ശിവേന്ദ്രസിങ് ഡംഗാർപുർ സംവിധാനം ചെയ്ത ദ സെല്ലുലോയ്ഡ് മാൻ എന്ന ഡോക്യുമെന്ററിയിൽ പി.കെ നായർ (ഫോട്ടോ: ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ)
ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റുമായിരുന്ന ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍ എന്നറിയപ്പെടുന്ന പി.കെ നായരുടെ സംഭാവനകള്‍ ഇന്ത്യന്‍ ചലച്ചിത്ര സംരക്ഷണലോകത്തിന് വലിയ അനുഗ്രഹമാണ്. സിനിമയ്ക്കായി പി.കെ നായര്‍ അലഞ്ഞ വഴികളും നാടുകളും അനുഭവങ്ങളും അദ്ദേഹം തന്റെ സ്വകാര്യ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തി വെച്ചു. ആ കുറിപ്പുകളുടെ സമാഹാരമാണ് പി.കെ സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയ 'ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായം വായിക്കാം.
1913-ല്‍ ദാദാസാഹേബ് ഫാല്‍ക്കെ നിര്‍മ്മിച്ച 'രാജാ ഹരിശ്ചന്ദ്ര'യാണ് ഇന്ത്യയിലെ ആദ്യത്തെ കഥാസിനിമ എന്ന് എല്ലാവര്‍ക്കും അറിയാം. പരക്കെ അറിയപ്പെടാത്ത കാര്യം, ഈ ചിത്രം നിര്‍മ്മിച്ച് കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അത് നശിച്ചു. ഒരു ടെന്റ് സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക് കാളവണ്ടിയില്‍ കൊണ്ടുപോവുന്നതിനിടയിലാണ് സിനിമയുടെ അവശേഷിക്കുന്ന ഒരേയൊരു പ്രിന്റിന് തീപിടിച്ചത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിരുന്നില്ല, പക്ഷേ ഇതിനകം തന്നെ നൈട്രേറ്റ് പ്രിന്റ് ഉപയോഗിച്ച് ധാരാളം പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നുവെന്നും അതിന് പ്രായോഗികമായി തേയ്മാനം സംഭവിച്ചിരുന്നു എന്നും പ്രിന്റുകള്‍ കയറ്റുമ്പോഴോ ഇറക്കുമ്പോഴോ ആയിരിക്കും അപകടമുണ്ടായിരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. 1917-ല്‍, ഒറിജിനല്‍ പ്രിന്റുകള്‍ അപ്രത്യക്ഷമായി എന്ന് ഫാല്‍ക്കെ കണ്ടെത്തിയപ്പോള്‍, അദ്ദേഹം സിനിമ വീണ്ടും ഷൂട്ട് ചെയ്തു, ഷോട്ടോട്‌ഷോട്ട്, തനിപ്പകര്‍പ്പായി! 'ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ പിതാവ്', 'കിഴക്കിന്റെ മഹാനായ മുന്‍ഗാമി' എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ ഉറപ്പിക്കുന്ന ടൈറ്റില്‍ കാര്‍ഡുകള്‍ ഉള്‍പ്പെടുത്താനുള്ള അവസരമായും ഇതിനെ ഉപയോഗിച്ചു.
ഫാല്‍ക്കെയുടെ സിനിമ പോലെ, നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പല സിനിമകളും ശേഷിച്ചിട്ടില്ല. അപകടങ്ങളാലോ അശ്രദ്ധയാലോ പലതും പൊടിയാക്കപ്പെട്ടു അല്ലെങ്കില്‍ തീപ്പിടുത്തത്തില്‍ നഷ്ടപ്പെട്ടു. നൈട്രേറ്റ് ഫിലിമുകളില്‍ നിന്ന് വെള്ളി വേര്‍തിരിച്ചെടുക്കുന്നതിലൂടെയും സെല്ലുലോസ് ഫിലിമില്‍ നിന്ന് വളകളും ലേഡീസ് ഹാന്‍ഡ്ബാഗുകളും ഉണ്ടാക്കുന്നതിലൂടെയും പല സിനിമകളും നഷ്ടപ്പെട്ടു. ഇത്തരം കുടില്‍ വ്യയസായങ്ങള്‍ സിനിമാ നിര്‍മ്മാണ രംഗത്തിന്റെ പരാന്നഭോജികളായി വളര്‍ന്നു. വിശ്വസിക്കാവുന്ന സ്രോതസ്സുകള്‍ പ്രകാരം, 1950-ന് മുമ്പ് നിര്‍മ്മിച്ച 70 ശതമാനം സിനിമകളും അറ്റകുറ്റപ്പണിക്കപ്പുറം വഷളായിട്ടുണ്ട്, അല്ലെങ്കില്‍ ശാശ്വതമായി നഷ്ടപ്പെട്ടതായി കണക്കാക്കാം.
ഇന്ന് നാം ഇത്രയും ഭയാനകമായ അവസ്ഥയില്‍ എത്തിയിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചില സിനിമകള്‍ ഒഴികെ, ആദ്യകാല സിനിമകളില്‍ ഭൂരിഭാഗവും നിര്‍മ്മിച്ചത് ബിസിനസ്സുകാരാണ്, അവരുടെ പ്രധാന ലക്ഷ്യം ലാഭമുണ്ടാക്കുകയായിരുന്നു. ഒരു സിനിമയോടുള്ള അവരുടെ താല്‍പ്പര്യം അവര്‍ക്ക് പണം സമ്പാദിക്കുന്നിടത്തോളം കാലം മാത്രം നീണ്ടുനിന്നു. അതിനുശേഷം, നെഗറ്റീവ്, പോസിറ്റീവ് പ്രിന്റുകളെക്കുറിച്ച് അവര്‍ ശ്രദ്ധിച്ചില്ല. അവര്‍ ശ്രദ്ധാലുക്കളാണെങ്കില്‍ പോലും, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ നൈട്രേറ്റ് ഫിലിമുകള്‍ പരിപാലിക്കുന്നതിനുള്ള സൗകര്യങ്ങളോ സാങ്കേതിക പരിജ്ഞാനമോ ഉണ്ടായിരുന്നുള്ളൂ. തല്‍ഫലമായി, പല സിനിമകളുടെ പ്രിന്റുകളും നശിച്ചു.
സിനിമാ നിര്‍മ്മാതാക്കള്‍ക്കും അധികാരികള്‍ക്കും ഒരുപോലെ സിനിമയുടെ ചരിത്രപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഫിലിം വളരെ ദുര്‍ബലമായ വസ്തുവാണ്, അതിന് ദീര്‍ഘായുസ്സിനായി പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണ്. എന്നിരുന്നാലും, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍, സിനിമയെ ഒരു സാംസ്‌കാരിക ഉല്‍പ്പന്നമായി കണക്കാക്കാനും പിന്‍തലമുറയ്ക്കായി അതിന്റെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം ഒരു സ്ഥാപനത്തെയും ഏല്‍പ്പിച്ചിട്ടില്ല. ദേശീയബോധത്തില്‍ സിനിമയ്ക്ക് മുന്‍ഗണന വളരെ താഴ്ന്നതായിരുന്നു. സിനിമ ഒരു വിലക്കപ്പെട്ട മേഖലയായി കണ്ടിരുന്നതിനാല്‍ സിനിമകള്‍ സംരക്ഷിക്കുന്നത് സമയം പാഴാക്കലാണ് എന്ന് പലരും വിശ്വസിച്ചു. അവബോധത്തിന്റെയും ധാരണയുടെയും അഭാവം രാജ്യത്തിന്റെ ചലച്ചിത്ര പൈതൃകം നശിക്കാന്‍ കാരണമായി. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വര്‍ഷങ്ങളിലും 1950-കളിലും, സിനിമയുടെ സംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ചില വ്യക്തികളും നല്ല അടിത്തറയുള്ള കമ്പനികളും നടത്തിയ ശ്രമങ്ങള്‍ മാത്രമായിരുന്നു. സ്റ്റുഡിയോ സമ്പ്രദായത്തില്‍, വലിയ സ്റ്റുഡിയോകള്‍ പ്രതിവര്‍ഷം 10 മുതല്‍ 15 വരെ സിനിമകള്‍ നിര്‍മ്മിക്കുകയും ഒരു നിശ്ചിത സ്ഥിരത കൈവരിക്കുകയും ചെയ്തു. ഈ സ്റ്റുഡിയോകള്‍ സ്റ്റോറേജ് ഗോഡൌണുകള്‍ നിര്‍മ്മിക്കുകയും അവ നിലനില്‍ക്കുന്നിടത്തോളം കാലം അവരുടെ സിനിമകള്‍ പരിപാലിക്കുകയും ചെയ്തു. സ്റ്റുഡിയോകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയപ്പോള്‍, ശക്തരായ സ്വതന്ത്ര നിര്‍മ്മാതാക്കളായ രാജ് കപൂര്‍, ബിമല്‍ റോയ്, ഗുരു ദത്ത് എന്നിവരുടെ ഉയര്‍ച്ച നമ്മള്‍ കണ്ടു. മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ കമ്പനികളെ ബിസിനസ്സായാണ് നടത്തിയത്. നല്ല വരുമാനം ഉണ്ടാക്കുന്ന വിജയകരമായ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ മറ്റു കാര്യങ്ങള്‍ ഒഴിവാക്കി.
ഒരു വലിയ നൈട്രേറ്റ് അഗ്‌നി
താഴെപ്പറയുന്ന വിവരണം 1930കളിലെയും 1940കളിലെയും ചില മികച്ച ഇന്ത്യന്‍ സിനിമകളുടെ ഉത്തരവാദിത്തമുള്ള പ്രധാന സ്റ്റുഡിയോകളിലൊന്നായ ന്യൂ തിയറ്റേഴ്‌സിന്റെ സ്ഥാപകനും ശില്പിയുമായ ബി.എന്‍. സര്‍ക്കാറിന്റെ മകന്‍ ദിലീപ് സിര്‍ക്കാര്‍ എനിക്ക് വിവരിച്ചുതന്നതാണ്:
''1940 ഓഗസ്റ്റ് മാസത്തിലാണ് പ്രാദേശിക ലീഗ് മത്സരങ്ങളില്‍ മോഹന്‍ ബഗാന്റെ കളി കാണാന്‍ അച്ഛനോടൊപ്പം ഫുട്‌ബോള്‍ മൈതാനത്ത് പോയത്. ഒരാള്‍ വന്ന് അച്ഛന്റെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. മറ്റാരെങ്കിലും എന്നെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞ് അച്ഛന്‍ ഉടനെ പോയി. വീട്ടിലെത്തിയപ്പോള്‍, ആ സായാഹ്നത്തില്‍ ഞങ്ങള്‍ക്ക് ഉണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് എന്റെ മുത്തച്ഛന്‍ സര്‍ എന്‍.എന്‍. സര്‍ക്കാര്‍ എന്നോട് പറഞ്ഞു. 1930-കളില്‍ ന്യൂ തിയറ്റര്‍ നിര്‍മ്മിച്ച ചില ക്ലാസിക് സിനിമകളുടെ പല പ്രിന്റുകളും ഒറിജിനല്‍ നെഗറ്റീവുകളും നഷ്ടപ്പെട്ടു. വിനാശകരമായ തീ ലബോറട്ടറികളെ പൊതിഞ്ഞു. എങ്ങിനെയാണ് തീപ്പിടുത്തം ഉണ്ടായതെന്ന് അന്ന് അറിയില്ലായിരുന്നു.
എന്റെ പിതാവ് സ്റ്റുഡിയോയിലെത്തി, കമ്പനി നിലവില്‍ വന്ന ആദ്യദശകത്തില്‍ നടത്തിയ ശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ തീയ്ക്ക് ഇരയാവുന്ന കാഴ്ച നിശ്ശബ്ദമായി നോക്കിനിന്നു. 1935-ലെ ക്ലാസിക് സിനിമയായ ദേവദാസിന്റെ ഗതിയെക്കുറിച്ച് അന്വേഷിക്കാന്‍ പി.സി. ബറുവ ഓടിവന്നു. ബി.എന്‍. സര്‍ക്കാര്‍ ശാന്തമായി മറുപടി പറഞ്ഞു: ''ദേവദാസ് എന്റെ അരികില്‍ നില്‍ക്കുന്നു''. (ചിത്രത്തിന്റെ സംവിധാനം കൂടാതെ ബംഗാളി പതിപ്പില്‍ ദേവദാസിന്റെ വേഷത്തില്‍ ബറുവയാണ് അഭിനയിച്ചത്).
1930-കളിലും 1940-കളിലും മുംബൈ, മദ്രാസ് എന്നിവിടങ്ങളിലെ സിനിമാ ഗോഡൗണുകളില്‍ ഇത്തരം നിരവധി തീപിടുത്തങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, എന്നെ ശരിക്കും കുഴക്കിയതും അസ്വസ്ഥനാക്കിയതും ആകസ്മികമായ ഒരു തീപ്പിടുത്തത്തില്‍ 1940-കളുടെ അവസാനം രണ്ട് പതിറ്റാണ്ടുകളായി മുംബൈയില്‍ സ്ഥാപിതമായ ഒരു സ്റ്റുഡിയോയുടെ സിനിമകള്‍ കത്തി നശിച്ചതാണ്. നിശ്ശബ്ദ യുഗത്തിന്റെ അവസാനത്തില്‍ സ്ഥാപിതമായ രഞ്ജിത് മൂവിട്ടോണ്‍ സ്റ്റുഡിയോ 1930-കളിലും 1940-കളിലും 120-ല്‍ അധികം സിനിമകള്‍ നിര്‍മ്മിച്ചു, അവയില്‍ മിക്കതും വളരെ വിജയകരമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 1940-കളുടെ അവസാനത്തില്‍ രഞ്ജിത് മൂവിട്ടോണ്‍ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് തോന്നുന്നു. വര്‍ദ്ധിച്ചു വരുന്ന ബാധ്യതകള്‍ കാരണം സ്റ്റുഡിയോ പാപ്പരാവുന്ന ഘട്ടത്തില്‍ എത്തിയിരുന്നു. സ്റ്റുഡിയോയുടെ മുതലാളി ചന്തുലാല്‍ ഷായ്ക്ക് മുംബൈയിലെ കുതിരപ്പന്തയത്തില്‍ കനത്ത നഷ്ടം നേരിട്ടു. ഗോഡൌണിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു കഥ, ഇന്‍ഷൂറന്‍സില്‍ നിന്ന് വലിയ തുക കിട്ടുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇതെല്ലാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്തു എന്നതാണ്.'' (From Not So Dangerous: Some Recollections (2002)
ഇന്ത്യയില്‍ ചലച്ചിത്ര സംരക്ഷണത്തിന്റെ ആരംഭം
1960-കളുടെ മധ്യത്തില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) സ്ഥാപിച്ചതോടെ ഔദ്യോഗികമായി ഇന്ത്യയില്‍ ചലച്ചിത്ര സംരക്ഷണം ആരംഭിച്ചു. 1951-ലെ എസ്.കെ. പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കൈവിന്റെ ഉത്ഭവം. വിവിധ ചലച്ചിത്രനിര്‍മ്മാണ മേഖലകളിലെ മികവ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അവാര്‍ഡ് നേടിയ സിനിമകളുടെ ഒരു പകര്‍പ്പ് ഒരു നാഷണല്‍ ഫിലിം ലൈബ്രറിയില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. അന്ന് അവാര്‍ഡ് നേടിയ സിനിമകള്‍ മാത്രം സംരക്ഷിക്കുക എന്നതായിരുന്നു ആശയം. പിന്നീട്, അവാര്‍ഡ് നേടിയ സിനിമകള്‍ മാത്രമല്ല, ചരിത്രപരമായ പ്രാധാന്യമുള്ള എല്ലാ സിനിമകളും, നഷ്ടപ്പെട്ടുപോയാല്‍ പിന്നീട് ഖേദിക്കാന്‍ സാധ്യതയുള്ള സിനിമകള്‍ വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. Ministry of Information and Broadcasting-ന്റെ കീഴില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക മീഡിയ യൂണിറ്റിനെ ഈ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്രയിലെ പൂനയില്‍ 1964 ഫെബ്രുവരി മുതല്‍ ആര്‍ക്കൈവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ആര്‍ക്കൈവിന്റെ ശേഖരത്തില്‍ ഭൂരിഭാഗവും സിനിമയുടെ ഉടമാവകാശം ഉള്ളവരില്‍ നിന്നാണ് ലഭിച്ചത്, അവരുടെ ഒറിജിനല്‍ നിക്ഷേപിക്കാനോ, അവ പകര്‍ത്താന്‍ അനുമതി നല്‍കാനോ അഭ്യര്‍ത്ഥിച്ചു. മിക്കപ്പോഴും, ഇത് വാക്കാലുള്ള ധാരണയിലാണ് നടത്തിയത്, കരാറുകളൊന്നും ഒപ്പിടാതെ, എല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അവകാശത്തെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സിനിമകളും അവകാശത്തിന്റെ ഉടമസ്ഥരെ കണ്ടെത്താന്‍ കഴിയാത്ത മറ്റ് സിനിമകളും ഉണ്ടായിരുന്നു-അത്തരം സന്ദര്‍ഭങ്ങളില്‍, അവകാശികളോ മറ്റുള്ളവരോ ഉന്നയിക്കുന്ന ഏതൊരു അവകാശവാദവും ആര്‍ക്കൈവ് കൈകാര്യം ചെയ്യുമെന്ന് പ്രസ്താവിക്കുന്ന നഷ്ടപരിഹാര ബോണ്ട് സമര്‍പ്പിച്ചു, കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പ് എന്ന നിലയില്‍, കസ്റ്റംസ് അല്ലെങ്കില്‍ റെയില്‍വേ കണ്ടുകെട്ടിയ എല്ലാ പ്രിന്റുകളും ആര്‍ക്കൈവിന് ലഭിക്കുന്നു. വിദേശ ചലച്ചിത്ര ഇറക്കുമതിക്കാര്‍, വിദേശ എംബസികള്‍, സ്വകാര്യ കളക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് ഉപയോഗിച്ച പ്രിന്റുകളും ലഭ്യമാക്കി. വിവിധ രാജ്യങ്ങളിലെ ദേശീയ ഫിലിം ആര്‍ക്കൈവുകളുമായും മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് പോലുള്ള സ്ഥാപനങ്ങളുമായും ആര്‍ക്കൈവ് പ്രിന്റുകള്‍ കൈമാറി. സോവിയറ്റ് ഫിലിം ആര്‍ക്കൈവ് 20 സിനിമകള്‍ സമ്മാനിച്ചു, ആര്‍ക്കൈവ് സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഞങ്ങള്‍ സിനിമകള്‍ കൈമാറ്റം ചെയ്യുമായിരുന്നു. ഹിച്ച്‌കോക്കിന്റെയും മറ്റും സിനിമകള്‍ക്ക് 'സന്ത് തുക്കാറാം' (1936) പോലുള്ള സിനിമകള്‍ പകരം കൊടുത്തു.
ഞാന്‍ ആര്‍ക്കൈവുമായി അതിന്റെ തുടക്കം മുതല്‍ തന്നെ ബന്ധപ്പെട്ടിരുന്നു. തുടക്കത്തില്‍ തന്നെ, രാജ്യത്ത് നിര്‍മ്മിച്ച ആദ്യകാല സിനിമയ്ക്കായി ആര്‍ക്കൈവ് ഒരു തിരച്ചില്‍ ആരംഭിച്ചു, പ്രത്യേകിച്ച് ഫാല്‍ക്കെ നിര്‍മ്മിച്ച സിനിമകള്‍ക്കായി. ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഫാല്‍ക്കെയുടെ മകള്‍ മന്ദാകിനിയില്‍ നിന്ന് 'രാജാ ഹരിശ്ചന്ദ്ര'യുടെ ആദ്യ റീല്‍ കരസ്ഥമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 1969-ല്‍, മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവിലിയില്‍ താമസിച്ചിരുന്ന ഫാല്‍ക്കെയുടെ മൂത്തമകനായ നീല്‍കണ്ഠ ഫാല്‍ക്കെയില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ ലഭ്യമാകും എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി; മകന്റെ മുഖത്തിന് പിതാവിന്റെ പ്രശസ്തമായ മുഖവുമായി സാമ്യമുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു, ഫാല്‍ക്കെയുടെ ഒരു വലിയ ഫോട്ടോ ആ ചെറിയ ഡ്രോയിംഗ് റൂമിനെ അലങ്കരിച്ചിരിക്കുന്നു. പ്രാഥമിക ആമുഖത്തിനുശേഷം, രണ്ട് തുരുമ്പിച്ച ടിന്നുകള്‍ അദ്ദേഹം എന്റെ മുന്നില്‍ വച്ചു. ഞാന്‍ അവയെ ഓരോന്നായി പരിശോധിച്ചു. അവയില്‍ ധാരാളം പോസിറ്റീവ് ഫിലിം കഷണങ്ങള്‍ അടങ്ങിയിരിക്കുന്നു, എന്നാല്‍ അതിശയകരമാംവിധം അവ നല്ല അവസ്ഥയില്‍ ആയിരുന്നു. രണ്ടു കഷണങ്ങള്‍ നീലനിറത്തിലായിരുന്നു: സൂക്ഷ്മപരിശോധനയില്‍, ഒന്നില്‍ 'രാജാ ഹരിശ്ചന്ദ്ര'യുടെ അവസാന സീക്വന്‍സ് ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പൂര്‍ണ്ണ സിനിമ ലഭിക്കാനുള്ള സാധ്യതയില്‍ ഞാന്‍ പുളകിതനായി, പക്ഷേ ഇത് നാലാമത്തെ റീലായിരുന്നു. (ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും റീലുകള്‍ ഇനിയും കണ്ടെത്താനുണ്ട്). 1920-കളുടെ തുടക്കത്തില്‍ ഫാല്‍ക്കെ നിര്‍മ്മിച്ച 'സിന്‍ഹസ്ഥ മേള' (Sinhastha Mela) എന്ന ഹ്രസ്വ സിനിമയുടെ നെഗറ്റീവും പെട്ടിയില്‍ ഉണ്ടായിരുന്നു. ഓരോ കഷണങ്ങളുടെയും പേരുകള്‍ മറാത്തിയില്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. ഓരോ ഫിലിം റോളിലും അച്ഛന്‍ നമ്പറുകള്‍ എഴുതാറുണ്ടെന്ന് നീല്‍കണ്ഠ എന്നോട് പറഞ്ഞു, അത് പിന്നീട് പ്രിന്റെടുക്കാനുള്ള നിര്‍ദ്ദേശങ്ങളാണെന്ന് അദ്ദേഹം പിന്നീട് കണ്ടെത്തി. ഫാല്‍ക്കെയുടെ മറ്റ് സിനിമകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, ഫാല്‍ക്കെയുടെ ഇളയ മകന്‍ പ്രഭാകറുമായി ബന്ധപ്പെടാന്‍ എന്നോട് ആവശ്യപ്പെട്ടു. ഫാല്‍ക്കെ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ച നാസിക്കിലെ വീട്ടിലായിരുന്നു പ്രഭാകര്‍ താമസിച്ചിരുന്നത്.
ഞാന്‍ നാസിക്കിലേക്ക് പോയി, അതിരാവിലെ ഫാല്‍ക്കെയുടെ വീട്ടിലെത്തി. ഞാന്‍ അകത്തേക്ക് കടക്കുമ്പോള്‍ പഴയ വീടിന്റെ പ്രവേശന കവാടത്തില്‍ ഒരു ചലിക്കുന്ന ക്യാമറയുടെ ചിഹ്നം എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. വിവിധ ഫാല്‍ക്കെ സിനിമകളില്‍ നിന്നുള്ള ചില റീലുകളും കഷണങ്ങളും അടങ്ങിയ ഒരു തടി പെട്ടി പ്രഭാകര്‍ എന്റെ മുന്നില്‍ കൊണ്ടുവച്ചു. ഒപ്പം ഷോട്ടുകളെക്കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങിയ (ഒരുപക്ഷേ, ഫാല്‍ക്കെയുടെ സ്വന്തം കൈപ്പടയില്‍ ഉള്ളത്) പുഴു അരിച്ച ഒരു നോട്ടുബുക്കും. അതില്‍ അദ്ദേഹത്തിന്റെ 'കാളീയ മര്‍ദ്ദന്‍' (1919) എന്ന സിനിമയെക്കുറിച്ചുള്ള കുറിപ്പുകളും ഉണ്ടെന്ന് തോന്നുന്നു. പെട്ടി തുറന്ന് അകത്ത് നോക്കിയപ്പോള്‍ കണ്ട കാനുകള്‍ വളരെക്കാലം തുറന്നിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അവയുടെ മൂടി തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞിരിക്കുകയായിരുന്നു. അവ തുറക്കാന്‍ ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ഓരോ കാനില്‍ നിന്നും നൈട്രേറ്റിന്റെ ശക്തമായ മണം പുറപ്പെടുന്നു. ചില കഷണങ്ങള്‍ ജീര്‍ണ്ണിക്കാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു. വാസ്തവത്തില്‍, ഒന്നുരണ്ടെണ്ണം ഒരു തരം മഞ്ഞ ദ്രാവകമായി ഇതിനകം തന്നെ മാറിയിരുന്നു, അവ അവിടെ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല.
സിനിമകള്‍ ഉടന്‍ പൂനെയിലേക്ക് കൊണ്ടുപോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു നഷ്ടപരിഹാരവും പ്രഭാകര്‍ ആവശ്യപ്പെട്ടിരുന്നില്ല, എന്നാല്‍ തന്റെ റെക്കോര്‍ഡുകള്‍ക്കായി ഉള്ളടക്കങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഔപചാരികതകള്‍ പൂര്‍ത്തിയായി, പെട്ടികള്‍ പൂനക്ക് കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാക്കി. നാസിക്കിനും പൂനയ്ക്കും ഇടയില്‍ ദിവസേന സക്കാള്‍, കേസരി തുടങ്ങിയ മറാത്തി പത്രങ്ങള്‍ എത്തിക്കുന്ന ഒരു ന്യൂസ്പേപ്പര്‍ ടാക്സിയില്‍ ആയിരുന്നു യാത്ര. യാത്ര നീണ്ടതും മടുപ്പിക്കുന്നതുമായിരുന്നു. ഞാന്‍ നിരന്തരം തിരിഞ്ഞുനോക്കുകയായിരുന്നു, ഞങ്ങളുടെ പിന്നില്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കൈവല്‍ റീലുകളെക്കുറിച്ച് എല്ലായ്‌പ്പോഴും ബോധവാനായിരുന്നു, വാഹനം അമിതമായി ഇളകിയപ്പോഴെല്ലാം എന്റെ ഹൃദയം ഒരു കുതിച്ചുചാട്ടം നടത്തി. കത്താന്‍ സാധ്യതയുള്ള നൈട്രേറ്റ് ഫിലിമും കൊണ്ടുള്ള യാത്ര തീര്‍ച്ചയായും അപകടകരമായിരുന്നു. പക്ഷേ ഫിലിം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകേണ്ടിവന്നു. വൈകുന്നേരത്തോടെ ഞങ്ങള്‍ പൂനയിലെത്തി, ആര്‍ക്കൈവിന്റെ താല്‍ക്കാലിക ഷെഡ്ഡില്‍ പെട്ടികള്‍ നിക്ഷേപിച്ചു, പിന്നെ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
ഒരു അടിക്കുറിപ്പ് എന്ന നിലയില്‍, 'സെല്ലുലോയ്ഡ് മാന്‍' (Celluloid Man, 2012) എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഞാന്‍ അടുത്തിടെ നാസിക്കില്‍ പോയപ്പോള്‍, ഫാല്‍ക്കെയുടെ ആ പഴയ വീട് ഇപ്പോള്‍ നിലവിലില്ലെന്ന് ഞാന്‍ മനസ്സിലാക്കി; അതിന്റെ സ്ഥാനത്ത് ഒരു വാണിജ്യ സമുച്ചയം ഉയര്‍ന്നുവന്നിരിക്കുന്നു. നമ്മുടെ സിനിമാ ചരിത്രത്തിന്റെ ഒരു ഭാഗമെങ്കിലും ആരെങ്കിലും സംരക്ഷിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു -സിനിമാ ക്യാമറയുടെ ആ രാജകീയ ചിഹ്നമെങ്കിലും.
