രാമനെ വനവാസത്തിനയച്ച് അട്ടിമറിയിലൂടെ നേടിക്കൊടുത്ത രാജപദവി; അപമാനിതനായ ഭരതന്‍


ഡോ. കെ.എസ് രാധാകൃഷ്ണന്‍

രാജാവ് രാമന്‍തന്നെയാണ് എന്ന് ഭരതന്‍ രാജസദസ്യരോട് സംശയത്തിനിടയില്ലാത്തവിധത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, വനവാസത്തിനുപോയ രാമന്‍ തിരിച്ചെത്തി അയോധ്യയുടെ ഭരണഭാരം ഏറ്റെടുക്കുമെന്ന് അവരാരും വിശ്വസിച്ചില്ല.

കെ.എസ്. രാധാകൃഷ്ണൻ

അമ്മ കൈകേയി രാമനെ പതിന്നാലുവര്‍ഷം വനവാസത്തിനയച്ച് അട്ടിമറിയിലൂടെ നേടിക്കൊടുത്ത രാജപദവി ഭരതന് എല്ലാതരത്തിലും അപമാനമായിരുന്നു. എല്ലാ കുലാചാരങ്ങളെയും അത് തകര്‍ത്തു. രാജ്യവാസികള്‍, അധികാരക്കൊതിയന്‍ എന്നനിലയില്‍ ഭരതനെ സംശയിച്ചു. ശൃംഗവേരപുരത്ത് ഗുഹന്റെ ആതിഥ്യം സ്വീകരിച്ച് ഉറങ്ങാതെയിരിക്കുന്ന ഭരതനെ കാട്ടുതീയില്‍ ഉള്ളെരിഞ്ഞുകൊണ്ടിരിക്കുന്ന വന്മരത്തോടാണ് വാല്മീകി ഉപമിച്ചത്. ആ ഉപമയുടെ സാരസ്യം വിശദീകരിക്കേണ്ടതുമില്ല. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'രാമായണം മനുഷ്യകഥാനുഗാനം' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരു അധ്യായമാണ് ഇത്

രതന്‍ ഭരിച്ച രാജ്യം രാമന്‍ സ്വീകരിക്കില്ല എന്ന് പരുഷവാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ദശരഥനോട് കൗസല്യ പറയുന്നുണ്ട്: അതുശരിയാണ് ഒരു രാജാവ് ഭരിച്ചുകൊണ്ടിരിക്കുന്ന രാജ്യം ആ രാജാവിനെ മാറ്റി മറ്റൊരാള്‍ എടുക്കണമെങ്കില്‍ അതിന് തക്കതായ കാരണമുണ്ടായിരിക്കണം. എന്നും എവിടെയും നടപ്പാക്കിക്കൊണ്ടിരുന്ന മാര്‍ഗം നിലവിലുള്ള രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിനുശേഷം മറ്റൊരുവന്‍ രാജാവാകുക എന്നതാണ്. ഒരു കാരണവുമില്ലാതെ ഒരാളെ രാജപദവിയില്‍നിന്ന് മാറ്റാനുമാകില്ല. അയോധ്യയിലെ രാജാവായി ഭരതന്‍ അഭിഷിക്തനായാല്‍ രാജ്യം ഭരതന്റേതായി. പതിന്നാലുവര്‍ഷം രാജ്യത്തുനിന്ന് ബഹിഷ്‌കൃതനാക്കപ്പെടുന്നവന് നിയമപ്രകാരം ആ രാജ്യത്ത് അവകാശമുണ്ടാകില്ല. പതിന്നാലുവര്‍ഷംവരെമാത്രമേ നിയമപ്രകാരം ഏതൊരുവനും ഭൂമിയില്‍ അവകാശമുള്ളൂ. അത് മനസ്സിലാക്കിത്തന്നെയാണ് പ്രാജ്ഞ മാനനീയയായ കൈകേയി പതിന്നാലുവര്‍ഷത്തെ വനവാസം എന്ന വ്യവസ്ഥ നിര്‍ദേശിച്ചത്. അതുകൊണ്ട് ഭരതന്‍ രാജാവായാല്‍ അയോധ്യയില്‍ രാമന്‍ രാജാവാകുന്ന പ്രശ്‌നമേ ഉദ്ഭവിക്കുന്നില്ല. ഭരതന്‍ ഭരിച്ചുകൊണ്ടിരിക്കുന്ന രാജ്യം ദാനമായി നല്‍കിയാല്‍ അര്‍ഥപരനല്ലാത്തതുകൊണ്ടുതന്നെ അനര്‍ഹമായ ദാനം രാമന്‍ സ്വീകരിക്കുകയുമില്ല.

കൈകേയി മുന്നോട്ടുവെച്ച വരദാനവ്യവസ്ഥപ്രകാരം നിയമവും നടപടിക്രമവും അനുസരിച്ച് ഭരതന് രാജ്യം സ്വീകരിക്കാനാകില്ല. അയോധ്യയിലെത്തിയശേഷം കൈകേയിയെ ശകാരിക്കുന്ന കൂട്ടത്തില്‍ ഇക്കാര്യം ഭരതന്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്ഷ്വാകുവംശത്തിന്റെ സുശക്തമായ നിയമവ്യവസ്ഥയും നടപടിക്രമവും കുലാചാരവും അനുസരിച്ച് നിലവിലുള്ള രാജാവിന്റെ മൂത്തമകനാണ് രാജാവാകാന്‍ യോഗ്യന്‍. ഇക്ഷ്വാകുവംശത്തിന്റെ കുലാചാരങ്ങളെ ലംഘിച്ചുകൊണ്ട് രാജാധികാരത്തിലെത്തുന്നവന്‍ കുലംകുത്തിയാകും. നിയമവും നടപടിക്രമവും രാജധര്‍മവും സമ്മതം നല്‍കാതെ രാജാവായാല്‍ അയാളെ രാജ്യത്തിന്റെ അപഹര്‍ത്താവായിട്ടേ കാണാന്‍കഴിയൂ. നിയമപ്രകാരം അര്‍ഹമല്ലാത്തത് എന്തിന്റെ പേരില്‍ സ്വീകരിച്ചാലും അത് അപഹരണമാകും. രാജ്യത്തെ വളഞ്ഞവഴിയിലൂടെ അപഹരിച്ച് രാജാവാകുന്നവന്‍ എന്ന ദുഷ്‌പേര് ഭരതന്‍ സ്വപ്നത്തില്‍പ്പോലും ആഗ്രഹിക്കുന്നില്ല. ധര്‍മനിഷ്ഠയില്‍ ഭരതന്‍ രാമനെക്കാളും ഒട്ടും പിന്നിലല്ല. ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ത് എന്ന് ഭരതന് നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് രാജാവാകണമെന്ന് വസിഷ്ഠനടക്കമുള്ളവര്‍ പറഞ്ഞപ്പോഴും ഭരതന്‍ വിസമ്മതിച്ചത്.

രാജാവ് രാമന്‍തന്നെയാണ് എന്ന് ഭരതന്‍ രാജസദസ്യരോട് സംശയത്തിനിടയില്ലാത്തവിധത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, വനവാസത്തിനുപോയ രാമന്‍ തിരിച്ചെത്തി അയോധ്യയുടെ ഭരണഭാരം ഏറ്റെടുക്കുമെന്ന് അവരാരും വിശ്വസിച്ചില്ല. ദശരഥന്‍ മരിച്ചുകഴിഞ്ഞു. രാമന്‍ ജടാവല്‍ക്കലങ്ങള്‍ ധരിച്ച് വനവാസത്തിനുപോയി. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കുകകൂടി ചെയ്തില്ലെങ്കില്‍ ഇക്ഷ്വാകുവംശപരമ്പര കാത്തുസൂക്ഷിച്ച രാജ്യം അരാജകമായിത്തീരും. ആത്മകാമയായ കൈകേയിയുടെ രാജ്യാവകാശ അട്ടിമറിശ്രമത്തിനിടയില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി ഭരതനാണ്. രാമന്റെ പട്ടാഭിഷേകം നിശ്ചയിക്കുമ്പോള്‍ ഭരതന്‍ അമ്മവീട്ടിലായിരുന്നു. അപ്പോള്‍ ഭരതന്‍ ധര്‍മനിഷ്ഠനാണെന്ന് ദശരഥന്‍ പറയുന്നുണ്ടെങ്കിലും മനുഷ്യന്റെ മനസ്സല്ലേ എന്ന സംശയം ഒരു കാരണവുമില്ലാതെ ഉന്നയിക്കുന്നുമുണ്ട്. രാമന്‍ രാജാവാകുന്നതില്‍ ഭരതന്‍ മനസ്സുമാറി എതിരാകാന്‍ ഇടയുണ്ട് എന്ന സൂചന ദശരഥന്റെ സംശയത്തില്‍ അന്തര്‍ലീനമാണ്. എന്നാല്‍, ഭരതന്റെ മനസ്സില്‍ ഒരു സന്ദര്‍ഭത്തിലും രാമനുപകരം താന്‍ രാജാവാകുന്ന അവസ്ഥ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് രാജാധികാരത്തിന്റെ നേട്ടത്തെക്കുറിച്ച് ആവേശത്തോടെ കൈകേയി പറയുമ്പോള്‍ അമ്മയുടെ ആഗ്രഹം ഒരിക്കലും നടപ്പാക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന് ഭരതന്‍ പറയുന്നത്. കൗസല്യയും ഭരതനെ തെറ്റിദ്ധരിച്ചിരുന്നു. കൈകേയിയും ഭരതനും കൈകേയിയുടെ വീട്ടുകാരുടെ അറിവോടെ നടത്തിയ ഗൂഢാലോചനയ്ക്കുശേഷമാണ് ഈ വരദാനകഥയുമായി കൈകേയി വരാന്‍ കാരണമെന്നാണ് കൗസല്യ ധരിച്ചത്. ഭരതന്‍ കൗസല്യയെ കാണാനെത്തിയപ്പോള്‍ ക്രൂരമായ വാക്കുകളാല്‍ത്തന്നെ കൗസല്യ അക്കാര്യം ഭരതനോട് പറയുകയുംചെയ്തു. രാജ്യത്തിന്റെ യഥാര്‍ഥ അധികാരിയായ രാമനെ കാട്ടിലയച്ചിട്ട് ചുളുവില്‍ രാജ്യം തട്ടിയെടുക്കുന്നവന്‍ എന്നുതന്നെയാണ് കൗസല്യ ഭരതനെ വിശേഷിപ്പിക്കുന്നതും. ഭരതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വളരെയേറെ കഷ്ടപ്പെടേണ്ടിവന്നു. ലക്ഷ്മണനും ഭരതനെ സംശയിച്ചിരുന്നു. അതുകൊണ്ടാണല്ലോ, രാമന്‍ രാജാവാകുന്നത് തടുക്കാന്‍ ഭരതന്‍ വന്നാല്‍ തനിക്ക് അവനെ നേരിടാനാകുമെന്ന് ലക്ഷ്മണന്‍ പറഞ്ഞത്. രാമനും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭരതനെ സംശയത്തില്‍ത്തന്നെയാണ് നിര്‍ത്തിയത്. താന്‍ കാട്ടില്‍ പോയതിനുശേഷം സീത രാജകൊട്ടാരത്തില്‍ തന്റെ മാതാപിതാക്കളെ പരിചരിച്ചു കഴിയുമ്പോള്‍ ഭരതന്റെ മുന്നില്‍വെച്ച് തന്നെ പ്രശംസിക്കരുതെന്ന് സീതയോട് രാമന്‍ പറയുന്നുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ മുന്നില്‍വെച്ച് അധികാരപരിധിയില്‍ ഇല്ലാത്തവരെ പ്രശംസിക്കുന്നത് അവര്‍ക്ക് രസിക്കില്ല എന്ന പൊതുതത്ത്വത്തിന്റെ പേരിലാണ് താനിതുപറയുന്നതെന്ന് രാമന്‍ വിശദീകരിക്കുകയുംചെയ്തു. എന്നാല്‍, അധികാരത്തിലേറുന്ന മറ്റുള്ളവരെപ്പോലെയായിരിക്കും ഭരതനും എന്ന് ഒരുനിമിഷം രാമനും കരുതിയിരുന്നിരിക്കാം. അല്ലെങ്കില്‍ അവ്വിധമൊരു താക്കീത് രാമന്‍ സീതയ്ക്ക് നല്‍കേണ്ടതില്ലല്ലോ.

