ഇന്ന് അന്താരാഷ്ട്ര പര്‍വത ദിനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത പൂര്‍ണ മലാവത്തിന്റെ സാഹസികമായ ജീവിതകഥയില്‍ നിന്ന് ഒരു ഭാഗം വായിക്കാം
2013 ഒക്ടോബര്‍ 4
വൈകീട്ട് 4.30
ഭൊന്‍ഗീര്‍
യാത്രയയപ്പുചടങ്ങിനായി, ഒരു ലളിതമായ താത്കാലികവേദി പടുത്തുയര്‍ത്തി. ഭൊന്‍ഗീറില്‍ മുന്‍പ് പരിശീലനം നേടിയ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കൂട്ടം അവിടെ ഒത്തുചേര്‍ന്നിരുന്നു. ഒരു വലിയ കറുത്ത കാര്‍ അലേരു സാമൂഹികക്ഷേമ ബോര്‍ഡിങ് സ്‌കൂള്‍ വളപ്പിലേക്ക് ഒഴുകിവന്നു. അതില്‍നിന്നും ഇറങ്ങിയ ആളുകളുടെ വ്യക്തമായ രൂപം പൂര്‍ണയ്ക്കു കാണാന്‍ കഴിഞ്ഞില്ല. ശേഖര്‍ബാബുവും പര്‍മേഷും ചില സാമൂഹികക്ഷേമ സ്‌കൂളുകളില്‍നിന്നുള്ള പ്രധാനാധ്യാപകരും കാറിനു ചുറ്റും തടിച്ചുകൂടി. പതിവുള്ള കൈകൊടുക്കലുകള്‍ക്കും കളിവാക്കുകള്‍ക്കും ശേഷം, ദൃഢഗാത്രനായ ഒരാള്‍ അവരുടെയടുത്തേക്കു വരുന്നത് പൂര്‍ണ കണ്ടു.
ആഹാ! അത് മിസ്റ്റര്‍ പ്രവീണ്‍ കുമാര്‍ ഐ.പി.എസ്. ആയിരിക്കും! പൂര്‍ണ വിചാരിച്ചു. ഈ ദിവസംവരെ, തന്റെ സ്‌കൂള്‍ ആന്ധ്രപ്രദേശിലെ (ഇപ്പോള്‍ തെലങ്കാനയും ആന്ധ്രപ്രദേശുമായി വിഭജിച്ചിരിക്കുന്ന) സാമൂഹികക്ഷേമ ബോര്‍ഡിങ് സ്‌കൂളുകളുടെ ഭാഗമാണെന്ന ഒരു ഊഹവും പൂര്‍ണയ്ക്കുണ്ടായിരുന്നില്ല. എല്ലാ സ്‌കൂളുകളെയും നയിക്കുന്ന ആ ഉദ്യോഗസ്ഥനെ കാണാന്‍ അവള്‍ക്ക് ആകാംക്ഷയായിരുന്നു: സെക്രട്ടറി, ഡോ. ആര്‍.എസ്. പ്രവീണ്‍ കുമാര്‍ ഐ.പി.എസ്., (സാമൂഹികക്ഷേമ ബോര്‍ഡിങ് സ്‌കൂളുകളുടെ സെക്രട്ടറി) യാത്രയയപ്പുചടങ്ങിന്റെ മുഖ്യാതിഥിയാണ്.
അയാളുടെ നടത്തം ചടുലമായിരുന്നു. അത്രയും ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആരും നടക്കുന്നത് പൂര്‍ണ മുന്‍പ് കണ്ടിരുന്നില്ല. അവളെക്കടന്നുപോയപ്പോള്‍ അയാളുടെ നിഴല്‍ അവളുടെ മേല്‍ വീണു. മറ്റു കുട്ടികള്‍ക്കൊപ്പം അവളും കൈയടിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്ന ദീവേന എന്ന മറ്റൊരു കുട്ടി അയാള്‍ക്ക് പൂച്ചെണ്ടു കൊടുക്കാനായി മുന്നോട്ടുവന്നു. ഒരു നിമിഷത്തേക്ക് അയാളുടെ മുഖത്തെ കര്‍ക്കശഭാവം അപ്രത്യക്ഷമായി, ഊഷ്മളമായ ചിരി നിറഞ്ഞ മുഖത്തോടെ അയാള്‍ നന്ദി പറഞ്ഞു.
അയാളുടെ ചിരി സൗഹൃദഭാവത്തിലുള്ളതാണെന്ന് പൂര്‍ണ കണ്ടെത്തി. ഉയരമുള്ള, കടഞ്ഞെടുത്തതുപോലുള്ള ശരീരവും മുണ്ഡനം ചെയ്ത തലയും ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും അയാളെ വേറിട്ടുനിര്‍ത്തി. പക്ഷേ, അയാളുടെ ഇരുണ്ട ശരീരം അയാളെ അവരില്‍ ഒരുവനാക്കി. ചിലരോടെല്ലാം അയാള്‍ ചിരിച്ചു, ചിലരെ അഭിവാദനം ചെയ്യുകയും കൃതജ്ഞതയാല്‍ തലയാട്ടുകയും ചെയ്തു. മുന്നില്‍ പരന്നുകിടക്കുന്ന ഭീമാകാരമായ പാറയിലേക്ക് അയാള്‍ അല്പനേരം നോക്കി. അയാള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു, 'അതിശയമായിരിക്കുന്നു! അപ്പോള്‍ നിങ്ങളെല്ലാവരും ഈ പാറയില്‍ കയറിയിട്ടുണ്ട്!'
'അതെ സര്‍. 350 അടി,' അവര്‍ ഉറക്കെപ്പറഞ്ഞു.
അയാളുടെ ചിരി പതുക്കെ വളര്‍ന്ന് നിശ്ശബ്ദമായ ഒന്നായി മാറി.
ശേഖര്‍ബാബു മുഖ്യാതിഥിയെ ഔപചാരികമായി സ്വാഗതം ചെയ്തു.
കുട്ടികള്‍ മുഖ്യാതിഥിയുടെ പ്രസംഗം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.
'അതിരില്ലാത്ത ഊര്‍ജത്തിന്റെ കൊച്ചു കെട്ടുകളാണ് നിങ്ങള്‍. ഈ പാറ കയറാന്‍ കഴിയുമെന്ന് നിങ്ങളെപ്പോഴെങ്കിലും വിചാരിച്ചിരുന്നോ? ഒരിക്കലുമില്ല! ശരിയല്ലേ? ഇപ്പോള്‍ നിങ്ങള്‍ കുത്തനെയുള്ള ഈ പാറ കയറി. അതിന്റെയര്‍ഥം നിങ്ങള്‍ക്ക് ഏതു പര്‍വതവും കയറാമെന്നാണ്. നിങ്ങള്‍ക്ക് ഏതു മലയിലും എത്തിച്ചേരാന്‍ കഴിയും. ഏതുയരത്തിലും നിങ്ങള്‍ക്കെത്താന്‍ കഴിയും. മനുഷ്യന്‍ ചന്ദ്രനിലെത്തിയിട്ടുണ്ട്. നിങ്ങള്‍ക്കത് ചിന്തിക്കാന്‍ കഴിയുമോ? മനുഷ്യന്‍ ചന്ദ്രനിലേക്കു യാത്ര ചെയ്യുമെന്ന് ആദ്യം കേട്ടപ്പോള്‍ ലോകം ചിരിച്ചു. എന്നിട്ടും മനുഷ്യന്‍ ചന്ദ്രനിലെത്തി. 350 അടി ഉയരമുള്ള ഒരു പാറ നിങ്ങളെക്കൊണ്ട് കയറാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളും ചിരിച്ചിരിക്കും. നിങ്ങള്‍ ഇവിടെയെത്തി! ആ ദൗത്യം നിങ്ങള്‍ പൂര്‍ത്തിയാക്കി എന്നതില്‍ അഭിമാനമുണ്ട്! എങ്ങനെയാണ് നിങ്ങള്‍ കയറിയത്? നിങ്ങളുടെ കൈയില്‍ കയറാനുള്ള ഉപകരണം ഉള്ളതുകൊണ്ടല്ല. നിങ്ങള്‍ കയറാനുള്ള സാങ്കേതികവിദ്യ പഠിച്ചതുകൊണ്ടുമല്ല. നിങ്ങളുടെ ഉറച്ച തീരുമാനം കാരണം കയറി. ആ തീരുമാനംകൊണ്ട് ഏതു പാറയില്‍ വേണമെങ്കിലും കയറാമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. ഏതു കൊടുമുടിയിലും നിങ്ങള്‍ക്കെത്താന്‍ കഴിയും. ഏതു ലക്ഷ്യവും നിങ്ങള്‍ക്കു നേടിയെടുക്കാം! എന്താണ് വേണ്ടതെന്നുമാത്രം മനസ്സിലാക്കി ആ ഭാഗത്തേക്ക് നിങ്ങളുടെ പരിശ്രമങ്ങള്‍ നീക്കിവെച്ചാല്‍ മതി. ഇതൊരു വെറും ഭൊന്‍ഗീര്‍ പാറയാണ്. എവറസ്റ്റാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന് നിങ്ങള്‍ക്കറിയുമോ! നിങ്ങള്‍ തീര്‍ച്ചയായും എവറസ്റ്റ് ലക്ഷ്യമിടണം. അതുകൊണ്ടാണ് ഞാന്‍ ഈ പരിശീലനപരിപാടിക്ക് 'പ്രൊജെക്റ്റ് എവറസ്റ്റ്' എന്നു പേരിട്ടത്. ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കുക. എപ്പോഴും വലിയ കാര്യങ്ങള്‍ ചിന്തിക്കുകയും വലിയത് ഉന്നംവെക്കുകയും ചെയ്യുക.'
പ്രവീണ്‍ കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂര്‍ണയും റോജയും നല്ല പ്രകടനത്തിനുള്ള അവാര്‍ഡ് പങ്കുവെച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാഗരാജു മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് വാങ്ങി. പ്രവീണ്‍ കുമാറിനെപ്പോലെതന്നെ തലയുയര്‍ത്തിപ്പിടിച്ച് ചുറുചുറുക്കോടെ പൂര്‍ണ നടന്നു. പ്രവീണ്‍ കുമാര്‍ അവള്‍ക്ക് അവാര്‍ഡും 5000 രൂപ സമ്മാനവും നല്കിയിട്ട് പറഞ്ഞു, 'മികച്ച പ്രകടനം!' സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭൊന്‍ഗീറിലേക്കു വന്ന 110 കുട്ടികളില്‍നിന്നും തിരഞ്ഞെടുത്തതായിരുന്നു അവളെ.
പൂര്‍ണ ആഹ്ലാദവതിയായിരുന്നു. മനസ്സിന്റെ ആഴങ്ങളില്‍ അയാളുടെ വാക്കുകള്‍ അവള്‍ ഉള്‍ക്കൊണ്ടു.
പരിപാടിക്കുശേഷം ലഘുഭക്ഷണം വിളമ്പി. പ്രവീണ്‍ കുമാറും ശേഖര്‍ബാബുവും മറ്റു ചില അധ്യാപകരും സംഭാഷണത്തില്‍ മുഴുകി. പ്രവീണ്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു.
'ഭാരതി,' ശേഖര്‍ബാബു വിളിച്ചു, 'ഇവിടെ വരൂ.'
ഭാരതി ഓടിപ്പോയി പര്‍മേഷിന്റെ അടുത്തു നിന്നു. പ്രവീണ്‍ കുമാര്‍ അവളുടെ ചുമലില്‍ തട്ടിയിട്ട് പറഞ്ഞു, 'നല്ല പ്രകടനം.'
ശേഖര്‍ബാബു പിന്നീട് നാഗരാജുവിനെ വിളിച്ചു. മരത്തിനു ചുവട്ടിലിരിക്കുന്ന കുട്ടികളുടെ ഇടയില്‍നിന്നും അവന്‍ ചാടിയെഴുന്നേറ്റു.
സെക്രട്ടറിയെ കാണാനുള്ള അടുത്ത ഊഴം പൂര്‍ണയുടെതായിരുന്നു. അടുത്തേക്കു നടക്കുമ്പോള്‍ അയാളോട് എന്തു പറയുമെന്ന് അവളദ്ഭുതപ്പെട്ടു.
'അങ്ങനെ, പൂര്‍ണാ നീ ഒന്നാമതെത്തി.' അവള്‍ക്കു നേരേ കൈനീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
'അതെ സര്‍.' പൂര്‍ണയുടെ ഇരുണ്ട മുഖത്ത് പുഞ്ചിരി മിന്നിത്തിളങ്ങി. അവള്‍ തന്റെ കുഞ്ഞിക്കൈ നീട്ടി. അവളുടെ കൈപിടിച്ചുകൊണ്ട് സ്‌നേഹത്തോടെ അയാള്‍ പറഞ്ഞു, 'പൂര്‍ണാ, നിങ്ങളെപ്പോലുള്ള ചാമ്പ്യന്മാരെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട്. ഇങ്ങനെതന്നെ മുന്നോട്ടു പോകൂ!'
പൂര്‍ണ തുള്ളിച്ചാടിക്കൊണ്ട് കൂട്ടുകാരുടെ അടുത്തേക്കു തിരിച്ചുപോയി.
അദ്ദേഹം എന്നെ ചാമ്പ്യന്‍ എന്നു വിളിച്ചു!
ഭൊന്‍ഗീര്‍ ശിലയുടെ അടുത്തുള്ള പന്തലിച്ച ഒരു വലിയ മരത്തണലില്‍ സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരുടെ അടുത്തേക്ക് പൂര്‍ണ ഓടുന്നത് പ്രവീണ്‍ ശ്രദ്ധിച്ചു. അവളുടെ ചെറിയ രൂപം പാറയുടെ മുന്നില്‍ തികഞ്ഞ വൈപരീത്യത്തോടെ നിന്നു.
കൂറ്റന്‍ശില. കൊച്ചുപെണ്‍കുട്ടി.
കൊച്ചുപെണ്‍കുട്ടിയും അവളുടെ അളവില്ലാത്ത നിശ്ചയദാര്‍ഢ്യവും.
ആ വിരോധാഭാസം അയാളെ വിസ്മയിപ്പിച്ചു
കൊച്ചുപെണ്‍കുട്ടി കൂറ്റന്‍ശില കീഴടക്കി. തികഞ്ഞ മനക്കരുത്ത്! തികഞ്ഞ ദൃഢനിശ്ചയം!
മനുഷ്യമനസ്സിന്റെ ശക്തിയില്‍ അയാള്‍ അമ്പരന്നു.
'ആശ്ചര്യം,' അയാള്‍ ചിന്തിച്ചു! 'ആശ്ചര്യം മാത്രം....'
അയാള്‍ ശേഖര്‍ബാബുവിനു നേരേ തിരിഞ്ഞു. 'എന്നോട് കൂടുതല്‍ പറയൂ; കുട്ടികള്‍ എങ്ങനെ കോഴ്‌സ് പൂര്‍ത്തിയാക്കി?'
'സര്‍, കുട്ടികള്‍ വളരെ കഴിവുള്ളവരാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും നല്ല ചുറുചുറുക്കും, ഉത്സാഹവും ശ്രദ്ധയുമുള്ളവരാണ് സര്‍.'
'അത് നന്നായി. ഈ പരിപാടിക്കുവേണ്ടി നിങ്ങളുമായി ഒപ്പുവെച്ചതില്‍ എനിക്കു സന്തോഷമുണ്ട്... രണ്ടാള്‍പട്ടാളം ഒരു നല്ല ജോലി ചെയ്തിരിക്കുന്നു!'
'സര്‍, സത്യം പറയുകയാണെങ്കില്‍, ഇതില്‍ ചില കുട്ടികള്‍ക്ക് ഈ പാറ കയറുക എന്നത് വളരെ എളുപ്പമായിരുന്നു. ഇവരില്‍ കുറച്ചുപേര്‍ക്ക് വലിയ കഴിവുകളുണ്ട്. അവരെ രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ ദൂരങ്ങള്‍ താണ്ടാനും സാഹസികയാത്രകള്‍ക്കും വേണ്ടിയാണ്. കുട്ടികള്‍, അവരുടെ കായികാധ്യാപകര്‍... ആര്‍ക്കും ഇതറിയില്ല.'
'അതെയോ. അത് രസകരമാണല്ലോ.'
'ആകട്ടെ, അടുത്ത ഘട്ടത്തിലുള്ള പരിശീലനം ഈ കുട്ടികള്‍ക്ക് നല്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'
'അതെ... ഉണ്ട്... പക്ഷേ, എല്ലാവര്‍ക്കുമില്ല. ചില കുട്ടികളില്‍ ഞാന്‍ തീപ്പൊരി കാണുന്നുണ്ട്... അവര്‍ക്ക് വലിയ ഉയരങ്ങളിലെത്താന്‍ കഴിയും, യഥാര്‍ഥത്തില്‍...'
'ഉം.'
'കുറച്ചു പേര്‍ക്ക് തീര്‍ച്ചയായും വലിയ പര്‍വതാരോഹകരാകാന്‍ കഴിയും.'
'അപ്പോള്‍, എന്താണ് അടുത്ത ഘട്ടത്തിലെ പരിശീലനം?'
ശേഖര്‍ബാബു ഗൗരവമായ ആലോചനയ്ക്കുശേഷം പറഞ്ഞു, 'HMI, സര്‍.'
'ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്? നിങ്ങള്‍ കാര്യമായി
പറയുകയാണോ? സ്‌കൂളിന്റെ അടുത്തായി വേറെ പരിശീലന കേന്ദ്രങ്ങളൊന്നുമില്ലേ?'
'ഇല്ല സര്‍. മറ്റു പര്‍വതാരോഹണസ്‌കൂളുകളൊന്നും തെക്കേ ഇന്ത്യയില്‍ ഇല്ല. HMIയില്‍ അയയ്ക്കാന്‍ മാത്രം കഴിവുള്ള കുട്ടികളുമാണ്.'
1953-ല്‍ ടെന്‍സിങ് നോര്‍ഗേ എവറസ്റ്റ് കൊടുമുടിയില്‍ കയറിയതിനുശേഷം പര്‍വതാരോഹണത്തെ ഒരു സംയോജിത കായികവിനോദമായി കണ്ട് ജവാഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ചതാണ് HMI എന്ന ലോകോത്തരസ്ഥാപനം. HMI, ഈ കുട്ടികള്‍ക്ക്... എത്ര അസംബന്ധം.
ഒരു നിമിഷം, ശേഖര്‍ബാബുവിനു തന്റെ ചിന്തയില്‍ ഖേദം തോന്നി.
പ്രതിരോധമന്ത്രാലയമാണ് HMകയെ സംരക്ഷിക്കുന്നത്. ഇവര്‍ ഹൈസ്‌കൂള്‍കുട്ടികളാണ്! പക്ഷേ, ഒരാള്‍ ശ്രമിക്കുന്നതുവരെ അയാള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. നഷ്ടപ്പെടാനൊന്നുമില്ല. എന്തായാലും ഇതൊരു നിര്‍ദേശമാണ്.
പ്രവീണ്‍ കുമാര്‍ എഴുന്നേറ്റുനിന്നു. 'ശരി, എനിക്കു പോവാന്‍ സമയമായി.' അയാളുടെ അംഗരക്ഷകന്‍ വയര്‍ലെസ്സില്‍ വാഹനം വിളിച്ചു. വാഹനം സ്‌കൂള്‍വളപ്പിലേക്ക് ഇരച്ചുവന്നു. ഡ്രൈവര്‍ വാതില്‍ തുറന്ന് കാത്തുനിന്നു. മരത്തണലില്‍ ഇരിക്കുന്ന കുട്ടികളോട് കൈവീശി പ്രവീണ്‍ കുമാര്‍ യാത്രപറഞ്ഞു. അയാളെ കണ്ട ഉടനെ കുട്ടികള്‍ എഴുന്നേറ്റു നിന്നു.
പര്‍വതാരോഹകര്‍!
മറ്റാരും കേള്‍ക്കാതെ അയാള്‍ തന്നോടുതന്നെ പറഞ്ഞു, എന്നിട്ട് വണ്ടിയില്‍ക്കയറി. ചെറിയ ശബ്ദത്തോടെ വാതിലടഞ്ഞു.
പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ശേഖര്‍ബാബുവിന് പ്രവീണ്‍ കുമാറിന്റെ ഫോണ്‍വിളി വന്നു.
പ്രവീണ്‍ കുമാര്‍ നേരേ കാര്യത്തിലേക്കു കടന്നു.
'ശേഖര്‍ബാബു, എനിക്കു തോന്നുന്നത് നമുക്ക് HMI നിര്‍ദേശവുമായി മുന്നോട്ടു പോകാമെന്നാണ്. അതിനു മുന്‍പ്, എന്റെ മേധാവിയായ സാമൂഹികക്ഷേമ ബോര്‍ഡിങ് സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്ന് ഞാനാഗ്രഹിക്കുന്നു.'
'അങ്ങയുടെ മേധാവിയെ? ഞാന്‍ ബോധ്യപ്പെടുത്താനോ?' ഒരു നിമിഷത്തേക്ക് ശേഖര്‍ബാബു എല്ലാ ഔപചാരികതകളും മാറ്റിവെച്ച് പറഞ്ഞു, 'സര്‍, നിങ്ങള്‍ തീര്‍ച്ചയായും തമാശ പറയുകയാണ്. എനിക്കെങ്ങനെ കഴിയും?'
'നിങ്ങള്‍ക്കയാളെ ബോധ്യപ്പെടുത്താന്‍ കഴിയും. ഞാനൊരു മീറ്റിങ് തരപ്പെടുത്താം. അതിനിടയില്‍ ഒങകയിലേക്ക് അയയ്ക്കാന്‍, കോഴ്‌സില്‍ മുന്‍പന്തിയില്‍ വന്ന ഇരുപതു കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം.' പ്രവീണ്‍ കുമാര്‍ ഫോണ്‍ വെച്ചു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഹൈദരാബാദിന്റെ അതിര്‍ത്തിപ്രദേശത്തുള്ള ഗൗളിദൊഡ്ഡിയിലെ സാമൂഹികക്ഷേമ ബോര്‍ഡിങ് സ്‌കൂളിലെ ഒരു പരിശീലനക്യാമ്പില്‍ പങ്കെടുക്കാനായി പൂര്‍ണ തന്റെ സഞ്ചിയില്‍ സാധനങ്ങള്‍ നിറച്ചു. ഡാര്‍ജിലിങ്ങിലെ HMIയില്‍ മെച്ചപ്പെട്ട പരിശീലനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ആദ്യതല പരിശീലനമായിരുന്നു അത്.
പരിഭാഷ: രശ്മി കിട്ടപ്പ
പൂര്‍ണയുടെ ആത്മകഥ ഓണ്‍ലാനില്‍ വാങ്ങാം
Content Highlights: Poorna Malavat, Everest’s Youngest Summiteer life story Malayalam