ചിത്രീകരണം: ബാലു
'ജാതി അവസരത്തെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നു. നിയന്ത്രിക്കപ്പെട്ട അവസരം കഴിവിനെ ഞെരുക്കുന്നു. ഞെരുക്കപ്പെട്ട കഴിവ് അവസരത്തെ കൂടുതല്‍ നിയന്ത്രിക്കുന്നു. ജാതി പ്രാമാണ്യം നേടുന്നിടത്ത് ജനതയുടെ സദാ സങ്കുചിതമായ വൃത്തങ്ങളിലേക്ക് അവസരവും കഴിവും പരിമിതപ്പെടുന്നു'- റാം മനോഹര്‍ ലോഹ്യയുടെ 'ജാതിവ്യവസ്ഥ' എന്ന പുസ്തകം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകളോടുകൂടിയാണ്. പുസ്തകത്തിലെ 'വര്‍ണ്ണവും സൗന്ദര്യവും' എന്ന ഭാഗത്തില്‍നിന്ന്;
ഒരു മനുഷ്യന്റെ ചര്‍മ്മത്തിന്റെ നിറം സൗന്ദര്യത്തിന്റെയോ മറ്റേതെങ്കിലും മേധാവിത്വത്തിന്റെയോ അടയാളമല്ല. എന്നിട്ടും യൂറോപ്യന്‍ വെള്ളനാടുകളില്‍ മാത്രമല്ല ഏഷ്യയുടെയോ അമേരിക്കയുടെയോ അത്യുഷ്ണദേശങ്ങളില്‍പ്പോലും സൗന്ദര്യവും വര്‍ണ്ണവും സമാനാര്‍ത്ഥമുള്ള പദങ്ങളായി ഗണിക്കപ്പെടുന്നു. അതേസമയം സൗന്ദര്യബോധത്തിലെ ഈ വൈകൃതത്തെ ഗുണപരമായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല.
കറുപ്പുനിറം എല്ലായ്പോഴും അവഗണിക്കപ്പെട്ട ഒന്നായിരുന്നില്ല, ചുരുങ്ങിയപക്ഷം ഇന്ത്യയിലെങ്കിലും. സംസ്‌കൃതസാഹിത്യത്തില്‍ ശ്യാമ സുന്ദരിയാണ്. ശ്യാമ ഒരുപക്ഷേ, യഥാര്‍ത്ഥത്തില്‍ കറുത്തവളായിരിക്കണമെന്നില്ല. അവള്‍ ചെറുപ്പക്കാരിയും സുന്ദരിയുമായിരിക്കുമ്പോഴായിരിക്കണം അവളെ ശ്യാമയെന്നു വിളിക്കുന്നത്. യുവത്വവും സൗന്ദര്യവും സമാനാര്‍ത്ഥങ്ങളുള്ള പദങ്ങളാണ്. കന്യകയെ എങ്ങനെ തിരിച്ചറിയും എന്ന് വിഷണ്ണരായ മേഘങ്ങള്‍ക്ക് കാളിദാസന്‍ ശ്യാമയെ വര്‍ണ്ണിച്ചുകൊടുക്കുന്നത് ഇപ്രകാരമാണ്:
കൃശമായ അരക്കെട്ടുള്ളവളും, നിതംബഭാരത്താല്‍ മന്ദമായി നടക്കുന്നവളും, ചുവന്നു തുടുത്ത കീഴ്ച്ചുണ്ടുള്ളവളും, ആശ്ചര്യഭരിതയായി നില്‍ക്കുന്ന മാനിന്റെ കണ്ണുകളോടുകൂടിയവളും, മാനിന്റെ ശരീരസമൃദ്ധിയുള്ളവളും എന്നാണ്. ദൈവത്തിന്റെ പുരുഷാവതാരങ്ങളായ രാമനും കൃഷ്ണനും കറുപ്പു നിറമുള്ളവരായിരുന്നു.
ഇന്ത്യന്‍ പുരാണത്തിലെ കരുത്തയായ സ്ത്രീ കറുത്തവളാണ്. ദ്രൗപദിയെ കൃഷ്ണയെന്നും വിളിച്ചിരുന്നു. കൃഷ്ണ ഇപ്പോള്‍ വളരെയധികം അവഗണിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ, വര്‍ത്തമാന പുരുഷഭാവനയ്ക്ക് അവളുടെ അഞ്ചു ഭര്‍ത്താക്കന്മാരോടുള്ള പരിശുദ്ധമായ പ്രണയം ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിനാലായിരിക്കാം. ഭാരതീയസ്ത്രീത്വത്തിന്റെ പ്രതീകങ്ങളായി പതിവ്രതകളും വെളുപ്പു നിറമുള്ളവരുമായ സാവിത്രിയും സീതയും അവതരിപ്പിക്കപ്പെടുന്നത് മറ്റു പ്രതീകങ്ങളെ പുറംതള്ളുന്നതിന്റെകൂടി ഫലമാണ്. എന്തുതന്നെയായാലും കറുപ്പുനിറമുള്ള കൃഷ്ണയും കൃഷ്ണനും: ഭാരതീയപുരാണങ്ങളിലെ സമാനതകളില്ലാത്ത ഈ രണ്ടു പുഷ്പങ്ങള്‍ വര്‍ണ്ണനാതീതമായ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്നുണ്ട്.
ഒരുപക്ഷേ, ദ്രൗപദിയായിരിക്കും ലോകചരിത്രത്തിലും നിലവിലുള്ള പുരാണങ്ങളിലും വെച്ച് അവളുടെ സമകാലീനരായ പുരുഷന്മാരെക്കാള്‍ ഏറ്റവും ബുദ്ധിയും ക്ഷണയുക്തിയും ഉള്ളവള്‍. അവളെ കൃഷ്ണനുമായി താരതമ്യപ്പെടുത്തേണ്ടുന്ന ഒരു പ്രശ്നവും ഉദിക്കുന്നില്ല. രണ്ടുപേരും ഉറ്റസുഹൃത്തുക്കളാണ്. അതേസമയം കൃഷ്ണന്റെ രാധയുമായുള്ള ബന്ധം പരമാനന്ദത്തിന്റേതാണ്.

മഹാഭാരതത്തിലെ തുല്യപ്രാധാന്യമുള്ള രണ്ടു നായകര്‍ കൃഷ്ണയും കൃഷ്ണനുമാണ്. കലഹത്തിന്റെ നിഴല്‍ അശേഷവുമില്ലാത്ത സൗഹൃദത്തിന്റെ പ്രതീകങ്ങള്‍. ദ്രൗപദി കറുത്തവളും സുന്ദരിയുമാണ്. വെളുത്ത നിറമുള്ളവര്‍ സുന്ദരികളല്ലേ എന്ന ചോദ്യം എനിക്കു നേരേ ഉയരാം. അവര്‍ സുന്ദരികളല്ല എന്നു പറയുന്നതും സത്യവിരുദ്ധമായിരിക്കും. സ്ത്രീസൗന്ദര്യത്തെക്കുറിച്ചുള്ള മനോഹരമായ കാവ്യസങ്കല്‍പ്പംതന്നെ കറുത്ത തലമുടികളാല്‍ ആവൃതമായ എട്ടാം ദിനത്തിലെ അപൂര്‍ണ്ണനായ ചന്ദ്രനു സമാനമായ വിരിഞ്ഞ നെറ്റിത്തടമുള്ളവളെക്കുറിച്ചാണ്.
ഒരുപക്ഷേ, പൗരാണികഭാരതം സൗന്ദര്യത്തെ നിറത്തില്‍നിന്നും വേര്‍പെടുത്തുന്നതില്‍ വിജയിച്ചിരിക്കാം. അതുപോലെ എവിടെയും സൗന്ദര്യത്തെ ദര്‍ശിക്കുന്ന കാര്യത്തിലും. നിറത്തിന്റെ അടിസ്ഥാനത്തില്‍ സൗന്ദര്യത്തെ ദര്‍ശിക്കുന്ന മുന്‍ധാരണകളെ മറികടക്കാന്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും ഭാരതത്തിനു കഴിഞ്ഞിട്ടുണ്ട്. പില്‍ക്കാലത്ത് സൗന്ദര്യബോധത്തിലെ ഈ പൂര്‍ണ്ണത മലിനീകരിക്കപ്പെടുകയുണ്ടായി. ലോകസൗന്ദര്യമത്സരത്തില്‍ മാറിടം, അരക്കെട്ട്, നിതംബം എന്നിവയുടെ അളവുകളാണ് സൗന്ദര്യത്തെ നിര്‍ണ്ണയിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.
കറുപ്പിന്റെ സൗന്ദര്യം ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല. ലോകമത്സരത്തിന്റെ അര്‍ദ്ധശതകചരിത്രത്തില്‍ ഒരു ജപ്പാന്‍കാരി മാത്രമാണ് ജേതാവായത്. അവരില്‍നിന്ന് ഒരു ജേതാവുണ്ടാകുന്നതിനു മുമ്പുതന്നെ ജപ്പാന്‍ സ്ത്രീകള്‍ സുന്ദരികളാണ്. അവരുടെ കൂട്ടത്തില്‍നിന്ന് ജേതാവുണ്ടായതിനു ശേഷമാണ് അവര്‍ കൂടുതല്‍ സുന്ദരികളായത് എന്ന് അര്‍ത്ഥമില്ലല്ലോ? മാറ്റം അവരിലല്ല ഉണ്ടായിട്ടുള്ളത്. കാലിഫോര്‍ണിയില്‍നിന്നുള്ള വിധികര്‍ത്താക്കളുടെ ദൃഷ്ടിയിലാണ് മാറ്റമുണ്ടായത് എന്നു വ്യക്തം. ഒരുപക്ഷേ, അടുത്ത ഊഴം ആഫ്രിക്കയിലെയും ഏഷ്യയിലെയും കറുത്ത, ഇരുണ്ട സുന്ദരികളുടേതാകാം.
നോക്കുന്നവന്റെ കണ്ണുകള്‍ അവനെ വഞ്ചിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അവര്‍ കാണുന്നത് അവരുടെ മനസ്സ് പഠിപ്പിച്ചതനുസരിച്ചാണ്. സ്ത്രീസൗന്ദര്യത്തിന്റെ മാന്ത്രികതയുടെ നാടോടിപാരമ്പര്യമുള്ളതാണ് അസാം. അവരുടെ സൗന്ദര്യം നുകരുന്ന സന്ദര്‍ശകര്‍ ചടങ്ങുകളിലെ സ്ത്രീകളുടെ പുറംമോടിയാണ് കാണുന്നത്. അവരുടെ സംസാരമോ സ്വഭാവമോ അവര്‍ അറിയുന്നില്ല. അവര്‍ മനസ്സില്‍ രൂപപ്പെടുത്തിയ വെളുത്ത നിറത്തിന്റെ സൗന്ദര്യമാണോ അതല്ല, അവരുടെ കണ്ണില്‍ പ്രത്യക്ഷമാകുന്ന രൂപഭംഗിയാണോ അവരെ ആകര്‍ഷിക്കുന്നത്? അസമിലെ സ്ത്രീകള്‍ അതീവസുന്ദരികളാണ്. പക്ഷേ, അവിടെയെത്തുന്നവര്‍ സൗന്ദര്യത്തെ വെളുത്ത നിറവുമായി കൂട്ടിക്കുഴയ്ക്കുകയാണെന്ന് തിരിച്ചറിയുന്നില്ല.
സ്ത്രീ ചായത്തൊഴിലാളികളില്‍ ചിലരെങ്കിലും ഛത്തീസ്ഗഢില്‍നിന്നും ഒഡിഷയില്‍നിന്നുമൊക്കെ ഉള്ളവരാണ്. അവരുടെ രൂപവും മോഹിപ്പിക്കുന്ന മുഖസൗന്ദര്യവും ആരെയും മഥിക്കും. ഈ സ്ത്രീകളൊക്കെ കറുത്ത നിറമുള്ളവരാണ്. വെളുപ്പിലും കറുപ്പിലുമുള്ള സൗന്ദര്യത്തെക്കുറിച്ച് പലരും ചിന്തിച്ചിരിക്കണമെന്നില്ല. ചിലര്‍ അവരുടെ യൗവനം പിന്നിടുമ്പോഴായിരിക്കും അത് ആലോചിക്കുന്നത്.
പുരാണസങ്കല്‍പ്പത്തില്‍ കൃഷ്ണന്റെ യൗവനകാലത്തെ പങ്കാളിയാണ് വെളുത്ത സുന്ദരിയായ രാധ. എന്നാല്‍, കൃഷ്ണ ഭരണതന്ത്രജ്ഞതയുടെ കാലത്തും മദ്ധ്യവയസ്സിലും കൃഷ്ണന്റെ സുഹൃത്താണ്. ഒരാള്‍ പക്വത നേടുമ്പോള്‍ വടക്കിനെക്കാളും തെക്കിനു മുന്‍ഗണന കൊടുക്കുന്നതുപോലെ കറുത്തവളെയും കൂടുതല്‍ ഇഷ്ടപ്പെടാം.
ഞാന്‍ പുരുഷന്റെ പക്ഷത്തുനിന്നാണ് സ്ത്രീസൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍, സ്ത്രീയെ ഒരു സൗന്ദര്യവസ്തുവായിട്ടാണ് ഞാന്‍ കാണുന്നത് എന്ന് അതിന് അര്‍ത്ഥമില്ല. ഞാന്‍ ദ്രൗപദിയുടെ സൗന്ദര്യത്തെ അവരുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍നിന്നോ, അസമിലെ ചായത്തൊഴിലാളിസ്ത്രീകളുടെ സൗന്ദര്യത്തെ അവരുടെ അദ്ധ്വാനത്തില്‍നിന്നോ വേര്‍പെടുത്തിക്കണ്ടിട്ടില്ല.
ഞാനൊരു സ്ത്രീയായിരുന്നാലും പുരുഷസൗന്ദര്യത്തെ നോക്കിക്കാണുന്നതും ഇതേ വീക്ഷണകോണില്‍നിന്നായിരിക്കും. എന്നാല്‍, വ്യത്യാസമുണ്ടാകാം. ഒന്നാമതായി, സ്ത്രീയുടെ കാര്യത്തിലെന്നപോലെ ശരീരത്തിന്റെ നിറത്തിനനുസരിച്ച് പുരുഷസൗന്ദര്യത്തില്‍ ഇടിവുണ്ടാകുന്നില്ല. രണ്ടാമത്തേത്, പുരുഷന്റെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാള്‍ സ്ത്രീ ബോധവതിയാകുന്നത് സ്വന്തം സൗന്ദര്യത്തിന്റെ കാര്യത്തിലാണ്. സ്ത്രീയുടെ കാര്യത്തിലെന്നപോലെ എപ്പോഴെങ്കിലും സൗന്ദര്യം പുരുഷന്റെ അടയാളമായിട്ടുണ്ടോ എന്നെനിക്കു സംശയമാണ്.
വൈഗയുടെ തീരത്തുള്ള മധുരയുടെ അധിപയായ മീനാക്ഷി മീന്‍കണ്ണുള്ളവളായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിലെ ശക്തയായ ദേവിയാണ് മീനാക്ഷി. മീനാക്ഷിയുടെ മീന്‍കണ്ണിന്റെ സൗന്ദര്യം വൈഗയിലെ എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. മീന്‍കണ്ണുകളുടെയും മാന്‍കണ്ണുകളുടെയും സൗന്ദര്യത്തെ താരതമ്യപ്പെടുത്തുക എക്കാലത്തും വിഷമകരമാണ്. മെഡിറ്ററേനിയന്‍ കണ്ണുകള്‍ ഇന്ദ്രിയങ്ങളോടാണ് കൂടുതല്‍ സംസാരിക്കുന്നത്. എന്നാല്‍, വൈഗയിലെ പെണ്ണുങ്ങളുടെ കണ്ണുകള്‍ കൂടുതലായി ആത്മാവിനോടും. മീന്‍കണ്ണുകള്‍ക്ക് അനുതാപവും കാരുണ്യവും അല്‍പ്പം കൂടുതലാണെന്ന് തോന്നുന്നു. ഈ മീന്‍കണ്ണിയാളുകള്‍ തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളെയുംപോലെ കറുത്തവരാണ്.\
%20(1).jpg?$p=0e5d04d&&q=0.8)
തമിഴില്‍ വളരെയേറെ സിനിമകള്‍ ഉണ്ടാകുന്നുണ്ട്. അതിലെ നായകരെല്ലാം പൊതുവേ തമിഴര്‍തന്നെയാണ്. നായികയുടെ കാര്യത്തില്‍ തമിഴ് സിനിമ മലയാളികളിലേക്കും ആന്ധ്രയിലേക്കും നോക്കുന്നു. ഞാന്‍ കണ്ട തമിഴ് സിനിമയിലെ പ്രധാനമല്ലാത്ത റോളില്‍ അഭിനയിച്ച താമ്പരം ലളിത എന്ന നടിയെ പ്രത്യേകമായി ശ്രദ്ധിച്ചു. അവളിലൂടെ തമിഴ് സിനിമയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. അവരുടെ മുഖത്ത് ഏറെ ലേപനങ്ങള്‍ കട്ടിയില്‍ത്തന്നെ പൂശിയിട്ടുണ്ട്. അവരുടെ കൈകളുടെ നിറവും മുഖവും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്.
ലളിത ആ സിനിമയിലെ മറ്റു നടിമാരെപ്പോലെ സുന്ദരിയാണ്. തീര്‍ച്ചയായും കറുത്ത നിറവും ശരീരവടിവുമുള്ള മീനാക്ഷി അതീവസുന്ദരിയായിരുന്നിരിക്കും. എന്നാല്‍, ഈ സൗന്ദര്യത്തെ സ്വാംശീകരിക്കുന്നതിനുപകരം തമിഴ് സിനിമ ഇളംനിറമുള്ള മലയാളി, ആന്ധ്രാസ്ത്രീകളിലേക്ക് തിരിയുകയാണ്. തമിഴ് പ്രേക്ഷകരുടെ ഇഷ്ടമാണ് സിനിമക്കാര്‍ നോക്കുന്നതെന്നാണ് എന്റെ സുഹൃത്തു പറഞ്ഞത്. പ്രേക്ഷകരുടെ ഇഷ്ടമെന്തുതന്നെയായാലും സംവിധായകരും നിര്‍മ്മാതാക്കളും കറുത്ത ചര്‍മ്മത്തില്‍ സമ്മേളിക്കുന്ന സൗന്ദര്യത്തെ പ്രേക്ഷകരിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്.
