പുനത്തിലിന്റെ കഥകളിലൂടെ


പുനത്തിലിന്റെ സമ്പൂര്‍ണകഥകള്‍ എന്ന പുസ്തകത്തില്‍നിന്ന് കല്യാണരാത്രി(1959) എന്ന കഥ വായിക്കാം.

വായനക്കാരന് ആസ്വാദനത്തിന്റെ വലിയൊരു ചക്രവാളം തുറന്നു കൊടുത്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ചെറുകഥകളിലൂടെയും നോവലിലൂടെയും മലയാളിവായനക്കാരനിലേക്ക് പുനത്തില്‍ കടന്നുവന്നു. ലളിതമായ ആഖ്യാനശൈലിയും നര്‍മവും കലര്‍ന്നവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍.

പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ മുഴുവന്‍ കഥകളും ചേര്‍ത്ത് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് പുനത്തിലിന്റെ സമ്പൂര്‍ണകഥകള്‍. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബാലപംക്തിയില്‍ എഴുതിയ ആദ്യകഥ മുതലുള്ളവ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വില 900രൂപ. 1959ല്‍ പ്രസിദ്ധീകരിച്ച കല്യാണരാത്രി എന്ന കഥ വായിക്കാം.

കല്യാണരാത്രി

അല്‍പം സമാധാനമായിരിക്കണം. അതിനായിട്ടാണ് ഞാന്‍ വെളിച്ചം കുറഞ്ഞതും ബഹളത്തില്‍നിന്ന് അല്‍പം അകന്നതുമായ ഈ മുറിയില്‍ വന്നു കിടക്കുന്നത്. കിടക്കുന്ന കട്ടിലിന്മേല്‍ കിടക്കയോ പായയോ ഇല്ല. വെറും കട്ടിലില്‍ കിടക്കുമ്പോള്‍ എനിക്കു വേദന തോന്നാറുണ്ട്. പക്ഷേ, ഇന്നു വേദന തോന്നുന്നില്ലല്ലോ.
ഓ, കാരണമുണ്ട്.

ഞാന്‍ ഇവിടെ കിടന്നുകൊണ്ട് ഇതിലും വലിയ വേദനയെക്കുറിച്ചു ചിന്തിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അതു സംഭവിക്കും. എന്തോ ദേഹത്തില്‍ അവിടെയുമിവിടെയും കടിക്കുന്നു. ഉറുമ്പോ, മൂട്ടയോ? എന്തെങ്കിലുമാവട്ടെ, കടിക്കട്ടെ. കടിച്ചു കടിച്ച് അവസാനം... വേണ്ട.

'സി എ ടി കേറ്റ്. കേറ്റ്മാനെ ബില്ലി...'
നാശം, മൈക്കില്‍ക്കൂടി പുറപ്പെടുന്ന പാട്ട് ഇവിടെയും കേള്‍ക്കുന്നു. ഞാന്‍ ചെവിയോര്‍ത്തു. എന്തൊരു ബഹളമാണ്. അകത്തും പുറത്തും നിറയെ ആളുകളുണ്ട്. അടുത്ത മുറിയില്‍ കത്തുന്ന പെട്രോമാക്‌സിന്റെ വെളിച്ചം അടച്ച വാതിലിന്റെ വിടവില്‍ക്കൂടി മുറിയില്‍ എത്തിനോക്കുന്നുണ്ട്.

'കില്‍... കില്‍... കിലും...'
'ഹി... ഹി... ഹി...'
വളകിലുക്കം. ചിരിയുടെ ശബ്ദം. പെണ്ണുങ്ങളുടെ മുറിയില്‍നിന്നാണ്. എല്ലാവര്‍ക്കും സന്തോഷമാണ്. എല്ലാറ്റിനെയും ഇടിച്ചുകൊല്ലാനാണു തോന്നിയത്. ആലിക്കാക്കായ്ക്കു സന്തോഷമാണ്. പെണ്ണുകെട്ടുമ്പോള്‍ ആര്‍ക്കാണു സന്തോഷം തോന്നാതിരിക്കുക?

അപ്പോള്‍ ദുഃഖിക്കുന്നതാരാണ്? ഞാന്‍ മാത്രം.
ആലിക്കാക്കയ്ക്കും എനിക്കും കല്യാണമാണ്.
ആലിക്കാക്കായ്ക്ക് സന്തോഷം.
എനിക്കോ? പേടിയും ദുഃഖവും.

(ദുഃഖിക്കാതെ സന്തോഷിക്കുവിന്‍) മുസല്യാര്‍ പ്രസംഗിച്ചതാണ്. എങ്കിലും വേദനയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ദുഃഖിച്ചുപോകാറുണ്ട്. നിശ്ചയം കഴിഞ്ഞിട്ട് പത്തു ദിവസം കഴിഞ്ഞു. പേടിച്ചുകൊണ്ടാണ് ഇത്രയും ദിവസം തള്ളിനീക്കിയത്. കളിച്ചുനടക്കേണ്ട ദിവസങ്ങള്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നു കഴിച്ചുകൂട്ടണം.
വരുന്ന കൊല്ലം നമുക്ക് സന്തോഷിക്കാം.

ഇതൊന്നും സാരമില്ല. അപകടമില്ലാതെ കഴിഞ്ഞാല്‍ മതിയായിരുന്നു. ആര്‍ക്കെങ്കിലും ഇതിനുമുന്‍പ് അപകടം പറ്റിയിട്ടുണ്ടോ? കേട്ട കഥകള്‍ ഓര്‍ത്തുനോക്കി. മായന്‍ പറഞ്ഞുതന്ന കഥ പെട്ടെന്ന് ഓര്‍മ വന്നു. ഒസ്സാന്റെ കൈത്തെറ്റു കാരണം മരിച്ച ഒരു കുട്ടിയുടെ കഥ. കേട്ടാല്‍ കരഞ്ഞുപോകും. രാത്രി മുഴുവനും ഭയപ്പെട്ടു കഴിച്ചുകൂട്ടിയ കുട്ടി ഭയത്തോടെത്തന്നെ മരിച്ചിരിക്കും. അവനും എന്നെപ്പോലെ ഇങ്ങനെ ആലോചിച്ചിരിക്കും.

കുട്ടീ, നിനക്കു സ്വര്‍ഗം കിട്ടും.
അപ്പോള്‍-
(ഒരു ഉറുമ്പു കുത്തുന്നപോലെ തോന്നും) മായന്‍തന്നെ പറഞ്ഞതാണ്. അപ്പോള്‍ വേദന അധികമുണ്ടാവുകയില്ല.
എന്നാലും വേദനയെക്കാള്‍ വലുതല്ലേ മരണം?
'ഠിംം'

ജാലകത്തിനു തൊട്ടടുത്തുള്ള ചോറ്റുപുരയില്‍നിന്നാണു ശബ്ദം കേട്ടത്. ചെമ്പുപാത്രം വീണതാണ്.
'എടാ മൊയ്തീനെ! കവറാക്കി പണിയെട്ക്ക്.'
ജാലകത്തിന്റെ അഴികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കി. ജോറായ പണിയാണ് ചോറ്റുപുരയില്‍. എന്താണ് ആ ചെമ്പുതളികയില്‍ കൂട്ടിയിട്ടിരിക്കുന്നത്? എന്താണത്? എന്ത്?
ഇറച്ചിയോ? ഇറച്ചി.

കാണരുതെന്നു കരുതിയതാണ്. കാണുമ്പോള്‍ കരഞ്ഞുപോകും. എന്റെ പ്രിയപ്പെട്ട കാളക്കുട്ടന്‍ ബപ്പനാണത്. ഇന്നലെവരെ എന്റെ കൂടെ ഓടിക്കളിച്ച ബപ്പന്‍ ഇന്ന് ഇറച്ചിത്തുണ്ടമായി ചെമ്പുതളികയില്‍ കിടക്കുന്നു.

ഇന്നലെ എന്റെ കൂടെ ഓടിക്കളിക്കുമ്പോള്‍ ബപ്പന്‍ ഓര്‍ത്തിരിക്കുമോ താന്‍ കൊല്ലപ്പെടുമെന്ന്. മരണത്തെപ്പറ്റി മൃഗങ്ങള്‍ ഓര്‍ത്തുകാണുകയില്ല.
മൃഗങ്ങള്‍ക്കു വിശേഷബുദ്ധിയില്ല. എന്റെ പ്രിയപ്പെട്ട ബപ്പാ, നമുക്കു സ്വര്‍ഗത്തില്‍വെച്ചു കണ്ടുമുട്ടാം.
ബപ്പന്‍ എന്റെ ചങ്ങാതിയായിരുന്നു. 'ബപ്പാ' എന്നു വിളിച്ചാല്‍ ഓടിവരും. അവന്‍ തുള്ളുമ്പോള്‍ താട ആടിക്കളിക്കും. എത്രനേരം ഞാനത് നോക്കിനിന്നിട്ടുണ്ട്.

ബപ്പന്റെ മരണനിലവിളി കേട്ടുകൊണ്ടാണ് ഇന്നുണര്‍ന്നത്. കണ്ണും തിരുമ്പിക്കൊണ്ട് തൊടിയിലേക്കോടി. അപ്പോള്‍- രക്തത്തില്‍ കുളിച്ചുകൊണ്ട് ബപ്പനുണ്ട് നിലത്തുകിടന്നു പിടയ്ക്കുന്നു. തല ദേഹത്തില്‍നിന്നും തികച്ചും അറ്റുവീണിട്ടില്ല.

അവന്‍ പിടയ്ക്കുമ്പോള്‍ കഴുത്തില്‍ കെട്ടിക്കൊടുത്ത മണിയാണ് ഞാന്‍ നോക്കിയത്. അവന്റെ ഓര്‍മയ്ക്കായി അതു സൂക്ഷിക്കണം. പക്ഷേ, കണ്ടില്ല.
അറവുകാരനോട് ഞാന്‍ ചോദിച്ചു: 'കുട്ടന്റെ കഴുത്തിലെ മണിയെവിടെ?'
ചോരയൊലിക്കുന്ന കശാപ്പുകത്തി ഉയര്‍ത്തിക്കൊണ്ട് ആ തടിയന്‍ ഒരു നോട്ടം. ഞാന്‍ ദഹിച്ചുപോയി. ജന്തു!
അപ്പോള്‍ രാവിലെത്തന്നെ കണിയെന്തായിരുന്നു. ചോര! തളംകെട്ടിയ ചോര!

എന്റെ റബ്ബേ, എന്നെ രക്ഷിക്കണേ!
'പുയ്യാപ്പ്‌ളിന തേടിയെത്തി.'
'സുപ്രയിട്, ബേഗം, ബേഗം.'
പ്രസ്താവനകളും നിര്‍ദേശങ്ങളും.
'പുയ്യാപ്പള്‌നെ ചമയ്ക്കാന്‍ പോന്നു. എല്ലാരോടും സമ്മതം.'

സമയം അടുക്കാറായി. ഇതുവരെ എന്നെ ആരെങ്കിലും അന്വേഷിച്ചോ? ആരന്വേഷിക്കാനാണ്. ഇവിടെത്തന്നെ കിടക്കാം. ഉറക്കം വരുന്നു.
കേള്‍ക്കുന്നതെല്ലാം പകുതി ഉറക്കത്തിലാണ്.
'ടപ്പ്... ടപ്പ്... ടപ്പ്...' കൈകൊട്ടുന്ന ശബ്ദം. ഒപ്പനക്കാര്‍ കൈകൊട്ടി പാട്ടു പാടുകയാണ്.
'ഒപ്പനപ്പാട്ടുമായി...'
'അബ്ദൂ,' ആരോ വിളിക്കുന്നു.

ഒരു പരക്കംപാച്ചില്‍. ഒരു തിരയലും പരിശോധനയും. ആരെല്ലാമോ ഓടിനടക്കുന്നു.
'ഇതാ, ഇബ്ട ഒളിച്ചിക്ക്.'
ഞാന്‍ ഞെട്ടിപ്പോയി. പെട്രോമാക്‌സുമായി ആരോ മുറിയില്‍ വന്നിരിക്കുന്നു.

ഒരാള്‍ എന്നെ കൈയിലെടുത്തു. രക്തമുറച്ചു തലയില്‍ കട്ടയായതുപോലെ തോന്നി. ഞാന്‍ മുറിയിലെത്തി. ഭയംകൊണ്ടു ഞാന്‍ നിലവിളിച്ചു.
'എന്റെ റബ്ബേ!'
'പേടിക്കണ്ട,' ഒരു ഭയങ്കര ശബ്ദം.
'സല്ലള്ളാഹു അലാ മുഹമ്മദ,്' പുറത്തുനിന്ന് അത്യുച്ചത്തില്‍ മൗലൂദ് ഓതുന്നുണ്ട്.
കസാലമേല്‍ ഇരിക്കുന്ന ഒരാള്‍ എന്നെ മടിയിലിരുത്തി. എന്നിട്ട് എന്റെ കൈകാലുകള്‍ ഇറുക്കിപ്പിടിച്ചു. മറ്റൊരാള്‍ കൈയില്‍ ഒരു പന്തവുമായി
നില്‍ക്കുന്നു. പന്തം കത്തുന്ന വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
കൊമ്പന്‍മീശക്കാരനായ ഒരൊസ്സാന്‍. അയാളുടെ കൈയിലേക്ക് നോക്കിയില്ല.
പിന്നെ ഒന്നും ഓര്‍മയില്ല.

...ഉണര്‍ന്നപ്പോള്‍ മുറിയില്‍ വിളക്കു കത്തുന്നുണ്ട്.
അപ്പോള്‍ ഞാന്‍ മരിച്ചിട്ടില്ല.
ശ്വാസം കഴിക്കുന്നുണ്ട്. കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യാം. മുന്‍പില്‍ എല്ലാം കാണുന്നുണ്ട്. എന്നാലും-
എനിക്കു വല്ലായ്മ തോന്നുന്നു. മേല്‍ മുഴുവനും വേദന. ദേഹം അനക്കാന്‍ വയ്യ.

യാതൊരു ഒച്ചയും കേള്‍ക്കുന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. കല്യാണദിവസമായി ഇങ്ങനെ ഉറങ്ങുകയോ?
അപ്പാഴാണ് ഓര്‍മ വന്നത്. ഇതു രണ്ടാമത്തെ രാത്രിയാണ്. അല്ലേ? സംശയമില്ല. ഇന്നലെ രാത്രിയല്ലേ എല്ലാം കഴിഞ്ഞത്. എന്നിട്ട് ഒരു പകലും കഴിഞ്ഞു. കഴിഞ്ഞ രാത്രിയും പകലും ഞാനുറങ്ങിയതായിരുന്നോ? ഒന്നും ശരിക്ക് ഓര്‍മയില്ലല്ലോ!

ദേഹം തൊടാതെ നാലു പുറവും മറച്ചുകൊണ്ട് ഒരു തുണി തൂങ്ങുന്നു. ഇതെന്തൊരു വിദ്യയാണ്. ഞാന്‍ മേല്‍പ്പോട്ടു നോക്കി. കട്ടിലിനിരുപുറവുമുള്ള ചുമരുകളില്‍ ആണി തറച്ച് ഒരു കയര്‍ കെട്ടിയിരിക്കുന്നു. അതിന്മേല്‍ എന്റെ നേരേയായി മറ്റൊരു കയര്‍ തൂക്കിയിട്ടിട്ടുണ്ട്. അതിന്റെ അറ്റംകൊണ്ട് തുണിയുടെ നടുവില്‍ ഒരു കെട്ട്. തൂങ്ങുന്ന തുണിക്ക് ഒരു കൂടാരത്തിന്റെ ആകൃതിയുണ്ട്.
കൂടാരം കാണുവാന്‍ നല്ല ഭംഗിയുണ്ടാകും. കുഞ്ഞിപ്പള്ളിമൈതാനിയില്‍ പട്ടാളക്കാര്‍ തമ്പടിച്ചപ്പോള്‍ വലിയ കൂടാരം കണ്ടു.
ഇതെല്ലാം ആ ഒസ്സാന്റെ പണിയാണ്.

'ചില്‍... ച്ചില്... ച്ചില്‍...'
ചുമരില്‍ തൂക്കിയ പറ്റുവിളക്കിന്റെ അടുത്തു വെച്ചാണ് സംഭവം നടക്കുന്നത്. ഒരു പല്ലി പാറ്റയെ പിടിച്ചിരിക്കുന്നു. മരണവേദനയില്‍പ്പെട്ട് പാറ്റ പിടയ്ക്കുന്നു.
എഴുന്നേറ്റ് പല്ലിയുടെ തലയ്ക്ക് ഒരു ചൊട്ടു കൊടുക്കുവാന്‍ തോന്നി. മരണത്തില്‍നിന്നും ആ പാറ്റ എങ്ങനെ രക്ഷപ്പെടും. മരണത്തില്‍നിന്ന് ആ പാറ്റ രക്ഷപ്പെട്ടാല്‍ അതു ചിരിച്ചു ചിരിച്ച് ചാകും.
പല്ലിയെ കൊന്നാല്‍ എനിക്കു പുണ്യവും കിട്ടും.
(പല്ലിയെ കൊന്നാല്‍ പള്ളിയെടുത്ത കൂലി കിട്ടും.)

പ്രവാചകന്റെ കാലത്തു നടന്ന കഥയാണ്. നബിയുടെ പിന്നാലെ ശത്രുക്കള്‍ ഓടുന്നു. നബി ഒരു ഗുഹയില്‍ അഭയംപ്രാപിച്ചു. ഒരു വണ്ണാന്‍ ഗുഹാമുഖത്തു വലകെട്ടി. പക്ഷേ, നിര്‍ഭാഗ്യവാനായ പല്ലി വന്ന്, ആ വല തട്ടിമാറ്റി. അന്നുമുതല്‍ പല്ലിയെ കൊല്ലാന്‍ തുടങ്ങിയതാണ്, ഇന്നും അതു തുടര്‍ന്നുപോരുന്നു. ഓത്തുപള്ളിയില്‍ വെച്ച് എത്ര പല്ലികളെയാണ് കൊന്നത്. വാലുമാട്ടിക്കൊണ്ട് ചുമരിന്മേല്‍ മൂപ്പരങ്ങനെ ഉലാത്തുമ്പോള്‍-
ടപ്പ്, ഒരു ചൊട്ട്. നിലത്തു വീഴും. പിടച്ചു മരിക്കും.
പല്ലി ഭാഗ്യംകെട്ടവനാണ്.

'ചില്‍ ചില്‍ ചില്...' പല്ലി വിടാന്‍ ഭാവമില്ല. പാറ്റ മരണവേദനയോടെ പിടയ്ക്കുന്നു. അതിനെ രക്ഷിക്കണം. പല്ലിയെ കൊല്ലണം. അറിയാതെയാണു സംഭവിച്ചത്. എഴുന്നേല്ക്കാന്‍ ഭാവിച്ചു. കാലിളകി.
ഹാ! എന്തൊരു വേദന! തൂക്കിയിട്ട തുണി മുറിവില്‍ തട്ടിയിരിക്കുന്നു. ഉടനെ നീക്കണം. ഞാന്‍ കൈ നീട്ടി. നീക്കാന്‍ നോക്കിയപ്പോള്‍ വേദന അധികമാണ്.

ഞാനിപ്പോള്‍ കരഞ്ഞുപോകും.
ആരെയാണു വിളിക്കുക. എല്ലാവരും ഉറക്കത്തിലാണ്.
'കുഞ്ഞിക്കാക്കാ, കുഞ്ഞിക്കാക്കാ,' ഞാന്‍ നിലവിളിച്ചു.
കുഞ്ഞിക്കാക്ക വേഗം വന്നു. സാവധാനത്തില്‍ തുണി നേരേ എടുത്തിട്ടു. അതു നീക്കുമ്പോള്‍ എന്തൊരു വേദനയാണ്.
റസൂലിനെ പറ്റിച്ച പല്ലി. നീ എന്നെയും പറ്റിച്ചു.

ഇവിടെനിന്നെഴുന്നേല്‍്ക്കട്ടെ. നിന്നെ ഞാന്‍ നശിപ്പിക്കും. ചുവരിന്മേല്‍ നോക്കിയപ്പോള്‍ പല്ലിയും പാറ്റയും അവിടെ ഉണ്ടായിരുന്നില്ല.
വീണ്ടും അസ്വാസ്ഥ്യം തോന്നുന്നു. എത്ര ദിവസം ഇങ്ങനെ കഴിച്ചുകൂട്ടണം. രണ്ടു ദിവസം കഴിഞ്ഞു. ഇനി എത്രയുണ്ട്?
മുപ്പത്തെട്ടു ദിവസം! നീണ്ട മുപ്പത്തെട്ടു ദിവസങ്ങള്‍!

ഉറക്കം വരുന്നില്ലല്ലോ. ഉറക്കം വരാനെന്താണു വഴി. ആലോചിക്കുക. എത്ര നേരമായി ആലോചിക്കുന്നു. ഓര്‍മവെച്ച കാലംമുതല്‍ ഇതുവരെ ഇങ്ങനെ ഉറക്കംവരാതെ നിന്നിട്ടില്ല. ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ പുറത്തു ചെറിയൊരു കാറ്റടിച്ചു. പടിഞ്ഞാറുഭാഗത്തെ ജനലില്‍ക്കൂടെ കാറ്റ് മുറിയില്‍ കടന്നു. എരിഞ്ഞുകൊണ്ടിരുന്ന വിളക്കു കെട്ടു.
ഇരുട്ട്! സര്‍വത്ര കട്ടപിടിച്ച കൂരിരുട്ട്. ജനലില്‍ക്കൂടി പുറത്തേക്കു നോക്കി. ഇരുട്ടില്‍ എന്തെല്ലാമോ ഓടിനടക്കുന്നു.

മൂത്രമൊഴിക്കണം. എഴുന്നേറ്റു പോകാന്‍ വയ്യല്ലോ. കുഞ്ഞിക്കാക്കയെ വിളിക്കുക. അലമാരിപ്പലകയുടെ വിള്ളലില്‍ക്കൂടി പുറക്കെട്ടില്‍ വിളക്കു കത്തുന്നതു കണ്ടു. കുഞ്ഞിക്കാക്ക ഉറങ്ങിയിട്ടില്ല. കുഞ്ഞിക്കാക്കയ്ക്ക് ഉറക്കം വളരെ കുറവാണ്. വിളക്കും കത്തിച്ചുവെച്ച് പാതിരായ്‌ക്കെല്ലാം വായിക്കുന്നതു കാണാം.

'കുഞ്ഞിക്കാക്കാ, കുഞ്ഞിക്കാക്കാ,' ഞാന്‍ വിളിച്ചു. വിളക്കും കൈയില്‍ പിടിച്ച് കുഞ്ഞിക്കാക്ക മുറിയില്‍ വന്നു. കോളാമ്പി എടുത്തു സൗകര്യത്തില്‍ വെച്ചുതന്നു. മൂത്രമൊഴിച്ചപ്പോള്‍ ഒരാശ്വാസം തോന്നി. 'കുഞ്ഞിക്കാക്കാ, ഉറക്കം ബെര്ന്നില്ല.' 'ഒരു വിദ്യയുണ്ട്,' കുഞ്ഞിക്കാക്ക ചോദിച്ചു, 'മോന് എണ്ണം അറിയോ?''അറിയാം.'
'കണ്ണുംപൂട്ടി മോന്‍ നൂറുവരെ മനസ്സില്‍ എണ്ണിക്കോ. ഓരോന്നും എണ്ണുമ്പോള്‍ അതു മനസ്സില്‍ എഴുതണം.'
ഞാന്‍ തുടങ്ങി: ഒന്ന് എണ്ണം വിചാരിച്ചു. അതോടൊപ്പം വലിയ ഒന്ന് മനസ്സിലെഴുതി. 'രണ്ട് മൂന്ന്... തൊണ്ണൂറ്റൊമ്പത്, നൂറ്.'
എണ്ണലും എഴുതലും തീര്‍ന്നു. എന്നിട്ടും ഉറക്കം വന്നില്ല.

വീണ്ടും പേടി തോന്നുന്നു.
'ക്ണിംം... ണിം.'
മണിക്കിലുക്കം. ബപ്പന്റെ മണിയല്ലേ കിലുങ്ങുന്നത്. ആരാണ് ഈ രാത്രി മണി കിലുക്കുന്നത്.
'ക്ണിംം...'
ഓ, മനസ്സിലായി.
ബപ്പന്റെ 'ഉറുഹാനി'യായിരിക്കും. ഉറുഹാനി സ്‌നേഹമുള്ളവരുടെ അടുത്തേക്കല്ലേ പോവുക.
ഇത്താത്ത ഉറുഹാനിയെ കണ്ടിട്ടുണ്ട്. ഉടനെ ബോധംകെട്ടു വീണുപോയി. അതു കാരണമായിട്ടാണ് ഇത്താത്ത മരിച്ചതുതന്നെ. ഉറുഹാനി കൂടിയാല്‍പ്പിന്നെ കൊന്നിട്ടേ മടങ്ങൂ.
എപ്പോഴും പ്രാര്‍ഥിച്ചിട്ടുണ്ട്.

പടച്ചവനേ!എനിക്ക് ഉറുഹാനി കൂടരുതേ.
'ക്ണിം, ക്ണിംം...'
മണിക്കിലുക്കം മുറിയിലെത്തി. തല കറങ്ങുന്നതുപോലെ തോന്നി. ഇതു ബപ്പന്റെ ഉറുഹാനിയാണോ? ആണോ!
'ക്ണിംം...'
'ഹെന്റള്ളോ!' ഞാന്‍ നിലവിളിച്ചു.
വിളക്കുമായി കുഞ്ഞിക്കാക്ക മുറിയിലെത്തി.
'കുഞ്ഞിക്കാക്കാ, ഉറുഹാനി.'
കുഞ്ഞിക്കാക്ക വിളക്കുമായി മുറി പരിശോധിച്ചു. അപ്പോള്‍ കുറുഞ്ഞിപ്പൂച്ചയുണ്ട് ഒരു മണിയും മുന്‍പില്‍ വെച്ച് പതിഞ്ഞിരിക്കുന്നു.

ജീവന്‍ നേരേ വീണു.
ആ മണിയെടുത്താലോ? ഓ, കുഞ്ഞിക്കാക്ക പോയില്ലേ.
കുഞ്ഞിക്കാക്ക എത്ര നല്ലവരാണ്. (ഉയരത്തില്‍നിന്ന് ഞാന്‍ വീഴുമ്പോള്‍ ആരായിരിക്കും എന്നെ പിടിക്കുക? -കുഞ്ഞിക്കാക്ക.)
'ഠപ്പ്... ഠപ്പ്... ഠപ്പ്...'
പശുവിന്റെ കുളമ്പടിയാണോ? അതോ ബൂട്ടിന്റെ ശബ്ദമോ? രാത്രി ബൂട്ടിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ്.
പേടി തോന്നുമ്പോള്‍ ഉമ്മയുടെ അടുത്ത് പറ്റിക്കിടക്കും.

ഉമ്മയെ ഓര്‍ത്തുപോയല്ലോ. ഒരിക്കലും ഓര്‍ക്കരുതെന്ന് കരുതിയതാണ്.
മാളിയക്കല്‍ പള്ളിപ്പറമ്പിലെ ഒരു മൂലയിലാണിപ്പോള്‍ ഉമ്മ.
ഉമ്മ ഉണ്ടായിരുന്നെങ്കില്‍...
ഇപ്പോള്‍ എന്റെ അടുത്ത് ഇരിക്കുന്നുണ്ടാകും. തല തലോടിക്കൊണ്ട് എന്നെ ആശ്വസിപ്പിക്കും. ദാഹിക്കുമ്പോള്‍ കുടിക്കാന്‍ തരും.
കണ്ണില്‍ വെള്ളം നിറയുന്നു.
വേണ്ട. അതൊന്നും ഓര്‍ക്കേണ്ട... വേണ്ട...

ദാഹിക്കുന്നല്ലോ. എവിടെയാണ് വെള്ളം? ആരാണുള്ളത്?
ആ ശബ്ദം, അതെന്താണ്? തട്ടിന്‍പുറത്തുനിന്നാണല്ലോ. ഉറുഹാനിയായിരിക്കുമോ? ഒന്നും വ്യക്തമാകുന്നില്ല. പുറത്തുകൂടെ ആരോ നടക്കുന്നു. കള്ളന്മാരാണോ?
എന്തൊരു ഇരുട്ടാണിത്. ഇരുട്ടില്‍ കള്ളന്മാര്‍ സഞ്ചരിക്കും.

ഇവിടെ കള്ളന്‍ വരുമോ, ഈ മുറിയില്‍? പടിഞ്ഞാറുഭാഗത്തെ ജനലിന്റെ അഴികള്‍ക്കുറപ്പില്ല. കൈകൊണ്ടെടുത്തു മാറ്റിവെക്കാം. കള്ളന്‍ വന്നാല്‍ ആദ്യം എന്നെയാണ് കൊല്ലുക. ഞാനുണര്‍ന്നിരിക്കുന്നവനല്ലേ.
പുറത്ത് കാറ്റടിക്കുന്നു. കരിയിലകള്‍ ശബ്ദിക്കുന്നു. പടിഞ്ഞാറുഭാഗത്തെ ജനലിന്റെ അടുത്തുനിന്നാണ് ശബ്ദം കേള്‍ക്കുന്നത്.
'ടര്‍ര്‍ര്‍... ട്ര...'

കള്ളന്‍തന്നെ. അഴി എടുത്തുമാറ്റുകയാണ്. കള്ളന്‍.
'ട്രര്‍ര്‍...ട്രര്‍...' ശബ്ദം.
'കുഞ്ഞിക്കാക്കാ, കള്ളന്‍!' ഞാന്‍ നിലവിളിച്ചു.
'ഒറങ്ങിക്കോ പന്നീ.'

അടുത്ത മുറിയില്‍നിന്നാണ്. വലിയ ഇക്കാക്കയുടെ ശബ്ദം. ദയയില്ലാത്ത മനുഷ്യന്‍. (ഉയരത്തില്‍നിന്ന് ഞാന്‍ വീഴുമ്പോള്‍ താങ്ങിനില്‍ക്കാതെ മാറിനില്‍്ക്കും.)
'ഇടിവെട്ടിപ്പോകണേ!'
പലപ്പോഴും ഞാന്‍ ശപിച്ചിട്ടുണ്ട്. ഇടവമാസവും തുലാമാസവും കടന്നുപോയി. പലരെയും ഇടിവെട്ടി. എന്നിട്ടും വലിയ ഇക്കാക്ക ബാക്കിയാണ്.
പക്ഷേ, ഇടവവും തുലാമാസവും ഇനിയും വരും.
'കുഞ്ഞിക്കാക്കാ!' പേടികൊണ്ട് വീണ്ടും വിളിച്ചുപോയി.
'കെടന്നൊറങ്ങിക്കോടാ. കൂടക്കൂടെ വിളിച്ച് ബുദ്ധിമുട്ടിക്കാണ്ട്.'

ആ കേട്ടത് കുഞ്ഞിക്കാക്കയുടെ ശബ്ദമാണോ? സ്‌നേഹമുള്ള കുഞ്ഞിക്കാക്ക. അവരും എന്നെ വെറുത്തോ? (ഉയരത്തില്‍നിന്ന് വീഴുമ്പോള്‍ താങ്ങേണ്ട കുഞ്ഞിക്കാക്ക പറഞ്ഞതാണോ?)
എന്റെ റബ്ബേ! ഞാനേകനാണല്ലോ. ഇവിടെ ഇരുട്ടാണ്. ഒരു വെളിച്ചമുണ്ടായിരുന്നു. അതും കെട്ടുപോയെന്നോ?
കുഞ്ഞിക്കാക്കയും എന്നെ വെറുത്തോ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented