ടാഗോറിനായി ഒരു മുറി സൂക്ഷിക്കുന്ന വീടുണ്ട് ചൈനയില്‍


ഞാന്‍ കമ്പരുടെ വാതില്‍ക്കല്‍ മുട്ടി. ഒച്ചയില്ല. താഴേക്ക് പോയിരിക്കുമോ? ലോബിയില്‍ ചെന്ന് നോക്കി. ഇല്ല, കൗണ്ടറില്‍ താക്കോലുമില്ല. വീണ്ടും മുകളില്‍ വന്ന് ഫോണ്‍ ചെയ്ത് നോക്കി. മറുപടിയില്ല.

എം.ടി വാസുദേവൻ നായർ

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.ടിയുടെ യാത്രകള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

കിഴക്കിന്റെ പാരീസെന്നും ചൈനയുടെ തേവിടിശ്ശിയെന്നും പണ്ട് ഷാംഗ്ഹായിയെ വിശേഷിപ്പിച്ചിരുന്നു. കടല്‍ക്കൊള്ളക്കാരുടെയും തെണ്ടികളുടെയും ധനികരുടെയും സാഹസികരുടെയും കള്ളക്കടത്തുകാരുടെയും വിഹാരഭൂമിയായിരുന്നു തുറമുഖം. ബ്രിട്ടീഷുകാര്‍ ആദ്യമിവിടെ വ്യാപാരമുറപ്പിച്ചു. പിന്നെ ഫ്രഞ്ചുകാര്‍ വന്നു. ജപ്പാന്‍കാരും അമേരിക്കക്കാരുമെത്തി. ഏഷ്യാ ഭൂഖണ്ഡത്തിലെ വ്യാപാരത്തെ നിയന്ത്രിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളെല്ലാം ഷാംഗ്ഹായില്‍ ആസ്ഥാനമുറപ്പിച്ചു. പടിഞ്ഞാറന്‍ ലോകത്തിന്റെ കണ്ണിലും കാതിലും എന്തെങ്കിലുമെത്തണമെങ്കില്‍ തുടക്കം ഷാംഗ്ഹായില്‍ നിന്നായിരിക്കണമെന്ന് വന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും ഷാംഗ്ഹായില്‍ നിന്നായിരുന്നു. ഇന്നും ചൈനയുടെ സിരാകേന്ദ്രമായ മഹാനഗരം.

ഷാംഗ്ഹായിയിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കോണ്‍സലേറ്റില്‍ നിന്നും മുരളീധരന്‍നായര്‍ വന്നു കാത്തുനില്‍ക്കുന്നു. സാഹിത്യകാരസംഘടനയുടെ പ്രതിനിധികളുണ്ട്. കോണ്‍സല്‍ ജനറല്‍ തിരുനെല്‍വേലിക്കാരന്‍ സുബ്രഹ്മണ്യമാണ്. മന്‍മീത് വോറ എന്ന കോണ്‍സലിനും ഞങ്ങളെ കാണാന്‍ താല്‍പ്പര്യമുണ്ട്. എയര്‍പോര്‍ട്ടില്‍വച്ച് മിസ് വോംഗിന്റെ സഹായത്തിന് ഒരു ദ്വിഭാഷികൂടി ഞങ്ങളുടെ കൂടെ ചേര്‍ന്നു. മിസ് ഷര്‍ളി ഹു. 'ഷര്‍ളി' എന്ന പടിഞ്ഞാറന്‍ പേര്‍ ഈ മാതിരി സംഘങ്ങളുടെ സൗകര്യത്തിനുവേണ്ടി അവള്‍ സ്വീകരിച്ചതാണ്. ഷാംഗ്ഹായ് നഗരവും ജനങ്ങളും പഴയ പാശ്ചാത്യവല്‍ക്കരണത്തിന്റെ മുഖമുദ്രകള്‍ പലതും ഇപ്പോഴും സൂക്ഷിക്കുന്നു. ബെയ്ജിംഗിനേക്കാള്‍ പരിഷ്‌കാരം വേഷഭൂഷാദികളില്‍ കാണാം. മിനിസ്‌കര്‍ട്ടുകള്‍, ജീന്‍സ്, ഹോട്ട് പാന്റ്‌സ് എല്ലാം സാധാരണമാണെന്നു തോന്നി.

നഗരത്തിലെ കാഴ്ചകള്‍ കാണാന്‍ കൊണ്ടുനടന്നത് യേചിന്‍ (Ye-zin) എന്ന നോവലിസ്റ്റാണ്. അദ്ദേഹം ഷാംഗ്ഹായ് ടി. വിയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് പലേടത്തും ആളുകള്‍ തിരിച്ചറിഞ്ഞ് കുശലം പറയാനെത്തി. യാങ്‌സി നദീമുഖത്തുള്ള കപ്പലുകളും പഴയ ഫ്രഞ്ചുകോളനിയും മ്യൂസിയവും ഏറ്റവും ഉയരംകൂടിയ ടി. വി ഗോപുരവുമൊക്കെ കാണിച്ചുതന്നത് അദ്ദേഹമാണ്. പാര്‍പ്പിടപ്രശ്‌നം കൊണ്ട് (ജനസംഖ്യ ഒരു കോടി മുപ്പത്തഞ്ചുലക്ഷം) തൊട്ടടുത്ത പുതിയ ഒരു പ്രദേശം പുദോംഗ് നഗരമായി മാറിക്കൊണ്ടിരിക്കുന്നു.
ഷാംഗ്ഹായ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ നടന്ന സൗഹൃദസമ്മേളനത്തില്‍ ആചാരോപചാരങ്ങളൊന്നുമുണ്ടായിരുന്നില്ല. അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് ലുവോ ലുവോ (Luo Luo) കവിയാണ്. അദ്ദേഹം പി. എന്‍. ശാഖയുടെ സെക്രട്ടറിയുമാണ്. പക്ഷേ, കൂടുതലായി ഷാംഗ്ഹായി എഴുത്തുകാര്‍ക്ക് വേണ്ടി സംസാരിച്ചത് ചെന്‍ സിയാന്‍ദിയാണ്. (Che N Xiandi) (chen xian di) 'വൈസ് ചീഫ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് ഓഫീസ്' എന്നാണ് അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാര്‍ഡില്‍ കണ്ടത്. നിരൂപണമാണ് അദ്ദേഹത്തിന്റെ രംഗമെന്നു പറഞ്ഞു. ആ കൂട്ടത്തില്‍ ഒരു സ്ത്രീയേ ഉണ്ടായിരുന്നുള്ളൂ. ലൂ സിംഗെ (lu Xinger) നോവലിസ്റ്റാണ്. സംഭാഷണത്തിനിടയ്ക്ക് ഇടയ്ക്കിടെ അവരുടെ പേര്‍ ഉദ്ധരിക്കപ്പെട്ടു.

ടാഗോര്‍ പതിവുപോലെ ആദരപൂര്‍വ്വം അനുസ്മരിക്കപ്പെട്ടു. ഷാംഗ്ഹായി എഴുത്തുകാര്‍ ചൈനീസ് സാഹിത്യത്തില്‍ വേറിട്ടുനില്ക്കുന്നു. പലതിനോടും ആദ്യം പ്രതികരിക്കുന്നത് ഷാംഗ്ഹായി എഴുത്തുകാരാണ്. ആയിരം പേരുണ്ട് സംഘടനയില്‍. കള്‍ച്ചറല്‍ റവലൂഷന്റെ മുറിപ്പാടുകളെപ്പറ്റിയാണ് അവര്‍ക്കും പറയാനുണ്ടായിരുന്നത്. നോവലിസ്റ്റ് ലൂ സിംഗെ വലിയ മഞ്ഞഫ്രെയിമുള്ള കണ്ണടയിലൂടെ സംസാരിക്കുന്നവരെയും ദ്വിഭാഷികളെയും നോക്കി മിക്കവാറും ഗൗരവത്തിലിരിക്കുന്നു. പുഞ്ചിരിയെടുത്തണിയുന്ന സ്വഭാവം ശീലിക്കാത്ത അപൂര്‍വ്വം ആളുകളില്‍ പെടും അവരെന്നു തോന്നി.
വ്രണിതസാഹിത്യം (the scar literaturie) എന്ന ഒരു വിഭാഗംതന്നെ സാഹിത്യത്തില്‍ ഉണ്ടായിരിക്കുന്നു എന്ന് നിരൂപകന്‍ പറഞ്ഞു. തൊട്ടുമുന്‍പേ കഴിഞ്ഞ ഈ അനുഭവം ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന ഒരു ചരിത്രപരമായ ബാധ്യതകൂടി ഞങ്ങള്‍ നിറവേറ്റുന്നു അവരവകാശപ്പെട്ടു. 1977 ല്‍ ലൂസിനുവ (luxinhua) എഴുതിയ മുറിപ്പാട് (the scar) എന്ന ചെറുകഥയാണ് ഇതിന്റെ തുടക്കം. ഷാംഗ്ഹായി നഗരം വിട്ട് ചൈനയുടെ വടക്കന്‍ അതിര്‍ത്തിയിലെ തരിശുഭൂമിയില്‍ കൃഷിപ്പണിക്ക് പോകേണ്ടിവന്നു ലൂ സിംഗെയ്ക്ക്. ശുദ്ധീകരണത്തിന്റെ കാലത്തിനു ശേഷമാണ് അവര്‍ തിരിച്ചെത്തി
യത്.

