ഡെക്കാണിന്റെ ചരിത്രങ്ങള്‍ മിക്കപ്പോഴും ആരംഭിക്കുന്നത് ശിവജിയുടെ കഥയോടെയാണ്. എന്നാല്‍, ഈ പുസ്തകത്തില്‍ ശിവജി അവസാനം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ.

1630-ല്‍ മറാത്താ പ്രഭ്വി ജീജാബായി തന്റെ രണ്ടാമത്തെ പുത്രനു ജന്മം നല്‍കുമ്പോള്‍, ആ കുട്ടി മുഗള്‍സാമ്രാജ്യത്തിന്റെ ശക്തി എന്നന്നേക്കുമായി തച്ചുടയ്ക്കുംവിധം വളരുമെന്ന് സങ്കല്പിച്ചിരിക്കാനിടയില്ല. പക്ഷേ, ശിവജി എത്തുമ്പോഴേക്കു തന്നെ ഡെക്കാണ്‍, സ്വന്തം നിലയില്‍ത്തന്നെ ഭാവിതലമുറയുടെ ആദരം ആവശ്യപ്പെട്ടിരുന്ന വിശിഷ്ടപുരുഷന്മാരും സ്ത്രീകളും അധിവസിച്ചിരുന്ന, വശ്യമായ ഒരിടമായി മാറിക്കഴിഞ്ഞിരുന്നു. ഉദാഹരണത്തിന് ആ നൂറ്റാണ്ടില്‍ത്തന്നെ ഒരു ആഫ്രിക്കന്‍ അടിമയുടെ മകള്‍, ഒരു നാടുവാഴിയുടെ പത്‌നിയായിത്തീരുകയും അയാള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടായിരുന്ന പേര്‍ഷ്യന്‍ ഭാര്യയെ വധിക്കാന്‍ ആവേശത്തോടെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നതും കാണാം. ഏതാനും ദശകങ്ങള്‍ പിന്നിടുമ്പോള്‍ പീഠഭൂമിയുടെ മറ്റൊരു കോണില്‍, ദൗര്‍ഭാഗ്യവാനായ ഒരു ബ്രാഹ്മണ മന്ത്രി ഔറംഗസേബിന്റെ ഇഷ്ടം പിടിച്ചുപറ്റാനായി കാളവണ്ടിക്കണക്കിനു മാങ്ങകള്‍ അയച്ചുകൊടുക്കുകയും, അതേസമയം തന്നെ ചക്രവര്‍ത്തിയുടെ സാമ്രാജ്യമോഹങ്ങള്‍ക്കു തടയിടാനായി രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

പ്രവാചകന്റെ ബോധനങ്ങള്‍ക്കുപരി ഹിന്ദുദൈവങ്ങളെ താന്‍ വാഴ്ത്തുന്നതായി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ യാഥാസ്ഥിതികര്‍ വെപ്രാളത്തോടെ നടത്തിയ ഇടപെടലുകളെ ചെറുത്ത ഒരു മുസ്ലിം രാജകുമാരന്റെയും നാടാണ് ഡെക്കാണ്‍. ഭാഗ്യനിര്‍ഭാഗ്യത്തിന്റെ ഈ ലോകത്ത് വിശുദ്ധന്മാരും ദിവ്യന്മാരും കൂടി ശ്രദ്ധ ക്ഷണിക്കുംവിധം തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നുണ്ട്. പ്രശസ്തമായ ഒരു മുസ്ലിം ആരാധനാലയത്തിലേക്കു വര്‍ഷാവര്‍ഷം എത്തിച്ചേരുന്ന ശിവഭക്തരുണ്ട്. സുവര്‍ണസിംഹാസനങ്ങളോടുകൂടിയ മനോഹരമായ കൊട്ടാരങ്ങളും തോക്കുകള്‍ ഗര്‍ജിക്കുന്ന അലംഘ്യമായ കോട്ടകളുമുണ്ടായിരുന്നു. ഇറാഖില്‍ ജനിച്ചുവളര്‍ന്ന മികച്ച കുതിരകള്‍ ഡെക്കാണിലെ പാതകളിലൂടെ കുതിച്ചുനീങ്ങിയപ്പോള്‍, നാട്ടിലെ കുലീനര്‍ തങ്ങളുടെ ഇറാനിലെ ചങ്ങാതിമാരുടെ വസ്ത്രഭാവനകളില്‍ വശംവദരായി. ബര്‍മ മുതല്‍ ഫ്രാന്‍സ് വരെ വൈവിധ്യമാര്‍ന്ന ദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഡെക്കാണിന്റെ പൊടിയണിഞ്ഞ സമതലങ്ങളില്‍ ഒഴുകിയെത്തിയപ്പോള്‍, അന്തപ്പുരങ്ങളില്‍ തങ്ങളെപ്പോലെത്തന്നെ വിളറിയ നിറമുള്ള ബീഗങ്ങളെക്കണ്ട് യൂറോപ്യന്‍ ഡോക്ടര്‍മാര്‍ അമ്പരന്നു. ലോകത്തിനു ഡെക്കാണ്‍ സവിശേഷമായി ഇന്ത്യനായിരുന്നു; എന്നാല്‍ ഇന്ത്യയ്ക്ക് ഡെക്കാണ്‍ ലോകത്തിലേക്കു തിരിച്ച കണ്ണാടിയായിരുന്നു.

ഇന്ത്യാ ചരിത്രത്തിലെ ഈ അധ്യായത്തിനു ജീവന്‍ പകരാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. മിക്കപ്പോഴും ഔറംഗസേബും ശിവജിയും തമ്മിലുള്ള ഐതിഹാസികമായ ആ സംഘര്‍ഷത്തിന്റെ പോരാട്ടഭൂമി മാത്രമായി ഡെക്കാണ്‍ ചുരുക്കപ്പെടുന്നു. മറ്റെല്ലാം തന്നെ അവരുടെ ഉദ്വേഗജനകമായ കുടിപ്പകയുടെ നിഴലില്‍ ദുര്‍ബലമായിപ്പോകുന്നു. അതു പറയപ്പെടേണ്ട ഒരു കഥയാണെന്നത് ഉറപ്പാണ്. എന്തൊക്കെയായാലും ഈ ഡെക്കാണിലാണ് ചെങ്കിസ്ഖാന്റെയും തിമൂറിന്റെയും വംശജനായ, ആ ഭീതിയുണര്‍ത്തുന്ന ഔറംഗസേബ് രാജാവായി എത്തിയത്. മയൂരസിംഹാസനത്തിന്റെ അവകാശികളായ ചക്രവര്‍ത്തിമാരുടെ അന്ത്യത്തിന്റെ ആരംഭത്തിനു നേതൃത്വം വഹിക്കാനായിരുന്നു അതെന്നു മാത്രം. 

