ഈഡൻ ഗാർഡൻസിൽ നടന്ന രഞ്ജി ട്രോഫി സെമിഫൈനലിൽ കർണാടകയെ പരാജയപ്പെടുത്തിയ ശേഷം ബംഗാൾ കോച്ച് അരുൺ ലാൽ ആഹ്ലാദം പങ്കിടുന്നു
രഞ്ജി ട്രോഫി ആരാധകരെന്ന നിലയ്ക്ക് 1980-കളിലെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ ഞാനും രാഷ്ട്രീയചിന്തകന്‍ പാര്‍ഥ ചാറ്റര്‍ജിയും ചരിത്രകാരന്‍ രുദ്രാംക്ഷു മുഖര്‍ജിയും ബംഗാള്‍, കര്‍ണാടക ക്രിക്കറ്റിനെക്കുറിച്ചും ഇന്ത്യന്‍, വെസ്റ്റിന്ത്യന്‍ ടീമുകളെക്കുറിച്ചും ധാരാളം സംസാരിച്ചു. തങ്ങള്‍ ജനിക്കുന്നതിന് മുന്‍പുള്ള ബംഗാളിന്റെ ഏക രഞ്ജി വിജയത്തെക്കുറിച്ചുള്ള ധാരാളം കഥകള്‍ കേട്ടാണ് പാര്‍ഥയും രുദ്രാംക്ഷുവും വളര്‍ന്നത്. ബംഗാളിനുവേണ്ടി കളത്തിലിറങ്ങിയ രണ്ട് വെള്ളക്കാരായിരുന്നു ടീമിന്റെ താരങ്ങള്‍. എ.എല്‍. ഹോസി, ടി.സി. ലോങ്ഫീല്‍ഡ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. അലക്സാണ്ടര്‍ ലിന്‍ഡ്സേ, തോമസ് ചാള്‍സ് എന്നിവയുടെ ചുരുക്കെഴുത്താണ് അവരുടെ ഇനിഷ്യലുകള്‍ എന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ഈഡന്‍ ഗാര്‍ഡനിലെ കാണികള്‍ സ്‌നേഹത്തോടെ അവരെ 'അമൃത്ലാല്‍', 'തുളസീചരണ്‍' എന്നിങ്ങനെയായിരുന്നു വിളിച്ചതെന്ന് പാര്‍ഥയും രുദ്രാംക്ഷുവും പറഞ്ഞുതന്നു.
ബംഗാള്‍ ടീമിന്റെ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തെക്കുറിച്ചുള്ള കേട്ടറിവേ എന്റെ സുഹൃത്തുക്കള്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ എനിക്കാകട്ടെ ജീവിതകാലയളവിനിടയ്ക്കുതന്നെ കര്‍ണാടക ടീം രഞ്ജി ട്രോഫി ഉയര്‍ത്തിയ പെരുമ പറയാനുണ്ട്. അത്തരത്തിലുള്ള ചില മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അതേക്കുറിച്ചൊക്കെ 1980-കളില്‍ കൊല്‍ക്കത്തയിലിരുന്ന് ഞാന്‍ സുഹൃത്തുക്കളോട് മേനിനടിച്ചിട്ടുണ്ടാവാം. അതിന്റെ തിരിച്ചടിയായാണ് കഴിഞ്ഞ മാസം പാര്‍ഥ ചാറ്റര്‍ജിയില്‍നിന്ന് കിട്ടിയ ഇ-മെയില്‍ സന്ദേശത്തെ ഞാന്‍ കാണുന്നത്.
എപ്പോഴത്തെയും പോലെ വളരെ ചുരുങ്ങിയ വാക്കുകളേ പാര്‍ഥയുടെ ഇ-മെയിലിലുണ്ടായിരുന്നുള്ളൂ. സാധാരണ വിമതസ്വരങ്ങളുടെ അടിച്ചമര്‍ത്തല്‍, സമഗ്രാധിപത്യത്തിന്റെ ഉദയം എന്നീ ഗൗരവമേറിയ വിഷയങ്ങളാണ് ഞങ്ങളുടെ കത്തുകള്‍ക്ക് വിഷയമാവുക. ഇക്കുറി ക്രിക്കറ്റായിരുന്നു വിഷയം. പത്തുവാക്കുകള്‍ മാത്രമുള്ള ആ സന്ദേശം ഇതായിരുന്നു: 'ബംഗാള്‍ കര്‍ണാടകയെ തകര്‍ത്തെറിഞ്ഞു. പിഗി ലാലിന് മൂന്ന് ചിയേഴ്സ്, ഹിപ് ഹിപ് ഹുറേ!'
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രഞ്ജി ട്രോഫി സെമിഫൈനലില്‍ പാര്‍ഥയുടെ ടീം എന്റെ ടീമിനെ തോല്‍പ്പിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് അത് കാണാന്‍ ഗ്രൗണ്ടിലെത്തിയിരുന്നോ എന്ന കാര്യത്തില്‍ ഉറപ്പില്ല, പക്ഷേ, അദ്ദേഹം മത്സരവിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞിരുന്നു എന്നത് വ്യക്തം. ഞാനാണെങ്കില്‍ ആ മത്സരം ശ്രദ്ധിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പാര്‍ഥയുടെ മെയിലില്‍ നിന്ന് ബംഗാള്‍ ടീമിന്റെ മാനേജര്‍ അരുണ്‍ (പിഗി) ലാല്‍ ആണെന്ന് എനിക്ക് മനസ്സിലായി. ഇന്റര്‍നെറ്റ് വഴി ഞാനത് സ്ഥിരീകരിക്കുകയും ചെയ്തു.