സൗന്ദര്യത്തിലെ ഈ വഴിപിഴയ്ക്കപ്പെട്ട ബോധം രാഷ്ട്രീയമായ പരിപ്രേക്ഷ്യമുള്ള ഒന്നാണ്. വെള്ളക്കാരായ യൂറോപ്യന്മാര്‍ മൂന്നു നൂറ്റാണ്ടുകള്‍ ലോകം അടക്കി ഭരിച്ചു. അവര്‍ അധികാരവും സമൃദ്ധിയും കൈക്കലാക്കി വാണു. യൂറോപ്യന്മാര്‍ക്കു പകരം ആഫ്രിക്കയിലെ നീഗ്രോകളായിരുന്നു ലോകം ഭരിച്ചിരുന്നതെങ്കില്‍ നിശ്ചയമായും സൗന്ദര്യത്തെക്കുറിച്ചുള്ള ബോധം നേരേ തിരിച്ചാകുമായിരുന്നു. കവികളും എഴുത്തുകാരും മിനുസമുള്ള എണ്ണക്കറുപ്പാര്‍ന്ന നീഗ്രോതൊലിയെ കാഴ്ചയുടെ വസന്തമായി കൊണ്ടാടുമായിരുന്നു. അവരുടെ സുന്ദരങ്ങളായ ചുണ്ടുകളും സുഭഗമായ നാസികയും അഴകിന്റെ പൂര്‍ണ്ണതയായി വാഴ്ത്തപ്പെടുമായിരുന്നു.
ഇന്ത്യയിലെ ജാതിവ്യവസ്ഥ അധികാരവും വെള്ളനിറവും തമ്മിലുള്ള ലോകവ്യാപകമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുകയാണ്. ഇന്ത്യയില്‍ വെളുത്ത നിറമുള്ളവര്‍, ചുരുങ്ങിയപക്ഷം ഇളം നിറമുള്ളവരും ഉയര്‍ന്ന ജാതിയില്‍പ്പെടുന്നവരാണ്. ഹിന്ദുസ്ഥാനിയിലെ 'വര്‍ണ്ണം' എന്ന പദം തൊലിയുടെ നിറത്തെ ദ്യോതിപ്പിക്കുന്നതായിരിക്കാം.
ഋഗ്വേദം വെളുപ്പിനെ ആര്യന്‍ നിറമായാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രകൃതിയുടെയും ആകാശത്തിന്റെയും തിളക്കമുള്ള നിറങ്ങളുടെ പശ്ചാത്തലത്തില്‍, പൂര്‍ണ്ണമായും വെളുത്തതും എന്നാല്‍ അന്നജം ഇല്ലാത്തതുമായ വസ്ത്രം ഒരുപക്ഷേ കാഴ്ചക്കാരുടെ കണ്ണുകളെ സന്തോഷിപ്പിക്കുകയും ധരിക്കുന്നയാളുടെ സൗന്ദര്യത്തെ മികവുറ്റതാക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ അത് ഒരിക്കലും തൊലിയുടെ നിറവുമായി ബന്ധപ്പെട്ടതല്ല.
ഇന്ത്യയിലെ ജാതിവ്യവസ്ഥ വെള്ളനിറവും അധികാരവും ആധിപത്യവും തമ്മിലുള്ള സംയോഗത്തിനു തകര്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആഭിജാത്യം നല്‍കിയിട്ടുണ്ട്. അഴകിനെ നിര്‍ണ്ണയിക്കുന്ന മറ്റു ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട് സൗന്ദര്യത്തെ വെളുത്തനിറം തന്നെയാക്കി അതു മാറ്റി.
'തൊലിയുടെ നിറം സൗന്ദര്യത്തിന്റെ ഭാഗമല്ലേ' എന്ന ചോദ്യം ഉയരാം. നോക്കുന്നവനെ ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്നത് പുതുമയുടെ ഘടകങ്ങളായിരിക്കും. വെള്ളനിറം വെളുത്ത മാര്‍ബിള്‍ കാണുമ്പോഴുള്ള സുഖം നല്‍കിയേക്കാം. അതേ സൂചകം വെച്ച് ഞാന്‍ ഊഹിക്കുന്നത് എല്ലാ കറുപ്പും ചെമ്മണ്‍നിറത്തിന്റെയോ ഗോതമ്പുനിറത്തിന്റെയോ അതിന്റെ അവാന്തരനിറങ്ങളില്‍ അപങ്കിലമായ സൗന്ദര്യത്തിന്റെ ഗോചരാനുഭവവും നല്‍കാം.
പുതുമ നഷ്ടമാവുമ്പോള്‍ വെളുപ്പും കറുപ്പും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായില്ലെന്നും വരാം. ചര്‍മ്മത്തിന്റെ നിറം അഴകിനെ നിര്‍ണ്ണയിക്കുന്നതല്ല. മൃദുവായതും അഭംഗുരമായതുമായ ചര്‍മ്മമുള്ള ഉടലിനാണ് അഴകുള്ളത്. ചൈനക്കാരികളിലും ഗോതമ്പുവര്‍ണ്ണമോ ചെമ്മണ്ണുനിറമോ ഉള്ള ആഫ്രിക്കയിലെയും ഏഷ്യയിലെയും സ്ത്രീകളില്‍ തൊലിയുടെ ഈ രൂപഭംഗി ദൃശ്യമാണ്. വെള്ളത്തൊലിയിലും ഈ രൂപഭംഗി അപൂര്‍വ്വമായെങ്കിലും കാണാം. അത് കറുപ്പിന്റെ കാര്യത്തിലെന്നപോലെ നമ്മുടെ സിരകളെ ചൂടുപിടിപ്പിച്ചേക്കാം. വെളുപ്പ് ആത്മനിഷ്ഠമായ മതിപ്പുളവാക്കാമെങ്കിലും അതിന് കറുപ്പിനെക്കാള്‍ മുന്‍ഗണന നല്‍കുന്നതില്‍ ഒരു യുക്തിയുമില്ല.
എല്ലാ സ്ത്രീകളും സുന്ദരികളാണ്. ചിലര്‍ കൂടുതല്‍ സുന്ദരികളാണ്. കുന്നിന്‍മുകളില്‍നിന്ന് തുള്ളിച്ചാടിയൊഴുകുന്ന തെളിമയാര്‍ന്ന അരുവിയുടെയും വെണ്ണിലാവിന്റെയും സൗന്ദര്യത്തിലെ നിഷ്‌കളങ്കത വെളുത്ത സുന്ദരികളില്‍ കാണാം. കറുത്ത സ്ത്രീകളില്‍ ഏറ്റവും വശ്യമായ സുന്ദരി സൃഷ്ടിയുടെയും ജീവിതത്തിന്റെയും നിഗൂഢതകളെക്കുറിച്ചുള്ള ചിന്തകളെ ഉദ്ദീപിപ്പിക്കും. ചടുലമായ മീന്‍കണ്ണുകളും, പിടിയാനയുടെ മന്ദമായ നടത്തവും, സന്ധ്യയുടെ പ്രശാന്തതയും- അങ്ങനെ അഗാധത തേടുന്ന എല്ലാംകൂടി അവളെ വശ്യമാക്കുന്നു.
സൗന്ദര്യവും ലൈംഗികതയും പരസ്പരം ബന്ധമുള്ളവയാണ്. യഥാര്‍ത്ഥത്തില്‍ ആണിന്റെ ലൈംഗികതൃഷ്ണയെ ഉണര്‍ത്താനുള്ള ശേഷി കറുത്ത സുന്ദരികള്‍ക്കായിരിക്കും. എന്നാല്‍, ഈ ആകര്‍ഷണങ്ങള്‍ നിശാക്ലബ്ബുകളില്‍ ഒതുങ്ങുകയും ഗോപ്യമായി മാത്രം പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മേല്‍ത്തട്ടിലുള്ള ജാതിക്കാരുടെയും താഴ്ന്ന തട്ടിലുള്ള ജാതിക്കാരുടെയും ജീവിതരീതികളിലും സംസാരരീതികളിലും പെരുമാറ്റരീതികളിലും മാത്രമല്ല, വ്യത്യസ്തതകള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഇവര്‍ക്കിടയിലുള്ള ലൈംഗികമായ വേര്‍തിരിവും ശക്തമാക്കി നിര്‍ത്തുകയാണ്.
കറുപ്പു ചര്‍മ്മമുള്ള അടിത്തട്ടുജാതിയില്‍പ്പെട്ട സ്ത്രീകള്‍ കലര്‍പ്പില്ലാത്ത പ്രേമത്തിലാണെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ കൗശലങ്ങള്‍ ഇഷ്ടപ്പെടുകയോ അനുവര്‍ത്തിക്കുകയോ ചെയ്യില്ല. കാമമില്ലാത്ത പ്രണയമോ പ്രണയമില്ലാത്ത സൗന്ദര്യമോ ഇല്ല. പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ സൗന്ദര്യം പരത്തുന്നുണ്ട്. കറുത്ത പെണ്ണിന് അടുത്തകാലത്തായി പ്രണയത്തിന്റെ ഈ സൗരഭ്യം നിഷേധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് പാടുകയും എഴുതുകയും ചെയ്തവരുടെ ഭാഗത്തുനിന്ന്.
വ്യത്യസ്ത ജീവിതരീതികളും ഇന്ത്യയിലെ ജാതിവ്യവസ്ഥയും സൃഷ്ടിക്കുന്ന ദൂഷ്യങ്ങളെപ്പോലെ കറുപ്പും വെളുപ്പും തമ്മില്‍ ലോകത്തുതന്നെ നിലനില്‍ക്കുന്ന ഭിന്നിപ്പും ഇല്ലാതാകാന്‍ കാലങ്ങളെടുത്തേക്കാം. എന്നാല്‍, ഏറ്റവും വലിയ തടസ്സം അവയൊക്കെ വെളുപ്പിനെ സൗന്ദര്യമായി കാണുന്ന തെറ്റിന്റെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയിട്ടുള്ളത് എന്നതാണ്.
നിറത്തിന്റെ പേരില്‍ ലോകത്ത് നിഷ്ഠുരമായ അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ട്. നിറഭേദമെന്യേ എല്ലാ സ്ത്രീകളും മര്‍ദ്ദിതരാണ്. അവരുടെ സിദ്ധികളെയും കഴിവുകളെയും ശരിയായ രീതിയില്‍ പ്രകാശിതമാക്കാന്‍ അനുവദിക്കാത്തതിനാല്‍ത്തന്നെ മാനവരാശിതന്നെ ദരിദ്രമായിരിക്കുകയാണ്. ഇരുണ്ട, കറുപ്പുനിറമുള്ള സ്ത്രീകള്‍ എണ്ണത്തില്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ പീഡനത്തിനിരയാവുന്നതും അവരാണ്. അവര്‍ ശൈശവകാലം മുതല്‍ വളരുന്നതുതന്നെ ഉത്കണ്ഠയിലും അപകര്‍ഷബോധത്തിലുമാണ്.
ഒരു കുടുംബത്തിലെതന്നെ വെളുത്ത പെണ്‍കുട്ടികളെക്കാള്‍ കറുത്തനിറമുള്ള പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട്. അവള്‍ രണ്ടാംതരമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. സാധാരണനിലയില്‍ ആണ്‍കുട്ടികളെക്കാള്‍ കുറഞ്ഞ അവസരമേ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നുള്ളൂ. അതില്‍ത്തന്നെ കറുത്ത നിറമുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ നിന്ദ നേരിടുന്നു. ചുരുങ്ങിയപക്ഷം കീഴ്സ്ഥാനത്തിന്റെ ഭാരം അവരില്‍ വന്നുപെടുന്നുണ്ട്. കറുത്ത നിറമുള്ളവനും ഈ ഭാരങ്ങളില്‍നിന്ന് പൂര്‍ണ്ണമായും മുക്തനല്ല.
വെളുത്ത നിറത്തോടുള്ള പ്രിയം കാരണം കറുത്തവര്‍ക്കിടയില്‍ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്ക് നല്ല ആവശ്യകതയുണ്ട്. തെക്കനമേരിക്കയിലെപ്പോലെ വെളുത്തവര്‍ ന്യൂനപക്ഷവും, ഇരുണ്ടവരും കറുത്തവരും ഭൂരിപക്ഷമായിടങ്ങളിലും, വെള്ളക്കാരുടെ മേധാവിത്വമുള്ളയിടങ്ങളിലും നിറത്തിന്റെ പേരിലുള്ള നിഷ്ഠുരതകള്‍ സ്വാഭാവികവും ഉയര്‍ന്ന തോതിലുമാണ്. നിറത്തിന്റെ പേരിലുള്ള സ്വേച്ഛാധിപത്യം ലോകമെമ്പാടും അനുഭവിക്കുന്നുണ്ട്. അത് കൂടുതല്‍ കരുത്തു നേടുന്നത് അടിമകള്‍ അത് സ്വയം സ്വീകരിക്കുവാനുള്ള മനോഭാവം കാണിക്കുന്നതുകൊണ്ടുകൂടിയാണ്.
ഒട്ടുമിക്ക സ്വേച്ഛാരൂപങ്ങളും നിര്‍മ്മിക്കപ്പെടുന്നത് തെറ്റുകള്‍ക്കു മേലേയാണെന്നതുപോലെയാണ് നിറത്തിന്റെ പേരിലുള്ള ലോകത്തിലെതന്നെ വിപുലവും ശക്തവുമായ സേച്ഛാധിപത്യവും. വെള്ളക്കാരന്റെ സൗന്ദര്യബോധത്തിന്റെ മാനദണ്ഡങ്ങള്‍ വര്‍ണ്ണരായ ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെടുന്നതിന് മറ്റെന്തിനെക്കാളും അതിശയകരമാണ് ഇതിന്റെ കാരണവും. ധനികന്‍ ദരിദ്രനുമേല്‍ നടത്തുന്ന അതിക്രമങ്ങളുടെയും മേല്‍ജാതിക്കാരന്‍ അടിത്തട്ടുജാതിക്കാരനിലും വിദേശഭാഷ സംസാരിക്കുന്നവന്‍ മാതൃഭാഷ സംസാരിക്കുന്നവനിലും വരേണ്യര്‍ ജനസാമാന്യത്തിനു മേലേയും നടത്തുന്ന അതിക്രമങ്ങളുടെ കാരണവും ഒന്നുതന്നെയാണ്.
ധനികനും ദരിദ്രനും ഇടയില്‍ ഒട്ടേറെ തരംതിരിവുകള്‍ ഉള്ളതുപോലെത്തന്നെ വെളുപ്പിനും കറുപ്പിനും ഇടയില്‍ അസംഖ്യം വിഭജനങ്ങളുണ്ട്. കറുപ്പ് കല്‍ക്കരിയെപ്പോലുള്ള കറുപ്പാകാം. അത് പവിഴത്തിന്റെ മഞ്ഞനിറമോ അല്ലെങ്കില്‍ അതിനിടയില്‍ വരുന്ന ഗോതമ്പിന്റെയോ തവിടിന്റെയോ ചോക്ലേറ്റിന്റെയോ നിറങ്ങളോ ആകാം. കറുപ്പിനുള്ളിലെ ഈ വൈവിദ്ധ്യം കറുത്തവരുടെ, ഇരുണ്ടവരുടെ കൂട്ടത്തില്‍നിന്ന് കൂടുതല്‍ അനുയായികളെ നേടാന്‍ സൗന്ദര്യസങ്കല്‍പ്പത്തിനുമേല്‍ മേധാവിത്വം സ്ഥാപിച്ചിട്ടുള്ള വെള്ളക്കാര്‍ക്ക് കഴിയുന്നു.
കറുപ്പിനും വെളുപ്പിനും ഇടയിലുള്ള ഈ വൈവിദ്ധ്യങ്ങള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള യഥാതഥമായ സങ്കല്‍പ്പത്തെ പുനഃസ്ഥാപിക്കാന്‍ ദരിദ്രനും ധനികനും തമ്മിലുള്ള വിഭജനത്തില്‍ സാമ്പത്തികവും ധാര്‍മ്മികവുമായ ശരിയായ തോത് കണ്ടെത്തുന്നതുപോലെ ദുഷ്‌കരമാണ്. കറുത്ത സുന്ദരികള്‍ അവരുടെ ഔന്നത്യം ഉറപ്പിക്കുകയോ ചുരുങ്ങിയപക്ഷം തുല്യനിലയ്ക്കുവേണ്ടിയുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുമ്പോള്‍ മറ്റു മേഖലകളില്‍ പീഡിതരില്‍നിന്ന് ഒരു വിപ്ലവം ഉണ്ടാകുന്നതുപോലെ നിലവിലെ സൗന്ദര്യസങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്ന വിപ്ലവത്തിന് കറുത്തവര്‍ വഴിയൊരുക്കും. തൊലിയുടെ നിറവും സൗന്ദര്യവും തമ്മിലുള്ള ദ്വന്ദ്വത്തെ ചോദ്യംചെയ്തുകൊണ്ട് ഉരുത്തിരിയുന്ന ഈ വിപ്ലവം മറ്റു രാഷ്ട്രീയ, സാമ്പത്തിക വിപ്ലവങ്ങളെപ്പോലെ സ്വാതന്ത്ര്യത്തിന്റെയും ആന്തരികസമാധാനത്തിന്റെയും കാറ്റുവീശുന്നതിനിടയാക്കും.
Content Highlights: Ram Manohar Lohia, Jathivyavastha, Book excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..