മൂഹപരിഷ്‌കര്‍ത്താവായിരുന്ന ജ്യോതിറാവു ഫൂലെ ജാതിസമ്പ്രദായത്തെക്കുറിച്ച് പൊള്ളിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥം 1873-ല്‍ പ്രസിദ്ധീകരിച്ചു. മറാത്തിയില്‍ എഴുതപ്പെട്ട പുസ്തകത്തിന്റെ മുഖവുര ഇംഗ്ലീഷിലായിരുന്നു. അടിമത്തം അവസാനിപ്പിക്കാന്‍ 'അമേരിക്കയിലെ നല്ലവരായ ജനം' കാട്ടിയ 'ഉദാത്തവും നിസ്വാര്‍ഥവും ആത്മാര്‍പ്പണവും കലര്‍ന്ന പ്രതിബദ്ധത'യോടുള്ള ആദരം പ്രകടിപ്പിക്കാനാണ് ആദ്യപേജുകള്‍ ഇംഗ്ലീഷിലാക്കിയത്. വംശീയ നീതി ഉറപ്പാക്കാന്‍ അമേരിക്കയിലെ സമൂഹപരിഷ്‌കര്‍ത്താക്കള്‍ കൈക്കൊണ്ട നിലപാടുകള്‍ 'ബ്രാഹ്മണരുടെ അടിമത്തത്തില്‍നിന്ന് ശൂദ്രസഹോദരന്മാരെ വിമോചിപ്പിക്കാന്‍ പൊരുതുന്ന ഇന്ത്യക്കാര്‍ക്ക് ശ്രദ്ധേയമായ മാതൃക'യാണെന്നും ഫൂലെ പറഞ്ഞുവയ്ക്കുന്നു.

'വൈദേശികമായ നശീകരണ തത്ത്വശാസ്ത്രത്തെ'ക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ്പ്രസംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ് ഞാന്‍ ഫൂലെയുടെ സമര്‍പ്പണപത്രത്തെക്കുറിച്ച് ഓര്‍ത്തത്. ഒറ്റയ്ക്ക് പൊരുതിയ പരിഷ്‌കര്‍ത്താവിന്റെ വിശാലമായ സാര്‍വലൗകികത്വം ഒരുവശത്ത്, ഇന്ത്യയിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ മതിഭ്രമം കലര്‍ന്ന വിദേശീയവിദ്വേഷം മറുവശത്ത്. സ്വതന്ത്രരാഷ്ട്രമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഇക്കാലത്തെക്കാള്‍ വിശാലമായിരുന്നു കൊളോണിയല്‍കാലത്തെ ഹൈന്ദവമനസ്സ് എന്ന് തെളിയിക്കുന്നുണ്ടിത്.

പത്തൊമ്പതാംനൂറ്റാണ്ടിലുടനീളവും ഇരുപതാംനൂറ്റാണ്ടിലും ഹിന്ദുനേതാക്കള്‍ക്ക് തങ്ങളുടെ സമൂഹത്തിന്റെ ബലഹീനതകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. ഹിന്ദുക്കളനുഭവിക്കുന്ന പരാധീനതകളില്‍ നല്ലൊരുശതമാനവും സ്വയം വരുത്തിവയ്ക്കുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്വം ദുഷ്ടബുദ്ധികളായ വിദേശികളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇത്തരം പരിമിതികളില്‍നിന്ന് മോചിതരായി മാറിക്കൊണ്ടിരിക്കുന്ന പുതുലോകത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കണമെങ്കില്‍ ഉള്ളില്‍നിന്നും പുറത്തുനിന്നുമുള്ള വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും അവര്‍ക്കറിയാമായിരുന്നു.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഹൈന്ദവസമൂഹ പരിഷ്‌കരണത്തിന്റെ ആധുനിക പാരമ്പര്യം ആരംഭിക്കുന്നത് റാം മോഹന്‍ റായിയിലൂടെയാണ്. ഹിന്ദുക്കള്‍ ശുദ്ധരും പരിപൂര്‍ണരും തെറ്റുപറ്റാത്തവരാണെന്നുമുള്ള ചിന്തകളില്ലാത്ത (ഇപ്പോഴത്തെ ഹിന്ദുത്വവാദികള്‍ക്കുള്ളതുപോലെ) റായ് മൂന്നുകാര്യങ്ങളിലാണ് തന്റെ സമുദായത്തിന് പിഴവ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീകളോടുള്ള അവരുടെ പെരുമാറ്റം, ആധുനിക വിദ്യാഭ്യാസം നേടാനുള്ള വിമുഖത, യുക്തിക്ക് പകരം മതഗ്രന്ഥങ്ങളോടുള്ള വിശ്വാസം എന്നിവയാണവ. സമൂഹപരിഷ്‌കരണത്തിന്റെ ഈ മൂന്ന് നാരുകളില്‍ പിടിച്ചാണ് റായിയും ശേഷം വന്ന സാമൂഹികപ്രവര്‍ത്തകരും മുന്നോട്ടുപോയത്. അവര്‍ ഇതിനെ അല്പംകൂടി വിശാലമാക്കി ഒപ്പം ചില കാര്യങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. വിവാഹപ്രായം ഉയര്‍ത്തല്‍, വിധവാ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കല്‍, സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കല്‍, ജാതിവിവേചനം അവസാനിപ്പിക്കല്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലൂടെ തുറന്ന സംവാദത്തിനായി അവസരമൊരുക്കല്‍ എന്നിവയാണത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha column Mathrubhumi weekly