മൂല്യങ്ങളുടെ മഹത്വം, ഗുരുവിന്റെ ജീവിതപാഠം


ശ്രീനാരായണഗുരുവിന്റെ ജീവചരിത്രത്തിന് ഗ്രന്ഥകാരന്‍ പ്രൊഫ. എം.കെ. സാനു രചിച്ച മുഖവുര.

നാരായണഗുരുസ്വാമിയുടെ ജീവചരിത്രം രചിക്കാനുള്ള പരിശ്രമം ഞാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ശ്രീ.സി. ആര്‍. കേശവന്‍വൈദ്യരുടെ നിരന്തരമായ പ്രേരണമൂലമാണ് ജീവചരിത്രത്തിന്റെ പല ഭാഗങ്ങളും എഴുതി 'വിവേകോദയം' മാസികയില്‍ അല്പാല്പമായി പ്രസിദ്ധംചെയ്യാന്‍ കഴിഞ്ഞത്. അക്ഷീണമായ സ്‌നേഹത്തോടുകൂടി വൈദ്യര്‍ എന്നെ എപ്പോഴും നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു---എങ്ങനെയും ഈ ജീവചരിത്രം പൂര്‍ത്തീകരിക്കാന്‍. പരിചിതരും അല്ലാത്തവരുമായ അനേകം സുഹൃത്തുക്കള്‍ കത്തുകളിലൂടെയും എനിക്കു പ്രോത്സാഹനം നല്കിക്കൊണ്ടിരുന്നു. ഇത്രയും അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിട്ടും സ്വാമിയുടെ ജീവചരിത്രം എഴുതി മുഴുമിപ്പിക്കാന്‍ ഇതുവരെ എനിക്കു കഴിയാതെപോയത് അലസതയും ജോലിത്തിരക്കുകളും കൊണ്ടു മാത്രമല്ല, അധൈര്യം പ്രധാനപ്പെട്ട ഒരു കാരണമായി പറയേണ്ടിയിരിക്കുന്നു. ആ അധൈര്യം എന്റെ കഴിവുകേടിനെ സംബന്ധിച്ച് എനിക്കുതന്നെയുള്ള ബോധം മൂലം ഉണ്ടായതാണെന്നു ഞാന്‍ പറയുകയില്ല. തീര്‍ച്ചയായും എന്റെ കഴിവുകേടിനെക്കുറിച്ച് ഞാന്‍ ബോധവാനാണ്. എങ്കിലും അധികം കാലമെടുക്കാതെ ഈ ജീവചരിത്രരചന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പ്രാരംഭത്തില്‍ എനിക്കുണ്ടായിരുന്നു. പക്ഷേ, രചന കുറച്ചൊന്നു നീങ്ങിയതോടെ എന്റെ ധൈര്യം മന്ദീഭവിച്ചു. സ്വാമിയുടെ ജീവചരിത്രങ്ങള്‍ മിക്കവാറും എല്ലാംതന്നെ ഞാന്‍ വായിച്ചിട്ടുണ്ടെന്നു തോന്നുന്നു. സ്വാമിയെക്കുറിച്ച് പ്രസിദ്ധീകൃതമായിട്ടുള്ള ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളുംകൂടി കഴിവുള്ളിടത്തോളം ശേഖരിച്ചു ഞാന്‍ പരിശോധിച്ചുനോക്കി.

പല വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ചെമ്പഴന്തിയും അരുവിപ്പുറവും മറ്റും സന്ദര്‍ശിച്ച്, പ്രായംചെന്ന പലരുമായും ഞാന്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എല്ലാറ്റിനുമുപരിയായി സഹോദരന്‍ അയ്യപ്പന്‍ അപ്പപ്പോഴായി സംസാരിച്ചു കേള്‍പ്പിച്ചിട്ടുള്ള പല സംഭവങ്ങളും ഞാന്‍ കുറിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയുമായപ്പോള്‍ എനിക്കു നല്ലപോലെ അധൈര്യം അനുഭവപ്പെടുകയാണുണ്ടായത്. സാധാരണരീതിയിലുള്ള വീക്ഷണംകൊണ്ടോ മാനദണ്ഡംകൊണ്ടോ മനസ്സിലാക്കാന്‍ കഴിയുന്നതില്‍ കവിഞ്ഞ എന്തോ ഒന്ന് സ്വാമിയുടെ വ്യക്തിത്വത്തിലുള്ളതായി ഞാന്‍ അറിഞ്ഞു. അടുക്കുന്നവരെയെല്ലാം ആരാധകരാക്കി മാറ്റുന്ന ആ അംശമാണ് സ്വാമിയുടെ വ്യക്തിത്വത്തിന്റെ ചൈതന്യകേന്ദ്രമെന്നും എനിക്കു മനസ്സിലായി. അവാച്യമായ ആ അംശം വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു ജീവചരിത്രം ആ ധന്യമായ ജീവിതത്തോടു നീതിപുലര്‍ത്തുന്നതാവുകയില്ലെന്നും ഞാന്‍ അറിഞ്ഞു. അവാച്യമായ ആ അംശം വെളിപ്പെടുത്താന്‍ എന്തുണ്ട് ഉപായം? എന്നെ അലട്ടിയ ഏറ്റവും വലിയ പ്രശ്‌നം ഇതായിരുന്നു. ഇപ്പോഴും അത് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. പല സുഹൃത്തുക്കളുമായും ഇതേക്കുറിച്ചു ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്; സ്‌നേഹത്തോടുകൂടി അവര്‍ പല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കുകയും ചെയ്തു.

സ്വാമിയുടെ ജീവിതകാലത്തെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുവേണം ജീവചരിത്രം എഴുതേണ്ടതെന്ന് ചിലര്‍ ഉപദേശിച്ചു. മറ്റുചിലരാകട്ടെ, സ്വാമിയുടെ ആദ്ധ്യാത്മികസിദ്ധികള്‍ക്ക് ഊന്നുനല്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. ഇനിയും ചിലര്‍, അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നവോത്ഥാനത്തിന്റെ ഭാഗമായി സ്വാമിയുടെ ചരിത്രം ആഖ്യാനംചെയ്യുകയാവും ഭംഗിയെന്നും പറഞ്ഞു. ഇതിലെല്ലാം സ്വീകാരയോഗ്യമായ പലതും ഉണ്ട്. പക്ഷേ, ഇതിലേതു രീതി ഉപയോഗിച്ചാലും സ്വാമിയുടെ വ്യക്തിചൈതന്യം വെളിപ്പെടുത്താന്‍ വിഷമമാണെന്നാണ് എനിക്കു തോന്നിയത്. അതുകൊണ്ട്, പ്രത്യേകമായ ഒരു രീതിയുടെയും ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്ക്കാതിരിക്കുക എന്ന ഒരാദര്‍ശമാണ് ഞാന്‍ അവലംബിച്ചത്.
പ്രാരംഭഘട്ടത്തിലെ പല വിവരണങ്ങളും എന്റെ സ്വന്തം സങ്കല്പപ്രകാരമാണ് ഞാന്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. എങ്കിലും, അതെല്ലാം കേവലമായ സങ്കല്പത്തിന്റെ സന്താനങ്ങള്‍ മാത്രമാണെന്ന് ഞാന്‍ പറയുകയില്ല. പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളെ പുനരാഖ്യാനംചെയ്യുന്നതില്‍ എന്റെ കല്പന ഞാന്‍ പ്രയോഗിച്ചിട്ടുണ്ടെന്നേയുള്ളൂ.

രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വാമിയുടെ സംഭാഷണങ്ങളെക്കുറിച്ചു പലരും പല കാര്യങ്ങളും എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. അതില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളും ഉണ്ടായേക്കും. എങ്കിലും, കുറേ കാര്യങ്ങള്‍ ഉചിതമെന്നു തോന്നുന്ന ദിക്കുകളില്‍ ഞാന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് തെറ്റായിപ്പോയെന്നു കരുതുന്നവരുണ്ടാകാം... സ്വാമിയുടെ വാക്കുകള്‍ നല്ല നിശ്ചയമില്ലാത്തതുകൊണ്ടാണ് അത്തരം ഭാഷണങ്ങള്‍ ഉദ്ധരണികളില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടുള്ളത്. അവ നിശ്ശേഷമായി വിട്ടുകളഞ്ഞാല്‍ ഞാന്‍ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകാതെപോകുമെന്ന് എനിക്കു തോന്നി. അതുപോലെതന്നെ, ചില സംഭവങ്ങള്‍ ആഖ്യാനംചെയ്തിട്ടുള്ളതും ഏതാനും പേരുടെ അനുസ്മരണങ്ങളെ ആധാരമാക്കിയാണ്. അവരുടെ പേരുകള്‍ അതാതു ദിക്കുകളില്‍ കൊടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. എങ്കിലും, അതുമൂലം മറ്റു പല ബുദ്ധിമുട്ടുകളുണ്ടാകുമെന്നു കണ്ടതുകൊണ്ട് അതു വേണ്ടെന്നുവച്ചു. അപൂര്‍വ്വം ദിക്കുകളില്‍ ചില പാര്‍ശ്വരംഗങ്ങള്‍ സ്വന്തം മനോധര്‍മ്മം അനുസരിച്ചു ഞാന്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാം പറഞ്ഞുകഴിയുമ്പോള്‍, വ്യക്തിഗതമായ മൂല്യങ്ങളിലാണ് സ്വാമിയുടെ മഹത്ത്വം അധിഷ്ഠിതമായിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ഏതു മഹത്ത്വത്തെക്കുറിച്ചും ഇങ്ങനെതന്നെ പറയാം. തീര്‍ച്ചയായും ദേശകാലങ്ങളുടെ പശ്ചാത്തലം അവിടെ വളരെ പ്രധാനപ്പെട്ടതാണ്. ഒരു മഹാനും ശൂന്യതയില്‍ പ്രവര്‍ത്തിക്കുന്നില്ല. നിശ്ചിതമായ കാലയളവും, നിശ്ചിതമായ സാഹചര്യങ്ങളും ചേര്‍ത്ത് നിയതി അവര്‍ക്കു രംഗം ഒരുക്കുന്നു. ആ രംഗത്തിലാണ് അവരുടെ മഹത്ത്വം അല്പാല്പമായി ഉദ്ദീപ്തമായി വികസിക്കുന്നത്. ആ സ്ഥിതിക്ക് ദേശകാലകൃതമായ പശ്ചാത്തലത്തിനു ജീവചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. അര്‍ഹിക്കുന്നത്ര സ്ഥാനം അതിനു നല്കാന്‍ ഈ ഗ്രന്ഥത്തില്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. വ്യക്തിനിഷ്ഠമായ ഗുണവിശേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതാണ് അതിന്റെ കാരണങ്ങളിലൊന്നെന്നു ഞാന്‍ സമ്മതിക്കുന്നു. മാത്രമല്ല, ചരിത്രപശ്ചാത്തലത്തെക്കുറിച്ചും സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ ആധികാരികമായി വിവരിക്കാന്‍ കഴിവുള്ളവര്‍ ആ കൃത്യം നിര്‍വ്വഹിച്ചുകൊള്ളട്ടെ എന്നു ഞാന്‍ കരുതുകയും ചെയ്യുന്നു.

