നാല് ആണ്‍മക്കളുണ്ടായിരുന്നു മഹാത്മാഗാന്ധിക്ക്. സ്വാതന്ത്ര്യസമരകാലത്ത് നാലുപേരും ജയിലില്‍ കിടന്നിട്ടുമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു രാഷ്ട്രീയസ്ഥാനവും സ്വന്തമാക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഗാന്ധിയുടെ ഈ ധാര്‍മികത അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍പോലും പിന്തുടര്‍ന്നില്ല. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പുത്രി ഇന്ദിരാ ഗാന്ധി 1959-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ കാര്യം എല്ലാവര്‍ക്കുമറിയാം.
പക്ഷേ, വല്ലഭ് ഭായ് പട്ടേലിന്റെ മകനും മകളും പിതാവിന്റെ പേരുപറഞ്ഞ് പാര്‍ലമെന്റ് അംഗങ്ങളായ കാര്യം അധികംപേര്‍ക്കറിയില്ല. രാജഗോപാലാചാരിയുടെ മകന്‍ പാര്‍ലമെന്റ് അംഗമായി, ഗോവിന്ദ് വല്ലഭ് പാന്തിന്റെ മകനും. ഇത്തരം കാര്യങ്ങളില്‍ ഗാന്ധി പുലര്‍ത്തിപ്പോന്ന ദൃഢമായ ഔചിത്യബോധം മാതൃകയാക്കാന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ പല പ്രമുഖ നേതാക്കള്‍ക്കും സാധിച്ചിട്ടില്ല. സ്വാധീനമുപയോഗിച്ച് മകനോ മകള്‍ക്കോ പാര്‍ലമെന്റ് സീറ്റ് തരപ്പെടുത്തുന്നത് ഒരു കാര്യം, സ്വന്തം കുടുംബത്തെക്കൊണ്ട് പാര്‍ട്ടിയെ നിയന്ത്രിക്കുകയും വരുതിയില്‍ നിര്‍ത്തുകയും ചെയ്യുന്നത് മറ്റൊരു കാര്യം. സ്വജനപക്ഷപാതത്തിന്റെ കാര്യത്തില്‍ നെഹ്റുവും പട്ടേലും രാജാജിയുമൊക്കെ ചെറിയ തോതില്‍ അപരാധികളാണെന്ന് പറയാം. പക്ഷേ, 1975-ല്‍ തന്റെ രാഷ്ട്രീയപിന്‍ഗാമിയായി സഞ്ജയ് ഗാന്ധിയെ വാഴിച്ചുകൊണ്ട് സ്വജനപക്ഷപാതത്തെ രാഷ്ട്രീയ നിലപാടാക്കി മാറ്റിയത് ഇന്ദിരാഗാന്ധിയാണ്. സഞ്ജയ് ഗാന്ധി അകാലമരണത്തിന് കീഴടങ്ങിയപ്പോള്‍ മൂത്ത മകന്‍ രാജീവ് ഗാന്ധിയെ അവര്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. അതുവഴി കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ തന്റെ പിന്‍ഗാമി രാജീവ് ആയിരിക്കുമെന്ന് ഇന്ദിര പ്രഖ്യാപിക്കുകയായിരുന്നു.
ഭര്‍തൃമാതാവിനെ ഭയഭക്തിബഹുമാനങ്ങളോടെ ആദരിക്കുകയും ആ ഓര്‍മകളില്‍ ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സോണിയാഗാന്ധി. അതുകൊണ്ടാണ് അടിയന്തരാവസ്ഥയെച്ചൊല്ലി കോണ്‍ഗ്രസ് മാപ്പിരക്കേണ്ട കാര്യമില്ലെന്ന് സോണിയ കരുതുന്നത്. അതുകൊണ്ടാണ് തന്റെ ഏകമകന്‍ തനിക്ക് പിന്‍ഗാമിയായി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിരിക്കണമെന്ന് അവര്‍ നിര്‍ബന്ധംപിടിച്ചത്. രണ്ട് പൊതുതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതുകൊണ്ടാകാം, ബോധോദയം വന്ന മകന്‍ ആ പദവിയില്‍നിന്ന് രാജിവെച്ചിറങ്ങി. കുടുംബത്തിന് പുറത്തുള്ളൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് രാഹുല്‍ പ്രസ്താവിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ അമ്മതന്നെ പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചുവന്നു. അനുദിനം ക്ഷയിച്ചുവരുന്ന പാര്‍ട്ടിക്ക് മുകളില്‍ അതുവഴി കുടുംബത്തിന്റെ സ്വാധീനം വീണ്ടുമുറപ്പിച്ചു.