രാഹുൽ ഗാന്ധി (ഫയൽ ചിത്രം)| ഫൊട്ടൊ: കമൽ കിഷോർ| പി.ടി.ഐ
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയജീവിതം വിശകലനംചെയ്തുകൊണ്ട് 2013 ജനുവരിയില്‍ ഞാന്‍ ടെലിഗ്രാഫ് ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. രാഹുലിനെപ്പറ്റി പറയാവുന്ന ഒരു കാര്യം അയാള്‍ ഒന്നിനെയും ആഴത്തില്‍ പഠിക്കാത്ത ഒരാള്‍ എന്നത് മാത്രമാണ്. ഭരണനിര്‍വഹണത്തിനുള്ള ഒരു ശേഷിയും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല; പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള താത്പര്യവുമില്ല, പ്രധാനപ്പെട്ട സാമൂഹികപ്രശ്‌നങ്ങള്‍ തിരിച്ചറിയാനോ അവ പരിഹരിക്കുന്നതിനോ ഉള്ള ഊര്‍ജവും അദ്ദേഹത്തിനില്ല''- ലേഖനത്തില്‍ ഞാന്‍ ഇങ്ങനെയെഴുതി. ''രാഹുല്‍ കോളേജില്‍ പഠിക്കുകയോ ഏതെങ്കിലും സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുകയോ സ്വന്തമായി ചെറിയൊരു സംരംഭം നടത്തുകയോ ആണെങ്കില്‍ അദ്ദേഹത്തിന്റെ പ്രാപ്തിക്കുറവ് കാര്യമാക്കേണ്ടതില്ലായിരുന്നു. പക്ഷേ, ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതും സ്വാധീനശക്തിയുള്ളതുമായ രാഷ്ട്രീയകക്ഷിയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുമാണെന്നതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകേടുകള്‍ വലിയ വിഷയംതന്നെയാണ്'' എന്നുപറഞ്ഞുകൊണ്ടാണ് ഞാന്‍ ലേഖനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചെഴുതുന്നവര്‍ പലപ്പോഴും മണ്ടത്തരം പറച്ചിലും തെറ്റായ വിധിപ്രസ്താവങ്ങളും നടത്താറുണ്ട്. എനിക്കും അത്തരം തെറ്റുകള്‍ പിണഞ്ഞിട്ടുണ്ടാവാം. പക്ഷേ, രാഹുല്‍ ഗാന്ധിയെക്കുറിച്ച് നടത്തിയ വിലയിരുത്തലില്‍ ഇന്നും ഞാനുറച്ചുനില്‍ക്കുന്നു. ഏഴരവര്‍ഷങ്ങള്‍ക്കിപ്പുറവും രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി അന്ന് നിന്നിടത്തുതന്നെ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കഴിവുകേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹിന്ദി ഒഴുക്കോടെ സംസാരിക്കാനറിയാത്തത്. ഉത്തര്‍പ്രദേശില്‍നിന്ന് മൂന്നുവട്ടം എം.പി.യായിട്ടുപോലും ഹിന്ദി നന്നായി സംസാരിക്കാന്‍ രാഹുലിന് ഇപ്പോഴും സാധിക്കുന്നില്ല.
ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗത്തിന്റെ സംസാരഭാഷയായ ഹിന്ദിയിലെ രാഹുലിന്റെ മോശം പ്രകടനമാണ് 2014-ലും 2019-ലുമുള്ള കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന്റെ ഒരു കാരണം. അദ്ദേഹം തട്ടിത്തടഞ്ഞും ക്ലേശിച്ചും ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദി അതിയായ ആത്മവിശ്വാസത്തോടെ ആ ഭാഷ കൈകാര്യംചെയ്തു. തോല്‍വിക്കുപിന്നില്‍ മറ്റു കാരണങ്ങള്‍കൂടിയുണ്ട്. ഭരണതലത്തിലുള്ള പരിചയക്കുറവും രാഹുല്‍ നെഹ്രുകുടുംബത്തിലെ അഞ്ചാം തലമുറക്കാരനാണ് എന്നതുമൊക്കെ തിരിച്ചടിയായി.
മുന്‍ പ്രധാനമന്ത്രിമാരുടെ പുത്രനും പൗത്രനും പ്രപൗത്രനുമൊക്കെയാണ് രാഹുല്‍ ഗാന്ധി എന്ന വസ്തുത ഭൂരിഭാഗം ഇന്ത്യക്കാരും അയോഗ്യതയായാണ് കണ്ടത്. ജന്മത്തിന്റെയും പാരമ്പര്യത്തിന്റെയും പേരുപറഞ്ഞുള്ള അവകാശവാദങ്ങള്‍ കേട്ട് മനസ്സുമടുത്തവരായിരുന്നു അവര്‍. മോദിസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുമ്പോഴും എതിര്‍ക്കുമ്പോഴും ഈ പാരമ്പര്യബന്ധങ്ങള്‍ തിരിച്ചടിയാവുകയും ചെയ്തു. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും മാധ്യമങ്ങളെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തിയ കാര്യം രാഹുല്‍ ഗാന്ധിയും കൂട്ടരും പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഉയര്‍ത്തിക്കാട്ടി ഭരണപക്ഷം അതിനെ പ്രതിരോധിച്ചു.
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും
Content Highlights: Ramachandra Guha Column Malayalam Mathrubhumi weekly Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..