ലാൽ ബഹാദൂർ ശാസ്ത്രി| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
1902 ഒക്ടോബര്‍ രണ്ടിന് ജനിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രി യുവാവായിരിക്കുമ്പോള്‍തന്നെ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ അണിചേരുകയും നിരവധി വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. നിശ്ശബ്ദമായ ധൈര്യവും ഉരുക്കുപോലുള്ള ആര്‍ജവവും അദ്ദേഹത്തിന് വലിയ മതിപ്പ് നേടിക്കൊടുത്തു. നെഹ്‌റു സര്‍ക്കാരില്‍ റെയില്‍മന്ത്രിയായിരിക്കെ നടന്ന തീവണ്ടിയപകടത്തിന്റെ പേരില്‍ അദ്ദേഹം രാജിവെച്ചത് രണ്ടാമത്തെ സ്വഭാവമഹിമ കാരണമാണ്. അന്നത്തെ കാലത്ത് അപൂര്‍വവും ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍പോലും സാധിക്കാത്ത തരത്തിലുള്ള നൈതികപൂര്‍വവുമായ നീക്കമായിരുന്നു അത്. പിന്നീടദ്ദേഹം വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെട്ടു. പല കാര്യങ്ങള്‍ക്കും ശാസ്ത്രിയെ ആശ്രയിച്ച നെഹ്‌റു തന്റെ പിന്‍ഗാമിയായി മനസ്സില്‍ കണ്ടതും അദ്ദേഹത്തെതന്നെ.
1964 ജൂണില്‍ ശാസ്ത്രി പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഏതാനും നാളുകള്‍ക്കുള്ളില്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ ഡല്‍ഹി ലേഖകന്‍ അദ്ദേഹവുമായി അഭിമുഖസംഭാഷണം നടത്തി. 'കുരുവിയുടെ കരുത്ത്' എന്ന തലക്കെട്ടോടെയാണ് ആ അഭിമുഖം അച്ചടിച്ചുവന്നത്. 'പാറപോലെ ഉറച്ച നിലപാടുള്ള ശാസ്ത്രി അതീവ ശക്തനായ മനുഷ്യനാണ്. വാക്കുകള്‍ ഒട്ടും പാഴാക്കാതെ മൂര്‍ച്ചയേറിയ കൊച്ചുവാചകങ്ങള്‍കൊണ്ടാണ് അദ്ദേഹം സംസാരിക്കുക'- പത്രപ്രവര്‍ത്തകന്‍ ശാസ്ത്രിയെ പരിചയപ്പെടുത്തുന്നതിങ്ങനെ. പക്ഷേ, മറ്റുപലര്‍ക്കും ഇത്ര മതിപ്പില്ലായിരുന്നു. ആ വര്‍ഷം ഒക്ടോബറില്‍ കെയ്‌റോയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തുമടങ്ങവേ ശാസ്ത്രി കറാച്ചിയിലിറങ്ങി. അവിടെവെച്ച് അദ്ദേഹം പാകിസ്താന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ജനാധിപത്യനേതാവിന്റെ കൃശഗാത്രരൂപവും ഒതുങ്ങിയ പ്രകൃതവും കണ്ട് പൊണ്ണത്തടിയനായ ഏകാധിപതിക്ക് നിരാശ തോന്നി. പ്രശസ്തിയും പ്രഭാവവുമുള്ള മുന്‍ഗാമിയുടെ ഒരു ഗുണങ്ങളുമില്ലാത്ത പിന്‍ഗാമിയാണ് ശാസ്ത്രി എന്നാണ് അയൂബ്ഖാന്റെ മനസ്സിലുണ്ടായ വിലയിരുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അയൂബ് ഖാന്‍ തന്റെ സഹായിയോട് ഇങ്ങനെ പറഞ്ഞു: ''അപ്പോള്‍ ഈ മനുഷ്യനാണോ നെഹ്‌റുവിന്റെ പിന്തുടര്‍ച്ചാവകാശി!''
കശ്മീര്‍ പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ പാകിസ്താനും ഇന്ത്യയും ഒരുങ്ങുന്ന സമയത്താണ് നെഹ്‌റു മരിക്കുന്നത്. പക്ഷേ, ശാസ്ത്രിയെ കണ്ട് സംസാരിച്ചതിനുശേഷം കൂടിയാലോചനകളുടെ പാതയുപേക്ഷിച്ച അയൂബ് ഖാന്‍ ബലം പ്രയോഗിച്ച് കശ്മീര്‍ കീഴടക്കാന്‍ ശ്രമിച്ചു. 1965- ല്‍ താഴ്വരയിലേക്ക് പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. സെപ്റ്റംബര്‍ ആദ്യം ചാംപ് പ്രവിശ്യയില്‍ പാക് സൈന്യം ആക്രമണം നടത്തുകയും ചെയ്തു. മുണ്ടുടുത്തുനടക്കുന്ന കൊച്ചുഗാന്ധിയന്റെ നിശ്ചയദാര്‍ഢ്യത്തെയും ആക്രമണശേഷിയെയും ഫീല്‍ഡ് മാര്‍ഷല്‍ വല്ലാതെ വിലകുറച്ചുകണ്ടു എന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചു. പഞ്ചാബില്‍ പുതിയൊരു യുദ്ധമുഖം തുറക്കാന്‍ ഉത്തരവിടുകയാണ് ശാസ്ത്രി ഉടന്‍ ചെയ്തത്. അതിര്‍ത്തി കടന്നുകൊണ്ട് ഇന്ത്യന്‍ സേന പാകിസ്താന്റെ പരമോന്നത നഗരമായ ലാഹോര്‍ ലക്ഷ്യമാക്കി നീങ്ങി. രൂക്ഷമായ പോരാട്ടം മൂന്നാഴ്ച നീണ്ടു. ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സെപ്റ്റംബര്‍ 22ന് വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുവരെ യുദ്ധം തുടര്‍ന്നു.
ആഴത്തിലുള്ള മതാധിഷ്ഠിത ശൈലിയിലാണ് പാക് പക്ഷം യുദ്ധം ചെയ്തത്. ഹിന്ദു കാഫിറുകള്‍ക്കെതിരേ നടത്തുന്ന ഇസ്ലാമിക വിശുദ്ധ യുദ്ധമായി അവരതിനെ കണ്ടു. എന്നാല്‍ ഇന്ത്യന്‍ പക്ഷത്തിന്റെ രീതി അതില്‍നിന്ന് പാടെ വ്യത്യസ്തമായിരുന്നു. ആ യുദ്ധത്തില്‍ പ്രദര്‍ശിപ്പിച്ച പോരാട്ടമികവിന് അബ്ദുല്‍ഹമീദ് എന്ന യു.പിക്കാരന്‍ പട്ടാളക്കാരന് പരമവീരചക്രം ലഭിച്ചു. അയൂബ് ഖാന്‍ എന്ന് പേരുള്ള രാജസ്ഥാന്‍കാരനായ ഒരു സൈനികന്‍ ഒറ്റയ്ക്ക് രണ്ട് പാക് പട്ടാളടാങ്കുകള്‍ പിടിച്ചെടുത്തു.
മുസ്ലിം എന്ന് പാകിസ്താന്‍ സ്വയം നിര്‍വചിക്കുമ്പോള്‍ ഇന്ത്യയൊരിക്കലും ഹിന്ദുവായി നിര്‍വചിക്കേണ്ടതില്ലെന്ന് ലാല്‍ബഹാദൂര്‍ ശാസ്ത്രി കരുതി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം രാംലീല മൈതാനത്ത് നടന്ന വലിയൊരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി സംസാരിച്ചു. ഹിന്ദിയില്‍ നടത്തിയ ആ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ വായിച്ചിട്ടുള്ളത്. അതില്‍നിന്ന് ചില ഭാഗങ്ങളിവിടെ ഉദ്ധരിക്കാം: ''ഈ യോഗത്തിന് അധ്യക്ഷത വഹിക്കുന്ന മീര്‍ മുഷ്താഖ് മുസല്‍മാനാണ്. എനിക്കുമുന്‍പ് നിങ്ങളോട് സംസാരിച്ച ഫ്രാങ്ക് ആന്റണി ക്രൈസ്തവനാണ്. ഇവിടെ സിഖുകാരും പാഴ്‌സികളുമുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും പാഴ്‌സികളും മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവരുമെല്ലാം ഒന്നിച്ചുകഴിയുന്നു എന്നതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. നമുക്ക് ക്ഷേത്രങ്ങളും മസ്ജിദുകളും ചര്‍ച്ചുകളും ഗുരുദ്വാരകളുമുണ്ട്. പക്ഷേ, നമ്മളിതൊന്നും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നില്ല. അതുതന്നെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യത്യാസം. പാകിസ്താനാകട്ടെ സ്വയമൊരു ഇസ്ലാമികരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ട് മതത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുപയോഗിക്കുന്നു. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ഇഷ്ടമുള്ള ആരാധനാശൈലി സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ നമ്മള്‍ ഓരോരുത്തരും എല്ലാവരെയുംപോലെ ഇന്ത്യക്കാരാണ്.'' യുദ്ധകാലത്തോ സമാധാനകാലത്തോ നരേന്ദ്രമോദി ഇതുപോലൊരു പ്രസംഗം നടത്തുമെന്ന് കരുതാന്‍ വയ്യ.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha column Mathrubhumi weekly Lal Bahadur Shastri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..