-
ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് വളരെ മോശം ആഴ്ചകളായിരുന്നു കഴിഞ്ഞുപോയത്. രോഗശയ്യയിലായിരുന്ന മൂന്ന് പൊതുസ്ഥാപനങ്ങള്‍ വിശ്വാസ്യതയുടെയും പ്രവര്‍ത്തനശേഷിയുടെയും കാര്യത്തില്‍ കൂടുതല്‍ വഷളാകുന്നത് നമുക്ക് കാണേണ്ടിവന്ന ആഴ്ചകള്‍.
ആദ്യത്തെത് പൊലീസ്. ജാമിയ മില്ലിയ സര്‍വകലാശാലയിലും ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ഡല്‍ഹി പൊലീസ് കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളും ഫെബ്രുവരി രണ്ടാംപകുതിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ അവര്‍ കൈയും കെട്ടി നോക്കിനിന്നതുമൊക്കെ വലിയ നാണക്കേടായി.
1947-നുശേഷം രാജ്യതലസ്ഥാനം ഇത്ര രൂക്ഷമായ ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന് സാക്ഷിയായിട്ടില്ല. രാഷ്ട്രീയനേതൃത്വത്തിന് തടയാന്‍ സാധിക്കാതെ വരുമ്പോഴോ അവരതിന് മുതിരാതെ വരുമ്പോഴോ മാത്രമാണ് വലിയ ലഹളകള്‍ സംഭവിക്കുക എന്നകാര്യം എല്ലാവര്‍ക്കുമറിയാം. പൊലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും കൃത്യസമയത്ത് വിന്യസിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആഭ്യന്തരമന്ത്രി പി.വി. നരസിംഹറാവുവും തയ്യാറായിരുന്നെങ്കില്‍ 1984-ലെ ഡല്‍ഹി സിഖ് വിരുദ്ധ കലാപം സംഭവിക്കുമായിരുന്നില്ല.
അക്കാലത്ത് കൊല്‍ക്കത്തയിലായിരുന്നു ഞാന്‍. നഗരത്തിലെ മുപ്പതിനായിരം വരുന്ന സിഖുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനും ഭരണസംവിധാനത്തിനും ഉത്തരവ് നല്‍കിയ ജ്യോതി ബസുവിന്റെ തീരുമാനം ഓര്‍ക്കുന്നു. സിഖുകാര്‍ സുരക്ഷിതരാവുകയും ചെയ്തു.
ബസുവിന്റെ നിലപാടിന് പകരം രാജീവിന്റെയും റാവുവിന്റെയും നിലപാട് പിന്തുടരാനാണ് ഫെബ്രുവരിയില്‍ മോദിയും അമിത് ഷായും തീരുമാനിച്ചത്. സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുസ്ലിങ്ങളെ ആക്രമിക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ പരസ്യമായി ആക്രോശിച്ചിട്ടുപോലും, ഡല്‍ഹി പൊലീസ് ഒന്നും ചെയ്തില്ല. അക്രമം തുടങ്ങിയപ്പോഴാകട്ടെ അവരത് കണ്ടുനില്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ കാര്യക്ഷമമായോ നിഷ്പക്ഷമായോ അവര്‍ കാര്യങ്ങള്‍ ചെയ്തതുമില്ല. ഡല്‍ഹി പൊലീസിന്റെ കുറ്റകൃത്യങ്ങള്‍ വെള്ളപൂശാന്‍ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ എങ്ങനെ ശ്രമിച്ചാലും സ്വന്തം നെറികേടുകള്‍ മറക്കാന്‍ സി.സി.ടി.വി. ക്യാമറകള്‍ അടിച്ചുതകര്‍ക്കുന്ന പൊലീസുകാരുടെ ചിത്രം അത്രയെളുപ്പം ജനമനസ്സുകളില്‍നിന്ന് മായില്ല.
ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha column Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..