മ്മില്‍ മിക്കവാറും പേര്‍ ഇന്നും വിപരീതക്രമത്തില്‍ മുന്നോട്ടു നീങ്ങുന്നത് കേവലം അപഗ്രഥനത്തിനു തിരഞ്ഞെടുക്കേണ്ട വിഷയമല്ല. അത്തരം നിത്യസാധാരണസംഭവങ്ങള്‍ പുകവലി, വെറ്റിലമുറുക്ക് മുതലായ ലൗകികമായ കാര്യങ്ങള്‍ ഈശ്വരനെ അപ്രസക്തമാക്കിയെന്ന് വിശ്വസിക്കാന്‍ നമുക്ക് വൈമനസ്യമാണ്. അതിനാലാണ് ശ്രീരാമകൃഷ്ണനും ശ്രീരമണനും ഭക്തര്‍ക്ക് ഈശ്വരാതീതരായിരിക്കുന്നത്.

ഇത്തരം കാര്യങ്ങളില്‍ ശ്രീരാമകൃഷ്ണനും ശ്രീരമണനും കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ളവരും പ്രായോഗികമതികളുമായിരുന്നു. ശ്രീരാമകൃഷ്ണന്‍ പൂരി, അരിപ്പായസം, ഐസ്‌ക്രീം എന്നിവ ഇഷ്ടപ്പെട്ടിരുന്നു; കുപ്പിയുടെ കോര്‍ക്കു താഴേക്കമര്‍ത്തുമ്പോള്‍ നുരഞ്ഞുപൊന്താന്‍ തുടങ്ങുന്ന പുളിയും മധുരവും കലര്‍ന്ന ലെമണേഡ് അദ്ദേഹത്തിനിഷ്ടമായിരുന്നു; എല്ലായിനം മത്സ്യങ്ങളും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. വല്ലപ്പോഴുമൊക്കെ ആട്ടിന്‍മാംസവും അദ്ദേഹം കഴിച്ചുപോന്നു. എപ്പോഴും ജിലേബി കഴിക്കുമായിരുന്നു. 

ഒരിക്കല്‍ ബ്രഹ്മസമാജത്തിന്റെ നേതാവായ കേശവ്ചന്ദ്ര സെന്നിന്റെ വീട്ടില്‍വെച്ച് അദ്ദേഹം വയറുനിറയെ കഴിച്ചു. കുറച്ചുകൂടി വേണോ എന്ന് ആരോ ചോദിച്ചപ്പോള്‍ ഒരു കുട്ടിയെപ്പോലെ അദ്ദേഹം പറഞ്ഞു, 'എന്റെ വയറു നിറഞ്ഞിരിക്കുന്നു. എങ്കിലും ഒരു ജിലേബി തന്നാല്‍ ഞാന്‍ കഴിക്കാം.' ഒരു വികൃതിപ്പയ്യനെപ്പോലെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു, 'ഉത്സവകാലത്ത് വഴികളിലെല്ലാം തിരക്കും ആള്‍ക്കൂട്ടവുമായിരിക്കും. അതിലൂടെ കടന്നുപോകുകയെന്നത് അപ്പോള്‍ വിഷമകരമാണ്. എന്നാല്‍ വൈസ്രോയിയുടെ വാഹനം അതിലേ വരുകയാണെങ്കില്‍ മറ്റെല്ലാ വാഹനങ്ങളും അതിനു കടന്നുപോകാന്‍ വഴിയൊരുക്കും. അതുപോലെ ജിലേബിക്കായി വയറ് സ്ഥലമുണ്ടാക്കും.'

സ്വാമി വിവേകാനന്ദന്‍ തന്റെ ഗുരുവിന്റെ വിശ്വരൂപത്തിനു മുന്‍പാകെ കിച്ചടിവഴിപാട് അര്‍പ്പിക്കുന്നിടത്തോളം4 പരിപ്പും പച്ചക്കറിയും ഉള്ളിയും ചേര്‍ത്ത് ചോറു വേവിച്ചുണ്ടാക്കുന്ന ആ വിഭവം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഇത്തരം ശിശുതുല്യമായ ആഗ്രഹങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തിന്റെ വില കുറയ്ക്കുന്നുണ്ടോ? നമ്മെപ്പോലെയുള്ള സാധാരണജനങ്ങളുടെ മുന്നില്‍ ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തെ പൂര്‍വാധികം പ്രിയങ്കരമാക്കുന്നില്ലേ?
ഇരുവരുടെയും രോഗങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. പലപ്പോഴും ഇവയെക്കുറിച്ച് അവര്‍ സംസാരിക്കുമായിരുന്നു. അല്പം മുന്‍പ് പറഞ്ഞതുപോലെ, ശ്രീരാമകൃഷ്ണന്റെ ശരീരം തീര്‍ത്തും ദുര്‍ബലമായിരുന്നു.

അക്കാലത്ത് പലയാളുകള്‍ക്കും സര്‍വസാധാരണമായിരുന്ന വയറിളക്കം, വായുക്ഷോഭം, പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളാല്‍ അദ്ദേഹം മിക്കപ്പോഴും ക്ലേശിച്ചിരുന്നു. 'ക്ഷൗരക്കത്തികൊണ്ട് വടിക്കാനാവാത്തവിധം അതിലോലവും മൃദുലവുമായിരുന്നു അദ്ദേഹത്തിന്റെ ചര്‍മം. അദ്ദേഹത്തിന്റെ മുടിയും താടിരോമങ്ങളും ക്ഷുരകന്‍ മുറിച്ചു ചെറുതാക്കുകയാണ് ചെയ്യുക.' പരുപരുത്ത പ്രതലത്തിലൂടെ നടക്കുമ്പോള്‍ വേദനിക്കുന്നവിധം വളരെ പേലവമായിരുന്നു അദ്ദേഹത്തിന്റെ കാല്‍പ്പാദങ്ങള്‍.

രണ്ട് ആത്മജ്ഞാനികള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതുപോലെ, ശ്രീരമണന്‍ കാല്‍വഴുതി വീണ് തോളെല്ലു പൊട്ടി. അദ്ദേഹത്തിന്റെ പുറത്തും വശങ്ങളിലും വ്രണം വന്ന് പഴുത്തു. പാദങ്ങളിലും കാല്‍മുട്ടുകളിലും മുതുകിലും അസഹ്യമായ വാതവേദന വന്ന് അദ്ദേഹം വലഞ്ഞു. നടുവേദന അധികരിച്ച് അദ്ദേഹം നടക്കാന്‍ ഏറെ ബുദ്ധിമുട്ടി. കാഴ്ചശക്തി ക്രമേണ ക്ഷയിച്ചുവന്നു.ജീവിതാന്ത്യത്തില്‍ ഇരുവരെയും അര്‍ബുദം പിടികൂടി. തീവ്രവേദനയനുഭവിച്ചാണ് ഇരുവരും മരണം വരിച്ചത്.

ഈ രോഗങ്ങള്‍ ഏതെങ്കിലും വിധത്തില്‍ രണ്ടുപേരുടെയും മൂല്യം കുറയ്ക്കുന്നുണ്ടോ? അതല്ല, നേരേമറിച്ച് ഇവ ഇരുവരെയും കൂടുതല്‍ ശ്രേഷ്ഠരാക്കുന്നുണ്ടോ? അങ്ങനെയിരിക്കിലും അവര്‍ ഇത്രയും സങ്കല്പാതീതമായ ഔന്നത്യത്തിലേക്ക് എത്തിയത് നാമേവരുടെയും വിധിയാണ്, ഭാഗ്യമാണ് അല്ലേ? സ്‌കൂള്‍ക്കുട്ടിയായിരുന്നപ്പോള്‍, വായിച്ച പണ്ഡിറ്റ്ജിയുടെ ഇന്ത്യയെ കണ്ടെത്തലിലെ ( The Discovery of India ) ഒരു ഭാഗമാണ് ഈ വരികളെഴുതുമ്പോള്‍ എന്റെ ഓര്‍മയില്‍ വരുന്നത്: 

മനുഷ്യന്‍ ദിവ്യമോ ഉത്കൃഷ്ടമോ ആയ ഒരു ശക്തിയുടെ വക്താവാകുന്നതിലുമുപരി, സ്വയം മാനസികമായും ആത്മീയമായും ഉന്നതമായ തലങ്ങളിലേക്കുയരുകയും മറ്റുള്ളവരെ ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ് എനിക്ക് എപ്പോഴും ശ്രേഷ്ഠവും മതിപ്പുളവാക്കുന്നതുമായി തോന്നിയിട്ടുള്ളത്. ചില മതസ്ഥാപകര്‍ വിസ്മയജനകമായ വ്യക്തികളായിരുന്നു. എന്നാല്‍ അവരെ ഞാന്‍ മനുഷ്യര്‍ എന്ന നിലയ്ക്കല്ലാതെ ചിന്തിക്കുമ്പോള്‍ എന്റെ ദൃഷ്ടിയില്‍ അവരുടെ മഹത്ത്വമെല്ലാം അപ്രത്യക്ഷമാകുന്നു. മനുഷ്യന്റെ മനസ്സിനും ആത്മാവിനും കൈവന്ന വളര്‍ച്ചയാണ്, മറിച്ച്, ഒരു സന്ദേശവാഹകനെന്ന നിലയില്‍ അവനെ ഉപയുക്തമാക്കുന്നതല്ല, എന്നില്‍ മതിപ്പുളവാക്കുന്നതും എനിക്ക് പ്രതീക്ഷ നല്കുന്നതും.

ഏറക്കുറെ ഇതേ രീതിയില്‍ത്തന്നെയാണ് പുരാണേതിഹാസങ്ങള്‍ എന്നെ സ്വാധീനിച്ചത്. ഈ കഥകളിലെ വസ്തുതാപരമായ ഉള്ളടക്കം വിശ്വസിക്കുകയാണെങ്കില്‍ അവ മുഴുവനും അസംബന്ധപൂര്‍ണവും പരിഹാസ്യവുമായിരിക്കും. എന്നാല്‍ ഒരാള്‍ അവയില്‍ വിശ്വസിക്കാതാവുന്നതോടെ ഒരു പുത്തന്‍ വെളിച്ചത്തില്‍, നവമായൊരു സൗന്ദര്യത്താലും സമൃദ്ധമായ ഭാവനയുടെ അതിശയകരമായ വികാസത്താലും, മനുഷ്യനു വേണ്ട പാഠങ്ങളാല്‍ സമ്പന്നമായി അവ ആവിര്‍ഭവിക്കുകയായി... ഈ ശോഭായമാനമായ സ്വപ്‌നങ്ങളും സുന്ദരമായ സങ്കല്പങ്ങളും രൂപകല്പന ചെയ്തവര്‍ എന്തുതരം സ്ത്രീപുരുഷന്മാരായിരുന്നിരിക്കും! ചിന്തയുടെയും ഭാവനയുടെയും ഏതു സ്വര്‍ണഖനിയില്‍നിന്നായിരിക്കും അവര്‍ അവയൊക്കെയും കുഴിച്ചെടുത്തിട്ടുണ്ടാവുക...!

വേദങ്ങള്‍ സ്വയമേവ ആവിര്‍ഭവിച്ച ഗ്രന്ഥങ്ങളായാണ് പല ഹിന്ദുക്കളും ധരിച്ചിട്ടുള്ളത്. ഇത് പ്രത്യേകിച്ചും ദൗര്‍ഭാഗ്യകരമാണ് എന്ന് എനിക്കു തോന്നുന്നു. കാരണം, നാം കാണാതെപോകുന്നത് അവയുടെ ശരിയായ പ്രസക്തിയാണ്- ചിന്തയുടെ ആദ്യനാളുകളില്‍ സംഭവിച്ച, മനുഷ്യമനസ്സിന്റെ പ്രകാശനത്തെ കാണാതെപോകുന്നു. എത്രത്തോളം വിസ്മയിപ്പിക്കുന്ന ഒരു മനസ്സായിരുന്നു അത്!

randu aathmajnhanikalവിശ്വാസത്തെ തുരങ്കംവെച്ച് ന്യൂനീകരിക്കുകയല്ല നമ്മുടെ ഉദ്യമത്തിന്റെ ലക്ഷ്യം; ആ വിശ്വാസത്തെ കുറവുകള്‍ തീര്‍ത്ത് മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുകയെന്നതാണ്. ശരിയാണ്, വിശ്വാസത്തിന് പര്‍വതങ്ങളെ ചലിപ്പിക്കുവാന്‍ കഴിയും; അതിന് ആളുകളെ മരണത്തിന്റെ വക്കില്‍നിന്നും തിരികെ കൊണ്ടുവരാന്‍ ശേഷിയുണ്ട്. തന്റെ ഇഷ്ടദേവതയ്ക്ക്, തന്റെ ഗുരുവിന് തന്നെ രക്ഷിക്കാനുള്ള ശക്തിയുണ്ടെന്ന്, തന്റെ ഭക്തന്മാരെ രക്ഷിക്കാന്‍ ഈശ്വരനും ഗുരുവും അതിവേഗം എത്തിച്ചേരുമെന്ന് പൂര്‍ണമനസ്സോടെ ആത്മാര്‍ഥമായി വിശ്വസിക്കുന്ന മാരകരോഗിയായ ഒരാള്‍ രോഗം ഭേദമാകുമ്പോള്‍ അയാളെ രക്ഷിച്ചത് ഈശ്വരനും ഗുരുവുമാണോ? അതോ, അവര്‍ക്ക് അതിനുള്ള ശക്തിയുണ്ടെന്ന അയാളുടെ വിശ്വാസമാണോ?

അതുപോലെത്തന്നെ, ഈ ഉദ്യമത്തിന്റെ ലക്ഷ്യം അദ്ഭുതകര്‍മങ്ങളുടെ കള്ളി വെളിച്ചത്തുകൊണ്ടുവരികയല്ല. എന്നാല്‍ അറിയപ്പെടുന്ന പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായ ഒരു അദ്ഭുതകൃത്യത്തെ എന്താണോ അദ്ഭുതമായി നാം സ്വീകരിക്കേണ്ടത് എന്നതില്‍നിന്നും സൂക്ഷ്മമായി പരിശോധിച്ചറിയാന്‍ സഹായിക്കുകയെന്നതാണ് നമ്മുടെ ഉദ്ദേശ്യം. സര്‍വോരപരി, പണ്ഡിറ്റ്ജി എഴുതിയതിനോടൊപ്പം നില്ക്കുകയാണെങ്കില്‍ ബ്രഹ്മാവ് ചൊല്ലിയത് കേട്ടു ഗ്രഹിച്ച് പ്രസരിപ്പിക്കാനുള്ള സംവിധാനം നമ്മുടെ ഋഷിമാര്‍ക്ക് ഉണ്ടായിരുന്നുവെന്നത് അദ്ഭുതമായിരിക്കില്ല. 

മനുഷ്യര്‍ക്ക്- എന്നെയും നിങ്ങളെയുംപോലെ അസ്ഥിയും മാംസവുമുള്ള മനുഷ്യജീവികള്‍ക്ക്- ആധുനികശാസ്ത്രത്തിന്റെയാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ഉയരങ്ങളിലേക്ക് പറന്നുപോകാന്‍ കഴിഞ്ഞിരുന്നുവെന്നത് പറയുന്നത് അദ്ഭുതമാണ്; അവര്‍ക്ക് നമ്മുടെ മനസ്സിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറേശ്ശയായി ശേഖരിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞു. 

നമ്മുടെ വിശുദ്ധഗുരുക്കന്മാരുടെ പ്രത്യേക കാര്യമെടുത്താല്‍ അവര്‍ക്ക് സവിശേഷസിദ്ധികളോ സ്വഭാവഗുണങ്ങളോ ഉണ്ടായിരുന്നുവെന്ന് ശഠിക്കുകയല്ല ലക്ഷ്യം. അവരുടെ സ്വതസ്സിദ്ധമായ സിദ്ധികളെയും കഴിവുകളെയും അവരുടെ സവിശേഷവൈഭവം 'സന്ദര്‍ശക കാര്‍ഡുക'ളെന്ന് സത്യസായിബാബ- അദ്ദേഹത്തിന്റെ കാര്യത്തില്‍ വിഭൂതിയും സ്വര്‍ണലോക്കറ്റും വാച്ചും സൃഷ്ടിക്കലായിരുന്നു- വിശേഷിപ്പിച്ച പ്രവൃത്തികളില്‍നിന്നും വേര്‍തിരിക്കുകയെന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

( അരുണ്‍ ഷൂരിയുടെ രണ്ട് ആത്മജ്ഞാനികള്‍ എന്ന പുസ്തകത്തില്‍ നിന്ന് )