് യൂറോപ്യന്‍ യാത്രയില്‍ എനിക്ക് ഒഴിവാക്കേണ്ടിവന്നു. രോമവസ്ത്രങ്ങള്‍ നിറച്ച വലിയൊരു സൂട്ട്‌കേസ് മാത്രമെ യൂറോപ്യന്‍ യാത്രയില്‍ വേണ്ടിയിരുന്നുള്ളൂ. എന്റെ പത്തായംപോലത്തെ ആ ഇരുമ്പുപേടകം കപ്പല്‍മാര്‍ഗം കോഴിക്കോട്ടേക്ക് അയയ്ക്കാന്‍ ട്രേഡ് കമ്മീഷണറെ ഏല്‍പ്പിച്ചു.

അങ്ങനെ ആറു ദിവസം അലക്‌സാന്ദ്രിയയില്‍ ചെലവഴിച്ച്, ഏഴാം ദിവസം, 'എസ്.എസ്. പാച്ചേ' എന്ന ഇറ്റാലിയന്‍ കപ്പലില്‍ ഞാന്‍ നേപ്പിള്‍സിലേക്ക്- ഇറ്റലിയിലേക്ക്- യൂറോപ്പിലേക്ക്- പുറപ്പെട്ടു.

(ക്ലിയോപാട്രയുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍ നിന്ന്)