എന്റെ ബ്രണ്ണന്‍ ദിനങ്ങളും വിജയന്‍മാഷും


ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രമീളയെ കാണാനാണ് പ്രധാനമായും കോണിപ്പടിയിലെ ആ നില്പ്. കോളേജ് ബ്യൂട്ടിയാണ് അവള്‍. കോളേജിലെ ഒരുവിധം എല്ലാ ആണ്‍കുട്ടികളും മാഷമ്മാരും അവളെ പ്രണയിക്കുന്നു. അവള്‍ തീവണ്ടിയിലാണ് വരുന്നതും പോകുന്നതും.

പുനത്തിൽ കുഞ്ഞബ്ദുള്ള, ബ്രണ്ണൻ കോളേജ്

'കുഞ്ഞബ്ദുള്ളയും ശിവദാസും എഴുന്നേറ്റു നില്ക്ക്.'
എം.എന്‍. വിജയന്‍മാഷ് ക്ലാസില്‍ കയറിയ ഉടനെ വിളിച്ചു
പറഞ്ഞു. എന്താണ് സംഭവമെന്ന ആശങ്കയിലേക്ക് എഴുന്നേല്ക്കാന്‍ ഒരുങ്ങുമ്പോഴേക്കും അദ്ദേഹം ആജ്ഞാപിച്ചു:
'രണ്ടു പേരും പുറത്തു പോകണം.'
എന്താണ് കാര്യമെന്ന് ചോദിച്ചില്ല. കാര്യമെന്തെന്ന് മാഷ് പറഞ്ഞതുമില്ല. ഞാനും ശിവദാസും പുറത്തിറങ്ങി. എങ്കിലും മാഷ് ക്ലാസില്‍നിന്ന് പുറത്താക്കാന്‍ കാരണമെന്താകും? പുറത്തിരിക്കാന്‍ വിഷമമുണ്ടായിട്ടല്ല. വിജയന്‍മാഷ് പുറത്താക്കിയതാണ് സങ്കടം. മാഷുമായി അത്രയും അടുപ്പമാണ്. ആശങ്ക ഭാരം നിറച്ച മനസ്സുമായി ശിവദാസന്റെ കൂടെ കോളേജ് ലൈബ്രറിയിലേക്ക് നടന്നു. പുറത്തിറങ്ങി ഒരു ചായ കുടിക്കാമെന്ന് വിചാരിച്ചാല്‍ കീശയില്‍ കാശില്ല. ശിവദാസന്റെ കീശയും കാലി. അത് അന്നത്തെ മാത്രം പ്രശ്‌നമല്ല. എന്നും അങ്ങനെയാണ്. മാസച്ചെലവിനുള്ള കാശ് അല്ലാതെ വട്ടച്ചെലവിനുള്ള കാശ് അച്ഛന്‍ തരില്ല. പാരീസ് ഹോട്ടലിലെ മുറിവാടകയും ഭക്ഷണത്തിനുമുള്ള കാശേ അച്ഛന്‍ തരൂ. വട്ടച്ചെലവിനുള്ള കാശിനാശ്രയം വിജയന്‍മാഷാണ്. എല്ലാ മാസവും ഒന്നാം തീയതി മാഷ് ശമ്പളം വാങ്ങുമ്പോള്‍ ഒരു അവകാശംപോലെ ഞാന്‍ ചെന്ന് പത്തു രൂപ ചോദിക്കും. ചോദിക്കുന്നത് കടമാണ്. തിരിച്ചു കിട്ടില്ലെന്ന് മാഷിന് അറിയാം. ഒരിക്കലും തിരിച്ചു കൊടുത്തിട്ടുമില്ല. എന്നാലും ഓരോ ഒന്നാം തീയതിയും ആദ്യമായി കടം ചോദിക്കുന്ന ഒരാളെപ്പോലെ ചെന്ന് പത്തു രൂപ ചോദിക്കും. ആദ്യമായി കടം തരുന്നതുപോലെ മാഷ് തരും. ജാള്യതയുടെ ലാഞ്ഛനപോലുമില്ലാതെ, ആദ്യമായി കടം വാങ്ങുന്നതുപോലെ ഞാന്‍ അത് വാങ്ങും.

