1969-ലെ ഹോണ്ടുറാസ് എൽസാൽവദോർ മത്സരത്തിൽ നിന്നും
എം.പി സുരേന്ദ്രന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'റെഡ്സോണ്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.
ഫുട്ബോള്‍ എവിടെയുമുണ്ടായിരുന്നു- തെഗുസിഗല്‍പയില്‍, കൊമായഗുലയില്, സാന്പെഡ്രോസുലയില്, സാന്‍സാല്വദോറില്‍, കടലോരങ്ങളില്‍, കാപ്പിത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഇടങ്ങളില്‍...ഹോണ്ടുറാസിന്റെ പ്രശസ്തനായ കഥാകാരന് റമോ അമായ അമഡോര്‍ എഴുതിയതുപോലെ:'ഞങ്ങളുടെ സഹനത്തിന്റെ പാഠങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് കാറ്റു വീശുകയും എല്ലാം തകര്‍ന്നടിയുകയും ചെയ്യുമ്പോള്‍ ഹോണ്ടുറാന്‍ മനുഷ്യര്‍ ഒരു തുണിയോ തണുപ്പകറ്റാന്‍ ഒരു കമ്പിളിയോ അല്പം ഭക്ഷണമോ കൊതിക്കും. അതു നല്കുന്നവര് ഹൊണ്ടുറാസിലേക്കുള്ള സഹായപ്രവാഹമായി അതിനെ വ്യാഖ്യാനിക്കും. രാജ്യങ്ങള്‍ അതൊരു ആഘോഷമാക്കും. വല്ലപ്പോഴും ഒരു ഒത്തുചേരലോ, ഒരു പന്തുകളിയോ അല്പം ആഹ്ലാദം നല്കിയെന്നിരിക്കും. ജനങ്ങള്‍ മറ്റെല്ലാം മറക്കും. അത്ര പാവങ്ങളാണ് ഈ മനുഷ്യര്‍. ജൈവികമായി ഒരു നിഷ്കളങ്കത അവര്‍ക്കുണ്ട്.'
ഏഴു കൊല്ലം മുന്‍പ് മിച്ച് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അയ്യായിരം പേരാണ് കൊല്ലപ്പെട്ടത്. ഹോണ്ടുറാസിലേക്ക് ഭക്ഷണപ്പൊതികളും ഉടുതുണിയും പ്രവഹിച്ചു. കാറ്റിന്റെ ഗതിമാറിയപ്പോള്‍ ഉഭയസമ്മതപ്രകാരം വനങ്ങളില്‍ ടിപ്പര്‍ലോറികള്‍ യന്ത്രവത്കൃത വാളുകളുമായി എത്തി. എല്‍സാല്‍വദോറിലെ, സെന്സുണ്ടെപെക്വിയില്നിന്ന് ഒരു രാത്രിയാത്ര. നേരേ എത്തുന്നത് തെഗുസിഗാല്പയിലേക്ക്. ക്ലബ്ബുകളില്‍ എപ്പോഴും ജനത്തിരക്കാണ്. എന്നും രാത്രി ഫുട്ബോള്‍ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. പുറത്ത് ബോര്‍ഡ് കാണാം. ഇന്നത്തെ കളി ബ്രസീല്‍- ഫ്രാന്‍സ്- 1986. ബഡ്വീസറിനോടൊപ്പം കളിക്കാം. ബഡ്വീസര്‍ മുന്തിയതരം ബിയറാണ്.
ഒളിമ്പിയ ഡിപോര്ട്ടിവോയും സി.ഡി. മൊണ്ടാഗ്വയും ഏറ്റുമുട്ടുന്ന ദിവസം സാന്‍സാല്‍വദോര്‍ പട്ടണത്തില്‍ ഉത്സവമാണ്. എല്ലാം മറന്ന് ജനങ്ങള്‍ കൂട്ടത്തോടെ എത്തും. ആ ക്ലബ്ബുകളില്‍ ഹോണ്ടുറാസില്നിന്നും ഗ്വാട്ടിമാലയില്നിന്നുമുള്ള കളിക്കാരുണ്ടായിരുന്നു. പക്ഷേ, ഭരണാധികാരികള്‍, അവരുടെ അജന്‍ഡകളിലൂടെ കളിയുടെ വാസനകളെ മെതിച്ചുകളഞ്ഞു. ഫുട്ബോള്‍ ഒരു രാഷ്ട്രീയസമവാക്യമാണ്. തീവ്രദേശീയത വളര്‍ത്താന്‍ ഫുട്ബോളിനെ ഒരു ആയുധമായി ഭരണാധികാരികള്‍ ഉപയോഗിച്ചു- ഹിറ്റ്ലര്‍ മുതല്‍ അമേരിക്കവരെ, ക്യൂബ മുതല്‍ ചൈന വരെ. അന്‍പതുകളില്‍ ഹോണ്ടുറാസും എല്‍സാല്‍വദോറും രാഗദ്വേഷമില്ലാതെയാണ് കഴിഞ്ഞത്. അവരുടെ അതിര്‍ത്തികള്‍ എപ്പോഴും തുറന്നുകിടന്നു. അവരുടെ പതാകയ്ക്കുപോലും ഒരുമയുണ്ടായിരുന്നു- ഹോണ്ടുറാസിന്റെത് ഇളംനീല, സാല്‍വദോറിന് കരിംനീല. ഹോണ്ടുറാസില്‍ ചുഴലിക്കാറ്റ് വീശുമ്പോള്‍ സാല്‍വദോറിനെ ഭൂകമ്പം പിടിച്ചുകുലുക്കും. ദുരന്തങ്ങള്‍ക്കുപോലും ഒരുമയുണ്ടായിരുന്നു. ഭൂകമ്പങ്ങള്‍ക്കും ചുഴലിക്കാറ്റിനും തകര്‍ക്കാന്‍ കഴിയാത്തതാണ് അവരുടെ ഫുട്ബോള്‍ പാരമ്പര്യം. എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ മയന്മാര് സുക്വി രാജവംശം സ്ഥാപിച്ചു. അന്ന് മയന്മാര് ഫുട്ബോള്‍ കളിച്ചിരുന്നു. നെഞ്ചുകൊണ്ടും തുടകൊണ്ടും പന്തു തട്ടുന്ന രീതി പിന്നീട് വികസിച്ചു. അവരതിനെ പോക്യാ എന്നു വിളിച്ചു. പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം, തെക്കേ അമേരിക്കയും മധ്യ അമേരിക്കയും ഫുട്ബോളിനെ ഒരു വിശ്വാസമായി വളര്‍ത്തി.
