മനു എസ് പിള്ള, പുസ്തകത്തിൻെറ കവർ
വിജയനഗരത്തിനുമേല്‍ മരണവും വിനാശവും വിതച്ച സുല്‍ത്താന്മാരുടെ സംഘം ബഹ്‌മാനി ഭരണകൂടത്തെ ഗ്രസിച്ച കൂട്ടക്കുഴപ്പത്തില്‍നിന്നും പിറന്നതാണ്. 1489-ല്‍ മഹ്‌മൂദ് ഗവാന്‍ കൊല്ലപ്പെടുകയും അനുശോചിക്കപ്പെടുകയും ചെയ്തപ്പോള്‍, ആടിയുലയുന്ന വൈഡൂര്യസിംഹാസനത്തില്‍ കൗമാരക്കാരനായ ഒരു സുല്‍ത്താനാണ് ഇരിക്കുന്നതെന്നായപ്പോള്‍, ജര ബാധിച്ച രാജവംശത്തിനു പകരം തന്റെ പുതിയ വംശത്തിനെ സ്ഥാപിക്കാന്‍ ഒരു ബലശാലിക്ക് അവസരം പാകപ്പെടുകയായിരുന്നു. ഓരോ അധികാരമാറ്റത്തിനിടയിലും കരുത്തുറ്റ ഒരൊറ്റ ബദല്‍ മാത്രം ഉയര്‍ന്നുവന്നിരുന്ന വിജയനഗരത്തില്‍നിന്നു വ്യത്യസ്തമായി, ബഹ്‌മാനി സുല്‍ത്താനേറ്റില്‍ ശേഷിയും അധികാരമോഹവും ഉള്ള കുറെയധികം പേര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നുതാനും. ആത്യന്തികമായി ഐക്യത്തോടെ നില്ക്കുന്നതിലുള്ള അവരുടെ പരാജയമാണ് എല്ലാവരുടെയും നിത്യനാശം ക്ഷണിച്ചുവരുത്തിയതും. തത്കാലം എന്തായാലും, നിര്‍വീര്യനാക്കപ്പെട്ട ഒരു സുല്‍ത്താന്‍ തന്റെ രാജ്യം തുണ്ടംതുണ്ടമാക്കപ്പെടുന്നത് ബിദാറിലെ കൊട്ടാരത്തില്‍നിന്ന് നോക്കിക്കാണുകയായിരുന്നു. ഏതുതരത്തിലായാലും അദ്ദേഹത്തിന് അധികമൊന്നും ചെയ്യാനില്ലായിരുന്നു. കാരണം, അപ്പോള്‍ത്തന്നെ, വടക്കന്‍ ഡെക്കാനിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന അഞ്ചു പ്രഭുക്കന്മാരില്‍ ഒരുവന്റെ തടവുകാരനായിരുന്നു അയാള്‍. വാസ്തവത്തില്‍ ഏതാനും വര്‍ഷത്തിനകം സുല്‍ത്താന്റെ വിധിയോടുള്ള കീഴടങ്ങല്‍ അത്രയേറെ സമ്പൂര്‍ണമായിത്തീരുന്നുണ്ട്. മറ്റൊരു വിഭാഗം അദ്ദേഹത്തെ 'രക്ഷിക്കാന്‍' തേടിയെത്തുമ്പോള്‍, പഴയതിനു പകരം പുതിയൊരു കാവല്‍നായയെ സ്വീകരിക്കുകയെന്നു മാത്രമാണ് അത് അര്‍ഥമാക്കുന്നതെന്ന് പരിപൂര്‍ണബോധ്യമുണ്ടായിരുന്ന ആ മനുഷ്യന്‍ പുറത്തു വന്ന് ധീരമായ ഒരു തിരഞ്ഞെടുപ്പു നടത്തുന്നതിനുപകരം തന്റെ സ്നാനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍, അദ്ദേഹത്തിന്റെ നിര്‍വികാരത അവസാനിപ്പിക്കാന്‍ കര്‍ശനമായി ആവശ്യമുയര്‍ന്നപ്പോള്‍, ചുറ്റും ചോരയൊഴുകിക്കൊണ്ടിരുന്നപ്പോള്‍, തനിക്ക് ഒട്ടും പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവമുള്ള പുതിയൊരാളുടെ കൂടെ പോവുന്നതിനു പകരം നിലവിലുള്ള കാവല്‍ക്കാരനൊപ്പംതന്നെ നില്ക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

സുല്‍ത്താന്റെയും ബിദാറിനു ചുറ്റുമുള്ള അദ്ദേഹത്തിന്റെ ഭൂമികളുടെയും സൂക്ഷിപ്പുകാരന്‍ ബരീദ് ഷാ എന്നാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും ഈ കളിയിലെ മറ്റുള്ളവരെപ്പോലെ ഷായുടെ യഥാര്‍ഥ പരമാധികാരശൈലി സ്വായത്തമാവുന്നത് ഏതാനും വര്‍ഷങ്ങള്‍കൂടി നീട്ടിവെക്കപ്പെടുന്നുണ്ട്. 1542-ല്‍ അവകാശിക്കു വല്ലായ്മയുണ്ടാക്കാന്‍ ആലങ്കാരിക അധികാരിയായി ഒരു ബഹ്‌മാനിയും അവശേഷിക്കാതായപ്പോളാണത്. ഖ്വാസിം ബരീദ് എന്ന ജോര്‍ജിയയില്‍നിന്നുള്ള തുര്‍ക്കിഷ് അടിമയായി എളിയ രീതിയിലാണ് അദ്ദേഹത്തിന്റെ തുടക്കം. ഒരു പ്രഭു ഇറക്കുമതി ചെയ്ത് ഒരു മുന്‍ സുല്‍ത്താന് ഉപഹാരമായി നല്കിയതാണ് അദ്ദേഹത്തിനെ. 'കൈയെഴുത്തിലും സംഗീതോപകരണങ്ങള്‍ വായിക്കുന്നതിലും വിദഗ്ധനായി' കാണപ്പെട്ടുവെങ്കിലും കൊട്ടാരത്തിലെ ഈ സംഗീതസദിരുകള്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രതിഭ വെളിവായത് സൈനികകാര്യങ്ങളിലാണ്. ഒരു മറാത്താമുഖ്യന്റെ കലാപം അദ്ദേഹം അടിച്ചമര്‍ത്തിയപ്പോള്‍, ഏറെ സന്തുഷ്ടനായ സുല്‍ത്താന്‍, നിലംപതിച്ച മുഖ്യന്റെ ഭൂസ്വത്തുക്കള്‍ അദ്ദേഹത്തിന് അനുവദിച്ചു. തദ്ദേശീയരക്തം ഒരു പാശ്ചാത്യവംശത്തിന്റെ വിദേശീയസിരകളില്‍ക്കൂടി കടത്തിവിട്ടുകൊണ്ട്, മരിച്ചയാളുടെ മകളെ ഖ്വാസിമിന്റെ അനന്തരാവകാശിയായ പുത്രന്‍ വിവാഹം ചെയ്യുകയുമുണ്ടായി. ഗവാനുശേഷം ഒരു സുദീര്‍ഘകാലം പ്രായപൂര്‍ത്തിയാവാത്ത സുല്‍ത്താന്റെ പ്രതിപുരുഷനായി അധികാരം കൈവശംവെക്കുന്നതില്‍ ബരീദികള്‍ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണവും അവസാനത്തെ ബഹ്‌മാനിയുടെ ഒടുവിലുള്ള തിരോധാനവും അവരെ ദുര്‍ബലരാക്കി. അയല്‍പക്കത്ത് ഉയര്‍ന്നുവരുന്ന മറ്റു ഷാമാര്‍ക്കെതിരേ തങ്ങളുടെ താത്പര്യങ്ങള്‍ വളര്‍ത്താന്‍ ഒരു പ്രത്യേക സന്ധിയില്‍, വിജയനഗരത്തിനുമേല്‍ സ്വാധീനം ചെലുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ക്രമേണ തങ്ങള്‍ക്കു സംരക്ഷണം നീട്ടാന്‍ മുഗളരെയും അവര്‍ പ്രേരിപ്പിച്ചു. എങ്കിലും ഈ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയിക്കുന്നില്ല. 1619-ല്‍ ബരീദ് ഷായുടെ ചെറുരാജ്യം ഒരു ശത്രുവംശം പിടിച്ചടക്കുന്നതോടെ ആ രാജകുടുംബത്തിന് അന്ത്യമാവുകയും ചെയ്യുന്നു.
ഇവിടെ പരാമര്‍ശിക്കുന്ന ശത്രുവംശം ബിജാപ്പൂര്‍ സുല്‍ത്താനേറ്റിന്റെ സ്ഥാപകനായ യൂസുഫിന്റെതാണ്. അയാളും ഒരു പാശ്ചാത്യനായിരുന്നു. പില്ക്കാലത്തെ ഒരു ഇളമുറക്കാരന്‍ യൂസുഫ് ഒരു ഓട്ടോമന്‍ രാജകുമാരന്‍തന്നെയായിരുന്നെന്ന് അവകാശപ്പെടുന്നുണ്ട്. തുര്‍ക്കിയിലെ സുല്‍ത്താന്‍ മുറാദ് രണ്ടാമന്റെ മകന്‍, ബാലനെ കൊല്ലാന്‍ നടന്ന രക്തദാഹിയായ സഹോദരനില്‍നിന്ന് രക്ഷപ്പെടുത്തപ്പെട്ടയാള്‍. അദ്ദേഹത്തിന്റെ മാതാവ് വളര്‍ത്താനായി സവയിലെ ഒരു വ്യാപാരിയെ ചുമതലപ്പെടുത്തിയെങ്കിലും ക്രമേണ ബഹ്‌മാനി തീരത്ത് തള്ളപ്പെടുകയും അവിടെ അദ്ദേഹം വ്യക്തിത്വവും ഭാഗധേയവും കണ്ടെത്തുകയുമായിരുന്നു. എങ്കിലും അതിലും സാധ്യത, ഇവിടെ ഒരു ഭാവി തേടിയെത്തിയ അസംഖ്യം പാശ്ചാത്യരുടെ കൂട്ടത്തിലൊരാളായി 1460 ഓടെ അദ്ദേഹം ഡെക്കാണില്‍ എത്തിയെന്നതിനാണ്. അതുപോലെത്തന്നെ, പരമ്പരാഗത തുര്‍ക്കിഷ് അല്ലെങ്കില്‍ പേര്‍ഷ്യന്‍ വംശജനുമായിരുന്നു. അതിനുമപ്പുറം ഇദാറിലെ മറാത്ത രാജാ മുകുന്ദ് റാവുവിന്റെ സഹോദരിയെ വിവാഹം ചെയ്തുകൊണ്ട് തദ്ദേശീയരക്തത്തെ സ്വീകരിക്കുകയും ചെയ്തു. താമസിയാതെ മഹ്‌മൂദ് ഗവാന്റെ വിശ്വസ്തനായി ഉയര്‍ന്നുവരുന്ന അദ്ദേഹത്തെ 'സൈനികനും ഭരണതന്ത്രജ്ഞനുമെന്ന നിലയിലുള്ള ശേഷിയുടെ' അംഗീകാരമായി ഗവാന്‍ ഒരു ഗവര്‍ണറായി നിയമിച്ചു. കൊല്ലപ്പെട്ട മന്ത്രി അദ്ദേഹത്തെ 'ദത്തെടുക്കുകയായിരുന്നു' എന്നും ചിലര്‍ പറയുന്നു. കാരണം, അദ്ദേഹത്തിന്റെ മരണശേഷം ആ സമയത്ത് ആദില്‍ ഖാന്‍ എന്ന പട്ടം സ്വീകരിച്ചിരുന്ന യൂസുഫ്, കൗമാരക്കാരനായ ബഹ്‌മാനി സുല്‍ത്താന്റെ ദയനീയ ഭരണകാലത്തിനിടയില്‍ സഭയില്‍ പാശ്ചാത്യരുടെ സുപ്രധാനനേതാക്കളിലൊരാളായി മാറുന്നുണ്ട്. അദ്ദേഹത്തിന്റെ വിഭാഗത്തിലെ പ്രധാന പ്രഭുക്കള്‍ യൂസുഫ് ഉറപ്പുനല്കിയാല്‍ മാത്രമേ രാജസഭയില്‍ പങ്കെടുക്കുകപോലുമുള്ളൂ.
ഖ്വാസിം ബരീദിന്റെ ഉദ്ദേശ്യം കൗമാരക്കാരന്‍ സുല്‍ത്താനെ കളിപ്പാവയായി സൂക്ഷിച്ചുകൊണ്ട് ഭരിക്കാനാണെന്നു വ്യക്തമായപ്പോള്‍, തന്റെ ഓഹരിപ്രദേശത്തിന് ആദ്യം അവകാശം ഉന്നയിച്ചവരില്‍ ഒരാള്‍ യൂസുഫാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് പില്ക്കാലത്ത് ആദില്‍ ഷാമാരായി ഭരിക്കുന്നത്. അദ്ദേഹം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചില്ലെങ്കിലും സുല്‍ത്താനേറ്റിലെ ഏറ്റവും മികച്ച ഏതാനും പ്രവിശ്യകള്‍ കൈവശമാക്കി, ആ സ്ഥാനം ബിജാപ്പൂരാക്കി, റെയ്ച്ചൂര്‍ മുറുകെപ്പിടിക്കുകയും ചെയ്തു. അതിനിടെ മറ്റൊരു മത്സരാര്‍ഥി അചിന്ത്യമായ ഒന്ന് നടപ്പാക്കി. പുതുതായി സ്ഥാപിച്ച അഹമ്മദ്നഗര്‍ എന്ന തലസ്ഥാനത്തിലിരുന്ന് നൈസാം ഷായായി തന്റെ പരമാധികാരം പ്രഖ്യാപിച്ചു. കുപിതനായ ഖ്വാസിം ബരീദ് ഒരേ രാജ്യത്ത് എങ്ങനെ രണ്ടു സുല്‍ത്താന്മാരുണ്ടാകുമെന്നും ഈ അല്പന്‍ എന്തിനാണ് വെള്ള രാജകീയച്ഛത്രം ഉപയോഗിക്കുന്നതെന്നും ചോദിച്ചു. മുഖത്ത് സൂര്യപ്രകാശം ഏല്ക്കാതിരിക്കാന്‍ മാത്രമാണെന്നായിരുന്നു മറുപടി. അത് ധിക്കാരമായിരുന്നു, മധുരമായ ആ വെല്ലുവിളി മൂര്‍ച്ചയുള്ളതുമായിരുന്നു. കാരണം, അദ്ദേഹത്തിനെ തടയാന്‍ ഒന്നും ചെയ്യാനാവില്ലായിരുന്നു. കൗതുകകരമായത്, നൈസാം ഷാ ദഖ്നി വിഭാഗക്കാരനും ബ്രാഹ്‌മണവംശജനുമായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് വിജയനഗരത്തില്‍നിന്ന് തടവിലാക്കപ്പെട്ട ഒരു ഭെയ്രുവാണെന്ന് ചിലര്‍ വിശ്വസിച്ചു. മറാത്ത്വാഡയിലെ പത്രിയിലാണ് അദ്ദേഹത്തിന്റെ വേരുകളെന്ന് മറ്റു ചിലര്‍ സൂചിപ്പിക്കുന്നു. അങ്ങനെയദ്ദേഹം ഉത്തര ഡെക്കാന്‍കാരനാവുന്നു. വാസ്തവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ശത്രു ഈ സ്ഥലം പിടിച്ചടക്കുമ്പോള്‍, അന്നത്തെ സുല്‍ത്താന്‍ തന്റെ മുസ്ലിം പാരമ്പര്യത്തിന്റെ ഹിന്ദുപൂര്‍വകാലപശ്ചാത്തലം ഉറപ്പിച്ചുകൊണ്ട്, ബലപ്രയോഗത്തിലൂടെ അത് വീണ്ടെടുക്കുകയും ആ ഭൂമി തന്റെ 'ബ്രാഹ്‌മണബന്ധുക്കള്‍ക്ക് ദാനോപഹാരമായി' സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയംതന്നെ വടക്ക് ബിറാറില്‍ മറ്റൊരു പരിവര്‍ത്തിതന്‍- അങ്ങനെ ദഖ്നിയും- ഗവര്‍ണര്‍ ഇമാദ് ഉല്‍ മുല്‍ക്കില്‍നിന്ന് ഇമാദ് ഷാ എന്ന കുലീനനാമത്തിലേക്കുള്ള സ്ഥാനക്കയറ്റം ആഹ്ലാദപൂര്‍വം സ്വയം പ്രഖ്യാപിച്ചു. കിഴക്ക്, ഗോല്‍ക്കൊണ്ട എന്ന അലംഘ്യമായ കോട്ടയില്‍നിന്ന് കുത്തബ് ഷാ വംശം വാണു. ഡെക്കാണിലെ പുതുമടിശ്ശീലക്കാരായ അഞ്ചു പ്രഭുക്കന്മാരില്‍ അഞ്ചാമന്‍. അദ്ദേഹത്തിന്റെ രത്നഖനികളും പട്ടുസമ്പത്തും ഇതിഹാസമാനങ്ങളിലുള്ള പണം അവര്‍ക്കു നല്കി. ഈ സ്വപ്രഖ്യാപിത രാജകുമാരന്മാരും ഉത്പത്തിക്കഥകള്‍ നിര്‍മിച്ചെടുക്കുന്നുണ്ടെങ്കിലും അവരുടെ ഉദയം അവജ്ഞയുടെ മൂടുപടമണിഞ്ഞാണെങ്കിലും സൂക്ഷ്മമായി അയല്‍പക്കമായ വിജയനഗരത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. തലമുറകള്‍ക്കുശേഷം ഒരു തെലുഗുകൃതി ചുരുക്കിപ്പറയുന്നതുപോലെ 'ബിദാറിലെ ബരീദ് എന്നു പേരുള്ളയാളിലൂടെയാണ്' പുതിയ ക്രമം രൂപംകൊള്ളാന്‍ ആരംഭിച്ചത്. 'അദ്ദേഹത്തിന്റെ പ്രാപ്പിടിയന്‍ സൂക്ഷിപ്പുകാരന്‍ നൈസാം ഷാ എന്നറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വെള്ളക്കലം ചുമട്ടുകാരന്‍ ആദില്‍ ഷാ എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ പട്ടികളെ പരിപാലിക്കുന്നയാള്‍ കുത്ത്ബ്-അല്‍-മാലിക് എന്നറിയപ്പെട്ടു,' ഈ വിവരണത്തില്‍ നിന്ദയോടെ പറയുന്നു. ചുരുക്കത്തില്‍, ബഹ്‌മാനികളുടെ തെക്കുള്ള അയല്‍വാസിയെ സംബന്ധിച്ചിടത്തോളം, അപ്പോഴേക്കും രൂപമെടുത്തുതുടങ്ങിയ ഈ ശകലിത സുല്‍ത്താനേറ്റുകളെല്ലാംതന്നെ ഏതെങ്കിലും തരത്തില്‍ യഥാര്‍ഥ ആദരവിനോ രാജകീയപരിഗണനയ്ക്കോ അര്‍ഹതയില്ലാത്ത, താണതരം ക്ഷുദ്രജന്മങ്ങളായിരുന്നു. എങ്കിലും വാസ്തവത്തില്‍, ഈ പുതുമടിശ്ശീലക്കാരാണ് ഒടുവില്‍ വിജയനഗരത്തിന്റെ തകര്‍ച്ചയ്ക്കും അവസാനത്തെ ഇടിച്ചുനിരത്തലിനും തിരക്കഥയൊരുക്കിയത്.
അതിനിടെ, ഖ്വാസിം ബരീദിനെ സംബന്ധിച്ചിടത്തോളം, യൂസുഫ് പ്രത്യേകിച്ചും വെറുക്കപ്പേടേണ്ട ഒരു ശത്രുവായി. യൂസുഫിന്റെ ആസ്ഥാനമായ ബിജാപ്പൂര്‍ അദ്ദേഹവും മോഹിച്ച ഒരു പ്രവിശ്യയായിരുന്നു. പക്ഷേ, എങ്ങനെ നിലനില്ക്കണമെന്നറിയാമായിരുന്ന യൂസുഫ് ഒരു കൂര്‍മതന്ത്രജ്ഞനായിരുന്നു. പലപ്പോഴും ശത്രുതന്ത്രങ്ങള്‍ പൊളിച്ചും ചിലപ്പോഴൊക്കെ തലസ്ഥാനത്തെ തന്റെ ശത്രു കാരണം നഷ്ടങ്ങളേറ്റും 1490നു ശേഷം അദ്ദേഹം രാജ്യവിപുലീകരണം നടപ്പാക്കിത്തുടങ്ങി. സമുദ്രത്തിലേക്കു പ്രവേശനം തേടി, യൂസുഫ് ഗോവ ഗവര്‍ണര്‍ക്ക് ബിജാപ്പൂരില്‍ 'അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യപ്പെട്ട്' എഴുതുക മാത്രമേ ചെയ്തുള്ളൂ. ഈ കല്പനയ്ക്ക് ഗവര്‍ണര്‍ മറുപടി നല്കിയപ്പോള്‍, അത് യൂസുഫിനെ തന്റെ അധീശനായി അംഗീകരിച്ചുകൊണ്ടുള്ള ഒരു മൗനസമ്മതത്തിനപ്പുറം പോയി. കാരണം, ഒരു വാള്‍പോലും ഉയര്‍ത്തപ്പെടാതെ ഗോവ കൈമാറപ്പെട്ടപ്പോള്‍, ഗവര്‍ണര്‍ തന്റെ പദവിയില്‍ നിലനിര്‍ത്തപ്പെട്ടു. എങ്കിലും ഖ്വാസിം ബരീദിന്റെ സേവകനായ മറ്റൊരു പ്രവിശ്യാധികാരിയോട് യൂസുഫ് ആയുധമെടുക്കുകയും ബലപ്രയോഗത്താല്‍, ഒരിക്കല്‍ ബഹ്‌മാനി തലസ്ഥാനമായിരുന്ന, പേരും പെരുമയുമുള്ള ഗുല്‍ബര്‍ഗ ഉള്‍പ്പെടെയുള്ള പ്രവിശ്യകള്‍ സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രധാനപ്പെട്ട പന്ത്രണ്ടു പ്രവിശ്യകളില്‍, തങ്ങള്‍ക്കു കഴിയാവുന്നിടത്തോളം എണ്ണം ക്രമാനുഗതമായി യൂസുഫും അഹമ്മദ്നഗറിലെ നൈസാം ഷായും വിഴുങ്ങി. സുല്‍ത്താനേറ്റ് നിത്യവിനാശത്തിലേക്കു പതിക്കുകയായിരുന്നതിനാല്‍ ബഹ്‌മാനി രാജസഭയിലെ കരുത്തര്‍ മാത്രം സ്വതന്ത്രാധികാരം അവകാശപ്പെട്ടാല്‍ മതി എന്നതിന് ഒരു രഹസ്യ ഉടമ്പടി ഇരുവര്‍ക്കുമിടയിലുണ്ടായി. യൂസുഫിന്റെയും നൈസാമിന്റെയും അനന്തരാവകാശികള്‍ അവരുടേതായ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും, ഇക്കാലത്ത് ഈ പാശ്ചാത്യനും ദഖ്നിയും പരസ്പരോപകാരപ്രദമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കൈകോര്‍ക്കുന്നതിനു തയ്യാറായി.
ഇങ്ങനെയാണെങ്കിലും യൂസുഫ് അതിരുവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിനാശം ലക്ഷ്യമിടുന്നതിന് ഖ്വാസിം ബരീദിന് ഒരു ന്യായീകരണം ലഭിച്ചു. 1502 ആയപ്പോഴേക്കും ഖുത്ബയില്‍ ബഹ്‌മാനി സുല്‍ത്താന്റെ പേരിനു പകരം യൂസുഫ് സ്വന്തം പേര് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആചാരങ്ങളില്‍ രാജ്യത്തിന്റെ ഔദ്യോഗികമതമെന്ന നിലയില്‍ സുന്നിസ്വഭാവം നിലനിര്‍ത്തി. എന്തായാലും ഇപ്പോള്‍ പേര്‍ഷ്യയില്‍ ഷിയാ വിശ്വാസം ഔദ്യോഗിക മതമാക്കിയ സഫാവിദ് രാജവംശത്തിന്റെ ഉദയം നല്കിയ ധൈര്യത്തില്‍, യൂസുഫും ബിജാപ്പൂരിനെ ഒരു ഷിയാരാജ്യമായി പ്രഖ്യാപിക്കാന്‍ പദ്ധതിയിട്ടു. പിന്നീട് അദ്ദേഹത്തിന്റെ മതക്കൂറിനെ അടിസ്ഥാനമാക്കിയാണ് ഭരണം നടത്തിയതും. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ തീര്‍ത്തും വിശ്വാസപരമായിരുന്നില്ലെന്ന് സാന്ദര്‍ഭികമായി പറയട്ടെ: സഫാവിദ് പേര്‍ഷ്യയെ മാതൃകയാക്കിയതിലൂടെ ഡെക്കാണിലെ ശത്രുക്കള്‍ക്കിടയില്‍ തന്റെ നില ശക്തിപ്പെടുത്താനും ലോകത്തെ ഏറ്റവും വിശ്രുതമായ സാമ്രാജ്യങ്ങളിലൊന്നിന്റെ സംരക്ഷണവും സൗഹൃദവും നേടാനുമാണ് യൂസുഫ് ശ്രമിച്ചത്. 1519-ല്‍ സഫാവിദുകള്‍ അദ്ദേഹത്തിന്റെ രാജവംശത്തിന് തങ്ങളുടെതായ നിലയില്‍ സ്വതന്ത്ര പരമാധികാരികളാവാന്‍ ആധികാരികത നല്കിക്കൊണ്ട് 'ഷാ' എന്ന പട്ടം ഔദ്യോഗികമായി ചാര്‍ത്തി നല്കി. ഒരു നൂറ്റാണ്ടിനുശേഷം, യൂസുഫിന്റെ പിന്‍ഗാമികളിലൊരാള്‍ മഹോന്നതനായ ഷാ അബ്ബാസ് ഒന്നാമനോട് അദ്ദേഹത്തിന്റെ 'വിനീതദാസന്‍ മാത്രമായ' തന്റെ ഡെക്കാന്‍ പ്രദേശങ്ങള്‍, 'ഇറാഖ്, ഫര്‍സ്, ഖുറാസാന്‍, അസര്‍ബൈജാന്‍ എന്നീ പ്രവിശ്യകള്‍പോലെത്തന്നെ സഫാവിദ് സാമ്രാജ്യത്തിന്റെ ഭാഗമായി' കരുതണമെന്നും നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വപിതാക്കന്മാര്‍, 'അവിടുന്നിന്റെ മുന്‍ഗാമികളാല്‍ സംരക്ഷിക്കപ്പെട്ടവരും ഈ പ്രദേശങ്ങള്‍ക്കുമേല്‍ ഭരണം നടത്താന്‍ നിയോഗിക്കപ്പെട്ടവരും' മാത്രമാണെന്നും തന്റെ നിര്‍ദോഷമായ ഉദ്ദേശ്യം 'അവിടുന്നിനുവേണ്ടി അദ്ദേഹത്തിന്റെ ദേശങ്ങള്‍ വിദേശാക്രമണത്തില്‍നിന്ന് പ്രതിരോധിക്കലാണെന്നും' ഈ ആദില്‍ ഷാ ഉണര്‍ത്തുന്നു. ഇത് അന്തസ്സില്ലാത്ത മുട്ടിലിഴയലായിരുന്നില്ല, പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുമെങ്കിലും. കാരണം, അക്കാലമായപ്പോഴേക്കും ദില്ലിയുടെ നോട്ടം വീണ്ടും ദക്ഷിണദുര്‍ഗങ്ങളിലേക്ക് നീണ്ടതിനാല്‍ ഡെക്കാണിന് ലഭ്യമായ ഏതു കോണില്‍നിന്നും ശരിക്കും സംരക്ഷണം ആവശ്യമുണ്ടായിരുന്നു.
എങ്കിലും 1502-ല്‍ ഇത് ഖ്വാസി ബരീദിനെയും അഹമ്മദ്നഗറിലെ സുന്നിയായ നൈസാം ഷായെയും അവസരവാദപരവും അപകടകരവുമായ ഒരു സഖ്യത്തിനു പ്രേരിപ്പിക്കുമെന്ന് യൂസുഫിന് മുന്നറിയിപ്പ് ലഭിച്ചെങ്കിലും പ്രഖ്യാപനവുമായി അദ്ദേഹം മുന്നോട്ടു പോയി. ഔദ്യോഗികമായി ഇത് 'രണ്ടു വ്യത്യസ്ത ഭരണാധികാരികളോടുള്ള യൂസുഫിന്റെ കൂറാണ് തെളിയിച്ചത്. നാമമാത്ര രാഷ്ട്രീയപരമാധികാരത്തിന്റെ പേരിലുള്ള കടപ്പാട് ബഹ്‌മാനി സുല്‍ത്താനോടും മതക്കൂറ് ഇറാനിലെ ഷായോടും.' മുഴുവന്‍ ലോകത്തിലുമുള്ള ഒരേയൊരു ഷിയാചക്രവര്‍ത്തിയായിരുന്ന ഷായുടെ കരുത്തും പ്രതാപവും അത്രയേറെയായിരുന്നു. പില്ക്കാലത്ത് പലപ്പോഴും മുഗളന്മാരില്‍ക്കൂടി അത് വിസ്മയാദരങ്ങള്‍ ഉണര്‍ത്തി. അങ്ങനെ വഞ്ചനയെന്ന കപടന്യായം ആയുധമാക്കി ഖ്വാസിം ബരീദ് സുല്‍ത്താനെക്കൊണ്ട് മതനിന്ദകനെതിരേ പടനയിക്കാന്‍ മറ്റ് ഗവര്‍ണര്‍-പ്രഭുക്കന്മാരോട് ആഹ്വാനം ചെയ്യിച്ചു. പക്ഷേ, അപ്പോഴേക്കും കൂട്ടുകെട്ട് അലസിപ്പോയി. ബിരാറിലെ ഇമാദ് ഷായുടെ ഇടപെടലായിരുന്നു കാരണം. ബിജാപ്പൂര്‍ ഖ്വാസിം ബരീദിന്റെ അതിമോഹങ്ങളുടെ ബലിപീഠത്തില്‍ പെടുകയാണെങ്കില്‍ അതൊരു കീഴ്വഴക്കമുണ്ടാക്കുമെന്നും അതുപോലെ ബാക്കിയുള്ളവര്‍ക്കും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തുമെന്നും സമചിത്തതയോടെ സഖ്യത്തിലുള്ളവരെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. ഖ്വാസിം ബരീദ് അയാളുടെ സുന്നിവിശ്വാസത്തെ പെരുപ്പിച്ചുകാട്ടുന്നത്, 'ഡെക്കാന്‍ മുഴുവന്‍ തന്റെ ചൊല്‍പ്പടിയിലേക്ക് ഒതുക്കാനുള്ള അയാളുടെ കുടിലമായ അതിമോഹമാണെന്ന്' അദ്ദേഹം താക്കീതു നല്കി. യൂസുഫിനും കിട്ടി രോഷത്തോടെയുള്ള ശാസന. അധികാരസന്തുലനത്തിന്റെ കുറെക്കൂടി പ്രായോഗികമായ ആവശ്യങ്ങള്‍ക്കു മുന്നില്‍ വിശ്വാസം എല്ലായ്പോഴും മാറ്റിനിര്‍ത്തണമെന്ന മൗലികതത്ത്വം അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. എന്തായാലും തത്കാലത്തേക്ക് സുന്നിവിശ്വാസത്തെ പുനഃസ്ഥാപിക്കാന്‍ യൂസുഫ് നിര്‍ബന്ധിതനായി. പക്ഷേ, രണ്ടു വര്‍ഷത്തിനുശേഷം ഖ്വാസിം ബരീദ് മരിച്ചപ്പോള്‍, ബിജാപ്പൂര്‍ ഷിയാ ആരാധനയിലേക്ക് തിരിച്ചുപോയി. ഇപ്രാവശ്യം യൂസുഫ് അംഗീകാരം വിലയ്ക്കുവാങ്ങേണ്ട പ്രമാണിമാരുടെയിടയില്‍ പാരിതോഷികങ്ങള്‍ വിതരണം ചെയ്തുവെന്നു മാത്രം. തങ്ങളുടെ ആചാരങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം സുന്നിപ്രമാണിമാര്‍ക്ക് ഉറപ്പും നല്കി.
സുന്നി, ഷിയാ വിശ്വാസങ്ങള്‍ക്കിടയിലുള്ള യൂസുഫിന്റെ ചാഞ്ചാട്ടങ്ങള്‍ ഭാവിയില്‍ ബിജാപ്പൂരില്‍ നീണ്ടുനില്ക്കുന്ന പ്രത്യാഘാതങ്ങള്‍ക്കു പ്രേരകമാവുന്നുണ്ട്. ആ നഗരം ഭരിച്ച ഒന്‍പത് ആദില്‍ ഷാമാരില്‍ അഞ്ചു പേരും ഷിയാകളായിരുന്നു. അര ഡസന്‍ പ്രാവശ്യമെങ്കിലും രാജ്യം ഇസ്ലാമിന്റെ ഈ രണ്ടു വൈവിധ്യങ്ങള്‍ക്കിടയില്‍ ഊയലാടിയിട്ടുണ്ട്. പരിണതഫലങ്ങള്‍ രണ്ടു തലമുണ്ടായിരുന്നു. ഒരു വശത്ത് ഷിയാ ഭരണാധികാരികള്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയെ തങ്ങളുടെ അധീശനായും ആത്മീയഗുരുവായും മഹത്ത്വവത്കരിക്കാനുള്ള പ്രവണത കാട്ടിയപ്പോള്‍ സുന്നി ആദില്‍ ഷാമാര്‍ ഓട്ടോമന്‍കാരെ തങ്ങളുടെ മാതൃകാപുരുഷന്മാരാക്കാന്‍ തത്പരരായി. സ്വാഭാവികമായും ഇതിന്റെ അര്‍ഥം അവരുടെ വിദേശനയത്തില്‍ ആവര്‍ത്തിച്ചുള്ള ഇളക്കിപ്പണി വേണമെന്നതായിരുന്നു. പക്ഷേ, കുറെക്കൂടി അനിശ്ചിതമായ മറ്റൊരു വശമെന്നത് ഈ അസ്ഥിരത പ്രാദേശികരാഷ്ട്രീയത്തിനെയും നിറംപിടിപ്പിച്ചുവെന്നതാണ്. ഉദാഹരണത്തിന്, ബിജാപ്പൂരിലെ ഷിയാസുല്‍ത്താന്മാര്‍ ദഖ്നികളെക്കാള്‍ പാശ്ചാത്യരോട് അമിതൗദാര്യം കാട്ടുന്നത് ശീലമായിരുന്നെങ്കില്‍, ഓരോ സമയവും ഒരു സുന്നി അധികാരത്തില്‍ വരുമ്പോള്‍ നേരേ തിരിച്ചാവും സംഭവിക്കുക. ബഹ്‌മാനികളുടെ സമാധാനം നശിപ്പിച്ച ശാപം, പൈതൃകമായി പിന്‍ഗാമിയായ ഈ ഭരണകൂടത്തിനും ലഭിച്ചിരുന്നു. 'ഭരണാധികാരികളുടെ മാറ്റമനുസരിച്ച്, സുന്നി, ഷിയാ വിശ്വാസപ്രമാണങ്ങള്‍ക്കിടയിലുള്ള ഈ കൂടുമാറല്‍' 'രാജ്യത്തിന്റെ യഥാര്‍ഥ നെടുംതൂണുകളായിരുന്ന' പ്രഭുക്കന്മാരുടെ വിശ്വസ്തതയെയും തകര്‍ക്കുന്നതായിരുന്നു. വിഭാഗീയതയ്ക്കതീതമായി ഉയരുകയാണ് വേണ്ടിയിരുന്നതെങ്കിലും, ആദില്‍ ഷാകള്‍തന്നെയും പിഴവുവരുത്തി. സ്വേച്ഛാധിപത്യരോഷത്തിന്റെ ഒരൊറ്റ ചുഴറ്റലില്‍ ഒരു സുല്‍ത്താന്‍, 3000 പാശ്ചാത്യരെയെങ്കിലും പുറത്താക്കി. അതിന്റെ ഫലമോ, അവര്‍ കൂട്ടത്തോടെ വിജയനഗരത്തെ സേവിക്കാനും ഒരു മതഭ്രാന്തനായി വെളിപ്പെട്ട തങ്ങളുടെ മുന്‍ യജമാനനെതിരേ ഹിന്ദുരാജവംശത്തിനുവേണ്ടി പൊരുതാനും പോയിയെന്നതും.
1510-ല്‍ യൂസുഫ് മരണമടയുമ്പോഴേക്കും ബിജാപ്പൂരില്‍ സുദീര്‍ഘവും സംഭവബഹുലവുമായ ഒരു വാഴ്ചയ്ക്ക് ആദില്‍ ഷാ രാജവംശം സജ്ജമായതായി കാണപ്പെട്ടു. നഷ്ടങ്ങളുണ്ടായിരുന്നു- ഉദാഹണത്തിന്, ഈ നൂറ്റാണ്ടിലേക്കുള്ള തിരിവില്‍ നാടകീയമായ ഈ ഇന്ത്യന്‍ മഹാസമുദ്രലോകത്തേക്ക് കടന്നുകയറിയ പോര്‍ച്ചുഗീസുകാര്‍, അവരുടെ ഗവര്‍ണറുടെ മൂക്കിനു കീഴില്‍വെച്ച് ഗോവ പിടിച്ചെടുത്തു. 6000 പേരെ ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ പ്രധാന സ്വത്തായ തിസ്വാഡി ദ്വീപിലേക്കു നയിച്ചുകൊണ്ട് തന്റെ അധികാരം വീണ്ടെടുക്കലായിരുന്നു യൂസുഫിന്റെ ഉടനടിയുള്ള പ്രതികരണം. കപ്പലുകളില്‍ കുടുങ്ങിക്കിടന്നുപോയ പോര്‍ച്ചുഗീസുകാര്‍ക്ക് എലിയെ തിന്നും കൈയില്‍ കിട്ടിയ തോലൊക്കെയുപയോഗിച്ച് അറപ്പുളവാക്കുന്ന സൂപ്പുണ്ടാക്കിയും കഴിയേണ്ട അവസ്ഥയുണ്ടായി. എന്നാല്‍ ആ വര്‍ഷം യൂസുഫ് മരിച്ചപ്പോള്‍, പ്രദേശം പിടിക്കാനായി വീണ്ടുമൊരു ശ്രമം നടത്താന്‍ യൂറോപ്യന്മാര്‍ക്ക് വഴി തുറന്നുകിട്ടി. ഭൂരിഭാഗം സൈനികരും യൂസുഫിന്റെ അനന്തരാവകാശിയായ ഇസ്മയില്‍ ആദില്‍ ഷായോടുള്ള കൂറു പ്രഖ്യാപിക്കാനായി ബിജാപ്പൂരിലേക്കു തിരിച്ചപ്പോള്‍, വിരല്‍ നൊടിക്കുന്ന ലാഘവത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കരസ്ഥമാക്കി. ഇരുപതാംനൂറ്റാണ്ടെത്തുംവരെ പിന്നീടൊരിക്കലും ഒരു ഇന്ത്യന്‍ ശക്തിക്ക് അവര്‍ അത് അടിയറവുവെച്ചില്ല. തീര്‍ച്ചയായും വിജയത്തെതുടര്‍ന്ന് 'നിര്‍ദയമായ കൊള്ളയടിക്കല്‍' ഉണ്ടായി. കര്‍ഷകരെയും ബ്രാഹ്‌മണരെയും ഒഴിവാക്കിയെങ്കിലും 'അതൊരു വിവേചനരഹിതമായ കൂട്ടക്കൊലയായിരുന്നു.' പൗരന്മാര്‍ അഭയം തേടിയ പല മുസ്ലിം പള്ളികളും അഗ്‌നിക്കിരയാക്കി. ഹിന്ദുക്ഷേത്രങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഒടുവില്‍ ബിജാപ്പൂര്‍ പോര്‍ച്ചുഗീസുകാരുമായി സന്ധിയിലെത്തി- ഗോവ പോര്‍ച്ചുഗീസുകാര്‍ക്ക് അടിയറവു നല്കി, അവര്‍ ബിജാപ്പൂരിന് അധീനമായ, അതിന്റെ വരുമാനത്തിനു ഗണ്യമായി സംഭാവന ചെയ്യുന്ന സമീപ തീരദേശത്തുള്ള മറ്റൊരു തുറമുഖത്തെയും ഉപദ്രവിക്കരുതെന്ന ഉപാധിയോടെ.
എങ്കിലും, ഗോവ നഷ്ടപ്പെട്ടത് ആഘാതങ്ങളുടെ ഒരു പ്രവാഹംതന്നെ ക്ഷണിച്ചുവരുത്തി. ഉദാഹരണമായി, രായന്റെ രാജപാദം അവതരിപ്പിക്കുന്ന അധ്യായത്തില്‍ നമ്മള്‍ കണ്ടുകഴിഞ്ഞതുപോലെ, 1520-ല്‍ വിജയനഗരത്തിലെ കൃഷ്ണദേവരായന്‍ റെയ്ച്ചൂര്‍ പിടിച്ചെടുത്തു. വിദേശസമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ബിജാപ്പൂര്‍ അസമര്‍ഥമായിരുന്നെങ്കില്‍, ആഭ്യന്തരസംഘര്‍ഷങ്ങളാണ് രാജസഭയിലെ അന്തരീക്ഷത്തില്‍ വിഷം കലര്‍ത്തിയത്. തുടക്കത്തില്‍ ഇളമുറക്കാരനായ ഇസ്മയില്‍ ഒരു റീജന്റ് പ്രഭുവിന്റെ കീഴിലാണ് ഭരണം നടത്തിയത്. ഈ പ്രമാണി സ്പഷ്ടമായും ദഖ്നി പക്ഷത്ത് നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ നടപടികളിലൊന്ന് 'ഷിയാസമ്പ്രദായത്തിലുള്ള ഇസ്ലാമിനെ ഉപേക്ഷിക്കുകയായിരുന്നു.' അയാളുടെ ചെയ്തികളോടുള്ള ഏതെങ്കിലും തരത്തിലുള്ള എല്ലാ എതിര്‍പ്പുകളും നിശിതമായി അടിച്ചമര്‍ത്തി-ഇസ്മയില്‍തന്നെ ഷിയാവിശ്വാസത്തിന് ഉന്നതമായ ആദരം നല്കിയിരുന്ന ഒരു പേര്‍ഷ്യന്‍ അമ്മായിയാല്‍ വളര്‍ത്തപ്പെട്ടതായിരിക്കെയാണിത്. യൂസുഫിന്റെ ഭരണകാലത്ത് തഴച്ചുവളര്‍ന്ന പാശ്ചാത്യര്‍ പദവികളില്‍നിന്നു പുറത്താക്കപ്പെട്ടു. അവ റീജന്റിന്റെ ആള്‍ക്കാര്‍ക്കു നല്കി. അതിലും അപകടകരമായത്, റീജന്റ് ബരീദ് ഷായുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയതാണ്. യൂസുഫിന്റെ കുടുംബത്തെ അട്ടിമറിച്ച് ബിജാപ്പൂര്‍ കൈവശമാക്കിക്കൊള്ളാന്‍ തന്റെ പിന്തുണ ബരീദ് ഷാ വാഗ്ദാനം ചെയ്തു. പ്രമാണിയാകട്ടെ, അഹമ്മദ്നഗറിലെ വിമതസുല്‍ത്താന്‍ നൈസാം ഷായെ കീഴടക്കുന്നതിന് സൈനികസഹായവും ഉറപ്പു നല്കി. ഡെക്കാണിന്റെ ചതുരംഗക്കളത്തിലെ കരുക്കള്‍ ഇങ്ങനെ കന്നിനീക്കത്തിനും ഭാഗധേയം തിരുത്തിയെഴുതുന്നതിനും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍, അന്തപ്പുരസ്ത്രീകള്‍ പൊടുന്നനേ വെല്ലുവിളിക്കൊത്തുണര്‍ന്നു: പഴയൊരു വിശ്വസ്തന്‍ സ്ത്രീകള്‍ക്കുവേണ്ടി രംഗത്തെത്തുകയും പ്രമാണിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തെ കുത്തിക്കൊല്ലുകയും ചെയ്തു. അങ്ങനെ ആ അധ്യായം അവസാനിപ്പിച്ച്, ബിജാപ്പൂര്‍ വീണ്ടും ഷിയാരാജ്യമായി. പാശ്ചാത്യര്‍ വീണ്ടും കാര്യങ്ങളില്‍ പിടിമുറുക്കി-ഇസ്മയില്‍തന്നെയും ദഖ്നിയെക്കാള്‍ മികവോടെ പേര്‍ഷ്യന്‍ സംസാരിച്ചു.
1534-ല്‍ ഇസ്മയില്‍ മരിച്ചു (എങ്കിലും, ഇക്കാലമായപ്പോഴേക്കും റെയ്ച്ചൂര്‍ വീണ്ടും കൃഷ്ണദേവന്റെ പിന്‍ഗാമികളില്‍നിന്ന് തിരികെപ്പിടിച്ചിരുന്നു). അടുത്ത കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബം കുറെയേറെ തിരിച്ചടികള്‍ നേരിട്ടു. കൂടാതെ, ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും അയല്‍പക്കക്കാരുമായുള്ള നിരന്തരസംഘര്‍ഷവും. ഉദാഹരണത്തിന്, ഇസ്മയിലിന്റെ സഹോദരി മറിയത്തിനെ അഹമ്മദ്നഗറിലെ നൈസാം ഷായ്ക്കാണ് വിവാഹം ചെയ്തു നല്കിയത്. അദ്ദേഹം സോളാപ്പൂര്‍ കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നു. അത്രയും ഉദാരമായ വിവാഹസമ്മാനം വധൂപക്ഷക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമായപ്പോള്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആദ്യവട്ടം അഹമ്മദ്നഗറിനു നഷ്ടമായെങ്കിലും സോളാപ്പൂര്‍ തലമുറകളോളം ബിജാപ്പൂരിനും അഹമ്മദ്നഗറിനുമിടയില്‍ ഒരു ഉണങ്ങാപ്പുണ്ണായി നിന്നു, നിതാന്തശത്രുതയ്ക്കുള്ള മറ്റൊരു സമരമുഖംകൂടി തുറന്നുകൊണ്ട്. ഒടുവില്‍ 1543-ല്‍ വിജയനഗരത്തിന്റെ സഹായത്തോടെ നൈസാം ഷായ്ക്ക് തന്റെ മോഹവസ്തു സ്വന്തമാക്കാനായി. അതിനിടെ മറിയത്തിന് അവഹേളനങ്ങളും ഭര്‍ത്താവിന്റെ ക്രൂരമായ മനോഭാവവും സഹിക്കേണ്ടിവന്നു. അവരുടെ ബിജാപ്പൂരിലെ മാതൃഭവനത്തിലാകട്ടെ, രാജസ്ത്രീകള്‍ പ്രധാനപ്പെട്ട എല്ലാ വിഷയത്തിലും അന്തപ്പുരത്തെ ഇടപെടുത്തി. ഉദാഹരണത്തിന്, ഇസ്മയിലിന്റെ മകന്‍ മല്ലു കാര്യശേഷിയില്ലാത്തവനാണെന്നു തെളിയിക്കപ്പെട്ടപ്പോള്‍, അയാളുടെതന്നെ മറാത്താമുത്തശ്ശിയുടെ പ്രേരണയാല്‍ പതിവുപോലെ അന്ധനാക്കപ്പെടുകയും ഒരു സഹോദരനെ പകരം സ്ഥാനത്തിരുത്തുകയും ചെയ്തു. അലംഭാവം അനുവദിക്കാനാവില്ലെന്നു സ്ത്രീകള്‍ക്കു ബോധ്യമായിരുന്നു. കുടുംബവാഴ്ചയില്‍ ദുര്‍ഘടമായ തിരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമ്പോള്‍ വൈകാരികസങ്കീര്‍ണതകള്‍ ഒഴിവാക്കി ആരെ കൈക്കൊള്ളണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പുതിയ ഭരണാധികാരി ഇബ്രാഹിം മുഴുവനായും രാജരക്തമായിരുന്നില്ലെന്നു പറയപ്പെടുന്നു. വാഴ്ചയുടെ തുടക്കത്തില്‍ അദ്ദേഹത്തിനു പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ വളരെ അസാധാരണമായ ഒരു വെല്ലുവിളി നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരരന്മാരിലൊരാള്‍- മിയാന്‍ അലി എന്നു പേരുള്ള യൂസുഫിന്റെ ഇളയ മകന്‍- ഒരു ബദല്‍ സാധ്യത എന്ന നിലയില്‍ പുതുതായി അവരോധിക്കപ്പെട്ട ആദില്‍ ഷായുടെ എതിരാളികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. ഇതു തന്നെ ഇല്ലാതാക്കാന്‍ അനന്തരവന്‍ വിഷം (അല്ലെങ്കില്‍ അതിലും കടുത്ത എന്തെങ്കിലും) പ്രയോഗിക്കാന്‍ ഇടയാക്കും എന്ന് ബോധ്യമുണ്ടായിരുന്ന ചിറ്റപ്പന്‍ മെക്കയിലേക്കു യാത്ര പോവാന്‍ തീരുമാനിച്ചു. പക്ഷേ, കടലില്‍വെച്ച് കൊള്ളയടിക്കപ്പെട്ട് 1541-ല്‍ പരാജിതനായി തിരിച്ച് ഇന്ത്യയിലെത്തുകയാണുണ്ടായത്. രണ്ടു വര്‍ഷം ഗുജറാത്തില്‍ പ്രവാസജീവിതം നയിച്ചെങ്കിലും പോര്‍ച്ചുഗീസ് സഹായത്തോടെ തന്നെ സിംഹാസനത്തിലിരുത്താമെന്ന ഒരു വിഭാഗം ബിജാപ്പൂര്‍ വിമതരുടെ പ്രേരണയ്ക്ക് ഒടുവില്‍ അദ്ദേഹം വശംവദനായി. അങ്ങനെയാണ് മിയാന്‍ അലി ഗോവന്‍ രേഖകളില്‍ പ്രത്യക്ഷപ്പെടുന്നത്. പണ്ഡിതനായ സഞ്ജയ് സുബ്രഹ്‌മണ്യന്‍ വിശേഷിപ്പിക്കുന്നതുപോലെ പടിഞ്ഞാറന്‍തീരത്തെ ഈ കോളനിഭരണക്കാര്‍ക്ക് 'സുഗന്ധതൈലത്തില്‍ വീണ മുസ്ലിം ഈച്ചയായി' മാറിക്കൊണ്ട്. തുടക്കത്തില്‍ ഇബ്രാഹിം ഗോവക്കാര്‍ക്ക് 50,000 സ്വര്‍ണനാണയങ്ങള്‍ നല്കി ചിറ്റപ്പനെ വാങ്ങാനാണു ശ്രമിച്ചത്. ഇടപാട് ഒന്നുകൂടി ഉറപ്പിക്കാന്‍ തിസ്വാഡിയോടു സമീപമുള്ള ബാര്‍ദേസ്, സാല്‍സെറ്റ് എന്നീ സ്ഥലങ്ങളും അവര്‍ക്കു നല്കി (അദ്ദേഹത്തിനു നിതാന്തഖേദമുണ്ടാക്കിയ തീരുമാനം). പോര്‍ച്ചുഗീസുകാര്‍ പുഞ്ചിരിച്ചുകൊണ്ട് ഉപഹാരങ്ങള്‍ സ്വീകരിച്ചു. അതേ സന്തോഷത്തോടെ വാക്കുപാലിക്കാതെയുമിരുന്നു. അത് ബിജാപ്പൂരുമായുള്ള അവരുടെ തുടര്‍ന്നുള്ള ബന്ധത്തില്‍ വലിയ അളവില്‍ വിദ്വേഷത്തിലും നിതാന്തസംശയത്തിലുമാണ് കലാശിച്ചത്. അതേസമയം, മിയാന്‍ അലിയുടെ വിധി എന്നന്നേക്കും വിദേശത്തടവില്‍ ഉഴലാനായിരുന്നു; ഒരവസരത്തില്‍, പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ മലബാര്‍വരെയും തിരിച്ചുമുള്ള വഴി മുഴുവന്‍ കപ്പലില്‍ സഞ്ചരിപ്പിക്കുന്നുണ്ട്. എങ്കിലും തന്റെ നക്ഷത്രമുദിക്കുന്നതും കാത്ത്, വര്‍ഷങ്ങളോളം അദ്ദേഹം ഗോവയില്‍ താമസിച്ചു.
ഒരു ദശകക്കാലത്തെ സന്ദിഗ്ധതയ്ക്കുശേഷം 1555-ല്‍ കാര്യങ്ങള്‍ തെല്ലിട മെച്ചപ്പെടുന്നതുപോലെ തോന്നിച്ചു; ആദില്‍ ഷായ്ക്കെതിരേ ഒരു സൈനികനീക്കം ആരംഭിക്കുകയും മിയാന്‍ അലിയോടു പോര്‍ച്ചുഗീസുകാര്‍ ഔപചാരികമായി ഒരു 'രാജാവ്' എന്ന നിലയില്‍ പെരുമാറാനും തുടങ്ങിയപ്പോള്‍. പക്ഷേ, ഇതൊന്നും യാഥാര്‍ഥ്യമായില്ല. സൈനികനീക്കം വിഫലമായി. അത് മനസ്സിലാവുന്നതിനു മുന്‍പ് ബിജാപ്പൂരിസ്ഥാനമോഹി തിരികെ ഗോവയിലെത്തിയിരുന്നു; തോല്വിയടഞ്ഞും എന്നെങ്കിലും ആദില്‍ ഷാഹി കിരീടം ധരിക്കാനുള്ള സാധ്യതയൊന്നുമില്ലെന്ന് ഒടുവില്‍ തീര്‍ച്ചപ്പെടുത്തിയും. രണ്ടു വര്‍ഷത്തിനുശേഷം ലൂയി ഫ്രോയിസ് എന്ന ജെസ്യൂട്ട് പുരോഹിതന്‍ മിയാന്‍ അലിയെ വിശേഷിപ്പിച്ചത്, 'അപ്പോള്‍ത്തന്നെ പ്രായം പിന്നിട്ടിരുന്ന, വിവേകിയും പരിചയസമ്പന്നനും...മുഹമ്മദിന്റെ വലിയൊരനുയായിയും അവരുടെ വിശുദ്ധഗ്രന്ഥങ്ങളിലും ഖുര്‍ആനിലും അഭിജ്ഞനുമായ ഒരു മൂര്‍ (മുസ്ലിം)' എന്നാണ്. 1557-ല്‍ വൃദ്ധനു വീണ്ടും മറ്റൊരു ആഘാതം നേരിടേണ്ടിവന്നു. ഇത്തവണ അത് വ്യക്തിപരമായ സ്വഭാവമുള്ളതായിരുന്നെന്നു മാത്രം. അദ്ദേഹത്തിന്റെ മകള്‍ ഒരു നാട്ടുകാരി ക്രിസ്ത്യന്‍ സ്ത്രീയുമായി പരിചയം വളര്‍ത്തിയെടുക്കുകയും അവരുമായി 'അവളുടെ മുറിയുടെ ജനാലയിലൂടെ കൊച്ചുവര്‍ത്തമാനങ്ങള്‍' പറയുകയും-ബൈബിള്‍ സംബന്ധിയാണെന്നു പിന്നീടാണ് മനസ്സിലായത്-ചെയ്തിരുന്നു. (ആ സ്ത്രീ സന്ദര്‍ശിക്കാനെത്തുമ്പോള്‍, കുറെക്കൂടി കുലീനമായ പശ്ചാത്തലത്തിലായിരുന്നുവെന്നതിനു സംശയമില്ല.) ആ വര്‍ഷം മകള്‍ കൂട്ടുകാരിയോടു തനിക്ക് ഒരു ക്രിസ്ത്യാനിയായിത്തീരാനുള്ള അഭിലാഷം പറയുമ്പോള്‍, പിതാവ് അവളെ അഹമ്മദ്നഗറിലെ നൈസാം ഷായ്ക്കോ വിജയനഗര രായനോ, ഇവരിലാരെങ്കിലും ഒരു ബന്ധത്തിനു സമ്മതം പറയുന്നപക്ഷം, വിവാഹം ചെയ്തു നല്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സന്തോഷം ഇല്ലാതാക്കിക്കൊണ്ട്, ഗോവന്‍ ഗവണ്‍മെന്റിന്റെ ഉന്നതോദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ ഒരു രഹസ്യപദ്ധതി ആസൂത്രണം ചെയ്യപ്പെട്ടു. ഒരു ഞായറാഴ്ചയിലെ തെളിഞ്ഞ പ്രഭാതത്തില്‍, ഒരു വലിയ സംഘം വിശിഷ്ടാതിഥികള്‍ മിയാന്‍ അലിയുടെ ഭവനത്തിലെത്തി; അവരുടെ വിലക്ഷണവും അന്തസ്സില്ലാത്തതുമായ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍.
ഫ്രോയിസ് എഴുതുന്നു: 'പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളായ മറ്റു സ്ത്രീകളും...വലിയ അലമുറകളോടും ആക്രോശങ്ങളോടുംകൂടി അവളെ പിടിച്ചുവലിക്കാന്‍ തുടങ്ങി...പോര്‍ച്ചുഗീസ് സ്ത്രീകള്‍ മറുവശത്തുനിന്നും പെണ്‍കുട്ടിയില്‍ പിടിമുറുക്കി. പിടിവലി അത്ര രൂക്ഷമായിരുന്നതിനാല്‍ എല്ലാവരുടെയും തലമുടിയൊക്കെ അഴിഞ്ഞുപോയിരുന്നു.' ഒടുവില്‍ ആദില്‍ ഷാഹി രാജകുമാരിക്കുവേണ്ടിയുള്ള പോരാട്ടം ഗോവക്കാര്‍ നേടി. അവര്‍ അവളെ ഉടന്‍തന്നെ വേറെയെങ്ങോ കൊണ്ടുപോയി (ഒപ്പം ഒരു വിശ്വസ്ത ഹിജഡയും ഉണ്ടായിരുന്നു). 'പോര്‍ച്ചുഗീസ് രീതിയിലുള്ള ആകര്‍ഷകമായ വസ്ത്രവും' നല്കി. ആ വര്‍ഷം ഓഗസ്റ്റ് 15ന് ഡോണ മരിയ ഡി അലെം-മാര്‍ എന്ന പേരില്‍ അവര്‍ വീണ്ടും സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടു. ആദ്യം അവര്‍ക്ക് ക്രിസ്തുവചനം ചൊല്ലിക്കൊടുത്ത കൂട്ടുകാരിയുടെ സഹോദരനുമായുള്ള വിവാഹവേളയിലായിരുന്നു അത്. മിയാന്‍ അലിയുടെ ഭാര്യ മനോവ്യഥയോടെ തല മുണ്ഡനം ചെയ്തെങ്കിലും കുടുബത്തിലെ മറ്റനേകം പേര്‍ക്ക് തങ്ങളുടെ കൂറ് കത്തോലിക്കാവിശ്വാസത്തിലേക്കു പരിവര്‍ത്തിപ്പിക്കുന്നതിനു വഴിയൊരുക്കിയാണ് അവരുടെ മകള്‍ പുതിയ ജീവിതം ആരംഭിച്ചത്. ഉദാഹരണമായി മിയാന്‍ അലിയുടെ പുത്രന്മാരിലൊരാളുടെ അനന്തരാവകാശികള്‍ കാലക്രമത്തില്‍ പരിവര്‍ത്തിക്കപ്പെടുന്നുണ്ട്. 1567-ല്‍ തന്റെ മരണസമയത്തും ആ വൃദ്ധന്‍ വിട്ടുവീഴ്ച ചെയ്യാതെ മുസ്ലിമായി തുടര്‍ന്നെങ്കിലും ഏതാനും ദശകങ്ങള്‍ക്കകംതന്നെ അദ്ദേഹത്തിന്റെ കുറെ പിന്തുടര്‍ച്ചക്കാര്‍ ഡോം ജോവാവോ മീലെ, ഡോം ഫെര്‍ണാണ്ടോ മീലെ എന്നിങ്ങനെ പേരുകള്‍ സ്വീകരിച്ചുകൊണ്ട് സ്വയമേവ തീര്‍ത്തും പരിവര്‍ത്തിതരായിക്കഴിഞ്ഞിരുന്നു. അവരുടെ പുതിയ കുടുംബപ്പേര്, തങ്ങളുടെ ദുരന്തനായകനായ പിതാമഹന്റെ, ദൗര്‍ഭാഗ്യവാനായ മിയാന്‍ അലി എന്ന പേരിന്റെ ഒരു അപഭ്രംശം മാത്രമായിരുന്നുവെന്നതില്‍ വൈരുധ്യമൊന്നുമില്ല. ഏതുതരത്തിലായാലും, അവര്‍ക്കങ്ങനെ തീരേയും തോന്നിയിരിക്കില്ല.
ഇബ്രാഹിം ആദില്‍ ഷായുടെ എതിരാളിക്ക് അങ്ങനെ ഗോവയില്‍ വിഷാദകരമായ അന്ത്യമുണ്ടായെങ്കില്‍, അദ്ദേഹത്തിനുതന്നെയും ബിജാപ്പൂര്‍ കൊട്ടാരത്തില്‍ കഷ്ടതകള്‍ നേരിടേണ്ടിവന്നു. ഭരണത്തിന്റെ തുടക്കത്തില്‍ വിജയങ്ങളുണ്ടായെങ്കിലും പിന്നീട് മിക്ക യുദ്ധങ്ങളിലും താന്‍ പരാജയപ്പെടുന്നതാണ് അദ്ദേഹത്തിനു കാണേണ്ടിവന്നത്. ഉദാഹരണമായി, ദഖ്നികളുടെ പക്ഷത്ത് ഉറച്ചുനിന്നയാളാണ് അദ്ദേഹം. കന്നഡയും മറാത്തിയും പേര്‍ഷ്യനു പകരംവെക്കുക മാത്രമല്ല, ബിജാപ്പൂരിന്റെ റെവന്യൂചുമതലകള്‍ ഹിന്ദുക്കള്‍ക്കു നല്കുകയും ചെയ്തു. ഇതെല്ലാം സ്വാഗതാര്‍ഹമായ നീക്കങ്ങളായിരുന്നു. എങ്കിലും കാലക്രമത്തില്‍, നേടിയതിനെക്കാളേറെ നഷ്ടങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. പൊടുന്നനേ 'മനുഷ്യത്വരഹിതമായ ക്രൂരതയുടെ ഒരു പ്രവണത' അദ്ദേഹത്തില്‍ പ്രകടമായി. അദ്ദേഹത്തിന്റെതന്നെ ചെയ്തികളുടെകൂടെ ഭാഗമായിരുന്നു അത്. ഒരു സുന്നി എന്ന നിലയില്‍ ഷിയാപ്രഭുക്കളെ അദ്ദേഹം കൊട്ടാരത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ആ സമയത്ത്, രണ്ടു മാസം നീണ്ട ഒരു ഭ്രാന്തിന്റെ വാഴ്ചയില്‍, 'ഉന്നതപദവിയിലുള്ള നാല്പതു ഹിന്ദുക്കളെയും എഴുപതു മുസ്ലിം ഉദ്യോഗസ്ഥരെയും' അദ്ദേഹം വധിച്ചു. അദ്ദേഹത്തിനൊപ്പം നിന്ന ചിലര്‍ ഇക്കാരണത്താല്‍, അപ്പോഴും സാധ്യത അവശേഷിച്ചിരുന്ന, വൃദ്ധനായ മിയാന്‍ അലിയോടു കൂറു പ്രഖ്യാപിച്ചു. രോഷത്താല്‍ നീറിപ്പുകഞ്ഞാണ് ഇബ്രാഹിം ആദില്‍ ഷാ 1558-ല്‍ മരണമടഞ്ഞത്. വൈദ്യസഹായം നല്കാന്‍പോലും ആരുമില്ലാതെ- രോഗബാധിതനായിരുന്ന സമയത്ത് തന്റെ വേദന ശമിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന വൈദ്യന്മാരെയെല്ലാം ആനയെക്കൊണ്ട് ചവിട്ടിയരച്ച് കൊല്ലിക്കുന്നത് അദ്ദേഹം ഒരു ശീലമാക്കിയിരുന്നു. അതിന്റെ ഫലം ഭരണാധികാരിയുടെ അന്ത്യം അങ്ങേയറ്റം അസുഖകരമായിരിക്കുമെന്നത് ഉറപ്പാക്കിക്കൊണ്ട്, ബിജാപ്പൂരില്‍നിന്ന് 'വൈദ്യന്മാര്‍ മുഴുവനായി പലായനം ചെയ്തുവെന്നതാണ്. ആ മനുഷ്യന്‍ അതിതീവ്രമായി വെറുക്കപ്പെട്ടിരുന്നതിനാല്‍, അടുത്ത വാഴ്ചക്കാലത്ത് ഷിയാവിഭാഗം അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കലില്‍, 'ആദ്യത്തെ മൂന്നു ഖലീഫമാരെ (ഷിയാവിഭാഗം അംഗീകരിക്കാത്തവര്‍) രാജസഭയിലും തെരുവുകളിലും ചന്തകളിലും പരസ്യമായി അവരുടെ പേരുവിളിച്ച് അധിക്ഷേപിക്കുന്നതിന് ആയിരക്കണക്കിനാള്‍ക്കാരെ പ്രത്യേകമായി നിയമിച്ചതും ഉള്‍പ്പെട്ടിരുന്നു.' ശരിക്കും ഡെക്കാണില്‍ ഒരിക്കലും വിരസമായ ഒരു നിമിഷംപോലും ഉണ്ടായിട്ടില്ല.
Content Highlights: Rebel Sultans, Manu S Pillai, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..