ഇത്രയുമാണ് ഈ ജീവചരിത്രരചനയെക്കുറിച്ച് എനിക്കു പറയാനുള്ളത്. പ്രാരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, എത്ര ബുദ്ധിമുട്ടിയിട്ടായാലും ഇതെഴുതിത്തീര്‍ക്കാന്‍ കൂടക്കൂടെ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന സ്‌നേഹിതന്മാര്‍ പലരുണ്ട്. അവരുടെ കൂട്ടത്തില്‍ ശ്രീ. പി.കെ. ബാലകൃഷ്ണന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എന്റെ എല്ലാ വൈഷമ്യങ്ങളും ശരിക്കറിഞ്ഞുകൊണ്ട് എപ്പോഴും എന്നില്‍ ഉന്മേഷവും ധൈര്യവും ജനിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. അതേക്കുറിച്ചോര്‍ക്കുമ്പോള്‍, വാക്കുകളില്‍ ഒതുങ്ങാത്ത വികാരം, എന്നില്‍ ഉണരുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ ആ വികാരത്തോടുകൂടി ഞാന്‍ ഓര്‍മ്മിച്ചുപോകുന്നു.

എങ്കിലും ശ്രീ. സി. ആര്‍. കേശവന്‍വൈദ്യരുടെ വലിയ സ്‌നേഹത്തിന്റെ ആജ്ഞാശക്തിയില്ലായിരുന്നെങ്കില്‍ ഇന്നും ഞാന്‍ ഇതു പൂര്‍ത്തിയാക്കുമായിരുന്നില്ല. എന്നെങ്കിലും പൂര്‍ത്തിയാക്കുമോ എന്ന കാര്യവും സംശയമാണ്. (എന്റെ പ്രകൃതം അങ്ങനെയാണ്.) ഈ ഗ്രന്ഥത്തിന് എന്തെങ്കിലും മൂല്യമുള്ളതായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അക്കാര്യത്തിന് അവര്‍ പ്രിയപ്പെട്ട വൈദ്യരോടാണ് കൃതജ്ഞരായിരിക്കേണ്ടത്.

പലതരം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതിയറിയിച്ച് എനിക്കു പ്രോത്സാഹനം നല്കിയ എല്ലാ സ്‌നേഹിതന്മാര്‍ക്കും ഞാന്‍ നന്ദി പറഞ്ഞുകൊള്ളുന്നു. ജീവചരിത്രരചനയ്ക്കാധാരമായ സാമഗ്രികള്‍ ശേഖരിക്കാനുള്ള ശ്രമത്തില്‍ എനിക്കു സഹായമരുളിയ സര്‍വ്വശ്രീ ജി. പ്രിയദര്‍ശനന്‍, ടി. എം. വിശ്വംഭരന്‍, ഏ. എം. പീതാംബരന്‍, കെ. ആര്‍. ഭാസ്‌കരന്‍ തുടങ്ങിയവരേയും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ സ്മരിക്കുന്നു.

നാരായണഗുരുസ്വാമിയെ ആരാധനാഭാവത്തോടുകൂടി വീക്ഷിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. എങ്കിലും, ആ ആരാധനാഭാവം ഔചിത്യത്തിന്റെ സീമകള്‍ ലംഘിക്കരുതെന്ന് ഞാന്‍ എപ്പോഴും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അത് എത്രത്തോളം ഫലിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. ഈ ഗ്രന്ഥം ഇപ്പോഴും ഞാന്‍ ആഗ്രഹിച്ച രീതിയിലല്ല രൂപപ്പെടുന്നത്. ആഗ്രഹിച്ച രീതിയില്‍ രൂപപ്പെട്ടതിനുശേഷം ഇതു പ്രകാശിപ്പിച്ചാല്‍ മതിയെന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ, അതിന്റെ ഫലം ഇതിന്റെ പ്രകാശനം ഒരിക്കലും സംഭവിക്കുകയില്ലെന്നുള്ളതായിരിക്കും. അതുകൊണ്ട്, ഇന്നു കാണുന്ന ന്യൂനതകളോടുകൂടിത്തന്നെ ഇത് പ്രസിദ്ധീകരിക്കുന്നതില്‍ വായനക്കാര്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. എനിക്കു പറ്റിയിരിക്കാവുന്ന തെറ്റുകള്‍ സദയം ചൂണ്ടിക്കാണിച്ചുതരുന്നവരോട് ഞാന്‍ കൃതജ്ഞനായിരിക്കും.

പുസ്തകം വാങ്ങാം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented