ബുദ്ധദേബ് ദാസ് ഗുപ്ത| ഫോട്ടോ: കെ.കെ സന്തോഷ്
ഇത്രമേല്‍ മാറിയെന്നറിയുന്നത് എന്തത്ഭുതം.
ജനാലയില്‍ നിന്നു പുറത്തേക്കുനോക്കുമ്പോള്‍ കാണുന്നു,
നിറം മങ്ങിവിളറിയ ഒരു പഴയ ഗ്രഹം
ഒട്ടൊക്കെ വ്യാകുലം.
(ബുദ്ധദേബ് ദാസ്ഗുപ്തയുടെ ഒരു കവിതയില്‍ നിന്ന്)
കടുവാവേഷം കെട്ടി നൃത്തം ചെയ്യുന്ന കലാകാരനെക്കുറിച്ചുള്ള ബുദ്ധദേബ് ദാസ് ഗുപ്തയുടെ ചലച്ചിത്രത്തിലെ അവിസ്മരണീയമായ ഒരു രംഗം ഇങ്ങനെയാണ്:
നോന്‍പുര ഗ്രാമത്തില്‍ പുറത്തുനിന്നും സര്ക്കസ്സുകാര് വന്നുചേരുമ്പോള്‍ കടുവാവേഷക്കാരന് മാത്രമായ ഗുനുറാമിനെ കൈയ്യൊഴിഞ്ഞ് ഗ്രാമീണര്‍ കൂട്ടിലിട്ടിരിക്കുന്ന ജീവനുള്ള കടുവയെ കാണാനായി പോകുന്നു. ചെണ്ടക്കാരനായ സിബാല്‍ മുഴക്കുന്ന ഏകവാദ്യത്തിന്റെ തണുപ്പില്‍ ദുഃഖാകുലനായി പോകുകയായിരുന്നു അയാള്‍. മരങ്ങള്‍ അതിരുനില്ക്കുന്ന പാതയോരത്തുകൂടെ നടന്നുനീങ്ങുന്ന ഒരു പുലിവേഷം... തേങ്ങലുകള്‍ പോലെ ശബ്ദിക്കുന്ന ചെണ്ട.
ഗുനുറാമിന് പിന്നില്‍, പെട്ടെന്ന് ഒരു വാഹനം വന്നുനിന്നു. അതില്‍ നിന്നും തോക്കുകളേന്തിയ ഒരു സംഘം നായാട്ടുവേഷക്കാര് പുറത്തിറങ്ങി. നായാട്ടുകാരുടെ അതേ ചലനങ്ങള്‍. വേഷവും ഭാവവും. പരിഹാസത്തോടെ അവര്‍ ചൂണ്ടിക്കാണിച്ചു: ഇതാ ഒരു വന്യമൃഗം. പ്രാകൃതന്, ഇവനെ വേട്ടയാടുക.
ഭയന്ന ഗുനുറാം തിരിച്ചോടി. ഇവര്‍ തന്നെ വെടിവെച്ചു വീഴ്ത്തും. തോല് പൊളിച്ച് ഊറയ്ക്കിടും, കളിപ്പാട്ടങ്ങളും തുകല്‍ സഞ്ചികളുമുണ്ടാക്കും. ശരീരം വെട്ടിമുറിക്കും, ശിരസ്സു പകുക്കും. പല്ലുകെളെടുത്ത് നെഞ്ചില്‍ കാണുന്ന വിധം മാലയിലെ മുദ്രയാക്കും.
വേട്ടക്കാര്‍ പുറകില്‍ വരുന്നു. വഴിമുട്ടിയപ്പോള്‍ മൃഗം കീഴടങ്ങുകയായി. വേട്ടക്കാര്‍ തോക്കുകളേന്തി ചുറ്റും നിന്നു. ഗുനുറാം, നിന്റെ വംശത്തിനു മേല്‍, ഇതാ ഞങ്ങള്‍ നായാട്ടുകാര്‍ തോക്കുകളേന്തിക്കൊണ്ട് അധീശത്വം സ്ഥാപിക്കുന്നു എന്ന ഭാവമായിരുന്നു അവര്‍ക്ക്. ഫ്ളാഷ് മിന്നി. വന്യമൃഗത്തെ കീഴടക്കിയ നായാട്ടുസംഘം ചിത്രത്തിലേക്ക്: ഒരിക്കലും മരിക്കാത്ത ചരിത്രത്തിലേക്ക്.
അവര്‍ തിരിച്ചുപോയപ്പോള്‍, വേദനിക്കുന്ന മനസ്സുമായി ഗുനുറാം ഓടിപ്പോയി പുഴയിലേക്കുളിയിട്ടു. അയാളുടെ ചായങ്ങള്‍ ജലത്തിലലിഞ്ഞു പോയി. ജലോപരിതലത്തില്‍ പല നിറങ്ങള്‍ കുമിളകളായി തുടിച്ചു.
വിശ്രുത ചലച്ചിത്രകാരന് ബുദ്ധദേബ് ദാസ് ഗുപ്തയ്ക്കു പ്രണാമം. അദ്ദേഹത്തിന്റെ ആ ചലച്ചിത്രത്തില്‍ നിന്നും രൂപം കൊണ്ട മലയാളത്തിലെ ഒരു ചെറുകഥയെക്കുറിച്ചും, അതെഴുതാനുണ്ടായ സന്ദര്‍ഭത്തെക്കുറിച്ചും, ആ സിനിമ വഴിമാറ്റിയ ഒരു എഴുത്തുകാരന്റെ എളിയ സാഹിത്യജീവിതത്തെക്കുറിച്ചുമൊക്കെയാണ് ഈ കുറിപ്പ്.
'ബാഘ്ബഹാദൂര്‍' (കടുവാവീരന്) ആയിരുന്നു ആ സിനിമ. ചെറുകഥയെഴുതിയ ആള് ഞാനും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1998 നവംബര്‍ 15 ലെ ലക്കത്തിലാണ് കഥ പ്രസിദ്ധീകരിച്ചു വന്നത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്ന എന്റെ ആദ്യത്തെ രചനയായിരുന്നു അത്. കഥയില്‍, സിനിമയിലെ പല രംഗങ്ങളും പ്രമേയവുമായി ഇണക്കി ഇടവിട്ടിടവിട്ട് ഉപയോഗിച്ചിരുന്നു. ചലച്ചിത്രത്തിലെ രംഗങ്ങളെ വേറിട്ടുകാണിക്കാന് ഇറ്റാലിക്സിലേക്കു മാറ്റിയാണ് കഥ പ്രസിദ്ധീകരിച്ചത്.
ഇരുപത്തൊമ്പതു വര്‍ഷം മുമ്പാണ്. 1992ല്‍. തൃശ്ശൂരിലെ ഗിരിജാ തിയ്യറ്ററില്‍ നവചിത്ര ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിച്ച രണ്ടാമത്തെ സിനിമയായിരുന്നു ബാഘ് ബഹാദൂര്‍. ബര്‍ണാഡോ ബര്തലൂച്ചിയുടെ 'ലാസ്റ്റ് എംപറര്‍' ആയിരുന്നു ആദ്യത്തേത്. അന്നൊക്കെ മാസത്തില്‍ ഒരു സിനിമയാണ് കളിക്കുക. സമാന്തര സിനിമാപ്രദര്ശനങ്ങള്ക്കുള്ള പ്രയാസം വലുതായിരുന്നു. പലതരം തടസ്സങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ടേ സിനിമ കളിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ പ്രദര്‍ശനങ്ങള്‍ തമ്മിലുള്ള സമയദൂരം കൂടുതലായിരുന്നു. പക്ഷേ, ആ അകലം ഒരു പക്ഷേ, അവയെക്കുറിച്ചുള്ള ഓര്‍മ്മകളെ ഇപ്പോഴും തെളിച്ചമുള്ളതാക്കി നിര്‍ത്തുന്നു. സ്മൃതിനാശം സംഭവിക്കുന്നവര്‍ക്കു തുടക്കത്തില്‍ സമീപകാലത്തെ ഓര്‍മ്മകള്‍ കൈമോശം വരുന്നു എന്നുണ്ടല്ലോ. പക്ഷേ, ഭൂതകാലം ഇന്നലെയെന്നവണ്ണം അവരില്‍ തിരിതെളിഞ്ഞു കത്തുന്നു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Renowned Bengali Film maker budhadev das gupta memory by E Santhosh Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..