വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയരായ മൂന്ന് ഇന്ത്യക്കാരാണ് മേയ്മാസത്തിലെ ഒറ്റയാഴ്ചയ്ക്കുള്ളില്‍ നമ്മളെ വിട്ടുപിരിഞ്ഞത്. മഹാത്മാഗാന്ധിയാല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടവര്‍ എന്നതാണ് മൂവരുടെയും സമാനത. വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലിരുന്ന് ഗാന്ധിസത്തെ പലരീതിയില്‍ പ്രകാശിപ്പിച്ചവര്‍. ഒരാളുടെ പ്രായം എണ്‍പതിനു മുകളില്‍, അടുത്തയാള്‍ തൊണ്ണൂറുകളില്‍, മൂന്നാമനാകട്ടെ ഭൂമിയില്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ചയാളും. അതുകൊണ്ടുതന്നെ ആ മരണങ്ങളില്‍ വിലപിക്കുന്നതോടൊപ്പംതന്നെ അവരുടെ ജീവിതങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുമുണ്ട്.

ഈ ഗാന്ധിയന്‍മാരില്‍ ആദ്യം യാത്രയായത് ഉത്തരാഖണ്ഡിലെ സുന്ദര്‍ലാല്‍ ബഹുഗുണയാണ്. 1973-ല്‍ അളകനന്ദ താഴ്വരയില്‍ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുന്‍പേതന്നെ സാമൂഹികസേവനത്തിന്റെ ഏതാനും ദശാബ്ദങ്ങള്‍ അദ്ദേഹം പിന്നിട്ടിരുന്നു. പ്രസ്ഥാനത്തിന്റെ മുഖ്യസഞ്ചാലക് (ചീഫ് ഓര്‍ഗനൈസര്‍) എന്നു ബഹുഗുണ വിശേഷിപ്പിക്കുന്ന ചണ്ഡീപ്രസാദ് ഭട്ട് ആണ് ചിപ്കോ പ്രതിഷേധങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ചമോലി ജില്ലയിലെ സ്ത്രീപുരുഷരുടെ സമരമാര്‍ഗങ്ങളില്‍ പ്രചോദിതനായാണ് ബഹുഗുണ ചിപ്കോ ആശയത്തെ ഗംഗയുടെ മറ്റൊരു പ്രധാന ശാഖയായ ഭാഗീരഥി നദിയുടെ താഴ്വരയിലെ സ്വന്തം തട്ടകത്തില്‍ കൊണ്ടുവന്നത്. ഇവിടെയദ്ദേഹം ഹരിതവനനശീകരണത്തിനെതിരേ പ്രക്ഷോഭങ്ങളും നീണ്ട ഉപവാസസമരങ്ങളും സംഘടിപ്പിച്ചു.

സുന്ദര്‍ലാല്‍ജിയെ ഞാനാദ്യം കാണുന്നത് 1981-ല്‍ കൊല്‍ക്കത്തയില്‍വെച്ചായിരുന്നു. അന്ന് ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ചുള്ള എന്റെ ഗവേഷണപഠനങ്ങള്‍ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. ഇക്കാര്യം സംസാരിക്കാനാണ് അദ്ദേഹം വന്നതും. മതിപ്പുളവാക്കുംവിധം ഹൃദയഹാരിയായി സംസാരിക്കുന്ന അദ്ദേഹം ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അയത്‌നലളിതമായി സഞ്ചരിച്ചു (മാതൃഭാഷയായ ഗഢ്വാലിയില്‍ ഇതു കൂടുതല്‍ അനായാസവും ഹൃദ്യവുമായിരുന്നെന്നതില്‍ സംശയമില്ലെങ്കില്‍ക്കൂടി). അദ്ദേഹത്തോടൊപ്പം സമരത്തില്‍ പങ്കെടുത്ത കര്‍ഷകസ്ത്രീകളെ ഗവേഷണത്തിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനിടെ രണ്ടുവര്‍ഷങ്ങള്‍ ക്കുശേഷം ബദ്യാര്‍ താഴ്വരയില്‍വെച്ച് ഞാന്‍ അഭിമുഖം നടത്തി. ഗവേഷണത്തിനിടയില്‍ത്തന്നെ ചണ്ഡീപ്രസാദ് ഭട്ടിന്റെയും സുന്ദര്‍ലാല്‍ ബഹുഗുണയുടെയും ആരാധകനായി മാറിയിരുന്നു ഞാന്‍. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരും അക്കാദമികവിദഗ്ധരും ഇവരില്‍ ഒരാളെയല്ലെങ്കില്‍ മറ്റെയാളെ, ചിപ്കോ പ്രസ്ഥാനത്തിന്റെ യഥാര്‍ഥനേതാവാക്കി ഉയര്‍ത്തിക്കാണിക്കാന്‍ തിടുക്കം കാണിച്ചപ്പോഴും രണ്ടുപേരും പ്രസ്ഥാനത്തില്‍ നിര്‍ണായകസ്ഥാനം വഹിച്ചുവെന്നതാണ് വാസ്തവം. ഇരുവരുടെയും രീതികള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും  അനുപൂരകങ്ങളായിരുന്നു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഇരുവരുടെയും രീതികള്‍ വ്യത്യസ്തമായിരുന്നുവെങ്കിലും  അനുപൂരകങ്ങളായിരുന്നു.1970-ലെ പ്രക്ഷോഭങ്ങള്‍ക്കുശേഷം ഉത്തരാഖണ്ഡില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മരംമുറിക്കലില്‍ ഗണ്യമായ കുറവുണ്ടായി. ബഹുഗുണ ഹിമാലയന്‍ പ്രദേശങ്ങളിലുടനീളം ചിപ്കോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ താഴെത്തട്ടിലുള്ള പുനര്‍നിര്‍മാണത്തിലാണ് ഭട്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്. വനംവകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരുടെ മരംവെട്ടിക്കൊള്ള -ഒരു ചിപ്കോ പ്രവര്‍ത്തകന്‍ എന്നോടു പറഞ്ഞതുപോലെ 'അന്ധാ ധുന്‍ കട്ടായ്' (കണ്ണില്‍ച്ചോരയില്ലാത്ത വെട്ടിനിരത്തല്‍)- മൂലം തരിശായ ഉത്തരാഖണ്ഡിന്റെ മലയോരപ്രദേശങ്ങളെ സ്ത്രീകളെയും കുട്ടികളെയും അണിചേര്‍ത്ത് പുനരുദ്ധരിക്കുന്നതില്‍ ഭട്ട് വിജയിക്കുകയുംചെയ്തു. ഒട്ടേറെ ഇന്ത്യന്‍ യുവാക്കള്‍ക്ക് സേവനസന്നദ്ധമായ ജീവിതം തിരഞ്ഞെടുക്കാന്‍ ഭട്ടും ബഹുഗുണയും പ്രചോദനം നല്‍കി.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha column Mathrubhumi weekly Sunderlal Bahuguna