ധുനിക ബംഗാള്‍ കണ്ട ഏറ്റവും വലിയ രണ്ട് മഹാന്മാരായിരുന്നു സ്വാമി വിവേകാനന്ദനും രബീന്ദ്രനാഥ ടാഗോറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വന്തം സംസ്ഥാനത്തെയും രാജ്യത്തെയും ലോകത്തെയും അതിഗംഭീരമായി സ്വാധീനിച്ച വ്യക്തികളായിരുന്നു ഇരുവരും. ആ സ്വാധീനം ഇന്നും നിലനില്‍ക്കുന്നുമുണ്ട്. ഏതാണ്ട് സമകാലികരായിരുന്ന ടാഗോറും വിവേകാനന്ദനും കൊല്‍ക്കത്തയിലാണ് ജീവിച്ചിരുന്നത്. മറ്റെയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ഒരുതവണ മാത്രമേ ഇരുവരും തമ്മില്‍ കണ്ടുള്ളൂ. 1899-ല്‍ അമേരിക്കന്‍ കോണ്‍സല്‍ ജനറലിന്റെ പത്‌നി ഒരുക്കിയ ചായസത്കാരത്തിനിടെയായിരുന്നു ആ കൂടിക്കാഴ്ച.

വിവേകാനന്ദനും ടാഗോറുമായി സുഹൃദ്ബന്ധം സൂക്ഷിച്ച ശ്രദ്ധേയനായ ഒരു സ്‌കോട്ടിഷുകാരനെയാണ് ഈ കോളത്തിലൂടെ പരിചയപ്പെടുത്തുന്നത്. പാട്രിക് ഗെഡെസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ലോകമെങ്ങുമുള്ള പാരിസ്ഥിതിക, നഗരാസൂത്രണ വൃത്തങ്ങളില്‍ ആ പേര് സുപരിചിതമാണെങ്കിലും വിദ്യാസമ്പന്നരായ ബംഗാളികള്‍പോലും അത് കേള്‍ക്കാനിടയില്ല. ഈ മനുഷ്യനെയാണ് ''ശാസ്ത്രജ്ഞന്റെ കൃത്യതയും പ്രവാചകന്റെ ദര്‍ശനവും ആശയങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കാന്‍ കലാകാരന്റെ ശക്തിയുമുള്ള'' വ്യക്തി എന്ന് ടാഗോര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.

ചരിത്രകാരന്‍ മര്‍ഡോ മക്ഡൊണാള്‍ഡിന്റെ 'Patrick Geddes's Intellectual Origins' (പ്രസാ: എഡിന്‍ബറ യൂണിവേഴ്സിറ്റി പ്രസ്) എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ ടാഗോറിന്റെ ഈ വാക്കുകളുണ്ട്. വിജ്ഞാനത്തോടുള്ള ഗെഡെസിന്റെ ബഹുതല കാഴ്ചപ്പാടില്‍ ഊന്നല്‍നല്‍കിക്കൊണ്ടാണ് മക്ഡൊണാള്‍ഡ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഗെഡെസ് ഒരേസമയം സസ്യശാസ്ത്രജ്ഞനും പരിസ്ഥിതിശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനുമായിരുന്നു. ഈ മേഖലകളിലെയെല്ലാം വിജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ട് നഗരാസൂത്രണരംഗത്തും അദ്ദേഹം ശോഭിച്ചു. പല ശാസ്ത്രജ്ഞരില്‍നിന്ന് വിഭിന്നമായി (സാമൂഹ്യശാസ്ത്രജ്ഞരില്‍നിന്നും) ശക്തമായ ദൃശ്യഭാവനാശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു.

1900-ന്റെ തുടക്കത്തില്‍ അമേരിക്കയില്‍വെച്ചാണ് പാട്രിക് ഗെഡെസ് സ്വാമി വിവേകാനന്ദനെ ആദ്യമായി കാണുന്നത്. അമേരിക്കയിലൂടെ പ്രഭാഷണപരമ്പരകളുമായി സഞ്ചരിക്കുകയായിരുന്നു ഇരുവരും. അതേവര്‍ഷം വേനല്‍ക്കാലത്ത് പാരീസില്‍വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. ഫ്രഞ്ച് തലസ്ഥാനത്ത് ആ വര്‍ഷം നടന്ന അന്താരാഷ്ട്ര പ്രദര്‍ശനവേദിയില്‍ ഗെഡെസിന് ഒരു സ്റ്റാളുണ്ടായിരുന്നു. വിവേകാനന്ദന്റെ യാത്രകളില്‍ ശിഷ്യ സിസ്റ്റര്‍ നിവേദിതയും ഒപ്പമുണ്ടാവും. കുറച്ചുകാലത്തിനുള്ളില്‍ വിവേകാനന്ദന്‍ മരണപ്പെട്ടെങ്കിലും നിവേദിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചു ഗെഡെസ്. സ്‌കോട്ടിഷുകാരനും ഐറിഷുകാരിയും അങ്ങനെ വലിയ സുഹൃത്തുക്കളായി. ശ്രീരാമകൃഷ്ണന്റെ വചനങ്ങളിലൂടെ നിവേദിത ഗെഡെസിന് ഇന്ത്യന്‍ ആധ്യാത്മികത പരിചയപ്പെടുത്തി. ഫ്രഞ്ച് പണ്ഡിതന്‍ ഫ്രെഡറിക് ലെ പ്ലെയുടെ രചനകളിലൂടെ നിവേദിതയ്ക്ക് മാനുഷിക ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകള്‍ ഗെഡെസ് പകര്‍ന്നു. 'യൂറോപ്പിനെ മനസ്സിലാക്കാന്‍ പഠിപ്പിച്ച' ഗെഡെസിനാണ് 'ദി വെബ് ഓഫ് ഇന്ത്യന്‍ ലൈഫ്' എന്ന തന്റെ പുസ്തകം നിവേദിത സമര്‍പ്പിച്ചിരിക്കുന്നത്.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഇന്ത്യയില്‍ തുടങ്ങാനുദ്ദേശിക്കുന്ന സര്‍വകലാശാലയെക്കുറിച്ച് 1903-ല്‍ സിസ്റ്റര്‍ നിവേദിത പാട്രിക് ഗെഡെസിനെഴുതി. ഇന്ത്യയുടെ ശാസ്ത്രപുരോഗതിക്കായി മുതല്‍മുടക്കണമെന്ന സ്വാമി വിവേകാനന്ദന്റെ ഉപദേശം സ്വീകരിച്ച് ജംഷേദ്ജി ടാറ്റ എന്ന വ്യവസായി സര്‍വകലാശാലയ്ക്കുള്ള ഫണ്ട് നല്‍കാമെന്നേറ്റിട്ടുണ്ട്. വിവേകാനന്ദന്‍ ഇപ്പോള്‍ ജീവനോടെയില്ല. അതിനാല്‍ പുതിയ സര്‍വകലാശാലയുടെ ഘടനയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് പ്രൊഫസര്‍കൂടിയായ ഗെഡെസിനോട് നിവേദിത അഭ്യര്‍ഥിച്ചു. മറുപടിയായി കത്തുകളുടെ പ്രവാഹംതന്നെയാണ് ഗെഡെസിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂറോപ്പിലെയും അമേരിക്കയിലെയും മധ്യകാല, ആധുനിക സര്‍വകലാശാലകളുടെ വിശദമായ ചിത്രം സമ്മാനിച്ച ഗെഡെസിന്റെ കത്തുകളില്‍ അവിടത്തെ പഠനസമ്പ്രദായത്തെക്കുറിച്ചും ഇന്ത്യയിലൊരു സര്‍വകലാശാല തുടങ്ങുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ വിശദമായ വിവരങ്ങളുണ്ടായിരുന്നു.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha Column Mathrubhumi weekly