1965-ല്‍ എല്‍സാല്‍വദോറില്‍ അരക്കോടി ജനങ്ങള്‍ വീര്‍പ്പുമുട്ടി ജീവിച്ചു. ആ കൊച്ചു രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ആ ജനസംഖ്യ. ഹോണ്ടുറാസില്‍ 62 ലക്ഷം ജനങ്ങളേയുള്ളൂ. എല്‍സാല്‍വദോറിന്റെ ആറിരട്ടി വലിപ്പമുണ്ട് ഹോണ്ടുറാസിന്. ഹോണ്ടുറാസില്‍ മെരുങ്ങാത്ത ഭൂമി വെറുതേ കിടന്നു. അവിടേക്ക് എല്‍സാല്‍വദോറിന്റെ പട്ടിണിപ്പാവങ്ങള്‍ കാട്ടുകിഴങ്ങുകള്‍ തേടി അതിര്‍ത്തി മുറിച്ചുകടന്നു. എല്‍സാല്‍വദോറിലെ കാപ്പിത്തോട്ടങ്ങള്‍ ഏതാനും കുടുംബങ്ങളുടെ കുത്തകയായിരുന്നു. 14 തറവാടുകളാണ് രാജ്യം ഭരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയാറുണ്ടായിരുന്നു. അവര്‍ രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ എപ്പോഴും ഇടപെട്ടു. കാപ്പിത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഗാര്‍ഡിയ നാസിയോള് എന്നൊരു രഹസ്യപ്പോലീസിനെ നിയോഗിച്ചു. ക്രമേണ ആ പോലീസ് കാപ്പിമുതലാളിമാരുടെ കാവല്‍ക്കാരായി. 1967-ല്‍ കേണല്‍ ഫിഡല്‍ സാഞ്ചസ് ഹെര്‍ണാണ്ടസ് അധികാരത്തിലെത്തിയതോടെ തൊഴിലാളികളും ജനങ്ങളും പീഡനം ഭയന്ന് ഹോണ്ടുറാസ് അതിര്‍ത്തികളിലേക്ക് ജീവിതം തേടിപ്പോയി. ഹോണ്ടുറാസിന്റെ തരിശുഭൂമികളെ അവര്‍ ഇളക്കിമറിച്ചു. വിയര്‍പ്പുകൊണ്ട് നനച്ചു. പുതിയ പൊടിപ്പുകള്‍ അവിടെ ഉയര്‍ന്നു. ഹോണ്ടുറാന്‍ മനുഷ്യര്‍ എല്‍സാല്‍വദോറിലെ കര്‍ഷകരെ സ്വീകരിച്ചു. ഹോണ്ടുറാസില്‍ കാപ്പിത്തോട്ടമുടമകളെപ്പോലെ ശക്തമായിരുന്നു വാഴത്തോട്ടമുടമകളുടെ സംഘം. ഇതിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയായിരുന്നു. അവരും പുകയില മാഫിയയും ചേര്‍ന്നാണ് പ്രസിഡന്റ് ലൂയി അരല്ലാനെയെ നിയന്ത്രിച്ചത്. അവര്‍ ജനങ്ങളെ ചവിട്ടടിയില്‍ നിര്‍ത്തി. എല്‍സാല്‍വദോറിലെ അധ്വാനശീലരായ മനുഷ്യരുടെ എണ്ണം വര്‍ധിച്ചതുകൊണ്ട് ഹോണ്ടുറാസിലെ ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാല്‍ ഹോണ്ടുറാസിലെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ അത് രാഷ്ട്രീയത്തര്‍ക്കമായി ഭരണാധികാരികള്‍ വികസിപ്പിച്ചു.
