പുസ്തകത്തിന്റെ കവർ, കൊൽക്കത്തയുടെ ഗ്രാഫിക് ചിത്രം.
ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ വരിയിലും ത്രസിപ്പിക്കുന്ന, രമേശന് മുല്ലശ്ശേരിയുടെ സ്പോര്‍ട്സ് ത്രില്ലര്‍ നോവലായ 'ഷൂട്ടൗട്ടി'ല്‍നിന്നൊരു ഭാഗം വായിക്കാം...
When you're GOOD at something, you'll tell everyone. When you're GREAT at something, they'll tell you.
-Walter Payton
മറക്കാന്‍ വയ്യാത്ത ജന്മദിനമായിരുന്നു അന്ന്. മണിക്ദാ വാങ്ങിത്തന്ന പുതിയ ബൂട്ടും പന്തുമായി കടയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ റോഡിനപ്പുറത്തെ പുല്‍മൈതാനിയില്‍ പന്തു തട്ടിക്കളിക്കുന്ന കുട്ടികളെ കണ്ടു.
'നോക്കൂ സൗരവ്, അതുപോലെ ബ്രിട്ടീഷുകാര്‍ ഫുട്ബോള്‍ തട്ടി കളിക്കുന്നതു കണ്ട ഒരു പത്തു വയസ്സുകാരനുണ്ടായിരുന്നു. നിന്നെപ്പോലൊരു കുട്ടി. നാഗേന്ദ്ര പ്രസാദ് സര്‍ബാധികാരി. സൈക്കിള്‍റിക്ഷയില്‍ മായ്ക്കൊപ്പം പോകുമ്പോള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ പന്തു തട്ടുന്നത് നോക്കിനിന്ന സര്ബാധികാരിയുടെ മുന്നിലേക്കു വന്നുവീണത് കളിക്കിടയില്‍ പുറത്തേക്കു തെറിച്ച പന്താണ്. ആ തുകല്‍പ്പന്ത് ഇളംകാല്കൊണ്ട് മെല്ലെ തിരികെത്തട്ടികൊടുത്ത ബാലന് തന്റെ വഴി തിരിച്ചറിഞ്ഞു.' കൂട്ടുകാരൊരുമിച്ച് പിരിവിട്ട് ഫുട്ബോളിനു പകരം ബേസ്ബോള്‍ വാങ്ങി കളിക്കുന്നതു കണ്ട കോളേജ് അദ്ധ്യാപകനായ ഇംഗ്ലീഷുകാരന് സ്റ്റാക്ക് വാങ്ങിക്കൊടുത്തതാണ് ഒരിന്ത്യാക്കാരന് തട്ടിക്കളിച്ച ആദ്യ തുകല്‍പ്പന്ത്. ഓര്‍ക്കാനൊരു നിമിഷമുണ്ടാവും ഓരോരുത്തര്‍ക്കും ജീവിതത്തില്‍. ആദ്യപ്രണയംപോലെ ഹൃദയത്തോടു ചേര്‍ത്തുവെക്കാന്‍. പട്ടാളക്കാര്‍ അലക്ഷ്യമായി അടിച്ച പന്ത് തന്റെ കാലില്‍ തൊട്ട നിമിഷം സര്‍ബാധികാരി തിരിച്ചറിഞ്ഞു ഇതു തന്റെ നിമിഷമാണെന്ന്. കൊല്‍ക്കത്തക്കാരന്റെ ഹൃദയത്തിന്റെ രൂപം മൈതാനില്‍ തട്ടിക്കളിക്കുന്ന വെളുപ്പും കറുപ്പും ഇഴചേര്‍ന്ന തുകല്‍പ്പന്തുപോലെ വൃത്താകൃതിയാണെന്നു പറഞ്ഞത് സുധീര്ദായാണ്. ചുരുങ്ങിവരുന്നൊരു വൃത്തഗോളമാണിന്ന് കൊല്‍ക്കത്ത. ഈഡന് ഗാര്‍ഡനില്‍ ഐ.പി.എല്‍. മത്സരത്തിനെറിയുന്ന ചുവന്ന ചെറിപ്പഴനിറമുള്ള ക്രിക്കറ്റുപന്തിനോളം ചെറുത്. വൈരുദ്ധ്യങ്ങളുടെ നാടാണ് കൊല്‍ക്കത്ത. കാളീപൂജയും കമ്യൂണിസവും, ട്രാമും മെട്രോയും, രബീന്ദ്രസംഗീതവും സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ കളിയാരവവും; എല്ലാം ഒന്നിച്ചു ചേരുന്നയിടം.
തിരിച്ചുപോരുമ്പോള്‍ മണിക്ദായുടെ വിരലില്‍ തൂങ്ങി ട്രാമില്‍ ഇടിച്ചുകയറുമ്പോഴാണ് ഞാന്‍ അവരെ കണ്ടത്. പ്രായമുള്ള സ്ത്രീ. സുധീര്ദായുടെ ദീദിയുടെ ഛായ. തീജ്ജ്വാലപോലെ തിളങ്ങിനില്‍ക്കുന്ന മുഖം. തിരക്കിനിടയിലും അവര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്ന ട്രാം യാത്രക്കാര്‍. ആരിവര്‍, ദേവിയോ?
'മാ, നിങ്ങളൊറ്റയ്ക്ക് പോകേണ്ട, ഞാന്‍ കൂടെ വരാം. വീട്ടില്‍ കൊണ്ടുചെന്നാക്കാം.'
തിരക്കിനിടയിലും തങ്ങളുടെ കാര്യം മാറ്റിവച്ച് അനുഗമിക്കാന്‍ തയ്യാറായി ഏറെപ്പേര്‍.
'മണിക്ദാ, ആരാണാ സ്ത്രീ?'
മണിക്ദാ ചിരിച്ചു. 'ചുനി ഗോസ്വാമിയുടെ മാ.'
തെക്കന്‍ കല്ക്കത്തയില്നിന്ന് കാളിഘട്ട് ക്ഷേത്രത്തിലേക്ക് ദിവസവും പൂക്കൂടയുമായി പോകുന്ന മായ്ക്ക് ഒരിക്കലും യാത്രാതടസ്സമുണ്ടായിട്ടില്ല. ഒരു പൂവുപോലും തിരക്കില്‍ താഴെ വീണിട്ടില്ല. ഒരിക്കലും ഒറ്റയ്ക്ക് വീട്ടിലേക്കു തിരിച്ചെത്തേണ്ടി വന്നിട്ടുമില്ല. ഓരോ ബംഗാളിയും സ്വന്തം മായെപ്പോലെ കണ്ട അവര്‍ക്ക് ഒറ്റ വാക്കേ പറയേണ്ടിയിരുന്നുള്ളൂ.
'ഞാന്‍ ചുനി ഗോസ്വാമിയുടെ അമ്മയാണ്.' ഒരൊറ്റ വാക്കിന്റെ മാന്ത്രികതയില്‍ അവര്‍ ജനക്കൂട്ടത്തിന്റെ മനം കവര്‍ന്നു. വശ്യമായ കളിയോര്‍മ്മകള്‍ ഇന്നും താലോലിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു, ഓരോ യാത്രയിലും അവര്‍ക്കൊപ്പം. ഞങ്ങളിറങ്ങാന്‍ നേരം ഞാന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച പന്തു കണ്ട് അവര്‍ വാത്സല്യത്തോടെ കവിളില്‍ തട്ടി:'ബേട്ടാ, നല്ല കളിക്കാരനാവണം. മാ കാളി നിന്നെ അനുഗ്രഹിക്കട്ടെ.'മണിക്ദാ ഓരോന്നായി പറഞ്ഞുതന്നു.
സര്‍ബാധികാരി സംഘടിപ്പിച്ച കളിക്കാര്‍ വളരെ വേഗം കാല്പ്പന്തുമായിണങ്ങി. അയാള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. പതുക്കപ്പതുക്കെ, കാല്‍പ്പന്തുകളി ബംഗാളിയുടെ രക്തത്തില്‍ കലര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോള്‍ സൂപ്പര്‍സ്റ്റാറാണ് ചുനി. സിനിമാതാരങ്ങളെക്കാള്‍ സുന്ദരന്‍. ഫുട്ബോളിനൊപ്പം ക്രിക്കറ്റിലും കഴിവു തെളിയിച്ച മെഗാസ്റ്റാര്‍. പി.കെ. ബാനര്‍ജിക്കും ടി. ബല്റാമിനുമൊപ്പം ഇന്ത്യന്‍ ആക്രമണനിരയിലെ കുന്തമുന. അന്നാണ് തീരുമാനിച്ചത്. ഒരിക്കലുമൊരു സര്ബാധികാരിയാവണ്ട. ഒരു ചുനി ഗോസ്വാമിയാവണം. നാളെ എന്റെ മാ മഹേശ്വതയെ ഓരോ ആളും തിരിച്ചറിയുന്നൊരു കാലമുണ്ടാവണം. ഫുട്ബോളര് സൗരവ് ഘോഷിന്റെ മാ. ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു. പറയില്ലല്ലോ എന്റെ മാ ഇനി ഒരാളോടെങ്കിലും, താന്‍ ഇന്ത്യന്‍ യൂത്ത് ടീമില്‍ കളിച്ച സൗരവ് ഘോഷിന്റെ പ്രിയപ്പെട്ട മാതാവാണെന്ന്?

ഇന്ത്യന്‍ യൂത്ത് ടീമിലേക്ക് സെലക്ഷന് കിട്ടിയ ദിവസം കാളിഘട്ടിലേക്കു പോകുമ്പോള്‍ കൈ കോര്‍ത്തുപിടിച്ച് ഒപ്പം വന്ന സുദീപ്തയ്ക്കൊപ്പമുണ്ടായിരുന്നത് സുധീര്ദായുടെ ഓര്‍മ്മകളാണ്. കാളിഘട്ടില്‍ ബലിക്കായി കാത്തുനില്ക്കുമ്പോള് മണിക്ദായുടെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു. സുദീപ്തയാണു പറഞ്ഞത് കാളിമായുടെ ബലിപീഠത്തില്‍ ഒരൊറ്റ വെട്ടിന് തലവേര്പെടുന്ന ആട്ടിന്‍കുട്ടി ഐശ്വര്യം കൊണ്ടുവരുമെന്ന്. വെട്ടാന്‍ വാളുയര്ത്തുമ്പോള്ത്തന്നെ താന്‍ തിരിഞ്ഞുനടന്നു. തെറിച്ചുവീഴുന്ന ചോരത്തുള്ളികള്‍ ഓര്‍മ്മിപ്പിക്കുന്നത് സുധീര്ദായെയാണ്.
കൊല്‍ക്കത്തയില്‍ നൂറ്റിപ്പതിനാലു ഗോള്‍ നേടിയവനെന്ന സുധീര്ദായുടെ വീമ്പുപറച്ചിലിന് പിന്നില്‍ കളിയോടുള്ള അദമ്യമായ ആവേശമായിരുന്നു. ജൂനിയര്‍ നാഷണലിന് താന്‍ കളിക്കാന്‍ പോവുമ്പോള്‍ സുധീര്ദാ അഭിമാനപൂര്‍വ്വം നെഞ്ചത്തടിച്ചു പറഞ്ഞുവത്രേ.
'ഞാനാണവന്റെ ഗുരു. കൊല്‍ക്കത്ത ലീഗില്‍ നൂറ്റിപ്പതിനാല് ഗോളടിച്ചവന്.'
എന്നിട്ടും ഒടുവില്‍...
പഴയ ഓര്‍മ്മകളില്‍ ഞാന്‍ ചകിതനായി. തൃണമൂലിന്റെ ജാഥയ്ക്കു മുന്നില്‍ പെട്ടുപോയ സുധീര്ദായെ അവര്‍ മൈതാനില്‍ ഫുട്ബോള്‍ തട്ടുംപോലെയാണ് തട്ടിക്കളിച്ചത്. ഒപ്പമുണ്ടായിരുന്ന അജ്ഞാതന്‍ ഭയന്നോടിപ്പോയി. കുത്തേറ്റ് ചോരയില്‍ കുതിര്‍ന്ന ചുവന്ന ജേഴ്സി ഒടിഞ്ഞ തെരുവുവിളക്കു കാലില്‍ മൈതാനിലെ കോര്‍ണര്‍ ഫ്ളാഗുപോലെ ഉയര്‍ന്നുനിന്നു. ശരീരത്തില്‍ കുത്തുകളുടെ എണ്ണം കൃത്യം നൂറ്റിപ്പതിനാല്!
