രു കാര്യം വ്യക്തമാക്കട്ടെ, വൈദ്യബഹുസ്വരതയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. മനുഷ്യരാശി കണ്ട ഏല്ലാതരം രോഗങ്ങള്‍ക്കും സുഖക്കേടുകള്‍ക്കും പ്രതിവിധി ആധുനികവൈദ്യത്തിലുണ്ടെന്നും കരുതുന്നില്ല. ആസ്ത്മ, നടുവേദന, അലര്‍ജികള്‍ എന്നിവ തടയാന്‍ ആയുര്‍വേദത്തിനും യോഗയ്ക്കും ഹോമിയോപ്പതിക്കും കഴിയുമെന്ന് വ്യക്തിപരമായ അനുഭവങ്ങളില്‍നിന്നെനിക്ക് ബോധ്യമുണ്ട്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ രോഗങ്ങള്‍കൊണ്ട് വലഞ്ഞയാളാണ് ഞാന്‍.

എന്നിരുന്നാലും, കോവിഡ്-19 എന്നത് നിശ്ചയമായും 21-ാം നൂറ്റാണ്ടിലെ വൈറസാണ്. ആയുര്‍വേദം,യോഗ,യുനാനി,സിദ്ധ,ഹോമിയോപ്പതി എന്നിവ കണ്ടുപിടിച്ചവര്‍ക്കും വികസിപ്പിച്ചവര്‍ക്കുമൊന്നും അറിയാത്ത വൈറസാണിത്. മാത്രമല്ല, കഷ്ടിച്ച് ഒരുവര്‍ഷവും കുറച്ച് മാസങ്ങളും മാത്രമേ ഇതിന് പ്രായമായിട്ടുള്ളൂ. വേപ്പില കത്തിച്ചാലോ ഗോമൂത്രം കുടിച്ചാലോ ശരീരത്തില്‍ ചാണകം പുരട്ടിയാലോ മൂക്കില്‍ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചാലൊന്നും കോവിഡ്-19 തടയാമെന്നോ രോഗം ഭേദമാകുമെന്നോ എന്നതിന് യാതൊരു തെളിവുമില്ല. നേരേമറിച്ച്, രണ്ട് നിവാരണനടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ്-19-നെ അകറ്റിനിര്‍ത്താമെന്നതിന് ധാരാളം തെളിവുകളുണ്ട്. സാമൂഹിക അകലം പാലിക്കലും വാക്സിനേഷന്‍ സ്വീകരിക്കലുമാണത്. ഈ രണ്ട് കാര്യങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള വലിയ ആള്‍ക്കൂട്ടങ്ങളെ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനോ പുതിയ വാക്സിനുകള്‍ക്ക് ലൈസന്‍സ് നല്‍കാനോ ഒന്നും ചെയ്തതുമില്ല. എത്രയോ മാസങ്ങള്‍ ലഭിച്ചിട്ടുപോലും അനങ്ങാതെയിരിപ്പായിരുന്നു സര്‍ക്കാര്‍.

Weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ശാസ്ത്രജ്ഞരുടെ കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ശാസ്ത്രജ്ഞനായ അച്ഛനും ശാസ്ത്രജ്ഞനായ മുത്തശ്ശനും തമ്മിലുള്ള സംഭാഷണങ്ങളില്‍ 'അനാചാരം', 'അന്ധവിശ്വാസം' എന്നിവ മാത്രമാണ് ഞാന്‍ കേട്ടിട്ടുള്ള അധിക്ഷേപവാക്കുകള്‍. എന്റെ അച്ഛനും മുത്തച്ഛനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പക്ഷേ കോവിഡിനെ ചെറുക്കാനെന്ന പേരില്‍ ഭരണകക്ഷി നേതാക്കള്‍ പ്രചരിപ്പിക്കുന്ന മുറിവൈദ്യത്തെക്കുറിച്ചും വ്യാജചികിത്സയെക്കുറിച്ചും വിഖ്യാതരായ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ എന്ത് കരുതുന്നു എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്. സത്യം പറയട്ടെ, ഈ മുറിവൈദ്യവും വ്യാജ ചികിത്സയും അനാചാരവും അന്ധവിശ്വാസവുമൊന്നും ഏതെങ്കിലും കേന്ദ്രമന്ത്രിയുടെയോ സംസ്ഥാന നേതാവിന്റെയോ മാത്രം സംഭാവനയല്ല. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സംഘപരിവാര്‍ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് ഇത്തരം സന്ദേശങ്ങള്‍. മഹാവ്യാധി ആദ്യം പ്രത്യക്ഷപ്പെട്ട 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി എന്താണ് ചെയ്തതെന്നോര്‍ക്കുക. വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് അഞ്ചു മിനിറ്റ് നേരം പാത്രം മുട്ടാനായിരുന്നല്ലോ അദ്ദേഹം ആവശ്യപ്പെട്ടത്. അതിനടുത്ത മാസം, പ്രശ്നത്തിന്റെ ഗൗരവം വെളിപ്പെട്ടുതുടങ്ങിയപ്പോള്‍ രാത്രി കൃത്യം ഒന്‍പതു മണിക്ക് ഒന്‍പതു മിനിറ്റ് നേരം മെഴുകുതിരികളും ടോര്‍ച്ചും തെളിക്കാന്‍ നമ്മളോടാവശ്യപ്പെട്ടു. വടക്കന്‍ അമേരിക്കയിലും യൂറോപ്പിലും ആ സമയം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇതുകൊണ്ടൊക്കെ എങ്ങനെ തടയാനാകുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ജ്യോതിഷിക്ക് മാത്രമേ അറിയൂ.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha Column Mathrubhumi weekly