ഹോണ്ടുറാസിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നേരിട്ട് ഇടപെട്ടത് വിവാദങ്ങള്‍ വിളിച്ചുവരുത്തി. ജനങ്ങള്‍ ഇളകി, ഗവണ്മെന്റിന്റെ നടപടികള്‍ക്കെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭമുണ്ടായി. തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. അധ്യാപകരും മറ്റു സംഘടനകളും സമരത്തിനിറങ്ങിയത് ഗവണ്മെന്റിനെ വെട്ടിലാക്കി. അരല്ലാനോയുടെ ഉപദേശകര്‍ പുതിയൊരു ബുദ്ധി ഉപദേശിച്ചു. ഹോണ്ടുറാസിലേക്കുള്ള സാല്‍വദോര്‍ അഭയാര്‍ഥികളുടെ വരവാണ് യഥാര്‍ഥ പ്രശ്നമെന്ന് അവര്‍ പ്രസിഡന്റിനെ ബോധ്യപ്പെടുത്തി. സാമ്പത്തികമാന്ദ്യത്തിനുള്ള കാരണം അതാണെന്ന് വരുത്തിത്തീര്‍ക്കണം. പ്രക്ഷോഭം വഴിതിരിച്ചുവിടണം. ഹോണ്ടുറാന്‍ അതിര്‍ത്തിയില്‍ അക്കാലത്ത് മൂന്നു ലക്ഷം സാല്‍വദോര്‍ പൗരന്മാരുണ്ടായിരുന്നു. മാധ്യമപ്രഭുക്കളെയും വ്യവസായപ്രമുഖരെയും സൈനികമേധാവികളെയും വിരുന്നിനു വിളിച്ചുകൊണ്ട് അരല്ലാനേ കുടിയേറ്റക്കാരാണ് രാജ്യത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. സാമൂഹ്യനേതാക്കന്മാരെന്ന് അവകാശപ്പെടുന്നവര്‍ പൊടുന്നനേ ഹോണ്ടുറാസിന്റെ വികസനത്തിന് സാല്‍വദോര്‍ കുടിയേറ്റമാണ് പ്രധാനകാരണമെന്നു കണ്ടുപിടിച്ചു. മീഡിയ അതേറ്റുപാടി. തെഗുസിഗാല്പയിലെ പാദരക്ഷാസ്ഥാപനങ്ങള് സാല്വദോറുകാരുടേതാണ്. അതിനെതിരേ ജനങ്ങള്‍ തിരിഞ്ഞു. ഒരു നേരത്തെ ഭിക്ഷയ്ക്കായി തെരുവില്‍ കുത്തിയിരിക്കുന്ന സാല്വദോറുകാരെ പോലീസ് കൈകാര്യം ചെയ്തു. സാല്‍വദോര്‍ പൗരന്മാര് ഹോണ്ടുറാന്‍ ജനതയ്ക്ക് ശത്രുക്കളായി മാറി. നൂറ്റാണ്ടുകളുടെ ബന്ധങ്ങള്‍ വഴിമാറി. രാജ്യമാകെ സാല്‍വദോര്‍ വിരുദ്ധവികാരം അലയടിച്ചു. ഹോണ്ടുറാസിലേക്കുള്ള കുടിയേറ്റക്കാരെ നിയന്ത്രിച്ചുകൊണ്ട് പ്രസിഡന്റ് ഉത്തരവിറക്കി. അതിന്റെ ഭാഗമായി സാല്‍വദോര്‍ പൗരന്മാര് മര്‍ദനത്തിനിരയായി.
1969 ഏപ്രിലില്‍ തെഗുസിഗാല്‍പയില്‍ പ്രഖ്യാപനമുണ്ടായി. അതിര്‍ത്തി കടന്നെത്തി വസ്തുവകകള്‍ സമ്പാദിച്ച മറുനാട്ടുകാരെ പുറത്താക്കുമെന്ന് നിയമമുണ്ടായി. ഏപ്രില്‍ മാസത്തിന്റെ ഒടുവില്‍ ഗവണ്മെന്റ് സാല്‍വദോര്‍ പൗരന്മാരെ തിരഞ്ഞെുപിടിച്ച് പീഡിപ്പിച്ചു. പത്തിരുപതുപേര്‍ മര്‍ദനമേറ്റ് മരിച്ചു. സാല്‍വദോര്‍ അതിര്‍ത്തികളിലൂടെ ഭയന്നോടിയവര്‍ സ്വന്തം മാതൃരാജ്യത്തെത്തി. എല്‍സാല്‍വദോറിന് ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. മൂന്നു ലക്ഷം അഭയാര്‍ഥികള്‍ തിരിച്ചുവരുന്നതോടെ രാജ്യത്ത് കാര്ഷികപരിഷ്കരണത്തിനുവേണ്ടിയുള്ള വാദമുയരുമെന്ന് തോട്ടമുടമകള്‍ ഭയപ്പെട്ടു. ഹെര്‍ണാണ്ടസിന് ഇതു തടയാനാവുമായിരുന്നില്ല. കലാപം ഉറപ്പായ സാഹചര്യത്തില്‍ ഹെര്‍ണാണ്ടസ് പുതിയ വഴി തേടി.
സാമ്രാജ്യങ്ങളുടെ അധിപന്മാര് ഹെര്‍ണാണ്ടസിനും ആ മന്ത്രം ഓതിയിരുന്നു. സമാധാനത്തിനു വേണ്ടത് യുദ്ധമാണ്. എല്‍സാല്‍വദോര്‍ മീഡിയയും ഭരണകൂടവും ഹോണ്ടുറാസിനെതിരേ പ്രചാരവേല നടത്തി. ഉടുതുണി ഉപേക്ഷിച്ച് ഓടിപ്പോന്നവരുടെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. പീഡനങ്ങളുടെ കഥകള്‍ വീശിയടിച്ചു. അപ്പോള്‍ ഹോണ്ടുറാസ് ടീം സാന്പെഡ്രോസുലയില് കഠിനപരിശീലനത്തിലായിരുന്നു. ഫുട്ബോള്‍ പാഠങ്ങളോടൊപ്പം സൈക്കോളജിസ്റ്റുകള്‍ എന്ന വ്യാജേന സൈനിക പ്രൊഫസര്‍മാര്‍ വന്നു. അവര്‍ ജയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഓര്‍മിപ്പിച്ചു. ക്ലാസ്മുറികള് സൈനികമുറികളായി. കളിക്കളം യുദ്ധത്തിന്റെ ചതുരംഗപലകയായി. കളിക്കാര്‍ അത് മണത്തറിഞ്ഞു. അവര്‍ നിസ്സഹായരായിരുന്നു. പുതിയ യുദ്ധവിമാനങ്ങള്‍ തേടി ഹെര്‍ണാണ്ടസിന്റെ അനുചരന്മാര് അമേരിക്കയിലേക്കു പറക്കുമ്പോള്‍ എല്‍സാല്‍വദോര്‍ ഫുട്ബോള്‍ കോച്ച് ഹെര്‍ണാന്‍ കരാസ്കോ ലോകകപ്പ് ക്വാളിഫയിങ് റൗണ്ടിലെ കളിയെക്കുറിച്ചോര്ത്ത് വിഷമിക്കുകയായിരുന്നു. ജൂണ്‍ എട്ടിന് തെഗുസിഗാല്പയിലാണ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ എല്‍സാല്‍വദോര്‍ ഹോണ്ടുറാസുമായി ഏറ്റുമുട്ടുന്നത്. മേയ് മാസം കളിക്കാര്‍ക്കുള്ള സുരക്ഷിതത്വത്തെപ്പറ്റി എല്‍സാല്‍വദോര്‍ ഫുട്ബോള്‍ അസോസിയേഷന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫിഫയുടെ മാച്ച് കമ്മീഷണര്‍ക്ക് ഹോണ്ടുറാസ് നല്കിയ മറുപടിയില്‍ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പുനല്‍കിയിരുന്നു. ഹെര്‍ണാന്‍ കരാസ്കോയും സംഘവും തലേന്ന് തെഗുസിഗാല്പയിലെത്തി. അവര്‍ വന്ന വാഹനം പലയിടത്തും തടഞ്ഞുനിര്‍ത്തി. ട്വിന്സിറ്റിക്കടുത്തുവെച്ച് കളിക്കാര്‍ കമ്പിവല പാകിയ ചില്ലുകള്‍ക്കിടയിലൂടെ സ്വന്തം നാട്ടുകാരെ പട്ടാളം മര്‍ദിക്കുന്നതു കണ്ടു. രാത്രി പട്ടാളത്തിന്റെ കാവലുള്ള ഹോട്ടലില്‍ അവര്‍ പേടിച്ചു കഴിഞ്ഞുകൂടി. അതിനിടയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമോ എന്ന ഭയവും ഗ്രസിച്ചു.
നാസിയോള് സ്റ്റേഡിയത്തില്‍ കളി തുടങ്ങുംമുന്പ് കാണികള്‍ ഏറ്റുമുട്ടി. ഫിഫ മാച്ച് കമ്മീഷണര്‍ രണ്ടു ടീം മാനേജര്‍മാര്‍ക്കും വേണ്ട മുന്നറിയിപ്പുകള്‍ നല്കി. എന്നിട്ടും കളി തുടങ്ങിയപ്പോള്‍ കളിക്കാര്‍ മേധാവിത്വത്തിനായുള്ള പോരാട്ടം തീക്ഷ്ണതയോടെ തുടങ്ങി. ഒരു ഘട്ടത്തില്‍ ഹോണ്ടുറാസിന്റെ മുന്നേറ്റനിരയെ സാല്‍വദോര്‍ പ്രതിരോധം നന്നായി മാര്‍ക്ക് ചെയ്തു. പരുക്കന്‍ ടാക്ലിങ്ങുകള്‍ക്ക് ഹോണ്ടുറാസും മറുപടി നല്‍കിയതോടെ റഫറിക്ക് കളി നിയന്ത്രിക്കാന്‍ പാടുപെടേണ്ടിവന്നു. ഇതിനിടയില്‍ കളിക്കളത്തില്‍ സ്ഫോടകവസ്തുക്കള്‍ വന്നുവീണു. മൈതാനം കൈയേറിയ കാണികള്‍ക്കെതിരേ രക്ഷാസേന അടി തുടങ്ങി. ഒന്നാം പകുതി കഴിഞ്ഞപ്പോഴും സമനിലയിലായിരുന്നു. രണ്ടാം പകുതിയിലും മത്സരം ഇതേപോലെ മുന്നേറി. ഗോളടിക്കാനുള്ള അവസരങ്ങള്‍ ഇരുകൂട്ടര്‍ക്കും ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. കളിക്കാര്‍ ഗോളടിക്കുന്നതില്‍ വിമുഖരായിരുന്നുവെന്ന് ഈ മത്സരത്തിന് സാക്ഷ്യംവഹിച്ച പ്രസിദ്ധ പോളിഷ് പത്രപ്രവര്‍ത്തകനായ റൈസാര്‍ഡ് കപൂസിന്സ്കി പറയുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആല്‍ഫ്രെഡോ വാസ്ക്വെസിനു കിട്ടിയ അവസരം ഗോളായിരുന്നെങ്കില്‍ എല്‍സാല്‍വദോര്‍ കാണികള്‍ക്കും കളിക്കാര്‍ക്കും നാസിയോളില്നിന്ന് പുറത്തുകടക്കാനാവുകയില്ലെന്ന് കപൂസിന്സ്കി എഴുതുന്നു. എന്നാല്‍ ഇഞ്ച്വറിടൈമില്‍ ഹോണ്ടുറാസ് ഗോളടിച്ചത് എല്‍സാല്‍വദോറിനെ ക്ഷോഭിപ്പിച്ചു. അതൊരു വന്ചതിയാണെന്നുവരെ ഭരണകൂടം വിലയിരുത്തി. എല്‍സാല്‍വദോര്‍ മാധ്യമങ്ങള്‍ ഫിഫയുടെ നിലപാടിനെ വിമര്‍ശിച്ചു. സാന്‍സാല്വദോറില്‍ പ്രകടനങ്ങള്‍ അരങ്ങേറി, അക്രമം പൊട്ടിപ്പുറപ്പെട്ടു. ഫ്ളോര്ബ്ലാങ്കയില് എല്‍സാല്‍വദോര്‍ മറുപടി നല്‍കുമെന്ന് ചില മാധ്യമങ്ങള്‍തന്നെ എഴുതി. ക്വന്റാനില്ലയും വാസ്കസും സാല്‍വദോര്‍ കബേസാസും ഹോണ്ടുറാസിന് മറുപടി നല്‍കുമെന്ന് ചില മാധ്യമങ്ങള്‍ പ്രഖ്യാപിച്ചു.
കളി കഴിഞ്ഞയുടനെ കളിക്കാര്‍ പുറപ്പെട്ടതുകൊണ്ട് അപകടമില്ലാതെ എല്‍സാല്‍വദോര്‍ ടീം നാട്ടിലേക്ക് തിരിച്ചെത്തി. ഈ ഘട്ടത്തില്‍ എല്‍സാല്‍വദോര്‍ സര്വസൈന്യമേധാവി മേജര്‍ ബാന്ട്രിക്കസ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഏജന്റുമാരെ അമേരിക്കയിലേക്കു വിട്ടു. അമേരിക്ക എല്‍സാല്‍വദോറില്‍ നേരത്തേ ഒരു സൈനികത്താവളം തുറന്നിരുന്നു. ഇതിന്റെ ഭാഗമായി എല്‍സാല്‍വദോര്‍ ഒരു ധാരണാപത്രം ഒപ്പിടുകയും യുദ്ധവിമാനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ സംഘര്‍ഷം നിറഞ്ഞ ചുറ്റുപാടില്‍ യുദ്ധവിമാനങ്ങള്‍ നല്കാന് അമേരിക്ക തയ്യാറായില്ല. ഒരു മാസം മുന്‍പ് അമേരിക്ക ഹോണ്ടുറാസിനും ആയുധങ്ങള്‍ നല്‍കിയിരുന്നു. അവരും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയിലെ ചില സ്വകാര്യകമ്പനികളുടെ വിമാനങ്ങള്‍ എല്‍സാല്‍വദോര്‍ വന്‍വിലയ്ക്ക് വാങ്ങിക്കൂട്ടി. എഫ് 51 മുഷ്ത്താങ് ഇനത്തില്‍പ്പെട്ട ഈ വിമാനങ്ങള്‍ അര്‍ധരാത്രി ഹെയ്തിയില്‍ ഇറക്കി, ഡൊമനിക്കന്‍ റിപ്പബ്ലിക് വഴി എല്‍സാല്‍വദോറില്‍ എത്തിക്കുകയായിരുന്നു. എല്‍സാല്‍വദോര്‍ കോടീശ്വരന് ആര്‍ച്ചി ബാല്ഡോച്ചി മുഖേനയും അവര്‍ വിമാനങ്ങള്‍ വാങ്ങി. ബാല്ഡോച്ചിയെ സൈനിക ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. എല്‍സാല്‍വദോറിന്റെ കരസേന ഇതിനിടെ മാസ് ഡ്രില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഹോണ്ടുറാസിന്റെ കരസേനയ്ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലായിരുന്നു. അവരും വ്യോമസേനയിലാണ് കൂടുതല്‍ താത്പര്യം കാണിച്ചത്. അമേരിക്കയില്‍നിന്നു വാങ്ങിയ എഫ് 4 യു കോര്‍സിയര്‍ വിമാനങ്ങളായിരുന്നു അവരുടെ ശക്തി. തെഗുസിഗാല്പയ്ക്കടുത്ത് ടോണ്കോണ്ടിനിലായിരുന്നു അവരുടെ താവളം.
സാന്‍സാല്വദോറില്‍ നടക്കുന്ന റിട്ടേണ്മാച്ചിന് കനത്ത സുരക്ഷിതത്വം വേണമെന്നും ഹോണ്ടുറാസ് കളിക്കാരുടെ സുരക്ഷിതത്വവും സുഗമമായ കളിയും ഉറപ്പുവരുത്തണമെന്നും ഫിഫ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 15ന് ആണ് കളി നിശ്ചയിച്ചിരുന്നത്. സമാധാനത്തിനായി പട്ടാളത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. മേജര്‍ ജെനാറോ മെന്‍ഡസിന് വേറെ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഹോണ്ടുറാസ് ടീമിനോടൊപ്പം ഒരു സൈനിക ഓഫീസറെയും അയച്ചിരുന്നു. ടീമിനെ സാല്‍വദോര്‍ പട്ടാളം ഫ്ളോര്ബ്ലാങ്കാ സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചു. അതൊരു തടവുമുറിപോലെയായിരുന്നു. കളിക്കാര്‍ക്ക് വെളിച്ചംപോലും കിട്ടിയില്ല. ഏറ്റവും മോശപ്പെട്ട ഭക്ഷണം നല്കി. മൂന്നു കളിക്കാര്‍ക്ക് അസുഖം പിടിപെട്ടു. കളി നിയന്ത്രിക്കാനെന്ന വ്യാജേന ഹോണ്ടുറാന്‍ കാണികളെ പട്ടാളം തല്ലിച്ചതച്ചു. സാന്സാല്വദോറിലെ ജനങ്ങള്‍ തെരുവിലിറങ്ങി.
കളിക്കാരെ സാല്‍വദോര്‍ പട്ടാളം തടവിലാക്കിയെന്ന വാര്‍ത്ത ഹോണ്ടുറാസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ തെഗുസിഗാല്‍പയില്‍ സാല്വദോറുകാരെ യാതൊരു കാരണവുമില്ലാതെ വെടിവെച്ചുകൊന്നു. ഇതറിഞ്ഞ സാല്‍വദോറിലും കുഴപ്പങ്ങള്‍ അരങ്ങേറി. മൂന്നുപേര്‍ രക്ഷപ്പെട്ടു. സ്റ്റേഡിയത്തിലെത്തിയ സാല്വദോറന് പോലീസ് ഓരോ കാണിയെയും പരിശോധിച്ചു. ആയുധങ്ങളും മദ്യവും പിടിച്ചെടുത്തു. കളി തുടങ്ങുംമുന്പ് ഹോണ്ടുറാന്‍ ദേശീയഗാനം വികലമായി ആലപിക്കപ്പെട്ടു. അവരുടെ ദേശീയപതാക തലകീഴായി ഉയര്‍ത്തുകയും ചെയ്തു.
കളി തുടങ്ങിയപ്പോള്‍ കളിക്കാരും കാണികളും ഒരുപോലെ പ്രക്ഷുബ്ധരായിരുന്നു. ഹോണ്ടുറാസിന്റെ എല്വാര്ക്കിന്റെ മുന്നേറ്റം സ്റ്റേഡിയത്തില്‍ പ്രകോപനപരമായാണ് കാണികള്‍ എടുത്തത്. അതിന്റെ മറുപടിയായി ഹോണ്ടുറാന്‍ കാണികളെ ഒരുസംഘം നാട്ടുകാര്‍ മര്‍ദിച്ചു. പിന്നീട് പട്ടാളം അതേറ്റെടുത്തു. ആയിരക്കണക്കിന് ഹോണ്ടുറാന്‍ കാണികള്‍ തിരിച്ചുപോയി. തിരിച്ചുപോകുന്നവരുടെ വണ്ടികള്‍ക്ക് നാട്ടുകാര്‍ തീ വെച്ചു. അവര്‍ ജീവനുംകൊണ്ടോടി. ആദ്യപകുതിയില്‍ എല്‍സാല്‍വദോര്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. ഹോണ്ടുറാസ് തിരിച്ചു ഗോളടിച്ചെങ്കില്‍ അതൊരു ദുരന്തമാകുമായിരുന്നു. കളിയിലെ നിയമങ്ങള്‍ അപ്രസക്തമായി. മൂന്നു ഗോളിന് എല്‍സാല്‍വദോര്‍ ജയിച്ചു. തെഗുസിഗാല്പയിലെ ക്ലബ്ബുകളില്‍ കളിക്കുന്ന സാല്‍വദോര്‍ കളിക്കാര്‍ ഹോണ്ടുറാസിന്റെ കളിക്കാരോട് വേഗം മടങ്ങിപ്പോകണമെന്ന് രഹസ്യമായി നിര്‍ദേശിച്ചു. ഫലത്തില്‍ അത് ഗുണം ചെയ്തു. ഹോണ്ടുറാസ് കളിക്കാരെ അതിര്‍ത്തിയില്‍വെച്ച് കൈകാര്യം ചെയ്യാന്‍ തെമ്മാടിക്കൂട്ടം എത്തുമ്പോഴേക്കും അവര്‍ അതിര്‍ത്തി കടന്നിരുന്നു. എന്നിട്ടും കുന്നുകള്‍ക്കിടയിലെ റോഡിലൂടെ കളിക്കാരുടെ വാഹനം കടന്നുപോകുമ്പോള്‍ മുകളില്‍നിന്ന് പാറക്കല്ലുകള്‍ വണ്ടിയില്‍ വന്നുവീണു.
ജൂണ്‍ 27ന് മെക്സിക്കോയിലെ ഗാദ്വലജാറയില് പ്ലേ ഓഫ് നിശ്ചയിച്ചപ്പോള്‍ ഫുട്ബോള്‍ അതിന്റെ ഉജ്ജ്വലമായ നിലവാരത്തിലേക്കുയര്‍ന്നു. കളിച്ചു ജയിക്കുക എന്നായിരുന്നു രണ്ടു ടീമുകളുടെയും ലക്ഷ്യം. ഒന്നാം പകുതിയില്‍ 2-1ന് ഹോണ്ടുറാസ് മുന്നിട്ടുനിന്നു. ഉജ്ജ്വലമായി തിരിച്ചടിച്ച എല്‍സാല്‍വദോര്‍ 84-ാം മിനിറ്റില്‍ മത്സരം സമനിലയിലാക്കി. എക്സ്ട്രാ ടൈമിന്റെ അവസാനം എല്‍സാല്‍വദോര്‍ നേടി 3-2. എല്‍സാല്‍വദോര്‍ കളിക്കാര്‍ മെക്സിക്കോയില്‍നിന്ന് മടങ്ങുമ്പോള്‍ അന്നു രാത്രി ഹോണ്ടുറാസ് അയല്‍രാജ്യവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. ഇതിനിടെ എല്‍സാല്‍വദോര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ടു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചു. ജൂലായ് 3-ന് ഹോണ്ടുറാസിന്റെ ഡി.സി. 3 വിമാനം അതിര്‍ത്തികടന്നു പ്രത്യക്ഷപ്പെട്ടു. നാലു മണിക്കൂറിനു ശേഷം ചെറൂക്കി ഇനത്തില്‍പ്പെട്ട മറ്റൊരു വിമാനവും എല്‍സാല്‍വദോര്‍ അതിര്‍ത്തിയിലേക്കു കടന്നു. അതിന് മറുപടിയെന്നോണം ഫാസ് വിമാനങ്ങള്‍ ഹോണ്ടുറാസിന്റെ അതിര്‍ത്തിയും മുറിച്ചുകടന്നു. ജൂലായ് 12 ന് ഹോണ്ടുറാസ് സാന്പെഡ്രോസുലയിലെ ലാമീസ വ്യോമത്താവളത്തില്‍ വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തി. മാഡ്രെസാല് ഐലണ്ടിലും സാന്മീഗല്, സാന്റാ അന, ഉസുള്ട്ടാന് എന്നിവിടങ്ങളിലും സാല്‍വദോര്‍ വിമാനങ്ങള്‍ നിരന്നുകിടന്നു. വടക്കന്‍ എല്‍സാല്‍വദോറിലും ഫൊണ്‍സേക്ക കടലിടുക്കിനു സമീപവുമാണ് എല്‍സാല്‍വദോറിന്റെ കരസേന കേന്ദ്രീകരിച്ചത്. ജനറല്‍ ജെറാര്‍ഡോ ബാരിയോസ് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ടോംകോണ്ടിന് വിമാനത്താവളം തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജൂലായ് 14ന് നാലു മണിക്ക് യുദ്ധം തുടങ്ങി. സാന്താറോസാഡി കോപ്പന്, ന്യൂവ ഒക്ടോപെക്കിക്ക് എന്നീ ചെറുപട്ടണങ്ങള്‍ കീഴടക്കിക്കൊണ്ട് 12,000 വരുന്ന സൈന്യം രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡു വഴി മുന്നേറി.
ഫൊണ്‍സേക്ക കടലിടുക്കിലുള്ള ഹോണ്ടുറാന്‍ ദ്വീപുകളെ ലക്ഷ്യമാക്കി വിമാനങ്ങള്‍ പറന്നു. ആറുമണിയോടെ ടോംകോണ്ടിനില് ബോംബിടാന്‍ പറന്ന ജോര്‍ജ് ഡോമിഗസിന്റെ വിമാനം, തെഗുസിഗാല്പയ്ക്കടുത്ത് 45 കിലോഗ്രാം തൂക്കമുള്ള ബോംബുകള്‍ വര്‍ഷിച്ചെങ്കിലും കാറ്റാകമാസിലാണ് വീണത്. ആക്രമണം നടത്തിയ 14 വിമാനങ്ങളില്‍ ഒന്ന് വഴിതെറ്റി ഗ്വാട്ടിമാലയിലെ ലാ അറൂറയില് ഇറങ്ങി. പെട്ടെന്നുള്ള ആക്രമണം ഹോണ്ടുറാസിനെ ഞെട്ടിച്ചുവെങ്കിലും കരസേന പ്രതിരോധത്തിനു നീങ്ങി. ജൂലായ് 15ന് പുലര്‍ച്ചെ ഹോണ്ടുറാസ് വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തി. അതിലൊരു വിമാനം വഴിതെറ്റി. മറ്റൊന്നിന് സാങ്കേതികതകരാര്‍ സംഭവിച്ചു. കുറച്ചുകൂടി കൃത്യത ഹോണ്ടുറാസ് പൈലറ്റുകള്ക്കുണ്ടായിരുന്നു. അവര്‍ റിഫൈനറികള്‍ കേന്ദ്രമാക്കി നടത്തിയ ആക്രമണത്തിന് ഫലമുണ്ടായി. കോര്‍സിയര്‍ വിമാനങ്ങള്‍ അക്കാജ്യൂട്ട്ലയില് ഇന്ധനടാങ്കുകള്‍ ബോംബിട്ട് നശിപ്പിച്ചു.
ജൂലായ് 16ന് സാല്‍വദോര്‍ സേനയ്ക്കു നേരേ എല്‍ അമാറ്റില്ലോ മേഖലയില്‍ പ്രത്യാക്രമണമുണ്ടായി. രൂക്ഷമായ യുദ്ധത്തിന്റെ ഇരകള്‍ പാവപ്പെട്ട ജനങ്ങളായിരുന്നു. പലപ്പോഴും ലക്ഷ്യംതെറ്റി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. പതിനേഴാം തീയതി സാന്റാ ഡികോപ്പനില് കരസേനകള്‍ തമ്മില്‍ ഉഗ്രയുദ്ധം നടന്നു. മേജര്‍ സോട്ടോവിന്റെ നേതൃത്വത്തില്‍ എല്‍സാല്‍വദോറിന്റെ ഇന്ധനകേന്ദ്രങ്ങള്ക്കു നേരേ ഹോണ്ടുറാന്‍ സി 47 വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തി. ഈ ഘട്ടത്തിലാണ് മധ്യ അമേരിക്കന്‍ രാജ്യങ്ങളുടെ അടിയന്തര ചര്‍ച്ചയുണ്ടായത്. മൂന്നു ദിവസമായപ്പോഴേക്കും എല്‍സാല്‍വദോറിനും ഹോണ്ടുറാസിനും യുദ്ധത്തിന്റെ കെടുതികള്‍ ബോധ്യമായി. ഉടനെ വെടി നിര്‍ത്തണമെന്ന അമേരിക്കന്‍ അന്ത്യശാസനം അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നു. യുദ്ധത്തിനു തിരികൊളുത്താന്‍ ഉത്സാഹിച്ച രണ്ടു രാജ്യത്തെയും സമ്പന്ന ഗ്രൂപ്പുകള്‍ക്കുള്ള താക്കീതുകളും അമേരിക്ക നല്‍കിയിരുന്നു. വെടി നിര്‍ത്താന്‍ ആദ്യം കൂട്ടാക്കിയില്ലെങ്കിലും തെഗുസിഗാല്പവരെ എത്തിയ എല്‍സാല്‍വദോറിന് അത് സമ്മതിക്കേണ്ടിവന്നു. കാരണം വ്യക്തമായിരുന്നു. അവിടെ എത്തിയ സേനയ്ക്ക് പിന്‍വാങ്ങാന്‍ വഴിയില്ലായിരുന്നു. കരയില്‍ എല്‍സാല്‍വദോര്‍ മുന്നേറിയെങ്കിലും ആകാശയുദ്ധത്തില്‍ ഹോണ്ടുറാസിനായിരുന്നു മുന്‍തൂക്കം.
അമേരിക്കന്‍ അംബാസഡര്‍ വില്യം ബൗഡലര്, സെവില്ല സെക്കാസ എന്നിവര്‍ നാലു നിബന്ധനകളുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. ആദ്യം വെടിനിര്‍ത്തുക, പിന്നെ പിന്മാറുക ഇതായിരുന്നു പ്രധാന നിബന്ധന. ഒരര്‍ഥത്തില്‍ ഇത് ഇരുരാജ്യങ്ങള്‍ക്കും അനുഗ്രഹമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടമാണ് ഇരുകൂട്ടരുടെയും കൈയിലുണ്ടായിരുന്നത്. അതുകൊണ്ട് യുദ്ധം ജയിക്കുക അസാധ്യമായിരുന്നു. അത് നൂറു മണിക്കൂര്‍ നീണ്ട യുദ്ധമായിരുന്നു. ആറായിരം പേരാണ് കൊല്ലപ്പെട്ടത്. പന്തീരായിരം പേര്‍ക്ക് പരിക്കേറ്റു. അന്‍പതിനായിരം പേര് ഭവനരഹിതരായി. അതിന്റെ വടുക്കള്‍ പതിറ്റാണ്ടോളം നീണ്ടു. ജീവന്റെ പൊടിപ്പുകള്പോലെ അഞ്ചു വര്‍ഷത്തിനു ശേഷമാണ് സാന്താഡികോപ്പനിലും മാറ്റില്ലയിലും വീണ്ടും പന്തുകള്‍ ഉരുളാന്‍ തുടങ്ങിയത്. 1993-ല്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനുള്ള യോഗത്തില്‍ ഹോണ്ടുറാന്‍ പ്രതിനിധി എസ്ഗാര്ഡോ സപ്പീര്ഡ പറഞ്ഞു: 'ഞങ്ങളുടെ യുദ്ധം സമാധാനത്തിനു വേണ്ടിയായിരുന്നു. യുദ്ധത്തിനു നന്ദി.'
Content Highlights: Red Zone , M.P Surendran, Honduras, El Salvador, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..