ഇന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് നിശബ്ദ സിനിമകളുടെ പ്രിന്റുകള്‍ക്കായി തിരയുന്നത് അതിലും കഠിനമായ ജോലിയായിരുന്നു. സിനിമകളെ തേടി രാജ്യത്തിന്റെ വിദൂര കോണുകള്‍ സന്ദര്‍ശിക്കുന്നത് ഒരു വലിയ സാഹസികതയായിരുന്നു. പലചരക്ക് കടകളുടെ ഉടമസ്ഥരുടെ തൊഴുത്തുകളും ഗോഡൗണും പോലുള്ള വിചിത്രമായ സ്ഥലങ്ങളില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ചിതറിക്കിടക്കുകയായിരുന്നു. ഇന്ത്യന്‍ നിശ്ശബ്ദ സിനിമകളുടെ കുറച്ച് റീലുകള്‍ വിദേശ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തി. അവസാനം, 1913-നും 1932-നും ഇടയില്‍ രാജ്യത്ത് നിര്‍മ്മിച്ച 1500 നിശ്ശബ്ദ ഫീച്ചര്‍ സിനിമകളില്‍ 10 എണ്ണം ശേഖരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
ഞങ്ങളുടെ തിരച്ചിലില്‍ കണ്ടുമുട്ടിയ മിക്ക കുടുംബാംഗങ്ങളും അവകാശികളും സന്തോഷത്തോടെ ഞങ്ങളുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു. മിക്കപ്പോഴും, അവര്‍ ഞങ്ങളെ സിനിമകള്‍ ശേഖരിക്കാന്‍ സഹായിക്കുകയും ഞങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നതില്‍ ഞങ്ങളെ അഭിനന്ദിച്ചു. എന്നാല്‍ കയ്‌പേറിയ അനുഭവങ്ങളും ഉണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങളുടെ മുഖത്ത് നോക്കി ചിലര്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയും, പോയി തുലയാനും പറഞ്ഞു. 'ഈ വീട്ടില്‍ 'സിനിമ' എന്ന വാക്ക് ഒരിക്കലും ഉച്ചരിക്കരുത്. സിനിമകള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി പിതാവിന്റെ കുടുംബസ്വത്ത് എല്ലാം നഷ്ടപ്പെട്ടു, നഷ്ടത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഇനിയും കരകയറാനായിട്ടില്ല''. ഒരു പലചരക്ക് കട ഉടമ ഞങ്ങളോട് പറഞ്ഞു: ''എന്റെ തട്ടിന്‍പുറത്ത് ചില പഴയ സിനിമകള്‍ അടങ്ങിയ ഒരു തടിപ്പെട്ടി കിടക്കുന്നുണ്ട്. അതിന് നിങ്ങള്‍ക്ക് എത്ര പണം തരാന്‍ കഴിയും?'' പെട്ടി കാണണമെന്ന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും അദ്ദേഹം അത് കാണിച്ചില്ല. ''എത്ര പണം തരാന്‍ പറ്റും എന്ന് ആദ്യം പറയൂ, എന്നിട്ട് കാണിച്ചുതരാം''- അയാള്‍ പറഞ്ഞു. ഒരു വാഗ്ദാനം നല്‍കുന്നതിനുമുമ്പ് റീലുകള്‍ കേടായതാണോ അതോ പൊടിഞ്ഞുപോയിട്ടുണ്ടോ എന്നറിയാന്‍ പെട്ടി തുറന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അനുനയനത്തിന് തയ്യാറല്ല എന്ന് മനസ്സിലായപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ എന്നെ ഒരു കോണിലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: ''വൃദ്ധനുമായി തര്‍ക്കിക്കാന്‍ പ്രയാസമാണ്. കുറച്ച് കാലം കാത്തിരിക്കുക, പെട്ടി ഫിലിം ആര്‍ക്കൈവിലേക്ക് എത്തിക്കുന്ന കാര്യം ഞാന്‍ ഏറ്റു''. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, വൃദ്ധന്റെ മരണശേഷം, പെട്ടി ആര്‍ക്കൈവില്‍ എത്തി. നിര്‍ഭാഗ്യവശാല്‍, ആ സമയം, മിക്ക റീലുകളും കേടായതിനാല്‍ ഞങ്ങള്‍ക്ക് മഹാരാഷ്ട്ര ഫിലിം കമ്പനി നിര്‍മ്മിച്ച് ബാബുറാവു പെയിന്റര്‍ സംവിധാനം ചെയ്ത രണ്ടു സിനിമകള്‍ മാത്രമേ - 'മുരളിവാല' (Muraliwala, 1927), 'സതി സാവിത്രി' (Sati Savitri, 1927) സംരക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.
പ്രഭാത് ഫിലിം കമ്പനി നിര്‍മ്മിച്ച സിനിമകള്‍ ആര്‍ക്കൈവ് എങ്ങിനെയാണ് കരസ്ഥമാക്കിയത് എന്ന കഥയും വളരെ രസകരമാണ്. 1960-ല്‍ സര്‍ക്കാര്‍ ഈ കമ്പനിയും പരിസരവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സ്വന്തമാക്കിയപ്പോള്‍ കൂട്ടത്തില്‍ പ്രഭാതിന്റെ സിനിമകളുടെ അവകാശവും കൈമാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിധിക്ക് പുറത്തായതിനാല്‍ ഉല്‍ക്ക ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ എന്ന കമ്പനിയുടെ വിതരണക്കാരനായിരുന്ന നമാഡെയോട് എത്രയും പെട്ടെന്ന് സിനിമകളും നെഗറ്റീവും എടുത്ത് സ്റ്റുഡിയോ പരിസരം കാലിയാക്കാന്‍ പറഞ്ഞു. മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ നമാഡെ അതൊക്കെ ഡക്കാന്‍ ജിംഖാനയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറില്‍ സൂക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍, 1961 ജൂലായിലെ പാന്‍ഷെറ്റ് ഡാം ദുരന്തത്തില്‍ ആ ലോക്കറില്‍ വെള്ളം നിറയുകയും പല സിനിമകളും നശിക്കുകയും ചെയ്തു. നിരാശനായ നമാഡെ ശേഷിച്ചതൊക്കെ കിട്ടിയ വിലയ്ക്ക് മദ്രാസില്‍ നിന്നുള്ള ഒരു മുദലിയാര്‍ക്ക് വിറ്റു. പ്രഭാതിന്റെ ദിവ്യന്മാരെക്കുറിച്ചുള്ള സിനിമകളായ 'സന്ത് തുക്കാറാം' (Sant Tukaram), 'സന്ത് ജ്ഞാനേശ്വര്‍' (Sant Dnyaneshwar) (1940), 'സന്ത് സകുള്‍' (Sant Sakul (1941) എന്നീ സിനിമകള്‍ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ച് മുദലിയാര്‍ ചിന്തിച്ചിരുന്നു. എന്നാല്‍, രണ്ടോ മൂന്നോ സിനിമകള്‍ റിലീസ് ചെയ്തതോടുകൂടി ഈ പരീക്ഷണം വിചാരിച്ച രീതിയില്‍ നടക്കുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
അതേസമയം, ആര്‍ക്കൈവ് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ഇന്ത്യയുടെ സിനിമാ പൈതൃകത്തിന്റെ സുപ്രധാന ഘടകമായ പ്രഭാത് സിനിമകള്‍ വീണ്ടെടുക്കാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അങ്ങിനെ മുദലിയാറുമായി സംസാരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. എന്നാല്‍ അദ്ദേഹം കൈകാര്യം ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു. ഒരു വിധത്തില്‍ മുദലിയാറിന്റെ കൈവശമുള്ള 43 പ്രഭാത് സിനിമകളും പകര്‍ത്താനുള്ള ഒരു കരാര്‍ ഞങ്ങള്‍ ഉണ്ടാക്കി. അതുപ്രകാരം പ്രിന്റ് എടുക്കാനുള്ള ചെലവിന് തുല്യമായ റോയല്‍റ്റിക്ക് പകരമായി ഓരോ ചിത്രത്തിന്റെയും മാസ്റ്റര്‍ പോസിറ്റീവും റിലീസ് പോസിറ്റീവും എടുക്കാന്‍ തീരുമാനായി. നൈട്രേറ്റ് നെഗറ്റീവുകള്‍ കടത്തുന്നത് ഒഴിവാക്കാന്‍, ഞങ്ങള്‍ ചെന്നൈയിലെ രണ്ട് ലബോറട്ടറികളില്‍ പകര്‍ത്താന്‍ തുടങ്ങി. ഞങ്ങള്‍ അഞ്ച് മുതല്‍ ആറ് വരെ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍, പ്രഭാത് ഫിലിം കമ്പനിയുടെ ഉടമയും അതിന്റെ സ്ഥാപക പങ്കാളികളില്‍ ഒരാളുടെ മകനും ആയ ആനന്ദറാവു ദാംലെ സംഭവസ്ഥലത്തെത്തി. എല്ലാ കുടിശ്ശികകളും നേരിട്ട് തീര്‍പ്പാക്കിയ അദ്ദേഹം, മുദലിയാറുമായുള്ള ഞങ്ങളുടെ കരാര്‍ സ്വന്തം പേരിലേക്ക് മാറ്റുകയും എല്ലാ ഫിലിമുകളും നെഗറ്റീവുകളും പൂനയിലേക്ക് തിരികെ കൊണ്ടുവന്നു, അവിടെ അത് ആര്‍ക്കൈവിന്റെ സംരക്ഷണത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലബോറട്ടറിയില്‍ പകര്‍ത്തല്‍ ജോലികള്‍ തുടര്‍ന്നു, ഒരുകാലത്ത് സിനിമകള്‍ സൂക്ഷിച്ചിരുന്ന മുന്‍ പ്രഭാത് ലാബായിരുന്നു ഇത്. ചെറിയ കാര്യങ്ങളില്‍ പിശുക്കു കാണിക്കുകയും വലിയ കാര്യങ്ങളില്‍ പാഴ്ച്ചെലവു ചെയ്യുകയും ചെയ്യുന്നതിന് ഉത്തമ ഉദാഹരണമാണിത്.
മറ്റൊരു മികച്ച സ്റ്റുഡിയോയായ ന്യൂ തിയറ്റേര്‍സിന്റെ സിനിമകളുടെ കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ഭാഗ്യവാന്മാരായിരുന്നു. 1939-ലെ തീപിടുത്തത്തില്‍ സ്റ്റുഡിയോയുടെ ഒറിജിനല്‍ പ്രിന്റുകളെല്ലാം നഷ്ടപ്പെട്ടു. പക്ഷേ സ്റ്റുഡിയോയുടെ മേധാവിയായിരുന്ന ബി.എന്‍. സര്‍ക്കാര്‍ ഉടന്‍ തന്നെ രാജ്യമെമ്പാടുമുള്ള വിതരണക്കാരില്‍ നിന്ന് പ്രിന്റുകള്‍ ആവശ്യപ്പെടുകയും ഡ്യൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഈ മഹാന്റെ ദൂരദര്‍ശിത്വം ഉണ്ടായിരുന്നില്ലെങ്കില്‍ 'ചണ്ഡീദാസ് ' (1932), 'ദേവ്ദാസ് ' (1935), 'മുക്തി' (1937), 'വിദ്യാപതി' (1937), 'പ്രസിഡന്റ് ' (1937) തുടങ്ങിയ സിനിമകള്‍ ബാക്കിയാവുമായിരുന്നില്ല. സിര്‍ക്കാര്‍ പിന്നീട് ആര്‍ക്കൈവിന്റെ ഉപദേശക സമിതിയുടെ ആദ്യ ചെയര്‍മാനായി. അദ്ദേഹം തന്റെ എല്ലാ സിനിമകളും ആര്‍ക്കൈവിന് സൗജന്യമായി വാഗ്ദാനം ചെയ്തു.
ഉപദേശവും വിവരങ്ങളും തന്ന് ഞങ്ങളെ സഹായിച്ച മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഉദയ് ശങ്കറിന്റെ 'കല്‍പന'യുടെ (1948) ഒരു പ്രിന്റ് സ്വന്തമാക്കാന്‍ ആര്‍ക്കൈവിനെ സഹായിച്ചത് ഋത്വിക് ഘട്ടക്കാണ്. ശങ്കറിന്റെ പക്കല്‍ ഒരു പ്രിന്റ് ഉണ്ടെന്ന കാര്യം അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഇത് ആര്‍ക്കൈവില്‍ നിക്ഷേപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കാം എന്നും ഘട്ടക് വാക്കുതന്നു. ഞാന്‍ ആ പ്രശസ്ത നര്‍ത്തകനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമയുടെ ഒരു ഡ്യൂപ്പ് നെഗറ്റീവ് കണ്ടെത്താന്‍ കഴിഞ്ഞു. ആര്‍ക്കൈവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍ക്കും കൂടുതല്‍ അറിയാത്ത ഒരു സമയത്ത് ഈ നെഗറ്റീവ് ആര്‍ക്കൈവില്‍ നിക്ഷേപിച്ചത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു വലിയ ഉദാരതയായിരുന്നു.
ആര്‍ക്കൈവവിന്റെ ഒരു പ്രധാന സംരംഭംമായിരുന്നു, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമകള്‍ സ്വന്തമാക്കുക എന്നത്. ഇതിന്റെ ഭാഗമായി ഞാന്‍ ചെന്നൈയിലേക്ക് ആദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തി. അപ്പോള്‍ കെ. സുബ്രഹ്‌മണ്യം അദ്ദേഹം സംവിധാനം ചെയ്ത 'സംസാര നൗക' (1936), 'ബാലയോഗിനി' (1936) എന്നീ സിനിമകളുടെ നൈട്രേറ്റ് റീലുകള്‍ ആര്‍ക്കൈവിന് വാഗ്ദാനം ചെയ്തു. പക്ഷെ, അവ മോശം അവസ്ഥയിലായതിനാല്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. പരിചയ സമ്പന്നനായ ഈ ചലച്ചിത്ര നിര്‍മ്മാതാവ് പില്‍ക്കാലത്ത് മുംബൈയില്‍ തന്റെ പ്രശസ്ത സിനിമയായ 'ത്യാഗഭൂമി'യുടെ (1939) ഒറിജിനല്‍ നൈട്രേറ്റ് റീലുകള്‍ കണ്ടെത്താന്‍ സ്വയം ഞങ്ങളെ സഹായിച്ചു. എസ്.എസ്. വാസനെ അദ്ദേഹത്തിന്റെ ജെമിനി സ്റ്റുഡിയോയില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം 'ചന്ദ്രലേഖ' (1948) എന്ന സിനിമയുടെ ഒരു പ്രിന്റ് സൗജന്യമായി വാഗ്ദാനം ചെയ്തു. തന്റെ മൂന്ന് സിനിമകള്‍ - 'ചന്ദ്രലേഖ', 'അവ്വയ്യര്‍' (1953), 'മിസ്റ്റര്‍ സമ്പത്ത് ' (1952) എന്നിവ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടവ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തന്റെ സ്റ്റുഡിയോ നിര്‍മ്മിച്ച ബാക്കി സിനിമകളെ പണം സമ്പാദിക്കാന്‍ മാത്രമുള്ള സിനിമകളായി അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യത്തെ ധാരാളം പ്രേക്ഷകരെ രസിപ്പിച്ച അവരുടെ ജനപ്രിയ സിനിമകളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നകാര്യം എന്നെ നിരാശനാക്കി.
