2004-ലും പിന്നീട് 2009-ലും ബി.ജെ.പി. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ എന്നെപ്പോലെയുള്ള ഉല്‍പതിഷ്ണുക്കള്‍ ഹിന്ദുത്വയ്ക്ക് ഭാവിയില്ലെന്ന് കരുതി. എന്നാല്‍ ആ  പരാജയങ്ങളൊന്നും ഒരു രാഷ്ട്രീയശക്തി എന്ന നിലയ്ക്കും ശക്തമായൊരു രാഷ്ട്രീയ ആശയം എന്ന നിലയ്ക്കും ഹിന്ദുത്വയെ ബാധിച്ചതേയില്ല. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന്റെ ഊര്‍ജത്തില്‍ 2014 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭൂരിപക്ഷം നേടി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പലവര്‍ഷങ്ങള്‍ പിന്നോട്ടടിപ്പിച്ച നോട്ട് നിരോധനത്തിന്റെ പേരിലാണ് മോദിയുടെ ആദ്യത്തെ അഞ്ചുവര്‍ഷങ്ങള്‍ ഓര്‍മിക്കപ്പെടുക. 370-ാം വകുപ്പ് റദ്ദാക്കലും പൗരത്വ ഭേദഗതി നിയമവുംകൊണ്ടാവും രണ്ടാംവരവ് ഓര്‍മിക്കപ്പെടുക. ഇന്ത്യന്‍ ബഹുസ്വരതയ്ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചവയാണ് രണ്ട് തീരുമാനങ്ങളും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹികഘടനയ്ക്കും എന്തൊക്കെ പരിക്കുകളാണ് വരുംവര്‍ഷങ്ങളില്‍ മോദിയും കൂട്ടരും വരുത്തിവെക്കുക എന്നത് കണ്ടുതന്നെ അറിയേണ്ട കാര്യങ്ങളാണ്.

ഇന്ത്യ ആഗോളശക്തിയാകുന്നു എന്ന് 2007-ല്‍ നടത്തിയ പ്രചാരണം അനവസരത്തിലുള്ളതാകാം. പക്ഷേ, അന്ന് പറയാന്‍ നമുക്കൊരു 'ഇന്ത്യന്‍ വീരഗാഥ'യുണ്ടായിരുന്നു എന്നത് സത്യമാണ്. വ്യത്യസ്തവും കെട്ടുപിണഞ്ഞുകിടക്കുന്നതുമായ പല സംസ്‌കാരങ്ങളെ ഒന്നിച്ചുചേര്‍ത്ത് ഒറ്റ രാഷ്ട്രമാക്കി നമ്മളന്ന് കൊണ്ടുനടന്നു; പുരുഷമേല്‍ക്കോയ്മയില്‍ അധിഷ്ഠിതവും അത്രയൊന്നും സാക്ഷരതയുമില്ലാത്ത ഒരു ജനതയെ ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ നമ്മള്‍ പങ്കെടുപ്പിച്ചു; കൊടുംപട്ടിണിക്കും പരിവട്ടത്തിനും പേരുകേട്ട ഒരു നാട്ടിലെ ദശലക്ഷക്കണക്കിന് മനുഷ്യരെ നമ്മള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ബയോടെക്‌നോളജിയുംപോലുള്ള അതിനൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ ബഹുദൂരം മുന്നേറി.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

2007-ല്‍ നടത്തിയ ആഗോളശക്തി അവകാശവാദം അനാവശ്യമായിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിനുശേഷം നമ്മള്‍ നേടിയ പുരോഗതി കുറച്ചുകാണാന്‍ ആര്‍ക്കുമാവില്ല. എന്നാലിപ്പോള്‍ 2020 ഓഗസ്റ്റില്‍ അങ്ങനെയൊരു 'ഇന്ത്യന്‍ വീരഗാഥ' തന്നെ ഇല്ലാതായി. കോവിഡ്-19 നമ്മുടെ തീരങ്ങളിലേക്കെത്തുന്നതിന് മുന്‍പുതന്നെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്നു. നമ്മുടെ ജനാധിപത്യത്തിലാകട്ടെ അഴിമതിയുടെ തുരുമ്പ് കയറിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഭയപ്പാടിലും അരക്ഷിതത്വത്തിലും കഴിയുകയാണ്. പണ്ട് ശുഭാപ്തിവിശ്വാസക്കാരായിരുന്ന സംരംഭകര്‍ ആകെ നിരാശയിലാണിപ്പോള്‍. ഈ മഹാവ്യാധി നമ്മുടെ സാമ്പത്തികവ്യഥകളും സാമൂഹികവിള്ളലുകളും ജനാധിപത്യ പോരായ്മകളുമൊക്കെ കൂടുതല്‍ രൂക്ഷമാക്കുന്നു. 2014 മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും സമൂഹത്തിന്റെ ബഹുസ്വരമൂല്യങ്ങള്‍ക്കുമൊക്കെ ഏറ്റുതുടങ്ങിയ പരിക്കുകളില്‍നിന്ന് പൂര്‍ണമായി എന്നെങ്കിലും മോചനം കിട്ടുമോയെന്നത് ചോദ്യമായി അവശേഷിക്കുന്നു.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha column Mathrubhum weekly Narendra Modi BJP