Photo: PTI
ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച വര്‍ഷമായിരുന്നു 2020. സഹജവാസനകൊണ്ടും ധാരണകൊണ്ടും ഏകാധിപത്യസ്വഭാവം പുലര്‍ത്തുന്ന മോദി-ഷാ ഭരണകൂടം ജനാധിപത്യത്തെ കൂടുതല്‍ തുരങ്കംവെക്കാനും രാഷ്ട്രത്തിനും സമൂഹത്തിനും മീതെയുള്ള തങ്ങളുടെ അധീശത്വം വര്‍ധിപ്പിക്കാനുമാണ് ഈ മഹാവ്യാധിയെ ഉപയോഗപ്പെടുത്തുന്നത്.
ലക്ഷ്യസാധ്യത്തിനായി പാര്‍ലമെന്റിനും ഫെഡറലിസത്തിനും മാധ്യമങ്ങള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിരന്തര ആക്രമണമഴിച്ചുവിടുകയാണ് സര്‍ക്കാര്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമനിര്‍മാണപ്രക്രിയയോട് വ്യക്തമായ വെറുപ്പ് പുലര്‍ത്തിയ ആളാണ് നരേന്ദ്രമോദി. മോദി ഭരിച്ച പത്തുവര്‍ഷങ്ങളിലാണ് ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയം നിയമസഭ സമ്മേളിച്ചത്. നിയമസഭ ചേരാതെ മാസങ്ങള്‍ കടന്നുപോകും. ചേര്‍ന്നാല്‍ത്തന്നെ ഒറ്റ ദിവസംകൊണ്ട് നടപടികളെല്ലാം പൂര്‍ത്തിയാക്കും. അതില്‍ പകുതി സമയം അനുശോചനത്തിനായി മാറ്റിവെക്കും. പ്രതിപക്ഷത്തെയും സ്വന്തം കക്ഷിയിലെയും എം.എല്‍.എമാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുന്ന മോദി, പ്രധാനപ്പെട്ട നയപരിപാടികള്‍ മന്ത്രിസഭായോഗത്തിലും ചര്‍ച്ചചെയ്യില്ല.
കൂടിയാലോചനയോടുള്ള വൈമുഖ്യം മോദി ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ബോധപൂര്‍വമായ നയരൂപവത്കരണത്തിന്റെ ഇടമായല്ല, ആവേശപ്രസംഗം നടത്തേണ്ട വേദിയായാണ് മോദി പാര്‍ലമെന്റിനെ കാണുന്നത്. തങ്ങളുടെ നേതാവിന്റെ ഈ മനോഭാവത്തിന് ചുവടുപിടിച്ച് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനുമെല്ലാം വിവേചനപരമായ നിലപാടെടുക്കുന്നു. അവരുടെ ഡെപ്യൂട്ടിമാരും ഇതേ നിലപാട് ആവര്‍ത്തിക്കുന്നു. കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ 'പാസാക്കിയെടുത്ത' കാര്യംതന്നെ നല്ല ഉദാഹരണം. പാര്‍ലമെന്റിന്റെ എല്ലാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ബില്‍ വോട്ടിങ്ങിനിടാതെ സ്വന്തമിഷ്ടപ്രകാരം പാസാക്കുകയായിരുന്നു ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് ചെയ്തത്. ജനാധിപത്യപ്രക്രിയയില്‍ നിന്നുള്ള ഈ വ്യതിചലനത്തെക്കുറിച്ച് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി എഴുതിയതിങ്ങനെ: ''പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാനും സര്‍ക്കാരിന് ചെയ്യാനുള്ളത് ചെയ്യാനുമുള്ള അവകാശം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെത് സാധ്യമാകുന്നില്ലെങ്കില്‍ പാര്‍ലമെന്റ് എന്ന ജനാധിപത്യ സംവിധാനം ഏറെക്കാലം നിലനില്‍ക്കില്ല.''
മോദി ഭക്തരും ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന് കരുതുന്നവരുമൊക്കെ ഇത്തരം അതിക്രമങ്ങള്‍ ഗൗനിക്കാതെ കാര്‍ഷികനിയമങ്ങളെ 'ചരിത്രപരം' എന്ന് വാഴ്ത്തുന്നുണ്ട്. പക്ഷേ, കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നവര്‍പോലും പാര്‍ലമെന്റില്‍ നടന്ന ക്രമവിരുദ്ധമായ നടപടികളില്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ എഴുതുന്നതിങ്ങനെ: ''പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ബില്‍ തിടുക്കപ്പെട്ട് പാസാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലെ സാധാരണ ജീവിതം അട്ടിമറിച്ചുകൊണ്ടുള്ള പ്രക്ഷോഭവും അതുകൊണ്ടുണ്ടായ ഭീമമായ സാമ്പത്തികനഷ്ടവും ഒഴിവാക്കാമായിരുന്നു. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ രേഖകളില്‍ മാത്രം പോരാ, പ്രയോഗത്തില്‍കൂടി വേണമെന്ന് ഈ പ്രക്ഷോഭം നമ്മെ ഓര്‍മപ്പെടുത്തുന്നു. സമരത്തിന്റെ ഉത്തരവാദിത്വം നഗരനക്സലുകള്‍ക്കും ഖലിസ്താനികള്‍ക്കും പ്രതിപക്ഷത്തിനും മേലെ കെട്ടിവെച്ചുകൊണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് കൈ കഴുകാം. പക്ഷേ, ഇരുസഭകളിലും ബില്‍ തിടുക്കപ്പെട്ട് പാസാക്കിയ സര്‍ക്കാര്‍ നടപടിയാണ് സ്ഥിതി വഷളാക്കിയത്. മഹാവ്യാധി കാരണം തകര്‍ന്നുകിടക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥ ഈ സമരം കാരണം കൂടുതല്‍ അപകടത്തിലാകും."
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha Column Mathrubhumi weekly Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..