സാഹിത്യലോകത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കുഞ്ഞിക്കാലുകള്‍ പിച്ച വെച്ചു തുടങ്ങിയ കാലം. എഴുത്തുകാരന്‍ എന്ന മേല്‍വിലാസം ബ്രണ്ണന്‍കോളേജിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ചില്ലറസ്വാധീനമൊക്കെ നേടിത്തന്നിരുന്നു. ആ ബലത്തില്‍ കോളേജ് യൂണിയനില്‍ ഞാനും ഭാരവാഹിയായി. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി നല്ല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് വിദ്യാര്‍ഥിപ്രസ്ഥാനമായ ഇന്റിപന്റന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ ബാനറിലാണ് ഞാന്‍ മത്സരിച്ചത്. പിന്നീട് വലിയ കോണ്‍ഗ്രസ് നേതാവായ എം. അബ്ദുറഹ്മാനായിരുന്നു ചെയര്‍മാന്‍. അബ്ദുറഹ്മാന്‍ പിന്നീട് വി.കെ. കൃഷ്ണമേനോന്റെയും കെ. കരുണാകരന്റെയുമൊക്കെ സെക്രട്ടറിയായിരുന്നു.

പാട്യം ഗോപാലന്റെ നേതൃത്വത്തില്‍ എസ്.എഫ്. ആയിരുന്നു എതിര്‍പക്ഷത്ത്. എസ്.എഫ്കാരെ ആര്‍ക്കും ഇഷ്ടമില്ല. പെണ്‍കുട്ടികളൊന്നും അവരെ തീരേ ഗൗനിക്കില്ല. അവര്‍ക്ക് നല്ല വസ്ത്രമൊന്നും കാണില്ല. കീറിമുഷിഞ്ഞ വസ്ത്രമൊക്കെ ധരിച്ച്, വിപ്ലവകാരികളെപ്പോലെയുള്ള നടപ്പ് പെണ്‍കുട്ടികളെ ആകര്‍ഷിക്കില്ലല്ലോ. ആദര്‍ശത്തിന്റെ പേരിലൊന്നുമല്ല ഞാന്‍ ഐ.എസ്.ഒയുടെ ബാനറില്‍ മത്സരിച്ചത്. ഏതെങ്കിലുമൊരു ബാനറില്‍ മത്സരിക്കണമല്ലോ.

ആയിടയ്ക്കാണ് ഒരു ദിവസം അഴീക്കോട് മാഷ് കോളേജില്‍ വരുന്നത്. അതേ, സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്. അന്നേ മാഷ് പേരുകേട്ട അധ്യാപകനും നിരൂപകനും പ്രസംഗകനുമാണ്. അദ്ദേഹത്തിന്റെ ചില ലേഖനങ്ങളൊക്കെ ഞാനും വായിച്ചിട്ടുണ്ട്.
യാദൃച്ഛികമായാണ്, മാഷ് കാമ്പസിലേക്ക് കടന്നുവന്നത്. വെളുത്ത മുണ്ടും ജൂബയുംതന്നെ വേഷം. കഷണ്ടി ആക്രമിച്ചിട്ടില്ല. കൊലുന്നനേയുള്ള ആ ശരീരത്തില്‍ എന്തോ ഒരു പ്രൗഢിയുണ്ട്. മുഖത്ത് ഒരു തേജസ്സുണ്ട്. അറിവിന്റെ വെളിച്ചമാകും. അന്ന് ആദ്യമായി കാണുകയാണ് മാഷെ.
ഹൃദയത്തില്‍ വാക്കുകളുടെ മഹാസാഗരം പേറിനടക്കുന്ന ആ മനുഷ്യന്‍ കലാലയത്തിന്റെ ഗെയ്റ്റ് കടന്നുവരുന്നത് കണ്ടപ്പോഴേ കുട്ടികള്‍ക്ക് ഒരു ആഗ്രഹം. കാമ്പസില്‍ മാഷ് പ്രസംഗിക്കണം.

അക്കാര്യം മാഷുടെ മുന്നില്‍ അവതരിപ്പിക്കേണ്ട ചുമതല ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായ എനിക്കാണ്. കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എഴുത്തുകാരന്‍ എന്ന മേല്‍വിലാസം എനിക്കു പുലിവാലായി. ഞാന്‍ എഴുതിയതൊന്നും മാഷ് വായിച്ചിട്ടുണ്ടാകില്ല. പില്ക്കാലത്തും മാഷ് വായിച്ചിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. മാഷെ ചെന്നുകണ്ട് കാര്യം പറയാന്‍ ചെറിയ പേടിയുണ്ടായിരുന്നു. പ്രിന്‍സിപ്പലുടെ മുറിയില്‍ ചെന്ന് മാഷെ പരിചയപ്പെട്ടു. മാഷ് കാമ്പസില്‍ പ്രസംഗിക്കണമെന്ന കോളേജ് യൂണിയന്റെ താത്പര്യം അറിയിച്ചു. മാഷ് ഞങ്ങളെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളില്‍ എന്തൊരു വെളിച്ചം!

'പ്രസംഗിക്കാം. പക്ഷേ, ഈ കുട്ടിക്ക് ഇവിടെ അഡ്മിഷന്‍ കിട്ടണം,' മാഷ് കൂടെയുണ്ടായിരുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞു.ദേവഗിരികോളേജില്‍ മലയാളം ലക്ചററാണ് അന്ന് അഴീക്കോട് മാഷ്. മാഷ് കൊണ്ടുവന്ന കുട്ടിക്ക് ബ്രണ്ണനില്‍ ഒരു സീറ്റ് വേണം. സംസ്‌കൃതപണ്ഡിതനായ പ്രിന്‍സിപ്പല്‍ രാഘവവാര്യരുമായി മാഷ്‌ക്ക് നല്ല അടുപ്പമുണ്ട്. മാഷ് കൊണ്ടുവന്ന കുട്ടി ചില്ലറക്കാരനല്ല. മാഷ് പഠിപ്പിക്കുന്ന കോളേജില്‍ ഗുണ്ടായിസം കാട്ടിയതിന് പുറത്താക്കപ്പെട്ടവനാണ്. പുറത്താക്കപ്പെടുന്നവരൊക്കെ നന്മ കെട്ടവരാണെന്ന് മാഷ്‌ക്ക് തോന്നിക്കാണില്ല. നന്മയുടെ ഒരു പൊരി ഉള്ളിലെവിടെയെങ്കിലും കാണുമല്ലോ. അത് കത്തിച്ചെടുക്കാന്‍ ഒരു ശ്രമം. അങ്ങനെയാകും മാഷ് ചിന്തിച്ചിട്ടുണ്ടാവുക. വേറിട്ട ചിന്തകളാണല്ലോ മാഷിന്റെ വാഗ്‌സാഗരത്തില്‍ ഇളകിമറിയുന്ന തിരമാലകള്‍. രാഘവവാര്യര്‍ക്ക് പേടി. ഈ കുട്ടി ഇവിടെയും പ്രശ്‌നമുണ്ടാക്കുമോ?
അതിന് മാഷ് എന്ത് ഉറപ്പുകൊടുക്കും?

'അതെനിക്ക് അറിയില്ല. അവന്‍ ഗുണ്ടായിസക്കാരനാണ്. ഈ കോളേജില്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന് ഞാന്‍ ഉറപ്പുതരാം. പിന്നെ, നിങ്ങള്‍ കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ, അതുപോലിരിക്കും,' അതായിരുന്നു മാഷുടെ മറുപടി. അഴീക്കോട് മാഷുടെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ രാഘവാര്യര്‍ക്ക് കഴിയുമായിരുന്നില്ല. കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായി. മാഷ് കൊണ്ടുവന്ന കുട്ടിക്ക് സീറ്റ് കിട്ടി. അപ്പോള്‍ ഞങ്ങള്‍ മാഷുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി. സീറ്റ് കിട്ടിയ സ്ഥിതിക്ക് പ്രസംഗിക്കാമെന്ന് മാഷ്. അങ്ങനെ ആ സീറ്റിനു പകരം ഞങ്ങള്‍ക്ക് ഉജ്ജ്വലമായൊരു പ്രസംഗം കിട്ടി. ശരിക്കും വീണുകിട്ടിയ പ്രസംഗം.

ആദ്യമായി കേള്‍ക്കുകയാണ് സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം. വാക്കുകള്‍ ഇരമ്പിവന്നു. അനര്‍ഗളമായ ഒഴുക്ക്. കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകള്‍പോലെ വാക്കുകള്‍ കുട്ടികളുടെ മനസ്സിലേക്ക് അടിച്ചുകയറി. അതില്‍ രാഷ്ട്രീയമുണ്ട്, സാഹിത്യമുണ്ട്, കലയുണ്ട്, സാമൂഹികപ്രശ്‌നങ്ങളുണ്ട്. അലറുന്ന കടല്‍. കടല്‍ത്തിരപോലെ ഒരു വാക്കും കുട്ടികളുടെ മാനസതീരത്ത് തലതല്ലി മരിച്ചില്ല. പുതിയ ജീവന്‍ നേടി അവ ഓരോ കുട്ടിക്കും പുതിയ പ്രചോദനങ്ങളായി. ആ സാഗരഗര്‍ജനത്തിന്റെ ഇരമ്പം ഇന്നുമെന്റെ മനസ്സില്‍ മുഴങ്ങുന്നു.

അന്നുമുതല്‍ അഴീക്കോട് മാഷോട് എനിക്ക് ആരാധനയായിരുന്നു. പ്രസംഗിക്കാനും പ്രസംഗം കേള്‍ക്കാനും താത്പര്യമുള്ളവര്‍ക്ക് അദ്ഭുതമായിരുന്നു അഴീക്കോട് മാഷ്. അരനൂറ്റാണ്ടിലേറെ അദ്ദേഹം മലയാളത്തിന്റെ കാതുകളിലേക്ക് വാക്കുകളുടെ മഹാ കാഹളം ഊതിക്കൊണ്ടിരുന്നു. ഒരു വാക്കും എവിടെയും തങ്ങിപ്പോയില്ല. വെറുംവാക്കുകളല്ല; വേറിട്ട ചിന്തകളുടെ ചൂളയില്‍ ചുട്ടെടുത്ത വാക്കുകള്‍. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലം മലയാളത്തില്‍ ഏറ്റവുമധികം ചിന്തിച്ച മനുഷ്യനാണ് അദ്ദേഹം. സ്വന്തം ചിന്തകള്‍കൊണ്ട് ക്ഷോഭിച്ച മനുഷ്യന്‍. ഉറച്ചനിലപാടുകളും വീക്ഷണങ്ങളും ആ ചിന്തകള്‍ക്കും വാക്കുകള്‍ക്കും മൂര്‍ച്ച കൂട്ടി. വാഗ്മിയായിരുന്നില്ല അദ്ദേഹം, വാഗ്ഭടാനന്ദനായിരുന്നു. നമുക്ക് വേണ്ടി ചിന്തിക്കാന്‍, ചിന്തകൊണ്ട് ക്ഷോഭിക്കാന്‍ ഇനി അങ്ങനെ ഒരാളില്ലല്ലോ.

punathil
പുസ്തകം വാങ്ങാം

അന്ന് മാഷ് കൊണ്ടുവന്ന ആ കുട്ടി പഠിച്ചു മിടുക്കനായി. വികൃതിയും ഗുണ്ടായിസവും അവനെ അയോഗ്യനാക്കിയില്ല. വടകരക്കാരനായ ഹരിദാസ് എന്ന ആ വിദ്യാര്‍ഥി, ആര്‍മിയില്‍ മേജറായി വിരമിച്ചു. രാജ്യത്തോട് ഗുണ്ടായിസം കാട്ടാന്‍ വന്ന അനേകം ശത്രുക്കള്‍ക്കെതിരേ അതിര്‍ത്തിയില്‍ എത്രയോ കാലം അവന്‍ കാവല്‍ നിന്നുകാണും. അഴീക്കോട് മാഷുടെ ലേഖനങ്ങള്‍ പലതും വായിച്ചിട്ടുണ്ട്. തത്ത്വമസി ഉള്‍പ്പെടെ ഒരു പുസ്തകംപോലും അദ്ദേഹത്തിന്റേത് ഞാന്‍ വായിച്ചിട്ടില്ല. മനഃപൂര്‍വം വായിക്കാതിരുന്നതാണോ എന്നറിഞ്ഞു കൂടാ. വായന ഉണ്ടായില്ല. അദ്ദേഹത്തെ ഏറ്റവും കുറച്ച് വായിക്കുകയും ഏറ്റവും കൂടുതല്‍ ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഫിക്ഷന്‍ വായനയില്‍ വലിയ താത്പര്യമില്ലാതിരുന്ന അദ്ദേഹം എന്നെ വായിച്ചിട്ടുണ്ടോ എന്ന് വലിയ നിശ്ചയമില്ല. പക്ഷേ, സ്മാരകശിലകള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അദ്ദേഹമാണ് ശിപാര്‍ശ ചെയ്തത്. അന്ന് അക്കാദമിയിലുണ്ടായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് പില്ക്കാലത്ത് പറഞ്ഞാണ് ഞാന്‍ ഇതറിഞ്ഞത്.

പിന്നീട്, കാലങ്ങള്‍ക്കുശേഷം, മാറാടുകലാപവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു നടന്ന യോഗത്തില്‍ ഞാനും മാഷും ഒന്നിച്ചു പങ്കെടുത്തു. കലാപത്തിന്റെ വര്‍ഗീയ രാഷ്ട്രീയ പശ്ചാത്തലം വിശദമാക്കി അദ്ദേഹം നടത്തിയ പ്രസംഗം പ്രശ്‌നത്തിന്റെ കാര്യകാരണങ്ങളിലേക്ക് ഒരു രാഷ്ട്രീയവിശാരദന്റെ ഉള്‍ക്കാഴ്ചയോടെയുള്ള എത്തിനോട്ടമായിരുന്നു. മാഷുടെ നിലപാടുകളില്‍ എപ്പോഴും ഒരു രാഷ്ട്രീയക്കാരന്റെ സൂക്ഷ്മതയുണ്ടായിരുന്നു. അദ്ദേഹം കേവലം സാഹിത്യനിരൂപകന്‍ മാത്രമായിരുന്നില്ലല്ലോ. പ്രസംഗം കഴിഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന യേശുദാസ് മാഷുടെ കാല്ക്കല്‍ വീണ് നമസ്‌കരിക്കുന്നത് കണ്ടു. അത്ര ഉജ്ജ്വലമായിരുന്നു ആ വാക്‌ധോരണി. ഞാന്‍ അപ്പോള്‍ മുഴുവന്‍ ഓര്‍ത്തുകൊണ്ടിരുന്നത്, ബ്രണ്ണന്‍കോളേജ് ഓഡിറ്റോറിയത്തില്‍ കേട്ട, ആദ്യപ്രസംഗമായിരുന്നു. അത് എന്നിലുണര്‍ത്തിയ പ്രചോദനങ്ങളെക്കുറിച്ചായിരുന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തിലിന്റെ ബ്രണ്ണന്‍ ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: punathil kunjabdulla brennen college memory Mathrubhumi Books