
പി.കെ പാറക്കടവ് | ഫോട്ടോ: പി കൃഷ്ണപ്രദീപ് മാതൃഭൂമി
ഏറ്റവും പുതിയ മിന്നല്ക്കഥകളുടെസമാഹാരമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്റെ പെരുവിരല്‍ക്കഥകള്‍. ദൈവമേ, ഈ കഥകളില്‍ എന്റെ ഹൃദയത്തിന്റെ വിരല്‍പ്പാടുകള്‍ ഉണ്ടാകണേ എന്നത് മാത്രമാണെന്റെ പ്രാര്‍ഥന.
ഞാന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എഴുതിയ 'വിസ' എന്ന കഥ ഏറെ ഒച്ചപ്പാടുണ്ടാക്കിയതിനെക്കുറിച്ച് മുന്‍പ് ഞാനെഴുതിയിട്ടുണ്ട്. അന്നെഴുതിയ ആ ആദ്യ കുഞ്ഞുകഥ മുതല്‍ ചെറുതില്ച്ചെറുതായ കഥകളായിരുന്നു ഏറെയും ഞാനെഴുതിയത്. അന്ന് പത്രമാധ്യമങ്ങള്‍ അതിനെ 'മിനിക്കഥ' എന്ന ലേബലിലായിരുന്നു വിളിച്ചിരുന്നത്. അക്കാലത്തുതന്നെ 'നീയെഴുതുന്നത് പ്രതികഥകളാണെന്നും ചില ശ്രദ്ധേയമായ കവിതകളതിലുണ്ടെ'-ന്നും പറഞ്ഞത് മേതില്‍ രാധാകൃഷ്ണനായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഒ.വി. വിജയനും മിനിക്കഥയെന്ന 'കെണി'യെക്കുറിച്ച് എനിക്കെഴുതിയവരാണ്. ഏറ്റവും വലിയ തമാശ ഈ രണ്ടു വലിയ എഴുത്തുകാരും ഈ 'കെണി'യില്‍ വീണുപോയിട്ടുണ്ടെന്നതാണ് (ബാലബോധിനിയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകളും ഓര്‍ക്കുന്നു). പണ്ട് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ 'സദ്യ' എന്ന കഥയെഴുതിയപ്പോള്‍ 'എന്തിന് മഹാഭാരതം? ഇതാണ് കഥ' എന്ന് ഒരു കാര്‍ഡില്‍ കത്തയച്ച മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷെയും ഓര്‍ക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന എന്റെ പുതിയ മിന്നല്‍ക്കഥകള്‍ ഇതിലുണ്ട്. ഏറ്റവും കുറുകിയ കഥകളെഴുതി ലോകത്തെ വിസ്മയിപ്പിച്ച ലിഡിയ ഡേവിസിന് 2013ലെമാന് ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിച്ചപ്പോള്‍ വി. സുകുമാരന്‍ ദേശാഭിമാനി വാരികയിലെ തന്റെ 'ഓപണ്‍ വിന്‍ഡോ' എന്ന കോളത്തില്‍ 'ഒറ്റവരിക്കഥ' എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതിയതോര്ക്കുന്നു. ലിഡിയയുടെ കഥകള്‍ വായിക്കുമ്പോള്‍ വനഫൂലിനെയും കേരളത്തില്‍ പി.കെ. പാറക്കടവിനെയും ഓര്‍ക്കുന്നു എന്ന് അദ്ദേഹം എഴുതി.
വലിയ കാന്‍വാസില്‍ വലിയ കഥ പറയുന്നതുപോലെത്തന്നെ പ്രയാസമേറിയതാണ് ചുരുങ്ങിയ വാക്കുകളില്‍ ജീവിതം വരച്ചിടുന്നത്. എന്റെ ചെറിയ കഥകള്‍ വായിച്ച്, 'ടാഗോറിന്റെയും ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോള്‍ ഞാനനുഭവിക്കുന്ന സന്തോഷം-ആത്മഹര്‍ഷം- ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി' എന്നെഴുതിയ ടി. പത്മനാഭനോടും ഇത് പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി ബുക്സിനോടും നന്ദി.
പെരുവിരല്ക്കഥകള്ക്ക് മുഖക്കുറിപ്പെഴുതുമ്പോള് മിന്നല്‍ക്കഥകളുടെ രസതന്ത്രത്തെക്കുറിച്ച് വളരെ മുന്‍പ് ഞാനെഴുതിയ ചില വരികള്‍കൂടി:
ഒരു വാക്ക് പൊട്ടിച്ചുനോക്കുമ്പോള്‍ തീ. മറ്റൊരു വാക്കില്‍നിന്ന് നിലാവ്. മൂന്നാമത്തെ വാക്കില്‍ മഞ്ഞ്. അപ്പോള്‍ ഞാന്‍ പറയും, ദൈവമേ, ഇതൊരു മിന്നല്ക്കഥയാണല്ലോ.
ഊതിയൂതി വീര്‍പ്പിച്ച് ഒരു ബലൂണ്‍ വലുതാക്കാം. വാക്കുകള്‍ കുത്തിനിറച്ചു വീര്‍പ്പിച്ചാല്‍ ഒരു കഥയാവില്ല. ഊതിവീര്‍പ്പിച്ച പൊങ്ങച്ചത്തിനെതിരേ ഒരു കൊച്ചുകഥയുടെ മുനകൊണ്ട് കുത്തുകയാണ് വേണ്ടത്.
ചട്ടികളില്‍ വളര്‍ത്തുന്ന ബോണ്സായിച്ചെടിയല്ല ചെറിയ കഥ.
വലിയ കഥയുടെ ചെറിയ രൂപമേയല്ല അത്. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ഒരുവേള, ജീവിതത്തോട് ഏറ്റവും അടുത്തുനില്ക്കുന്നത്.
എന്നോട് സുഹൃത്ത് ചോദിച്ചു:
'ഈ ഇത്തിരി വരികളില്‍ എന്തു കഥയാണുള്ളത്?'
-ഞാന്‍ പറഞ്ഞു: 'പൊട്ടിച്ചുനോക്കൂ.'
-അവന് പൊട്ടിച്ചുനോക്കി, അതില്‍നിന്ന് തെറിച്ചുവീണത് ജീവിതം..
Content Highlights: PK Parakkadavu New Malayalam Book Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..