സെന്‍ട്രല്‍ ഡ്രാമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിച്ചു. ഡോക്യുമെന്ററികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി. പിന്നീട് ഷാംഗ്ഹായിയില്‍ തിരിച്ചെത്തി. മുഴുവന്‍ സമയവും എഴുത്തിനുവേണ്ടി നീക്കിവയ്ക്കാമെന്നായി. നോവലുകളും കഥാസമാഹാരങ്ങളുമായി പത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നനുത്തസ്വരത്തില്‍ അവരെന്തോ പറഞ്ഞു. ഏതാനും വാക്കുകള്‍. ഷര്‍ളി ഹു പരിഭാഷപ്പെടുത്തി: 'കൗമാരത്തിലെ അനുഭവങ്ങള്‍ അത്ര ഭീകരമൊന്നുമായിരുന്നില്ല. എന്നാല്‍ അത്ര സുഖകരവുമല്ല. ആലോചിക്കുമ്പോള്‍, അതൊക്കെ പ്രയോജനപ്പെട്ടു എന്നാണ് തോന്നല്‍.'
അന്‍പുതകളിലോ അറുപതിലോ എത്തിയ ആളായിരിക്കണം ലൂവോ ലൂവോ. അദ്ദേഹം പറഞ്ഞു: 'നാല്‍വര്‍സംഘത്തിന്റെ ക്രൂരതകളെയും ദുഷ്പ്രവൃത്തികളെയും വീണ്ടും വീണ്ടും അയവിറക്കിയതുകൊണ്ടായില്ല. നാലിലൊതുക്കി അഞ്ചാമനെ വിട്ടതിലും ചരിത്രപരമായ ഒരസത്യമുണ്ട്.'
ചിരി. പിന്നെ നിശ്ശബ്ദത. ഒരാള്‍ എന്തോ പിറുപിറുത്തു. പടരുന്ന ചില പിറുപിറുപ്പുകള്‍. അവയ്ക്കു വിവര്‍ത്തനമില്ല.
ചെന്‍ഡിയാന്‍ ദി തുടര്‍ന്നു:
'ചരിത്രപരമായ ഒരു അനിവാര്യതയായി ആ ദശാബ്ദത്തെ കാണാനുള്ള ചിലരുടെ ശ്രമത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ക്ഷേമം, അഭിവൃദ്ധി, അസ്തിത്വം എന്നിവയെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതായിരുന്നു പ്രശ്‌നം.'
ഔപചാരികമായ മീറ്റിംഗ് കഴിഞ്ഞ് ചായ കുടിച്ചുകൊണ്ട് ചെറിയ സംഘങ്ങളായി നിന്നു ഞങ്ങള്‍ സംസാരിച്ചു. നിരൂപകനായിരുന്നു എന്റെ കൂടെ. 'മെറി ക്രിസ്മസ് എന്നൊരു നോവലുണ്ട്. ഇംഗ്ലീഷില്‍ വന്നിട്ടില്ല. അതിലെ നായിക പഴയ സദാചാരസങ്കല്പങ്ങളും മൂല്യങ്ങളുമൊക്കെ നായ്ക്കാട്ടം പോലെയാണെന്നു വിശ്വസിച്ചു. എന്നിട്ട് പുതിയ ഉദാരവല്‍ക്കരണത്തിലെ സുഖഭോഗങ്ങളില്‍ ചെന്നുചാടുന്നു. അവിടെയും ശൂന്യത അനുഭവപ്പെടുന്നു.'
പഴയ വ്യവസ്ഥയിലും പുതിയ സ്വാതന്ത്ര്യത്തിലും ആപത്തുകള്‍ പതിയിരിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥവും മൂല്യവും അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആത്മീയതലം അന്വേഷിക്കാനും എഴുത്തുകാര്‍ ബാധ്യസ്ഥരാണ്.
വോംഗിന്റെ വിവര്‍ത്തനത്തില്‍ metaphysical level എന്ന വാക്കാണ് ഉപയോഗിച്ചത്.