ബാബ പറഞ്ഞു. 'ആസൂത്രിതമായ കൊലയാണ്. കളിക്കാരുടെ യൂണിയനുണ്ടാക്കിയ സുധീര്‍ ഘോഷ് പലരുടെയും കണ്ണിലെ കരടായിരുന്നു.' എത്ര കൃത്യമായാണ് ആസൂത്രണം, ജര്‍മ്മന്‍ടീം ഗോളടിക്കുന്നതുപോലെ. പിന്നാലെ വന്ന സുദീപ്ത നെറ്റിയില്‍ രക്തതിലകമണിയിക്കുമ്പോള് അറിഞ്ഞിരുന്നില്ല അതുമൊരു സമയോചിതമായ തന്ത്രമാണെന്ന്.
സ്റ്റേഡിയത്തിലെ ആരവം ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. തെക്കേ ഗ്യാലറിയില്‍ ഗോവന്‍ ടീമിനെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം കാണികള്‍. അവരെ കണ്ട് സന്തോഷത്തോടെ ഒച്ചയിടുന്ന മറ്റുള്ളവര്‍. ഷഫീക്കിന് ഞാന്‍ മെസ്സേജയച്ചു. പ്രസ് ഗ്യാലറിയില്‍ രണ്ടു നിരകള്‍ക്കു പിന്നിലിരുന്ന്. 'നീ വിനായകിനെ ശ്രദ്ധിക്കൂ.' നേരത്തെ ഷഫീക്ക് ഇരുന്ന സ്ഥലത്താണ് ഞാന്‍. ഇവിടെ ഞാന്‍ സുരക്ഷിതനാണ്, മുന്‍നിരയിലെ വിനായക് ഗാവ്ലി തിരിഞ്ഞുനോക്കാതിരിക്കുന്നിടത്തോളം സമയം, എന്നെ ആള്‍ക്കൂട്ടത്തില്‍നിന്ന് അയാള്‍ തിരിച്ചറിയാതിരിക്കുന്നിടത്തോളം സമയം. രണ്ടുപേരെ കൂടെ കൂട്ടിയത് ഭാഗ്യം. ഒരു അസൈന്മെന്റിന് ഒരിക്കലും ഒറ്റയ്ക്കു പോകരുതെന്ന പാഠം ഓര്മ്മയുള്ളതെത്ര നന്നായി. ഒന്ന് പോരാ, രണ്ടാവാം. മൂന്നില്‍ കൂടരുത്. എതിരാളികള്‍ ആക്രമണോത്സുകരാണെങ്കില് പ്രത്യേകിച്ചും. ഷഫീക്ക് എന്റെ പഴയ സീറ്റിലിരിക്കും. അവിടെയിരുന്നാല്‍ അവന് മൈതാനം മൊത്തം ഒരു വൈഡ് ആംഗിള്‍ ഷോട്ടുപോലെ കാണാം. ഒപ്പം ഗാവ്ലിയെ ശ്രദ്ധിക്കാം. സൗമിത്രദാ എന്നെ കാണാതിരിക്കട്ടെ. ഞാന്‍ കുറച്ചപ്പുറമായിരിക്കുന്ന ഗാവ്ലിയെ ശ്രദ്ധിച്ചു. നീല ജീന്‍സും, ഷൂസും ഷര്‍ട്ടും. നെറ്റി കുറുകെ വെട്ടിക്കീറിയതുപോലുള്ള കുങ്കുമക്കുറി. എഫ് എന്ന അക്ഷരംപോലെ വളഞ്ഞിരുന്ന് അയാള്‍ ലാപ്ടോപ്പില്‍ ടൈപ്പ് ചെയ്യുന്നു. തിരിഞ്ഞുനോക്കിയാലും എന്നെ പെട്ടെന്നു തിരിച്ചറിയില്ല. ഞാന്‍ മൈതാനത്തേക്കു നോക്കി. രണ്ടാംപകുതിയില്‍ അവനുണ്ടാവും. അര്ജുന്. തീര്‍ച്ച. ആദ്യ പകുതിയില്‍ മങ്ങിപ്പോയ ലിയോനാര്‍ഡോയും ബിശ്വാസും മാറും. ഉറപ്പ്. അത്രയെങ്കിലും മനസ്സിലാക്കാനായില്ലെങ്കില്‍ ഞാനെന്തിനാണ് ഇത്രനാള്‍ പന്തുരുട്ടി നടന്നത്? ഒരിക്കല്‍ എത്രയും പ്രിയതരമായിരുന്നൊരു ശുഭ്രഗോളം. ഇന്നതൊരു തമോമണ്ഡലംപോലെ മനസ്സില്‍ നീറിപ്പിടിക്കുന്നൊരോര്മ്മയായി.
കൊല്‍ക്കത്ത എന്നും കാല്‍പ്പന്തുകളിയുടെ നഗരമായിരുന്നു. ക്രിക്കറ്റ് ഭ്രാന്തിനിടയിലും തുകല്ഗോളത്തെ പ്രണയിച്ച കളിസ്നേഹികളുടെ നഗരം. വംശഹത്യയില്‍ അവശേഷിച്ച ആദിവാസിക്കൂട്ടംപോലെ ബാക്കിവന്ന പച്ചത്തുരുത്തുകളിലൊന്ന്. ഭ്രാന്തമായ പ്രണയമാണ് ഇന്നും ഓരോ ബംഗാളിക്കും ഫുട്ബോളിനോട്. വേദനിപ്പിക്കുന്ന ഓര്‍മ്മകളെ കുടഞ്ഞെറിഞ്ഞ് ഞാന്‍ മൈതാനത്തേക്കു നോക്കി. ഗ്രൗണ്ടില്‍ റഫീക്കും അര്‍ജുനുമുണ്ട്. തനിക്കൊപ്പം അണ്ടര്‍ 17 ടീമില്‍ ഉണ്ടായിരുന്നവര്‍. അവരിന്ന് മൈതാനത്ത് ആനന്ദത്തിന്റെ കളിപ്പന്തു തട്ടുമ്പോള്‍ താനിവിടെ... കൂടുതല്‍ ആലോചിക്കാനാവാതെ ഞാന്‍ തല കുടഞ്ഞു.
ഡിസൂസ സാര്‍ ടീമിന്റെ ചുമതലയില്‍ ഇല്ലായിരുന്നെങ്കില്‍? ക്ലബ്ബ് മാറിയിരുന്നെങ്കില്‍? രണ്ടു സ്ട്രൈക്കര്‍മാരെ മാത്രം കളിപ്പിക്കുന്ന ശൈലിയാണ് ഡിസൂസ സാറിന്റേത്. മൂന്നുപേരെ മുന്‍നിരയില്‍ കളിപ്പിച്ചിരുന്നെങ്കില്‍? സാര്‍തന്നെയാണ് പറഞ്ഞുതന്നിരുന്നത്, ത്രിമൂര്‍ത്തികളായ ഫോര്വേഡുകളായിരുന്നു എക്കാലവും വിജയങ്ങള്‍ കൊണ്ടുവന്നതെന്ന്. പി.കെ. ബാനര്‍ജി, ചുനി ഗോസ്വാമി, ടി. ബല്‍റാം ത്രയം. ഐ.എം. വിജയന്, ബൈച്ചുങ് ബൂട്ടിയ, ജോപോള്‍ അഞ്ചേരി ത്രയം.

പരീക്ഷണങ്ങള്‍ക്ക് മടിയുള്ളയാളല്ലായിരുന്നു ഡിസൂസ സാര്‍. ഫുട്ബോളിന്റെ പഴയകാലചരിത്രത്തില്നിന്നും സാര്‍ പലതും പറഞ്ഞുതന്നു. പെലെയും ഗാരിഞ്ചയും കളിച്ച ലോകകപ്പില്‍ ആദ്യ രണ്ടു കളികളില്‍ ആ മഹാപ്രതിഭകളെ കോച്ച് ഫിയോള പുറത്തിരുത്തി. സോവിയറ്റ് യൂണിയനുമായുള്ള നിര്ണ്ണായകമത്സരത്തിനു മുമ്പ് നില്‍ട്ടണ്‍ സാന്റോസ് കോച്ച് ഫിയോളയുടെ കാലുപിടിച്ചു. പെലെയും ഗാരിഞ്ചയും നാളെ കളിക്കണം. ഇല്ലെങ്കില്‍ തിരിച്ചെത്തുമ്പോള്‍ റയോ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത് ആരാധകര്‍ വലിച്ചെറിയുന്ന കല്ലുകളാവും. പിറ്റേന്ന് ഗാരിഞ്ചയും പെലെയും ചേര്‍ന്ന് ആദ്യത്തെ മൂന്നു മിനിട്ടില്‍ കളിച്ച കളിയില്‍ എല്ലാവരും വീണു. ലോകഫുട്ബോളിലെ ഏറ്റവും മനോഹരമായ ആദ്യ മൂന്നു മിനിട്ടുകള്‍.
കോച്ചിന്റെ വാക്കുകള്‍ കേട്ടിരിക്കെ ഞാന്‍ മനസ്സിലോര്‍ത്തു, എന്റെ ടീമിലും ഒരു നില്‍ട്ടണ്‍ സാന്റോസ് ഉണ്ടായിരുന്നെങ്കില്‍!
അന്ന് ക്യാംപില്‍ മൂന്നു പേരായിരുന്നു കേരളത്തില്‍നിന്ന്. മുന്നേറ്റനിരയില്‍ അര്‍ജുന്‍ദേവും മുഹമ്മദ് റഫീക്കും. ഒപ്പം പിന്നീട് കളി മതിയാക്കി സ്പോര്‍ട്സ് ക്വാട്ടയില്‍ മെഡിസിന് പഠിക്കാന്‍ പോയ ഡിഫന്‍ഡര്‍ സൂരജ് ജോര്‍ജ്ജും. സിലിഗുരിയിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. ഭാവിവാഗ്ദാനങ്ങളെന്നു വിളിച്ചിരുന്ന മൂന്നു പേര്. യൂത്ത് ടീമിന്റെ സ്ട്രൈക്കര്‍മാര്‍. ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ തങ്ങളുടെ കളി കണ്ട് ആക്രമണനിരയെ ഒന്നിച്ച് ടീമിലെടുത്ത വിവാ ഗോവ.
എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം. ടെഹ്റാനില്‍ ഖത്തറിനെതിരെയുള്ള കളിയില്‍ ആദ്യപകുതിയില്‍ രണ്ടു സ്ട്രൈക്കര്‍മാരായിരുന്നു. ഞാനും റഫീക്കും. പ്രതിരോധനിരയുടെ മണ്ടന്പിഴവുകളില് ഖത്തര്‍ രണ്ടു ഗോള്‍ ലീഡ് നേടിയപ്പോഴാണ് കോച്ച് മൂന്നാം സ്ട്രൈക്കറായി അര്ജുന് ദേവിനെ കളത്തിലിറക്കിയത്; ഡിഫന്‍സില്‍നിന്നും മണിപ്പൂരുകാരന്‍ ബോബി സിങ്ങിനെ പിന്‍വലിച്ച്. കോച്ച് സെഡ്റിക് ഡിസൂസ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്. രണ്ടു ഗോളിനു തോറ്റാലും ആറു ഗോളിന് തോറ്റാലും തോല്‍വി തോല്‍വിതന്നെ. പിന്നിട്ട് നില്ക്കുമ്പോള് പിന്നെ ഒന്നും നോക്കാനില്ല. സിംഹത്തിനെ അതിന്റെ മടയില്‍ ചെന്ന് ആക്രമിക്കുക. പിന്നീട് കണ്ടത് അവിശ്വസനീയമായ കളിയാണ്. തുടര്‍ച്ചയായ ആക്രമണത്തില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച അര്ജുന് ഗ്യാലറികളെ തീപിടിപ്പിച്ചു. പകുതിസമയത്ത് സ്കോര്‍ 22. രണ്ടാം പകുതിയില്‍ വിവാദ പെനാല്‍ട്ടി തീരുമാനത്തില്‍ ഖത്തറിനോട് 32 ന് തോല്‍ക്കുമ്പോള്‍ ഡിസൂസ സാര്‍ നിര്‍വികാരനായി പറഞ്ഞു:
'നാളത്തെ പത്രത്തിലുണ്ടാവും, ഇന്ത്യ പൊരുതിത്തോറ്റു.'
അത്രപോലും ഉണ്ടായിരുന്നില്ല പല പത്രങ്ങളിലും പിറ്റേന്ന്. എന്നാല്‍ ഒന്നുണ്ടായിരുന്നു, സ്റ്റാര്‍ സ്ട്രൈക്കര്‍ അര്ജുന് ദേവ് രണ്ടു ഗോള്‍ നേടിയെന്ന്. ഒരാളും പറഞ്ഞില്ല, ഒരിടത്തും പറഞ്ഞില്ല, അതിലൊന്നു നേടിയത് സൗരവ് ഘോഷ് എന്ന ബംഗാളിയുടെ ഇടതുകാല് മടമ്പുകൊണ്ടുള്ള ബാക്ക് ഹീല്‍ പാസില്‍ നിന്നാണെന്ന്. രണ്ടാമത്തേത് സൗരവിന്റെ ഷോട്ട് ഗോളി തടുത്തിട്ടപ്പോഴുള്ള റീബൗണ്ടില്നിന്നാണെന്ന്.
ആരവങ്ങളെല്ലാം അവസാനമായി സ്പര്ശിക്കുന്നവനുള്ളതാണ്. സുദീപ്തയുടെ കാര്യത്തിലും അതായിരുന്നല്ലോ ശരി. കളിയിലെന്നപോലെ ജീവിതത്തിലും സമയോചിതമായ തന്ത്രങ്ങളാണ് വിജയമൊരുക്കുന്നതെന്ന് ഏതൊരു പരിശീലകനെക്കാളും ഭംഗിയായവള് തെളിയിച്ചു തന്നു. ഖത്തറുമായുള്ള കളി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയ രാത്രി. പല വട്ടം വിളിച്ചിട്ടും സുദീപ്ത ഫോണെടുത്തില്ല. കളിച്ച കളിയെക്കുറിച്ചും ഗോളടിക്കാന്‍ നല്കിയ പാസിനെക്കുറിച്ചും പറയാന്‍ മനസ്സ് വെമ്പി. എത്ര മനോഹരമായിരുന്നു കളി. രാത്രി വൈകിയുള്ള പതിവുവിളിയില് മായുടെ സങ്കടശബ്ദം.
'നീ നന്നായിക്കളിച്ചു അല്ലേ?'
ഞാനമ്പരന്നു. മാ എങ്ങനെയറിഞ്ഞു അക്കാര്യം?
'പലവട്ടം വിളിച്ചപ്പോഴും നീ തിരക്കിലായിരുന്നു.'
മാ എല്ലാമറിയുന്നു.
'സുദീപ്ത...'
മാ വാക്ക് വിഴുങ്ങി. എന്റെ ഹൃദയം മിടിച്ചു. മാ ഗൗരവമുള്ളതെന്തോ പറയാന്‍ പോകുന്നു.
'നീ അവളെ വിളിച്ചിരുന്നോ?'
'ഉം,' ഞാന്‍ ശബ്ദം പതറാതിരിക്കാന്‍ ശ്രദ്ധിച്ചു.
മാ ദീര്‍ഘശ്വാസമെടുത്തു.
'ഇനിയവളെ വിളിക്കേണ്ട. അവളുടെ എന്‍ഗേജ്മെന്റാണ്. ക്രിക്കറ്റര്‍ സുജയ് ഘോഷുമായി.' എന്റെ മൗനം നീണ്ടപ്പോള്‍ മാ ഫോണ്‍ കട്ട് ചെയ്തു. സുജയ് ഘോഷ്, ഐ.പി.എല്ലില്‍ ഈ വര്‍ഷം അഞ്ചു കോടിക്ക് ഹൈദരാബാദ് ടീം കരാറാക്കിയ മിസ്റ്ററി സ്പിന്നര്‍. കാളീഘട്ടില്‍ ബലി നല്കിയ ആട്ടിന്‍കുട്ടിയുടെ തല ഒറ്റ വെട്ടിനാവില്ല വേര്‍പെട്ടത്. പിറ്റേന്ന് ദില്ലിയില്‍ വിമാനമിറങ്ങുമ്പോള്‍ ഡിസൂസ സാര്‍ വിളിച്ചു.
'വരൂ, എന്റെ വീട്ടിലേക്ക് പോവാം.'
നിഷേധിക്കാനാവുമായിരുന്നില്ല ആ ക്ഷണം.
'ഞാന്‍ ആശ്രിതവത്സലനാണ്. എസ്.എ. റഹീമിനെപ്പോലെ.'
ഡിസൂസ സാര്‍ തോളത്ത് തട്ടി. അറിയുമായിരുന്നില്ല അന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച കോച്ചായിരുന്ന എസ്.എ. റഹീമിനെ. അന്നു രാത്രി റഫീക്കാണ് പറഞ്ഞുതന്നത്. അവന്റെ വായനയില്‍ കാല്‍പ്പന്തുകളിയുടെ ചരിത്രം എപ്പോഴോ കടന്നുകൂടിയിരുന്നല്ലോ. ഇന്ത്യയുടെ സുവര്‍ണ്ണകാലത്തെ പരിശീലകനായിരുന്നു റഹീം. 1951ലും 62ലും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം, 56ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമി ഫൈനല്‍ പ്രവേശം.
ഓര്‍ക്കേണ്ടത് 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലാണ്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി അലറിവിളിക്കുന്ന ഒരു ലക്ഷം കാണികള്‍ക്കു മുന്നില്‍ കളിക്കാന്‍ തലയില്‍ ആറ് സ്റ്റിച്ചിട്ട പ്രതിരോധനിരക്കാരന്‍ ജര്‍ണയില്‍ സിങ്, സുഖമില്ലാത്ത ഗോള്‍കീപ്പര്‍ പീറ്റര്‍ തങ്കരാജ്, വയറിന് അസുഖം വന്ന് ഛര്ദ്ദിച്ചുതളര്ന്ന പി.കെ. ബാനര്‍ജി. ഉറക്കമില്ലാത്ത രാത്രിയില്‍ റഹിം ആവശ്യപ്പെട്ടത് പിറ്റേന്നത്തെ കളിയിലെ സ്വര്‍ണ്ണമെഡലാണ്. ശ്വാസകോശക്യാന്‍സര്‍ വന്ന്, മരണം പടിവാതില്ക്കല് മുട്ടിവിളിക്കുന്ന കോച്ച് തന്റെ അവസാനമത്സരത്തില്‍ ശിഷ്യന്മാരോട് ആവശ്യപ്പെട്ട സമ്മാനം. ഫൈനലില്‍ കളിക്കേണ്ടത് ആദ്യറൗണ്ടില്‍ ഇന്ത്യയെ 20ന് തോല്‍പ്പിച്ച ദക്ഷിണ കൊറിയയ്ക്കെതിരെ.
പിറ്റേന്ന്, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഡിഫന്‍ഡറായ ജര്‍ണയില്‍ സിങ്ങിനെ കോച്ച് സെന്റര്‍ ഫോര്‍വേഡാക്കി. ഏഷ്യന്‍ പുഷ്കാസ് എന്ന വിളിപ്പേരുള്ള മലേഷ്യയുടെ അബ്ദുള്‍ ഗനിയെ തന്റെ ചടുലചലനങ്ങള്കൊണ്ട് അടക്കിനിര്‍ത്തിയ ഭീമരൂപിയായ ഡിഫന്‍ഡര്‍ മുന്നേറ്റനിരയില്‍ കളിച്ച് തെക്കന്‍ കൊറിയന്‍ ഡിഫന്‍സില്‍ ഭീതി വിതച്ചു. ആറു സ്റ്റിച്ചിട്ട തലയുമായി കളിച്ച സിങ് ആദ്യഗോളടിച്ചു. മറ്റൊന്ന് പി.കെയും. ഒടുക്കം 21 ന് ഇന്ത്യ ജയിച്ചു. കാണികള്‍ ഒന്നിച്ചു കൈയടിച്ചപ്പോള്‍ ജര്‍ണയില്‍ സിങ് ധില്ലന് രക്താഭിഷിക്തനായി കാണികളെ നോക്കി അലറി:
'വിവാ ഇന്ത്യ.'
അന്നു രാത്രി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ ജര്‍ണയില്‍ ഇന്ത്യാവിരുദ്ധ വികാരം നുരയ്ക്കുന്ന ജക്കാര്‍ത്തയിലെ തെരുവിലൂടെ സധൈര്യം നടന്നു. രണവീര്യമുള്ള സിക്കുകാരന്റെ ഗാംഭീര്യത്തോടെ. കണ്ടവര്‍ ഓടിയെത്തി കൈ പിടിച്ചു.
'നിങ്ങളാണ് ധീരന്മാര്. ഇന്ത്യയാണ് യഥാര്‍ത്ഥ ചാമ്പ്യന്മാര്.'
വിടര്‍ന്ന കണ്ണുകളോടെ ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരു ജില്ലയുടെ വലിപ്പംപോലുമില്ലാത്ത മാലിദ്വീപിനോടുപോലും ജയിക്കാന്‍ പാടുപെടുന്ന പുതിയ കാലത്തെയോര്‍ത്തു.
'എന്നാണ് ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ അവസാനമായി കളിച്ചത്?'
ഓര്ത്തെടുക്കാനാവുന്നില്ലായിരുന്നു.
'നിങ്ങളുടെ കാലത്തെങ്കിലും അതുണ്ടാവട്ടെ.'
എത്ര പേരെയോര്ക്കും കാലം? മനസ്സിലോര്‍ത്തു. ഒരു ഫുട്ബോളറായിട്ടുപോലും ഒരാളും പറഞ്ഞുതന്നില്ല പഴയകാല പ്രതിഭകളെക്കുറിച്ച്, ത്രസിപ്പിക്കുന്ന വിജയങ്ങളെക്കുറിച്ച്. എസ്.എ. റഹീം എന്ന സയ്യദ് അബ്ദുള്‍ റഹീമും കളങ്കചിഹ്നമുള്ള ചന്ദ്രനായിരുന്നത്രേ. മകന് സയ്യദ് ഹക്കിം ഇന്ത്യന്‍ ടീമില്‍ കളിച്ചത് റഹീമിന്റെ മകനായതുകൊണ്ടു മാത്രം. കളികളില്‍ പലപ്പോഴും യുവരാജാക്കന്മാരുടെ പട്ടാഭിഷേകമുണ്ടാകും, കുലമഹിമകളുടെ പേരില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔട്ടുപെറുക്കിയാവാന് യോഗ്യതയില്ലാത്ത സ്റ്റുവര്‍ട്ട് ബിന്നി പഴയകാലതാരം റോജര്‍ ബിന്നിയുടെ മകനായതിനാല്‍ മാത്രം ഇന്ത്യന്‍ ടീമില്‍ ഇടം നേടും. നിശ്ശബ്ദമായ വംശഹത്യകളുമുണ്ടാവും. തുടര്‍ച്ചയായി നന്നായി കളിച്ചിട്ടും ഇന്ത്യന്‍ ടീമിലെത്താതെ പോയ സൂസെരാജിനെപ്പോലെ.
പിറ്റേന്നായിരുന്നു കൂടിക്കാഴ്ച. ഗോവന്‍ ബീച്ചിലെ ആളൊഴിഞ്ഞൊരു റസ്റ്റോറന്റില്‍ വെച്ച്, വിവാ ഗോവയുടെ പുതിയ സാരഥി ആര്.കെ. എന്ന രാമകൃഷ്ണന് നായരുമായി. കാര്‍വാലോയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് നായര്‍. ഞാനും അര്‍ജുനും റഫീക്കും ഒരേ ടീമില്‍. ഡിസൂസ സാര്‍ ഞങ്ങളെ കൊണ്ടുപോയത് മനഃപൂര്‍വ്വമാണ്. തീര്‍ച്ചയായും പ്രതിഷേധിക്കാമായിരുന്നു. വീഴ്ചകളില്‍നിന്നും പാഠങ്ങള്‍ പഠിച്ചില്ല. രണ്ടു സ്ട്രൈക്കര്‍മാരെ മാത്രം കളിപ്പിച്ചിരുന്ന ഗോവന്‍ കോച്ച് മിക്കപ്പോഴും റഫീക്കിനെയും, അര്‍ജുനെയും ആദ്യ ഇലവനില്‍ കളിപ്പിച്ചു. ഇവരിലൊരാള്‍ തളരുമ്പോള്‍, പരിക്കു പറ്റുമ്പോള്‍, അല്ലെങ്കില്‍ ഫോമിലല്ലാതാവുമ്പോള് മാത്രം സൗരവ് ഘോഷ്. ഏതു പ്രതിഭയും തുരുമ്പെടുക്കും, തുടര്‍ച്ചയായി കളിക്കാതിരിക്കുമ്പോള്‍.
മാറ്റം വന്നത് പിന്നീടാണ്. ഹൃദയസ്തംഭനം വന്ന് ഡിസൂസ സാര്‍ മരണപ്പെട്ട് ഒരാഴ്ച കഴിഞ്ഞ്. ആദ്യം എഗ്രിമെന്റ് ഒപ്പിട്ട അതേ റസ്റ്റോറന്റ്. സുദീപ്തയുടെ വിവാഹദിനത്തില്‍ തകര്‍ന്ന മനസ്സുമായി ആര്.കെയെ കാത്തിരിക്കുമ്പോള്‍ ഒരാള്‍ അടുത്തുവന്നു. മദ്ധ്യവയസ്കന്. ചത്ത മത്സ്യങ്ങളുടേതുപോലുള്ള കണ്ണുകള്‍. വില കുറഞ്ഞ മദ്യത്തിന്റെ ഗന്ധം.
'സൗരവ് ഘോഷ്?'
ഞാന്‍ തലയാട്ടി. അയാള്‍ മേശയ്ക്കപ്പുറം കസേര വലിച്ചിട്ടിരുന്നു. മുഷിഞ്ഞ ജുബ്ബ കാറ്റിലിളകി.
'വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ല, അല്ലേടാ കുഞ്ഞേ.'
ഞാനയാളെ അമ്പരപ്പോടെ നോക്കി. അയാള്‍ വികൃതമായി ചിരിച്ചു. പുകയിലക്കറ പറ്റിയ പല്ലുകള്‍ അറപ്പുളവാക്കി.
'നിനക്ക് സുധീര്‍ ഘോഷിന്റെ നല്ല ഛായയുണ്ട്.'
ഞാനമ്പരന്നു. അപ്പോള്‍ ഇയാള്‍ക്ക് സുധീര്ദായെ അറിയാം!
'നല്ല പ്രായം കുറച്ചേയുള്ളൂ. ഉള്ള സമയംകൊണ്ട് പത്തു പൈസയുണ്ടാക്കാന്‍ നോക്ക്. പകരക്കാരനാവാനിരുന്നാല് എന്നുമതിനേ നേരം കാണൂ. സിനിമയിലെ എക്സ്ട്രാകളുടെ വേഷംപോലെയാണത്.'
ഇയാളെന്താണ് പറയുന്നത്?
'സുധീര്‍ പാവമായിരുന്നു. മൈതാനത്തെ കളികളെക്കാള്‍ കളി സങ്കല്‍പ്പത്തില്‍ കാണുന്നവന്. ഒറ്റ കുഴപ്പമേയുള്ളൂ,' അയാള്‍ വെറ്റിലക്കറ പറ്റി വികൃതമായ പല്ലുകള്‍ പുറത്തുകാട്ടിച്ചിരിച്ചു.
'മറ്റൊന്നുമല്ല, അവന്റെ നൂറ്റിപതിനാലില്‍ എന്റെ ഗോളുകള്‍ കൂടിയുണ്ട്.'
ഞാന്‍ ചുറ്റും നോക്കി. ആരെങ്കിലും പരിചയക്കാരുണ്ടോ? അയാള്‍ ശബ്ദമുയര്‍ത്തി:
'നീയെന്താ കരുതിയത്? ഡിസൂസ നിനക്ക് സ്വര്‍ഗ്ഗം കൊണ്ടുവരുമെന്നോ? പോ, നീ വേറെ വല്ല ക്ലബ്ബിലും ചേര്‍ന്ന് രക്ഷപ്പെടാന്‍ നോക്ക്. നീ അനശ്വരനാവുമെന്ന് കരുതിയോ? ഇന്ത്യയെ മഹത്തായ വിജയങ്ങളിലേക്ക് നയിച്ച മേവലാലിനെ ജനം മറന്നു. മഗന്‍സിങ്ങിനെ, സൈലന് മന്നയെ. നാളെ ബൂട്ടിയയും വിജയനുമെല്ലാം മറവിയിലേക്ക് വീണുപോകും. പോയി ചരിത്രം വായിക്കെടാ ചെറുക്കാ. ഒറ്റമരത്തണലില്‍ നിന്ന ഒരു പുതുനാമ്പും രക്ഷപ്പെട്ടിട്ടില്ല.'
വയലന്റാവാന്‍ തുടങ്ങിയ അയാളെ അറ്റന്‍ഡര്‍മാര്‍ പിടിച്ചു മാറ്റി.
'രക്ഷപ്പെടില്ലെടാ. സുധീര്‍ ഘോഷിനെ അവര്‍ കാളിഘട്ടില്‍ ആട്ടിന്‍കുട്ടിയെ വെട്ടുംപോലെയല്ലേ വെട്ടിയത്. പോ. നീ എങ്ങോട്ടെങ്കിലും പോ. ഇല്ലെങ്കില്‍...'
മേശമേല്‍ കൈയൂന്നി എന്റെ മുഖത്തിനു നേരെ കുനിഞ്ഞുനിന്ന അയാള്‍ കിതച്ചു.
'ഇല്ലെങ്കില്‍.. ഒന്നുമുണ്ടാവില്ല ഓര്‍ത്തെടുക്കാന്‍. എല്ലാരും നിന്നെ മറക്കും. നിന്റെ പെണ്ണുപോലും.'
അതേ നേരത്ത് ആര്.കെ. കയറിവന്നു.
'പ്ഫൂ...'
ആര്.കെയുടെ മുഖത്തു തുപ്പി അയാള്‍ തിരിഞ്ഞുനിന്നു.
'അനശ്വരനായ കളിക്കാരനാവുമ്പോള്‍ എന്നെയൊന്നു കാണണേ, ഞാനിവിടെത്തന്നെയുണ്ടാവും.'
'ആരാണയാള്‍?' വാഷ്ബേസിനില്‍ മുഖത്തെ തുപ്പല് കഴുകുന്നതിനിടയില്‍ ആര്.കെയുടെ ഉച്ചത്തിലുള്ള ശബ്ദം.
'വില്‍ഫ്രഡ്. ഒരു പഴയ കളിക്കാരനാണ്. നല്ലൊരു സബ്സ്റ്റിറ്റിയൂട്ടായിരുന്നു.'
മുഖം കഴുകി ആര്.കെയും അസിസ്റ്റന്റ് കോച്ച് സദാനന്ദ് അസ്നോദ്ക്കറും ഒപ്പമിരുന്നു. കൂട്ടം കൂടിയവര്‍ ഒഴിഞ്ഞുപോയിരുന്നു.
'നാളെ കഴിഞ്ഞാണ് സെമിഫൈനല്‍. എതിര് ടീം മുംബൈ മജസ്റ്റിക്കാണ്.'
ഞാന്‍ താല്‍പ്പര്യം കാട്ടിയില്ല. കഴിഞ്ഞ നാലു കളികളായി ഞാന്‍ പുറത്തിരിക്കുന്നു. നല്ല ലീഡുള്ള സമയത്തെങ്കിലും, ഒരഞ്ചു മിനിട്ട് പകരക്കാരനായി ഇറക്കാമായിരുന്നല്ലോ.
'സെഡ്റിക് ഡിസൂസ ഇനിയില്ലല്ലോ. സദാനന്ദിനാണ് കോച്ചിന്റെ ചാര്‍ജ്. പുതിയ പരിശീലകനെ കണ്ടെത്താന്‍ സമയമെടുക്കും.'
സദുസാര് എന്തോ പറയാന്‍ ഭാവിക്കുന്നതുപോലെ... സാറിന് നേരിയ പരിഭ്രമമുണ്ടോ? എനിക്ക് തോന്നിയതാവും. ആദ്യമായല്ലേ ഒരു ടീമിന്റെ മുഴുവന്‍ ചുമതല ലഭിക്കുന്നത്? ആര്.കെ. എഴുന്നേറ്റു.
'അടുത്ത കളിയില്‍ നീ ആദ്യ പതിനൊന്നിലുണ്ടാവും. അര്‍ജുനെ നമ്മള് ഫൈനലിനായി കാത്തുവെക്കുന്നു. അങ്ങനെയൊന്ന് ഉണ്ടാവില്ലെന്നറിഞ്ഞുതന്നെ.'
എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
'അവന്റെയും കൂടെയുള്ള റഫീക്കിന്റെയും കോണ്ട്രാക്റ്റ് പുതുക്കുന്നില്ല. അനുസരണയില്ലാത്ത നായ്ക്കള്‍.'
ആര്.കെ. എഴുന്നേറ്റു.
'വാ.' ഞങ്ങള്‍ ഡാന്‍സ് ബാറിലേക്കു നടന്നു. നൃത്തംചെയ്യുന്ന നര്‍ത്തകിക്ക് സുദീപ്തയുടെ വിദൂരച്ഛായ. അവളുടെ അഴകളവുകളില്‍ ഒരു നിമിഷം കണ്ണുടക്കി. ഒപ്പം നടക്കുമ്പോള്‍ ആര്.കെ. പിറുപിറുത്തു.
'മറ്റന്നാളാണ് കളി. ലെറ്റസ് എന്ജോയ് ദ ത്രീ ഡബ്ല്യൂസ്. വെല്‍ത്ത്, വുമണ്‍ ആന്റ് വൈന്‍.'
അന്നു മുതലാണ് ഞാന്‍ തോല്ക്കാന് പഠിച്ചുതുടങ്ങിയത്.
ആരവം കേട്ട് ഞാന്‍ മുഖമുയര്‍ത്തി. സ്റ്റേഡിയം തുള്ളിക്കളിക്കുന്നു. സ്വന്തം നാട്ടുകാരായ രണ്ടുപേര്‍ ആദ്യ ഇലവനില്‍ ഇറങ്ങുന്നതിന്റെ ആഹ്ലാദം. എന്റെ മൊബൈല്‍ വിറച്ചു.
'ബി കെയര്‍ ഫുള്‍' ഷഫീക്കിന്റെ മെസ്സേജ്.
ഞാന്‍ കസേരകള്ക്കപ്പുറമുള്ള നിരയില്‍ വിനായക് ഗാവ്ലിയെ ശ്രദ്ധിച്ചു. അലക്ഷ്യഭാവത്തില്‍ തല ചെരിച്ച് ചുറ്റുവട്ടവും നോക്കി. പെനാല്‍ട്ടി ബോക്സില്‍ പന്തുമായി ഓടിക്കയറുന്ന ഫോര്‍വേഡിനെപ്പോലെ ഒരു ഷൂട്ടര്‍ക്കും പിന്നിലേക്കൊരു കണ്ണു വേണം. ടാക്കിള്‍ ചെയ്യാന്‍ വരുന്ന ഡിഫന്‍ഡറെ ഒഴിവാക്കി പന്തടിക്കാന്‍.
ഗാവ്ലി തന്റെ ബാഗ് തുറന്ന് എന്തോ പുറത്തെടുക്കുന്നു.
Content Highlights: ramesan mullasseri, shootout, football, sports thriller novel, book malayalam novel, indian players
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..