ഭരതന്‍ ശൃംഗവേരപുരത്ത്

രാമനെ തിരികെക്കൊണ്ടുവരാനായി ഭരതന്‍ വനയാത്ര നിശ്ചയിച്ചപ്പോള്‍ ആ യാത്രാസംഘത്തില്‍ മാതാക്കള്‍ മൂവരും ബന്ധുജനങ്ങള്‍ മന്ത്രിമുഖ്യന്മാര്‍ എല്ലാവരും വസിഷ്ഠാദികളായ ഉപദേശകവൃന്ദവും അയോധ്യയിലെ പൗരജനങ്ങള്‍, ചതുരംഗപ്പട എന്നിവരെല്ലാമുണ്ടായിരുന്നു. ഇങ്ങനെ സൈന്യസമേതം ഗംഗകടന്ന് ശൃംഗവേരപുരത്ത് എത്താനായി ചെന്നപ്പോള്‍ രാമന്റെ ആത്മമിത്രമായ ഗുഹന്‍ സൈന്യസമേതനായിട്ടാണ് ഭരതനെ സ്വീകരിക്കാനും എതിര്‍ക്കാനും കാത്തുനിന്നത്. രാമനെ എതിര്‍ക്കാനാണ് ഭരതന്‍ വരുന്നതെങ്കില്‍ ഭരതനെ നശിപ്പിക്കുമെന്നും അനുകൂലിക്കാനാണെങ്കില്‍ ആഹ്ലാദപൂര്‍വം സ്വീകരിച്ച് മറുകരയെത്തിക്കുമെന്നും ഗുഹന്‍ നേരില്‍ പറയുന്നുണ്ട്. സൈന്യത്തോടുകൂടി ഭരതന്‍ യാത്രചെയ്ത് എത്തുന്നതില്‍ ഭരദ്വാജനും സംശയാലുവായിരുന്നു. ഭരദ്വാജന്‍ തന്റെ സ്വഭാവമഹിമയെ സംശയിച്ചു എന്നറിഞ്ഞതില്‍ ഭരതന് വലിയ വിഷമമുണ്ടായി. ചിത്രകൂടത്തില്‍ പര്‍ണശാലകെട്ടി രാമനും ലക്ഷ്മണനും സീതയും കഴിയുമ്പോഴാണ് സൈന്യസമേതം ഭരതന്‍ അവിടെയെത്തുന്നത്. ഭരതന്‍ തങ്ങളെ ആക്രമിക്കാന്‍ വരുകയാണെന്ന് ആ സന്ദര്‍ഭത്തില്‍ അവരും സംശയിച്ചു.

സ്വന്തം അമ്മ തന്റെ സ്വഭാവമഹിമ തിരിച്ചറിയാതെപോയതിലാണ് ഭരതന് ഏറെ ദുഃഖമുണ്ടായത്. താന്‍ സ്വപ്നത്തില്‍പ്പോലും അറിയാത്ത കാര്യത്തിന്റെ പേരില്‍ തനിക്ക് സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടിവന്നതില്‍ തീര്‍ത്താല്‍ തീരാത്ത ദുഃഖം ഭരതനുണ്ടായിരുന്നു. ഭരതന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്രയ്ക്ക് ഹീനമായ ഒരു അധികാര അട്ടിമറിക്ക് കൈകേയി മുതിരില്ല എന്നാണ് അയോധ്യയിലെ പൗരജനം ധരിച്ചത്. അതില്‍ അവരെ കുറ്റംപറയാനും പറ്റില്ല. കാരണം, ആ കുറ്റകൃത്യത്തിന്റെ മുഖ്യഗുണഭോക്താവ് ഭരതനാണ് എന്നത് അയാളെ സംശയിക്കാന്‍ മതിയായ കാരണമാണ്. ഈ ഗൂഢാലോചന വിജയപൂര്‍വം നടപ്പില്‍വരുത്തുന്നതിനുവേണ്ടിയാകണം ഭരതനെ അശ്വപതിയുടെ കൊട്ടാരത്തിലയച്ചത് എന്നുവരെ വ്യാഖ്യാനമുണ്ടായി. ഭരതന്റെ വിശ്വാസ്യതയ്ക്കും സ്വഭാവമഹിമയ്ക്കും ധര്‍മബോധത്തിനും മങ്ങലേല്പിച്ച കാര്യമാണത്. എന്തിനേറെ, ഈ ഗൂഢാലോചനയില്‍ ദശരഥനും പങ്കുണ്ടെന്ന് കൗസല്യ ആക്ഷേപിക്കുകയുണ്ടായി. കൈകേയി നടത്തിയ ഈ അട്ടിമറിശ്രമത്തില്‍ ഭരതനാണ് ഏറെ അപമാനിതനായത്.

കൈകേയിയുടെ അധികാര അട്ടിമറിശ്രമത്തില്‍ മനസാ, വാചാ, കര്‍മണാ ഭരതന് ഒരു പങ്കുമുണ്ടായിരുന്നില്ല. അക്കാര്യം മാലോകരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ഭരതന് ഒത്തിരി പണിയെടുക്കേണ്ടിവന്നു. ഭരദ്വാജമഹര്‍ഷിപോലും ഭരതനെ അക്കാര്യത്തില്‍ സംശയിച്ചു. ചതുരംഗസേനയോടൊപ്പം രാമനെത്തേടിയുള്ള വനയാത്രയ്ക്കിെട ഭരദ്വാജമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി അക്കാര്യം ഭരതനോട് ചോദിക്കുകയും ചെയ്തു. മനുഷ്യരില്‍ ശ്രേഷ്ഠനാണ് രാമന്‍ എന്ന ഉറച്ചവിശ്വാസക്കാരനായിരുന്നു ഭരതന്‍. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കണമെന്ന് വസിഷ്ഠന്‍ പറയുമ്പോള്‍, രാമന്‍ മൂന്നുലോകവും ഭരിക്കാന്‍ ശക്തനാണെന്നും അദ്ദേഹംതന്നെയാണ് രാജാവ് എന്നും ഭരതന്‍ ഉറപ്പിച്ചുപറഞ്ഞു. ലോകത്തിന്റെ ശോകമകറ്റാന്‍ കെല്‍പ്പുറ്റവനാണ് രാമന്‍. അയോധ്യയുടെ ശോകം അനായാസം അകറ്റാന്‍കഴിയുമെന്നും ഭരതന്‍ അഭിദര്‍ശിച്ചിരുന്നു. ശൃംഗവേരപുരത്ത് ഗുഹന്റെ ആതിഥ്യം സ്വീകരിച്ച് ഉറങ്ങാതിരിക്കുന്ന ഭരതനെ കാട്ടുതീയില്‍ ഉള്ളെരിഞ്ഞുകൊണ്ടിരിക്കുന്ന വന്മരത്തോടാണ് വാല്മീകി ഉപമിച്ചതും. ആ ഉപമയുടെ സാരസ്യം വിശദീകരിക്കേണ്ടതുമില്ല. ഭരതന്‍ സൈന്യസമേതം രാമാശ്രമപരിസരത്തെത്തി. ചിത്രകൂടവനത്തിന്റെ പ്രാന്തങ്ങളില്‍ സൈന്യത്തെ ഒതുക്കിനിര്‍ത്തിയിട്ടാണ് രാമന്റെ പര്‍ണശാല ലക്ഷ്യമാക്കി കാല്‍നടയായി ഭരതന്‍ നീങ്ങിയത്. സൈന്യത്തിന്റെ പെരുമ്പറനാദവും കുതിരകളുടെ കുളമ്പടിശബ്ദവും ആനയുടെ ചിന്നംവിളിയും രഥചക്രമുരുളുന്ന ശബ്ദവും കേട്ടപ്പോള്‍ കാട്ടിലെ വന്യമൃഗങ്ങള്‍ അസ്വസ്ഥരായി. ചിത്രകൂടത്തെ സൈന്യം വളഞ്ഞതായി രാമലക്ഷ്മണന്മാര്‍ക്ക് തോന്നി. ഏറ്റവും ഉയരംകൂടിയ പനയുടെ മുകളില്‍ കയറിയിരുന്ന് ലക്ഷ്മണന്‍ സൂക്ഷ്മനിരീക്ഷണം നടത്തി. ഭരതന്റെ നേതൃത്വത്തിലാണ് സൈന്യം എത്തിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു. ധര്‍മം വെടിഞ്ഞ് രാജ്യംനേടിയ ഭരതന്‍ വധ്യനാണെന്ന നിഗമനത്തില്‍ ലക്ഷ്മണന്‍ എത്തിച്ചേര്‍ന്നു. നിയമലംഘനത്തിലൂടെ രാജ്യം നേടാനായി നിരപരാധിയായ രാമനെ വനത്തിലേക്കയച്ചതിന്റെ രോഷം ലക്ഷ്മണനില്‍ അടങ്ങിയിരുന്നില്ല. അതുകൊണ്ടാകാം ഭരതന്‍ സൈന്യസമേതം വരുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ അത് തങ്ങളെ ആക്രമിക്കാനായിരിക്കുമെന്ന് ലക്ഷ്മണന്‍ കരുതിയത്. അകണ്ടകമായ രാജ്യം അധര്‍മമാര്‍ഗത്തിലൂടെ കൈയടക്കിയതിനുശേഷവും വനവാസത്തിലും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നുകരുതിയുള്ള രോഷമാണ് ഇവ്വിധമെല്ലാം ചിന്തിക്കാന്‍ ലക്ഷ്മണനെ പ്രേരിപ്പിച്ചത്. തന്റെ നേര്‍ സഹോദരനും ഭരതന്റെ ഉറ്റതോഴനുമായ ശത്രുഘ്‌നനെ ലക്ഷ്മണന്‍ ശ്രദ്ധിച്ചില്ല എന്നതും വാസ്തവം.

വിയോജിക്കുന്ന രാമന്‍

ഭരതന്‍ വധ്യനാണ് എന്ന ലക്ഷ്മണന്റെ നിഗമനത്തോട് രാമന്‍ ശക്തമായി വിയോജിച്ചു. ഭരതനെ കൊന്നുനേടുന്ന രാജ്യം വിഷംകലര്‍ന്ന ഭക്ഷണംപോലെ വര്‍ജ്യമാണെന്ന് രാമന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ആ രാജ്യം താന്‍ സ്വീകരിക്കില്ല. അധര്‍മത്തിന്റെ വഴിയിലൂടെ തനിക്കൊന്നും നേടാനില്ല. ധര്‍മത്തെക്കാള്‍ വലുതല്ല രാജ്യം. ധര്‍മം ആചരിക്കാനുള്ള ഉപാധിയാണ് രാജ്യഭാരം. മാത്രമല്ല, ഭരതനിലെ ധര്‍മബോധം അടിയുറച്ചതാണെന്നും രാമന്‍ അഭിപ്രായപ്പെട്ടു. ധര്‍മബോധത്താല്‍ പ്രചോദിതനും അധര്‍മത്തിലൂടെ രാജ്യം അപഹരിച്ചവന്‍ എന്ന ആരോപണം നേരിടുന്നവനുമായ ഭരതന്‍ രാമന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. രാമന്‍ വാത്സല്യപൂര്‍വം മടിയിലിരുത്തി അനുജനെ ആശ്വസിപ്പിച്ചു. കൊട്ടാരത്തിലെ ബന്ധുജനങ്ങളുടെ വിശേഷങ്ങളും മാതാപിതാക്കളുടെ വിവരങ്ങളും ഓരോന്നായി ചോദിച്ചതിനുശേഷം രാജ്യഭാരവിശേഷം രാമന്‍ തിരക്കി. രാജ്യഭരണത്തിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് സവിസ്തരം ചോദിച്ചു. നിരപരാധിയെ ശിക്ഷിക്കാതിരിക്കാന്‍ രാജാവ് സവിശേഷശ്രദ്ധ അര്‍പ്പിക്കണമെന്ന് രാമന്‍ ഊന്നിപറഞ്ഞു. കാരണം, ശിക്ഷിക്കപ്പെടുന്ന നിരപരാധിയുടെ കണ്ണീരില്‍ സാമ്രാജ്യങ്ങള്‍ അതിന്റെ മുഴുവന്‍ പ്രതാപത്തോടെ മുങ്ങിമരിക്കും. രാജ്യം ഭരിക്കുന്നവര്‍ എപ്പോഴും ആ അപകടം ഒഴിവാക്കണമെന്നും രാമന്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് രാജ്യഭാരത്തിലെ മര്‍മപ്രധാനമായ ഒരു കാര്യം ഭരതനോട് രാമന്‍ ചോദിച്ചത്. ചാര്‍വാകബ്രാഹ്മണരെ ആദരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. നാലുലക്ഷണങ്ങളാണ് ചാര്‍വാകന്മാരെക്കുറിച്ച് രാമന്‍ പറയുന്നത്. അവര്‍ മൂഢന്മാരാണ്. അനര്‍ഥങ്ങള്‍ ഉണ്ടാക്കാനായി കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ്. ധര്‍മശാസ്ത്രങ്ങള്‍ക്കെതിരേ കുതര്‍ക്കങ്ങള്‍ ഉന്നയിക്കുന്നവരാണ്. നിരര്‍ഥകമായ വാക്കുകള്‍ ഉപയോഗിച്ച് ജല്പനംനടത്തുന്നവരാണ്. അവ്വിധമുള്ളവരെയും രാജാവ് അനാദരിക്കരുത് എന്ന രാജനൈതികതത്ത്വമാണ് രാമന്‍ ഭരതന് പറഞ്ഞുകൊടുത്തത്. മൂഢന്‍ എന്ന വാക്കിന്റെ അര്‍ഥം വിഡ്ഢി എന്നല്ല; അനുഭവത്തില്‍നിന്ന് അതിന്റെ തത്ത്വം ഗ്രഹിക്കാന്‍ കഴിവില്ലാത്തവന്‍ എന്നാണ്. അതായത്, ആപ്പിള്‍ വീഴുന്നതുകാണുമ്പോള്‍ ഗുരുത്വാകര്‍ഷണ നിയമതത്ത്വം ഗ്രഹിക്കാന്‍ കഴിയാത്തവനാണ് മൂഢന്‍. ആ തത്ത്വം ഗ്രഹിക്കുന്നവനാണ് വിദ്വാന്‍. മൂഢന്‍ ഒരു അനുഭവം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് അന്വേഷിച്ചറിയാതെ അതിനോട് പ്രതികരിക്കും. വീഴുന്ന ആപ്പിള്‍ ഓടിച്ചെന്ന് മൂഢന്‍ എടുത്ത് ഭക്ഷിക്കുമെന്നുസാരം. ആപ്പിള്‍ ഭക്ഷിക്കാനുള്ളതുമാത്രമാണെന്ന് മൂഢന്‍ കരുതും. വീഴുന്ന ആപ്പിളിലും വീഴാതെ നില്‍ക്കുന്ന തത്ത്വം അന്തര്‍ലീനമാണെന്ന് അയാള്‍ കരുതുന്നില്ല. മൂഢന്റെ കാഴ്ച സസൂക്ഷ്മമോ സുവ്യക്തമോ ആയിരിക്കില്ല.

കാഴ്ച അവ്യക്തമാകുമ്പോള്‍ കാഴ്ചയുടെ അര്‍ഥങ്ങളെയല്ല അനര്‍ഥങ്ങളെയാകും മൂഢന്‍ മനസ്സിലാക്കുക. സ്വാഭാവികമായും അയാളുടെ വാക്കുകള്‍ സത്യത്തെ വെളിവാക്കാതെ അസത്യത്തെ പ്രകീര്‍ത്തിക്കും. അസത്യപ്രകീര്‍ത്തനമാണ് കുത്തിത്തിരിപ്പുണ്ടാക്കുന്നത്. അത് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കും. സ്വാഭാവികമായും ഇക്കൂട്ടര്‍ രാജ്യത്ത് നിലവിലുള്ള ധര്‍മശാസ്ത്രങ്ങള്‍ക്കെതിരേ കുതര്‍ക്കങ്ങള്‍ ഉന്നയിക്കും. കുതര്‍ക്കികള്‍ അര്‍ഥശൂന്യമായ വാക്കുകള്‍ ഉപയോഗിച്ച് ജല്പനം നടത്തും. ഇതിന്റെ ഫലം സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കും. രാജ്യത്ത് അസ്വസ്ഥതയും അനൈക്യവും ഉണ്ടാകുകയും ചെയ്യും. ഈ സ്വഭാവമുള്ളവരെയാണ് ലോകായതന്മാര്‍ അല്ലെങ്കില്‍ ചാര്‍വാകന്മാര്‍ എന്നുപറയുന്നത്. ഇത്തരക്കാര്‍ ഏതുരാജ്യത്തും ഏതുകാലത്തും ഉണ്ടാകും. അവര്‍ സമൂഹത്തില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അവര്‍ നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കാമെന്നല്ലാതെ അവരെ അക്കാര്യംകൊണ്ട് രാജാവ് അനാദരിക്കരുത് എന്ന് രാമന്‍ ഭരതനെ ഓര്‍മപ്പെടുത്തി.

പുസ്തകം വാങ്ങാം

വിയോജിപ്പുകളോട് സഹിഷ്ണുതകാണിക്കാന്‍ ഭരണാധികാരികള്‍ക്കുള്ള സാധ്യതയാണ് രാമന്‍ ഇവിടെ വിശദീകരിക്കുന്നത്. ഏകശിലാശാഠ്യങ്ങള്‍ വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല. താനും തന്റെ ജീവിതരീതിയും മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്നും കരുതുന്ന ഒരാള്‍ക്കും വിയോജിപ്പുകളുമായി സംവദിക്കാനാകില്ല. ഒന്നുമാത്രം ശരിയെന്നുകരുതുന്ന ആശയസംഹിതകള്‍ അസഹിഷ്ണുത പരത്തുന്നതിന്റെ കാരണമിതാണ്. ഒരേയൊരു ദൈവം, ഒരേയൊരു മതഗ്രന്ഥം, ഒരേയൊരു ജീവിതരീതി എന്ന വിശ്വാസം ആരു വെച്ചുപുലര്‍ത്തിയാലും അയാള്‍ക്ക് വൈവിധ്യങ്ങളെ അംഗീകരിക്കാനാകില്ല. അത്തരം വിശ്വാസമുള്ള രാജാവ് വിയോജിക്കുന്നവരെ വകവരുത്തും. രാജാവ് അത്തരം ഏകശിലാശാഠ്യമുള്ള ആളാകരുതെന്നും വൈവിധ്യങ്ങളോട് സഹിഷ്ണുതപുലര്‍ത്താന്‍ രാജാവിന് കഴിയണമെന്നുള്ള സന്ദേശവും ഈ രാജനീതിയില്‍ അന്തര്‍ലീനമാണ്. വൈവിധ്യങ്ങളോട് സമഭാവന പുലര്‍ത്തുകയും വിയോജിപ്പുകളോട് സംവദിക്കുകയുംചെയ്യുക എന്നതാണ് സമത്വത്തിന്റെയും ജനാധിപത്യബോധത്തിന്റെയും ആണിക്കല്ല്. ഈ കാഴ്ചപ്പാടാണ് ജനാധിപത്യബോധത്തിന്റെയും സംസ്‌കാരത്തിന്റെയും ഊര്‍ജസ്രോതസ്സ്. അതുകൊണ്ട് അടിസ്ഥാനതത്ത്വങ്ങളുടെ ആഖ്യാനഗ്രന്ഥം എന്നനിലയിലും രാമായണം പ്രസക്തമാണ് എന്നുപറയാവുന്നതാണ്. ഇന്ത്യന്‍ സംസ്‌കാരം സഹിഷ്ണുതയ്ക്ക് പേരുകേട്ടതാണ് എന്ന് പ്രശംസിക്കപ്പെടാറുണ്ട്. ആ പ്രശംസയ്ക്ക് നമ്മെ അര്‍ഹരാക്കിയതും രാമായണംതന്നെയാണ്.

വിയോജിപ്പുകളോട് സഹിഷ്ണുതകാണിക്കാന്‍ ഭരണാധികാരികള്‍ക്കുള്ള സാധ്യതയാണ് രാമന്‍ ഇവിടെ വിശദീകരിക്കുന്നത്. ഏകശിലാശാഠ്യങ്ങള്‍ വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല. താനും തന്റെ ജീവിതരീതിയും മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം തെറ്റാണെന്നും കരുതുന്ന ഒരാള്‍ക്കും വിയോജിപ്പുകളുമായി സംവദിക്കാനാകില്ല. ഒന്നുമാത്രം ശരിയെന്നുകരുതുന്ന ആശയസംഹിതകള്‍ അസഹിഷ്ണുത പരത്തുന്നതിന്റെ കാരണമിതാണ്

Content Highlights: ramayanam ks radhakrishnan mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented