പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും| Photo: PTI
സൂക്ഷ്മമായ വിശദാംശങ്ങളും വസ്തുനിഷ്ഠതയുമുള്ള ഒരു ലേഖനം ഈയിടെ ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. 2014 മേയില്‍ നരേന്ദ്രമോദി അധികാരത്തിലേറിയശേഷം ഗുജറാത്തിലെ ഒരു ബിസിനസുകാരന്‍ നേടിയ അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചായിരുന്നു ആ ലേഖനം. അതിലെ ഒരു ഭാഗത്തില്‍ ഇങ്ങനെ പറയുന്നു: ''അധികാരമേല്‍ക്കാനായി നരേന്ദ്രമോദി ഗുജറാത്തില്‍നിന്ന് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് പറന്നത് അദാനിയുടെ സ്വകാര്യവിമാനത്തിലായിരുന്നു. അധികാരത്തിലേക്കുള്ള വളര്‍ച്ചയുടെയും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്യമായ പ്രദര്‍ശനമായി അത്. അദാനിയുടെ സമ്പത്ത് 230 ശതമാനം വര്‍ധിച്ച് 2600 കോടി ഡോളറിനും അധികമായിട്ടുണ്ടിപ്പോള്‍. രാജ്യത്തുടനീളമുള്ള അടിസ്ഥാന വികസന പദ്ധതികളുടെ കരാറുകളും ഗവണ്‍മെന്റ് ടെന്‍ഡറുകളുമെല്ലാം ലഭിക്കുന്നതുകൊണ്ടാണിത്.''
മോദിയെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഈ ലേഖനം വായിച്ചപ്പോള്‍ അദാനിയെ കാണാനും അദ്ദേഹത്തിനൊപ്പം ജോലിചെയ്യാനും ക്ഷണം ലഭിച്ച കാര്യം ഓര്‍ത്തുപോയി. 2013 സെപ്റ്റംബറിലാണ് 'ഇന്ത്യയ്ക്ക് മുമ്പ് ഗാന്ധി' എന്ന പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചത്. കാത്തിയവാര്‍ എന്ന നാട്ടുരാജ്യത്തെ ഗാന്ധിയുടെ ബാല്യവും ലണ്ടനിലെ അദ്ദേഹത്തിന്റെ നിയമപഠനവും ദക്ഷിണാഫ്രിക്കയിലെ തുടര്‍ജീവിതവുമൊക്കെയാണ് പുസ്തകത്തില്‍ വിവരിച്ചിരുന്നത്. ആ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ നടന്നൊരു സാഹിത്യസമ്മേളനത്തില്‍ ഞാന്‍ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പ്രഭാഷണത്തിനുശേഷം ഒരു ചെറുപ്പക്കാരന്‍ എന്നെ വന്നുകണ്ടു. പ്രധാനപ്പെട്ട കാര്യം എന്നോട് ചര്‍ച്ചചെയ്യാനുണ്ടെന്നും പറഞ്ഞു. പക്ഷേ, ബെംഗളൂരു ഫ്‌ളൈറ്റ് കയറാനായി എനിക്കുടന്‍തന്നെ വിമാനത്താവളത്തിലേക്ക് പോകണമായിരുന്നു. സംസാരത്തിന് സമയമില്ലാത്തതിനാല്‍ ആ ചെറുപ്പക്കാരന് ഇ മെയില്‍ വിലാസം നല്‍കിയശേഷം എന്നോട് പറയാനുള്ള കാര്യങ്ങള്‍ ഇ മെയില്‍ അയയ്ക്കാന്‍ ഞാന്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ആ ചെറുപ്പക്കാരന്റെ ഇ മെയില്‍ എന്നെത്തേടിയെത്തി. ഗൗതം അദാനിയുടെ ജീവചരിത്രം തയ്യാറാക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലാണ് താന്‍ ജോലിചെയ്യുന്നതെന്ന് അയാള്‍ മെയിലില്‍ വ്യക്തമാക്കി. ഒന്നിലേറെ മുന്‍നിര പ്രസാധകര്‍ക്ക് ഈ പദ്ധതിയില്‍ താത്പര്യമുണ്ടെന്ന് അറിയപ്പെടുന്ന ഒരു ലിറ്റററി ഏജന്റ് സൂചിപ്പിച്ചതായും ചെറുപ്പക്കാരന്‍ പറഞ്ഞു. 'പുസ്തകത്തിന് മികച്ച ഗുണനിലവാരവും ആഴത്തിലുള്ള ഗവേഷണവും ആവശ്യമുണ്ടെന്നും ഈ പദ്ധതി മുന്നോട്ടുനയിക്കാന്‍ ഒരു മാര്‍ഗദര്‍ശി വേണമെന്നും' തന്റെ സ്ഥാപനവും അദാനി ഗ്രൂപ്പും ഒരുപോലെ ആഗ്രഹിക്കുന്നു. മാര്‍ഗദര്‍ശിയുടെ റോള്‍ ഞാന്‍ ഏറ്റെടുക്കണമെന്നാണ് ചെറുപ്പക്കാരന്റെ അഭ്യര്‍ഥന. അവരുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ പ്രതിനിധിയും ഗൗതം അദാനിയും ഞാനും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കാമെന്നും ചെറുപ്പക്കാരന്‍ ഉറപ്പ് നല്‍കി.
മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഗവേഷണത്തിനായി ഇടയ്ക്കിടെ ഗുജറാത്തില്‍ പോകുന്നതിനാല്‍ 2013 ഡിസംബറില്‍തന്നെ ഗൗതം അദാനിയെക്കുറിച്ച് ഏകദേശ ധാരണ എനിക്കുണ്ടായിരുന്നു. 2001 മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുള്ള നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ബിസിനസുകാരന്‍ എന്നാണ് അദാനി അറിയപ്പെട്ടിരുന്നത്. അന്നേ അദാനിയുടെ സ്വകാര്യ വിമാനങ്ങളില്‍ മോദി പറക്കാറുണ്ടായിരുന്നു. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളിസമൂഹത്തെ കുടിയൊഴിപ്പിച്ചും കണ്ടല്‍ക്കാടുകളെ തകര്‍ത്തെറിഞ്ഞുകൊണ്ടുമുള്ള അദാനിയുടെ വികസന പദ്ധതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അതിവേഗ അനുമതി നല്‍കിയതിനെക്കുറിച്ച് അഹമ്മദാബാദിലെ സുഹൃത്തുക്കള്‍ എനിക്ക് പറഞ്ഞുതന്നു.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha Column Mathrubhumi weekly Gautam Adani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..