പ്രേംനസീർ
നവാസ് പൂനൂരിന്റെ ' പ്രേംനസീര്‍: കാലം പറഞ്ഞു നിത്യഹരിതം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
നസീര്‍ അവസാനമായി ക്യാമറയ്ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് 1988ലെ 'ധ്വനി'. ഒരുപാട് സവിശേഷതകള്‍ നസീറിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ചിത്രമാണിത്. എ.ടി. അബുവായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മലപ്പുറം ജില്ലയിലെ ഏലംകുളത്തുകാരനായ അബു ചെറുപ്പത്തിലെ മദിരാശിയില്‍ സിനിമാരംഗത്ത് എത്തിപ്പെട്ട ആളാണ്. പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തു തുടങ്ങി സംവിധായകപദവിയിലേക്ക് ഉയര്‍ന്ന അനുഭവസമ്പന്നനാണ്. ഒരുപാട് പ്രശസ്ത സംവിധായകരുടെ മുഖ്യസഹായിയായിട്ടുണ്ട്. നസീറുമായി ഒരുപാട് ചിത്രങ്ങളില്‍ ബന്ധമുണ്ട്. അതുകൊണ്ട് പ്രത്യേക വാത്സല്യംതന്നെയുണ്ടായിരുന്നു അബുവിനോട്. സ്വതന്ത്രസംവിധായകനായി എത്തിയശേഷം അബുവിന്റെ മുന്‍പുള്ള 'താളം മനസ്സിന്റെ താള'ത്തിലും 'മാന്യമഹാജനങ്ങളെ'യിലും കേന്ദ്രകഥാപാത്രം നസീറായിരുന്നു.
രാഷ്ട്രീയക്കാരനായി, മന്ത്രിപദത്തിലെത്തിയ പെരിന്തല്‍മണ്ണയിലെ പ്രവാസി വ്യവസായി മഞ്ഞളാംകുഴി അലിയുമായി അബുവിന് നീണ്ടനാളത്തെ അടുപ്പമുണ്ട്. വിദേശത്തുനിന്ന് അലി നാട്ടിലെത്തുമ്പോഴൊക്കെ ഒരു സിനിമയെടുക്കുന്ന കാര്യം ഓര്‍മിപ്പിച്ച് അബു കാണാറുണ്ടായിരുന്നു. ഏതായാലും 1988ലാണ് അലി അതിനൊരുങ്ങിയത്. വ്യത്യസ്തമായ നല്ലൊരു ചിത്രത്തിനുള്ള പദ്ധതിയാണെങ്കില്‍ ചെയ്യാമെന്നായി.
സിനിമയിലെ ഗാനങ്ങള്‍ മികച്ചതാവണമെന്ന് നിര്‍ബന്ധമുള്ള ആളാണ് അബു. ആദ്യമേ അന്വേഷിച്ചത് മലയാള സിനിമ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി ഈണങ്ങളുടെ തമ്പുരാന്‍ നൗഷാദിനെ സംഗീതസംവിധായകനായി ലഭിക്കുമോ എന്നാണ്. ബോംബെയിലെ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നൗഷാദിനെക്കൊണ്ട് സമ്മതം മൂളിച്ചു.
പി.ആര്‍. നാഥന്റെ തിരക്കഥയിലെ ഒരു മുഖ്യകഥാപാത്രം കവിയാണ്. കവിയുടെ കാമുകി നര്‍ത്തകിയുമാണ്. ചിത്രം സംഗീതസാന്ദ്രമാവാന്‍ വഴിയൊരുങ്ങി. യൂസഫലി കേച്ചേരിയേയും കൂട്ടി നിര്‍മാതാവും സംവിധായകനും നൗഷാദിനെ ചെന്നു കണ്ടപ്പോള്‍ പ്രമേയത്തിലെ സംഗീതസാധ്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഒരു സംസ്‌കൃതഗാനമടക്കം (ജാനകീജാനേ രാമാ...) ഹിന്ദുസ്ഥാനി രാഗങ്ങളില്‍ പിറന്ന അരഡസനോളം പാട്ടുകള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുന്‍പുതന്നെ ശ്രോതാക്കളുടെ കാതുകളില്‍ തേന്‍ തളിച്ചു തുടങ്ങിയിരുന്നു.
