കോശീസ് പരേഡ് കഫേ
1995ലാണ് ഞാന്‍ ബെംഗളൂരുവില്‍ സ്ഥിരതാമസത്തിന് വീണ്ടുമെത്തുന്നത്. ആ നഗരത്തിലെ അഞ്ച് സ്ഥാപനങ്ങളുമായുള്ള പരിചയം പുതുക്കാമെന്ന ആഹ്ലാദത്തോടെയായിരുന്നു തിരിച്ചുവരവ്. രണ്ടെണ്ണം പുസ്തകശാലകളാണ്. കൊങ്കണ്‍ ഭാഗത്ത് നിന്നുള്ള ലജ്ജാലുവായ ഒരു ഹിന്ദു നടത്തുന്ന പ്രീമിയര്‍ എന്ന കടയില്‍ പുസ്തകങ്ങളാണ് വിറ്റിരുന്നത്. നിര്‍ത്താതെ സംസാരിക്കുന്ന കന്നഡിഗനായ ഒരു എഞ്ചിനീയര്‍ നടത്തിയിരുന്ന 'സെലക്ട്' സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയാണ്. ഇരുവര്‍ക്കും തങ്ങളുടെ കടയിലെ പുസ്തകങ്ങളെ കുറിച്ചും പതിവുകാരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമെല്ലാം നല്ല ധാരണയുണ്ടായിരുന്നു.
എനിക്ക് നല്ല പരിചയമുള്ള മറ്റുരണ്ട് സ്ഥാപനങ്ങള്‍ക്കും അക്ഷരങ്ങളുമായി ബന്ധമുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള എല്ലാവിധ പ്രസിദ്ധീകരണങ്ങളും വില്പനയ്ക്കു വെയ്ക്കുന്ന 'വെറൈറ്റി ന്യൂസ്' ആണ് അതിലൊന്ന്. പരസ്പരം ഡെക്കാനി ഉറുദുവിലും ഉപഭോക്താക്കളോട് ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലും സംസാരിക്കുന്ന മുസ്ലിം കുടുംബമായിരുന്നു ആ കട നടത്തിയിരുന്നത്. പ്രീമിയറിലെയും സെലക്ടിലെയും പോലെ വെറൈറ്റി നടത്തിപ്പുകാരും തങ്ങളുടെ ഇടപാടുകാരുമായി നല്ലബന്ധം സൂക്ഷിച്ചു. ഓരോരുത്തരുടെയും താത്പര്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടത് നല്‍കി. ബെംഗളൂരുവിലെ എനിക്ക് പ്രിയപ്പെട്ട നാലാമത്തെ ഇടം ബ്രിട്ടീഷ് ലൈബ്രറിയാണ്. ബ്രിട്ടീഷ് രാജിന്റെ പ്രതാപം പേറുന്ന ഈ ഗ്രന്ഥാലയത്തിലൂടെ ഇംഗ്ലണ്ടില്‍ അച്ചടിച്ച പുസ്തകങ്ങള്‍ നാട്ടുകാരായ ലൈബ്രേറിയന്‍മാര്‍ ഇവിടത്തുകാര്‍ക്ക് വിതരണംചെയ്തുപോന്നു.
ഈ നാല് സ്ഥലങ്ങളും എനിക്കിഷ്ടംതന്നെ. അതിലേറെ എനിക്കിഷ്ടപ്പെട്ട മറ്റൊരു സ്ഥലമുണ്ട്, കോശീസ് പരേഡ് കഫേ. നഗരത്തിലെ പുതുതാമസക്കാര്‍ക്കിടയില്‍ ഇത് 'കോശീസ്' എന്നാവും അറിയപ്പെടുക. പക്ഷേ, എനിക്കിതെപ്പോഴും 'പരേഡ്' ആണ്. സെന്റ് മാര്‍ക്ക്സ് റോഡില്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൈവശമുള്ള രണ്ടുനിലക്കെട്ടിടത്തിന്റെ താഴെനിലയിലാണ് ഈ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍നിന്നുള്ള പി.ഒ. കോശി എന്ന സുറിയാനി ക്രിസ്ത്യാനി 1952-ല്‍ ആരംഭിച്ചതാണ് പരേഡ്. കൃത്യം അമ്പതുവര്‍ഷം മുന്‍പ് 1970-ലാണ് ഈ സ്ഥാപനത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. അന്നത്തെ വേനലവധിക്കാലം ബെംഗളൂരുവിലെ അമ്മാവനോടൊപ്പം ചെലവഴിക്കുകയായിരുന്നു ഞാന്‍. അദ്ദേഹത്തോടൊപ്പം എന്നും ഉച്ചയ്ക്കുശേഷം ഫ്രണ്ട്സ് യൂണിയന്‍ ക്രിക്കറ്റ് ക്ലബ്ബില്‍ പരിശീലനത്തിനും പോകുന്നുണ്ട്. കണ്ഠീരവ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലാണ് ക്ലബ്ബിന്റെ ക്രിക്കറ്റ് പരിശീലനം നടക്കാറ്. അവിടെനിന്നൊരു ക്രിക്കറ്റ് പന്ത് എറിഞ്ഞാലെത്തുന്ന ദൂരമേയുള്ളൂ കോശീസിലേക്ക്. നെറ്റ്സിലെ പരിശീലനത്തിനുശേഷം ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ അങ്ങോട്ടു നീങ്ങും. മുതിര്‍ന്നവര്‍ കാപ്പികുടിക്കുമ്പോള്‍ അന്ന് 12 വയസ്സുള്ള ഞാന്‍ ലൈം ജ്യൂസാണ് ഓര്‍ഡര്‍ചെയ്യുക.
കോശീസിനെക്കുറിച്ച് ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നത് 1980-കളിലാണ്. അപ്പോഴേക്കും ഞാന്‍ ബെംഗളൂരുവില്‍ ജോലിക്കു ചേര്‍ന്നിരുന്നു. എം.ജി. റോഡില്‍ ട്രിനിറ്റി സര്‍ക്കിളിന്റെ ഭാഗത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. റസ്റ്റോറന്റിലേക്ക് പോകുന്നവഴിക്കായിരുന്നു സെലക്ടും പ്രീമിയറും. കോശീസിന് എതിര്‍വശത്തുള്ള റോഡിലാണ് വെറൈറ്റി ന്യൂസ്. കോശീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് ബ്രിട്ടീഷ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.
അങ്ങനെ എനിക്ക് പ്രിയപ്പെട്ട നാല് സ്ഥാപനങ്ങളിലേക്കുമുള്ള യാത്രകള്‍ക്കിടയില്‍ കോശീസിലും പതിവായി കയറിത്തുടങ്ങി. റസ്റ്റോറന്റില്‍ കയറി കാപ്പിയും കൂടെ കഴിക്കാന്‍ എന്തെങ്കിലും ഓര്‍ഡര്‍ചെയ്തശേഷം തുണിസഞ്ചിയില്‍നിന്ന് അന്നു വാങ്ങിയ പുസ്തകങ്ങളും മാസികകളും എടുത്തു പരിശോധിക്കും. കാപ്പികുടിച്ചുകൊണ്ട് ഓരോ പേജും ആഹ്ലാദത്തോടെ മറിച്ചുനോക്കി ഞാനവിടെയിരിക്കും. അരമണിക്കൂറിനുശേഷം വീട്ടിലേക്കു മടങ്ങും.
1989-ല്‍ ഞാനും ഭാര്യ സുജാതയും ഡല്‍ഹിയിലേക്കു താമസം മാറി. ആറുവര്‍ഷത്തിനുശേഷമാണ് ബെംഗളൂരുവിലേക്കു തിരിച്ചുവരുന്നത്. 1995-ല്‍ ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ എനിക്കിഷ്ടപ്പെട്ട അഞ്ച് സ്ഥാപനങ്ങളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, 2020-ല്‍ കാര്യങ്ങളാകെ മാറിമറിഞ്ഞിരിക്കുന്നു. പ്രീമിയറും വെറൈറ്റി ന്യൂസും ബ്രിട്ടീഷ് ലൈബ്രറിയും അടച്ചുപൂട്ടിക്കഴിഞ്ഞു. സെലക്ടാകട്ടെ, പണ്ടത്തെ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി ചുരുങ്ങി. ബെംഗളൂരുവില്‍ വീണ്ടും പാര്‍പ്പുതുടങ്ങി 25 വര്‍ഷം പിന്നിടുമ്പോള്‍ ഒരു സ്ഥാപനം മാത്രമേ ഇപ്പോളെനിക്ക് കൂട്ടായുള്ളൂ- കോശീസ് പരേഡ് കഫെ. സ്ഥാപകന്റെ പേരക്കുട്ടികളാണ് ഇപ്പോള്‍ കോശീസ് നടത്തുന്നത്, സന്തോഷും പ്രേമും. നിശ്ശബ്ദനും ഉള്‍വലിയുന്ന സ്വഭാവക്കാരനുമാണ് സന്തോഷ്. കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹത്തിനിഷ്ടം. എന്നാല്‍ പ്രേമാകട്ടെ, നേരേ തിരിച്ചാണ്. ഓരോ മേശയ്ക്കുമുന്നിലുമെത്തി അതിഥികളോട് കുശലംപറഞ്ഞും വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചറിഞ്ഞും പ്രേം സദാ സജീവമാണ്.
ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha Column Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..