ഞാന്‍ ബ്രണ്ണന്‍ കോളേജിലെത്തി, ഒരു വര്‍ഷം കഴിഞ്ഞാണ് മാഷ് വരുന്നത്. വൈലോപ്പിള്ളിയുടെ നിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനാണ് അദ്ദേഹം. പ്രസംഗകന്‍ എന്ന നിലയില്‍ പേരെടുക്കുന്നതൊക്കെ പില്ക്കാലത്താണ്. 'കല്യാണരാത്രി'യും 'നസൂഹ'യും 'പാപത്തിന്റെ മറ'യും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിട്ടുണ്ട്. അധ്യാപകരും കുട്ടികളുമൊക്കെ അവ വായിച്ചിട്ടുണ്ട്. അവരൊക്കെ ചെറിയ ബഹുമാനം കാണിക്കുന്നുമുണ്ട്.
കോളേജിലെ അധ്യാപകരൊക്കെ പ്രഗല്ഭരാണ്. മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയപ്പെടുന്ന കവി ആറ്റൂര്‍ രവിവര്‍മയുണ്ട്. ആറ്റൂരിന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോള്‍ 'ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ റബ്ബര്‍ക്കൃഷി നടത്തവേ' എന്ന വരികള്‍ ഞാന്‍ ചൊല്ലും. കുസൃതികാട്ടുന്ന കുട്ടികളെ ഭിത്തിക്ക് പുറത്താക്കുന്ന ഒരു മാഷുണ്ട്. മലയാളത്തിലെ വിദ്വാന്‍ കൃഷ്ണന്‍ മാസ്റ്റര്‍. അദ്ദേഹത്തെ കുട്ടികള്‍ ഭിത്തികൃഷ്ണന്‍ എന്നാണ് വിളിക്കുക. 'ഭിത്തിക്കു പുറത്ത്, ഭിത്തിക്കു പുറത്ത്' എന്നാണ് കുട്ടികളെ പുറത്താക്കുമ്പോള്‍ അദ്ദേഹം ആക്രോശിക്കുക. പിന്നീട് ഐ.എ.എസ്. കിട്ടിയ ആര്‍. രാമചന്ദ്രന്‍ നായര്‍, എം. കൃഷ്ണന്‍ നായര്‍ ഐ.പി.എസ്., സി.ടി. സുകുമാരന്‍ ഐ.എ.എസ് എന്നിവര്‍ ഇംഗ്ലീഷ് വിഭാഗത്തിലുണ്ടായിരുന്നു. ഇംഗ്ലീഷിലെതന്നെ ഭാസ്‌കരമേനോന്‍ കുട്ടികളുമായി നല്ല അടുപ്പമായിരുന്നു. നന്നായി കാര്‍ട്ടൂണ്‍ വരയ്ക്കും. ചിത്രകലയില്‍ തത്പരനായിരുന്ന ഞാന്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയുമൊക്കെ ചിത്രം വരച്ച് അദ്ദേഹത്തെ കാണിച്ചിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു. ഇടയ്ക്ക് ചായ കുടിക്കാന്‍ കാശ് തരും.

പ്രശസ്തനിരൂപകന്‍ എസ്. ഗുപ്തന്‍ നായര്‍ ചാര്‍ജെടുത്തിരുന്നുവെങ്കിലും പഠിപ്പിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം അവധിയെടുത്തു പോകുകയായിരുന്നു. ഹിസ്റ്ററിയില്‍ കേയി കുടുംബാംഗമായ കുഞ്ഞിപ്പക്കി മാസ്റ്ററുണ്ട്. സംസ്‌കൃതത്തില്‍ എം.എസ്. മേനോനുണ്ട്. അദ്ദേഹം അന്നേ പ്രശസ്തനാണ്. ഇംഗ്ലീഷിലെ കുമ്പളം വിജയരാഘവന്‍, രവിവര്‍മ, കെ. ജോസഫ്, മാത്‌സില്‍ കുശലന്‍മാഷ്, ഫിസിക്‌സിലെ മാത്യുമാഷ്, കെമിസ്ട്രിയിലെ പുരുഷോത്തമന്‍ നമ്പൂതിരിപ്പാട് മാഷ്, മാത്‌സിലെ എച്ച്.ഒ.ഡി. ഈനാശു, പിന്നീട് പാഠപുസ്തകങ്ങളൊക്കെ എഴുതിയ കെമിസ്ട്രിയിലെ കുഞ്ഞിക്കൃഷ്ണന്‍ മാഷ്, ഹിസ്റ്ററിയിലെ ഡേവിഡ് മാഷ് തുടങ്ങി എല്ലാവരും അതിപ്രഗല്ഭരാണ്. കുമ്പളം വിജയരാഘവന്‍ മാഷിനായിരുന്നു എന്‍.സി.സിയുടെ ചുമതല. പട്ടാളക്കാരന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്. കാമ്പസ് വിറപ്പിക്കും. ആര്‍. രാഘവവാര്യരാണ് പ്രിന്‍സിപ്പല്‍. വലിയ ഗൗരവക്കാരന്‍. സംസ്‌കൃതത്തില്‍ അഗാധപാണ്ഡിത്യമുണ്ട്. ഇടവേളകളിലും ഉച്ചയ്ക്കുമൊക്കെ ഞങ്ങള്‍ കോറിഡോറിലും കോണിപ്പടിയിലുമൊക്കെ, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സുന്ദരിമാരുടെ 'വായീ നോക്കി' നില്ക്കും. ചില്ലറ കമന്റുകളൊക്കെ അടിക്കും. അപ്പോള്‍ വിരലില്‍ താക്കോല്‍ക്കൂട്ടം കറക്കി, പ്രിന്‍സിപ്പലിന്റെ ഒരു വരവുണ്ട്. എന്നിട്ട് ഒരു ആക്രോശമാണ്: 'ഗോ എവേ... േേഗാാ.. േേഗോാാാ എവേ...'

ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രമീളയെ കാണാനാണ് പ്രധാനമായും കോണിപ്പടിയിലെ ആ നില്പ്. കോളേജ് ബ്യൂട്ടിയാണ് അവള്‍. കോളേജിലെ ഒരുവിധം എല്ലാ ആണ്‍കുട്ടികളും മാഷമ്മാരും അവളെ പ്രണയിക്കുന്നു. അവള്‍ തീവണ്ടിയിലാണ് വരുന്നതും പോകുന്നതും. കോളേജ് വിട്ടാല്‍ ഞങ്ങള്‍ കുറെ കാമുകന്മാര്‍ അവളുടെ പിന്നാലെ നേരേ റെയില്‍വേസ്റ്റേഷനിലേക്ക് പോകും. തീവണ്ടി വരുമ്പോള്‍ പ്രമീളയ്‌ക്കൊപ്പം ഞങ്ങളും കയറും. തീവണ്ടി ഇറങ്ങി, അവള്‍ വീടിന്റെ പടി കടക്കുന്നതുവരെ ഞങ്ങള്‍ അകമ്പടിസേവിക്കും. പടി കയറുംമുന്‍പ് അവളൊന്നു തിരിഞ്ഞുനോക്കും. ആ കടാക്ഷത്തില്‍ സ്വര്‍ഗം കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ തിരിച്ചു നടക്കും. തലശ്ശേരിക്കുള്ള അടുത്ത തീവണ്ടിക്ക് കയറും. തീവണ്ടിയെക്കാള്‍ വലുതാണ് പ്രണയമെന്ന് തിരിച്ചറിയും. പ്രമീളയെ പിന്നീട് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബാലചന്ദ്രന്‍ മാഷ് കല്യാണം കഴിച്ചു. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മിലുള്ള ആ പ്രണയസാക്ഷാത്ക്കാരം ഞങ്ങളെ നിരാശരാക്കി. കല്യാണദിവസം കാമ്പസിലെ മരച്ചോട്ടിലിരുന്നു ഞങ്ങള്‍ ഏതോ സിനിമയിലെ ശോകഗാനം പാടി. വിവാഹിതയിലെ വയലാറിന്റെ ആ പാട്ട് അന്ന് ഇറങ്ങിയിരുന്നില്ല. 'സുമംഗലീ നീ ഓര്‍മിക്കുമോ' എന്ന പാട്ട്. ഇറങ്ങിയിരുന്നെങ്കില്‍ ആ പാട്ടാണ് അന്ന് പാടേണ്ടിയിരുന്നത്.

ടീച്ചര്‍മാര്‍ക്കിടിയിലുമുണ്ടായിരുന്നു ഒരു സുന്ദരി. മേരി ടീച്ചര്‍. ഞങ്ങള്‍ പ്രണയപൂര്‍വം നോക്കിനില്ക്കുന്ന ടീച്ചര്‍ പക്ഷേ, എപ്പോഴും ഭര്‍ത്താവിന്റെ കൂടെയാണ് വരവും പോക്കും. ഫിസിക്‌സിലെ മാത്യു മാഷാണ് മേരി ടീച്ചറുടെ ഭര്‍ത്താവ്. ടീച്ചര്‍ ഹവായി ചെരിപ്പിട്ടാണ് വരിക. വിദ്യാര്‍ഥികള്‍ ആരും ചെരിപ്പിടാറില്ല. വല്ല ഡോക്ടര്‍മാരുടെയോ എഞ്ചിനീയര്‍മാരുടെയോ മക്കള്‍ ചെരിപ്പിട്ടാലായി. മാഷമ്മാര്‍ എല്ലാവരും സ്യൂട്ടും കോട്ടുമിട്ടാണ് വരിക. വിജയന്‍മാഷും ആറ്റൂര്‍ രവിവര്‍മയും പോലെ ചുരുക്കം ചിലരേ മുണ്ടുടുക്കാറുള്ളൂ. മാത്‌സിലെ ഈനാശു മാഷൊക്കെ വരുമ്പോള്‍ ഏതോ ബ്രിട്ടീഷ് രാജകുമാരന്‍ കടന്നുവരികയാണെന്നു തോന്നും. ഹിസ്റ്ററിയിലെ കുഞ്ഞിപ്പക്കിമാഷ് സുന്ദരനായിരുന്നു. ടീച്ചര്‍മാരുടെയും പെണ്‍കുട്ടികളുടെയുമൊക്കെ ആരാധനാമൂര്‍ത്തിയായിരുന്നു അദ്ദേഹം.

ബ്രണ്ണന്‍ കോളേജ് അന്നേ പ്രശസ്തമാണ്. അവിടെ പഠിക്കുക എന്നത് വലിയ മോഹമായിരുന്നു. അച്ഛനോടൊപ്പം തലശ്ശേരിയില്‍ പോകുമ്പോള്‍ അന്ന് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജിലേക്ക് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. നാലു നീണ്ട കെട്ടിടങ്ങളാണ്. അവിടെ സീറ്റ് കിട്ടാന്‍ പ്രയാസമാണെന്ന് കേട്ടിരുന്നു. പോയി വരാന്‍ ചെലവു കൂടുതലാണ്. താമസം പ്രയാസമാണ്. പി.യു.സിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍ അഡ്മിഷന് പ്രയാസമുണ്ടായിരുന്നില്ല. കെമിസ്ട്രി എന്റെ മോഹമായിരുന്നു. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂവിന് പോകുന്നത്. ഇന്നത്തെപ്പോലെ അച്ഛന്‍മാരൊന്നും കുട്ടികളുടെ കൂടെ വരില്ല. ഒറ്റയ്ക്കാണ് പോയത്. മുന്‍പു പഠിച്ച വിദ്യാലയങ്ങളെക്കുറിച്ചും പാഠ്യേതരവിഷയങ്ങളിലെ താത്പര്യങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. കുട്ടനാട്ടിലെ എടത്വാക്കാരന്‍ ജോര്‍ജ് വര്‍ഗീസാണ് വകുപ്പുമേധാവി. കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകുന്ന പെഴ്‌സണാലിറ്റി. അദ്ദേഹമാണ് ഇന്റര്‍വ്യൂ ചെയ്യുന്നത്. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം പരിശോധിച്ചു. ഉപന്യാസത്തിലും പ്രസംഗത്തിലും ചെറുകഥയിലും ചിത്രരചനയിലുമൊക്കെ ഞാന്‍ കേമനാണെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അപ്പോള്‍ അദ്ദേഹം അടുത്ത ചോദ്യം ചോദിച്ചു:

'എന്തുകൊണ്ട് കെമിസ്ട്രി തിരഞ്ഞെടുത്തു?'
അതിന് എനിക്ക് ഒരു ഉത്തരമേയുള്ളുവല്ലോ.
സ്‌കൂളില്‍ കെമിസ്ട്രി പഠിപ്പിച്ച ധര്‍മരാജ അയ്യരോടുള്ള സ്‌നേഹം.
ആ ഉത്തരംതന്നെ ഞാന്‍ ഒരു ശങ്കയുമില്ലാതെ പറഞ്ഞു.
അഡ്മിഷന്‍ കിട്ടി.
എഴുത്തുകാരന്‍ എന്ന പെരുമയില്‍ത്തന്നെയാണ് കോളേജില്‍ ഞാന്‍ വിലസുന്നത്. കോളേജിലെ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഷൈന്‍ ചെയ്യാന്‍ പിന്നെയും അവസരമായി.
സാഹിത്യം ചര്‍ച്ച ചെയ്യാറില്ലെങ്കിലും വിജയന്‍മാഷെ എഴുത്തിലും ഞാന്‍ ഗുരുസ്ഥാനത്ത് നിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ശിവദാസന്റെ കൂടെ ലൈബ്രറിയില്‍ ചെന്ന് ഏതോ പുസ്തകം വായിക്കുമ്പോഴും മനസ്സിലെ ശങ്ക മാറിയിരുന്നില്ല.
ഇന്റര്‍വെല്‍സമയത്ത്, ഞാനും ശിവദാസും മാഷെ ചെന്നു കണ്ടു. മടിച്ചു മടിച്ചാണ് ചോദിച്ചത്.
'എന്തിനാണ് മാഷ് ഞങ്ങളെ പുറത്താക്കിയത്?'
'ഇത്ര നേരം നിങ്ങള്‍ എവിടെയായിരുന്നു?' മാഷ് തിരിച്ചു ചോദിച്ചു.
'ലൈബ്രറിയില്‍,' ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
'അതിനുതന്നെയാണ് നിങ്ങളെ പുറത്താക്കിയത്. ക്ലാസില്‍ ഞാന്‍ പറയുന്ന അടിസ്ഥാനവ്യാകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമില്ല. പുറത്താക്കിയാല്‍ നിങ്ങള്‍ ലൈബ്രറിയിലേക്കാകും പോകുക എന്നെനിക്കറിയാം. അവിടെ ചെന്നാല്‍ എന്തെങ്കിലുമൊക്കെ വായിച്ച് നിങ്ങള്‍ക്ക് പുതിയ അറിവു നേടാം. നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളല്ല ഞാന്‍ ക്ലാസില്‍ പറഞ്ഞത്.'

punathil
പുസ്തകം വാങ്ങാം

ശിവദാസ് നല്ല വായനക്കാരനായിരുന്നു. ഇംഗ്ലീഷ് പ്രൊഫസറായി സര്‍വീസില്‍നിന്ന് വിരമിച്ച അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനാണ്.
ക്രാന്തദര്‍ശിയായിരുന്നു വിജയന്‍മാഷ്. ബി.എസ്‌സി ഫൈനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ കെമിസ്ട്രിയില്‍ എനിക്ക് ഫസ്റ്റ്ക്ലാസ് ലഭിച്ചില്ല. എം.എസ്‌സിക്ക് പോകാന്‍ പറ്റില്ല. മലയാളത്തിലാണെങ്കില്‍ രണ്ടാം റാങ്കുണ്ട്. ഒന്നാം റാങ്ക് ഒരു സാവിത്രി അന്തര്‍ജനത്തിനായിരുന്നു.
ഞാന്‍ വിജയന്‍മാഷുടെ അടുത്തു ചെന്നു. എം.എ. മലയാളത്തിനു പോകാനുള്ള താത്പര്യം പറഞ്ഞു. മാഷുടെ മറുപടി എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു.
'കഥയെഴുതാനാണോ നീ മലയാളം പഠിക്കാന്‍ പോകുന്നത്? എഴുത്തുകാരനാകാന്‍ എം.എ. മലയാളത്തിനു പോകേണ്ട ആവശ്യമില്ല. അക്ഷരം എഴുതാനും വായിക്കാനും പഠിച്ചാല്‍ മതി. നീ ഡല്‍ഹിയില്‍ പോയി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുത്. പി.യു.സിക്ക് നല്ല മാര്‍ക്കില്ലേ. നിനക്ക് അഡ്മിഷന്‍ കിട്ടും.'
ഡല്‍ഹിയിലും ഹൈദരാബാദിലും പോണ്ടിച്ചേരിയിലും മാത്രമേ അന്ന് മെഡിക്കല്‍ എന്‍ട്രന്‍സിന് സെന്ററുള്ളൂ. ഒരു വര്‍ഷം എന്‍ട്രന്‍സിന് പഠിക്കണം. ക്രാന്തദര്‍ശിയായ വിജയന്‍മാഷ് അന്ന് അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്തുകാരനായ ഡോക്ടര്‍ ആകുമായിരുന്നില്ല. മാഷുടെ ഉപദേശം കേട്ടാണ് ഡോക്ടറാകാന്‍ ഞാന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുനത്തിലിന്റെ ബ്രണ്ണന്‍ ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Punathil Kunjabdulla Brennen college memory Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented