2002-ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ചുള്ള പുതിയൊരു പുസ്തകം വായിക്കുകയായിരുന്നു ഞാന്‍. 'അണ്ടര്‍ കവര്‍: മൈ ജേര്‍ണി ഇന്‍ടു ദ ഡാര്‍ക്ക്നെസ് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകം രചിച്ചത് ആശിഷ് കേതന്‍. കലാപാനന്തരഗുജറാത്തിനെക്കുറിച്ചും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെപോയതിനെക്കുറിച്ചുമെല്ലാം ഗംഭീരമായി റിപ്പോര്‍ട്ടുചെയ്ത പത്രപ്രവര്‍ത്തകനാണ് ആശിഷ്.

രണ്ടുപതിറ്റാണ്ട് മുന്‍പ് നടന്ന രക്തരൂഷിതവംശഹത്യയെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യമായി ആശ്രയിക്കാവുന്ന പുസ്തകമാണ് 'അണ്ടര്‍ കവര്‍'. അന്ന് ഗുജറാത്ത് ഭരിച്ചവരാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെന്നതിനാല്‍ ഇന്നത്തെ കാലവുമായും പുസ്തകം നേരിട്ട് സംവദിക്കുന്നു.
''ഭരണകൂടത്തിന്റെ കുടിലതയ്‌ക്കൊപ്പം പൂര്‍ണമായി നിന്നാലേ മോദിയുടെ ഗുജറാത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും സര്‍വീസില്‍ ഉയരാന്‍ സാധിക്കൂ,'' കേതന്‍ എഴുതുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയുമായതോടെ കേന്ദ്രസര്‍ക്കാരിലും ഇപ്പോള്‍ ഇതുതന്നെയാണവസ്ഥ. 2014-നുമുന്‍പ് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അതിന്റെ ആധികാരികത കാരണം ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ വിദഗ്ധര്‍ അത് വിശ്വാസത്തിലെടുക്കുന്നില്ല. ഓരോ മേഖലയിലും, അത് സമ്പദ്ശാസ്ത്രമോ ആരോഗ്യമോ വിദ്യാഭ്യാസമോ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങോ എന്തുമാകട്ടെ സത്യവും സുതാര്യതയുമല്ല, വഞ്ചനയും മറച്ചുവെയ്ക്കലുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

സംവാദത്തിനും വിയോജിപ്പിനുമുള്ള ഇടം ചുരുങ്ങിപ്പോയി എന്നതാണ് ഗുജറാത്ത് മാതൃക രാജ്യമൊട്ടാകെ നടപ്പാക്കിയതിന്റെ മറ്റൊരു പ്രത്യാഘാതം. ''എതിര്‍ക്കുന്നവരെ പീഡിപ്പിക്കാനും നശിപ്പിക്കാനും രാക്ഷസവത്കരിക്കാനും കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്തില്‍ മൂര്‍ച്ചകൂട്ടിവെച്ച ആയുധങ്ങള്‍ ഇപ്പോള്‍ രാജ്യമാകെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. മോദിയെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തി ജയിലിലടയ്ക്കുന്നതും ഇതിന്റെ ഭാഗംതന്നെ,'' കേതന്‍ എഴുതുന്നു.

weekly
ആഴ്ചപ്പതിപ്പാ വാങ്ങാം

സമാധാനപൂര്‍വമായ പ്രതിഷേധങ്ങള്‍ പോലും ഭരണകൂടമുഷ്‌കുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മോദി-ഷാ ഭരണകൂടം ചെയ്യുന്നത്. മുന്‍കൂര്‍ നോട്ടീസില്ലാതെ വ്യക്തികളെ അറസ്റ്റുചെയ്ത് ജയിലിലടച്ചശേഷം പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അവര്‍ക്കെതിരേ 'തെളിവുകള്‍' തട്ടിക്കൂട്ടുന്നു. ഫെബ്രുവരിയില്‍ നടന്ന കലാപത്തിന്റെ പേരില്‍ വിദ്യാര്‍ഥിനേതാക്കളെയും സ്ത്രീവിമോചനപ്രവര്‍ത്തകരെയും കഴിഞ്ഞവര്‍ഷം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത് ഇതിന്റെ ഉദാഹരണമാണ്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ എഫ്.ഐ.ആര്‍. തയ്യാറാക്കാന്‍ പോലും പോലീസ് മുതിര്‍ന്നിട്ടില്ല എന്ന കാര്യവും ഓര്‍ക്കണം. കലാപക്കേസുകള്‍ കൈകാര്യംചെയ്യുന്നതില്‍ പോലീസിനുള്ള പക്ഷപാതത്തെക്കുറിച്ച് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനും പത്മഭൂഷണ്‍ ജേതാവുമായ ജൂലിയോ റിബെറോ എഴുതിയതിങ്ങനെ: ''ഡല്‍ഹി പോലീസിന്റെ സമീപനത്തിലെ സ്പഷ്ടമായ അനീതി ഈ വയസ്സന്‍ പോലീസുകാരന്റെ മനഃസാക്ഷിയെ വെറിപിടിപ്പിക്കുന്നു.''

കോടതികള്‍ അടഞ്ഞുകിടക്കുന്ന വാരാന്ത്യങ്ങളില്‍ അറസ്റ്റുകള്‍ നടത്തുന്നതില്‍ത്തന്നെ സര്‍ക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തം. ഇങ്ങനെ അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനും സര്‍ക്കാര്‍ മടിക്കുന്നില്ല.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha column Mathrubhumi weekly