.jpg?$p=09e9aed&&q=0.8)
കേരളത്തില്‍ നടന്ന ഒരു രാഷ്ട്രീയ അഴിമതിയുടെ അന്വേഷണത്തിന് ഡല്‍ഹിയില്‍നിന്ന് അന്വേഷണ കമ്മീഷനായി എത്തുന്ന ജഡ്ജി രാജശേഖരനാണ് കേന്ദ്രകഥാപാത്രം. നീതിനിര്‍വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധനായ ജഡ്ജിയുടെ കഥാപാത്രം ഒരുപാട് അഭിനയസാധ്യതകള്‍ ഉള്ളതായിരുന്നു. ആ വേഷത്തിന് നസീറിനെ വേണമെന്നായിരുന്നു സത്യത്തില്‍ അബുവിന്റെ മോഹം. പക്ഷേ, നസീറിന്റെ രാഷ്ട്രീയപ്രവേശത്തെ തുടര്‍ന്നുള്ള 1987ലെ ശൂന്യവേളയ്ക്കു ശേഷം നസീറിനെ വെച്ചൊരു പരീക്ഷണത്തിനു മുതിരാന്‍ നിര്‍മാതാവിനോട് പറയാനേവയ്യ. അങ്ങനെയാണ് ജഡ്ജിയുടെ വേഷത്തിന് നടന്‍ മധുവിനെ തീരുമാനിച്ചത്.
ജയഭാരതി, ശോഭന, രോഹിണി, ജയറാം, തിലകന്‍, നെടുമുടി, കെ.പി. ഉമ്മര്‍, സുരേഷ്ഗോപി, ജഗതി, ഇന്നസെന്റ്, ശ്രീരാമന്‍ തുടങ്ങി ഒരു നീണ്ട താരനിരയെ ഒരുക്കിനിര്‍ത്തിയിരുന്നു. ഷൂട്ടിങ് തീയതി നിശ്ചയിച്ച ശേഷമാണ് മധുവിന്റെ ഒരു പ്രശ്നം ഉത്ഭവിക്കുന്നത്. മദിരാശിയില്‍ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ മധുവിന് ഉദ്ദേശിച്ചവിധം നിശ്ചയിച്ച തീയതിക്ക് എത്താന്‍ പറ്റില്ല. ഷൂട്ടിങ് നീട്ടിവെച്ചാല്‍ ശോഭന ഉള്‍പ്പെടെ പല താരങ്ങളെയും പിന്നീട് കിട്ടില്ല. ചിത്രത്തിന്റെ റിലീസ് ആ വര്‍ഷത്തെ ക്രിസ്മസിന് തീരുമാനിക്കുകയും ചെയ്തിരുന്നു. അങ്ങിനെ മധു സ്വമേധയാ ചിത്രത്തില്‍നിന്ന് ഒഴിഞ്ഞു. പക്ഷാഘാതം ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കൊടിയേറ്റം ഗോപിയെ കണ്ട് ഈ വേഷം ചെയ്യാമോ എന്നന്വേഷിച്ചു. സുഖമില്ലാത്ത അവസ്ഥയില്‍ അദ്ദേഹവും അതിന് തയ്യാറായില്ല.
ഒടുവിലാണ്, ഒരു നിയോഗംപോലെ, നസീറിനു വെച്ചത് നസീറിന് എന്നപോലെ അന്വേഷണം അവിടെയെത്തിയത്. അബു ഫോണില്‍ വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ സമ്മതം മൂളുകയായിരുന്നു. ഷൂട്ടിങ്ങിനു മുന്‍പുതന്നെ 'ധ്വനി'യിലെ ഗാനങ്ങള്‍ക്ക് ശ്രോതാക്കള്‍ക്കിടയില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. കോഴിക്കോട്ട് പരിസരങ്ങളും പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളുമൊക്കെയായിരുന്നു ലൊക്കേഷന്‍.
നസീറുമായി കോഴിക്കോട് പുതിയറ, തിരുവണ്ണൂര്‍ ഭാഗങ്ങളില്‍ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് നസീറിന്റെ നിലവിലെ ജനപ്രിയതയെക്കുറിച്ച് പരത്തിയിരുന്ന ആശങ്ക പുകമറയാണെന്ന് ബോധ്യപ്പെട്ടത്. സൂപ്പര്‍ താരങ്ങളുടെയടക്കം ധാരാളം ഷൂട്ടിങ് പതിവായി നടക്കാറുള്ള കോഴിക്കോട്ട് സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലിയാണ് പഴയകാലത്ത് നസീര്‍സിനിമകള്‍ കാണാനെന്നപോലെ തിരക്കി എത്തിയത്. നിര്‍മാതാവിന്റെയും സംവിധായകന്റെയും എല്ലാ ആശയക്കുഴപ്പങ്ങളും അലിഞ്ഞുപോയി. ഒട്ടും പ്രതീക്ഷിക്കാത്ത വന്‍ജനക്കൂട്ടത്തെ കണ്ട് നസീറും സന്തുഷ്ടനായിരുന്നു!
പെരുവണ്ണാമൂഴിയില്‍ വനമേഖലയായ ഉള്‍നാടന്‍ ഗ്രാമപ്രദേശത്തായിരുന്നു ചില ലൊക്കേഷനുകള്‍. നസീറിനെയും ജയഭാരതിയെയും ഒന്നിച്ചു കണ്ടപ്പോഴുള്ള ജനങ്ങളുടെ ആവേശം എല്ലാ അതിരുകള്‍ക്കും അപ്പുറമായിരുന്നു. വനപ്രദേശത്ത് ഒരു അമ്പലത്തിന്റെ പടിക്കെട്ടില്‍ ഷൂട്ടിങ് ഏര്‍പ്പാട് ചെയ്തിരുന്നു. ബന്ധപ്പെട്ടവരോട് അനുവാദം വാങ്ങിയതാണ്. നസീറും ജയഭാരതിയും ജയറാമും ശോഭനയുമുണ്ട്. ജയറാമിന്റെ കവി ശബരി, മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിലെത്തുന്ന ശോഭനയുടെ ദേവിയുമായി പടിക്കെട്ടില്‍ വെച്ചു സന്ധിക്കുന്നതാണ് ചിത്രീകരിക്കേണ്ട രംഗം.
.jpg?$p=58db1bc&&q=0.8)
ഷൂട്ടിങ് ആരംഭിക്കാനായപ്പോള്‍ രണ്ടു മൂന്നുപേര്‍ എതിര്‍പ്പുമായി എത്തി. നസീറിനെ പടിക്കെട്ടിലേക്ക് കയറ്റാന്‍ പറ്റില്ല. മറ്റുള്ളവര്‍ക്കു കയറാം.
ആ സീനിന് അത് അനിവാര്യമാണുതാനും. തര്‍ക്കവുമായി ഷൂട്ടിങ് കുറച്ചു നീണ്ടുപോയി. ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട എന്നു പറഞ്ഞ് നസീര്‍ മാറിനിന്നു. പക്ഷേ, എതിര്‍പ്പുമായി നിന്ന ന്യൂനപക്ഷത്തെ അവഗണിച്ച് ജനക്കൂട്ടം ഷൂട്ടിങ് നടക്കണമെന്ന് വാശിപിടിച്ചു. നാട്ടുകാരുടെ പൂര്‍ണസഹകരണത്തോടെയാണ് ഒടുവില്‍ അത് പൂര്‍ത്തിയാക്കിയത്. എല്ലാം കഴിഞ്ഞപ്പോള്‍ എതിര്‍പ്പുമായി വന്നവര്‍തന്നെ നസീറിനെ ഹസ്തദാനം ചെയ്ത് മാപ്പുപറഞ്ഞ് പിരിയുകയും ചെയ്തു.
സാധാരണക്കാര്‍ക്കിടയ്ക്ക് മാത്രമല്ല, ഉന്നത വൃത്തങ്ങളിലും പടര്‍ന്നിട്ടുള്ള നസീര്‍ എന്ന വികാരത്തിന്റെ സ്വാധീനം മറ്റൊരിടത്തും കാണാനിടയായി. കോഴിക്കോട് ഗസ്റ്റ്ഹൗസിലാണ് അന്വേഷണ കമ്മീഷന്റെ ക്യാമ്പ്. ചിലപ്പോള്‍ ഗസ്റ്റ്ഹൗസില്‍ രാത്രി രണ്ടുമണിവരെ നീളും ഷൂട്ടിങ്. ചിത്രത്തിലെ ഒരു കഥാസന്ധിയുമായി സാമ്യമുള്ള സംഭവം അവിടെയുണ്ടായി. കവി ശബരി താമസിക്കുന്ന മുറി, അന്വേഷണ കമ്മീഷനായി ജഡ്ജിയും കുടുംബവുമെത്തുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പോലീസ് വന്ന് ഒഴിപ്പിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം വില്‍പനനികുതി വകുപ്പിലെ അപ്പലേറ്റ് വിഭാഗത്തിലുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവിടെ താമസമുണ്ട്. തലേന്ന് രാത്രി രണ്ടുമണിവരെയൊക്കെ വരാന്തയിലും മറ്റും ഷൂട്ടിങ് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ താമസമുള്ളതുകൊണ്ട് രാത്രി ഒമ്പതു മണിക്കുശേഷം ആ പരിസരത്തൊന്നും ഷൂട്ടിങ് പറ്റില്ല എന്ന് മാനേജര്‍ അറിയിച്ചു.
ഷൂട്ടിങ് മുടക്കാന്‍ പറ്റില്ല. സംവിധായകന്‍ ഉദ്യോഗസ്ഥനെ നേരിട്ടു ചെന്നുകണ്ടു. മാനേജര്‍ പറഞ്ഞ നിരോധനത്തെക്കുറിച്ച് പറഞ്ഞു. ഉദ്യോഗസ്ഥനാകട്ടെ, പ്രേംനസീറിനെ ഒന്നു പരിചയപ്പെടാനും കൂടെനിന്ന് കുറച്ചുനേരം ഷൂട്ടിങ് കാണാനും അനുവാദം ചോദിക്കാന്‍ നില്ക്കുകയായിരുന്നു. വേണമെങ്കില്‍ തന്റെ മുറികൂടി ഉപയോഗിക്കാമെന്നും പറഞ്ഞു. രാത്രി ഷൂട്ടിങ് കഴിയുന്നതുവരെ ഉദ്യോഗസ്ഥന്‍ നസീറിനോട് കുശലം പറഞ്ഞുകൊണ്ട് കൂടെ നിന്നു. എത്രയോ കാലമായി ഉള്ളില്‍ കൊണ്ടുനടന്ന ഒരു മോഹം നിറവേറിയ സംതൃപ്തിയിലായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ നസീറിനെക്കൊണ്ട് പറയിക്കേണ്ടിവന്ന അറംപറ്റിയ ഒരു സംഭാഷണത്തെക്കുറിച്ച് സംവിധായകന്റെ ഖേദം അദ്ദേഹം പിന്നീട് പങ്കുവെച്ചിട്ടുണ്ട്. അന്വേഷണം നേരിടുന്ന അഴിമതിക്കാരനായ മന്ത്രിയുടെ, ഡോക്ടറായ മകനെക്കൊണ്ട് ജഡ്ജിയുടെ ഊമയായ മകളെ വിവാഹം ചെയ്യിച്ച് സ്വാധീനിക്കാന്‍ ഇതിലെ രാഷ്ട്രീയ നേതാവായ തിലകന്‍ ചരടുവലിക്കുന്നുണ്ട്. മകളുടെ കാര്യമോര്‍ത്ത് ഒരു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന ഭാര്യയുടെ ചിന്താഗതിക്കെതിരെപ്പോലും പൊട്ടിത്തെറിക്കുന്നുണ്ട് നീതിമാനായ രാജശേഖരന്‍. ആ ക്ഷോഭത്തില്‍ ആകെ തകര്‍ന്നിരിക്കുമ്പോഴാണ് രാത്രി കഴിക്കാറുള്ള പതിവുമരുന്നുകളുമായി മകളെത്തുന്നത്. മരുന്നും വേണ്ട, മന്ത്രവും വേണ്ട, മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു എന്ന് ക്ഷോഭിച്ചാണ് അയാള്‍ മരുന്ന് തട്ടിത്തെറിപ്പിക്കുന്നത്.
മാനസികസംഘര്‍ഷത്തിന്റെ പാരമ്യത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങളിലെ നസീറിന്റെ ഭാവാവിഷ്‌കാരങ്ങള്‍ അത്യുജ്ജ്വലമായിരുന്നു. ഡബ്ബിങ് സമയത്ത് ഇതുപോലുള്ള ചില ഭാഗങ്ങളില്‍ സംവിധായകന്‍ 'ഓകെ' പറയുമ്പോഴും ഒന്നുകൂടി ചെയ്യാമെന്ന് നസീര്‍ ആവര്‍ത്തിച്ചിരുന്നുവത്രേ. ഡബ്ബിങ് തിയേറ്ററില്‍ വന്നപ്പോള്‍ ഗാനചിത്രീകരണമടക്കം പല ഭാഗങ്ങളും അദ്ദേഹം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ചിത്രം നന്നായി വന്നിട്ടുണ്ട് എന്ന് സംവിധായകനെയും കൂടെയുള്ളവരെയും അഭിനന്ദിക്കുകയും ചെയ്തു.
ക്രിസ്മസിന് സൂപ്പര്‍താരപടങ്ങളടക്കം റിലീസ് ഉണ്ടായിരുന്നതുകൊണ്ട് അത്ര മികച്ച തിയേറ്ററല്ല 'ധ്വനിക്ക് കോഴിക്കോട് കിട്ടിയത്. എന്നാല്‍ തൊട്ടടുത്ത് മുന്തിയ തിയേറ്ററില്‍ റിലീസായ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് എല്ലാ ഷോയ്ക്കും, 'ധ്വനി'യുടെ 'ഓവര്‍ ഫ്ളോ' (ഇവിടെ ടിക്കറ്റ് കിട്ടാത്തവര്‍ ചെന്നുള്ള കളക്ഷന്‍) ആണ് വന്നതെന്ന് സിനിമാ വൃത്തങ്ങള്‍ അമ്പരപ്പോടെ നിരീക്ഷിച്ചിരുന്നു. ഡിസംബര്‍ 25ന് റിലീസായ 'ധ്വനി'യുടെ വന്‍ വിജയത്തെപ്പറ്റി നസീര്‍ അന്നുതന്നെ അറിഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകുന്നതിനെപ്പറ്റി വലിയ പ്രതീക്ഷ പുലര്‍ത്തിയിട്ടുണ്ടാകും. ജസ്റ്റിസ് രാജശേഖരനു ശേഷം വൈകാതെ ഒരു നസീര്‍ കഥാപാത്രത്തെ കാണികളും കാത്തിരുന്നിട്ടുണ്ടാകും. എന്തുചെയ്യാം, മറ്റൊന്നായിരുന്നുവല്ലോ ദൈവഹിതം...
Content Highlights: Prem Naseer: Kalamparanju Nithyaharitham book by Navas Punoor, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..