'ദി ലൈഫ് ഓഫ് മഹാത്മ ഗാന്ധി' എന്ന പുസ്തകംകൊണ്ട് ശ്രദ്ധേയനായ അമേരിക്കന്‍ എഴുത്തുകാരനാണ് ലൂയി ഫിഷര്‍. ആ പുസ്തകം അടിസ്ഥാനമാക്കിയാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ 1982-ല്‍ 'ഗാന്ധി' എന്ന വിഖ്യാത സിനിമയൊരുക്കിയത്. ഗാന്ധി വധത്തിന് ഒരു വര്‍ഷത്തിനുശേഷം 1949-ലായിരുന്നു ഫിഷര്‍ 'ദി ലൈഫ് ഓഫ് മഹാത്മ ഗാന്ധി' രചിച്ചത്. അതിന് ഏഴ് വര്‍ഷം മുന്‍പ് അദ്ദേഹം ചെറിയൊരു പുസ്തകം എഴുതിയിരുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ പുസ്തകത്തിന്റെ പേര് 'എ വീക്ക് വിത്ത് ഗാന്ധി'. 1942-ലെ വേനല്‍ക്കാലത്ത് ഗാന്ധിയെ കാണാനായി ഇന്ത്യയിലെത്തിയതിന്റെ വിവരണമായിരുന്നു അത്. 

സേവാഗ്രാമിലെത്തി ആ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തനായ താമസക്കാരനുമായി സംസാരിക്കുന്നതിന് മുന്‍പ് അംബേദ്കര്‍, സവര്‍ക്കര്‍, ജിന്ന എന്നിവരുമായി മുംബൈയില്‍വെച്ച് കാണുന്നുണ്ട് ലൂയി ഫിഷര്‍. ആ കണ്ടുമുട്ടലുകളെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ: ''ജിന്ന എന്നോട് സംസാരിച്ചു. എന്നെയെന്തോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു ആ സംസാരം. ഞാന്‍ ഓരോ ചോദ്യങ്ങളുന്നയിക്കുമ്പോഴും ഗ്രാമഫോണ്‍ റെക്കോഡ് വെച്ചതുപോലെയായിരുന്നു മറുപടി. മുന്‍പ് പലതവണ കേട്ടതുപോലെയോ അദ്ദേഹമെനിക്ക് തന്ന കടലാസുകളില്‍ വായിച്ചതുപോലെയോ തോന്നി ആ സംഭാഷണം. എന്നാല്‍ ഗാന്ധിയോട് ഒരു കാര്യം ചോദിക്കുമ്പോള്‍ സര്‍ഗപ്രക്രിയയ്ക്ക് തുടക്കമിടുന്നത് പോലെയാണ് അനുഭവപ്പെടുക. അദ്ദേഹത്തിന്റെ മനസ്സ് പ്രവര്‍ത്തിക്കുന്നത് എനിക്ക് കാണാനും കേള്‍ക്കാനും സാധിക്കും. ജിന്നയോട് സംസാരിക്കുമ്പോഴോ ഗ്രാമഫോണിലെ സൂചി ഉരയുന്ന ശബ്ദം മാത്രമേ കേള്‍ക്കാനാവൂ. പക്ഷേ, ഏതുകാര്യം സംസാരിക്കുമ്പോഴും ഒരു തീര്‍പ്പിലെത്തുന്നതിനാല്‍ ഗാന്ധിയോടുള്ള സംഭാഷണം കൂടുതല്‍ പിന്തുടരാനാവും. ഗാന്ധിയോട് കൃത്യമായി സംസാരിച്ചാല്‍ നിങ്ങള്‍ക്ക് പുതിയൊരു ചിന്താപരിസരം തുറക്കാം. അദ്ദേഹത്തോടൊപ്പമുള്ള ഓരോ അഭിമുഖവും കണ്ടെത്തലുകളുടെ യാത്രയാണ്. പറയുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് അദ്ദേഹംതന്നെ അദ്ഭുതം കൂറുന്നതും കാണാം.''

കാര്യങ്ങള്‍ കേള്‍ക്കാനും പഠിക്കാനുമുള്ള താത്പര്യവും കൃത്യമായ തെളിവുകളുമായി നേരിട്ടാല്‍ സ്വന്തം നിലപാടുകള്‍ മാറ്റാനുമുള്ള സന്നദ്ധതയുമാണ് തന്റെ കാലത്തെയും ഇന്നത്തെ കാലത്തെയും നേതാക്കളില്‍ നിന്ന് ഗാന്ധിയെ വേറിട്ടുനിര്‍ത്തുന്നത്. സ്വന്തം വിചാരപദ്ധതികളെതന്നെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്ന ഗാന്ധി സഹപ്രവര്‍ത്തകരുടെയും വിമര്‍ശകരുടെയും ചിന്താധാരകളെയും സാകൂതം വിലയിരുത്തി. വംശം, ജാതി, ലിംഗപദവി എന്നിവയെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാടുകള്‍ പരിശോധിക്കുക. ഇതിലെല്ലാം പണ്ട് കൊണ്ടുനടന്നിരുന്ന പിന്തിരിപ്പന്‍ മുന്‍വിധികള്‍ ഉപേക്ഷിച്ച് സമത്വാധിഷ്ഠിത നിലപാടുകള്‍ പുണരാന്‍ അദ്ദേഹം ജീവിതത്തിലുടനീളം  ശ്രമിച്ചുകൊണ്ടേയിരുന്നു.

വംശീയത ഇന്ത്യന്‍ സംസ്‌കാരത്തില്‍ രൂഢമൂലമായി നിലനില്‍ക്കുന്നുണ്ട്. 'വെളുപ്പ് നിറമുള്ള' വധുവിനെ തേടി പത്രങ്ങളില്‍ ഇന്നും കാണുന്ന വൈവാഹിക പരസ്യങ്ങള്‍ത്തന്നെ അതിന്റെ തെളിവ്. കാത്തിയവാറില്‍ ജനിച്ചുവളര്‍ന്ന ഗാന്ധി ഇത്തരം വംശീയ വാര്‍പ്പുമാതൃകകളെ ചോദ്യം ചെയ്യാതെ അനുസരിച്ചിരുന്നു. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെ ആദ്യനാളുകളില്‍ അദ്ദേഹം ആഫ്രിക്കക്കാരെ താഴ്ത്തിക്കെട്ടിയുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യക്കാരെക്കാള്‍ അധമന്‍മാരായാണ് അദ്ദേഹം അന്നവരെ കണ്ടത്. പക്ഷേ, കുറച്ച് കഴിഞ്ഞതോടെ ആ നിലപാടില്‍നിന്ന് അദ്ദേഹം മാറി. ആഫ്രിക്കക്കാരെ അധിക്ഷേപിക്കുന്ന സ്വഭാവമുപേക്ഷിച്ച് അദ്ദേഹം അവരെ തനിക്ക് സമന്‍മാരായി കാണാന്‍ തുടങ്ങി. ജൊഹാനസ്ബര്‍ഗില്‍ 1908-ല്‍ നടന്ന പൊതുപരിപാടിയില്‍ ഗാന്ധി പ്രസംഗിച്ചതിങ്ങനെ: ''വിവിധ വംശങ്ങള്‍ കൂടിക്കലര്‍ന്നുകൊണ്ട് ലോകം ഇതുവരെ കാണാത്ത ഒരു സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്.''

weekly
പുസ്തകം വാങ്ങാം

ദക്ഷിണാഫ്രിക്കയിലെ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോഴേക്ക് വംശീയവാദിയില്‍നിന്ന് വംശമില്ലാത്തയാളായി മാറിയിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് പിന്നെയും പരിണാമം സംഭവിച്ചു. ജീവിതത്തിന്റെ അവസാന പതിറ്റാണ്ടുകളില്‍ കറകളഞ്ഞ വംശീയ വിരുദ്ധനായി മാറി അദ്ദേഹം. ആഫ്രിക്കന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ ഗാന്ധി സേവാഗ്രാമിലെ തന്റെ ആശ്രമത്തില്‍ അവര്‍ക്ക് പലതവണ ആതിഥ്യമരുളി. തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ണവെറിക്കെതിരേ അഹിംസാ മാതൃകയില്‍ സത്യാഗ്രഹം നടത്തണമെന്ന ഗാന്ധിയുടെ നിര്‍ദേശം അവര്‍ സ്വീകരിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുന്ന കാലത്ത് അവിടത്തെ ഇന്ത്യക്കാരുടെ പോരാട്ടങ്ങളെ ആഫ്രിക്കക്കാരുടെ സമരങ്ങളില്‍നിന്ന് വേറിട്ടുമാറ്റി നിര്‍ത്താന്‍ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ അത് ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1946-ല്‍ തന്നെ കാണാനെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഇന്ത്യക്കാരോട് ഗാന്ധി പറഞ്ഞതിങ്ങനെ: ''ഏഷ്യ ഏഷ്യക്കാര്‍ക്ക് മാത്രം എന്നോ ആഫ്രിക്ക ആഫ്രിക്കക്കാര്‍ക്ക് മാത്രം എന്നോ ആവരുത് ഇന്നത്തെ മുദ്രാവാക്യം. ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ഐക്യം എന്നതാവണം നമ്മുടെ മുദ്രാവാക്യം. അതിനാല്‍ നിങ്ങള്‍ ആഫ്രിക്കയിലെ സുലു വിഭാഗക്കാരായും ബാന്റു വിഭാഗക്കാരുമായുമെല്ലാം സഹകരിച്ചുപ്രവര്‍ത്തിക്കണം.''
താന്‍ ജനിച്ച മോധ് ബനിയ ജാതിയിലെ നിയമങ്ങള്‍ ധിക്കരിച്ചുകൊണ്ട് വിദേശയാത്ര നടത്തിയ കാര്യം ഗാന്ധി തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha Column Mathrubhumi weekly Mahatma Gandhi