Photo: AFP
2016 മുതല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ജനാധിപത്യത്തെ നയിച്ചത് ഒരു മൈതാനപ്രസംഗകനായിരുന്നുവെന്ന് നമ്മള്‍ കണ്ടു. 2017 മുതല്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യത്തിലും ഇതുതന്നെയാണ് നടന്നത്. ഇനി നമുക്ക് ലോകത്തെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ ജനാധിപത്യത്തിലെ കാര്യങ്ങള്‍ പരിശോധിക്കാം; നമ്മുടെ നാട്ടിലേത്. ട്രംപിനും രണ്ടരവര്‍ഷം മുന്‍പാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്, ബോറിസ് ജോണ്‍സണെക്കാള്‍ അഞ്ചുവര്‍ഷം മുന്‍പ്. ഇവരെപ്പോലെ ജനവികാരമിളക്കുന്ന നേതാവാണ് മോദിയും. പാര്‍ട്ടിയെക്കാളും സര്‍ക്കാരിനെക്കാളും വലുതാണ് താനെന്ന് മോദിയും വിശ്വസിക്കുന്നുണ്ട്. സ്വന്തം അധികാരം അരക്കിട്ടുറപ്പിക്കാനായി കാപട്യവും കളവുമൊക്കെ പ്രയോഗിക്കാന്‍ അദ്ദേഹത്തിന് മടിയുമില്ല.
ട്രംപിനോടും ജോണ്‍സണോടും മോദി തുല്യനാണെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്. പക്ഷേ, അതിലേറെ കാരണങ്ങള്‍കൊണ്ട് അദ്ദേഹം അവരില്‍നിന്ന് വ്യത്യസ്തനുമാണ്. മുഴുവന്‍സമയ രാഷ്ട്രീയക്കാരന്‍ എന്നനിലയ്ക്ക് രണ്ടുപേരെക്കാളും ഏറെക്കാലത്തെ മുന്‍പരിചയമുണ്ട് മോദിക്ക്. അതുകൊണ്ടുതന്നെ പൊതുസ്ഥാപനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചുള്ള അനുഭവസമ്പത്തുമേറെ. ട്രംപിനും ജോണ്‍സണും സ്വന്തം ആശയസംഹിതകളോടുള്ള കടപ്പാടിനെക്കാള്‍ എത്രയോ അധികം പ്രതിബദ്ധത മോദിക്ക് സ്വന്തം രാഷ്ട്രീയത്തോടുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. വെള്ളക്കാരുടെ ആധിപത്യത്തോട് ട്രംപിനും വിദേശികളോട് വെറുപ്പുകാട്ടുന്ന ഇംഗ്ലണ്ടിസം എന്ന ആശയത്തോട് ജോണ്‍സണുമുള്ള അടുപ്പത്തെക്കാള്‍ എത്രയോ മടങ്ങ് അധികമാണ് ഹിന്ദുഭൂരിപക്ഷവാദം എന്ന ആശയത്തോട് മോദിക്കുള്ള ഇഷ്ടം. മൂന്നാമത്തേതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന സുസജ്ജമായ സംഘടനാസംവിധാനം മോദിക്കുണ്ട്. അമേരിക്കയിലെയോ ബ്രിട്ടനിലെയോ ഒരു വലതുപക്ഷസംഘടനയ്ക്കും ആര്‍.എസ്.എസ്സിനോളം കരുത്തില്ല.
അധികാരവുമായുള്ള തന്റെ ബന്ധം തുടരുന്ന കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിനെക്കാളും ബോറിസ് ജോണ്‍സണെക്കാളും ഭാഗ്യശാലിയാണ് നരേന്ദ്ര മോദി. ഒരു പ്രതീക്ഷയുമില്ലാത്ത പ്രതിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ഭാഗ്യം കിടക്കുന്നത്. ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തിയതിനെക്കാള്‍ പ്രയാസമാണ് ജോ ബൈഡനെ തോല്‍പ്പിക്കാനെന്ന് ട്രംപ് ഇപ്പോള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ജെറമി കോര്‍ബിനെക്കാള്‍ കടുത്ത എതിരാളിയാണ് ബോറിസ് ജോണ്‍സണ് കെയ്ര്‍ സ്റ്റാര്‍മര്‍. പക്ഷേ, 2014-ലും 2019-ലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയശേഷവും രാഹുല്‍ ഗാന്ധിയെത്തന്നെയാണ് 2024-ലും കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്നത്. സ്വജനപക്ഷപാതത്തിന്റെയും കഴിവില്ലായ്മയുടെയും പ്രതീകമായിമാറിയ രാഹുലിന് 2019 തിരഞ്ഞെടുപ്പില്‍ കുടുംബമണ്ഡലമായ അമേഠിപോലും നിലനിര്‍ത്താന്‍ സാധിച്ചില്ല എന്നകാര്യമോര്‍ക്കുക.
പ്രസംഗങ്ങളിലൂടെ വികാരങ്ങളിളക്കിവിട്ട് ജനങ്ങളെ മുതലെടുക്കുന്ന ഏതൊരു നേതാവും ജനാധിപത്യത്തിന് ദോഷംചെയ്യും. എന്നാല്‍, ചിലര്‍ ചെയ്യുന്ന ദോഷം മറ്റുള്ളവരെക്കാള്‍ അധികമായിരിക്കും. ഈമാസം ട്രംപ് തോറ്റാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്ക അയാളുടെ കൊള്ളയടിക്കലില്‍നിന്ന് മോചിതരാകും. ഇംഗ്ലണ്ടാകട്ടെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പുതന്നെ ലോകത്തിനുമുന്‍പില്‍ ചെറുതായിത്തുടങ്ങിയിരുന്നു. അതിനാല്‍ ആ രാജ്യത്തിന്റെ ഗതിവിഗതികളില്‍ വലിയപങ്കൊന്നും ജോണ്‍സണ് വഹിക്കാനില്ല. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന് നരേന്ദ്ര മോദി വരുത്തിവെച്ചതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ തകര്‍ച്ചയ്ക്ക് ആഴമേറെയാണ്. പതിറ്റാണ്ടുകള്‍കൊണ്ടേ അതെല്ലാം പരിഹരിക്കാനാവൂ.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha, column, Mathrubhumi weekly, Narendra Modi, Donald trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..