മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫെമിനിസത്തിന്റെ കേരളചരിത്രം എന്ന പുസ്തകത്തിന് എഴുതിയ ആമുഖം

കേരളത്തിന്റെ സവിശേഷസാഹചര്യം നിരവധി ഘടകങ്ങളാല്‍ ശ്രദ്ധേയമാണല്ലോ. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങളില്‍ സംഘടിതമായ പോരാട്ടങ്ങളുടെ വേഗചലനങ്ങളും നിശ്ശബ്ദമായ പ്രതികരണങ്ങളുടെ നിശ്വാസങ്ങളുമുണ്ട്. അവയും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പിറന്നിരുന്നു. 

ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചരിത്രം അത്യപൂര്‍വമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളൂ. ഒരിക്കലും അതിനെ പൊതുചരിത്രരേഖകളുടെ മുഖ്യഭാഗത്തേക്കു വരാന്‍ അനുവദിച്ചിട്ടേയില്ല. പ്രഖ്യാതമായ കേരളചരിത്രത്തിന്റെ പരിമിതികളിലൊന്നാണിത്. അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിനുള്ളിലും പുറത്തുമുണ്ടായിട്ടുണ്ട്. ചരിത്രരചയിതാക്കളും ചരിത്രത്തില്‍ താത്പര്യമുള്ളവരും ആ ശ്രമം നടത്തിയിട്ടുണ്ട്. അതു വിവിധ രീതിയില്‍ തുടരുന്നുമുണ്ട്. അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം.

'ഫെമിനിസം' എന്ന പ്രയോഗം ലാറ്റിന്‍ പദമായ 'ഫെമിന'യില്‍നിന്നാണ് രൂപപ്പെടുന്നത്. ആദ്യകാലത്ത് 'സ്ത്രീസഹജമായ ഗുണങ്ങളുണ്ടാവുക' എന്ന അര്‍ഥമാണ് ഫെമിനിസത്തിനു നല്കിയിരുന്നത്. പില്ക്കാലത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുവെന്നതിനെയും അതിന്റെ കാരണങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തില്‍ ആ പ്രയോഗം പരിഗണിക്കപ്പെട്ടു. സ്ത്രീയുടെ വിമോചനത്തിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടല്‍രൂപമായി അത് വികസിച്ചു.

ഫെമിനിസം നേര്‍രേഖയില്‍ നിര്‍വചിക്കപ്പെട്ടതോ ഒറ്റതലത്തില്‍ ഒതുങ്ങുന്നതോ ആയ ഒരു പ്രതിഭാസമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത സമൂഹങ്ങളില്‍ അതതു കാലത്തിന്റെയും സമൂഹത്തിന്റെയും സവിശേഷതയ്ക്കനുസരിച്ച് ഫെമിനിസം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആധുനികതയുടെ സൃഷ്ടിയാണ് ഫെമിനിസമെന്നു പറയാറുണ്ട്. ഫെമിനിസത്തിനു നിര്‍വചനങ്ങള്‍ രൂപപ്പെട്ടത് ആധുനികകാലത്താണ് എന്നതു നേരാണ്. എന്നാല്‍, വിവിധ രംഗത്ത്, വിവിധ രീതിയില്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളും പുരുഷന്മാരും വിവേചനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന സ്ഥിതി നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെയുണ്ടായിരുന്നു. മനുഷ്യചരിത്രത്തിന്റെ അപരിഷ്‌കൃതം എന്നോ പ്രാകൃതമെന്നോ വിശേഷിപ്പിക്കുന്ന, അതിപ്രാചീനഘട്ടത്തിലൊഴികെ മറ്റെല്ലാ ഘട്ടങ്ങളിലും- അടിമത്തത്തിലും ജന്മിത്തത്തിലും മുതലാളിത്തത്തിലും- ഈ പ്രതികരണം ഏറിയും കുറഞ്ഞും പ്രകടമായിട്ടുണ്ട്. പ്രാകൃതഘട്ടത്തില്‍ അതു പ്രകടമാവാതിരുന്നത് അവിടെ വിവേചനം ഇല്ലാതിരുന്നതുകൊണ്ടാണ്. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കുന്നുണ്ട്. 

പില്ക്കാലത്ത് ശക്തമായ സ്ത്രീവാദങ്ങളില്‍ പലതും ചരിത്രത്തെ അര്‍ഹമായ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുരുഷവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമാണ് ഫെമിനിസം എന്ന ബോധം രൂപപ്പെടുകയും പ്രബലമാവുകയും ചെയ്തു. മനുഷ്യര്‍ക്കിടയിലെ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെമിനിസം എന്ന യാഥാര്‍ഥ്യം അംഗീകരിക്കപ്പെടാതെപോയി.

കേരളത്തിന് അഭിമാനകരമായ അനുകൂലഘടകങ്ങളില്‍ സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളുണ്ട്. ഔപചാരികവിദ്യാഭ്യാസത്തില്‍ പ്രാഥമികതലംമുതല്‍ ഉന്നതവിദ്യാഭ്യാസംവരെയുള്ള ഘട്ടങ്ങളിലെ പങ്കാളിത്തം, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ സൂചകങ്ങള്‍ തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍, ഈ നേട്ടങ്ങളോട് പൊരുത്തപ്പെടാത്ത വിധത്തിലാണ് സ്ത്രീയുടെ സ്വാതന്ത്ര്യം, അവകാശം, പദവി എന്നിവയുടെ സ്ഥിതി. രാജ്യത്ത് മാനവവികസനസൂചികയില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ഒരു സമൂഹത്തില്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ മൗലികാവകാശങ്ങളും സ്ത്രീയാണെന്ന കാരണത്താല്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ വൈരുധ്യമാണല്ലോ. ഒരു ജനാധിപത്യസാമൂഹികവ്യവസ്ഥയില്‍ ഈ വൈരുധ്യം തുടരാന്‍ പാടില്ല. എന്നാല്‍, ഈ വൈരുധ്യത്തിന്റെ കാരണമന്വേഷിക്കുന്നവരും വൈരുധ്യം പരിഹരിക്കാന്‍ ശ്രമിക്കുന്നവരും നിഷേധികളെന്ന വിപരീതാര്‍ഥത്തില്‍ വിശേഷിപ്പിക്കപ്പെടുന്നു. ആ അര്‍ഥസൂചകമായി പൊതുസമൂഹം പ്രയോഗിക്കുന്ന പദമാണ് 'ഫെമിനിസം.'

ഫെമിനിസം എന്ന പ്രയോഗത്തിനും അതുള്‍ക്കൊള്ളുന്ന ആശയത്തിനും ഇപ്പോഴും കേരളത്തിന്റെ സാമാന്യബോധത്തിനുള്ളില്‍ സ്വീകാര്യത ലഭിച്ചിട്ടില്ല. സ്ത്രീവിമോചനവാദം, സ്ത്രീസ്വാതന്ത്ര്യവാദം, സ്ത്രീസമത്വവാദം തുടങ്ങിയവയാണ് ഫെമിനിസത്തെ സൂചിപ്പിക്കാന്‍ പൊതുവിലുപയോഗിക്കുന്ന മലയാളപ്രയോഗങ്ങള്‍. ഇവയിലടങ്ങുന്ന ആശയങ്ങള്‍ മാനവസമൂഹത്തെയാകെ സംബന്ധിച്ച് മനുഷ്യാവകാശത്തിന്റെയും ഇന്ത്യന്‍സമൂഹത്തെ സംബന്ധിച്ച് പൗരാവകാശത്തിന്റെയും ഭാഗമാണ്. ഈ അവകാശങ്ങള്‍ സ്ത്രീകള്‍ ഇടപെടുന്ന എല്ലാ മേഖലയിലും അനുഭവിക്കാന്‍ കഴിയണമെന്നതാണ് ഫെമിനിസത്തിന്റെ ഉള്ളടക്കം. എല്ലാ മേഖലയും എന്നതില്‍, കുടുംബം, മാധ്യമം, രാഷ്ട്രീയം, വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങി സമൂഹത്തിലെ എല്ലാ സംവിധാനവുമുള്‍പ്പെടുന്നു. നിലവില്‍ ഇവയിലെല്ലാം നിലനില്ക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശവും പൗരാവകാശവും നിഷേധിക്കുന്ന പ്രവണതകളാണ്.

എന്നാല്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് എന്നു തിരിച്ചറിയാന്‍പോലും കഴിയാത്തവിധത്തില്‍ അത്തരം പ്രവണതകള്‍ വ്യവസ്ഥാപിതമായിരിക്കുന്നു. അങ്ങനെ വ്യവസ്ഥാപിതമായത് എഴുതിവെച്ച നിയമങ്ങളിലൂടെയല്ല, മറിച്ച്, കീഴ്‌വഴക്കങ്ങളിലൂടെയാണ്. അലിഖിതമായ കീഴ്‌വഴക്കങ്ങള്‍ പിന്തുടരുന്നതിനു നല്കുന്ന പ്രാധാന്യം ലിഖിതമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ പൊതുസമൂഹം നല്കാറില്ല. അങ്ങനെയാണ് 'ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാവാം, നാളത്തെ ശാസ്ത്രമതാവാം' എന്ന നിലയുണ്ടാകുന്നത്. പിന്തുടര്‍ന്നുവരുന്ന 'അബദ്ധ'ങ്ങളുടെ സ്ഥാനത്ത് മനുഷ്യാവകാശത്തിനും പൗരാവകാശത്തിനുമായി നിലവിലുള്ള നിയമങ്ങളും ഭരണഘടനാമൂല്യങ്ങളും പാലിക്കുന്നത് ശീലമാക്കുവാനും അതിനെ കീഴ്‌വഴക്കമാക്കുവാനും കഴിയുന്നതുവരെ ഫെമിനിസത്തിനു പ്രസക്തിയുണ്ട്. അതായത്, മനുഷ്യാവകാശവും പൗരാവകാശവും യാഥാര്‍ഥ്യമാകുന്നതുവരെ, അവ സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നതുവരെ ഫെമിനിസം നിലനില്ക്കും. 

Books
പുസ്തകം വാങ്ങാം

സ്ത്രീവിമോചനത്തിനായി കേരളത്തില്‍ നടന്നിട്ടുള്ള ആദ്യകാലശ്രമങ്ങള്‍ ബോധപൂര്‍വമോ കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെയോ രൂപപ്പെട്ടവയല്ല. വിമോചനത്തിനുള്ള ശ്രമങ്ങളാണെന്ന തിരിച്ചറിവുപോലും ഒരുപക്ഷേ, അവയ്ക്കുണ്ടായിരുന്നില്ല. അടിച്ചമര്‍ത്തപ്പെടുന്ന വൈകാരിക-വൈചാരിക-ബൗദ്ധിക തലങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന അസ്വസ്ഥതയുടെയും അതില്‍നിന്നുയരുന്ന ചെറുത്തുനില്പിന്റെയും സ്വഭാവമാണ് അത്തരം ശ്രമങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, സ്ത്രീവിമോചനചരിത്രം രേഖപ്പെടുത്തുമ്പോള്‍ അവഗണിക്കാന്‍ പാടില്ലാത്ത പ്രാധാന്യം അവയ്ക്കുണ്ട്. സ്ത്രീപദവി സംബന്ധിക്കുന്ന സാര്‍വദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളര്‍ച്ചയും പരിശോധിച്ചുകൊണ്ടു മാത്രമേ കേരളത്തില്‍ ഫെമിനിസത്തിന്റെ വേരുകള്‍ തേടാനാവൂ. തനതായ ഫെമിനിസം കേരളത്തിനായി രൂപപ്പെട്ടുവന്നതിന് കേരളസമൂഹത്തിന്റെ പരിണാമചരിത്രവും കാരണമാണല്ലോ. സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹികചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PS Sreekala New Book Feminism Mathrubhumi Books