രോ തീരുമാനത്തിനും മുന്‍പ് പ്രധാനമന്ത്രി കൂടിയാലോചനകള്‍ക്ക് മുതിരണമെന്ന് കഴിഞ്ഞ മേയ് മാസം ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ''വിഭജനത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഇപ്പോഴത്തെ കോവിഡ് 19. മഹാവ്യാധിയും അതിന്റെ പരിണത ഫലങ്ങളുമെല്ലാം ചേര്‍ന്ന് മനുഷ്യരാശിയെ കൊടുംദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വരുംദിവസങ്ങളിലും അത് ഇരട്ടിക്കാനാണ് സാധ്യത. ഈയൊരു സാഹചര്യത്തില്‍ ഒരേയൊരു മനുഷ്യനും അദ്ദേഹത്തിനൊപ്പമുള്ള ചെറിയൊരു സംഘവും മാത്രം വിചാരിച്ചാല്‍ പൊതുവിശ്വാസം വീണ്ടെടുക്കാനും സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും സാധിക്കില്ല''- ഞാനെഴുതിയതിങ്ങനെ.
പ്രശ്‌നത്തിന്റെ വ്യാപ്തി വിശദമാക്കിയതിനുശേഷം പ്രശ്‌നപരിഹാരത്തിന് കുറച്ച് നിര്‍ദേശങ്ങളും ആരും ആവശ്യപ്പെടാതെതന്നെ ഞാന്‍ മുന്നോട്ടുവെച്ചു.

''ആപല്‍ഘട്ടങ്ങളിലെ രക്ഷാദൗത്യത്തില്‍ പരിചയമുള്ള മുന്‍ ധനമന്ത്രിമാരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നതില്‍ യാതൊരു തെറ്റുമില്ല. കോണ്‍ഗ്രസുകാരാണ് എന്നുകരുതി അവരെ മാറ്റിനിര്‍ത്തുന്നതാണ് തെറ്റ്. അനുഭവസമ്പത്തുള്ള മുന്‍ ധനകാര്യ സെക്രട്ടറിമാരുടെയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുടെയും അഭിപ്രായം തേടണം. പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലിരിക്കുന്ന ധനകാര്യ വിദഗ്ധരേക്കാള്‍ കര്‍ഷകപ്രശ്‌നങ്ങള്‍ അറിയുന്ന, പണ്ഡിതരുടെയും ഉപദേശങ്ങള്‍ തേടാന്‍ മടിക്കരുത്. വൈദ്യസമൂഹത്തിനൊപ്പം ചേര്‍ന്ന് എയ്ഡ്സ്, എച്ച്1എന്‍1 ഭീഷണികളെ തടയുകയും പോളിയോ തുടച്ചുനീക്കുകയും ചെയ്ത മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും ഉപദേശങ്ങള്‍ തേടാം.''

ഇംഗ്ലീഷ് സാഹിത്യവിമര്‍ശകന്‍ ഡോ. ജോണ്‍സന്‍ പറഞ്ഞതുപോലെ അനുഭവങ്ങള്‍ക്ക് മീതെ പ്രതീക്ഷയെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഞാനങ്ങനെ എഴുതിയത്. പ്രധാനമന്ത്രിപദത്തിലേറിയതിനുശേഷം വിദഗ്ധരോടുള്ള വെറുപ്പ് വാക്കിലും പ്രവൃത്തിയിലും മുന്‍പുതന്നെ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് നരേന്ദ്രമോദി. 'ഹാര്‍വാര്‍ഡിലല്ല, ഹാര്‍ഡ്വര്‍ക്കിലാണ് കാര്യം' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും സ്വന്തം ഭരണകൂടത്തിലെ എണ്ണംപറഞ്ഞ ധനകാര്യവിദഗ്ധരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ നോട്ട് നിരോധനം എന്ന ദുരന്തപരീക്ഷണം നടപ്പാക്കിയതുമൊക്കെ അതിന്റെ തെളിവുകള്‍. എതിര്‍പാര്‍ട്ടികളില്‍പെട്ട രാഷ്ട്രീയക്കാരോടും നിരന്തര ശത്രുത പുലര്‍ത്തുന്നയാളാണ് അദ്ദേഹം. സ്വന്തം പദവിയുടെ വിലകളയുന്ന ധാര്‍ഷ്ട്യത്തോടെയാണ് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവരെയും അദ്ദേഹം നേരിട്ടത്.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ആ ലേഖനം പ്രസിദ്ധീകരിച്ചതിന് ഒരുവര്‍ഷം പിന്നിടുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നു. അതിനൊപ്പം മൂന്നാമതൊരു പ്രശ്‌നംകൂടി കണ്ടുതുടങ്ങി. വ്യക്തി എന്ന നിലയ്ക്ക് സ്വയം ബ്രാന്‍ഡ് ചെയ്ത് ആകാശത്തോളം എത്തിക്കുക എന്നതാണത്. പ്രധാനമന്ത്രിയുടെ അസാമാന്യമായ പൊങ്ങച്ചം വെളിവാക്കുന്ന രണ്ട് കാര്യങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സംഭവിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനവും രാജ്യത്തെ വമ്പന്‍ സ്റ്റേഡിയങ്ങളിലൊന്നിന് തന്റെ പേരിടാന്‍ അനുമതി നല്‍കിയതുമാണത്. ജീവിച്ചിരിക്കുമ്പോള്‍ കായിക സ്റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേര് നല്‍കുകവഴി മുസ്സോളിനി, ഹിറ്റ്ലര്‍, സ്റ്റാലിന്‍, ഗദ്ദാഫി, സദ്ദാം എന്നിവരുടെ കൂട്ടത്തിലേക്കാണ് അദ്ദേഹം സ്വയം എത്തിപ്പെടുന്നത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും 

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha column Mathrubhumi weekly