കേരളത്തിലെ സീനിയര്‍ ഓഫീസര്‍മാര്‍ സ്‌കൂളുകളിലും കോളേജുകളിലും വാര്‍ഷികം, മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനം, പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവയ്ക്കും മറ്റും പോകാറുണ്ട്. പക്ഷേ, ഞാന്‍ പ്രധാനമായും സ്‌കൂളുകളിലും കോളേജുകളിലും പോകുന്നത് കുട്ടികളുമായി സംസാരിക്കാന്‍വേണ്ടിയാണ്. ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ജോലി നോക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും എന്തുകൊണ്ടാണ് റോഡപകടങ്ങള്‍ കൂടുന്നത് എന്ന കാര്യം കുട്ടികളെ ബോധവത്കരിക്കാനായി ഇരുനൂറോളം സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇതിനെക്കാള്‍ കൂടുതല്‍ സ്‌കൂള്‍, കോളേജുകളില്‍ പോകാന്‍ സാഹചര്യം കിട്ടിയത് എക്സൈസ് കമ്മീഷണറായി ജോലി നോക്കുമ്പോഴാണ്. ഏകദേശം അറുനൂറോളം സ്‌കൂള്‍, കോളേജുകളില്‍ സന്ദര്‍ശനം നടത്തുകയും ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം നടത്തുകയും ചെയ്തു.
സ്‌കൂളുകളും കോളേജുകളും സന്ദര്‍ശിക്കുമ്പോള്‍ കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്കാറുണ്ട്. ഇതില്‍നിന്നും എനിക്ക് ആശ്ചര്യപ്പെടുത്തുന്ന ഒരുപാടു വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. കുട്ടികളെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍, മറ്റു കുട്ടികളെ തോല്പിച്ച് മുന്നില്‍ വരാന്‍ ടീച്ചര്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍, കുട്ടികളുടെ ചിന്തകളും മാനസികപിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളും, വീട്ടില്‍ സ്വസ്ഥതയില്ലാത്ത അന്തരീക്ഷം, ആരുമായും ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥ- ഇതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍വേണ്ടി മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും ചെന്നെത്തുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കുട്ടികളുമായി ബന്ധപ്പെട്ടു ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ഒരു പുസ്തകമെഴുതാന്‍ തീരുമാനിച്ചു. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും ശരിയായ രീതിയില്‍ നിര്‍ണയിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. കുടുംബാന്തരീക്ഷം ആരോഗ്യകരമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. സമ്മര്‍ദങ്ങളില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനും അവരുടെ ബാല്യകൗമാരങ്ങള്‍ ആസ്വദിക്കാനും കഴിയണം. അതിനൊന്നും സാധിക്കാതെവരുമ്പോഴാണ് ലഹരിയുടെ പ്രലോഭനങ്ങളില്‍ കുട്ടികള്‍ പെട്ടുപോകുന്നത്.

എല്ലാം നഷ്ടപ്പെട്ടശേഷം വിഷമിച്ചിട്ടു കാര്യമില്ല. വൈകുംമുന്‍പേ ചെയ്യേണ്ടതായ കാര്യങ്ങളുണ്ട്. അധ്യാപകരും കുട്ടികളും, പ്രത്യേകിച്ച് രക്ഷിതാക്കളും ജാഗ്രതയോടെ ചെയ്യേണ്ടതായ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് ഈ പുസ്തകത്തില്‍. എന്റെ ബാല്യകൗമാരങ്ങളെ ഇന്നത്തെ കുട്ടികളുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങള്‍- അതെല്ലാം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്. വളരെ ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ നോക്കിക്കാണുമെന്ന വിശ്വാസത്തോടെ.
ഋഷിരാജ് സിങ് ഐ.പി.എസ്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വൈകും മുന്‍പേ എന്ന പുസ്തകത്തിന് എഴുതിയ ആമുഖം
Content Highlights: Rishiraj Singh IPS New Malayalam book Mathrubhumi Books