ഒരു വര്‍ഷം മുന്‍പ്, 2020 ജനുവരി മൂന്നാം വാരത്തില്‍ ന്യൂഡല്‍ഹിയിലായിരുന്നു ഞാന്‍. അവിടത്തെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ (എന്‍.എം.എം.എല്‍.) നിന്ന് ചില വിവരങ്ങള്‍ ശേഖരിക്കാനാണ് പോയത്. എന്‍.എം.എം.എല്ലിലെ പുരാരേഖാസമ്പത്തിനെക്കുറിച്ച് 1980-കളുടെ തുടക്കത്തിലാണ് എനിക്ക് അറിവ് ലഭിച്ചത്. 1988 മുതല്‍ 1994 വരെ ഡല്‍ഹിയില്‍ ജീവിച്ച കാലത്ത് ആ രേഖകള്‍ ഏതാണ്ട് പൂര്‍ണമായി പരിശോധിക്കാനും സാധിച്ചു. ആ വര്‍ഷങ്ങളില്‍ ഓരോ ആഴ്ചയിലും കുറേ ദിവസങ്ങള്‍ എന്‍.എം.എം.എല്ലില്‍ ചെലവഴിക്കുമായിരുന്നു. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ അതികായരുടെയും ചെറിയ മനുഷ്യരുടെയും സ്വകാര്യ കത്തിടപാടുകള്‍ വായിച്ചും പഴയ കാലത്തെ ദിനപത്രങ്ങള്‍ ആഴത്തില്‍ വിശകലനംചെയ്തുമാണ് ഞാന്‍ സമയം ചെലവിട്ടത്.
1994-ല്‍ ബെംഗളൂരുവിലേക്ക് താമസം മാറ്റിയതോടെ ദിവസേനയുള്ള എന്‍.എം.എം.എല്‍. സന്ദര്‍ശനം മുടങ്ങി. അതിനുപകരം വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ ഡല്‍ഹിയിലേക്ക് യാത്രചെയ്തു. ഡല്‍ഹിയിലെ കൊടും ചൂടും മഴക്കാലവും ഒഴിവാക്കാന്‍ ജനുവരി, ഏപ്രില്‍, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് അങ്ങോട്ട് പോവുക. എന്‍.എം.എം.എല്ലില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്തിലുള്ള ഏതെങ്കിലും ഗസ്റ്റ് ഹൗസില്‍ പത്തുദിവസത്തേക്ക് മുറിയെടുക്കും. കൈയെഴുത്തുപ്രതികള്‍ സൂക്ഷിച്ചിട്ടുള്ള വിഭാഗം രാവിലെ ഒമ്പത് മണിക്ക് തുറക്കുമ്പോള്‍ത്തന്നെ ഞാനവിടെ ഹാജരുണ്ടാകും. ജനലിനടുത്തുള്ള കസേരയില്‍ സ്ഥാനം പിടിച്ചുകൊണ്ട് ആവശ്യമായ ഫയലുകള്‍ വരുത്തിക്കും. വൈകീട്ട് അഞ്ചുവരെയിരുന്ന് ആവശ്യമുള്ള കുറിപ്പുകള്‍ എഴുതിയെടുക്കും. ഉച്ചഭക്ഷണത്തിനും രണ്ടുനേരത്തെ ചായയ്ക്കും മാത്രമേ ഇടവേളയെടുക്കാറുള്ളൂ. പിറ്റേദിവസവും വന്ന് ഇതുതന്നെയാവര്‍ത്തിക്കും.
ലോകമെമ്പാടുമുള്ള നിരവധി ആര്‍ക്കൈവ്സുകളില്‍ പോയി വിവരങ്ങള്‍ സമാഹരിച്ചിട്ടുണ്ട് ഞാന്‍. പക്ഷേ, എന്‍.എം.എം.എല്‍. ആണ് ഗവേഷണത്തിന് എനിക്കേറ്റവും പ്രിയപ്പെട്ട ഇടം. അതിന് പലകാരണങ്ങളുണ്ട്. മനോഹരമായ തീന്‍മൂര്‍ത്തിഭവന് പിന്നിലായി ഒരുപാട് പക്ഷികളും വലിയ വൃക്ഷങ്ങളുമൊക്കെയുള്ള കാമ്പസ്, നമ്മുടെ ചരിത്രത്തിലെ സമസ്ത മേഖലകളില്‍നിന്നുമുള്ള പ്രാഥമിക വിവരങ്ങളുടെ വന്‍ ശേഖരം, കഴിവും സഹായമനഃസ്ഥിതിയുമുള്ള ജീവനക്കാര്‍, അവിടെ വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന മറ്റ് ഗവേഷകരുമായുള്ള കൂടിക്കാഴ്ചകള്‍... ഇതൊക്കെയാണ് എന്നെ എന്‍.എം.എം.എല്ലിന്റെ ആരാധകനാക്കുന്നത്.
കാല്‍ നൂറ്റാണ്ടിനുള്ളില്‍ ചരിത്രഗവേഷകരുടെ ഈ പുണ്യകേന്ദ്രത്തിലേക്ക് ഓരോ വര്‍ഷവും അഞ്ചോ ആറോ തവണ ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഞാനവിടെയുണ്ടായിരുന്നപ്പോള്‍ ആ വര്‍ഷവും അതിന് മാറ്റമൊന്നുമുണ്ടാകും എന്ന് കരുതിയതേയില്ല. പക്ഷേ, മഹാവ്യാധി പടര്‍ന്നുപിടിച്ചതോടെ തുടര്‍ന്നുള്ള മാസങ്ങള്‍ തെക്കേഇന്ത്യയില്‍ത്തന്നെ തളച്ചിടപ്പെട്ടു ഞാന്‍. എങ്ങനെയെങ്കിലും ഡല്‍ഹിയിലേക്ക് വിമാനം പിടിച്ചു വന്നാല്‍പ്പോലും പൂട്ടിയിട്ട എന്‍.എം.എം.എല്‍. ആയിരിക്കും കാണേണ്ടിവരുക എന്നും അറിയാമായിരുന്നു.
എന്നിരുന്നാലും 2020-ന്റെ ബാക്കിയുള്ള മാസങ്ങളില്‍ കൂട്ടായത് എന്‍.എം.എം.എല്‍. തന്നെയാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വിദേശികളെക്കുറിച്ചുള്ള പുസ്തകത്തിന്റെ ജോലികളിലായിരുന്നു ഞാന്‍. എന്‍.എം.എം.എല്ലില്‍ മുന്‍പ് നടത്തിയ ഗവേഷണത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എഴുത്ത് മുന്നോട്ടുപോയത്. എന്നെപ്പോലെത്തന്നെ എന്‍.എം.എം.എല്ലിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കപ്പെട്ട ചില യുവ ഗവേഷകരുടെ കൈയെഴുത്തുപ്രതികളും കഴിഞ്ഞ വര്‍ഷം വായിച്ചു. സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിനെക്കുറിച്ച് രാഹുല്‍ രാമഗുണ്ഡം എഴുതിയ ജീവചരിത്രത്തിലെയും ബി.ജെ.പി. നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെപ്പറ്റി അഭിഷേക് ചൗധരി എഴുതിയ ജീവചരിത്രത്തിലെയും അധ്യായങ്ങളാണ് 2020-ലെ വേനല്‍ക്കാലത്തും ശരത്കാലത്തും വായിച്ചത്. ഇതിനുപുറമേ ജയപ്രകാശ് നാരായണനെക്കുറിച്ച് പുതിയൊരു പുസ്തകമെഴുതുന്ന അക്ഷയ മുകുലുമായി ദീര്‍ഘസംഭാഷണങ്ങളും നടത്തി.

ഈ മൂന്ന് പുസ്തകങ്ങള്‍ക്കും പൊതുവായുള്ള നാല് കാര്യങ്ങളുണ്ട്. ഒന്ന്: പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ വ്യക്തികളെക്കുറിച്ചുള്ള ഏറ്റവും പ്രാധാന്യമേറിയതും ശ്രദ്ധിക്കപ്പെടുന്നതുമായ ജീവചരിത്രങ്ങളായി അവ മാറും. രണ്ട്: പ്രധാനപ്പെട്ട (വിവാദമേറിയതും) ചരിത്രപുരുഷന്‍മാരുടേതായതിനാല്‍ ഈ പുസ്തകങ്ങള്‍ നന്നായി വായിക്കപ്പെടും. മൂന്ന്: ഈ ജീവചരിത്രങ്ങളിലെ നായകന്‍മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതിന്റെ സമുന്നത നേതാവ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും തികഞ്ഞ വൈരികളായിരുന്നു. നാല്: തങ്ങളുടെ പൊതുവായ രാഷ്ട്രീയ എതിരാളിയുടെ പേരില്‍ പണികഴിപ്പിച്ച ആര്‍ക്കൈവ്സിലെ സമ്പന്നവും അപൂര്‍വവുമായ രേഖകളുടെ സഹായമില്ലെങ്കില്‍ ഈ പുസ്തകങ്ങളിലൊന്നുപോലും പുറത്തിറങ്ങുമായിരുന്നില്ല.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം
Content Highlights: Ramachandra Guha Column Mathrubhumi weekly Nehru Memorial Museum & Library