rebel sulthanmarഇവിടെത്തന്നെയാണ് മറാത്താ സ്വരാജ് ജന്മംകൊണ്ടത്; അതിന്റെ പോരാളികള്‍ രോഷത്താല്‍ അഗ്‌നിപര്‍വതംപോലെ തിളച്ചുയര്‍ന്നതും, തഞ്ചാവൂര്‍ മുതല്‍ ഗ്വാളിയോര്‍ വരെയും ബംഗാള്‍ മുതല്‍ പഞ്ചാബ് വരെയും തങ്ങളുടെ കൊടിക്കൂറ പാറിച്ചതും. എന്നാല്‍, മറാത്തരുടെ വരവിനു മുന്‍പുതന്നെ ശ്രദ്ധേയമായിരുന്നു ഡെക്കാണ്‍. മുഗളരുടെ ആദ്യ പടയോട്ടങ്ങള്‍ക്കു മുന്‍പേ തുടക്കംകുറിച്ച ഒരു വീരഗാഥയ്ക്ക് അത് സാക്ഷ്യംവഹിച്ചു. ഇക്കാലത്ത് ഡെക്കാണിന്റെ ഭാഗധേയത്തെ നിയന്ത്രിച്ചിരുന്നത് വ്യത്യസ്തരായ ഒരുകൂട്ടം മുസ്ലിം രാജാക്കന്മാരായിരുന്നു. ഒരിക്കല്‍ ഹോയ്സാല, കാകതീയ രാജവംശങ്ങള്‍ വാണിരുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാനായി ദില്ലിയില്‍ നിന്ന് വേറിട്ടുപോന്ന വിമതര്‍. ഈ വിമതസുല്‍ത്താന്മാരെല്ലാംകൂടി തീര്‍ത്തും പുതിയ ഒരു ലോകത്തിനു പിറവി നല്‍കി. വിസ്മയകരമായ നേട്ടങ്ങളും അമ്പരപ്പിക്കുന്ന വൈരുധ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ചക്രവാളം. പലപ്പോഴും അവര്‍ പരസ്പരം പൊരുതുകയും വെല്ലുവിളിക്കുകയും ചെയ്തെങ്കിലും അവസാനം പൂര്‍വാധുനിക ലോകത്തിനെ അസൂയപ്പെടുത്തുകയും പല ചക്രവര്‍ത്തിമാരിലും വിനാശകരമായ ആസക്തിക്കു പാത്രമായിത്തീരുകയും ചെയ്ത ഒരു നാടിനെ അവര്‍ രൂപപ്പെടുത്തി. തീര്‍ച്ചയായും മറാത്തരും മുഗളരും പ്രധാനപ്പെട്ടവരാണ്. പക്ഷേ, മുഗളരെ പ്രലോഭിപ്പിച്ച രമണീയതകളും മറാത്തരെ ജ്വലിപ്പിച്ച അഗ്‌നിയും ഉയര്‍ന്നുവന്നത് ഒരു ഭൂതകാലത്തിലാണ്, വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ്. ഈ കൃതിയിലൂടെ നമ്മള്‍ പര്യടനം നടത്തുന്ന ലോകമതാണ്. തുടര്‍ന്നു വരുന്ന താളുകളില്‍ നാം പിന്തുടരുന്ന ഭൂതകാലവുമതാണ്.

ഡെക്കാണിന്റെ കഥയുടെ വേരുകള്‍ ഇന്ത്യാ ചരിത്രത്തിന്റെ ആഴത്തിലാണുള്ളത്. നര്‍മദാ നദിയുടെ തീരത്തുനിന്നുപോയ ഉപഭൂഖണ്ഡത്തിന്റെ പ്രാചീന ചരിത്രകാരന്മാര്‍ നദിക്കപ്പുറമുള്ള സമതലത്തിനു പ്രാകൃതത്തില്‍ 'ദഖിണ' എന്ന പേരു നല്‍കി. സംസ്‌കൃതത്തില്‍ ഇത് 'ദക്ഷിണം' ആയിത്തീര്‍ന്നു. ക്രമേണ ഇപ്പോള്‍ പരിചിതമായ 'ഡെക്കാണ്‍' ഉരുത്തിരിഞ്ഞു. 1 ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടില്‍ രഹസ്യങ്ങള്‍ നിറഞ്ഞ പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ ഈ ത്രികോണമേഖലയെ, പരുത്തിയും വെള്ളാരങ്കല്ലുകളും സമൃദ്ധമായ ദക്ഷിണദേശത്തെ 'ദഖിണബഡേസ്' എന്നു വിളിച്ചപ്പോള്‍, ചൈനക്കാര്‍ ഇതിനെ അഞ്ചാം നൂറ്റാണ്ടില്‍ താ-ത്സിന്‍ എന്നു വിളിച്ചു. കണ്ടെത്താന്‍ ദുര്‍ഘടമായ, അപകടകരമായ പാതകളുള്ള 'ചെങ്കുത്തായ' ഭൂപ്രദേശത്തെ അവര്‍ ഭീതിയോടെ കണ്ടു. 2 അശോകചക്രവര്‍ത്തിയുടെ കാലത്ത് മൗര്യര്‍ക്ക് ദുര്‍ബലമായ അധീശത്വം ഈ ഭൂഭാഗങ്ങള്‍ക്കു മേലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ ഡെക്കാണിലെ ആന്ധ്രര്‍ ഔത്തരാഹരുടെ നുകം പൊട്ടിച്ചെറിയുകയും സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ കരുത്താര്‍ജിക്കുകയും ചെയ്തു. 

നാലാം നൂറ്റാണ്ടില്‍ പാടലീപുത്രരാജാവ് സമുദ്രഗുപ്തന്‍ തമിഴുദേശത്തിന്റെ അറ്റത്ത് കാഞ്ചിവരെ കടന്നെത്തിയെങ്കിലും ശരിക്കും ഈ അന്യദേശങ്ങളെ അധീശത്വത്തിലാക്കുന്നതിനു പകരം കൂറു നടിച്ചുകൊണ്ടുള്ള പ്രതിജ്ഞകള്‍ സ്വീകരിക്കാനുള്ള ബുദ്ധികാട്ടി. കാരണം, ദക്ഷിണദേശത്ത് നീണ്ടുനില്‍ക്കുന്ന ഒരു വിജയം സാധിക്കുമായിരുന്നില്ല. ഒരു വിദൂരസമ്രാട്ടിനും എക്കാലത്തേക്കും അധീശത്വം ചെലുത്താനുമായിട്ടില്ല. സമുദ്രഗുപ്തനു നാനൂറു വര്‍ഷത്തിനുശേഷം രാഷ്ട്രകൂടര്‍ ഗംഗാതടഹൃദയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ചരിത്രത്തെ തകിടംമറിക്കുകയുമുണ്ടായി. 3 കാലത്തിന്റെ ചുഴികളും മലരികളും പലതുണ്ടാവാം. പക്ഷേ, ഡെക്കാണ്‍ അതിന്റെ മനോവീര്യവും നട്ടെല്ലും വളയ്ക്കാതെ നിലകൊണ്ടു. ചിലര്‍ക്ക് അത് മോഹിപ്പിക്കുന്ന നിധികളുടെയും അതിശയകരമായ അവസരങ്ങളുടെയും രാജ്യമായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഡെക്കാണ്‍ അശുഭകരമായ എന്തോകൂടിയായി മാറി; ശക്തരായ രാജാക്കന്മാരെ ഇല്ലാതാക്കിയ, ഉജ്ജ്വലസാമ്രാജ്യങ്ങളുടെ ശ്മശാനം.

അപ്പോള്‍ ഇന്ത്യയെ അറിയണമെങ്കില്‍ ഡെക്കാണിനെ അറിഞ്ഞേ തീരൂ. എന്നാല്‍, അതിന്റെ എല്ലാ കഥകളും ഒരുമിച്ചു പറയുക എന്നത് ഭയമുണര്‍ത്തുന്ന സംഗതിയാണ്. സമൃദ്ധമാണ് ഈ ദേശം. ആയിരം പേജുകള്‍ മതിയാവില്ല. അതിനാല്‍ നിങ്ങളുടെ കൈയിലിരിക്കുന്ന പുസ്തകത്തിന്റെ അഭിലാഷങ്ങള്‍ തീര്‍ച്ചയായും കുറെക്കൂടി പരിമിതമാണ്. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്തുനിന്നാണ് നാം തുടങ്ങുന്നത്. അവരില്‍ അലാവുദ്ദീന്‍ എന്നു പേരുള്ളയാള്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം ദക്ഷിണദേശത്തേക്ക് പട പുറപ്പെട്ട് തലമുറകളായി സ്വരൂപിച്ചതെല്ലാം തകര്‍ക്കുന്നുണ്ട്. പ്രാചീനഗ്രന്ഥങ്ങളില്‍ നിന്ന് നാം അറിയുന്ന വീരവംശങ്ങള്‍ - കാകതീയരും യാദവരും ഹോയ്സാലരും - ചാമ്പലാക്കപ്പെടുകയും ഉപദ്വീപ് ഒരു ദുരന്തത്തിന്റെ വിളുമ്പുകളില്‍ വിറച്ചുനില്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആ പഴയ ലോകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നു പുതിയതൊന്ന് സൃഷ്ടിക്കപ്പെട്ടു; ഇന്ത്യന്‍ ജനതയുടെ ഭാഗധേയത്തില്‍ മായാമുദ്ര പതിപ്പിച്ച്, മൂന്നര നൂറ്റാണ്ടുകള്‍ അതിജീവിച്ച ഒന്ന്. ഉദാഹരണത്തിന്, ആ വിദൂര ഭൂതകാലത്തിന്റെ ചാരത്തില്‍ നിന്നാണ് കുറെ സഹോദരന്മാര്‍ വിജയനഗര സാമ്രാജ്യം വാര്‍ത്തെടുത്തത്. 

ഹിന്ദുപ്രതിരോധത്തിന്റെ കോട്ടയായി അതു ചിത്രീകരിക്കപ്പെട്ടെങ്കിലും വാസ്തവത്തില്‍ എല്ലാതരത്തിലും അത് കുറെക്കൂടി ഉജ്ജ്വലമായ ഒന്നായിരുന്നു. വിജയത്തിന്റെ നഗരം, നാം കാണാന്‍ പോകുന്നതുപോലെ, പിന്തിരിപ്പന്‍ യാഥാസ്ഥിതികത്വത്തിന്റെ ഒരു കോട്ടയായിരുന്നില്ല. പകരം അദ്ഭുതകരമായ, ധീരമായ കണ്ടെത്തലുകളുടെ ഇരിപ്പിടമായിരുന്നു. അവിടുത്തെ ഭരണാധികാരികള്‍ മതവൈരങ്ങളുടെ ഒരു കടലില്‍ കിടന്നു പുളയ്ക്കുകയായിരുന്നില്ല, പകരം പല മതങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഭാവിയുടെ ആകര്‍ഷണീയതകളെ ഉറ്റുനോക്കിയിരുന്നവരായിരുന്നു. ലോകത്തെമ്പാടും നിന്നുള്ളവര്‍ പഴയ ആചാരങ്ങളെയും ധീരമായ ആശയങ്ങളെയും ഇരുവശത്തും നിര്‍ത്തി അവരുടെ തലസ്ഥാനത്തെത്തി, പെഴ്സെപോളിസിലെ മാതൃകകള്‍ വിജയനഗരത്തിലെ കൂറ്റന്‍ മണ്ഡപങ്ങളില്‍ പകര്‍ത്തപ്പെട്ടു. തുര്‍ക്കിയിലും അറേബ്യയിലും നിന്നുള്ള വ്യക്തികള്‍ അവിടത്തെ ക്ഷേത്രസ്തൂപങ്ങളില്‍ സ്ഥിരമായി കൊത്തിവെക്കപ്പെട്ടു. ഡെക്കാണ്‍ ഭരണാധികാരികളുടെ കണ്ണ് ഇന്ത്യന്‍ ഭൂഭാഗത്തിലായിരിക്കാം പതിഞ്ഞിരിക്കുക. എന്നാല്‍, അവരുടെ മനസ്സുകള്‍ അതിനപ്പുറമുള്ള ലോകത്തിന്റെ വിസ്മയകരമായ വിശാലതയിലേക്കാണ് നോട്ടമയച്ചിരുന്നത്. അത് അവരെ പുഷ്‌കലമാക്കുകയും ഇന്ത്യയുടെ കഥയെന്ന ആ ബൃഹദാഖ്യാനത്തെക്കൂടി ഉദ്ദീപിപ്പിക്കുകയും ചെയ്തു.

(  ‘ദി ഐവറി ത്രോണി’ലൂടെ ശ്രദ്ധേയനായ മനു എസ്. പിള്ളയുടെ പുതിയ പുസ്തകമായ ‘റിബെൽ സുൽത്താന്മാ’രുടെ മുഖവുരയിൽനിന്ന്.) 

റിബല്‍ സുല്‍ത്താന്മാര്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Manu S. Pillai, rebel sulthanmar, rebel sultans the deccan from khilji to shivaji