ചിത്രം- റോയിട്ടേഴ്സ്
കോവിഡ്-19 കാലത്ത് ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ സൂം ആപ്പ് വഴിയാണ് പഠനം തുടരുന്നത്. ഇത്തരത്തിലുള്ള വിദൂരവിദ്യാഭ്യാസരീതി ചെറുപ്പക്കാര്‍ക്ക് മാത്രമല്ല, പ്രായമായവര്‍ക്കും ഉപയോഗപ്പെടുത്താം. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യവിദഗ്ധര്‍ നയിച്ച രണ്ടുമണിക്കൂര്‍ ക്ലാസില്‍ കഴിഞ്ഞയാഴ്ച ഞാന്‍ പങ്കെടുത്തത്.
കോവിഡ്-19 എന്ന മഹാവ്യാധിയെക്കുറിച്ച് പ്രൈംടൈം ചര്‍ച്ചകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള അറിവ് നേടാന്‍ ഈ ക്ലാസ് സഹായകമായി. ആറുപേരടങ്ങുന്ന പാനലായിരുന്നു ഓണ്‍ലൈന്‍ ക്ലാസ് നയിച്ചത്. അവരില്‍ രണ്ടുപേര്‍ ആരോഗ്യമേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. രണ്ടുപേര്‍ പൊതുജനാരോഗ്യത്തില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരും രണ്ടുപേര്‍ സര്‍വകലാശാല പ്രൊഫസര്‍മാരായി മാറിയ ഡോക്ടര്‍മാരുമായിരുന്നു. ഈ ആറ് വിദഗ്ധര്‍ക്കും മൂന്ന് കാര്യങ്ങളില്‍ സമാനതകളുണ്ട്; എല്ലാവരും രാജ്യത്തുതന്നെ ജീവിക്കുന്നവരും ജോലി ചെയ്യുന്നവരുമാണ്. തങ്ങളുടെ മേഖലയില്‍ ഏവരാലും ബഹുമാനിക്കപ്പെടുന്നവരാണ് ഇവരൊക്കെ, ഇതിലൊരാളോടുപോലും മോദിസര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുമില്ല (അവസാനം പറഞ്ഞതില്‍ എന്തെങ്കിലും മാറ്റമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതുതന്നെ).
ഈ വിദഗ്ധര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ കുറിച്ചെടുത്തിരുന്നു. അവരില്‍നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കിയെഴുതാം. ലോക്ഡൗണ്‍ പ്രാരംഭഘട്ടത്തില്‍ രോഗവ്യാപനം തടഞ്ഞുവെങ്കിലും പരിശോധന വ്യാപകമാക്കുന്നതിനും ഹോട്ട്സ്പോട്ടുകള്‍ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ആധികാരിക വിവരങ്ങള്‍ എത്തിക്കുന്നതിനും ആ സമയം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
ലോക്ഡൗണ്‍ സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ വിമര്ശനമുയര്ന്നുതുടങ്ങിയിട്ടുണ്ട്. തിടുക്കത്തിലെടുത്ത ഈ തീരുമാനം വഴി പൗരന്മാരുടെ തൊഴിലും ജീവിതോപാധിയും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ലോക്ഡൗണ്‍ നിലവില്‍വരുന്നതിന് നാലുമണിക്കൂര്‍ മുന്‍പുമാത്രം ഇക്കാര്യം പ്രഖ്യാപിച്ച സര്‍ക്കാര്‍, ലക്ഷക്കണക്കിന് തൊഴിലാളികളെ ഭക്ഷണവും പാര്‍പ്പിടവും പണവുമില്ലാതെ അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലാക്കി.
പൊതുജനാരോഗ്യത്തിന്റെ വീക്ഷണകോണില്‍ നോക്കിയാലും തയ്യാറെടുപ്പുകളൊന്നുമില്ലാതെ പ്രഖ്യാപിച്ചതായിരുന്നു ആദ്യ ലോക്ഡൗണ്‍ എന്ന് വ്യക്തമാകും. നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹിച്ച കുറച്ച് തൊഴിലാളികളെ മാത്രമേ മാര്‍ച്ച് മധ്യത്തില്‍ വൈറസ് ബാധിച്ചിരുന്നുള്ളൂ. നാട്ടിലേക്ക് മടങ്ങാന്‍ മതിയായ സമയം കൊടുത്തിരുന്നെങ്കില്‍ സുരക്ഷിതരായി അവര്‍ വീട്ടില്‍ തിരിച്ചെത്തിയേനെ. എന്നാല്‍ ആറാഴ്ചകള്‍ക്കുശേഷം അവര്‍ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമ്പോഴേക്കും പതിനായിരക്കണക്കിന് ആളുകളിലേക്ക് വൈറസ് പടര്‍ന്നുകഴിഞ്ഞിരുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ, വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഈ മനുഷ്യനിര്‍മിത ദുരന്തത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പ്രധാനമന്ത്രിക്ക് മാത്രമാണ്.
ചരിത്രകാരന് രാമചന്ദ്ര ഗുഹ പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha column Mathrubhumi weekly Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..