'ചിന്താമണി' (1937), 'ഹരിദാസ് ' (1944) തുടങ്ങിയ സിനിമകള്‍ തമിഴ് സിനിമകളുടെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒരാളായ ഗോപാലസ്വാമി അയ്യങ്കാറില്‍ നിന്ന് ലഭിച്ചു. മറ്റ് ലാബുകള്‍ സുരക്ഷാ താവളത്തിലേക്ക് മാറിയപ്പോഴും നൈട്രേറ്റ് ഫിലിമുകള്‍ പകര്‍ത്തുന്നത് തുടരുന്ന ഒരേയൊരു ലബോറട്ടിയായ അദ്ദേഹത്തിന്റെ തമിഴ്‌നാട് ടാക്കീസിന്റെ ഓലമേഞ്ഞ മേല്‍ക്കൂരയുള്ള ലബോറട്ടറിയിലാണ് അവ പകര്‍ത്തിയത്. ചെന്നൈയിലേക്ക് താമസം മാറ്റിയ, 'ചിന്നമുല്‍' (1950) എന്ന സിനിമയുടെ ബംഗാളിയായ സംവിധായകന്‍ നെമായ് ഘോഷ് തന്റെ പ്രശസ്ത ഇടതുപക്ഷ ചിത്രമായ 'പഥായ് തെരിയുഡു പാര്‍' (1960) ആര്‍ക്കൈവില്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ നെഗറ്റീവ് എന്റെ കാലത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, തെന്നിന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് ഇടതുപക്ഷ സിനിമകളായ 'വേലിക്കരി' (1949), 'രാധാ കണ്ണീര്‍' (1954), 'മുതലാളി' (1957) എന്നീ സിനിമകള്‍ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 1940-കളിലും 1950-കളിലും നിരവധി വിജയകരമായ തമിഴ് സിനിമകള്‍ നിര്‍മ്മിച്ച സേലത്തെ മോഡേണ്‍ തിയറ്റേര്‍സിന്റെ സിനിമകള്‍ക്കായി തിരയവെ, അവയില്‍ ഭൂരിഭാഗവും കേടുപാടുകള്‍ സംഭവിക്കുകയോ അഗ്‌നി ബാധയില്‍ നഷ്ടപ്പെടുകയോ ചെയ്തതായി ഞങ്ങള്‍ക്ക് മനസ്സിലായി. സ്റ്റുഡിയോയുടെ 'ആയിരം തലൈ വാങ്ങി അപൂര്‍വ ചിന്താമണി' (1947), 'മന്തിരി കുമാരി' (1950) എന്നീ സിനിമകള്‍ സ്റ്റുഡിയോയുടെ സേലം ലാബില്‍ വച്ച് പകര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സ്റ്റുഡിയോയില്‍ ഒന്നും ശേഷിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പ്രവേശന കവാടത്തിലെ പോര്‍ട്ടിക്കോ ഒഴികെ: നമ്മുടെ പൈതൃകത്തെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള സങ്കടകരമായ ഉദാഹരണം.
1964-ല്‍ ദേശീയ അവാര്‍ഡ് നേടിയ 123 സിനിമകളുടെ ഒരു ശേഖരത്തില്‍ നിന്ന് ആരംഭിച്ച്, 1991-ല്‍ ഞാന്‍ വിരമിക്കുമ്പോഴേക്കും ആര്‍ക്കൈവിന്റെ കൈവശം ഏകദേശം 12000 സിനിമകള്‍ ഉണ്ടായിരുന്നു. രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട മൊത്തം സിനിമകളുടെ കണക്കെടുക്കുമ്പോള്‍ ഇത് ഇപ്പോഴും തുച്ഛമായ സംഖ്യയാണ്, പ്രത്യേകിച്ചും നാഴികക്കല്ലുകളായ നിരവധി സിനിമകള്‍ 'ശാശ്വതമായി നഷ്ടപ്പെട്ട ലിസ്റ്റിലാ'ണ് ഉള്ളത്. തിരച്ചില്‍ തുടരുന്നു... ഇന്ത്യയില്‍ കണ്ടെത്താന്‍ കഴിയാത്ത സിനിമകള്‍ 1930 മുതല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, അല്ലെങ്കില്‍ ഏതെങ്കിലും കിഴക്കന്‍ രാജ്യങ്ങളില്‍ ഇനിയും ഉണ്ടാവാന്‍ സാധ്യതയുണ്ട്. തായ് ആര്‍ക്കൈവിന്റെ തലവനായ ഡോം സുക് വോംഗിന്റെ (Dome Sukwong) പരിശ്രമത്തിലൂടെ കഞ്ചിഭായ് റാത്തോഡിന്റെ (Kanjibhai Rathod) നിശ്ശബ്ദ ചിത്രമായ 'സുകന്യ സാവിത്രി'യുടെ (1922) മൂന്ന് റീലുകള്‍ ബാങ്കോക്കിലെ ഒരു തിയേറ്ററില്‍ നിന്ന് വീണ്ടെടുത്തു. അത്തരം മറ്റ് ഇന്ത്യന്‍ സിനിമകളെ (ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും) തിരിച്ചറിയുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതൊരു സ്വതന്ത്ര ഗവേഷണ പദ്ധതിയാണ്.
അടുത്ത കാലം വരെ, പഴയ ഇന്ത്യന്‍ സിനിമകളുടെ പ്രിന്റുകള്‍ മുംബൈയിലെ ചോര്‍ ബസാറിലും അതുപോലുള്ള മറ്റു വിപണികളിലും എത്തിയിരുന്നു. (ചോര്‍ എന്നാല്‍ കള്ളന്‍. മോഷ്ടിച്ച സാധനങ്ങളും സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളും കിട്ടുന്ന സ്ഥലം ചോര്‍ ബസാര്‍). മിക്കപ്പോഴും, പുതിയ ഉടമയുടെ ഏക ചിന്ത പ്രിന്റുകള്‍ക്ക് എന്ത് വില വാങ്ങാം എന്നതുമാത്രമാണ്. ഇവ പോസിറ്റീവ് പ്രിന്റുകളാണെന്നും ഡ്യൂപ്പ് പ്രിന്റുകള്‍ തയ്യാറാക്കുന്നതിനും എയര്‍കണ്ടീഷന്‍ ചെയ്ത സംഭരണത്തിനുമായി ഞങ്ങള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടതുണ്ട് എന്ന ഞങ്ങളുടെ പറച്ചില്‍ ആരും കേള്‍ക്കാന്‍ തയ്യാറായില്ല.
ഈ സ്രോതസ്സുകള്‍ക്ക് പുറമെ, ചരിത്രപരമായ പ്രാധാന്യമുള്ള സിനിമകള്‍ കൈവശമുള്ള ചില സ്ഥാപനങ്ങളും വ്യക്തികളും ഉണ്ട്, പക്ഷേ സിനിമകള്‍ സംരക്ഷിക്കാനുള്ള സാങ്കേതിക പരിജ്ഞാനമോ ഉപാധികളോ ഇല്ല. ഉദാഹരണത്തിന്, നോബല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിന്റെ സാഹിത്യകൃതികളുടെ പകര്‍പ്പവകാശം സ്വന്തമാക്കിയ വിശ്വഭാരതി ഫൌണ്ടേഷന്റെ പക്കല്‍ കവി ബന്ധപ്പെട്ടിരുന്ന സിനിമകളുടെ ഒരു ശേഖരം ഉണ്ടായിരുന്നു. അവര്‍ ആര്‍ക്കൈവിനെ സമീപിച്ചതിനെ തുടര്‍ന്ന് 'നാതിര്‍ പൂജ' (ചമശേൃ ജൗഷമ) 1932) എന്ന സിനിമയുടെ മൂന്ന് റീലുകള്‍ പുന:സ്ഥാപിക്കാന്‍ ഞങ്ങള്‍ അവരെ സഹായിച്ചു. മറ്റ് സിനിമകള്‍ നന്നാക്കാന്‍ കഴിയാത്തവിധം കേടായിരുന്നു. നേരത്തെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍, ഒരു പക്ഷെ, അവയില്‍ ചിലത് രക്ഷിക്കാമായിരുന്നു. സിനിമകള്‍ സംരക്ഷിക്കാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുണ്ട്.
ചലച്ചിത്ര സംരക്ഷണത്തിലെ പ്രധാന പ്രശ്‌നങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ രാജ്യമെന്ന് ഇന്ത്യയ്ക്ക് അവകാശപ്പെടാമെങ്കിലും, സിനിമയില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സ്റ്റോക്കിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയായിരുന്നു. നമ്മുടെ സിനിമാ രംഗം കൊഡാക്ക്, അഗ്ഫ, ഓര്‍വോ, ഫ്യൂജി, വിദേശത്ത് നിന്ന് വരുന്ന മറ്റ് സ്റ്റോക്ക് എന്നിവയെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1960-കളില്‍, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ആരംഭിച്ചപ്പോള്‍, 1930 മുതല്‍ സ്ഥാപിതമായ ചലച്ചിത്ര കമ്പനികളുടെ പല നെഗറ്റീവുകളും നിലനില്‍ക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. അതേ സമയം, 1940-കളില്‍ നിര്‍മ്മിച്ച സിനിമകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായി. യുദ്ധകാലത്ത്, അസംസ്‌കൃത സ്റ്റോക്ക് ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഭൂരിഭാഗവും പാരച്യൂട്ടുകളും യുദ്ധത്തില്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്നതിലേക്ക് തിരിച്ചുവിട്ടതാണ് ഇതിന് പിന്നിലെ കാരണം. ഇന്ത്യ പോലുള്ള കോളനികളിലേക്ക് അയച്ച സ്റ്റോക്ക് തീരെ നിലവാരമില്ലാത്തതായിരുന്നു. ഏറ്റവും കൂടുതല്‍ കേട് സംഭവിച്ചത് സൗണ്ട് നെഗറ്റീവുകള്‍ക്കായിരുന്നു, പിന്നീട് ദൃശ്യങ്ങള്‍ക്ക്. 1950-കളുടെ തുടക്കം വരെയുള്ള സ്ഥിതി ഇതാണ്. പിന്നീട് നൈട്രേറ്റ് സ്റ്റോക്കിന് പകരം കൂടുതല്‍ സ്ഥിരതയുള്ളതും കത്താത്തതുമായ ട്രൈഅസറ്റേറ്റ് ബേസിലുള്ള ഫിലിം വന്നു.
1950-കളില്‍ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സാധാരണ രീതി അഖിലേന്ത്യാ വിതരണത്തിനായി 40 മുതല്‍ 50 വരെ റിലീസ് പ്രിന്റുകള്‍ എടുക്കാന്‍ ലബോറട്ടറികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ഈ പ്രിന്റുകളെല്ലാം ഒറിജിനല്‍ നെഗറ്റീവില്‍ നിന്നാണ് എടുക്കുക. ഫിലിം ഹിറ്റാകുകയും പ്രിന്റ് ഓര്‍ഡര്‍ 300-ന് മുകളിലേക്ക് ഉയരുകയും ചെയ്താല്‍ മാത്രമേ ഡ്യൂപ്പ് നെഗറ്റീവ് തയ്യാറാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നുള്ളൂ. അതാകട്ടെ, ഒറിജിനല്‍ നെഗറ്റീവ് പ്രിന്റിംഗ് മെഷീനില്‍ ഇനി പ്രവര്‍ത്തിക്കില്ല എന്ന ലാബിന്റെ പ്രതിഷേധത്തിലാണ്. തുടക്കത്തില്‍ത്തന്നെ ഒരു ഡ്യൂപ്പ് നെഗറ്റീവ് തയ്യാറാക്കാനുള്ള ദീര്‍ഘദര്‍ശിത്വം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അവരുടെ സ്ഥിരം മറുപടി, റിലീസ് സമയത്ത് സിനിമ വിജയിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എത്ര പ്രിന്റുകള്‍ ആവശ്യമാണ് എന്നതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അതിനാല്‍, ഡ്യൂപ്പുകള്‍ തയ്യാറാക്കുന്നതിനായി അധികച്ചെലവ് നടത്താന്‍ അവര്‍ തയ്യാറായില്ല. ഇത് വീണ്ടും ചെറിയ കാര്യങ്ങളില്‍ പിശുക്കു കാണിക്കുകയും വലിയ കാര്യങ്ങളില്‍ പാഴ്ച്ചെലവു ചെയ്യുകയും ചെയ്യുന്ന വിവേകശൂന്യവുമായ നയമാണ്. അവരുടെ സിനിമകള്‍ അതിജീവിച്ചിട്ടുണ്ടെങ്കില്‍, അത് ഭാഗ്യംകൊണ്ട് മാത്രമാണ്. അതിനുശേഷം സ്ഥിതി മെച്ചപ്പെട്ടു, നിര്‍മ്മാതാക്കള്‍ക്ക് ഒറിജിനല്‍ നെഗറ്റീവുകള്‍ സംരക്ഷിക്കണം എന്ന ബോധമുണ്ട്. ആര്‍ക്കൈവില്‍ സിനിമകളുടെ പുന:സ്ഥാപനം ആര്‍ക്കൈവിന്റെ തലവനായിരിക്കെ, നാശത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള സിനിമകള്‍ ഞാന്‍ കണ്ടു.
'ചിത്രലേഖ' (Chitralekha, 1941) എന്ന സിനിമ മഴയുള്ള ഒരു ദിവസം കൊല്‍ക്കത്തയിലെ ഒരു പശുത്തൊഴുത്തില്‍ നിന്ന് കണ്ടെത്തി പുനയിലേക്ക് കൊണ്ടുവരികയായിരുന്നു. കാനുകള്‍ തുറന്നപ്പോള്‍, റീലുകള്‍ ഒന്നിച്ച് ഒട്ടിച്ചേര്‍ന്ന് കല്ലുപോലെ കട്ടിയായതായി ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ റീലുകളുടെ പാളികള്‍ വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോള്‍, അവ മൈക്ക പോലെ പൊട്ടിപ്പൊടിഞ്ഞു. ഫിലിം പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ എല്ലാ ചാതുര്യവും ഉപയോഗിക്കേണ്ടിവന്നു. ആദ്യം, ഇത് കുറച്ച് ദിവസം നല്ല വെയിലിലും പിന്നീട് ഒരു തദ്ദേശീയ ഡെസിക്കേറ്ററിലും സൂക്ഷിച്ചു. ഞങ്ങള്‍ കട്ടിയുള്ള ഫിലിം റീലിനെ ഒരു കമ്പി വലയില്‍ സൂക്ഷിക്കുകയും തിളക്കുന്ന വെള്ളത്തില്‍ നിന്ന് ഉയരുന്ന നീരാവി അതിലൂടെ കടന്നുപോകാന്‍ അനുവദിക്കുകയും ചെയ്തു. അപ്പോള്‍ റീല്‍ വികസിക്കുകയും അതിന്റെ പാളികള്‍ വേര്‍പെടാന്‍ തുടങ്ങുകയും ചെയ്തു. അടുത്തതായി, റീല്‍ ഒരു വൈന്‍ഡറില്‍ ഇട്ടു. വൈന്‍ഡര്‍ തിരിക്കുമ്പോള്‍ ഓരോ പാളിയായി അവസാനത്തേത് വരെ സാവധാനം പുറത്തുവന്നു. സെന്‍ട്രല്‍ ബോബിന്റെ ഇരുവശത്തുമുള്ള നാലോ അഞ്ചോ ഫ്രെയിമുകള്‍ മഞ്ഞയായിത്തീര്‍ന്ന് കേടായിരുന്നു. കേടായ ഈ ഭാഗങ്ങള്‍ നീക്കംചെയ്യുകയും പകരം ശൂന്യമായ ഫ്രെയിമുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. റീലുകള്‍ നെഗറ്റീവ് ആണെന്ന് ഞങ്ങള്‍ കണ്ടെത്തി. അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി ഒരു ഫിലിം ചെക്കറെ ചുമതലപ്പെടുത്തി: ഒരു റീലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് ഒരു മാസത്തെ കഠിനാദ്ധ്വാനം വേണ്ടിവന്നു. വളരെ ബുദ്ധിമുട്ടി ഞങ്ങള്‍ ഓകെ ഫ്രെയിമുകള്‍ ഓരോന്നായി പകര്‍ത്തി. ജോലി വളരെ ശ്രമകരമായിരുന്നു, ഞങ്ങള്‍ക്ക് ഒരു റീല്‍ മാത്രമേ പകര്‍ത്താന്‍ കഴിഞ്ഞുള്ളു. മറ്റുള്ളവ പിന്നത്തേക്ക് മാറ്റിവെക്കേണ്ടിവന്നു. 2003 ജനവരിയില്‍ ആര്‍ക്കൈവില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിര്‍ഭാഗ്യവശാല്‍ ഈ പുനര്‍നിര്‍മ്മിച്ച റീലുകള്‍ നഷ്ടപ്പെട്ടു.
മിക്കപ്പോഴും, കേടായ സിനിമകള്‍ ഈ രീതിയില്‍ ഓരോ ഫ്രെയിമായി പകര്‍ത്തേണ്ടതുണ്ട്, ഈ രീതിക്ക് ധാരാളം സമയവും ക്ഷമയും ആവശ്യമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിന് മുമ്പ്, സിനിമകളെ അവയുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഇങ്ങനെയാണ്. ഫാല്‍ക്കെയുടെ പൂര്‍ണ്ണമായ നിശ്ശബ്ദ സിനിമകളിലൊന്നായ 'കാളിയ മര്‍ദ്ദനെ' പുനസ്ഥാപിക്കാന്‍ ഈ രീതി തന്നെ ഉപയോഗിച്ചു. കേടായ പ്രിന്റ് പുനയിലേക്ക് കൊണ്ടുവന്നതിനുശേഷം, ആര്‍ക്കൈവ് സുരക്ഷിതമായ ഫിലിമിലേക്ക് പകര്‍ത്താനുള്ള കഠിനപ്രയത്‌നം ഏറ്റെടുത്തു. സിനിമയുടെ ഉജ്ജ്വലമായ ഓര്‍മ്മകളുള്ള ഫാല്‍ക്കെയുടെ മൂത്ത മകന്റെ സഹായത്തോടെ റീലുകള്‍ ഒരു യുക്തിസഹമായ ക്രമത്തില്‍ യോജിപ്പിച്ചു. ഒടുവില്‍, 'കാളിയ മര്‍ദ്ദന്റെ' റീലുകളുടെ തുടക്കത്തിലും അവസാനത്തിലും ഉള്ള കേടായ കുറച്ച് ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായെങ്കിലും ആറ് റീലുകളും മിക്കവാറും വിജയകരമായി പുനസ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. പുനസ്ഥാപിച്ച പ്രിന്റ് 1970-ല്‍ മുംബൈയില്‍ നടന്ന ഫാല്‍ക്കെ ശതാബ്ദിയാഘോഷത്തില്‍ അവതരിപ്പിച്ചു, ആര്‍ക്കൈവിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും പ്രശംസിച്ചു.
സിനിമ അതിന്റെ യഥാര്‍ത്ഥ/ തനത് രൂപത്തിലേക്ക് കഴിയുന്നിടത്തോളം പുനസ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ യഥാര്‍ത്ഥ രൂപത്തെക്കുറിച്ച് ഒരാള്‍ക്ക് തീരുമാനിക്കാന്‍ പറ്റില്ലെങ്കില്‍ എന്തുചെയ്യും? ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം, പ്രീമിയര്‍ റിലീസിന് ശേഷം സിനിമ വീണ്ടും എഡിറ്റ് ചെയ്യുക എന്നത് സാധാരണയായിരുന്നു. സാധാരണ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നതിനായി ഒറിജിനല്‍ പ്രിന്റില്‍ നിന്ന് ചില ഭാഗങ്ങള്‍ വെട്ടിമാറ്റുക പതിവായിരുന്നു. സിനിമയുടെ റിലീസിന് മുമ്പായി ഒരു കലാകാരി ഒരു കേസ് ഫയല്‍ ചെയ്തതു കാരണം സിനിമയില്‍ നിന്ന് അവളുടെ പാട്ടുകള്‍ നീക്കംചെയ്യാന്‍ നിര്‍മ്മാതാവ് നിര്‍ബന്ധിതനായ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഏത് പതിപ്പാണ് യഥാര്‍ത്ഥമെന്ന് പറയാന്‍ പ്രയാസമാണ്. ഋത്വിക് ഘട്ടക്കിന്റെ 'അജാന്ത്രിക് ' (1957) മറ്റൊരു ഉദാഹരണമാണ്. 1963-64-ല്‍ ഘട്ടക് ആദ്യമായി ഒരു ഗസ്റ്റ് ലക്ചറര്‍ എന്ന നിലയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു റെട്രോസ്‌പെക്റ്റീവ് ഞങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ഈ സിനിമയും ഉണ്ടായിരുന്നു.
ഘട്ടക് തന്നെ കൊണ്ടുവന്ന ഈ സിനിമയുടെ പ്രിന്റിന് 14 റീലുകള്‍ ഉണ്ടായിരുന്നു. സ്‌ക്രീനിംഗിന് ശേഷമുള്ള ചര്‍ച്ചയില്‍ സിനിമയിലെ ഒരു നീണ്ട ഭാഗത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഓറണ്‍ ഗോത്രക്കാരുടെ ജീവിതശൈലി അവതരിപ്പിക്കുന്ന 30 മിനിറ്റോളം വരുന്ന ഈ ഭാഗത്തിന് ടാക്‌സി ഡ്രൈവറുടെ കഥയുമായും അയാളുടെ ജീര്‍ണ്ണിച്ച കാറുമായും വലിയ ബന്ധമൊന്നുമില്ല. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാമെന്ന് ഋത്വിക്ദാ സമ്മതിച്ചു. നാല് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ഒരു പുതിയ പ്രിന്റ് പകര്‍ത്തിയപ്പോള്‍, അതില്‍ പത്ത് റീലുകള്‍ മാത്രമേ ഉള്ളൂ എന്ന് ഞങ്ങള്‍ കണ്ടെത്തി, നാല് റീലുകള്‍ കുറവ്. ഒന്നുകില്‍ നിര്‍മ്മാതാവ് പ്രമോദ് ലാഹിരി അല്ലെങ്കില്‍ ഘട്ടക് സ്വയം തന്നെ ഈ സിനിമ എഡിറ്റ് ചെയ്തിരിക്കും. നീളം കുറഞ്ഞ ഈ പതിപ്പാണ് ഇന്ന് നമുക്കുള്ളത്. നീക്കം ചെയ്ത റീലുകള്‍ എവിടെയാണെന്ന് എനിക്കറിയില്ല, അവ ഇപ്പോള്‍ നശിച്ചുപോയിരിക്കും. വെനിസ് മേളയില്‍ ഒരുപക്ഷെ ദൈര്‍ഘ്യമേറിയ പതിപ്പായിരിക്കാം പ്രദര്‍ശിപ്പിച്ചിരിക്കുക. അവിടെ വച്ച് ഈ സിനിമ ഫ്രഞ്ച് ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ ജോര്‍ജ്ജ് സാദോളിന്റെ (Georges Sadoul) ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹം ഈ സിനിമയെ ലോക സിനിമയിലെ ഒരു നാഴികക്കല്ലായി പ്രഖ്യാപിക്കുകയും ചെയ്തു.
ചില സമയങ്ങളില്‍, ഒറിജിനല്‍ സിനിമയ്ക്കപ്പുറത്തേക്ക് പോകാന്‍ പുനസ്ഥാപകര്‍ മനപൂര്‍വ്വം ശ്രമിക്കുന്നു. പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലിനെ മെച്ചപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം നടന്ന ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു. 1930-1940കളിലെ സ്റ്റണ്ട് സിനിമകളുടെ ഒരു പ്രശസ്ത നിര്‍മ്മാതാവും സംവിധായകനും തന്റെ പഴയ സിനിമകള്‍ ആര്‍ക്കൈവില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തു, നെഗറ്റീവ് ശരിയാക്കാന്‍ കുറച്ച് അസംസ്‌കൃത ഫിലിം ആവശ്യപ്പെട്ടു. അദ്ദേഹം സിനിമ വീണ്ടും എഡിറ്റുചെയ്തുവെന്നും ഗുണനിലവാരം മെച്ചപ്പെടുത്താനായി ശബ്ദം ഓപ്റ്റിക്കലായി ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും സിനിമയുടെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കാന്‍ ശീര്‍ഷകങ്ങള്‍ ചേര്‍ത്തുവെന്നും പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ 'മെച്ചപ്പെടുത്തലുകളെ'ക്കുറിച്ച് നിര്‍മ്മാതാവിനോട് ചോദിച്ചപ്പോള്‍, അദ്ദേഹം സിനിമയെ പുതിയ കാലത്ത് അവതരിപ്പിക്കാന്‍ പാകത്തിലാക്കാനും ആധുനിക പ്രേക്ഷകര്‍ക്ക് സ്വീകാര്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മറുപടി നല്‍കി. പകര്‍പ്പവകാശ ഉടമയെന്ന നിലയില്‍, തീര്‍ച്ചയായും, അങ്ങനെ ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഒരു ഡ്യൂപ്പ് നെഗറ്റീവ് അല്ലെങ്കില്‍ ഒറിജിനലിന്റെ പോസിറ്റീവ് കോപ്പി എടുക്കാന്‍ ആര്‍ക്കൈവിനെ അനുവദിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ മാറ്റം വരുത്തേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അസ്സല്‍ കൃതിയില്‍ കൈകടത്തുന്നത് നിരവധി നൈതികവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ഉദാഹരണത്തിന്, സത്യജിത് റായിയുടെ 'പഥേര്‍ പഞ്ചാലി' (1955) മൂന്ന് വര്‍ഷത്തെ കാലയളവില്‍ വിവിധ ക്യാമറകളും റെക്കോര്‍ഡിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രീകരിച്ചതാണ്. സിനിമ സാങ്കേതികമായി ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും ഗുണത്തില്‍ ഒരേപോലെ അല്ലെങ്കിലും ഇത് ഒരു മികച്ച ലോക ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു. അതിന്റെ സാങ്കേതിക കുറവുകള്‍ ചലച്ചിത്രകാരന്‍ തന്റെ സിനിമ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടത്തിന്റെ വാചാലമായ സാക്ഷ്യമായി ഇന്ന് നിലകൊള്ളുന്നു. കുറ്റമറ്റ ഡിജിറ്റല്‍ പുനസ്ഥാപനം ഈ കുറവുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെങ്കിലും സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗം മായ്ച്ചുകളയുകയും ചെയ്യും.
ഫിലിം സംരക്ഷണത്തിന്റെയും പുനസ്ഥാപനത്തിന്റെയും ധാര്‍മ്മികത, ആര്‍ക്കൈവില്‍ നിക്ഷേപിച്ചിരിക്കുന്ന സിനിമകളുടെ ഭാവിയിലെ ഏത് അവതരണവും ഒറിജിനലിനോട് കഴിയുന്നത്ര നീതിപുലര്‍ത്തുന്ന തരത്തില്‍ സൂക്ഷിക്കുക എന്നത് ആര്‍ക്കൈവിസ്റ്റിന്റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറിജിനലിനെ തകര്‍ക്കുന്ന രീതിയിലുള്ള ബോധപൂര്‍വമായ ഏതൊരു ശ്രമവും തികച്ചും അപകടകരവും ധാര്‍മ്മികമായി തെറ്റുമാണ്. പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിലിം ആര്‍ക്കൈവ് സിനിമ സമകാലിക പ്രേക്ഷകര്‍ക്ക് അവതരിപ്പിക്കുമ്പോള്‍ സംരക്ഷണത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമായ സിനിമയുടെ ചരിത്രപരമായ രേഖയും സാംസ്‌കാരിക ലക്ഷ്യവും തമ്മിലുള്ള സന്തുലിതാവസ്ഥയില്‍ എത്തണം. രണ്ട് ലക്ഷ്യങ്ങളും പരസ്പരപൂരകമാകണം, മറിച്ച് വിപരീതോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കരുത്. എല്ലാ ഫിലിം ആര്‍ക്കൈവിസ്റ്റുകളുടെയും മുമ്പിലുള്ള വലിയ വെല്ലുവിളിയാണിത്.
Content Highlights: P.K Nair, P.K Surendran, Film Heritage Foundation, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..