കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉത്തര്‍പ്രദേശ് പോലീസ് വകുപ്പിന് അത്ര നല്ലപേരല്ല ഉള്ളത്. പക്ഷേ, 2020 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദമേറ്റെടുത്തതോടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തതരത്തില്‍ പോലീസ് രാഷ്ട്രീയക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തിനില്‍ക്കാന്‍ തുടങ്ങി. ആര്‍ട്ടിക്കിള്‍ 14 എന്ന മികച്ചൊരു വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ പറയുന്നതുപോലെ ''ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ഭരണം ഈ രാഷ്ട്രീയക്കാരനെ ഏല്‍പ്പിക്കാനുള്ള തീരുമാനം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ബി.ജെ.പി. മുന്നേറ്റത്തിന്റെ നിര്‍ണായക വഴിത്തിരിവാകുന്നു. മുസ്ലിങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പൊതുശത്രുക്കളായി പരസ്യമായി മുദ്രകുത്തിക്കൊണ്ട് അവരെ വേട്ടയാടുന്ന പുതിയ ഭരണരീതിയുടെ തുടക്കമാണിത്.'' ആദിത്യനാഥിന്റെ രീതികളെക്കുറിച്ച് അതേ ലേഖനത്തില്‍ പറയുന്നതിങ്ങനെ: ''ഭരണത്തിലേറി ആദ്യനാളുകളില്‍ത്തന്നെ സര്‍ക്കാര്‍സംവിധാനങ്ങളുപയോഗിച്ച് മേല്‍ജാതിഹിന്ദുക്കള്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചുതുടങ്ങിയിരുന്നു. തന്നെ എതിര്‍ക്കുന്നവരെയും മുസ്ലിങ്ങളെയും നിയമവും പോലീസിനെയും ഉപയോഗിച്ച് ശിക്ഷിക്കാനും അപകീര്‍ത്തിപ്പെടുത്താനും തടവിലാക്കാനും കൊല്ലാനുംവരെ അദ്ദേഹം തയ്യാറായി.''
ദുഷ്‌കരമായ ചോദ്യങ്ങളെ മറുചോദ്യങ്ങള്‍കൊണ്ടു നേരിടുന്ന 'വാട്ടെബൗട്ടറി'യുടെ പണ്ഡിതര്‍ ചാടിവീഴുംമുമ്പേ ഞാനൊരു കാര്യം വ്യക്തമാക്കാം. രാജ്യത്തെ മറ്റുചില സംസ്ഥാനങ്ങളിലും പോലീസ് രാഷ്ട്രീയക്കാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നുണ്ട്. യു.പി. പോലീസിനെ ആദിത്യനാഥും കൂട്ടരും ഉപകരണമാക്കുന്നതുപോലെതന്നെയാണ് പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും പോലീസിനെ കൈകാര്യംചെയ്യുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകളോടും താഴ്ന്ന ജാതിക്കാരോടും ന്യൂനപക്ഷങ്ങളോടും വിവേചനത്തോടെയാണ് എല്ലായിടത്തും പോലീസ് പെരുമാറുന്നത്. പക്ഷേ, യു.പി.യില്‍ നടക്കുന്ന പൈശാചികമായ വിവേചനവും എതിര്‍സ്വരങ്ങളെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്തുന്ന രീതിയും മുമ്പെവിടെയും കാണാത്തതാണ്. 2012-ലെ കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍ഭയ പെണ്‍കുട്ടിക്കുവേണ്ടി ഡല്‍ഹിയില്‍ നടന്ന വലിയ പ്രക്ഷോഭങ്ങള്‍പോലൊന്ന് യു.പി.യിലെ ഏതെങ്കിലും പട്ടണത്തിലോ നഗരത്തിലോ ഇന്ന് നടക്കുമെന്നത് സങ്കല്പിക്കാന്‍ പോലുമാവുന്നില്ല.
കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യത്തില്‍ പോലീസോ മറ്റേതെങ്കിലും അധികാരികളോ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പൊതുസ്ഥാപനങ്ങള്‍ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കും. പക്ഷേ, ഇത്തരം കാര്യങ്ങളില്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യരീതികള്‍ കാണാനേയില്ല. ജസ്റ്റിസ് എ.പി. ഷാ ഈയിടെ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിക്കാം: ''ഭരണസംവിധാനത്തെ നിലയ്ക്കുനിര്‍ത്താന്‍ ഉത്തരവാദിത്വമുള്ള എല്ലാ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉപകരണങ്ങളും ആസൂത്രിതമായി തകര്‍ക്കപ്പെടുകയാണ്. 2014-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ക്കാണ് ഈ തകര്‍ക്കല്‍ പ്രക്രിയ ആരംഭിച്ചത്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടികളുമായി ഇതിനെ താരതമ്യംചെയ്യാന്‍ നമുക്ക് തോന്നിപ്പോവാറുണ്ട്. പക്ഷേ, അത്തരത്തിലുള്ള താരതമ്യങ്ങളില്‍ കാര്യമില്ല. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തെ കോമാ സ്റ്റേജിലേക്കുമാറ്റി എല്ലാ അധികാരങ്ങളും ഭരണാധികാരികളിലേക്കു ചുരുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉറക്കത്തിലാണ്. ചെറിയ കാര്യങ്ങള്‍ക്കുപോലും അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നുവെന്ന് സംശയിക്കാം. വിവരാവകാശ കമ്മിഷനാകട്ടെ ഏതാണ്ട് പ്രവര്‍ത്തനരഹിതമാണിന്ന്.''
ഭരണകൂടത്തെ നേര്‍വഴിക്ക് നടത്തേണ്ട ഇത്തരം സ്ഥാപനങ്ങളെല്ലാം തകരുമ്പോള്‍ നീതിന്യായവ്യവസ്ഥയെങ്കിലും അവസരത്തിനൊത്തുയരുമെന്ന് ജനം പ്രതീക്ഷിക്കും. പക്ഷേ, ദാരുണമെന്നുപറയട്ടെ, സുപ്രീം കോടതിയും ഹൈക്കോടതികളും നമ്മെ തോല്‍പ്പിക്കുകയാണ്. 370-ാം വകുപ്പ് റദ്ദാക്കല്‍, പൗരത്വഭേദഗതിനിയമം തുടങ്ങി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ പോലും വാദം കേള്‍ക്കാന്‍ കോടതികള്‍ തയ്യാറാവുന്നില്ല. സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കേസുകളില്‍ ആവേശത്തോടെ വാദം കേള്‍ക്കുകയും രാജ്യത്തെ പാവപ്പെട്ടവരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും കേസുകള്‍ നീട്ടിവെക്കുകയും ചെയ്യുന്ന നടപടി സുപ്രീംകോടതിയുടെ ശോഭകെടുത്തുന്നു. കശ്മീരില്‍ 4ജി സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇനിയും ഉത്തരവിടാത്ത കോടതിനിലപാട് ഇതിനുദാഹരണമാണ്.

ദളിത് പെണ്‍കുട്ടിക്കുനേരേ നടന്ന അതിക്രമത്തിനും അത് വഷളായി കൈകാര്യംചെയ്ത ഭരണകൂടത്തിനുംനേരേ നടക്കുന്ന പ്രതിഷേധങ്ങള്‍, തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള 'രാജ്യാന്തരഗൂഢാലോചന'യാണെന്ന് യു.പി. മുഖ്യമന്ത്രി അവകാശപ്പെടുന്നു. ഉത്തര്‍പ്രദേശിനെ അപകീര്‍ത്തിപ്പെടുത്താന്‍ വിദേശസഹായം ആവശ്യമില്ലെന്നതാണ് വാസ്തവം. സ്വയം അപകീര്‍ത്തിപ്പെടാന്‍ അവര്‍തന്നെ ധാരാളം. ആ സംസ്ഥാനത്ത് വനിതകള്‍ക്കും ദരിദ്രര്‍ക്കും മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും നീതിലഭിക്കല്‍ ദുഷ്‌കരമായിട്ട് ഏറെക്കാലമായി. നിലവിലുള്ള ഭരണകൂടത്തിന്റെ കീഴില്‍ അത് അതീവദുഷ്‌കരമായിമാറിയിരിക്കുന്നു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം
Content Highlights: Ramachandra Guha column Mathrubhumi weekly Hathras