പുനത്തിൽ കുഞ്ഞബ്ദുള്ള | ഫോട്ടോ: ജോജി എ.ജെ
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്നും നല്ല മാര്‍ക്കോടെയാണ് കുഞ്ഞബ്ദുള്ള ബ്രണ്ണനിലെത്തുന്നത്. മെഡിസിനും എന്‍ജിനീയറിങ്ങിനും മെറിറ്റില്‍ സീറ്റു കിട്ടും. പക്ഷേ, കുഞ്ഞബ്ദുള്ളയ്ക്ക് കെമിസ്ട്രിയോടാണ് ഇഷ്ടം. ക്രിസ്ത്യന്‍ കോളേജില്‍ കെമിസ്ട്രി പഠിപ്പിച്ച ധര്‍മരാജ അയ്യരോടുള്ള സ്നേഹം തന്നെ കാരണം. ഒരു വിഷയത്തില്‍ കുട്ടികള്‍ക്ക് ഭ്രമം തോന്നാനും പരിഭ്രമം തോന്നാനും ഒരു വിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ മനോഭാവത്തില്‍ വലിയ പങ്കുണ്ടെന്ന് അധ്യാപകനായ എന്നോട് പലപ്പോഴും കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്. ഇരുപതു സീറ്റുകള്‍ മാത്രമേ കെമിസ്ട്രിക്ക് ഉണ്ടായിരുന്നുള്ളൂ. അന്നുതന്നെ ബ്രണ്ണനിലെ കെമിസ്ട്രി ലാബ് മികച്ച നിലയിലാണ്. കുഞ്ഞബ്ദുള്ള പ്രശസ്തി നേടിത്തുടങ്ങിയ കാലമാണ്. 'കല്യാണരാത്രി'യും 'നസൂഹ'യും 'പാപത്തിന്റെ മറ'യും, തലനോമ്പുമൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. അതിന്റെ സ്നേഹവും ആദരവും അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുണ്ടായിരുന്നു.
ആദ്യവര്‍ഷം വീട്ടില്‍നിന്ന് ദിവസവും ബ്രണ്ണനില്‍ പോയിവരികയായിരുന്നു. അന്ന് ബ്രണ്ണനില്‍ ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. കുഞ്ഞബ്ദുള്ള ബി.എസ്സിക്കു ചേര്‍ന്ന വര്‍ഷമാണ് ബ്രണ്ണന്‍ കോളേജ് തലശ്ശേരിയില്‍നിന്ന് ധര്മ്മടത്തേക്കു മാറ്റുന്നത്. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാവിലെ ഏഴുമണിക്കാണ് വടക്കോട്ടുള്ള വണ്ടി. ആറരയ്ക്കെങ്കിലും വീട്ടില്‍നിന്നിറങ്ങണം. വൈകീട്ട് അഞ്ചു മണിക്കുള്ള വണ്ടിക്ക് വന്ന് വീട്ടിലെത്തുമ്പോള്‍ രാത്രി എട്ടെങ്കിലുമാകും. വലിയ പ്രയാസമായിരുന്നു ദിവസേനയുള്ള യാത്ര. വണ്ടി പലപ്പോഴും കൃത്യസമയത്ത് വരാറുമില്ല. അങ്ങനെയാണ് രണ്ടാംവര്‍ഷം മുതല്‍ താമസം പാരീസ് ഹോട്ടലിലാക്കിയത്. അന്നേ പ്രശസ്തമാണ് പാരീസ് ഹോട്ടല്‍, ബിരിയാണിക്കും നെയ്ച്ചോറിനും. അര നെയ്ച്ചോറിന് എട്ടണ അമ്പത് പൈസ. അര ബിരിയാണിക്ക് പന്ത്രണ്ടണ. ബിരിയാണിയുടെ മധ്യത്തില്‍ കുത്തിനിര്‍ത്തിയ മുട്ടയുണ്ടാകും. അര ബിരിയാണിക്ക് അര മുട്ട. ഹോട്ട
ലില്‍ താമസിക്കുന്നവരായതുകൊണ്ട് ചില പരിഗണനകള്‍ ലഭിക്കും. ഹോട്ടലിന് അടുത്താണ് ബീച്ച്. കോളേജ് വിട്ടു വന്നാല്‍ കൂട്ടുകാരൊന്നിച്ച് ബീച്ചില്‍ പോയിരിക്കും. ഹോട്ടലിനു മുന്നിലുള്ള മല്ലേഴ്സ് ഹോട്ടലില്‍ നല്ല വെജിറ്റേറിയന്‍ ഭക്ഷണമാണ്. കുഞ്ഞബ്ദുള്ളയുടെ സഹമുറിയന് കുഞ്ഞാപ്പു വടകരക്കാരനാണ്. സെയില്സ്ടാക്സില് ഉദ്യോഗസ്ഥനായി പിരിഞ്ഞു. വലിയ സഖാവാണ്. വടകരക്കാരന് തന്നെയായ സി.പി. ശിവദാസ് സഹപാഠിയാണ്. ഡോ.സി.പി. ശിവദാസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു. കുഞ്ഞബ്ദുള്ളയ്ക്ക് മുന്‍പുതന്നെ പോയി. ഹൃദയാഘാതമായിരുന്നു. പണിക്കേഴ്സ് റോഡിലെ ഫഌറ്റില്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ കുഞ്ഞബ്ദുള്ള പലരെപ്പറ്റിയും അന്വേഷിക്കും. പത്രമൊക്കെ വായിക്കുന്ന സമയമാണ്. ശിവദാസിന്റെ ചരമവാര്‍ത്ത വായിച്ചിരുന്നു. എന്നോടു പറഞ്ഞു: 'ഓനെന്തായിരുന്നു ഇത്ര തിരക്ക്. നല്ലവനായിരുന്നു.' എം. മുകുന്ദനും ഞാനും ഒരിക്കല്‍ ഫഌറ്റില്‍ ചെന്നപ്പോള്‍ അവശനായിരുന്നെങ്കിലും കുഞ്ഞബ്ദുള്ള ചോദിച്ചു: 'നമ്മുടെ അക്കുംബര്‍ എവിടെയാ?' അക്ബറെക്കുറിച്ചാണ് അന്വേഷണം. അക്ബര്‍ പോയവിവരം അറിഞ്ഞിരുന്നില്ല.
പാരീസ് ഹോട്ടലിനടുത്ത് ഒരു ലൈബ്രറിയുണ്ട്. അടുത്ത സുഹൃത്ത് ജയേന്ദ്രനാണ് കുഞ്ഞബ്ദുള്ളയ്ക്ക് പുസ്തകങ്ങള്‍ എടുത്തുകൊടുക്കുക. അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ആര്‍ഗസി മാഗസിനൊക്കെ എടുത്തുകൊണ്ടുവരും. ജെ.ഡി. സാലിംഗര്‍, ട്രൂമാന് കപ്പോട്ടി തുടങ്ങിയവരുടെ കഥകള്‍ കുഞ്ഞബ്ദുള്ള വായിക്കുന്നത് അപ്പോഴാണ്. ഇംഗ്ലീഷ് അധ്യാപകനായ ജോസഫ് മാഷാണ് ആര്‍ഗസി മാസികയെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും ആദ്യമായി പറയുന്നത്. കോളേജില്‍ ജയേന്ദ്രന്‍, രാജേന്ദ്രന്, പൃഥ്വിരാജ്, കുഞ്ഞബ്ദുള്ള എന്നീ നാല്‍വര്‍സംഘമാണ് അടുത്ത കൂട്ടുകാര്‍. കുഞ്ഞബ്ദുള്ള പില്ക്കാലത്ത് എഴുതിയിട്ടുണ്ട്: 'നാല്വര്സംഘത്തില് ഞാനൊഴിച്ച് മൂന്നുപേരും വിവാഹം കഴിച്ചില്ല. അവര്‍ക്ക് മൂന്നുപേര്‍ക്കും കൂടി ഞാന്‍ കല്യാണം കഴിച്ചുകൊണ്ടേയിരിക്കുന്നു.'
നല്ല വായനക്കാരനായ ജയേന്ദ്രനാണ് കുഞ്ഞബ്ദുള്ളയെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ വിശാലമായ ലോകത്തേക്കു നയിക്കുന്നത്. നല്ല എഴുത്തുകാരന് കൂടിയായ ജയേന്ദ്രന്‍ കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനായാണ് വിരമിച്ചത്. ഇപ്പോള്‍ നല്ല ഭക്ഷണമുണ്ടാക്കിയും ആസ്വദിച്ചും വിശ്രമജീവിതം നയിക്കുന്നു. രവീന്ദ്രനാഥടാഗോറിന്റെ ഷേഷേര്‍ കൊബിത, വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിങ്സ്റ്റോണ്‍ രചിച്ച ലസ്റ്റ് ഫോര്‍ ലൈഫ്, എറിക് മറിയ റിമാര്‍ക്കിന്റെ ഓള്ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രന്‍ഡ്, ശങ്കറിന്റെ ദ മോങ്ക് ആസ് മാന്‍: ദ അണ്‍നോണ്‍ ലൈഫ് ഓഫ് സ്വാമി വിവേകാനന്ദ എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് ജയേന്ദ്രന്‍. സ്മാരകശിലകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാമോ എന്ന് കുഞ്ഞബ്ദുള്ള ചോദിച്ചപ്പോള്‍ സാധ്യമല്ലെന്നാണ് ജയേന്ദ്രന്‍ പറഞ്ഞത്. വേറൊരു ഭാഷയിലേക്ക് മൊഴി മാറ്റുമ്പോള്‍ അതിന്റെ ഭംഗി മുഴുവന്‍ പോകും. അതിലെ ഭാഷയും മിത്തുമൊക്കെ വിവര്‍ത്തനത്തിന് വഴങ്ങാത്തവിധം മനോഹരമാണെന്നായിരുന്നു ജയേന്ദ്രന്റെ വിശദീകരണം.
മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ പ്രശസ്തരായ അധ്യാപകരുണ്ട് അന്ന് ബ്രണ്ണനില്‍. കവി ആറ്റൂര്‍ രവിവര്മയുണ്ട്. ആറ്റൂരിന് കുഞ്ഞബ്ദുള്ളയെ
വലിയ കാര്യമായിരുന്നു. ആറ്റൂരിനെ കാണുമ്പോള്‍ ദ്വാരകയില്‍ ശ്രീകൃഷ്ണന് റബ്ബര്‍ കൃഷി നടത്തവേ എന്ന വരികള്‍ മൂളും കുഞ്ഞബ്ദുള്ള. കുഞ്ഞബ്ദുള്ള ബ്രണ്ണനില്‍ ചേര്‍ന്ന ശേഷമാണ് എം.എന്‍. വിജയന് ബ്രണ്ണനിലെത്തുന്നത്. എം.എന്‍.വിജയന്റെയും എം.എസ്. മേനോന്റെയും കുടക്കീഴിലായിരുന്നു ബ്രണ്ണനില്‍ കുഞ്ഞബ്ദുള്ളയുടെ സാഹിത്യജീവിതം. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ പിന്നീട് ഐ.എ.എസ.് കിട്ടിയ ആര്. രാമചന്ദ്രന്‍നായര്‍, ഐ.പി.എസ.് കിട്ടിയ എം. കൃഷ്ണന് നായര്‍, സി.ടി. സുകുമാരന്‍ തുടങ്ങിയ പ്രഗല്ഭരായിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാം കുഞ്ഞബ്ദുള്ളയുടെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു. ഇംഗ്ലീഷിലെ ഭാസ്കരമേനോനുമായി കുഞ്ഞബ്ദുള്ളയ്ക്ക് നല്ല അടുപ്പമായിരുന്നു. അദ്ദേഹം നന്നായി കാര്‍ട്ടൂണ്‍ വരയ്ക്കും. ചിത്രകലയില്‍ തത്പരനായിരുന്ന കുഞ്ഞബ്ദുള്ള ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങള്‍ വരച്ച് ഭാസ്കരമേനോനെ കാണിക്കും. ഇടയ്ക്ക് ചായ കുടിക്കാനുള്ള കാശ് നല്‍കും ഭാസ്കരമേനോന്‍. പ്രഗല്ഭനായ ഇംഗ്ലീഷ് അധ്യാപകന് പ്രൊഫ. കെ.സി. ബാലചന്ദ്രനും കുഞ്ഞബ്ദുള്ളയെ ഏറെ ഇഷ്ടമായിരുന്നു. കുഞ്ഞബ്ദുള്ളയുടെ 11 കഥകള്‍ ദ ഹൗസ് വേര് ദ ഡെഡ് സ്ലീപ്പ് ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്ന പേരില്‍ പ്രൊഫ. ബാലചന്ദ്രന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞബ്ദുള്ള പോയ 2017 ഒക്ടോബര്‍ 27ന് 24 ദിവസം മുന്‍പ് പ്രൊഫ. ബാലചന്ദ്രനും യാത്രയായി; ബംഗ്ലൂരുവില്‍. പിന്നീട് പുസ്തകം പ്രസിദ്ധീകരിച്ചത് ബ്രണ്ണന്‍ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ബ്രണ്ണനൈറ്റ് കലിക്കറ്റ് ചാപ്റ്റര്‍ ആണ്.
'കുഞ്ഞബ്ദുള്ളയും ശിവദാസനും എഴുന്നേറ്റ് നില്ക്ക്.' ആദ്യമലയാളം ക്ലാസില്‍ എം.എന്‍. വിജയന് പറഞ്ഞു. ആശങ്കയോടെ രണ്ടുപേരും എഴുന്നേറ്റ് നില്ക്കുമ്പോള് മാഷ് പറഞ്ഞു. രണ്ടുപേരും പുറത്തേക്കു പോകണം. എന്താണ് കാര്യമെന്ന് ചോദിച്ചില്ല. മാഷ് പറഞ്ഞതുമില്ല. രണ്ടുപേരും പുറത്തിറങ്ങി. പുറത്തുപോയി ചായകുടിക്കാനാണെങ്കില് കൈയില്‍ കാശില്ല. മാസച്ചെലവിനുള്ള കാശല്ലാതെ വട്ടച്ചെലവിനുള്ള കാശ് അച്ഛന് കുഞ്ഞബ്ദുള്ളയ്ക്ക് നല്‍കാറില്ല. ശിവദാസന്റെ കാര്യവും അങ്ങനെത്തന്നെ. രണ്ടുപേരും ലൈബ്രറിയിലേക്കു പോയി. അവിടെയി
രുന്ന് വായിച്ചു. ഇന്റര്‍വെല്‍ ആയപ്പോള്‍ രണ്ടുപേരും തിരിച്ചു ക്ലാസിലെത്തി മടിച്ചുമടിച്ച് ചോദിച്ചു: 'മാഷ് എന്തിനാണ് ഞങ്ങളെ പുറത്താക്കിയത്?'
'ഇത്രയും നേരം നിങ്ങള്‍ എവിടെയായിരുന്നു?' മാഷ് ചോദിച്ചു.
'ലൈബ്രറിയില്‍,' രണ്ടുപേരും മറുപടി പറഞ്ഞു. 'അതിനുവേണ്ടി ത്തന്നെയാണ് ഞാന്‍ നിങ്ങളോട് പുറത്തു പോകാന്‍ പറഞ്ഞത്. ക്ലാസില്‍ ഞാന്‍ പറയുന്ന വ്യാകരണങ്ങള്‍ ഒന്നും നിങ്ങള്‍ക്കാവശ്യമില്ല. പുറത്താക്കിയാല്‍ നിങ്ങള്‍ ലൈബ്രറിയിലേക്കാണ് പോകുക എന്നറിയാം. അവിടെ ചെന്നാല്‍ പുതിയ എന്തെങ്കിലും വായിച്ച് അറിവ് നേടാം. നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളല്ല ഞാന്‍ ക്ലാസില്‍ പറഞ്ഞത,്' മാഷ് വിശദീകരിച്ചു.
വൈലോപ്പിള്ളിയുടെ നിരൂപകന് എന്ന നിലയിലാണ് അന്ന് എം.എന്‍.വിജയന്റെ പ്രശസ്തി. പ്രഭാഷണങ്ങളൊന്നും ആരംഭിച്ചിട്ടില്ല. കുഞ്ഞബ്ദുള്ളയുടെ വട്ടച്ചെലവിനുള്ള ആശ്രയം വിജയന് മാഷാണ്. എല്ലാ മാസവും ശമ്പളം കിട്ടിയാല്‍ കുഞ്ഞബ്ദുള്ള മാഷോട് പത്തു രൂപ കടം വാങ്ങും. ചോദിക്കുന്നത് കടമാണെങ്കിലും തിരിച്ചുകിട്ടില്ലെന്ന് മാഷ്ക്കറിയാം. ഒരിക്കലും തിരിച്ചുകൊടുത്തിട്ടുമില്ല. എന്നാലും എല്ലാ മാസവും ആദ്യമായി കടം ചോദിക്കുന്ന ഒരാളെപ്പോലെ കുഞ്ഞബ്ദുള്ള ചെന്ന് മാഷോട് പത്തു രൂപ കടം വാങ്ങും. ആദ്യമായെന്നപോലെ മാഷ് കൊടുക്കുകയും ചെയ്യും. ആര്. രാഘവവാരിയരാണ് അന്ന് പ്രിന്‍സിപ്പല്‍. സംസ്കൃതത്തില്‍ അഗാധപണ്ഡിതന്‍. ഭയങ്കര ഗൗരവം. ഇടവേളകളിലും ഉച്ചസമയത്തും ആണ്‍കുട്ടികള്‍ കോറിഡോറിലും കോണിപ്പടിയിലുമൊക്കെ നിന്ന് സുന്ദരികളായ പെണ്‍കുട്ടികളുടെ വായ നോക്കിനില്ക്കും. ചില്ലറ കമന്റുകളും. അപ്പോള്‍ താക്കോല്‍ക്കൂട്ടം കൈവിരലില്‍ കറക്കി പ്രിന്‍സിപ്പലിന്റെ ഒരു വരവുണ്ട്. എന്നിട്ട് ഒരു ആക്രോശമാണ്, 'ഗോ എവേ... ഗോ... ഗോ... എവേ.' ആണ്‍കുട്ടികള്‍ പറപറക്കും. പ്രഗല്ഭരായിരുന്നു കോളേജിലെ അധ്യാപകര്‍. ഹിസ്റ്ററിയില്‍ കേയികുടുംബാംഗമായ കുഞ്ഞിപ്പക്കിമാസ്റ്റര്, ഇംഗ്ലീഷില്‍ കുമ്പളം വിജയരാഘവന്, രവിവര്‍മ, കെ. ജോസഫ്, മാത്സില് കുശലന് മാഷ്, ഫിസിക്സില്‍ മാത്യു മാഷ്, കെമിസ്ട്രിയില്‍ പുരുഷോത്തമന് നമ്പൂതിരിപ്പാട്, മാത്സില് എച്ച്.ഒ.ഡി. ഈനാശു തുടങ്ങിയ നിരവധി പേര്. അധ്യാപകര്‍ ഏറെയും സൂട്ടും കോട്ടുമിട്ടാണ് വരിക. എം.എന്‍. വിജയനും, ആറ്റൂര്‍ രവിവര്‍മ്മയും പോലെ ചുരുക്കംപേര്‍ മുണ്ടുടുക്കും.
രണ്ടാംവര്‍ഷം കുഞ്ഞബ്ദുള്ളയെ കോളേജില്‍ ഫൈന്‍ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പില്ക്കാലത്ത് സി.പി.ഐ.എം. നേതാ
വായ, അകാലത്തില്‍ അന്തരിച്ച പാട്യം ഗോപാലനായിരുന്നു എതിര് സ്ഥാനാര്‍ഥി. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായാണ് പാട്യം കോളേജില്‍ എത്തുക. വൈകീട്ട് പാര്‍ട്ടിപ്രവര്‍ത്തനത്തിനു പോയി എവിടെയെങ്കിലും കിടന്നുറങ്ങിയിട്ടുള്ള വരവാണ്. പാട്യം ഗോപാലനെ വലിയ ആദരവോടെയാണ് കുഞ്ഞബ്ദുള്ള ഓര്‍ക്കാറുള്ളത്. കോളേജില്‍ പാര്‍ലമെന്റ് ഉണ്ടായിരുന്നു. കാര്യമായ പൊളിറ്റിക്സൊന്നും ഉണ്ടായിരുന്നില്ല. ബ്രണ്ണന്‍ ബഌസും, ഡമോക്രാറ്റിക്സുമാണ് മത്സരരംഗത്ത്. ജയേന്ദ്രനായിരുന്നു സാംസ്കാരികമന്ത്രി. ബ്രണ്ണന്‍ കലോത്സവം പ്രശസ്തമായിരുന്നു. പ്രഗല്ഭസാഹിത്യകാരന്മാരൊക്കെ പങ്കെടുക്കുമായിരുന്നു. ഒരുതവണ പി. ആയിരുന്നു മുഖ്യാതിഥി. കുഞ്ഞബ്ദുള്ളയും സി.പി. ശിവദാസുമാണ് പി. കുഞ്ഞിരാമന്‍നായരെ ക്ഷണിക്കാന്‍ പോയത്. പി. പഠിപ്പിക്കുന്ന സ്കൂളിലെത്തി പലരോടും അന്വേഷിച്ചിട്ടും ഒരു വിവരവുമില്ല. ഒടുവില്‍ ഹെഡ്മാസ്റ്ററെ തന്നെ പോയിക്കണ്ടു. പി. കൃത്യമായൊന്നും സ്കൂളിലെത്താറില്ലെന്ന് പറഞ്ഞ ഹെഡ്മാസ്റ്റര് കവി താമസിക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു. കവിയുടെ കല്പനകളെല്ലാം തീര്‍ന്നെന്ന് മുന്നറിയിപ്പും നല്കി. ഒരു പീടികമുകളിലെ പനമ്പുകൊണ്ട് മറച്ച മുറിയിലായിരുന്നു കവി. കാര്യം പറഞ്ഞപ്പോള്‍ കവി പറഞ്ഞു: 'പറ്റില്ല. എന്റെ കല്പനകളെല്ലാം തീര്‍ന്നുപോയി.' താണു വീണപേക്ഷിച്ചപ്പോള് സമ്മതിച്ചു. ഒരൊറ്റ നിബന്ധന, ഹെഡ്മാസ്റ്റര് അറിയരുത്. തീയതിയും സമയവും തീരുമാനിച്ച് പിരിഞ്ഞു. സംഭവ ദിവസം വീണ്ടും സ്കൂളിലെത്തിയപ്പോള്‍ കവിയുടെ പൊടിപോലുമില്ല. ലോഡ്ജില്‍ ചെന്ന് കവിയെ കണ്ടുപിടിച്ചു. കവി ഉറക്കത്തിലായിരുന്നു. പ്രസംഗത്തിന്റെ കാര്യം കവി മറന്നുപോയിരുന്നു. കല്യാണം മറന്നുപോയ കവിക്കാണോ പ്രസംഗം മറക്കാന്‍ വിഷമം. രണ്ടുപേരും ഓര്മപ്പെടുത്തിയപ്പോള് കവി ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ കുറേ ദിവസങ്ങളായി ആലോചിക്കുന്നു. എവിടെയാണ് ഒരു പ്രസംഗം വീണു
പോയതെന്ന്. ശരി ഞാന്‍ വരാം. സ്കൂളില്‍ പോയി ഒപ്പിടണം.'
പതിവ് കാലന്‍കുടയും തൂക്കി സ്കൂളിലെത്തി ഒപ്പിട്ടു. സ്റ്റാഫ്റൂമില്‍നിന്ന് ഒപ്പിട്ടിറങ്ങുമ്പോള്‍ കവി വലിയ കുട ചെരിച്ചുപിടിച്ചു. കുട്ടികളോട് സ്വകാര്യം പറഞ്ഞു:'ഹെഡ്മാസ്റ്റര് കാണണ്ട.' ആ കുടയ്ക്കു കീഴില്‍ ആ വലിയ ശരീരവും മുണ്ടും മറഞ്ഞിരുന്നില്ല. വഴിയില്‍ കവി കുട്ടികളോടു ചോദിച്ചു: 'പ്രസംഗിച്ചാല്‍ എനിക്കെന്ത് തരും.' ചായയും മിക്സച്ചറും പൂവന്പഴവുമെന്ന് കുഞ്ഞബ്ദുള്ള നിഷ്കളങ്കമായി പറഞ്ഞു. അപ്പോള്‍ കവി സ്വഗതം പറയുകയാണ്. 'പാലക്കാട് വിക്ടോറിയയില്‍ പോയപ്പോള്‍ അവിടെ വിജയനുണ്ട്. പാലക്കാട്ട് പോയാല്‍ പക്ഷി ചിലച്ചാല്‍ നെന്മണി കിട്ടും.' മണികണ്ഠവിജയം എഴുതിയ പ്രൊഫ. വി. വിജയന് നൂറു രൂപയുടെ ഒരു നോട്ടാണ് പോലും നെന്മണിയായി നല്‍കിയത്. അരിച്ചുപെറുക്കി ശിവദാസനും കുഞ്ഞബ്ദുള്ളയും കവിക്ക് നെന്മണി നല്കി. അതോടെ ആ വര്‍ഷം മലയാളത്തിന്റെ ബഡ്ജറ്റും തീര്‍ന്നു. പിരിയുമ്പോള്‍ സുമുഖനായ കുഞ്ഞബ്ദുള്ളയുടെ കവിളില്‍ നുള്ളി കവി പറഞ്ഞു: 'നീ ഇനിയും വരണം കേട്ടോ...' പിന്നീട് ആ വഴി പോയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള.
ആ വര്‍ഷം ഓള് ഇന്ത്യാ റേഡിയോയുടെ നാടകമത്സരത്തില്‍ കുഞ്ഞബ്ദുള്ളയുടെ മലയാളനാടകം വെള്ളം വെള്ളം, ജയേന്ദ്രന്റെ
ഇംഗ്ലീഷ് നാടകം ടു സെറ്റ് ദ തീഫ് ടു കാച്ച് ദ തീഫ് എന്നീ നാടകങ്ങള്‍ തിരഞ്ഞെടുത്തു. കോഴിക്കോട് നിലയത്തിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്; പില്ക്കാലത്ത് കുഞ്ഞബ്ദുള്ള എത്രയോ കഥകള്‍ പറഞ്ഞ സ്റ്റുഡിയോവില്‍. ബ്രണ്ണനിലെ എല്ലാ ബ്ലോക്കിലും പബ്ലിക് അഡ്രസിങ്ങ് സിസ്റ്റം ഉണ്ടായിരുന്നു അന്നുതന്നെ. ഒരു മുറിയില്‍ മൈക്കും സംവിധാനങ്ങളും. ഉച്ചയ്ക്കു കുഞ്ഞബ്ദുള്ളയും കൂട്ടുകാരും പാട്ടും കവിതയും സ്കിറ്റും അവതരിപ്പിക്കും. അതിന് ബി.ബി.സി.എന്ന് പേരുമിട്ടു.ബ്രണ്ണന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്പറേഷന്.
തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീനാരായണഗുരു വന്നപ്പോള്‍ ടെമ്പിള്‍ഗേറ്റിലെ ജയേന്ദ്രന്റെ തറവാട്ടിലാണ് താമസിച്ചത്. ആ വീട് പില്ക്കാലത്ത് സംഗീതസംവിധായകന് കെ. രാഘവന് കൈമാറിയപ്പോള്‍ കൊടുവള്ളിപ്പുഴയുടെ തീരത്തുള്ള പുതിയ വീട്ടിലേക്ക് ജയേന്ദ്രനും അമ്മയും താമസം മാറ്റി. വീടു മാറിയപ്പോള്‍ ഗുരുദേവന് വിശ്രമിച്ച കസേരയും കട്ടിലും പുതിയ വീട്ടിലേക്ക് കൊണ്ടുവന്നു. ജയേന്ദ്രന്റെ അമ്മ നന്നായി ഭക്ഷണം പാകം ചെയ്യും. അത് കഴിക്കാന്‍ കുഞ്ഞബ്ദുള്ള പോകും. ഗുരുദേവന് വിശ്രമിച്ച കട്ടിലില്‍ കിടക്കുകയും കസേരയില്‍ ഇരിക്കുകയും ചെയ്യും. വലിയ സന്തോഷത്തോടെ പറയും 'ഗുരുദേവന് കിടന്ന കട്ടിലില്‍ ഞാനും കിടന്നു.'
ബി.എസ്സി.ഫൈനല്‍ പരീക്ഷയില്‍ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ്
ലഭിച്ചില്ല കുഞ്ഞബ്ദുള്ളയ്ക്ക്. എം.എസ്സിക്ക് പോകാന്‍ പറ്റില്ല. മലയാളത്തില്‍ രണ്ടാം റാങ്കുണ്ട്. എന്നാല്‍ മലയാളത്തിനു പോകാം. കുഞ്ഞബ്ദുള്ള വിജയന് മാഷെ കണ്ട് കാര്യം പറഞ്ഞു, മാഷ് പറഞ്ഞു: 'കഥയെഴുതാനാണോ നീ മലയാളം പഠിക്കുന്നത്. എഴുത്തുകാരനാകാന്‍ എം.എ. മലയാളം വേണ്ട. അക്ഷരം എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതി. പി.യു.സിക്ക് നല്ല മാര്‍ക്കുണ്ടല്ലോ. നീ മെഡിക്കല്‍ എന്‍ട്രന്‍സിന് എഴുതൂ, നിനക്ക് അഡ്മിഷന് കിട്ടും.' കുഞ്ഞബ്ദുള്ള മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി. റാങ്കോടെയായിരുന്നു വിജയം.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി എന്ന പുസ്തകത്തില്‍ നിന്നും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..