പിറ്റേന്ന് വൈകുന്നേരം അവരുടെ ഔപചാരികമായ ഒരു വിരുന്നുണ്ട്. അവിടെ കാണില്ലെന്ന് ലൂ സിംഗെ പറഞ്ഞു. അവര്‍ സഞ്ചിയില്‍നിന്ന് ഇംഗ്ലീഷില്‍ വന്ന അവരുടെ കഥാസമാഹാരം പുറത്തെടുത്ത് എനിക്കു നീട്ടി. പകരം കൊടുക്കാന്‍ എന്റെ കൈവശം ഒരു പുസ്തകവും ഇല്ലല്ലോ. അത് തിരിച്ചു വാങ്ങി ഒപ്പിട്ട് വീണ്ടും തന്ന് വളരെ പതുക്കെ കൈ കുലുക്കി അവര്‍ നടന്നകന്നു.
ചൈനീസ് ഭക്ഷണം പേരിന് കഴിച്ച് അല്പം സ്ഥലം ബാക്കിവയ്ക്കണമെന്ന് കോണ്‍സല്‍ ജനറല്‍ സുബ്രഹ്മണ്യം മുരളീധരന്‍നായര്‍ മുഖേന അറിയിച്ചിരുന്നു. അവരുടെ വിരുന്ന് നടക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് ഒരു ഇന്ത്യന്‍ റെസ്റ്റാറന്റ് ഉണ്ട്. അവിടെ അനൗപചാരികമായി ഇന്ത്യക്കാര്‍ ഒത്തുകൂടുന്നു.
സുബ്രഹ്മണ്യം ഫോറിന്‍ സര്‍വ്വീസില്‍നിന്നു പിരിയാറായിരിക്കുന്നു. ധാരാളം ചിരിക്കുകയും ഫലിതം പറയുകയും ചെയ്യുന്ന ഉല്ലാസപ്രകൃതി. ചൈനീസ് ഭാഷ സുഗമമായി സംസാരിക്കും. അദ്ദേഹത്തിന്റെ ഭാര്യ പാലക്കാട്ടുകാരിയായതുകൊണ്ട് മലയാളം അറിയാം. ടിയാനെന്‍മെന്‍ കലാപം നടക്കുമ്പോള്‍ സുബ്രഹ്മണ്യം ഷാംഗ്ഹായിയിലുണ്ട്. കലാപം ഇത്ര വലിയതോതിലാണെന്നു ഷാംഗ്ഹായിയില്‍ അറിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം.
പത്രങ്ങളും മാധ്യമങ്ങളും എല്ലാം ഗവണ്‍മെന്റ് നിയന്ത്രണത്തിലായതുകൊണ്ട്.
ഞാന്‍ കോക്കനട്ട് ഡ്രിങ്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന കാര്യം പറഞ്ഞു. 'അയ്യോ! കഷ്ടപ്പെടണ്ട. കേന്ദ്രമന്ത്രി ജേക്കബ്, പിന്നെ ആരൊക്കെയോ ഇവിടെ വന്നിരുന്നു. എല്ലാവര്‍ക്കും ഞാന്‍ അയച്ചുകൊടുത്തു. ഒരു കാര്യവും ഉണ്ടായില്ല. 'മൗത്തായി' കൊണ്ടുപോയിക്കോളൂ. ചൈനീസ് മദ്യം അത്യുഗ്രനാണ്‍'

പിറ്റേന്ന് മന്‍പ്രീത് വോറയുടെ ഔപചാരികമായ അത്താഴവിരുന്നിന് ഷാംഗ്ഹായി എഴുത്തുകാരുടെ പ്രധാന പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ റൊട്ടിയും ദാളും പച്ചക്കറി വിഭവങ്ങളും എല്ലാം പ്രത്യേകം ഒരുക്കിയതുകൊണ്ട് ശര്‍മ്മ സന്തുഷ്ടനായി. വോറയുടെ സൗഹൃദം കാരണം ലോഗ്യമോ ഉപചാരമോ കിട്ടാത്ത ബെയ്ജിംഗ് എംബസിക്കാര്‍ക്കു വേണമെങ്കില്‍ മാപ്പ് കൊടുക്കാമെന്ന നിലയിലായിരുന്നു അദ്ദേഹം. അടുത്ത് ഞങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹാംഗ് ചോ ആണ്. ചൈനയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഹാംഗ് ചോ എന്ന് വോറ പറഞ്ഞു. അവിടെ ശാന്തിനികേതനത്തില്‍ പഠിച്ച ഒരു ചൈനീസ് പ്രൊഫസര്‍ ഉണ്ടായിരുന്നു, മുന്‍പ്.
ഹാംഗ് ചോവില്‍ പോകാന്‍ മിസ് വോംഗിനും വലിയ ഉത്സാഹമായിരുന്നു. വോംഗ് ജനിച്ചു വളര്‍ന്നത് അവിടെയാണ്. അച്ഛനും അമ്മയും അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം ഹാംഗ് ചോ ആണെന്നുകൂടി മിസ് വോംഗ് ഗൗരവത്തില്‍ പറഞ്ഞു.
നാലുമണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്ത് ഹാംഗ്‌ചോവിലെത്തി. വലിയൊരു ശുദ്ധജലതടാകത്തിന്റെ തീരത്തുള്ള ചെറിയ നഗരം.
റെയില്‍വേസ്റ്റേഷനില്‍ ആതിഥേയ സംഘടനയുടെ പ്രതിനിധികള്‍ വളരെ പേര്‍ വന്നിരുന്നു. അവരില്‍ പ്രധാനി ലൂ ചിംഗ് ഹുവാ (yuquing hua) എന്ന സൗമ്യനായ പ്രൊഫസറാണ്. ചൈനയിലെ പൗരസ്ത്യസാഹിത്യ ഗവേഷണസംഘടനയുടെ ഡയറക്ടറാണ്. ഹാംഗ് ചോ സര്‍വ്വകലാശാലയില്‍ അദ്ദേഹം പൗരസ്ത്യ സാഹിത്യത്തിന്റെയും താരതമ്യ കാവ്യമീമാംസയുടെയും പഠനവിഭാഗത്തിന്റെ തലവനാണ്. സോഷ്യോളജിസ്റ്റ് ഓഫ് ദി വേള്‍ഡ് എന്ന ഒരു ചൈനീസ് മാസിക അദ്ദേഹം പത്രാധിപരായി സര്‍വ്വകലാശാലയില്‍നിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രൊഫസര്‍ക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം. പക്ഷേ, സംസാരിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്.

കാഴ്ചകള്‍ കാണാനുള്ള യാത്രകളില്‍ പ്രൊഫസറും ഷാഷിന്‍ ഫെംഗ (xiajainfeng) എന്ന ചെറുപ്പക്കാരന്‍ കവിയും കൂടെയുണ്ട്. സീജിയാംഗ് സംസ്ഥാനത്തിലെ എഴുത്തുകാരുടെ സംഘടന പ്രസിദ്ധീകരിക്കുന്ന മാസികയുടെ ചുമതല ഈ കവിയാണ് നിര്‍വ്വഹിക്കുന്നത്.
വോംഗ് വൈകുന്നേരം വീട്ടില്‍ പോയി വന്നു. അച്ഛന് നല്ല സുഖമില്ല. വൃക്കകള്‍ക്കാണ് അസുഖം. പ്രൊഫസറുടെ ഭാര്യ ജോലി ചെയ്യുന്ന ആസ്പത്രിയില്‍നിന്നാണ് ചികിത്സ. എല്ലാ ആസ്പത്രികളിലും അലോപ്പതിയും ചൈനയുടെ പാരമ്പര്യവൈദ്യവുമുണ്ട്. ചൈനീസ് മെഡിസിന്‍ കൊണ്ടാണ് വോംഗിന്റെ അച്ഛന് ആശ്വാസം കിട്ടുന്നത്. ചൈനീസ് പാരമ്പര്യവൈദ്യത്തില്‍ ചെറുപ്പക്കാര്‍ക്കുകൂടി വലിയ വിശ്വാസമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ആരോഗ്യത്തിനും കായകല്‍പ്പത്തിനുമുള്ള മരുന്നുകള്‍ വില്‍പ്പനയ്ക്കുണ്ട്. കമ്പര്‍ക്കും എനിക്കും പ്രമേഹത്തിന്റെ ശല്യമുണ്ട്. അതിനുപറ്റിയ മരുന്നുകള്‍ ഉണ്ടെന്ന് വോംഗ് ഉറപ്പിച്ചുപറഞ്ഞു. 'വസ്റ്റ്‌ലേയ്ക്ക് തടാകത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ടുകള്‍ നിരവധിയാണ്. തടാകത്തിലെ തുരുത്തുകളിലേക്ക് പാലങ്ങള്‍ കെട്ടിയിട്ടുണ്ട്. അവിടെയെല്ലാം ഭക്ഷണവും കൗതുകവസ്തുക്കളും വില്ക്കുന്ന സ്റ്റാളുകള്‍. ഫോട്ടോഷോപ്പുകള്‍ ആയിരിക്കണം കൂടുതല്‍. ആള്‍ക്കൂട്ടം എവിടെയും ഉണ്ടെങ്കിലും കോലാഹലമില്ല. തടാകതീരത്തെ വൃത്തിയാക്കിവയ്ക്കാന്‍ അപേക്ഷിക്കുന്ന ബോര്‍ഡുകള്‍ പലയിടത്തും കണ്ടു.
ഒരു വൈകുന്നേരമാണ് ഹാംഗ് ചോ എഴുത്തുകാരുടെ സ്വീകരണം. പ്രസിഡണ്ട് പ്രായാധിക്യമുള്ള ആളായതുകൊണ്ട് മീറ്റിങ്ങും ഭക്ഷണവും ഏഴുമണിക്കെങ്കിലും കഴിയണമെന്ന് മിസ് വോംഗ് ഓര്‍മ്മിപ്പിച്ചു. അദ്ദേഹം ഇന്ത്യയില്‍ പണ്ട് വന്ന് പഠിച്ചിട്ടുണ്ട്. മന്‍പ്രീത് വോറ ഷാംഗ്ഹായിയില്‍ വച്ച് പറഞ്ഞത് ഇദ്ദേഹത്തെപ്പറ്റിത്തന്നെയായിരിക്കണം. ഞങ്ങള്‍ ഊഹിച്ചു.

കമ്പരും ഞാനും കൂടി നാലുമണിക്ക് നടക്കാനിറങ്ങാമെന്ന് നിശ്ചയിച്ചാണ് ഉച്ചയ്ക്ക് പിരിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് രാവിലെയോ വൈകുന്നേരമോ നടക്കുന്നത് പതിവാക്കിയിരിക്കുന്നു. ചിലപ്പോള്‍ വൈകുന്നേരവും. നാലുമണിക്ക് ആദ്യം തയ്യാറാവുന്ന ആള്‍ വാതില്‍ക്കല്‍ മുട്ടണമെന്നായിരുന്നു വ്യവസ്ഥ.
ഞാന്‍ കമ്പരുടെ വാതില്‍ക്കല്‍ മുട്ടി. ഒച്ചയില്ല. താഴേക്ക് പോയിരിക്കുമോ? ലോബിയില്‍ ചെന്ന് നോക്കി. ഇല്ല, കൗണ്ടറില്‍ താക്കോലുമില്ല. വീണ്ടും മുകളില്‍ വന്ന് ഫോണ്‍ ചെയ്ത് നോക്കി. മറുപടിയില്ല.
കമ്പരെ കണ്ടോ? ശര്‍മ്മയോടും സുനിലിനോടും തിരക്കി. അപ്പോള്‍ മിസ് വോംഗ് എത്തി. താക്കോല്‍പ്പഴുതിലൂടെ നോക്കി വോംഗ് പറഞ്ഞു: കട്ടിലില്‍ ആള്‍ കിടക്കുന്നുണ്ട്. വാതില്‍ക്കല്‍ ഇടിയും മുട്ടും വീണ്ടും നടത്തി. കമ്പര്‍ക്ക് എന്തെങ്കിലും അസുഖം വന്നിരിക്കണം. സര്‍വ്വീസ് താക്കോല്‍ ഉപയോഗിച്ച് തുറക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. എവിടെയോ ഉള്ള ചീഫ് മാനേജരുടെ സാന്നിധ്യത്തിലേ തുറക്കാനാവൂ. ഭയാശങ്കകള്‍ ഞങ്ങളെ അസ്വസ്ഥരാക്കി. അപകടം ആണെങ്കില്‍ എന്തു ചെയ്യും? കൂട്ടുകാര്‍ ചോദിച്ചു. സംഘത്തിന്റെ നേതാവ് ഞാനാണെന്നാണ് വെപ്പ്. ഷാംഗ്ഹായി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. വീണ്ടും വെറുതെ ഫോണില്‍ വിളിച്ചു. 'യെസ്'! കമ്പരുടെ ശബ്ദം മുറിയില്‍ നിന്ന്. വാതില്‍ തുറന്നപ്പോള്‍ വിശേഷിച്ചൊന്നുമില്ല. അദ്ദേഹം ഈ കോലാഹലമൊന്നുമറിയാതെ ഉറങ്ങിയതായിരുന്നു.

ഹോട്ടലിലെ ഒരു ഹാളിലാണ് ഞങ്ങള്‍ ഒത്തുകൂടിയത്. മെലിഞ്ഞ് ഉയരം കുറഞ്ഞ വൃദ്ധന്‍ പതുക്കപ്പതുക്കെ വന്നു. പ്രൊഫസര്‍ വെയ് ഫിംഗ് ച്യാങ് (Wei Feng jiang) അദ്ദേഹം സര്‍വ്വകലാശാലയിലെ ഫോറിന്‍ ലാംഗ്വേജ് അക്കാദമിയുടെ അധ്യക്ഷനായിരുന്നു. 86 വയസ്സായ അദ്ദേഹം ഇപ്പോള്‍ അധികം പുറത്തിറങ്ങാറില്ല. ഇന്ത്യന്‍ എഴുത്തുകാരെ സ്വീകരിക്കുന്ന ചടങ്ങില്‍ പ്രധാന ആതിഥേയനായി വരണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. മരുമകന്‍ കൂടെയുണ്ട്, സഹായത്തിന്. എഴുതിത്തയ്യാറാക്കിയ ഒരു പ്രസംഗവുമായാണ് അദ്ദേഹം വന്നത്. ഇരുന്നുകൊണ്ട് സംസാരിക്കാമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. അത് വകവയ്ക്കാതെ എഴുന്നേറ്റു നിന്ന് സംസാരിച്ചു. ചൈനീസ് വിവര്‍ത്തനത്തിനായി ഇടയ്ക്കിടെ നിര്‍ത്തുന്നതായിരുന്നു വിഷമം.
'ഇന്ത്യയും ചൈനയും സഹോദരിമാരെപ്പോലെയാണ്. രണ്ടായിരം വര്‍ഷത്തെ സൗഹൃദം ഈ രണ്ടു രാജ്യങ്ങള്‍ക്കുമുണ്ട്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അടുത്തുകഴിയേണ്ടവര്‍. ഇടക്കാലത്തുണ്ടായ അസ്വാരസ്യങ്ങളെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. എന്നെപ്പോലെ ദുഃഖിക്കുന്നവര്‍ ഇന്ത്യയിലുമുണ്ടാവാം.' 1924 ല്‍ ടാഗോര്‍ ചൈനയില്‍ വന്ന് താമസിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ടാഗോര്‍ അന്ന് പറഞ്ഞു: 'എന്നെ അതിഥിയായി കാണരുത്. നിങ്ങളുടെ സ്വന്തം സഹോദരനാണ് ഞാന്‍.' 1933 മുതല്‍ '39 വരെ ആറുകൊല്ലക്കാലം പ്രൊഫസര്‍ വെയ് ശാന്തിനികേതനത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു. വാര്‍ധയിലെ സേവാഗ്രാമത്തില്‍ പോയി ഗാന്ധിജിയെ കാണാന്‍ ഗുരുദേവനാണ് എന്നെ പ്രേരിപ്പിച്ചത്. 1937 ല്‍ എനിക്ക് അതിന് ഭാഗ്യമുണ്ടായി. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ ഗാന്ധിജിയോടൊപ്പം താമസിച്ചു.

1937 ല്‍ ശാന്തിനികേതനത്തില്‍ ചൈനാഭവനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടാഗോര്‍ ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം പ്രൊഫസര്‍ ഉദ്ധരിച്ചു: 'മനുഷ്യചരിത്രത്തിലെ അവിസ്മരണീയമായ ഭാഗങ്ങള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തലാണ്. യന്ത്രവും യന്ത്രത്തോക്കുകളും കൊണ്ടുപോകാനുള്ള മാര്‍ഗ്ഗങ്ങളല്ല, ആത്മൈക്യവും പരസ്പരധാരണയും കൊണ്ട് ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. അത്തരമൊരു മാര്‍ഗ്ഗം ഈ രണ്ടു ജനതകളും കണ്ടെത്തി. ഭൗതികസാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥകള്‍ പലതുമുണ്ടായിരുന്നു ആ പ്രാചീനകാലത്തുതന്നെ. ഈ രണ്ട് ജനതകളും തമ്മില്‍ അന്ന് കണ്ടുമുട്ടിയത് യുദ്ധഭൂമിയിലല്ല. ഭൂമിയുടെ സര്‍വ്വാധിപതി ആരാകണമെന്ന അവകാശം സ്ഥാപിക്കാനല്ല, ദാനവും സമ്മാനവും കൈമാറാന്‍ വേണ്ടിയായിരുന്നു. പിന്നീട് വീണ്ടും ഈ രണ്ടുരാജ്യങ്ങളും ഒറ്റപ്പെട്ടു. പ്രയാസപ്പെട്ടു സൃഷ്ടിച്ച പാതയില്‍ അശ്രദ്ധയുടെയും വിശ്വാസക്കുറവിന്റെയും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടി...'
പ്രൊഫസര്‍ വെയ് നിര്‍ത്തി. അദ്ദേഹം വെള്ളം കുടിച്ചു. ഇരുന്നു സംസാരിക്കാമെന്ന് ഞാന്‍ വീണ്ടും അപേക്ഷിച്ചു. അദ്ദേഹം അതു കേട്ടില്ലെന്നുതോന്നി. നിമിഷങ്ങള്‍ക്കുശേഷം അദ്ദേഹം തുടര്‍ന്നു:
'ആഹ്ലാദത്തോടെ, അഭിമാനത്തോടെ ആ പ്രസംഗം കേട്ടിരിക്കുമ്പോള്‍ എന്റെ തൊട്ടുപിന്നില്‍ ഒരു സതീര്‍ത്ഥ്യ ഇരിക്കുന്നുണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പേര്‍ ഇന്ദിരാ നെഹ്‌റു.'

1988 ല്‍ ചെയര്‍മാന്‍ ടെംഗ് സിയാവോ പിംഗ് രാജീവ് ഗാന്ധിയെ ബെയ്ജിംഗില്‍ വച്ച് സ്വീകരിച്ചപ്പോള്‍ പറഞ്ഞു: 'ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ പെസഫിക്ക് രാജ്യങ്ങള്‍ ലോകത്തെ നയിക്കുന്ന നൂറ്റാണ്ടായിരിക്കും. ഇന്ത്യയും ചൈനയും യോജിക്കാതെ ഈ സ്വപ്‌നം ഫലിക്കുന്നതെങ്ങനെ?'
ഔപചാരികമായ ഈ സ്വാഗതപ്രസംഗത്തിനുശേഷം അദ്ദേഹം ഇരുന്നു. കുറച്ചിടെ എല്ലാവരും നിശ്ശബ്ദരായി.
ഞങ്ങള്‍ അടുത്തേക്ക് നീങ്ങിയിരുന്നു.
ശാന്തിനികേതനത്തിലെ വിദ്യാര്‍ത്ഥിജീവിതത്തിനു ശേഷം അദ്ദേഹം ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചു. അദ്ദേഹം പിന്നെ സ്വന്തം ഭാഷയിലാണ് പറഞ്ഞത്. വോംഗ് വിവര്‍ത്തനം ചെയ്തു.
'1984 ല്‍ ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വെടിവച്ച് കൊന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എനിക്ക് തീവ്രമായ ദുഃഖം തോന്നി. കല്‍ക്കത്തയിലേക്കുള്ള തീവണ്ടിയാത്രകളില്‍ ഗാന്ധിജിയെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും സംസാരിക്കാറുണ്ടായിരുന്നു ഇന്ദിര. ചൈനീസ് നാടോടിക്കഥകള്‍ കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന ഇന്ദിരയെയാണ് ഓര്‍മ്മ വന്നത്. ഞാന്‍ എന്റെ അനുശോചനം ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചു.
രണ്ടുമാസത്തിനു ശേഷം പുതിയ പ്രധാനമന്ത്രി ഇന്ദിരയുടെ മകന്‍ രാജീവില്‍നിന്നും എനിക്കൊരു മറുപടി കിട്ടി.
1987 ല്‍ ഇന്ത്യയില്‍ വച്ച് നടന്ന സൗത്ത് ഏഷ്യന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ക്ഷണിച്ചു. ഗുരുദേവന്റെയും ഗാന്ധിജിയുടെയും ഇന്ദിരയുടെയും ശ്മശാനങ്ങള്‍ സന്ദര്‍ശിച്ചു. എനിക്കതൊരു തീര്‍ത്ഥാടനമായിരുന്നു.
87 ഏപ്രില്‍ 25 ന് തിരിച്ചുപോരത്തക്കവണ്ണമാണ് എന്റെ യാത്രാപരിപാടികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് നിശ്ചയിച്ചിരുന്നത്. രാജീവ് ഗാന്ധി തലസ്ഥാനത്തുണ്ടായിരുന്നില്ല. 24ാം തിയ്യതി തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം എന്നെ വിളിച്ചു. രണ്ടു ദിവസം കഴിഞ്ഞു മതി മടക്കയാത്ര എന്ന് അപേക്ഷിച്ചു. ഉദ്യോഗസ്ഥന്‍മാര്‍ വന്ന് ടിക്കറ്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി. അദ്ദേഹം എന്നെ സ്വീകരിച്ചു. ദീര്‍ഘനേരം സംസാരിച്ചു.
1935ല്‍ യുദ്ധം കാരണമാണ് ചൈനയിലേക്ക് തിരിച്ചുവരേണ്ടിവന്നത്. അല്ലെങ്കില്‍ ഞാനവിടെത്തന്നെ തുടരുമായിരുന്നു..... '

ടാഗോറിനെപ്പറ്റി അദ്ദേഹം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സ്വന്തം വീട്ടില്‍ ടാഗോര്‍ കൃതികളും ചിത്രങ്ങളുമുള്ള ഒരു ടാഗോര്‍ മുറിയുണ്ട്. മറ്റൊരു മുറി ഗാന്ധിജിക്ക് സമര്‍പ്പിച്ചതാണ്. രാജീവ് ഗാന്ധി ഒരു ടാഗോര്‍ പ്രതിമ അദ്ദേഹത്തിന് അംബാസഡര്‍ സല്‍മാന്‍ ഹൈദര്‍ മുഖേന എത്തിച്ചുകൊടുത്തത് അദ്ദേഹം നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. 'ടാഗോര്‍ എന്റെ ഗുരുനാഥന്‍' എന്ന ചൈനീസ് ഗ്രന്ഥവും ശാന്തിനികേതനകാലത്തെ ഫോട്ടോവിന്റെ ഒരു കോപ്പിയും അദ്ദേഹം ഞങ്ങള്‍ക്ക് തന്നു.
'ഇതില്‍ ഞാന്‍ ആരാണെന്ന് കണ്ടുപിടിക്കൂ.'
പഴയ ഫോട്ടോവിന്റെ കോപ്പിയാണെങ്കിലും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ഒരു ബൗള്‍ സൂപ്പ് മാത്രം കഴിച്ച് അദ്ദേഹം യാത്ര പറഞ്ഞു. വാര്‍ദ്ധക്യത്തിന്റെ അവശതയുണ്ടെങ്കിലും കൈ പിടിക്കാനടുത്ത മരുമകനോട് വേണ്ടെന്ന് ആംഗ്യം കാട്ടി. കാറില്‍ കയറുംമുന്‍പ് പറഞ്ഞു: തന്റെ ആയുഷ്‌കാലത്തില്‍ ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ദൃഢസൗഹൃദമുണ്ടാകുമോ? അതാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും ആശങ്കയും.

Content Highlights: rare travelogue by mt vasudevan nair talks about journeys to china


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented